മഹാമാരി ഒരു തുടര്‍ക്കഥ

മഹാമാരി ഒരു തുടര്‍ക്കഥ
വര്‍ഗീസ് അങ്കമാലി

ആദിമനൂറ്റാണ്ടുമുതല്‍ നരവംശത്തെ കൊന്നൊടുക്കിയിരുന്നത് പ്രകൃതിദുരന്തങ്ങളും രോഗങ്ങളുമാണ്. ഇതില്‍ രോഗങ്ങള്‍ മൂലം ഒരു പ്രദേശത്തെ ജനതതിപോലും ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ കെടുതി എല്ലാക്കാലത്തും എല്ലാ ദേശത്തും അനുഭവിക്കുന്നുണ്ട്. പകര്‍ച്ചവ്യാധിയുടെ വ്യാപനത്തില്‍ മനുഷ്യന്‍ നിസ്സഹായനാവുന്നത് അവയ്ക്കു കാരണമായ അണുക്കളെ കണ്ടെത്താനാവാത്തതുകൊണ്ടാണ്. രോഗങ്ങള്‍ പാപംമൂലമാണെന്ന് ആദ്യകാലത്ത് പ്രചരിപ്പിച്ച മതങ്ങള്‍പോലും പിന്നിട് അവയ്ക്ക് കീഴടങ്ങുന്ന നിസ്സഹായതയില്‍ ധാരണകള്‍ തിരുത്തുന്നുണ്ട്. പലതരം പകര്‍ച്ചവ്യാധികള്‍ പലഘട്ടങ്ങളിലും കേരളത്തില്‍ വ്യാപിച്ചിട്ടുണ്ട്. ചികിത്സയില്ലാത്തവ മരണംവിതച്ച് കടന്നുപോകുന്നു. എന്നാല്‍ ലോകത്തെ മുഴുവന്‍ ഒരേഘട്ടത്തില്‍ കീഴടക്കിയ മരുന്നില്ലാത്ത കോവിഡ് 19 പോലെ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടായിട്ടില്ല,
ഒരുദേശത്തുനിന്ന് മറ്റൊരിടത്തേക്ക് രോഗങ്ങളെ വഹിക്കുന്നത് സഞ്ചാരികളാണ്. അതുകൊണ്ടുതന്നെ ആദ്യകാലംമുതല്‍ സഞ്ചാരികളും യാനപാത്രങ്ങളും നിരീക്ഷിക്കപ്പെട്ടിരുന്നു. ക്വാറന്റൈന്‍ ഉടലെടുത്തത് അണുനിവാരണത്തിന് പരിഹാരമായിട്ടാണ്. തുറമുഖനഗരങ്ങളിലാണ് ഇത്തരം തടവറകള്‍ നിര്‍മിച്ചിരുന്നത്. കോട്ടകള്‍ക്ക് വെളിയിലാണ് സാംക്രമികരോഗികള്‍ക്കുള്ള ആശുപത്രികളുടെ സ്ഥാനം. ഇതിനെ ലാസറാത്ത എന്നുവിളിക്കുന്നു. ക്ഷയം, കുഷ്ഠം, വസൂരി, കോളറ, പ്ലേഗ് എന്നിവയുമായി എത്തുന്ന സഞ്ചാരികള്‍ നിരീക്ഷിക്കപ്പെട്ടിരുന്നു.
കൊച്ചിയില്‍ വ്യാപകമായുണ്ടായ രോഗങ്ങളാണ് കുഷ്ഠവും മന്തും. ഒരുകുഷ്ഠരോഗാശുപത്രി (Lazaretto) കോട്ടയ്ക്കുവെളിയില്‍ നിലകൊണ്ടിരുന്നു. സമുദായത്തില്‍ വെറുക്കപ്പെട്ടിരുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിന് ക്രിസ്ത്യാനികള്‍ ഏറെ പരിഗണന നല്കിയിരുന്നു. കേരളത്തില്‍ ആദ്യമായി കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചതും മിഷനറിമാരാണ്. ഓരോ കുഷ്ഠരോഗിയിലും ക്രിസ്തുവിനെ കാണുന്നതിനുള്ള ഫ്രാന്‍സിസ് അസിസിയുടെ ചൈതന്യം ഉള്‍ക്കൊണ്ടാണ് മിഷനറിമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. തൃശൂരിലെ മുളയം, ചേര്‍ത്തല, പുത്തന്‍കുരിശ്, ചേവായൂര്‍ എന്നിവിടങ്ങളില്‍ പിന്നീട് ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു.
