കാളീശ്വരം രാജ്

കാളീശ്വരം രാജ്

(സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകൻ )

 

തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി സുദീർഘമായ ഒരു വിധിന്യായം എഴുതിയ ഒരു സന്ദർഭം ചാൾസ് ശോഭരാജിന്റെ കേസിലായിരുന്നു. 1978- ചാൾസ് ശോഭരാജ് കേസിൽ സുപ്രീംകോടതി തടവുകാരുടെ വ്യത്യസ്ത അവകാശങ്ങളെക്കുറിച്ച്, മൗലികാവകാശങ്ങളെകുറിച്ചും മനുഷ്യാവകാശങ്ങളെകുറിച്ചും വിശദമായി തന്നെ വിവരിക്കുകയുണ്ടായി.സാധാരണഗതിയി പൗരന്മാർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങൾ അതുപോലെ ഒരു തടവുകാരന് ലഭിക്കുകയില്ലെങ്കിലും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങൾ: ചികിത്സയ്ക്കുള്ള സ്വാതന്ത്ര്യം, അന്തസ്സോടുകൂടിയുള്ള ഇടപെടലിനുള്ള സ്വാതന്ത്ര്യം, ശരിയായ പരിചരണത്തിനുള്ള അവകാശം ഇതൊക്കെ തടവുകാർക്കുമുള്ള അവകാശങ്ങളാണ് എന്ന് സുപ്രീംകോടതി പറഞ്ഞു. പക്ഷേ, ചാൾസ് ശോഭരാജ് കേസിൽ സുപ്രീം കോടതി അനുവദിച്ച അവകാശങ്ങൾ പോലും മാസങ്ങളോളം തടവറയിൽ കിടക്കേണ്ടിവന്ന സ്റ്റാൻ സ്വാമിക്ക് ഭരണകൂടം അനുവദിച്ചു കൊടുത്തില്ലയെന്നത് യാഥാർഥ്യമാണ്. അത്തരം അവസ്ഥാവിശേഷം ഉണ്ടായപ്പോൾ സമയോചിതമായി കാര്യത്തിൽ ഇടപെടുവാൻ നമ്മുടെ കോടതികൾക്ക് കഴിഞ്ഞി ല്ലായെന്നുള്ളതും യാഥാർഥ്യമാണ്. ഒരു കസ്റ്റഡി മരണത്തിന്റെ  പരിധിയിൽ വരുന്ന മരണംതന്നെയാണ് സ്റ്റാൻ സ്വാമിക്ക് സംഭവിച്ചത്. എല്ലാ അർത്ഥത്തിലും നിയമപരമായി അതു കസ്റ്റഡിമരണം തന്നെയാണ്. അർത്ഥത്തിൽ അദ്ദേഹത്തിന്റെ  അഭിഭാഷകനായ മിഹിർ ദേശായി ഉന്നയിച്ച വാദത്തോട് പരിപൂർണമായി യോജിക്കാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ. പക്ഷേ, ഇതൊരു വലിയ പാഠമാണ് നല്കുന്നത്. ഇവിടെ നമ്മുടെയെല്ലാം മൗനം കുറ്റകരമായി മാറുകയാണ്. ഇനിയും ഒരുപാട് സ്റ്റാൻ സ്വാമിമാർ   ജയിലിൽ കിടക്കുകയാണ്.അനൗപചാരികമായ ഒരു അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ തടവറയിലെ പീഡനങ്ങൾ വ്യത്യസ്ത രീതികളിൽ, വ്യത്യസ്ത മാനങ്ങളിൽ വ്യത്യസ്ത തോതുകളിൽ രാജ്യമാസകലം തുടർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തിനും  നീതിന്യായ സംവിധാനത്തിനും ഭരണകൂടത്തിനും സ്റ്റാൻ സ്വാമിയുടെ കേസിൽ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങൾ ഒരു പാഠം ആകേണ്ടതാണ്.

 

DK ബസു കേസിൽ 1996– സുപ്രീംകോടതി, അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിനൊക്കെ മുമ്പുതന്നെ പ്രായമായവർ, രോഗികൾ തുടങ്ങിയവരെ തടങ്കലിൽ പാർപ്പിക്കേണ്ടിവന്നാൽപോലും അത് ചെയ്യുന്നത് മാനുഷികമായിട്ടുള്ള പശ്ചാത്തലത്തിൽ അവരുടെ കുടുംബാംഗങ്ങളൊക്കെയുള്ള സ്ഥലങ്ങളിൽ വേണം ചെയ്യുവാൻ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. അറസ്റ്റു ചെയ്യപ്പെടുന്നവരുടെ അവകാശങ്ങൾ, തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ അവകാശങ്ങൾ, ജാമ്യം ലഭിക്കാതെ ജയിലിൽ അകപ്പെടുന്നവരുടെ അവകാശങ്ങൾ, അവർക്കുള്ള സ്വാതന്ത്ര്യങ്ങൾ ഇവയെക്കുറിച്ചൊക്കെതന്നെ വിശദമായ ഒരുപാട്  വിധിന്യായങ്ങൾ സുപ്രീംകോടതിയിൽനിന്ന് അടിയന്തരാവസ്ഥാനന്തര  കാലം മുതൽക്ക് തൊണ്ണൂറുകളുടെ അന്ത്യം വരെ  ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.

