അഡ്വ.ജോഷി ജേക്കബ്
ഹിന്ദുത്വ ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ കണ്ണി
ഹിന്ദുത്വ ഫാസിസം പ്രത്യയശാസ്ത്രമായി ആചരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദ്യവയോധികനായ ഒരു ക്രൈസ്തവ പുരോഹിതനെ തടവറയിലിട്ട് കൊലപ്പെടുത്തിയത് അത്ഭുതകരമല്ല. ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ നേരിടുന്ന പീഡനം അദ്ദേഹത്തിന്റെ റാഞ്ചിയിലെ ജീവിതത്തില്‍ മനസ്സിലാക്കിയത് മുതല്‍ അവര്‍ക്കു വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. 84 വയസ്സുണ്ടായിരുന്ന ആ മഹാത്മാവ് സായുധ പോരാളിയല്ലായിരുന്നു. ആയുധമെടുത്ത് പോരാടുവാന്‍ മാവോയിസ്റ്റുകളോട് ഒപ്പം ചേരുവാന്‍ അദ്ദേഹം തയ്യാറാവുകയോ അതിന് ആദിവാസികളോട് ആഹ്വാനം നടത്തുവാന്‍ തയ്യാറാവുകയോ ചെയ്തില്ല. നിയമത്തിന്റെ വഴിയും സമാധനപരമായ മാര്‍ഗവുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ഗ്രഹാം സെറ്റയിന്സ് എന്ന ക്രൈസ്തവ മിഷണറി കുഷ്ഠരോഗികള്‍ക്കു വേണ്ടി ഒഡീഷ്യയിലെ കന്തമാല്‍ ജില്ലയില്‍ ജീവിതം സമര്‍പ്പിച്ച് സേവനം ചെയ്തു വരികയായിരുന്നു. 1998 ല്‍ അദ്ദേഹത്തെയും രണ്ടു കുഞ്ഞുങ്ങളെയും ഒരു വാഹനത്തില്‍ അടച്ചുപൂട്ടി ചുട്ടുകരിച്ചു കൊലപ്പെടുത്തിയതും ഹിന്ദുത്വശക്തികള്‍ തന്നെയാണ്. അക്കാലത്തുതന്നെ ഒരു പാര്‍ലമെന്റ് അംഗത്തെയും കുടുംബത്തെയും തീവച്ചു കൊലപ്പെടുത്തിയതുള്‍പ്പെടെ മുസ്ലീങ്ങളെ കൂട്ട കശാപ്പിന് ഇരയാക്കിയത് ഹിന്ദുത്വഫാസിസ്റ്റ് ആശയമാണ്.
2014 ല്‍ മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിന് തൊട്ടുമുമ്പും ശേഷവും ഗോമാംസം കഴിച്ചവരെന്ന് പറഞ്ഞ് അനവധി മുസ്ലീം സഹോദരങ്ങളെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാക്കി. സോഷ്യലിസ്റ്റ് ചിന്തകന്‍ ആയിരുന്ന പ്രഫ. നരേന്ദ്ര ദാബോല്ക്കറെയും വയോധികനായ കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയയും കര്‍ണാടകത്തിലെ ഏറ്റവും വലിയ പണ്ഡിതനായിരുന്ന പ്രഫ. കലബുര്‍ഗിയെയും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും പോയിന്റ് ബ്ലാങ്ക് ദൂരത്തില്‍ വെടിവച്ച് കൊലപ്പെടുത്തിയതും ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ആസൂത്രിതമായ നടപടിയാണ്. അവര്‍ എന്തെങ്കിലും തെറ്റുകള്‍ പ്രവര്ത്തിച്ചതുകൊണ്ടല്ല. മറിച്ച് അവര്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് അവരെ ഇല്ലായ്മ ചെയ്തത്.
പടരുന്ന സാമൂഹിക വഷളത്തങ്ങള്‍
ഒരു പരിഷ്കൃത സമൂഹത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങള്‍ സമൂഹത്തില്‍ ഒന്നൊഴിയാതെ നടക്കുകയും, ഒന്നിന് പിറെക ഒന്നായി അവ അച്ചടി, ദൃശ്യ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രതിഫലിക്കുന്നു. ശബ്ദായമാനമായും ജുഗുപ്സാവഹവുമായ രീതിലാണ് അത്തരം സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപരിക്കുന്നത്. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദലിതര്‍, വിഭിന്നമായ കഴിവുള്ളവര്‍, അംഗപരിമിതര്‍, പട്ടിണി പാവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതകളുടെ ചെയ്തികളാണ് അത്തരം സംഭവങ്ങളില്‍ നമ്മള് കാണുന്നത്.
അത്തരം സംഭവങ്ങളോടുള്ള സമൂഹത്തിന്റെ പ്രതികരണം അപഗ്രഥിക്കുന്നത് നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്തുവാന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ സമൂഹത്തിലെ ബോധമണ്ഡലത്തെ അല്പംകൂടി ഉയര്‍ത്തുവാന്‍ അത് ആവശ്യമായിരിക്കാം. ഓരോ സംഭവത്തിലും സമൂഹത്തില്‍ വ്യാപകമായി ഉണ്ടാകുന്ന മനുഷ്യരുടെ നൊമ്പരങ്ങളും ഉത്ക്കണ്ഠകളും പരിഗണനകളും, ചിലപ്പോഴൊക്കെ സംഭവിക്കുന്ന മുന്‍കൈ പ്രവര്‍ത്തനങ്ങളും, നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും മനസ്സിലെ നന്മകളെയാണ് സൂചിപ്പിക്കുന്നത്. ജനങ്ങള്‍ പൊതുവേ നന്മ നിറഞ്ഞവരാണെന്ന സത്യം സമൂഹത്തെ ഇനിയും മെച്ചപ്പെടുത്താമെന്ന ഒരു പ്രതീക്ഷയെ ആണ് ശക്തമാക്കുന്നത്. പൊതുവേ പറഞ്ഞാല്‍, തിന്മകളെ മനുഷ്യര്‍ ഇഷ്ടപ്പെടാത്തവരും തിന്മകള് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും അത്തരം നന്മകള്‍ക്ക് വേണ്ടിയും തിന്മകള്ക്ക് എതിരായും നിലകൊള്ളുന്ന സമൂഹത്തില്‍ വഷളത്തരങ്ങള്‍ എല്ലാതലത്തിലും ഏറിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പലപ്പോഴും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. വ്യക്തികളുടെ നന്മകളെ അതിലംഘിച്ചുകൊണ്ട് സാമൂഹിക വ്യവസ്ഥിതി വലിയ തോതില്‍ തിന്മകള് ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതിവിശേഷത്തില്‍ എത്തിച്ചേരാറുണ്ട്. അത്തരമൊരു സ്ഥിതി വിശേഷത്തിന്റെ പാരമ്യമാണ് നമ്മുടെ ആധുനികോത്തരമായ ഈ കാലഘട്ടത്തില്‍ അനുഭവപ്പെടുന്നത്.
സാമൂഹികമായ നന്മകള് പ്രദാനം ചെയ്യുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട, വിവിധ ലേബലുകള്‍ ഒട്ടിച്ച വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ, ആ പരാജയം മൂടിവയ്ക്കുന്നതിനുള്ള ഒരു ഒളിയിടമായി മാറ്റിയിട്ടുണ്ട്. ഇന്നലെവരെ അതിനൊന്നും തയ്യാറാകാതെയിരുന്നവര്‍ ഇപ്പോള്‍ അതാണ് ജനങ്ങളുമായി അടുപ്പമുണ്ടാക്കുന്നതിനുള്ള മുഖ്യമായ ഒരു മാര്‍ഗമായി കാണുന്നത്. സേവന-ജീവനകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം തട്ടിപ്പും വഞ്ചനയുമാണെന്നും വിപ്ലവം മാത്രമാണ് പ്രസക്തമെന്നും ഏറെ കൊട്ടിഘോഷിച്ചവരും ഇപ്പോള്‍ അതുതന്നെ മാര്‍ഗമെന്ന് നടിക്കുകയാണ്.
സ്റ്റാന്‍ സ്വാമിയുടെ കൊലപാതകം ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണി മാത്രമാണ്. എന്നാല്‍ സ്റ്റാന്‍ സ്വാമിയുടെ കൊലപാതകം ഹിന്ദുത്വ ആശയവുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ വഴിയല്ല എന്ന് മനസ്സിലാക്കണം. ഹിന്ദുത്വ ഫാഷിസ്റ്റ് ആശയക്കാരുടെ സര്‍ക്കാര്‍ അതില്‍ ഒന്നാം പ്രതിയാണെങ്കിലും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് ചോരപുരണ്ട കൈകളുമായി നില്‍ക്കുന്നത് ആരെല്ലാമാണ് എന്ന് പരിശോധിക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന കൂട്ടുകുറ്റവാളികളാണ് വെളിച്ചത്തില്‍ വരുന്നത്.
വ്യക്തിതല ജീവകാരുണ്യവും വ്യവസ്ഥിതിയില്‍ തകരുന്ന ജീവിതവും
സാമൂഹികമായോ സാമ്പത്തികമായോ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരു കുട്ടിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യമല്ലെന്ന് എവിടെയെങ്കിലും പരസ്യപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ ഒരു എല്ലിന് കഷണം കണ്ട് തെരുവ് നായ്ക്കളെല്ലാം ഓടിക്കൂടുന്നതുപോലെ സകല രാഷ്ട്രീയ കക്ഷികളും സന്നദ്ധ സേവന ദാതാക്കളും ഓടിയെത്തുകയായി. ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളുടെ മേല്‍ക്കൈ സ്ഥാപിച്ചെടുക്കുവാനുള്ള വ്യഗ്രതയിലും ആണ്. വിവിധ തലങ്ങളിലുള്ള അധികാരം, ജനപ്രാതിനിധ്യം എന്നിവയെല്ലാം അതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതും സാധാരണമാണ്. സമൂഹത്തില്‍ പൊതുവേയുള്ള നന്മയുടെ ആ മനസ്സിനൊപ്പം തങ്ങളും ഉണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള ഒരു പരിശ്രമമാണ് അത്.
വ്യക്തിതല ജീവകാരുണ്യം എത്ര വ്യാപകമായാലും, ജനവിരുദ്ധമായ സാമൂഹിക വ്യവസ്ഥിതിയില്‍ സമൂഹത്തിലെ താഴ്ന്ന തലത്തിലുള്ള ജനവിഭാഗങ്ങള്‍ ചവിട്ടി താഴ്ത്തപ്പെടുന്നത് സാധാരണമാണ്. അടുത്തകാലത്ത് നടന്ന അനുയോജ്യമായ ഒരു ഉദാഹരണം ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗമാണ്.
ഫാ.സ്റ്റാന്‍ സ്വാമിയുടെ കൊലപാതകത്തില്‍ നിന്നുള്ള അകലം
Print this article
Font size -16+