നമ്മുടെ ഹീറോ, അവരുടെ ഹീറോ
ഹമീദ് ചേന്നമംഗലൂര്‍
ശ്രീലങ്ക 2019ല്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേര് ‘രാവണ’ എന്നാണ്. ഇന്ത്യ ഒരിക്കലും അതിന്റെ ഉപഗ്രഹത്തിനോ മറ്റെന്തെങ്കിലിനുമോ രാവണ എന്ന പേരിടില്ല. കാരണം, ഇന്ത്യക്കാരായ നമ്മുടെ മണ്ണില്‍ രാവണന്‍ ഹീറോ (വീരനായകന്‍) അല്ല, ആന്റി ഹീറോ (പ്രതിനായകന്‍ അഥവാ വില്ലന്‍) ആണ്. അതുപോലെ ശ്രീലങ്ക ഒരിക്കലും അതിന്റെ ഏതെങ്കിലും സംരംഭത്തിനോ സ്ഥാപനത്തിനോ രാമന്റെ പേര് നല്‍കില്ല. കാരണം അവരുടെ ദൃഷ്ടിയില്‍ തങ്ങളുടെ വീരനായകനായ രാവണനെ നിഗ്രഹിച്ചവനാണ് രാമന്‍. ശ്രീലങ്കയിലെ 13 ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍ പോലും തങ്ങളുടെ ഹീറോ ആയി പരിഗണിക്കുന്നത് രാവണനെയത്രേ.
ഇന്ത്യക്കാരുടെ വീക്ഷണത്തില്‍ രാമന്‍ നന്മയുടെ പ്രതീകവും രാവണന്‍ തിന്മയുടെ പ്രതീകവുമാണ്. ലങ്കാധിപതിയായ രാവണന്‍ രാമപത്‌നി സീതയെ തട്ടിക്കൊണ്ടുപോയതാണ്, നമ്മുടെ അഭിപ്രായത്തില്‍ രാമ-രാവണ യുദ്ധത്തിനു കാരണം. ശ്രീലങ്കക്കാരുടെ കണ്ണില്‍ അതല്ല യുദ്ധഹേതു. രാമന്റെ സഹോദരനായ ലക്ഷ്മണന്‍ രാവണന്റെ സഹോദരിയായ ശൂര്‍പണഖയുടെ മൂക്കരിഞ്ഞ സംഭവമാണ് യുദ്ധത്തിലേക്ക് നയിച്ചത് എന്നത്രേ അവരുടെ വീക്ഷണം. സ്വസഹോദരിക്ക് ഏല്‍ക്കേണ്ടിവന്ന അംഗഛേദത്തോടും അഭിമാനക്ഷതത്തോടുമുള്ള രാവണന്റെ പ്രതികരണമോ പ്രതികാരമോ ആയാണ് ശ്രീലങ്കക്കാര്‍ രാവണ-രാമയുദ്ധത്തെ അടയാളപ്പെടുത്തുന്നത്.
ഒരു ജനവിഭാഗം വീരനായകനായി കൊണ്ടാടുന്ന വ്യക്തി മറ്റൊരു വിഭാഗം പ്രതിനായകനായി ഭര്‍ത്സിക്കുന്ന വ്യക്തിയായിരിക്കാനിടയുണ്ട് എന്നു ചൂണ്ടിക്കാട്ടാനാണിത്രയും എഴുതിയത്. നായകസങ്കല്പം തികച്ചും ആപേക്ഷികമാണ്. സര്‍വകാല, സര്‍വദേശ, സര്‍വസമൂഹ സ്വീകാര്യരായ നായകന്മാരോ നായികമാരോ ഇല്ല എന്നതാണ് സത്യം. സെമിറ്റിക് പുരാണങ്ങളില്‍ കടന്നുവരുന്ന സാത്താന്റെ കഥയെടുത്തു നോക്കൂ. ജൂത, ക്രൈസ്തവ, ഇസ്ലാമിക പുരാവൃത്തങ്ങളിലെല്ലാം പ്രതിനായകനായി പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രമാണ് സാത്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ആംഗ്ലേയ കവി ജോണ്‍ മില്‍റ്റണ്‍ എഴുതിയ ജമൃമറശേെ ഘീേെ എന്ന ഇതിഹാസകാവ്യത്തില്‍ വരുന്ന സാത്താന്‍ അങ്ങനെയല്ല. മില്‍റ്റന്റെ കാവ്യത്തിലെ സാത്താന്‍ ദൈവത്തിന്റെ സര്‍വാധികാര മനഃസ്ഥിതിയെ വെല്ലുവിളിക്കുന്ന വീരനാണ്. തന്റെ കല്പന ധിക്കരിച്ചതിന് ദൈവം അയാളെ നരകത്തിലേക്ക് തള്ളുന്നു. അവിടെയിരുന്ന് ‘സ്വര്‍ഗത്തില്‍ സേവിക്കുന്നതിനേക്കാള്‍ നല്ലതാണ് നരകം ഭരിക്കുന്നത്’ എന്നു വിളിച്ചുപറയുന്ന വിപ്ലവകാരിയാണ് മില്‍റ്റന്റെ സാത്താന്‍. മതപുരാണങ്ങളിലെ പ്രതിനായകനായ സാത്താന് ആംഗ്ലേയകാവ്യത്തില്‍ നായക പരിവേഷം കൈവരുന്നു എന്നര്‍ത്ഥം.
