മതാത്മക രാഷ്ട്രീയവും ഇന്ത്യയിലെ ബഹുസ്വര ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും

മതാത്മക രാഷ്ട്രീയവും ഇന്ത്യയിലെ ബഹുസ്വര ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും

മതാത്മക രാഷ്ട്രീയവും ഇന്ത്യയിലെ ബഹുസ്വര ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും

 

കെ.എ ഷാജി

 

എല്ലാ മനുഷ്യരും, തുല്യതയും നീതിയും അര്‍ഹിക്കുന്നുണ്ട്, അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, വിയോജിക്കാന്‍, പ്രതിഷേധിക്കാന്‍, സമരം ചെയ്യാന്‍ എന്നു തുടങ്ങി ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കിയ ജനതയെക്കൂടി സൃഷിടിക്കപ്പെടുന്നതിലൂടെ മാത്രമേ ഒരു രാജ്യം പൂര്‍ണമായും സ്വതന്ത്രമാകുകയുള്ളു എന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്കും, ന്യായാധിപന്മാര്‍ക്കും, അതുപോലെ തന്നെ ജനങ്ങള്‍ക്കും സാധ്യമാകുന്നകാലത്തോളം അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടതായിവരും ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്.

 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ തന്നെയാണ് നിലവിലെ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുടെ സ്വകാര്യതകളിലേക്ക് പെഗാസസ് സോഫ്റ്റ്‌വെയറുമായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇറങ്ങിച്ചെന്നത് ലോകശ്രദ്ധ നേടുകയും വലിയ വിവാദമാകുകയും ചെയ്തിരിക്കുന്നത്. ഏകാധിപത്യങ്ങളില്‍ നിന്നും ജനാധിപത്യത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത് അത് എതിരഭിപ്രായങ്ങള്‍ ഉള്ളവരെ മാനിക്കുകയും അത്തരം അഭിപ്രയങ്ങള്‍ വിളിച്ചു പറയാനുള്ള അവരുടെ അവകാശത്തെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാല്‍ വ്യക്തിയുടെ സ്വകാര്യതയെപ്പോലും മാനിക്കാതെയുള്ള ചാരപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്.

 

ഇന്ത്യന്‍ ജനാധിപത്യം രൂപപ്പെടുത്തിയവര്‍ ആദ്യമേ മുന്നോട്ടുവച്ച മൂല്യങ്ങളില്‍ ഒന്നാണ് ബഹുസ്വരത. തുറന്നതും മതേതരവും വംശീയ ചിന്തകള്‍ക്ക് അതീതവുമായ ഒരു സാമൂഹിക സംവിധാനമെന്ന നിലയിലാണ് നമ്മുടെ രാഷ്ട്രത്തിന്റെ അസ്തിത്വം രൂപീകരിക്കപ്പെടുകയും ചെയ്തത്. എന്നാല്‍ എഴുപത്തിയഞ്ച് വര്‍ഷങ്ങളിലേക്ക് എത്തുമ്പോള്‍ ആ മൂല്യങ്ങള്‍ എല്ലാം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പാര്‍ലമെന്റിനും മന്ത്രിസഭയ്ക്ക് പോലും അതീതമായി അധികാര കേന്ദ്രീകരണം പ്രധാനമന്ത്രിയിലും അദ്ദേഹത്തിന്റെ ഓഫീസിലും നടക്കുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവവും തെറ്റുതിരുത്തല്‍ ശേഷിയും ചോദ്യം ചെയ്യപ്പെടുന്നു. മാധ്യമ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും കീഴടങ്ങി ചരിത്രപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ പുകഴ്ത്തലുകളും മംഗള വാഴ്ത്തുപ്പാട്ടുകളുമായും നടക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഉന്നത ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം നാട്ടില്‍ പൗരന്‍ എന്ന നിലയിലുള്ള അസ്തിത്വം രേഖകള്‍ വച്ച് തെളിയിക്കേണ്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിപ്പോകുന്നു. മതേതരത്വവും ബഹുസ്വരതയും, വര്‍ഗീയ കലാപങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വംശവെറികള്‍ക്കും വഴിമാറുന്നു. ലോകത്തിനു മുന്നില്‍ നമ്മള്‍ ഒരു പരാജയപ്പെട്ട ജനാധിപത്യമായി അതിവേഗം മാറുന്ന കാഴ്ചയാണ് നിലവില്‍ കാണാനാകുന്നത്. അഴിമതിയും കോര്‍പ്പറേറ്റ് പ്രീണനവും വംശവെറിയും സാമുദായിക സമീപനങ്ങളും അതിവേഗം നമ്മള്‍ വര്‍ഷങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. മതേതര രാഷ്ട്രം ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വലിയ അളവില്‍ നിയന്ത്രിക്കാവുന്ന ഒരു മതാത്മക സംവിധാനത്തിലേക്ക് നടന്നു പോകുന്ന നടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്.

