ഖസാക്ക് എന്ന വിഭ്രമം തേടി
ഗോപി മംഗലത്ത്
ഒ.വി.വിജയന്റെ ക്ലാസിക് നോവൽ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ അടിസ്ഥാനമാക്കി കേരള ലളിതകലാ അക്കാദമി തസ്രാക്കിൽസംഘടിപ്പിച്ച ‘ഖസാക്ക് ഇല്ലസ്ട്രേഷൻ ക്യാമ്പിൽ ലേഖകനുൾപ്പെടെ കേരളത്തിലെ 10 ചിത്രകാരന്മാർ പങ്കെടുത്ത് അവരവരുടെ ഭാവനയും വരയും നിറങ്ങളും ക്യാൻവാസിലാക്കി.
കലമ്പൽകൂട്ടി പാതയിലൂടെ ഉഴുതുതെറിപ്പിച്ചു മുന്നോട്ടുനീങ്ങുന്ന ഒരു ടാക്സിയിൽ ഞാൻ സഞ്ചരിക്കുകയാണ്. യാത്രാലക്ഷ്യം തസറാക്ക് എന്ന ഗ്രാമം. ഖസാക്ക് എന്ന വിഭ്രമം. എന്റെ ഇടതും വലതും ഞാൻ പേരിട്ടിട്ടില്ലായിരുന്ന കഥാപാത്രങ്ങൾ. പാത വാസ്തവത്തിൽ ചാൽവരമ്പിന്റെ മുകൾത്തട്ട്, സ്മരണയുടെ നൂൽപ്പാലം. എക്സിസ്റ്റൻഷ്യലിസ്റ്റ് ആചാര്യന്മാരായ കീർക്കഗോർ, സാർത്ര്, കാമു പ്രഭൃതികളെ വായിച്ചു പഠിച്ചിരുന്നെങ്കിൽപ്പോലും ഇതിഹാസകാരന്റെ (അങ്ങനെ സ്വയം വിശേഷിപ്പിക്കുന്നതിൽ ഉള്ള രസംകൊണ്ട് സ്വയം വഴങ്ങിപ്പോവുകയാണ്. ആകാംക്ഷ അസ്തിത്വപരമായിരിക്കാൻ സാധ്യതയില്ല. ഈ പഴയ അംബാസഡർ വണ്ടി ചെളിയിൽ കൂപ്പുകുത്തുക എങ്ങോട്ടാണ്, ഇടത്തോട്ടോ വലത്തോട്ടോ? എങ്ങോട്ടായാലും ഹജ്ജ് കഴിച്ചവൻ ഹാജിയാരാവുന്നതുപോലെ ഞാൻ ഖസാക്കുകാരനായിക്കഴിഞ്ഞിരിക്കുന്നു.
മുകളിൽ എഴുതിയത് ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചു കഴിഞ്ഞ് വർഷങ്ങൾക്കുശേഷം ഒ.വി.വിജയൻ തന്റെ ഗ്രാമത്തിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ്. 2021 മെയ് മാസത്തിൽ കലമ്പൽകൂട്ടി പാതയിലൂടെ ഉഴുതുതെറിപ്പിച്ചു മുന്നോട്ടുനീങ്ങുന്ന കേരള ലളിതകലാ അക്കാദമിയുടെ വാൻ കിണാശ്ശേരിയും കണ്ണാടിയും പിന്നിട്ട് തസ്രാക്കിലേക്ക് പോകുമ്പോൾ അതിലൊരു യാത്രക്കാരനായി ഞാനുമുണ്ടായിരുന്നു. 1998-ലെ മലയാള മനോരമ വാർഷികപ്പതിപ്പിൽ വന്ന ഒ. വി. വിജയന്റെ ലേഖനത്തിലെ മുകളിൽകൊടുത്ത ഭാഗങ്ങൾ ആ സമയത്ത് ചുമ്മാ ഓർത്തുപോയി.
