പ്രവാസജീവിതത്തില്‍ തനിമ ഒളിപ്പിക്കുന്ന സ്വത്വപ്രതിസന്ധി

പോള്‍ തേലക്കാട്ട്
ഒളിക്കുന്ന പുസ്തകം
അന്തഃപുരത്തില്‍നിന്നു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഒരു സ്ത്രീയുടെ കഥയാണ് ബൈബിളിലെ എസ്‌തേറിന്റെ പുസ്തകം – യഹൂദവംശം പ്രവാസികളായി കഴിഞ്ഞ ഒരു   നാടിന്റെ കഥയുമാണ്. ഈ ഗ്രന്ഥത്തിന്റെ കാലനിര്‍ണയമോ ഘടനയോ സാഹിത്യരൂപമോ അല്ല ഈ പഠനത്തിന്റെ ലക്ഷ്യം. പഴയ നിയമ ബൈബിളിലെ ഒരു പുസ്തകം, ഈ പുസ്തകത്തില്‍ ദൈവമുണ്ട് എന്നു പറയാനാവില്ല. രണ്ടുപേര്‍ പ്രാര്‍ത്ഥിക്കുന്നതായി പറയുന്നുണ്ട്. എന്നാല്‍ ഈ പുസ്തകത്തില്‍ ദൈവം മാത്രമല്ല ഒരു ധര്‍മവുമില്ല. ഈ പുസ്തകം എന്തുകൊണ്ട് ബൈബിളില്‍ ചേര്‍ത്തു എന്നു ലൂഥര്‍ ചോദിച്ചു. എന്നാല്‍ മധ്യശതകങ്ങളിലെ പ്രസിദ്ധ യഹൂദ പണ്ഡിതനായ മയ്‌മൊനീഡസ് (1135-1204) ഈ ഗ്രന്ഥത്തെ പഞ്ചഗ്രന്ഥിയോടു ചേര്‍ത്തു വായിക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഈ പുസ്തകം പറയുന്ന കഥയുടെ പ്രത്യേകത അത് ഒളിക്കലിന്റെ പുസ്തകമാണ് എന്നതാണ്. എസ്‌തേര്‍ എന്ന നാമരൂപം ഒളിക്കുക എന്ന ഹീബ്രു ക്രിയാപദത്തില്‍ നിന്നാണുണ്ടായത്. എല്ലാം ആവരണമിട്ടു മൂടുകയും ഒളിക്കുകയുമാണ്, നേരായ ഭാഷയില്‍ ഒന്നും പറയുന്നില്ല. യഹൂദരുടെ പുരിം ആഘോഷത്തിന്റെ  അടിസ്ഥാനമായി ഈ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളുടെ അതിജീവനമാണ് ആഘോഷിക്കുന്നത്. പുരിം ആഘോഷം യൂറോപ്പിലെ കാര്‍ണിവല്‍ ആഘോഷംപോലെ എല്ലാം ഒളിക്കുകയും എല്ലാം തുറന്നു കാണിക്കുകയും ചെയ്ത് ആര്‍ത്തുല്ലസിക്കലാണ്. അതിജീവനം ഒളിച്ചുവാസത്തിന്റെ മണല്‍ക്കാടനുഭവമാണ്.
എസ്‌തേറിന്റെ പുസ്തകം മൗലികമായി ഒളിക്കുക തെന്നയാണ്. കാരണം സാമൂഹിക ജീവിതത്തിന്റെ പൊതുവേദിയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍, പാതാളങ്ങളിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ടവര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ഓരങ്ങളില്‍ മാത്രം കഴിയുന്നവര്‍ എന്നിവരുടെ കഥയാണിത്. അംഗീകൃതമായ പൊതുവേദി നഷ്ടപ്പെട്ടവരുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ഈ ബൈബിള്‍ പുസ്തകത്തില്‍ ദൈവം നിശ്ശബ്ദനാണ്. ദൈവം കഥയിലില്ല, അങ്ങനെ ഒരു കഥാപാത്രമില്ല. ദൈവം നാടുകടത്തപ്പെട്ടിരിക്കുന്നു.