 

ഒരു ബഹുസ്വര മതേതര ഇന്ത്യ ആയിരുന്നു നെഹ്രുവും അംബേദ്കറും വിഭാവനം ചെയ്തിരുന്നത്. എന്നാലിന്ന് ഭൂരിപക്ഷ മതം എന്ന അടിസ്ഥാനത്തിലുള്ള ഒരു ഹിന്ദു നാഷണലിസത്തിലേക്ക് രാജ്യത്തെ വലിയൊരളവു മാറ്റിയെടുക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിച്ചും പാഠപുസ്തകങ്ങളില്‍ വര്‍ഗീയത കുത്തിനിറച്ചും മതപരമായ ചിഹ്നങ്ങളും ആചാരങ്ങളും സമീപനങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രയോഗിച്ചുമൊക്കെയാണ് അവര്‍ അത്തരം ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്. നോട്ട് നിരോധനം പോലെ മുന്‍പിന്‍ നോക്കാതെയെടുത്ത തീരുമാനങ്ങളുടെ കെടുതികള്‍ നമ്മെ വിടാതെ പിന്തുടരുന്നു. ആദിവാസികള്‍ക്ക് വേണ്ടി ജീവിച്ച സ്റ്റാന്‍ സ്വാമിയെന്ന വയോവൃദ്ധനില്‍ രാജ്യത്തിന്റെ ശത്രുവിനെ കണ്ടെത്തിയ ഭരണസംവിധാനം അദ്ദേഹത്തെ മാത്രമല്ല ഒരു രാജ്യത്തിന്റെ നീതിബോധത്തെ തന്നെയാണ് കൊലയ്ക്കു കൊടുത്തത്. സുധ ഭരദ്വാജ് മുതല്‍ വരവര റാവുവും ഹാനിബാബുവും വരെ ഇനിയുമെത്രയെത്ര സ്റ്റാന്‍ സ്വാമിമാര്‍ നമ്മുടെ ജയിലുകളില്‍ ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരായി നരകിച്ചുകൊണ്ടിരിക്കുന്നു.

 

എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഭയം നമ്മുടെ ജനാധിപത്യ ബോധത്തെ മൂടി കിടക്കുന്നു. പോലീസ് ഭീകരതകളും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കള്ളക്കേസുകളും നമ്മുടെ തുല്യനീതിയെക്കുറിച്ചുള്ള ചിന്തകളെ പോലും ചിതറിച്ചു കളയുന്നു.

 

നിരവധിയായ വിപ്ലവപോരാട്ടങ്ങളിലൂടെയും സഹന സമരങ്ങളിലൂടേയും രൂപപ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യം. ആ പ്രസ്ഥാനത്തിലെവിടെയും കാണാതിരുന്ന ചിലരുടെ കൈകളിലേക്ക് രാജ്യത്തിന്റെ ഭരണമെത്തിയെന്നതാണ് എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നമ്മള്‍ നേരിടുന്ന ദുരന്തം. കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ഇന്ത്യയെന്ന ജനാധിപത്യ മതേതര രാഷ്ട്രം എത്രകണ്ട് മുന്നേറിയെന്ന് ചിന്തിക്കാനുള്ള ഒരു അവസരം കൂടിയാണിത്. വളര്‍ന്നു വരുന്ന ശക്തിയായി ഇന്ത്യയെ വിശേഷിപ്പിക്കുന്ന പ്രസംഗങ്ങള്‍ക്കു ഇവിടെ ക്ഷാമമില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളിലും, സൈനികശക്തിയിലും, ആയുധ ശേഖരത്തിലും, രാജ്യം വളര്‍ന്നതായി കാണാന്‍ കഴിയും. എന്നാല്‍ താഴെത്തട്ടിലുള്ള യാഥാര്‍ഥ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് വേറെ ചിലതാണ്. വിറകടുപ്പുകളില്‍ നിന്ന് ഗ്യാസടുപ്പുകളിലേക്കുള്ള വളര്‍ച്ചകള്‍ക്കപ്പുറം ഇന്ത്യാ മഹാരാജ്യത്തിന്റെ പുരോഗതിയെ ഈ സാഹചര്യങ്ങളിലെങ്കിലും പഠിക്കേണ്ടതുണ്ട്. കാര്യഗൗരവത്തോടെ വിലയിരുത്തേണ്ടതുമുണ്ട്.

 

