റോമന്‍ വാണിജ്യവ്യാപാര ചരിത്രബന്ധം

പ്രാചീന കേരളം – റോമന്‍ വാണിജ്യവ്യാപാര ചരിത്രബന്ധം
ഗോകുല്‍ കൃഷ്ണ സി, വിഷ്ണു സുരേന്ദ്രന്‍

നാണയങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന പഠനശാഖയാണ് ന്യൂമിസ്മാറ്റിക്‌സ്. ‘ന്യൂമിസ്മ’ എന്നാല്‍ ‘നാണയങ്ങള്‍’ എന്നര്‍ത്ഥം. ഈ പദത്തിന്റെ ആവിര്‍ഭാവം ലാറ്റിന്‍ പദമായ  ‘നോമിസ്മ’യില്‍ നിന്നാണ്. ന്യൂമിസ്മാറ്റിക്‌സ് എന്ന ശാസ്ത്രവിഷയം ചരിത്രം, പുരാവസ്തു പഠനം, പാലിയോഗ്രഫി, എപ്പിഗ്രഫി എന്നീ വൈവിധ്യ വിഷയങ്ങളുടെ സംഗമവേദിയാണ്. ചരിത്രനിര്‍മിതിയില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ന്യൂമിസ്മാറ്റിക്‌സ്. സമാനതകളില്ലാത്ത പല പുരാതന ചരിത്രത്തെയും നാണയപഠനത്തിലൂടെ നിര്‍മിച്ചെടുക്കാന്‍ സാധിക്കും. വളരെ വിപുലമായ സാധ്യതകളാണ് ന്യൂമിസ്മാറ്റിക്‌സ് എന്ന പഠനശാഖയ്ക്കുള്ളത്. ഏതു രീതിയിലുള്ള നാണയങ്ങള്‍ നിര്‍മിക്കുന്നു, എവിടെ നിര്‍മിക്കുന്നു, എങ്ങനെ നിര്‍മിക്കുന്നു, ഏതുതരത്തിലുള്ള വസ്തുക്കള്‍ അല്ലെങ്കില്‍ ലോഹങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്നു, എവിടെയൊക്കെ ഇത് പ്രചരിപ്പിക്കുന്നു എന്നിവയെപ്പറ്റി ന്യൂമിസ്മാറ്റിക്‌സിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെ രാഷ്ട്രീയ, ഭരണ, സാമൂഹിക, സാമ്പത്തിക, മത, സാംസ്‌കാരിക മേഖലകളക്കുറിച്ച് ഒരു വ്യക്തമായ ചിത്രം വരച്ചുകാട്ടാനും നാണയപഠനത്തിലൂടെ സാധ്യമാകുന്നു. നാണയങ്ങളുടെ വരവ് മാനവിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നത്.
പ്രാചീനകാലത്ത് അവശ്യസാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് ബാര്‍ട്ടര്‍  സമ്പ്രദായത്തിലൂടെയായിരുന്നു. ക്രമേണ ഈ രീതിയിലുള്ള സംവിധാനത്തിന് ഒട്ടേറെ അപാകതകള്‍ നേരിടേണ്ടി വന്നു. ഇതിനു പരിഹാരമെന്നോണം ഉരുത്തിരിഞ്ഞുവന്ന സംവിധാനമാണ് നാണയങ്ങള്‍. ക്രയവിക്രയ സംവിധാനത്തിന്റെ അവശ്യകതയുടെ അനന്തരഫലമാണ് നാണയങ്ങള്‍ എന്നു മനസ്സിലാക്കാം. നാണയങ്ങളെ പൊതുവില്‍ ‘പണം’ എന്നുവിളിക്കാം. പ്രാരംഭ കാലഘട്ടത്തില്‍ നാണയങ്ങള്‍ക്കുപകരം മറ്റുപല വസ്തുക്കളായിരുന്നു പണത്തിന്റെ സ്ഥാനത്ത് ഉപയോഗിച്ചുപോന്നിരുന്നത്. കവടി, മഞ്ചാടി, ചില പ്രത്യേകവര്‍ണങ്ങളിലുള്ള കല്ലുകള്‍ എന്നിവ ഇതില്‍പെടും. പിന്നീട് പലതരത്തിലുള്ള ലോഹ കഷണങ്ങള്‍ ഈ സ്ഥാനത്ത് ഉപയോഗിക്കാന്‍ ആരംഭിച്ചു. കാലം മുന്നോട്ടുപോകുന്നതിനനുസരിച്ച് ഈ ലോഹകഷണങ്ങളില്‍ പലതരത്തിലുള്ള വൈജാത്യങ്ങള്‍ ഉണ്ടായി ഇന്നു കാണുന്നതരത്തിലുള്ള നാണയങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. പ്രാരംഭകാലത്ത് ജനസമൂഹങ്ങളായിരുന്നു നാണയങ്ങളുടെ ഉല്‍പാദകരെങ്കില്‍ പിന്നീടത്  രാജാക്കന്‍മാരായി. ജനാധിപത്യവ്യവസ്ഥിതി നിലവില്‍ വന്നതോടെ നാണയങ്ങളുടെ ഉല്‍പാദനം ഭരണകൂടങ്ങള്‍ ഏറ്റെടുത്തു. അന്നും ഇന്നും വ്യത്യസ്ത രീതിയിലുള്ള വാണിജ്യവ്യാപാരങ്ങളിലൂടെ വിദേശ നാണയങ്ങള്‍ സ്വദേശത്തും സ്വദേശ നാണയങ്ങള്‍ വിദേശത്തേക്കും കൈമാറ്റം ചെയ്യപ്പെട്ടു. ഇതേരീതിയില്‍ തന്നെ പ്രാചീനകാലത്തും ഒട്ടനവധി കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. പുരാവസ്തു ഖനനത്തിലൂടെ ഒരുപാട് സ്ഥലങ്ങളില്‍നിന്നും നാണയങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു. ഈ തരത്തിലുള്ള കണ്ടെത്തലുകളില്‍നിന്നു നാണയങ്ങളുടെ  വ്യത്യസ്തമായ ഒരു പഠനശാഖ രൂപപ്പെടുകയും ചെയ്തു.
റോമന്‍ നാണയങ്ങളും വാണിജ്യവും
പ്രാചീന തമിഴകത്തിന് വിദേശ രാജ്യങ്ങളുമായി വ്യാപകമായ സമുദ്രവ്യാപാരം നിലനിന്നിരുന്നു. പുരാതന പടിഞ്ഞാറന്‍ തമിഴകത്തെ (ഇന്നത്തെ കേരളം) സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ ഉല്‍പന്നങ്ങളുടെ ലഭ്യതയാണ് വിദേശ വ്യാപാരം തെക്കേഇന്‍ഡ്യയില്‍ സജീവമാകാനുള്ള ഒരു പ്രധാന കാരണം. ആദ്യകാലം മുതല്‍ക്കേ കേരളത്തിന് അറേബ്യ, സിറിയ, ഈജിപ്ത്, അബിസീനിയ തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളുമായി വളരെ ഊഷ്മളമായ വ്യാപാരബന്ധം നിലനിന്നിരുന്നു (അഗസ്റ്റിന്‍ 2014:195). ബിസി മൂന്നാം നൂറ്റാണ്ടുമുതല്‍ തന്നെ ദക്ഷിണേന്ത്യയുമായി ഗ്രീക്കുകാര്‍ക്ക് വിപുലമായ വ്യാപാരബന്ധമുണ്ടായിരുന്നു. കൂടാതെ ഏഷ്യന്‍ രാജ്യങ്ങളുമായും ഈ ബന്ധം തുടര്‍ന്നിരുന്നു. എന്നിരുന്നാലും റോമക്കാരുടെ വരവോടുകൂടിയാണ് പ്രാചീന തമിഴകത്തിന്റെ തലവര മാറ്റിയ സുവര്‍ണകാലഘട്ടത്തിന് തുടക്കമായത് (അഗസ്റ്റിന്‍ 2014:136). കേരളവും റോമും തമ്മിലുള്ള വ്യാപാരബന്ധം ക്രിസ്തുവര്‍ഷത്തിനുമുന്‍പുതന്നെ ആരംഭിച്ചിരുന്നെങ്കിലും പ്രാരംഭകാലഘട്ടത്തില്‍ ഇടനിലക്കാര്‍ വഴിയാണ് ഇവ സാധ്യമാക്കിയിരുന്നത്. ഇവരില്‍ പ്രധാനികള്‍ അലക്‌സാണ്ട്രിയയിലെ യവനന്‍മാര്‍, സിറിയയിലെ യഹൂദര്‍, അര്‍മേനിയയിലെ അറബികള്‍, അക്‌സിമുകള്‍ തുടങ്ങിയ പശ്ചിമേഷ്യക്കാര്‍ മുഖേനയായിരുന്നു. സാഹിത്യസ്രോതസ്സുകളായ സംഘകാലഘട്ട കൃതികള്‍, പെരിപ്ലസ് ഓഫ് എറിത്രിയന്‍സീ, ചരിത്രകാരന്‍മാരായ പ്ലീനി, ടോളമി എന്നിവരുടെ ചരിത്രവിവരണങ്ങളിലും ഇതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു (പണിക്കശ്ശേരി 2018:13).
റോമാക്കാരുടെ ഈജിപ്ഷ്യന്‍ ആക്രമണത്തോടുകൂടിയാണ് പ്രാചീന തമിഴകവുമായി നേരിട്ടുള്ള വ്യാപാരബന്ധത്തിന് തുടക്കമായത്. അഗസ്റ്റസ് സീസറുടെ ഭരണകാലഘട്ടത്തിലാണ് (ബിസി 31 – എഡി 14) ഇന്‍ഡ്യ റോമുമായി വ്യാപാരബന്ധം നേരിട്ട് ആരംഭിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നും കണ്ടെടുത്തിട്ടുള്ള ഒട്ടേറെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ വാദത്തെ സ്ഥിരീകരിക്കാം. നീറോയുടെ ഭരണകാലയളവിലാണ് (എഡി 54-68) ഈ വ്യാപാരബന്ധം കൂടുതല്‍ ദൃഢമായത്. മാര്‍ക്കസ് ഒറേലിയസിന്റെ കാലഘട്ടം (എഡി 161-180)  വരെ ഇത് മികച്ച രീതിയില്‍ നിലനിന്നിരുന്നു. ഈ കാലയളവില്‍ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ചേരന്‍മാര്‍, ചോളന്‍മാര്‍, പാണ്ഡ്യര്‍, ശതവാഹനന്‍മാര്‍ എന്നീ പ്രമുഖ രാജവംശങ്ങള്‍ റോമന്‍ വ്യാപാരികള്‍ക്ക് എല്ലാവിധ സംരക്ഷണവും സഹായവും നല്‍കിപ്പോന്നിരുന്നു (അഗസ്റ്റിന്‍ 2014:197). കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റി അയച്ചിരുന്നത് കുരുമുളകായിരുന്നു. ഔഷധം എന്ന നിലയിലും സുഗന്ധദ്രവ്യം എന്ന നിലയിലും കുരുമുളകിന് ലഭിച്ച സ്വീകാര്യതയാണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ കറുവപ്പട്ട, ഇഞ്ചി, മഞ്ഞള്‍, ഏലം, ആനക്കൊമ്പ് തുടങ്ങിയവയും വന്‍തോതില്‍ തന്നെ കയറ്റി അയച്ചിരുന്നു. വീഞ്ഞ്, പിച്ചള, ഗ്ലാസ്, ഈയ്യം, ഭരണികള്‍ എന്നിവയായിരുന്നു ഇറക്കുമതി ചെയ്തിരുന്നതില്‍ പ്രധാനപ്പെട്ടവ. മുസ്‌രിസ് – പട്ടണം, അരീക്കമേട്, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നും പുരാവസ്തു ഖനനത്തിലൂടെ ലഭിച്ചിട്ടുള്ള വസ്തുക്കള്‍ ഈ തെളിവിനെ സാധൂകരിക്കുന്നു. കേരളത്തിലെ റോമന്‍ വാണിജ്യവ്യാപാര ബന്ധങ്ങളെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുന്നവയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ള റോമന്‍ നാണയശേഖരങ്ങള്‍. കോട്ടയം (കണ്ണൂര്‍), ഇയാല്‍, വള്ളുവള്ളി, ഉദയംപേരൂര്‍, നിരണം, നെടുങ്കണ്ടം തുടങ്ങിയ ഇടങ്ങളില്‍നിന്നാണ് നാണയശേഖരങ്ങള്‍ കണ്ടെടുത്തത്.