പോര്‍ച്ചുഗീസ് ഉദ്യമങ്ങള്‍
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോളനിയായ കൊച്ചിയില്‍ 1505 ജനുവരി 21 ന് ആരംഭിച്ച സാന്താക്രൂസ് ഹോസ്പിറ്റലാണ് ആധുനികരീതിയില്‍ കേരളത്തില്‍ സ്ഥാപിതമായ ആദ്യത്തെ ആശുപത്രി. ക്യാപ്റ്റന്‍ ഡോം ഫ്രാന്‍സിസ്‌കോ ഡി ആല്‍മേഡയാണിതിന്റെ സ്ഥാപകന്‍. ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യാസിമാരായിരുന്നു ഇതിന്റെ മേല്‍നോട്ടംവഹിച്ചിരുന്നത്. കടല്‍ത്തീരത്തിനു സമാന്തരമായി ദീര്‍ഘചതുരാകൃതിയിലുള്ള ഇതിന്റെ സ്ഥാനം സാന്താക്രൂസ്‌നഗരത്തില്‍ ബിഷപ്പ്ഹൗസിനും സെന്റ്ബര്‍ത്തലോമിയോ ദേവാലയത്തിനും ഇടയിലായിരുന്നുവന്ന് കൊച്ചിയുടെ ഭൂപടം സ്ഥിരീകരിക്കുന്നുണ്ട്. കുരുമുളക് കച്ചവടത്തില്‍നിന്നുള്ള ലാഭം ആശുപത്രിയുടെ നടത്തിപ്പിനായി ചെലവഴിച്ചിരുന്നു. പിന്നീട് കണ്ണൂര്‍, ഗോവ എന്നിവിടങ്ങളിലും പോര്‍ച്ചുഗീസുകാര്‍ ആശുപത്രികള്‍ ആരംഭിച്ചു. ഇവിടങ്ങളില്‍ ആയുര്‍വ്വേദമരുന്നുകള്‍ പാശ്ചാത്യരീതിയില്‍ സംസ്‌ക്കരിച്ച് ഉപയോഗിച്ചിരുന്നു. അതിനുമുമ്പ് പോര്‍ച്ചുഗീസ്‌കേന്ദ്രങ്ങളില്‍ കൊച്ചി രാജാവാണ് ചികിത്സാസൗകര്യമൊരുക്കിയിരുന്നത്. നാട്ടുവൈദ്യന്മാര്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ നാരങ്ങനീരുചേര്‍ത്ത് പരിക്കു പറ്റിയ പടയാളികള  മുറിവില്‍ പുരട്ടി ചികിത്സിച്ചിരുന്നു. (Gaspar Correa (14921563) ഘലിറമ െIndia quoted in Portuguese Cochin and the Maritime Trade of India- Pius Malekandathil). ഇതേ ചികിത്സ, വെളിച്ചെണ്ണക്കു പകരം ഒലിവ്ഓയിലും നാരങ്ങനീരും ചേര്‍ത്ത്, കൊച്ചിയിലെ യഹൂദന്മാരും അടുത്തകാലംവരെ ചെയ്തിരുന്നു.
അക്കാലത്തുതന്നെ നാട്ടുകാരെ ചികിത്സിക്കാന്‍ ദരിദ്രരുടെ ആശുപത്രി (Hospital of the poor) കോട്ടയ്ക്കു വെളിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഇടത്ത് സ്ഥാപിക്കപ്പെട്ടതായി കാണുന്നു. മിസരികോര്‍ദിയ (Misericordia-Charitable Institution) എന്നാണ് പോര്‍ച്ചുഗീസ്‌രേഖകളില്‍ ഇവയെ വിശേഷിപ്പിച്ച് കാണുന്നത്. 1512ല്‍ ഇവിടെ പലവിധ ഔഷധങ്ങളും ചികിത്സകളുമുള്ള ഒരു ഫാര്‍മസി രൂപപ്പെട്ടിരുന്നു. ഒരു സര്‍ജന്‍, ഒരു ഫിസിഷ്യന്‍, ഹെല്‍ത്ത് വര്‍ക്കേഴ്‌സ് എന്നിങ്ങനെയായിരുന്നു ചികിത്സകരുടെ ക്രമം. ചില അവസരങ്ങളില്‍ പോര്‍ച്ചുഗല്‍ രാജാവ്, അപൂര്‍വകേസുകള്‍ക്കായി, സര്‍ജന്മാരെ കൊച്ചിയിലേക്കയച്ചിരുന്നു. മാനുവല്‍ ഡുരേത്ത് എന്ന സര്‍ജന്‍ മൂന്ന് വര്‍ഷവും, സിമാവോ ഡി റോസ നാലുവര്‍ഷവും പോര്‍ച്ചുഗല്‍ രാജാവിന്റെ കല്പനപ്രകാരം കൊച്ചിയിലെത്തുന്നുണ്ട്. ആശുപത്രിക്കാവശ്യമായ കിടക്കകളും ഉപകരണങ്ങളും മരുന്നുകളും മാത്രമല്ല, രോഗികള്‍ക്കാവശ്യമായ റൊട്ടി, കോഴിയിറച്ചി, പാല്‍, മുട്ട, ധാന്യങ്ങള്‍, ഒലിവെണ്ണ, വീഞ്ഞ്, ഗോതമ്പ്, പഞ്ചസാര എന്നിവയും പോര്‍ച്ചുഗല്‍ രാജാവാണ് നല്കിയിരുന്നത്. ഇവയില്‍ പലതും ഇവിടെ കപ്പലിറങ്ങിയതാണ്. (Portuguese Cochin and the Maritime Trade of India- Pius Malekandathil).