പുരാണങ്ങള്‍ വിട്ട് നമുക്ക് ആധുനികകാല ചരിത്രത്തിലേക്ക് ചെന്നു നോക്കാം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യക്കാരില്‍ ഒരു വലിയ വിഭാഗത്തെ സംബന്ധിച്ചിടത്തോളം മഹാത്മാവാണ്. രാജ്യത്തെ ബ്രിട്ടീഷ് വാഴ്ചയില്‍നിന്നു വിമോചിപ്പിച്ചതില്‍ മുഖ്യപങ്കുവഹിച്ച സമരനായകനാണദ്ദേഹം. പക്ഷേ, അദ്ദേഹത്തിനുനല്കപ്പെടുന്ന നായകപരിവേഷത്തെ ചോദ്യം ചെയ്യുന്നവര്‍ ഇന്ത്യയിലില്ലേ? ഉണ്ട് എന്നതിന്റെ സമീപകാല തെളിവുകളില്‍ ഒന്നായിരുന്നു ഡോ. അംബേദ്കറുടെ The Annihilation of Caste എന്ന പുസ്തകത്തിന് അരുന്ധതി റോയ് എഴുതിയ സുദീര്‍ഘമായ അവതാരിക. വര്‍ണാശ്രമ സമ്പ്രദായത്തേയും ജാതിവ്യവസ്ഥയേയും വെള്ളപൂശുകയാണ് ഗാന്ധി ചെയ്തതെന്നു അരുന്ധതി ആരോപിച്ചു. 2014-ല്‍ കേരള സര്‍വകലാശാലയില്‍ ചെയ്ത പ്രസംഗത്തിലും ജാതിസമ്പ്രദായത്തെ ന്യായീകരിച്ച നേതാവായാണ് അവര്‍ ഗാന്ധിയെ വിലയിരുത്തിയത്. ‘യഥാസ്ഥിതി (സ്റ്റാറ്റസ്‌കോ)യുടെ പുണ്യവാളന്‍’ എന്നതാണ് അരുന്ധതിറോയ് ഗാന്ധിക്ക് നല്‍കിയ വിശേഷണം. ഘാനയുടെ തലസ്ഥാനമായ അക്രയില്‍ സ്ഥിതിചെയ്യുന്ന ഘാന യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ 2016-ല്‍ സ്ഥാപിക്കപ്പെട്ട ഗാന്ധിപ്രതിമയ്‌ക്കെതിരേ അവിടത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തിനിറങ്ങിയതും ഇവിടെ ഓര്‍ക്കാം. ഗാന്ധി ‘വംശീയവാദി’ ആണെന്നായിരുന്നു അവര്‍ ആരോപിച്ചത്. തുടര്‍ന്ന് ഗാന്ധിപ്രതിമ സര്‍വകലാശാലാ വളപ്പില്‍ നിന്നും നീക്കം ചെയ്തു.
ഇന്ത്യ രാഷ്ട്രപിതാവായി ആദരിക്കുന്ന ഗാന്ധി ജാതിവാദിയും വംശീയവാദിയുമാണെന്ന വിമര്‍ശനത്തിന് പാത്രീഭവിച്ചു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അദ്ദേഹത്തെ ഹീറോ ആയി എല്ലാവരും കണക്കാക്കുന്നില്ല എന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് 1920-കളില്‍ വിപ്ലവാത്മക തീക്ഷ്ണത നല്‍കി ഭഗത്‌സിംഗ് പോലും ഗാന്ധിയുടെ വിമര്‍ശകനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ നിര്‍ണായകഘട്ടത്തിലും ഗാന്ധി സ്വാതന്ത്ര്യസമരത്തെ തണുപ്പിച്ചുകൊണ്ടിരുന്നു എന്നു ഭഗത്‌സിംഗും സമാനമനസ്‌കരും കരുതി. അത്തരക്കാരൊന്നും ഗാന്ധിയെ വീരനായകനായി പരിഗണിച്ചില്ല എന്നത് പരമാര്‍ത്ഥം മാത്രമാണ്.
