പകലുകളില്‍ നീന്തിത്തുടിക്കുന്ന വട്ടക്കുളത്തിലെ ഇത്തിരി വലിപ്പമുള്ള മീനുകളെ സ്വപ്നംകണ്ട് കൂട്ടുകാര്‍ തലചായ്ച്ചുറങ്ങുന്നു, അവള്‍മാത്രം ഇരുളില്‍ ഉണര്‍ന്നിരിക്കുന്നു..
കറുത്തമാനത്തെ പൊന്‍തിരിനാളങ്ങളിലേക്ക് തുറിച്ചുനോക്കി ചിറകുകള്‍ വിരിയിക്കുന്നു…
മണ്ണില്‍പിറന്നവള്‍ മണ്ണോടുകൂടെയെന്ന് ഒപ്പമുള്ളവര്‍ എത്രയോ മൂക്കത്ത് വിരല്‍വച്ചു കാണണം.
എന്നിട്ടുമവള്‍ നക്ഷത്രങ്ങളെ കിനാവുകണ്ട് ഉറക്കെയുറക്കെ പാടിയിട്ടുണ്ടാവണം. പിന്നെ പറന്നുപറന്ന് മേഘങ്ങള്‍ക്കുമീതെ ആ പെണ്ണരയന്നം ജനിച്ചുവീണിടത്ത് ഒരു പൊന്‍തൂവല്‍ പൊഴിക്കുന്നു – ഇതാ നിങ്ങളെന്നെ രേഖപ്പെടുത്തൂ!
മുനകൂര്‍ത്ത ഒരമ്പിനും തന്റെ സ്വപ്നങ്ങളുടെ ചിറകു തുളയ്ക്കാന്‍ കഴിയില്ലായെന്ന് അവള്‍.
ലോകസിനിമാ ചരിത്രത്തില്‍ രണ്ടാമതായി ഒരു വനിത, മികച്ച സിനിമാ നിര്‍മാതാവിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് കരസ്ഥമാക്കി. അവാര്‍ഡ് നിശയില്‍ നിറഞ്ഞസദസ്സിന് അഭിമുഖമായി നിന്നുകൊണ്ട് അവളൊരിക്കല്‍ക്കൂടെ സുന്ദരമായി പാടി – ക്‌ളോയീഷാവോ.
വെനീസ് ഫിലിം ഫെസ്റ്റിവലിലെ പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌ക്കാരത്തില്‍ തുടങ്ങി, തൊണ്ണൂറ്റിമൂന്നാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി പുരസ്‌ക്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ സിനിമയാണ് ചൈനീസ് ഫിലിം മേക്കര്‍ ക്‌ളോയീഷാവോയുടെ നൊമാഡ്‌ലാന്‍ഡ്.
ഓസ്‌കാര്‍ നോമിനേഷനുകളില്‍ ഒപ്പം മത്സരിച്ച മറ്റ് സിനിമകളെല്ലാംതന്നെ ഏറ്റവും മികച്ചുനില്ക്കുന്നവയായിരുന്നി
സാധാരണ സ്റ്റീരിയോടൈപ്പ് സിനിമകളില്‍നിന്നും വ്യത്യസ്തമായി സിനിമയില്‍ നിശ്ശബ്ദത ഒരു ഭാഷയായി മാറുന്നുണ്ട്. ഏറ്റവും ശബ്ദം നിശ്ശബ്ദതയ്ക്കാണ് പലപ്പോഴും. പ്രധാന കഥാപാത്രമായ ഫേണ്‍ ഏറ്റവുംനല്ല ഒരു കേള്‍വിക്കാരിയാകുമ്പോള്‍ അവര്‍ക്കൊപ്പം കേട്ടുകൊണ്ട്, തീവ്രമായി ഗ്രഹിച്ചുകൊണ്ട് നിശബ്ദമായി, പ്രേക്ഷകരും മുന്നോട്ട് സഞ്ചരിക്കുന്നു. കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും ദൃശ്യങ്ങളുമാണ് സിനിമയില്‍ ഉള്ളത്. സംഭാഷണങ്ങള്‍ എഴുതുന്നതിന്, ഇനി വരാനിരിക്കുന്ന സിനിമകള്‍ക്കും പാഠപുസ്തകമായി വര്‍ത്തിക്കുന്ന ഒന്നാണിത്.
കണ്ടുശീലിച്ച ചലച്ചിത്രസ്വഭാവങ്ങള്‍ക്ക് വിപരീതമായി, പ്രധാനകഥാപാത്രത്തിന് സംഘര്‍ഷങ്ങള്‍ കൊടുക്കുകയും ക്‌ളൈമാക്‌സിലേക്ക് എത്തുമ്പോള്‍ അവ പരിഹരിക്കുകയും അല്ലെങ്കില്‍ അതിന് കീഴ്‌പ്പെടുകയും ചെയ്യുന്ന നറേറ്റിവ് സിനിമയുടെ സ്വഭാവമല്ല നൊമാഡ്‌ലാന്‍ഡിനുള്ളത്.
സമയത്തിന്റെയും സ്ഥലങ്ങളുടെയും രേഖപ്പെടുത്തലാണ് ചലച്ചിത്രം. നറേറ്റിവ്‌സിനിമകളുടെ ഒരു പ്രധാന പ്രത്യേകതയായി എടുത്തുപറയുന്നത് അത് ഉള്‍ക്കൊള്ളുന്ന തുടര്‍ച്ച (Continuity) ആണ്. ഒന്നില്‍നിന്നും മറ്റൊന്നിലേക്കുള്ള ഷോട്ടിനിടയില്‍ കഥകളുടെ, കഥാപാത്രങ്ങളുടെ, അവര്‍ക്കിടയിലെ വൈകാരികഭാവങ്ങളുടെ, സംഭാഷണങ്ങളുടെ, ചലനങ്ങളുടെ, സംഭവം നടക്കുന്ന സമയത്തിന്റെ, ഇടങ്ങളുടെ, നിറങ്ങളുടെ…നിരന്തരമായ തുടര്‍ച്ചയാണ് പൊതുവില്‍ സിനിമ. ഇതില്‍നിന്നും വഴിമാറിയാണ് പലപ്പോഴും നൊമാഡ്‌ലാന്‍ഡ് സഞ്ചരിക്കുന്നത്, ഡോക്യൂമെന്ററി സിനിമകളിലേതുപോലെ.
ജെസീക്ക ബ്രൂഡറുടെ Nomadland: Surviving America in the Twenty-First Centuryഎന്ന നോണ്‍ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഉണ്ടായിട്ടുള്ളത്. എന്നാല്‍ നോണ്‍ഫിക്ഷന്‍ ലോകത്തെയും അതിലെ വ്യക്തികളെയും സമാനമായി നിലനിര്‍ത്തി അതിലേക്ക് ‘ഫേണ്‍’ എന്ന വിധവയായ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ കൂട്ടിച്ചേര്‍ക്കുകയും, ഒരു മാലയിലെ നൂലെന്നപോലെ മറ്റ് കഥാപാത്രങ്ങളെ ഫേണിനെ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്നത് എടുത്തുപറയേണ്ടതാണ്. ഒരു കഥാപാത്രവും ഉപകഥയും വേറൊന്നിന്റെ തുടര്‍ച്ചയാവുന്നില്ല ഇവിടെ. പല വര്‍ണത്തിലുള്ള മുത്തുകള്‍ ചേര്‍ന്ന് ഒരു മനോഹരമായ മാല ക്‌ളോയീഷാവോ പണിതിരിക്കുന്നു.