മലബാര്‍ കുടിയേറ്റങ്ങള്‍ – വര്‍ഗീസ് അങ്കമാലി
കുടിയേറിയവര്‍
നൂറു വര്‍ഷം മുമ്പ് മലയാള മനോരമ ദിനപത്രത്തില്‍ വന്ന മലബാര്‍ കുടിയേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് താഴെകൊടുത്തിരിക്കുന്നത്.
”മലയാളത്തുനിന്നു കുടിയേറിപ്പാര്‍ക്കുന്നതിനായി വന്നിട്ടുള്ള എല്ലാവര്‍ക്കും എട്ട് ഏക്കര്‍ വീതം മുണ്ടകന്‍ നിലം പതിച്ചുകൊടുത്തു വിത്തും കാളകളും ഏര്‍പ്പെടുത്തിക്കൊടുത്തു. പുരകള്‍ വച്ചുതീര്‍ത്തു നല്ല സ്ഥിതിയില്‍ വന്നിരിക്കുന്നു. മലയാളത്തുകാര്‍ താമസിക്കുന്ന സ്ഥലത്ത് ആഴ്ചയില്‍ മൂന്നു പ്രാവശ്യം വീതം ഡിപ്ലോമ എടുത്തിട്ടുള്ള ഒരു അസിസ്റ്റന്റു സര്‍ജന്‍ മരുന്നുകളോടുകൂടി വന്നു വേണ്ട മരുന്നുകള്‍ കൊടുത്തുകൊള്ളണമെന്നുള്ള ഏര്‍പ്പാടനുസരിച്ചു പ്രവര്‍ത്തിച്ചുവരുന്നു”1.
കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കന്‍ കേരളത്തില്‍നിന്നു മലബാറിലേക്കുള്ള കുടിയേറ്റത്തിനു നേതൃത്വം നല്കിയത് ക്രിസ്ത്യാനികളാണ്. അതുകൊണ്ട് അതിനെ ‘ചേട്ടന്മാരുടെ’ കുടിയേറ്റമെന്നു വിളിക്കുന്നു. ആദിമ കുടിയേറ്റചരിത്രാനുഭവങ്ങളില്‍ ക്രിസ്ത്യാനികളുടെ ചരിത്രഗാഥകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ക്‌നായിതൊമ്മനും അനുചരന്മാരും നടത്തിയ എ.ഡി. 345-ലെ കുടിയേറ്റം കേരളത്തെ പുനര്‍നിര്‍മിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സമുദ്രാന്തര സാംസ്‌കാരിക വിനിമയങ്ങളും കച്ചവടവും വികസിച്ചത് ഈ കുടിയേറ്റത്തിനു ശേഷമാണ്.
കേരളത്തില്‍ ആദ്യഘട്ട കുടിയേറ്റം നടന്നത് 17-ാംനൂറ്റാണ്ടു മുതല്‍ വടക്കുനിന്ന് കിഴക്കുതെക്കന്‍ പ്രദേശങ്ങളിലേക്കാണ്. കൊടുങ്ങല്ലൂരില്‍ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും തമ്മില്‍ നടന്ന വര്‍ഗീയ ലഹളയും, ആലങ്ങാടും പറവൂരും തമ്മിലുള്ള നിരന്തരയുദ്ധവും, കോഴിക്കോട് സാമൂതിരിയും കൊച്ചിയുമായുള്ള ഏറ്റുമുട്ടലുകളും, ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടവും, രൂക്ഷമായ ഭക്ഷ്യക്ഷാമവും, തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ക്കുനേരെയുണ്ടായ സേതുപാര്‍വ്വതി ബായിയുടെയും സര്‍ സി.പി.യുടെയും നേതൃത്വത്തിലുള്ള ആക്രമണവുമാണ് ഇതിനു പിന്നിലുള്ള രാഷ്ട്രീയ ഘടകങ്ങള്‍. കടല്‍ത്തീര സങ്കേതങ്ങളില്‍ നിന്ന് ഉള്‍നാടന്‍ പ്രദേശങ്ങളായ അങ്കമാലി, ചാലക്കുടി, ആലുവ, കൊരട്ടി, കാഞ്ഞൂര്‍, മലയാറ്റൂര്‍, ഉദയംപേരൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നിവിടങ്ങളിലേക്കും അവിടന്ന് കിഴക്കന്‍ മലയോര പ്രദേശങ്ങളായ കോതമംഗലം, മൈലക്കൊമ്പ്, കല്ലൂര്‍ക്കാട്, വാഴക്കുളം, നാഗപ്പുഴ, ആരക്കുഴ, ചുങ്കം മുതലായ പ്രദേശങ്ങളിലേക്കുമാണ് കേരളത്തിന്റെ കുടിയേറ്റ വ്യാപനം. ഈ പ്രദേശങ്ങളിലായിരുന്നു ക്രിസ്ത്യന്‍ ജനപദ ബാഹുല്യം. കൃഷിമുഖ്യമായിരുന്നു ഈ ഭൂമിക.