ഇനി നമുക്ക് ലോകം മൂന്നാം മഹായുദ്ധത്തിലേക്ക് വഴുതുമോ എന്ന ആശങ്ക പടര്‍ന്ന കാലത്തിലേക്കും സംഭവത്തിലേക്കുമൊന്നു കണ്ണയക്കാം. 1962-ല്‍ ആണതുണ്ടായത്. സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ സ്ഥാപിച്ച ആണവമിസൈലുകള്‍ നീക്കം ചെയ്യണമെന്നു അമേരിക്ക ആവശ്യപ്പെട്ടു. അന്ന് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി നികിതക്രൂഷ്‌ചേവ്; യു.എസ്.എയുടെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി. ക്യബയിലെ മിസൈലുകള്‍ സോവിയറ്റ് യൂണിയന്‍ നീക്കം ചെയ്തില്ലെങ്കില്‍ ആണവയുദ്ധം ഉറപ്പ് എന്നതായിരുന്നു അവസ്ഥ. യു.എസ്.എസ്.ആറിനെ ഉന്നമിട്ട് തുര്‍ക്കിയിലും ഇറ്റലിയിലും അമേരിക്ക നേരത്തേ ആണവമിസൈലുകള്‍ വിന്യസിച്ചിരുന്നു. അതിനോടുള്ള പ്രതികരണമായിരുന്നു റഷ്യ ക്യൂബയില്‍ സ്ഥാപിച്ച മിസൈലുകള്‍. രണ്ടു വന്‍ശക്തികളും വാശിപിടിച്ചാല്‍ സര്‍വവിനാശകമായ യുദ്ധം പൊട്ടിപ്പുറപ്പെടും. കെന്നഡിയുടെയും ക്രൂഷ്‌ചേവിന്റെയും നായകമികവും രാജ്യതന്ത്രജ്ഞതയും മാറ്റുരച്ച സന്ദര്‍ഭമായിരുന്നു അത്. വിട്ടുവീഴ്ച ചെയ്തത് ക്രൂഷ്‌ചേവാണ്. ക്യൂബയില്‍ വിന്യസിച്ച മിസൈലുകള്‍ മാറ്റാന്‍ അദ്ദേഹം തയ്യാറായി. അതോടെ ആണവയുദ്ധം എന്ന ഭീഷണി ഒഴിവാകുകയും ചെയ്തു. ആരായിരുന്നു അന്നത്തെ ഹീറോ -കെന്നഡിയോ ക്രൂഷ്‌ചേവോ? പാശ്ചാത്യ (മുതലാളിത്ത)ലോകം കെന്നഡിയെ വീരനായകനായി പുകഴ്ത്തിയപ്പോള്‍ പാശ്ചാത്യ – പൗരസ്ത്യഭേദമില്ലാതെ സമാധാനപ്രിയരായ എല്ലാവരും ക്രൂഷ്‌ചേവിനെയാണ് വീരനായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായി കണ്ടത്.
വീരപരാക്രമത്വവും യുദ്ധക്കൊതിയും നരവേട്ടാസക്തിയും അല്ല, അഥവാ ആകരുത് ഹീറോ (നായകന്റെ/നായികയുടെ) ലക്ഷണങ്ങള്‍. സമൂഹത്തിന്റെ (ലോകത്തിന്റെ) നന്മയ്ക്കും ശ്രേയസ്‌കതയ്ക്കും വിധേയമായി ധീരമായ തീരുമാനങ്ങളെടുക്കുകയും അവയുടെ പ്രയോഗവത്കരണത്തിന് അക്ഷീണം പ്രയത്‌നിക്കുകയും ചെയ്യുന്നവരാരോ അവരത്രേ യഥാര്‍ത്ഥ നായകര്‍. ബഹുസ്വരതയുടെ അസ്തിവാരത്തില്‍ തീര്‍ത്ത മാനവസ്വാതന്ത്ര്യം എന്ന മഹത്തായ മൂല്യം അവര്‍ മുറുകെ പിടിക്കണം. നീതിക്കും സമത്വത്തിനും മധ്യേ നങ്കുരമിട്ട പ്രതിഭാസമായി അവര്‍ സ്വാതന്ത്ര്യത്തെ കാണണം. സ്വാതന്ത്ര്യത്തിന്റെ മുന്നുപാധികളാണ് നീതിയും സമത്വവും ബഹുസ്വരതയുമെന്ന തത്ത്വം സ്വാംശീകരിച്ചവര്‍ മാത്രമേ ഹീറോ എന്ന വിശേഷണം അര്‍ഹിക്കുന്നുള്ളൂ. അടുത്ത കാലത്ത് ചിലരാല്‍ വീരനായകരായി വാനോളം വാഴ്ത്തപ്പെട്ട ഏതാനും വ്യക്തികള്‍ അങ്ങിങ്ങായുണ്ടായി. മേല്‍െച്ചാന്ന മൂല്യങ്ങളൊന്നും