1968-ൽ എഴുതിത്തീർത്ത ‘ഖസാക്കിന്റെ ഇതിഹാസം’ മുൻപെഴുതിയ മറ്റേതൊരു കൃതിയെയുംപോലെ ഒ.വി വിജയൻ അടച്ചുമൂടിവച്ചു. പിന്നീട് പതിവുപോലെ ആഴ്ചപ്പതിപ്പിന് ഖണ്ഡശഃ പ്രസിദ്ധീകരിക്കാൻ കൊടുത്തു. അച്ചടിച്ചുവന്നപ്പോൾ ഒന്നോരണ്ടോപേരുടെ അഭിനന്ദനകത്തുകൾ വന്നതായി ഒ.വി. വിജയൻ ഓർക്കുന്നു. അവിടെ എല്ലാം അവസാനിച്ചതായി അദ്ദേഹം കരുതിയെങ്കിലും അദ്ദേഹത്തിന്റെതന്നെ നോവലായ ‘ഗുരുസാഗര’ത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം കിട്ടിയതോടെ ‘ഖസാക്കിന്റെ ഇതിഹാസവും’ വീണ്ടും ചർച്ചചെയ്യപ്പെട്ടു. ഖസാക്കിന്റെ ഇതിഹാസം പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലും ഇന്നും ഒറ്റപ്പെട്ടൊരു ക്ലാസ്സിക്കായി നിലകൊള്ളുന്നു.
‘ഖസാക്കിന്റെ ഇതിഹാസം’ മരണഗന്ധിയാണെങ്കിലും മരണപര്യവസാനിയല്ല. മറ്റൊരു പ്രയാണത്തിന്റെ തുടക്കത്തിലാണ് കഥ സമാപിക്കുന്നത്. സർപ്പവിഷം എന്ന അഗ്നിയെ അനാദിയായ മഴ ശമിപ്പിക്കുന്നു. മഴ മരണമാണ്. അതേസമയം ഔഷധിയും പുനർജനിയും.ഈ ഭാവത്രയത്തെ ഒരായുഷ്കാലത്തിനകത്തുതന്നെ നമുക്ക് അനുഭവിക്കാൻ കഴിയണം. നമ്മുടെ അന്തർജീവിതത്തിൽ, ദുഃഖത്തിൽ കഥ അവസാനിക്കുന്നു.’’ …..മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാരിയർ ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിന് എഴുതിയ അവതാരികയിൽ ഇങ്ങനെ എഴുതിവച്ചു:
മഴ പെയ്യുന്നു. മഴമാത്രമേയുള്ളു. കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു.അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ്സു വരാനായി രവി കാത്തുകിടന്നു. (ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നതിങ്ങനെയാണ്)
കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് 2021 മാർച്ച് 28, 29, 30 തീയതികളിൽ തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ ഖസാക്ക് ഇല്ലസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒട്ടും ചിന്തിക്കാതെ ഞാൻ വരാം എന്ന് മറുപടി നൽകി. അക്കാദമിയിൽനിന്നും ആദ്യം കിട്ടിയ അനൗദ്യോഗിക വിവരമനുസരിച്ച് ഒ.വി വിജയന്റെ ഏതു കൃതിയെയും ആസ്പദമാക്കി അക്രിലിക് കളറിൽ മൂന്ന് ദിവസംകൊണ്ട് ചിത്രം തീർക്കാമെന്നാണ്. ക്യാമ്പിൽ ഇല്ലസ്ട്രേഷൻ രംഗത്ത് പ്രഗത്ഭരായ രവീന്ദ്രൻ പുത്തൂർ, സുധീഷ് കോട്ടേമ്പ്രം, അരുണ ആലഞ്ചേരി, മുഖ്താർ ഉദരംപൊയിൽ, മുഹമ്മദ് ഹസ്സൻ കോതാറത്ത്, പ്രിയ മനോജ്, സജീവ് കീഴരിയൂർ, ഷൈനി എസ്, എന്നിവർ കൂടെയുണ്ടാകും എന്ന് പിന്നീടറിഞ്ഞു. വരയ്ക്കുന്ന ചിത്രങ്ങൾ ഒ.വി.വിജയൻ സ്മാരകത്തിലെ സ്ഥിരം ഗ്യാലറിയിൽ പ്രദർശനത്തിനുണ്ടാകും എന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമായിരുന്നു. മുൻകാലങ്ങളിൽ ഇതുപോലെ പലയിടത്തും നടന്ന ക്യാമ്പുകളിലെ ചിത്രങ്ങൾക്ക് അക്കാദമിയിലെ ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചു കിടക്കാനേ ഭാഗ്യമുണ്ടായിട്ടുള്ളു.