 

പക്ഷേ, സ്റ്റാൻ സ്വാമിയെ അദ്ദേഹത്തിന്റെ  ആശ്രമത്തിൽനിന്ന് അറസ്റ്റുചെയ്തു വിദൂരമായ മറ്റൊരു സ്ഥലത്ത് ഒരു തടവറയിൽ പാർപ്പിക്കുകയും അദ്ദേഹത്തിന്  പാർക്കിൻസൺസ് രോഗവും മറ്റു രോഗങ്ങളും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുകയാണ് എന്നറിഞ്ഞിട്ടും തികച്ചും മിതമായ സൗകര്യങ്ങളും സംവിധാനങ്ങളുംപോലും ഒരുക്കാതെ അദ്ദേഹത്തെ അക്ഷരാർഥത്തിൽ പീഡിപ്പിക്കുകയായിരുന്നു. കോടതികൾ പോലും നിസ്സഹായമായി എന്നുള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. ഒരു അഭിഭാഷകൻ എന്ന നിലയിൽ എന്നിൽ ഇതുണ്ടാക്കുന്ന വികാരം കുറ്റബോധത്തിന്റേതാണ്. അദ്ദേഹത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നുളള കുറ്റബോധമാണ് സമയത്ത് എന്നെപ്പോലെ ലക്ഷക്കണക്കിന് അഭിഭാഷകരെ കൂടി ഭരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അധികാരത്തിലിരുന്ന വ്യത്യസ്ത സർക്കാറുകൾ വ്യത്യസ്ത കാലയളവുകളിൽ വിവിധയിനം കരിനിയമങ്ങളെ ഉപയോഗിച്ചുകൊണ്ടു സർക്കാരിന്റെ  എതിരാളികളെ കൈകാര്യം ചെയ്തു എന്നുള്ളത് ചരിത്രവസ്തുതയാണ്. അടിയന്തരാവസ്ഥകാലത്ത് സംഭവിച്ച കാര്യങ്ങൾ നമുക്കറിയാം. അടിയന്തരാവസ്ഥയ്ക്കുശേഷം സാധാരണനിലയിലുള്ള കാലഘട്ടം എന്ന് നാം പലപ്പോഴും വിശേഷിപ്പിക്കുന്ന ചരിത്ര സന്ധികളിൽപോലും കരിനിയമങ്ങളുടെ ഉപയോഗം നിർബാധം തുടർന്നു. ഡോ.ബിനായക് സെന്നിനെതിരെ  രാജ്യദ്രോഹകുറ്റമായിരുന്നു ചുമത്തപ്പെട്ടത്. വർഷങ്ങളായി അദ്ദേഹത്തെ ജയിലിൽ കിടത്തി. ഇപ്പോഴും ആ കേസ് അവസാനിച്ചിട്ടില്ല. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ സമരം നടത്തിയ  9000 ത്തോളം  വരുന്ന  ഗ്രാമവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്യപ്പെട്ടു. ഇങ്ങനെ പല രീതികളിൽ. സമീപകാലത്തുള്ള ഒരു സവിശേഷത സാധാരണ മനുഷ്യർക്കെതിരെ (പലപ്പോഴും ഇവരൊന്നും ഔപചാരികമായ പ്രതിപക്ഷത്തിന്റെയോ  വൻപിച്ച ജനകീയ സംഘടനകളുടെ ആളുകളല്ല. ചെറുസംഘങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന അരികുകളിൽ പ്രവർത്തിക്കുന്ന ആളുകൾ. ബുദ്ധിജീവികൾ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർക്കെതിരെ) വ്യാപകമായിത്തന്നെ വ്യത്യസ്ത കേസുകൾ ചുമത്തി. പ്രധാനമായും രണ്ടു വ്യവസ്ഥകളാണ് അവർക്കെതിരായി ഉപയോഗിക്കപ്പെട്ടത്. ഒന്ന്, യുഎപിഎയിലെ വ്യവസ്ഥകൾ പിന്നെ സെക്ഷൻ 124(A) പോലുള്ള രാജ്യദ്രോഹവുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റാരോപണങ്ങൾ. പലപ്പോഴും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾക്കു ജാമ്യം പോലും ഒരു കിട്ടാക്കനിയായി മാറുന്നു എന്നുള്ളതാണ് നമ്മുടെ അനുഭവം. നിയമത്തിന്റെ വ്യവസ്ഥയും ആ രീതിയിലാണ്. യുഎപിഎ നിയമത്തിൽ 43D(5) എന്ന വ്യവസ്ഥ, ഫലത്തിൽ ജാമ്യം കൊടുക്കാതിരിക്കാനാണ് കോടതികൾ ശ്രദ്ധിക്കേണ്ടത് എന്ന് പറയുന്നതിന് തുല്യമാണ്. യുഎപിഎ നിയമം എങ്ങനെയാണു ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് വളരെ വിശദമായി വ്യക്തമാക്കുന്ന ഒരു വിധിയായിരുന്നു സമീപകാലത്ത് ഡൽഹിയിലെ മൂന്ന് വിദ്യാർഥി ആക്ടിവിസ്റ്റുകളുടെ കേസിൽ ഡൽഹി ഹൈക്കോടതിയുടേത്. അതിനുശേഷം സുപ്രീംകോടതി ആ വിധിക്ക്  കീഴ്‌വഴക്കത്തിന്റെ സ്വഭാവം ഉണ്ടാവുകയില്ല എന്ന് ഉത്തരവിറക്കി എന്നുള്ളത് തികച്ചും നിർഭാഗ്യകരമായ അനുഭവമാണ്. പക്ഷേ, ആ വിദ്യാർഥികളെ തിരിച്ച് ജയിലിലേക്കയക്കണമെന്ന് സുപ്രീംകോടതി പറഞ്ഞില്ല എന്നതുതന്നെ വലിയ ഭാഗ്യം. കുറഞ്ഞപക്ഷം വ്യക്തിതലത്തിലെങ്കിലും ഇതാണ് രാജ്യത്തിന്റെ  അവസ്ഥ. എഴുപതുകൾശേഷം ഉണ്ടായിട്ടുള്ള വിധികളൊക്കെ അഭിഭാഷക ജീവിതത്തിന്റെ  ആദ്യഘട്ടങ്ങളിൽ വലിയ ആവേശം വിതച്ചവയായിരുന്നു.

