പൂവിടുന്ന പിന്‍മുറ്റങ്ങള്‍ -സച്ചിദാനന്ദന്‍

ഇന്ത്യയുടെ കാവ്യപാരമ്പര്യത്തിന്റെ ഉറവിടം അന്വേഷിച്ച് ചെല്ലുന്ന ഒരാള്‍ ഗോത്രപ്പഴമയും വാമൊഴി കഥനവും ഉറവപൊട്ടുന്നിടത്താകും ചെന്നുനില്ക്കുക. സാമൂഹികമായ കാഴ്ചപ്പാടുകള്‍ക്കും ഉത്ക്കണ്ഠകള്‍ക്കും സ്വപ്നങ്ങള്‍ക്കുമെല്ലാം ലളിതവും ഭാവനാത്മകവും മന്ദ്രമധുരവുമായ കാവ്യശകലങ്ങളിലൂടെ ശബ്ദം നല്കിയ ഒരു പാരമ്പര്യമായിരുന്നു അത്. പ്രാപഞ്ചിക വ്യവസ്ഥയോടുള്ള അത്യാദരവും മനുഷ്യയാതനകളെ സംബന്ധിച്ച ഗഹനമായ ബോധത്തിനു പുറമെ പ്രകൃതിയെയും അസ്തിത്വത്തെയും, നിഗൂഢതയുടെയും അതിയാഥാര്‍ഥ്യത്തിന്റെയുമായ ഒരു വിചിത്ര ബോധത്താല്‍ നിറച്ച, മിത്തുകള്‍ സൃഷ്ടിക്കുവാന്‍ പോന്ന ഭാവനാ വിലാസവുമാണ് അതിനെ സവിശേഷമാക്കിയിരുന്നതെന്നു കൂടി കാണാനാകും. ഇതിഹാസങ്ങളും തമിഴ് സംഘകവിതയും ഭക്തി/സൂഫി കാവ്യങ്ങളും ഇന്ത്യയുടെ സ്വാതന്ത്രസമര കവിതകളുമെല്ലാം ഈ പാരമ്പര്യത്തെ ശക്തമായ പരിഷ്‌ക്കരണത്വരയാലും നടപ്പുസമ്പ്രദായങ്ങളെ വിഭിന്നകോണുകളില്‍ നിന്നു ചോദ്യം ചെയ്യുന്ന രീതികളാലും സമ്പന്നമാക്കി.
പുതുതായ പൂവിടല്‍
1970 മുതല്‍ ഈ പാരമ്പര്യം മുമ്പുണ്ടായിട്ടില്ലാത്തവിധം പുഷ്‌ക്കലമായിട്ടുണ്ട്. സമൂഹത്തില്‍ പാര്‍ശ്വവല്‍കൃതരായിക്കഴിഞ്ഞിരുന്ന വിഭാഗങ്ങള്‍ ജനാധിപത്യത്തിലൂടെ ശാക്തീകരിക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റു വന്നതായിരുന്നു കാരണം. മീഷേല്‍ ഫുക്കോയുടെ ശൈലി ഉപയോഗിച്ച് പറഞ്ഞാല്‍  ‘ബഹുമുഖ സമരങ്ങളില്‍’ (transversal struggles) നിന്നാണ് ഈ കവിത ഉയര്‍ന്നു വന്നത്. വികേന്ദ്രീകരണം, സാംസ്‌കാരികമായ വൈജാത്യത്തിനുള്ള അവകാശം, ജാതി/ലിംഗ ശക്തികള്‍, പാരിസ്ഥിതിക സന്തുലിതത്വം, ഗോത്രജനതയ്ക്ക് മണ്ണിനു മേലുള്ള അവകാശം, ഭാഷയും സംസ്‌കാരവും തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സമരങ്ങളുടെ കവിതയായിരുന്നു അത്. പുതിയ സംഘബോധ സ്വത്വങ്ങള്‍ രൂപപ്പെടുകയും എതിര്‍പ്പിന്റെ ഒരു നവീന സാഹിത്യവും പ്രതിരോധത്തിന്റെ ലാവണ്യ ശാസ്ത്രവും ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും ഉരുത്തിരിഞ്ഞ് വരികയും ചെയ്തതോടെ, വ്യക്തിവാദപ്രവണതകള്‍ പ്രകടിപ്പിച്ച അറുപതുകളിലെ ആധുനികത ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. ഈ പുതിയ സംഘങ്ങളെ ‘കല്പിത സംഘങ്ങളെ’ന്നും ‘ബദല്‍ ദേശീയത്വങ്ങളെ’ന്നും ഞാന്‍ അന്യത്ര വിശേഷിപ്പിച്ചിട്ടുണ്ട്; നിശബ്ദരാക്കപ്പെട്ടവരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുകയും അവര്‍ ശ്രവിക്കപ്പെടുകയും ദേശീയ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവരുടെ അഭിപ്രായങ്ങള്‍ നിര്‍ണായകമാകുകയും ചെയ്യുന്ന ഇടങ്ങള്‍ എന്ന നിലയ്ക്ക്, ഈ പുതിയ എഴുത്തുകാര്‍ സമൂഹത്തെയും/ദേശത്തെയും സംബന്ധിച്ച് അവരുടെ സ്വന്തം സങ്കല്പങ്ങളെ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഓരോ പൗരനും ഓരോ സമുദായത്തിനും അവന്റെ/അവളുടെ/അതിന്റെ ദേശത്തെ സങ്കല്പനം ചെയ്യുവാനുള്ള അവകാശമുണ്ട്. ഈ ദേശത്തെ നിര്‍വചിക്കാനും അതിനെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ ഒരു ഏകശിലാ രൂപമാക്കുവാനും ഒരാള്‍ ശ്രമിക്കുന്ന നിമിഷം, ദേശം എന്ന ആശയം ബാഷ്പീകൃതമാകുകയും വിഭാഗീയതകള്‍ പിടിമുറുക്കാന്‍ തുടങ്ങുകയും ചെയ്യും. ഹിന്ദു വലതുപക്ഷത്തിന്റെയോ ഹിന്ദി ഒരേയൊരു ‘ദേശീയ’ ഭാഷ–‘ഔദ്യോഗിക’ ഭാഷ എന്ന നിലയില്‍ അല്ല–ആകണം എന്നു വാദമുള്ളവരുടെയോ മുന്നണിപ്പടയാളികള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതു പോലെ, അടിച്ചേല്പിക്കപ്പെടുന്ന ഐക്യങ്ങളെ ഇന്ത്യയുടെ ബഹുസ്വരത എന്നും പ്രതിരോധിച്ചു പോന്നിട്ടുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലക്കാലംകൊണ്ട് മുഖ്യധാരയിലേക്ക് വന്നിട്ടുണ്ട്, ഇംഗ്‌ളീഷിലേക്കും ഹിന്ദിയിലേക്കുമുള്ള വിവര്‍ത്തനങ്ങളില്‍ക്കൂടി പ്രത്യേകിച്ചും.
പുരോഗമനാശയക്കാരായ ആധുനികതാ വാദികള്‍
പുതുതായി പൊങ്ങിവരുന്ന സംഘ (സംഘടിത) സ്വത്വങ്ങളെ, കവിത വ്യത്യസ്ത ശൈലികളിലും ആവിഷ്‌ക്കാര രീതികളിലും കൂടി പ്രതിഫലിപ്പിക്കുന്നു. പ്രത്യയശാസ്ത്രപരമായി വിഭിന്ന മാര്‍ഗങ്ങള്‍ പിന്തുടരുന്നവരാണെങ്കിലും, ഗഹനമായ സാമൂഹിക ഉത്ക്കണ്ഠ പങ്കുവയ്ക്കുന്ന കവികള്‍ അത്തരമൊരു സംഘത്തിനു രൂപംകൊടുക്കുകയുണ്ടായി. വിയോജിപ്പുകള്‍ ഉള്ളവരാണെങ്കിലും ജനകീയമായ കാഴ്ചപ്പാടുകളുള്ളവരുടെ ഒരു വലിയ പ്രതലമുണ്ട്. എങ്കിലും സാധാരണക്കാരുടെ അഭീഷ്ടങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന അഭിപ്രായമാണവര്‍ക്ക്. ഗാന്ധിമാര്‍ഗം പിന്‍പറ്റുന്നവരും റാം മനോഹര്‍ ലോഹ്യയുടെയും എം എന്‍ റോയിയുടെയും അനുയായികള്‍–നിര്‍ഭാഗ്യമെന്ന് പറയട്ടെ, വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഇക്കൂട്ടര്‍–വിഭിന്ന വിഭാഗങ്ങളില്‍പ്പെട്ട കമ്യൂണിസ്റ്റുകള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് അവര്‍. വര്‍ഗ അസമത്വങ്ങള്‍ നിലനില്ക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നവരും സ്ഥിതിസമത്വത്തിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ സ്വപ്നം കാണുന്നവരുമാണ് അവരെല്ലാവരും. പുതിയ കാവ്യരൂപങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പഴയ പുരോഗമനാശയക്കാരായ എഴുത്തുകാരില്‍ നിന്ന് അവര്‍ വിഭിന്നരാകുന്നുണ്ട്. നമ്മുടെ കാലത്തെ ജീവിതത്തിന്റെ സങ്കീര്‍ണതകളും വിരോധാഭാസങ്ങളും അവരുടെ സ്വന്തം നഗരാനുഭവങ്ങളെന്നപോലെ അവരുടെ കവിതയെ സവിശേഷമാക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദിയില്‍നിന്നു മാത്രമായി കുന്‍വര്‍ നാരായണ്‍, കേദാര്‍നാഥ് സിംഗ്, വിനോദ്കുമാര്‍ ശുക്‌ള, മംഗ്‌ളേഷ് ദബ്രാല്‍, രാജേഷ് ജോഷി, അരുണ്‍ കമല്‍, റിരു രാജ്, അസദ് സൈദി എന്നിവരെയും യുവതലമുറയില്‍ നിന്നുള്ള മറ്റു പലരേയും ചൂണ്ടിക്കാണിക്കാവുന്നതാണ്. പഞ്ചാബി കവിയായ സുര്‍ജിത് പാത്തര്‍, കന്നഡക്കവിയായ എച്ച് എസ് ശിവപ്രകാശ്, ബംഗാളി കവിയായ ജോയ് ഗോസ്വാമി, ഒഡിയ കവിയായ കേദാര്‍ മിശ്ര, മറാഠി കവിയായ ചന്ദ്രകാന്ത് പാട്ടീല്‍, ഉര്‍ദു കവിയായ ജയന്ത് പര്‍മാര്‍, മലയാള കവിയായ കെ ജി ശങ്കരപ്പിള്ള, തെലുഗു കവികളായ വരവര റാവു, ഗദ്ദര്‍ എന്നിങ്ങനെ സുപരിചിതമായ കുറച്ച് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
സ്ത്രീകവികളുടെ ഉദയം
മറ്റൊരു കല്പിത സമൂഹം സ്ത്രീകളുടേതായിരുന്നു. സ്ത്രീപക്ഷവാദ ചായ്‌വുകളോട് കൂടിയ അത്തരം അനവധിപേരാണ് കഴിഞ്ഞ മൂന്നു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിലെ അനേകം ഭാഷകളില്‍ ഉയര്‍ന്നു വന്നത്. ക്രസ്തുവിനു മുമ്പ് ആറാം ശതകം മുതല്‍ക്കു തന്നെ ബൗദ്ധ പരിവ്രാജികമാരുടേതായ ഒരു സ്ത്രീകാവ്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നുവെങ്കിലും, സ്ത്രീവിമോചനം എന്ന വിഷയത്തോട് ബോധപൂര്‍വമായ പ്രതിബദ്ധതയും, അനുഭവത്തെ രൂപപ്പെടുത്തുന്ന തത്വമായി, ലിംഗപരിഗണനയും അവരുടെ ഭാഷ ശരീര കേന്ദ്രിതമായി മാറുകയും ചെയ്യുന്നത് താരതമ്യേന ഒരു പുതിയ പ്രതിഭാസമായിരുന്നു. കബിതാ സിന്‍ഹ, നബനീത ദേവ് സെന്‍, അമൃത പ്രീതം, കമലാ ദാസ് എന്നിവരായിരുന്നു അതിന് തുടക്കമിട്ടതെന്ന് പറയാവുന്നതാണ്. എന്നാല്‍ അതിന്റെ വക്താക്കളുടെ വലിയ ഒരു നിരതന്നെ ഇപ്പോഴുണ്ട്: യൂനിസ് ഡിസൂസ, സുജാത ഭട്ട് (ഇംഗ്‌ളീഷ്), മല്ലികാ സെന്‍ ഗുപ്ത, മന്ദാക്രാന്ത സെന്‍ (ബംഗാളി), പ്രവാസിനി മഹാകുഡ്, രഞ്ജിത നായക് (ഒഡിയ), വിജയലക്ഷ്മി, സാവിത്രി രാജീവന്‍, വി എം ഗിരിജ, ഡോണാ മയൂര, അനിത തമ്പി (മലയാളം) അങ്ങനെ നീണ്ടു പോകുന്ന ആ നിരയില്‍ ജനശ്രദ്ധനേടിയ കാവ്യസമാഹാരങ്ങളായ അര്‍ലീന്‍ സയ്ദ് (എഡിറ്റര്‍) ന്റെ In Their Own Voice (പെന്‍്ഗ്വിന്‍, 1993), സൂസി താരു, കെ ലളിത (എഡിറ്റേഴ്‌സ്) എന്നിവരുടെ Women Writing in India: From the 6th Century to the Present (രണ്ട് വാല്യങ്ങള്‍, ഫെമിനിസ്റ്റ് പ്രസ്, ന്യൂയോര്‍ക്ക്, 