അടിസ്ഥാന ആവശ്യങ്ങളിലടക്കം ജനങ്ങള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമല്ല ആ സൗകര്യങ്ങള്‍ എങ്ങനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താം എന്ന അവബോധം കൂടി ലഭ്യമാകുകയും, അത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നിടത്താണ് ഏതൊരു പദ്ധതിയും വിജയം കാണുന്നത്. അത്തരം അവബോധങ്ങള്‍ സൃഷ്ടിക്കുന്നതിലും, ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിലും രാജ്യം എത്രകണ്ട് പരാജയമെന്ന് തെളിയിക്കുന്ന ഗ്രാമങ്ങള്‍ ഇന്ത്യയുടെ ആത്മാവുകളായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു. ആഹാരം. വസ്ത്രം, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളെ പരിഗണിച്ചാല്‍ പോലും നമ്മെ ലജ്ജിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ഏറെ കണ്ടെത്താനാകും. ഭക്ഷണമാണ് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളില്‍ പ്രധാനം എന്നിരിക്കെ അതേ ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന നമ്മുടെ കര്‍ഷകര്‍ ജീവനൊടുക്കുന്ന, പട്ടിണി സമരം നടത്തുന്ന നാടാണ് ഇന്ന് ഇന്ത്യ. കൊടും തണുപ്പിലും, കത്തുന്ന ചൂടിലും ജീവന്‍ വരെ ബലി നല്‍കി രാജ്യത്തെ കര്‍ഷകര്‍ തുടര്‍ച്ചയായി സമരം ചെയ്യാന്‍ തുടങ്ങിയിട്ട് എട്ടു മാസത്തോളമാകുന്നു. തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ നടത്തിയ സമരത്തിനു നേരെ മുഖം തിരിച്ച, അവരെ അധിക്ഷേപിച്ച, അടിച്ചമര്‍ത്താന്‍ ഉത്തരവിട്ട ഭരണാധികാരികള്‍ ഇന്നും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് വാഴ്ത്തിപ്പാടുന്നുണ്ട്.

 

സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയ നാട്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇരകളുണ്ടായിരിക്കുന്നത് സമരങ്ങളില്‍ പങ്കെടുത്തതിനാണ്. അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരിലാണ്. കര്‍ഷക സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇനിയും പ്രതികരണശേഷി നഷ്ടമാകാത്ത മനുഷ്യരെ, ഇന്ത്യന്‍ യുവത്വങ്ങളെ ഉള്‍പ്പെടെ കേന്ദ്രം വേട്ടയാടി. ടൂള്‍ക്കിറ്റ് വിവാദം പോലെ കാരണങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. യുഎപിഎയെ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തി തടവിലാക്കപ്പെട്ട ചിന്തിക്കുന്ന, പ്രതികരിക്കുന്ന തലച്ചോറുകള്‍. അതില്‍ പലതും ഇന്ന് ലോകത്തോട് തന്നെ വിടപറഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവിലയാണെന്ന് തെളിയിച്ച നാടുകൂടിയാണ് നമ്മുടേത്. ഇക്കാര്യത്തില്‍ ഏറ്റവും അടുത്തു സംഭവിച്ച ഉദാഹരണമാണ് സ്റ്റാന്‍സ്വാമിയുടെ മരണം.

 

തമിഴ്‌നാട് തൃശ്ശിനാപള്ളി സ്വദേശിയായ സ്റ്റാന്‍സിലസ് ലൂര്‍ദ്‌സ്വാമി കത്തോലിക്ക പുരോഹിതനായാണ് കര്‍മരംഗത്ത് തുടക്കം കുറിച്ചതെങ്കിലും പില്‍ക്കാലത്ത് ആദിവാസിമേഖലയിലേക്ക് സേവനം മാറ്റുകയും രാജ്യം അറിയുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ അവരുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു സ്റ്റാന്‍സ്വാമി. ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികദിനമായ 2018 ജനുവരി ഒന്നിന് പൂനെയിലുണ്ടായ കലാപത്തിന് തലേദിവസം നടന്ന ഏകതാ പരിഷത്തിന്റെ യോഗത്തില്‍ സ്റ്റാന്‍സ്വാമി പങ്കെടുത്തെന്നും അതില്‍ മാവോയിസ്റ്റ് ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചാണ് എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തി ജാമ്യം നല്‍കാതെ ജയിലിലടയ്ക്കുകയായിരുന്നു. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന് നീതിയും മാനുഷികപരിഗണനയും നിഷേധിക്കപ്പെട്ടതിന്റെ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇതുപോലെ പ്രതികരണശേഷിയുടെപേരില്‍ മരണം കാത്ത്, നീതിതേടി കഴിയുന്ന മനുഷ്യാവകാശ, സാമൂഹ്യപ്രവര്‍ത്തകരുടെ എണ്ണമെടുത്താലും ഇന്ത്യ മുന്നില്‍ തന്നെ നില്‍ക്കും.

 

ജനാധിപത്യ, മതേതരത്വ രാജ്യമെന്ന് നാം ഊറ്റംകൊള്ളുന്ന, കൊട്ടിഘോഷിക്കുന്ന ഇന്ത്യ. അതേ ഇന്ത്യയിലാണ്, ജാതിയുടേയും മതത്തിന്റേയും, പ്രണയത്തിന്റേയും, ഭക്ഷണത്തിന്റേയും പേരില്‍ മനുഷ്യല്‍ മനുഷ്യനെക്കൊല്ലുന്നത്. ആള്‍ക്കൂട്ട കൊലകളെന്ന കാടത്തരീതി നിലനില്‍ക്കുന്ന ലോകത്തെ ഒരേയൊരു പരിഷ്‌കൃത സമൂഹം നമ്മുടേത് മാത്രമായിരിക്കും