1548 ല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചിയിലെ ആശുപത്രി സന്ദര്‍ശിക്കുകയും അതിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ജസ്യൂട്ട് ജനറലിന് കത്തയയ്ക്കുകയും ചെയ്യുന്നുണ്ട്. 1554 ല്‍ മൂന്നുലക്ഷം റായിസ് (Reais) ആശുപത്രിയുടെ നടത്തിപ്പിനായി നല്കുന്നുണ്ടങ്കിലും കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കാത്തതുകൊണ്ട് 1564ല്‍ ആശുപത്രി അടച്ചുപൂട്ടിയതായി കാണുന്നു. എന്നാല്‍ അക്കൊല്ലംതന്നെ ജസ്യൂട്ടുകള്‍ ഇവിടെ പുതിയ കെട്ടിടം നിര്‍മിച്ച് ചികിത്സ ആരംഭിച്ചു. 16ാം നൂറ്റാണ്ടിന്റെ അവസാനം ആറുലക്ഷം റായിസ് (Reais) ആശുപത്രിയുടെ നടത്തിപ്പിനായി നല്കുന്നുണ്ട്. 1630ല്‍ ആശുപത്രിയുടെ നില വീണ്ടും വഷളായി.

കപ്പല്‍സഞ്ചാരികള്‍ രോഗവാഹകര്‍
16 ാം നൂറ്റാണ്ടില്‍ കോഴിക്കോട് സൈന്യത്തിലെ 20000 പേരെ കോളറ കൊന്നൊടുക്കിയെന്ന് Gaspar Correa – LendasIndia (Indian Culture) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അക്കാലത്ത് മിഷനറിമാര്‍ സഞ്ചരിച്ചിരുന്നത് കച്ചവടസംഘത്തോടൊപ്പമാണ്. കച്ചവടക്കപ്പല്‍ (Merchant Vessel) അല്ലാതെ ക്രൂയിസ് കപ്പല്‍ (CruiseShip-ഉല്ലാസസഞ്ചാരനൗക) അക്കാലത്ത് ഉണ്ടായിരുന്നില്ല. സമുദ്രയാത്രയില്‍ പകര്‍ച്ചവ്യാധികളുമായി വരുന്ന കപ്പലുകളിലെ ആളുകള്‍ കുറഞ്ഞത് 40 ദിവസമെങ്കിലും കരക്കിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ ഈ ദിവസങ്ങള്‍ക്ക് 40 ദിവസമെന്നര്‍ത്ഥമുള്ള ക്വാറന്റൈന്‍ എന്ന നാമധേയമുണ്ടായിരുന്നു. അക്കാലത്ത് ദൂരയാത്രനടത്തിയിരുന്ന ബുദ്ധസന്ന്യാസിമാരും ക്രിസ്ത്യന്‍മിഷനറിസംഘങ്ങളും മുഖകവചം ധരിച്ചാണ് സഞ്ചരിച്ചിരുന്നത്. രോഗംപരത്തുന്ന സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള അറിവാണ് ശസ്ത്രക്രിയാ വേളകളില്‍ മുഖകവചം ധരിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.
1778 ല്‍ വര്‍ത്തമാനപ്പുസ്തകം 29-ാം പദത്തില്‍ ജനോവയില്‍ കപ്പലടുത്തശേഷം കരിയാട്ടി മല്പാനും പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോരും കപ്പലില്‍തന്നെയാണ് പാര്‍ത്തത്. അല്ലെങ്കില്‍ ചെലവ് വളരെകൂടുമെന്ന് അറിയിച്ചതുകൊണ്ട് അവര്‍ക്ക് പുറത്തിറങ്ങാനായില്ല. എന്നാല്‍ 13 ദിവസം മാത്രമേ അവര്‍ക്ക് കപ്പലില്‍ കഴിയേണ്ടിവന്നുള്ളൂ. വര്‍ത്തമാനപ്പുസ്തകത്തില്‍  Quarantina എന്നത് എന്താണെന്ന് പാറേമ്മാക്കല്‍ വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് പ്ലേഗ്, വസൂരി, മലേറിയ, കോളറ എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളെ കൊന്നൊടുക്കിയിരുന്നു. 40 ദിവസത്തെ പൊതുസമ്പര്‍ക്കത്തെ വിലക്കുന്നതാണ് അക്കാലത്തെ കോറന്റൈന്‍. 40 എന്നാണ് ഈ ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം. വസന്ത (Small pox) ആയിരുന്നു കപ്പലുകളില്‍ യാത്രക്കാരെ ബാധിച്ചിരുന്നത്. 1510 ല്‍ കേരളത്തില്‍, കൊച്ചിയില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.