1865-ലെ ആയില്യം തിരുനാളിന്റെ ‘പണ്ടാരപ്പാട്ടവിളംബരം’ മൂലം ഭൂമിയുടെ ഉടമസ്ഥാവകാശം കുടിയാനു കൈവന്നു. സര്‍ക്കാര്‍ ഉന്നംവച്ചത് ഇതില്‍നിന്നുള്ള കരമായിരുന്നു. 1883-ല്‍ റവന്യൂ സര്‍വ്വേ സെറ്റില്‍മെന്റ് നടപ്പിലായി. അന്നുമുതല്‍ ഭൂമി അളന്ന് കല്ലിട്ട് തിട്ടപ്പെടുത്തി സ്വന്തമായുള്ള ഭൂമി ക്രയവിക്രയം ചെയ്യാമെന്ന നിലവന്നപ്പോള്‍ ജനങ്ങള്‍ ഭൂമി വില്ക്കാനും കൂടുതല്‍ കരസ്ഥമാക്കാനും മലയോരങ്ങളിലേക്കു കുടിയേറുകയും ചെയ്തു. 1928-ല്‍ മലബാറിലേക്കുള്ള കുടിയേറ്റത്തിനു ആരംഭം കുറിച്ചു. തലശേരി-മാനന്തവാടി റോഡില്‍, കണ്ണൂര്‍ തലശേരി പട്ടണങ്ങളില്‍ നിന്നും 45 കി.മി. കിഴക്ക് പേരാവൂരിനു സമീപം, 80 ഏക്കര്‍ ഭൂമി വാങ്ങി കോളനി തുടങ്ങി. ആദ്യസംഘത്തിലെ പലരും മലമ്പനിപിടിപെട്ട് മരിച്ചു. ചിലര്‍ സ്ഥലം ഉപേക്ഷിച്ച് തിരിച്ചുപോയി. പിന്നീട് കുടിയേറ്റം ത്വരിതഗതിയിലായത് 1940 കളിലാണ്. കോഴിക്കോട് നിന്നുള്ള ജസ്യൂട്ടുകളും കര്‍മലീത്ത വൈദികരുമാണ് കുടിയേറ്റക്കാര്‍ക്ക് തുണയായത്. കുടിയേറ്റ കേന്ദ്രങ്ങളില്‍ ആത്മീയസേവനം നടത്തിയതും ഇവരാണ്. 1947 ല്‍ തിരുവിതാംകൂറില്‍ ദിവാന്‍ഭരണം അവസാനിച്ചുവെങ്കിലും കുടിയേറിയവര്‍ തിരിച്ചുപോയില്ല.
പുതിയ ആകാശം പുതിയ ഭൂമി
ജനിച്ച സ്ഥലത്തെ വിഭവ പരിമിതിയും ഭക്ഷ്യക്ഷാമവുമാണ് മലബാര്‍ കുടിയേറ്റത്തിനു കാരണമായത്. ദേശം എന്ന മേല്‍വിലാസം പാടേ ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ മൂന്നാം തലമുറയാണ് തമിഴ്‌നാട്, കര്‍ണ്ണാടക, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഇന്ന് വസിക്കുന്നത്. ഉപജീവനമാര്‍ഗത്തിനു ചോദനയായത് കൃഷിഭൂമിയാണ്. വിലപ്പെട്ട അനേകം ജീവിതങ്ങള്‍ കുടിയേറ്റ ഭൂമികയില്‍ തകര്‍ന്നു വീണിട്ടുണ്ട്. സ്വന്തം വീടും പുരയിടവും വിറ്റ പണവുമായി കുടിയേറിയവര്‍ ഒന്നുമില്ലാതെ വെറും കൈയോടെ വീണ്ടും നാട്ടിലേക്ക് തിരിച്ചുചെല്ലുന്ന അനുഭവങ്ങള്‍ ഏറെയാണ്. ആദ്യകാലം മുതല്‍ പമ്പാനദിക്കു തെക്കോട്ടും ഭാരതപ്പുഴക്ക് വടക്കോട്ടും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഭാരതപ്പുഴയ്ക്കു വടക്കോട്ട് മലബാറിലേക്കു കുടിയേറിയ സുറിയാനിക്കാര്‍ക്ക് ആദ്യം ലത്തീന്‍ റീത്ത് സ്വീകരിക്കേണ്ടിവന്നു. 1953-ഡിസംബര്‍ 31 നു തലശേരി ആസ്ഥാനമായി കുടിയേറ്റ രൂപത സ്ഥാപിക്കുംവരെ ഈ നില തുടര്‍ന്നു.