സ്വന്തം തനിമയുടെ വിശ്വാസ സംസ്‌കാര വ്യത്യാസങ്ങളോടെ ജീവിക്കുന്നതു മരണമാകുന്ന പേര്‍ഷ്യന്‍ പ്രവാസത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥയാണിത്. ഒപ്പം പുരുഷാധിപത്യത്തില്‍ സ്വന്തം സ്വത്വം നഷ്ടപ്പെട്ട സ്ത്രീയുടെ അധികാരത്തിലേക്കുള്ള പ്രവേശനത്തിന്റെയും അവളുടെ എഴുത്തു ബൈബിളിലേക്കു വന്നതിന്റെയും കഥ. ഇവിടെ പൊതുധാരയില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെ വിഘടനത്തിന്റെയും കഥയാണ്. അതു ശക്തമായ സ്വത്വത്തിന്റെ അഴിച്ചുപണിയുടെ ഫലവുമാണ്. നാസ്സി ദുരന്ത സമാനമായ ഭീകരതയുടെ സ്വപ്നവുമായിട്ടാണ് പുസ്തകം തുടങ്ങുന്നത്. അക്രമവും അധര്‍മവും ഭരണം നടത്തുന്നു. വിലാപത്തിന്റെ ഈ അന്ധകാരത്തില്‍ പിടിച്ചുനില്ക്കുന്നത് അധികാരം പിടിച്ചെടുക്കുന്നതും അബലയും പുറത്താക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ അംഗവുമായ ഒരു സ്ത്രീയാണ്. സ്ത്രീയെ കഥാപാത്രമാക്കി, രാജ്ഞിയാക്കി മതത്തിന്റെ സംരക്ഷകയാക്കിയ പുസ്തകം ബൈബിളില്‍ പ്രവേശിക്കുന്ന കഥയും. സ്വന്തം നാട്ടില്‍ പ്രവാസികളാക്കപ്പെടുന്ന ഭൂരിപക്ഷാധിപത്യത്തിന്റെ പ്രതിസന്ധിയിലാണ് ഇന്ത്യയിലെപ്പോലും ന്യൂനപക്ഷങ്ങള്‍. ഈ ബൈബിള്‍ പുസ്തകം പ്രവാസത്തിന്റെ സത്യത്തിന്റെ പുനര്‍വായനയ്ക്കു ഇടം നല്കുന്നു.
അന്തഃപുരത്തിലെ അപശബ്ദം
സാമുവല്‍ ബെക്കറ്റിന്റെ വിശ്വപ്രസിദ്ധമായ നാടകം – ഗോദോയെ കാത്തു – Waiting for Godot – ഈ നാടകത്തില്‍ രണ്ടു കഥാപാത്രങ്ങളാണ് രംഗത്തുവരുന്നത്. എസ്ട്രാജന്‍, വ്‌ളാഡിമിര്‍. ഈ സുഹൃത്തുക്കള്‍ കാത്തിരിക്കുന്നു – ഗോദോയെ. ഗോദോയാണ് നാടകത്തിന്റെ പ്രധാന കഥാപാത്രം. പക്ഷേ, ഈ കഥാപാത്രം ഒരിക്കലും നാടകവേദിയില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഇതുതന്നെയാണ് എസ്‌തേര്‍ കഥയിലും.