1991, 1993) എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുകവികളും വിഭിന്ന ഭാഷകളില്‍ ഇറങ്ങിയിട്ടുള്ള കവിതാ ഗ്രന്ഥങ്ങളും സമാഹാരങ്ങളും കൂടി ഉള്‍പ്പെടുന്നു. പുരുഷ കേന്ദ്രിതമായ വ്യവഹാരങ്ങളുടെ ചിട്ടവട്ടങ്ങളെ ഈ കവികള്‍ വെല്ലുവിളിക്കുകയും പുരുഷാധിപത്യ നിയമങ്ങളെ ചോദ്യംചെയ്യുകയും ചെയ്യുന്നുവെന്നു മാത്രമല്ല സ്ത്രീ സഹജമായ വേദനയും ഏകാന്തതയും ആഗ്രഹവും സുഖവും പ്രകടിപ്പിക്കാന്‍ പോന്ന കാവ്യഭാഷയും ശൈലിയും നിര്‍മിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീപക്ഷ കവിതകള്‍ തീര്‍ത്തും ഏകശിലാ രൂപമാര്‍ന്നതല്ല. പ്രാദേശികമായ വ്യതിയാനങ്ങള്‍ക്കും ഭാഷകളുടെ പ്രത്യേക പ്രഭാവങ്ങള്‍ക്കും വിഭിന്ന പാരമ്പര്യങ്ങള്‍ക്കും വിപുലവും വിഭിന്നവുമായ രൂപങ്ങള്‍ക്കും അനുഭവങ്ങളോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ക്കുമെല്ലാം അതില്‍ വേണ്ടുവോളം ഇടമുണ്ട്. ജ്യോത് ലഞ്ചേവാറിന്റെ ഈ മറാഠി കവിത നോക്കൂ:
ഗുഹകള്‍
അവരുടെ മനുഷ്യത്വരഹിതമായ ക്രൂരതകള്‍
എന്റെ ഹൃദയത്തിന്റെ പാറയില്‍
ഗുഹകള്‍ തുരന്നിരിക്കുന്നു
മാറുന്നകാലത്തില്‍ കണ്ണുനട്ട്
ഞാനീ കാട്ടില്‍ കരുതലോടെ കാല്‍വയ്ക്കണം
സ്ഥിതിയൊക്കെ മാറിയിരിക്കുന്നു
പ്രതിഷേധപ്പൊരി പൊട്ടുന്നു
ഇതാ ഇവിടെ, അതാ അവിടെ.
ശരി തെറ്റുകളുടെ ശബ്ദം ശ്രവിച്ച്
ഞാനീ ദിനങ്ങളിലെല്ലാം
നിശ്ശബ്ദയായിരുന്നു
പക്ഷേ, ഇനിയിപ്പോള്‍ ഞാന്‍
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി
തീജ്വാലകള്‍ പടര്‍ത്തും.
നമ്മള്‍ എങ്ങനെയാ ഈ സ്ഥലത്ത്
എത്തിപ്പെട്ടത്
നമുക്കൊരിക്കലും അമ്മയായിരു-
ന്നിട്ടില്ലാത്ത ഈ നാട്ടില്‍
അവരുടെ പൊറുക്കാന്‍ പാടില്ലാത്ത
പാപങ്ങളെ ഞാനിതാ
പിടിച്ചിരിക്കുന്നു, സാക്ഷിയായി
എന്നിട്ട് തിരിയുന്നു, ഇതാ ഇവിടെ തന്നെ
ഒരു കലാപകാരിയായി.
(ശാന്താ ഗോഖലെയുടെ ഇംഗ്‌ളീഷ് പരിഭാഷയെ
അധികരിച്ച്)

ദലിത് ശബ്ദം
കന്നഡയിലും മറാഠിയിലും ഗുജറാത്തിയിലും ദലിത് കവിത മുഖ്യധാരയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ബംഗാളി, ഒഡിയ, പഞ്ചാബി, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളിലാകട്ടെ അതിന്റെ സാന്നിധ്യം ശക്തവുമാണ്. ജാതിശ്രേണിയുടെ ഏറ്റവും താഴ്ന്നതട്ടിലേക്ക് തള്ളപ്പെട്ട് മുപ്പതിലേറെ ശതകങ്ങള്‍ കഴിഞ്ഞതിലുള്ള നിരാശയോ അമര്‍ഷമോ ഒന്നുമല്ല ഇപ്പോള്‍ ദലിത് കവിത പ്രകടിപ്പിക്കുന്നത്. മറിച്ച് ദലിത് മൂല്യങ്ങളും ദലിത് ജനതയ്ക്ക് ജനാധിപത്യം അനുവദിച്ചു കൊടുത്തിട്ടുള്ള പ്രത്യേകാവകാശങ്ങളുമാണ് ഇന്നു ആ കവിത ആവര്‍ത്തിച്ചുറപ്പിക്കുന്നത്.