കാര്‍ഷികവൃത്തികൊണ്ടു ജീവിക്കുന്ന മധ്യതിരുവിതാംകൂറിലെ ക്രൈസ്തവര്‍ കൃഷിചെയ്യാന്‍ വേണ്ടത്ര സ്ഥലമില്ലാതെ വന്നപ്പോള്‍ ആദ്യം കുടിയേറിയത് ഇന്നത്തെ ഇടുക്കി ജില്ലയുടെ ലോറേഞ്ചില്‍ ഉള്‍പ്പെടുന്ന തൊടുപുഴയ്ക്കു സമീപമുള്ള മുട്ടത്തേക്കായിരുന്നു. അവിടന്ന് അടിമാലി വഴി ഹൈറേഞ്ചിലേക്കും കുട്ടിക്കാനത്തുനിന്ന് ഉപ്പുതറയിലേക്കും കുടിയറ്റക്കാര്‍ വ്യാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ആദ്യകുടിയേറ്റം. പിന്നീട് കുടിയേറ്റം വ്യാപിച്ചത് വടക്കുകിഴക്ക് മലയോരമായ കല്ലാനിക്കല്‍, അറക്കുളം, മൂലമറ്റം, തുടങ്ങനാട്, വെള്ളിയാമറ്റം, ഉടമ്പന്നൂര്‍, പീരുമേട്, മുണ്ടക്കയം, കട്ടപ്പന, കുമളി എന്നിവിടങ്ങളിലേക്കാണ്. വസൂരിയും മലമ്പനിയും ബാധിച്ച് ഒട്ടേറെപ്പേര്‍ ചത്തൊടുങ്ങി. കൊടുംകാടുകള്‍ വെട്ടിത്തെളിച്ച് ഇഞ്ചിയും, കാരഎള്ളും, കരനെല്ലും കപ്പയും കൃഷിചെയ്തു. കാട്ടാനയും, പുലിയും, കടുവയും വിഹരിച്ചിരുന്ന കാടുകളില്‍ ഏറുമാടം മാത്രമായിരുന്നു ആശ്രയം. തീവെട്ടിയും പടക്കവും കൊണ്ടാണ് മൃഗങ്ങളെ തുരത്തിയത്. പിന്നീട് വ്യാപകമായ റബ്ബര്‍, കുരുമുളക് കൃഷിയാണ് പ്രദേശങ്ങളെ സമ്പന്നമാക്കിയത്.
യൂറോപ്യന്മാരുടെ വന്‍തോട്ടങ്ങളും സര്‍ക്കാര്‍വക റിസര്‍വ് വനങ്ങളും തിരുകൊച്ചിയിലെ കൃഷിയിടങ്ങളെ പരിമിതപ്പെടുത്തിയിരുന്നു. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കൃഷിഭൂമി തേടി പലായനം ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ മദ്രാസ് പ്രോവിന്‍സില്‍ ഉള്‍പ്പെട്ടതായിരുന്നു പ്രദേശങ്ങള്‍. അന്നത്തെ മദ്രാസ് സ്റ്റേറ്റില്‍പ്പെട്ട മലബാര്‍ പ്രദേശം 1956-ല്‍ തിരുകൊച്ചിയോടു ചേര്‍ക്കപ്പെട്ടപ്പോള്‍ കുടിയേറ്റത്തിനു വേഗതയേറി. പാല, ചങ്ങനാശേരി, രാമപുരം, കുറവിലങ്ങാട്, മുവാറ്റുപുഴ, തൊടുപുഴ, കാഞ്ഞിരപ്പിള്ളി, വാഴക്കുളം, കോതമംഗലം എന്നിവിടങ്ങളിലെ ക്രിസ്ത്യാനികളായ ചെറുകിട കൃഷിക്കാരായിരുന്നു കുടിയേറ്റക്കാര്‍.