 

സ്റ്റാൻ സ്വാമിയെപോലുള്ള ഒരു വയോധികന് വെള്ളം കുടിക്കാൻ ടമ്പ്ലറും സ്ട്രോയും നൽകാനുള്ള തീരുമാനം എടുക്കാൻ വേണ്ടി കോടതികൾക്ക് ദിവസങ്ങൾ വേണ്ടി വന്നു. അദ്ദേഹത്തിന്റെ  ചികിത്സയുടെ കാര്യത്തിലും അത് തന്നെയായിരുന്നു അനുഭവം. നിരന്തരമായി ജാമ്യം നിഷേധിക്കപ്പെട്ടു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി നാളിതുവരെയും പറഞ്ഞിട്ടുള്ള വിധികളുടെ സാരാംശത്തിന്റെ അന്തഃസത്തയ്ക്ക് എതിരായ നിലപാടായിരുന്നു വിചാരണ കോടതി തൊട്ട് സുപ്രീം കോടതി വരെ സ്റ്റാൻ സ്വാമിയടക്കമുള്ള ആക്ടിവിസ്റ്റുകളുടെ കാര്യത്തിൽ സ്വീകരിച്ചത് എന്നത് വലിയൊരു ദുരനുഭവമാണ്. ഇത്തരത്തിലുള്ള വിധികൾ എത്ര കാലം നിലനിൽക്കും എന്നുള്ളത് ചരിത്രത്തോടു നാം ചോദിക്കേണ്ട ഒരു ചോദ്യമാണ്. പറയാൻ കാരണമുണ്ട്, മുൻപ് നാസി ജർമനിയിൽ ജർമൻ കോടതികളുടെ പല വിധികളും നാസി ഭരണകൂടത്തിന് അനുകൂലമായാണ്. ഇരകൾക്ക് എതിരായ അത്തരം വിധികൾ  പിന്നീട് ജർമനിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം കോടതികളിൽ കീഴ്‌വഴക്കത്തിന്റെ സ്വഭാവത്തോടുകൂടി ആരും അംഗീകരിച്ചിരുന്നില്ല.

 

ഇത്തരം ഒരു സാഹചര്യത്തിൽ ഈ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധികൾ ഭാവിയിൽ എങ്ങനെയാണ് വിലയിരുത്തപ്പെടുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. പക്ഷേ, ഒരു കാര്യം ഉറപ്പാണ് സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം, അതു നൽകുന്ന സന്ദേശം, അത് വളരെ വിലപ്പെട്ടതാണ്. അദ്ദേഹം പ്രവർത്തിച്ചത് ആദിവാസികൾക്കും പാവപ്പെട്ട കർഷകർക്കും നീതിക്കുംവേണ്ടിയായിരുന്നു.