ദൈവം ഇല്ല എന്നത് ഒരു ഭാഷാപദത്തിന്റെ പ്രശ്‌നമല്ല. ഈ കഥ നടക്കുന്ന നാട് ഭരിക്കുന്ന രാജാവിന് ഒരു നിയമവും ബാധകമല്ല. അവിടെ ഒരു വ്യാകരണവും ഭരിക്കുന്നില്ല. രാജാവിന്റെ സമയാസമയങ്ങളിലെ തോന്നലുകളുടെ നിയമം മാത്രം. സ്വന്തം ഇഷ്ടം മാത്രം നോക്കി ഭരിക്കുന്നവന്‍. അതും ശിങ്കിടികളുടെ ഹിതാഹിതങ്ങള്‍ക്കനുസരിച്ച് നടക്കുന്നവന്‍. തീരുമാനങ്ങള്‍ എടുക്കുന്ന ഉപജാപകസംഘം കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ, ചരടുവലികള്‍ നടക്കുന്നതിന്റെ, എല്ലാം രഹസ്യത്തിലാണ്. എല്ലാത്തരം നീതിയും ധര്‍മവും അദ്ദേഹത്തിന്റെ സ്വയേഛയില്‍ മാത്രം. അദ്ദേഹത്തിന്റെ ലൈംഗികബന്ധങ്ങളുടെ അന്തഃപുരത്തില്‍ നിന്നാണ് പല കാര്യങ്ങളും തുടങ്ങുന്നത്. ഏകാധിപത്യ ഊട്ടുസദ്യകളും പാനോപചാരങ്ങളുമായി വാഴുന്നു. അന്തഃപുരത്തിലെ വെപ്പാട്ടിമാരുടെ സംഘത്തിന്റെ അധ്യക്ഷയാണ് രാജ്ഞി. വീഞ്ഞുകുടിച്ച് ഉന്മത്തനായ രാജാവിനു ഒരു താത്പര്യം. തന്റെ വാഷ്തി എന്ന രാജ്ഞിയുടെ സൗന്ദര്യം ജനങ്ങള്‍ക്കും പ്രഭുക്കള്‍ക്കും കാണിച്ചുകൊടുക്കണം. അവളെ രാജകീയകിരീടം ധരിപ്പിച്ച് രാജസന്നിധിയിലേക്കു ആനയിക്കാന്‍ ഷണ്ഡന്മാരോട് കല്പിച്ചു. പക്ഷേ, രാജ്ഞി അതിനു തയ്യാറായില്ല. രാജാവ് കോപിച്ചു. നാട്ടിലെങ്ങും രാജ്ഞിയോട് അമര്‍ഷവും കോപവും, കാരണം പുരുഷന്മാര്‍ക്കെല്ലാം അതു പ്രശ്‌നമായി. ഭര്‍ത്താക്കന്മാരെ അനുസരിക്കാത്ത ഭാര്യമാര്‍ ഉണ്ടാകും. രാജ്ഞി പദത്തില്‍നിന്ന് അവരെ പുറത്താക്കി. അവള്‍ കഥയില്‍ നിന്നു അപ്രത്യക്ഷയായി.
അന്തഃപുരത്തിലെ രാജ്ഞിയുടെ അനുസരണയില്ലായ്മയുടെ ലൈംഗിക പ്രശ്‌നം രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പ്രശ്‌നമായി. രാജ്ഞിക്കു പകരം ആളെ അന്വേഷണമായി. ആ വിടവിലേക്കു വന്നു കയറാനുള്ള യോഗ്യത കാണാന്‍ കൊള്ളാവുന്നതും കാണിക്കാന്‍ കൊള്ളാവുന്നതുമായിരിക്കണം. പുരുഷന്റെ കാമവസ്തുവായി സ്ത്രീ. ഈ വിടവിലേക്കാണ് പിതാവോ മാതാവോ ഇല്ലാത്ത ഒരുവള്‍ ദത്തുപുത്രിയായ ഒരു യഹൂദന്‍ വിദഗ്ദ്ധമായ നീക്കങ്ങളിലൂടെ കൊട്ടാരത്തിലെത്തിക്കുന്നത്. രാജാവിന്റെ അന്തഃപുരത്തിലെ രാജ്ഞീപട്ടത്തിന് മത്സരിക്കുന്നവരില്‍ ഒരുവളായി. അവള്‍ ആരാണ്, എന്താണ്? ഇതൊക്കെ ഗോപ്യമാണ്. അവളുടെ ഊഴം വന്നപ്പോള്‍ രാജാവിന്റെ പ്രിയപ്പെട്ടവളായി മാറി. ഇതെല്ലാം വിരുന്നു സല്‍ക്കാരങ്ങളിലൂടെയാണ് നടക്കുന്നത്. രാജകൊട്ടാരത്തിന്റെ രഹസ്യമണ്ഡലമായ അന്തഃപുരത്തിലെ ചലനങ്ങള്‍ അവളുടെ വളര്‍ത്തുപിതാവായവന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മൊര്‍ദോക്കായി എന്ന അയാളുടെ നിരീക്ഷണത്തില്‍ അന്തഃപുരത്തിലെ രണ്ടു ഷണ്ഡന്മാര്‍ രാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ശ്രദ്ധിച്ചു. ഈ രഹസ്യം രാജാവിന്റെ ചെവിയില്‍ എത്തിച്ച രാജ്ഞി രാജാവിന്റെ ജീവന്റെ രക്ഷകയായി. രാജ്ഞി എല്ലാം നടത്തുന്നത് സ്വന്തം നിശ്ചയത്തിലല്ല, മൊര്‍ദോക്കായിയുടെ നിര്‍ദേശപ്രകാരമാണ്. കാരണം സ്ത്രീക്കു സ്വന്തമായ അസ്തിത്വവും വ്യക്തിത്വവുമില്ല. എസ്‌തേര്‍ മുന്‍രാജ്ഞിയെപ്പോലെ വിഘടനത്തിന്റെ വ്യക്തിയല്ല പരമ്പരാഗത പുരുഷാധിപത്യത്തിന്റെ വിനീതവിധേയയാണ്.
വിധേയയുടെ വിപ്ലവം
അതിനിടയില്‍ രാജാവിന്റെ തൊട്ടുതാഴെയുള്ള ഹാമാനെ വണങ്ങാനോ കുമ്പിടാനോ യഹൂദനായ മൊര്‍ദൊക്കായി സന്നദ്ധനായില്ല. അയാള്‍ ഒതുങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ ആ അധികാരി അയാളുടെ വര്‍ഗത്തെ മുഴുവന്‍ ഇല്ലായ്മ ചെയ്യാനുള്ള തിട്ടൂരത്തില്‍ രാജാവ് ഒപ്പുവച്ചിറക്കി. നാട്ടിലെ യഹൂദരെല്ലാം കൊല്ലപ്പെടുമെന്ന് ഉറപ്പായി. ഈ ദുരന്ത സാഹചര്യത്തിലാണ് മൊര്‍ദോക്കായി എസ്‌തേറിന്റെ സഹായം തേടുന്നത്. അന്തഃപുരത്തിലെ സ്ത്രീകള്‍ക്കു അന്തഃപുരത്തിനു പുറത്തു കടക്കാനോ രാജാവിന്റെ ദര്‍ശന പരിധികളില്‍ ചെല്ലാനോ പാടില്ല. അതു ലംഘിക്കുന്നവര്‍ കൊല്ലപ്പെടും. ഇവിടെക്കാണ് എസ്‌തേറിന്റെ നടപടിക്കായി യഹൂദന്‍ ശ്രമിക്കുന്നത്. ഈ നടപടിയുടെ ഗൗരവം വ്യക്തമായി അവള്‍ക്കറിയാം. ഈ സാഹചര്യത്തിലാണ് യഹൂദനും രാജ്ഞിയും ഉപവാസവും പ്രാര്‍ത്ഥനയും നടത്തി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവള്‍ അന്തഃപുരത്തിന്റെ മണ്ഡലം വിട്ടു, സര്‍വാഡംബര വിഭൂഷിതയായി അവള്‍ രാജാവിന്റെ ദര്‍ശനത്തിനു നേരെപോയിനിന്നു.