ആദ്യകാല കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് കുടുംബങ്ങള്‍ പരാജയം സമ്മതിച്ച് തിരിച്ചുപോരേണ്ടിവന്നു. രണ്ടാം തലമുറവരെയുള്ളവര്‍ കൃഷിക്ക് കൂട്ടുപിടിച്ചത് ആദിവാസികളായ പണിയരെയും കുറുമരെയും കുറിച്യരെയും ആണ്. മൂന്നാം തലമുറ എത്തിയപ്പോള്‍, വിദ്യാഭ്യാസം സിദ്ധിച്ച മേല്‍പ്പറഞ്ഞ മണ്ണിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സംവരണം ലഭിച്ചപ്പോള്‍, കുടിയേറ്റക്കാര്‍ മാറ്റിനിര്‍ത്തപ്പെട്ടു. കൃഷിപ്പണിക്ക് ആളെക്കിട്ടാതായപ്പോള്‍ സ്വന്തം ഭൂമിയില്‍ ഇറങ്ങാന്‍ പുതുതലമുറ കൂട്ടാക്കിയില്ല. മാത്രമല്ല, കൃഷിഭൂമിയുടെ വിസ്തൃതി ആളോഹരി കുറഞ്ഞുപോവുകയും കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായി നഷ്ടത്തില്‍ കലാശിക്കുകയും ചെയ്തു.
കേരളത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായത് രണ്ടാം ലോകയുദ്ധകാലത്താണ്്. ബര്‍മ്മയില്‍നിന്നും അരി വരവ് നിലച്ചതുകൊണ്ട് ഭക്ഷ്യക്ഷാമം രൂക്ഷമായി. റേഷന്‍ വിഭവങ്ങളായി വിതരണം ചെയ്തിരുന്നത് ബജ്‌റയോ ദുര്‍ഗന്ധം വമിക്കുന്ന ചാക്കരിയോ ആയിരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്രയമായിരുന്നത് കപ്പ മാത്രമായിരുന്നു. നെല്‍കൃഷിക്കുതകുന്ന ഭൂമി തേടിയാണ് ആദ്യസംഘം മലബാറിലേക്കു യാത്രചെയ്തത്. കൊടുംപട്ടിണിയില്‍, കൃഷിയില്‍ വ്യാപരിച്ചിരുന്ന കിഴക്കന്‍മേഖലയിലെ നസ്രാണികള്‍ നെട്ടോട്ടം പാഞ്ഞപ്പോള്‍ കടല്‍ത്തീര ക്രിസ്ത്യാനികള്‍ക്ക് മീന്‍കൊണ്ടുമാത്രം പിടിച്ചുനില്ക്കാനായി. മലബാറിലേക്ക് ഭൂമി തേടി സഞ്ചരിച്ച ക്രിസ്ത്യാനികളില്‍ ലത്തീന്‍കാര്‍ ഉണ്ടായിരുന്നില്ല എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. തീരദേശ മധ്യവര്‍ഗഭവനങ്ങള്‍ സ്വയംപര്യാപ്തമായിരുന്നു.തേങ്ങയും പൊക്കാളിയും മീനും കൊണ്ട് പട്ടിണി മാറ്റിയിരുന്നു തീരദേശജനത.
സ്ഥലം പാട്ടത്തിനെടുത്ത് വയല്‍ ഒരുക്കി നെല്‍കൃഷി ചെയ്യുന്നതിനോടൊപ്പം കപ്പയും കുരുമുളകും കവുങ്ങും തെങ്ങും കൃഷിചെയ്തു കുടിയേറ്റക്കാര്‍. രാജപുരം, പേരാവുര്‍, ഇരിട്ടി, കുടിയാന്‍മല,പേരാമ്പ്ര, ചെറുപുഴ, കുറ്റ്യാടി, തിരുവമ്പാടി, കോടഞ്ചേരി, മാനന്തവാടി,പുല്‍പ്പള്ളി, ബത്തേരി, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കരുവാരക്കുണ്ട്, വടക്കഞ്ചേരി എന്നിവിടങ്ങളായിരുന്നു പ്രമുഖ കുടിയേറ്റ സങ്കേതങ്ങള്‍. പാല, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് കുറേ നസ്രാണി കുടുംബങ്ങള്‍ കൂര്‍ഗ്, മംഗലാപുരം, മാര്‍ത്താണ്ഡം, കുലശേഖരം എന്നിവിടങ്ങളില്‍ പാളയമുറപ്പിച്ച് തോട്ടവിളകളായ കാപ്പി, റബ്ബര്‍ എന്നിവയില്‍ വ്യാപൃതരായി. യൂറോപ്യന്‍ പ്ലാന്റര്‍മാര്‍ മുണ്ടക്കയം, കോന്നി, തീക്കോയി, പീരുമേട്, പരിക്കാണി,ഏന്തയാര്‍ എന്നിവിടങ്ങളില്‍ 1900കളില്‍ തുടങ്ങിവെച്ച റബ്ബര്‍,ഏലം,തേയില തോട്ടങ്ങള്‍ അവര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ വന്നു ചേര്‍ന്നത് കോട്ടുകാപ്പിള്ളി, പോട്ടംകുളം, കള്ളിവയല്‍, മണിപ്പറമ്പില്‍ മുതലായ നസ്രാണി കുടുംബക്കാരുടെ പക്കലാണ്.