ഏഷ്യയിലേക്കു ക്വയണയുടെ വ്യാപനം
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയിലും ഫ്രാന്‍സിലും മലേറിയമൂലം അനേകര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ജസ്യൂട്ട് പാതിരിമാരാണ് ക്വയണ എന്ന ഔഷധം യൂറോപ്പില്‍ പ്രചരിപ്പിച്ചത്. ജസ്യൂട്ടരുടെ ഔഷധമെന്നാണ് ക്വയണ അഥവാ സിങ്കോണ അറിയപ്പെട്ടിരുന്നത്. ദക്ഷിണ അമേരിക്കയിലെ പെറു, ബൊളിവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആന്‍ഡിസ് പര്‍വതപ്രദേശങ്ങളാണ് ക്വയണയുടെ ജന്മദേശം. സിങ്കോണ മരപ്പട്ടയിലെ ക്വിനൈന്‍ എന്ന ക്ഷാരകമാണ് പനിക്കുള്ള ഔഷധമായി ഉപയോഗിച്ചു പോന്നത്. 1631 ല്‍ ബെര്‍ണാബ് കോബോ എന്ന ജസ്യൂട്ട് പാതിരിയാണ് സിങ്കോണ മരത്തിന്റെ തൊലി യൂറോപ്പിലേക്ക് കൊണ്ടുവന്നത്. റോമാ നഗരത്തില്‍ രൂക്ഷമായിരുന്ന മലേറിയ മതമേലധ്യക്ഷന്മാരുടേയും പ്രഭുകുടുംബങ്ങളിലെ ഒട്ടേറെപ്പേരുടേയും ജീവനപഹരിച്ചിരുന്നു. പെറുവില്‍നിന്നു കൊണ്ടുവന്ന സിങ്കോണതൊലി ഉപയോഗിച്ചാണ് റോമില്‍ ചികിത്സ നടത്തിയിരുന്നത്.
ഹോമിയോ മരുന്നുകളില്‍ പ്രധാനപ്പെട്ടതാണ് സിങ്കോണ. അതിന്റെ അടിസ്ഥാനതത്വം സാമുവല്‍ ഹാനിമാനാണ് 1796 ല്‍ ആദ്യമായി പരീക്ഷിച്ച് വിജയത്തിലെത്തിയത്. ക്വിനൈന്‍ കഴിച്ച് രോഗാവസ്ഥ വരുത്തി അതേ മരുന്നുതന്നെ നേര്‍പ്പിച്ചുപയോഗിച്ച് രോഗശമനം നടത്തുന്ന വിദ്യയില്‍നിന്നാണ് ഹോമിയോപ്പതിയുടെ പിറവി. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളിലും കൂടി മരിച്ചവരേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ മരിച്ചത് മലേറിയ മൂലമാണ്. കൊതുക് പരത്തുന്ന രോഗമായതുകൊണ്ട് മലേറിയയ്ക്ക് ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉഷ്ണമേഖല രാജങ്ങളിലാണ് ഇതിന്റെ വ്യാപനം ഏറെ നാശമുണ്ടാക്കിയത്.
19-ാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ അവരുടെ കോളനികളില്‍ സിങ്കോണതൈകള്‍ നട്ടുപിടിപ്പിക്കാനാരംഭിച്ചു. അതിന്റെ തൊലിയില്‍നിന്ന് വാറ്റിയെടുക്കുന്ന ക്ഷാരകമാണ് ക്വിനൈന്‍. 1860ല്‍ ശ്രീലങ്കയിലും ഡാര്‍ജ്‌ലിംഗിലും നീലഗിരിയിലും സിങ്കോണതോട്ടങ്ങള്‍ രൂപപ്പെട്ടു. അവിടത്തെ ഫാക്ടറികളില്‍ നിന്നും ആല്‍ക്കലോയ്ഡ് വേര്‍തിരിച്ചെടുത്തിരുന്നു. കേരളത്തില്‍ പൊന്‍മുടിയിലും മൂന്നാറിലും പീരുമേടിലും വാല്‍പ്പാറയിലും സിങ്കോണ തോട്ടങ്ങളുണ്ടായിരുന്നു.