കേരള ചരിത്രത്തില്‍ ഹൈദരാലി, ടിപ്പുസുല്‍ത്താന്‍, വേലുത്തമ്പി ദളവ, സി.പി.രാമസ്വാമി അയ്യര്‍ എന്നിവരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയത് ക്രിസ്ത്യാനികളാണ്. ആദ്യത്തെക്കൂട്ടര്‍ മതംമാറ്റലിലും സര്‍ സി.പി. ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളിലുമാണ് കണ്ണുവച്ചിരുന്നത്. വേലുത്തമ്പിദളവയാകട്ടെ തച്ചില്‍ മാത്തു തരകനെന്ന ക്രിസ്ത്യന്‍ മന്ത്രിയെ ഉന്മൂലനം ചെയ്തു ക്രിസ്ത്യാനികളുടെ കച്ചവട കുത്തകയ്ക്ക് അന്ത്യംകുറിച്ചു. തിരുവിതാംകൂറില്‍ സര്‍ സി.പി. ദിവാന്റെ കിരാതഭരണം ക്രിസ്ത്യാനികള്‍ക്കു ചെയ്ത ദ്രോഹം ചില്ലറയല്ല. തിരുവിതാംകൂര്‍ ഭരണകര്‍ത്താക്കളുടെ ഒത്താശയോടെയാണ് ഇതൊക്കെ അരങ്ങേറിയത്. ആ കാലഘട്ടത്തില്‍ ബ്രസീലില്‍ നിന്നു ബ്രിട്ടീഷുകാര്‍ വഴി കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള റബര്‍ കൃഷി ചെയ്യാനും തോട്ടങ്ങളുണ്ടാക്കാനും മുന്നോട്ടു വന്നത് ക്രിസ്ത്യാനികളായിരുന്നു. തേയില, ഏലം, കാപ്പി എന്നിവ തോട്ടങ്ങളായി വളര്‍ത്താന്‍ അവര്‍ മുന്‍പന്തിയില്‍ നിന്നു. സര്‍ സി.പി. രാഷ്ട്രീയവൈരാഗ്യം മുന്‍നിര്‍ത്തി ക്രിസ്ത്യാനികളുടെ ഏലത്തോട്ടങ്ങളും മറ്റും ഓരോ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍, അവരില്‍ നിന്നെടുത്ത് സവര്‍ണ ഹിന്ദുക്കള്‍ക്ക് നല്കി2. തഹസില്‍ദാരും പാര്‍വത്യക്കാരും ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതും ക്രിസ്ത്യാനികളെയായിരുന്നു. കോട്ടയത്തിനടുത്ത കിടങ്ങൂര്‍വച്ച് ഒരാള്‍ തഹസില്‍ദാരെ പിടിച്ച് തീയിലിട്ട് ദഹിപ്പിച്ചു. ഇതുമൂലമുള്ള സര്‍ സി.പി.യുടെ മര്‍ദ്ദനമുറകള്‍ കൃഷിക്കാരെ രാജ്യംവിട്ടുപോകുവാന്‍ പ്രേരിപ്പിച്ചു. ഭക്ഷ്യക്ഷാമവും ഉദ്യോഗസ്ഥരുടെ പീഡനവും മൂലം കൃഷിക്കാര്‍ തിരുവിതാംകൂര്‍വിട്ട് ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാറിലേക്ക് കുടിയേറി.