ഉള്‍ക്കൊണ്ടവരായിരുന്നില്ല അവര്‍ തങ്ങള്‍ നെഞ്ചേറ്റിയ ആശയപ്രപഞ്ചം മാത്രമാണ് ശരിയെന്നു ശഠിക്കുകയും അതംഗീകരിക്കാത്തവരെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തവരത്രേ അത്തരക്കാര്‍. കംബോഡിയയിലെ പോള്‍പോട്ടില്‍ നിന്നു തുടങ്ങി സൗദി അറേബ്യയിലെ ഒസാമ ബിന്‍ ലാദന്‍ വരെയുള്ളവര്‍ ആ ഗണത്തില്‍പ്പെട്ടവരാണ്. ഒരു പ്രത്യേക ആശയസംഹിത മാത്രമേ അംഗീകരിക്കപ്പെടാവൂ എന്നോ തന്റെ (തങ്ങളുടെ) വീക്ഷണങ്ങള്‍ മാത്രമേ നടപ്പാക്കപ്പെടാവൂ എന്നോ കരുതുന്ന ഇക്കൂട്ടരുടെ നിഘണ്ടുവില്‍ പ്രത്യയശാസ്ത്രാതീതമായ മാനവികത, നീതി, തുല്യത തുടങ്ങിയ പദങ്ങള്‍ക്ക് സ്ഥാനമില്ല. ഐ.എസ്. എന്ന ഭീകരപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സ്ഥിതിയും അതുതന്നെ. തന്റെ മനോമുകുരത്തിലുള്ള വികൃത രാഷ്ട്രസങ്കല്പത്തിന് വെളിയില്‍ നില്‍ക്കുന്നവരെല്ലാം ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഗര്‍ഹണീയ മനഃസ്ഥിതിക്ക് കീഴ്‌പ്പെട്ടവനായിരുന്നു അയാള്‍. ഇത്തരമാളുകള്‍ ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ മാത്രമോ ഒരു പ്രത്യയശാസ്ത്രവ്യവസ്ഥയില്‍ മാത്രമോ ഒതുങ്ങുന്നില്ല എന്നതും കൂട്ടത്തില്‍ ശ്രദ്ധിക്കണം. ആ ഗണത്തില്‍ വരുന്നവരെ വീരനായകരായി കാണുന്നവര്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ വീരനായകനായി വീക്ഷിച്ചവരുടെ പിന്‍മുറക്കാരാണ്.
ചരിത്രത്തില്‍ സ്ഥാനം കിട്ടാതെപോകുന്നവരും പ്രാന്തവത്കരിക്കപ്പെടുന്നവരുമാ
പൊതുസമൂഹം ഏറെ ഗൗനിക്കാതെ വിടുന്ന മറ്റൊട്ടേറെ നായകര്‍ സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുണ്ട്. പരിസ്ഥിതി സംരക്ഷണം, പ്രാന്തീകൃതജനസമൂഹ സംരക്ഷണം, ലിംഗനീതി, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പോരാടുന്ന (പോരാടിയ) ധാരാളം പേരെ കാണാം. അവരില്‍ ചിലര്‍ അറിയപ്പെടുന്നവരാണെങ്കില്‍ വേറെ ചിലര്‍ അത്ര അറിയപ്പെടുന്നവരല്ല. നര്‍മദാ ബചാവോ ആന്ദോളന്‍ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ മേധാ പട്കര്‍ എന്ന ആക്ടിവിസ്റ്റ് അറിയപ്പെടുന്നവരില്‍ പെടുന്നു. ജാദവ് പടയംഗ്, സുമൈറ അബ്ദുല്‍ അലി, രാജേന്ദ്രസിംഗ് എന്നിവരടക്കം ഒട്ടനവധി പരിസ്ഥിതി പ്രവര്‍ത്തകരും പ്രാന്തീകൃതജനവിഭാഗ സംരക്ഷണ പ്രവര്‍ത്തകരും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്
ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയില്‍ പോരാടി മുന്നേറിയവരുമുണ്ട് പ്രശസ്തരും അപ്രശസ്തരുമായി. ലക്ഷ്മിനാരായണ്‍ ത്രിപാഠിയും സത്യശ്രീ ശര്‍മിളയും ഗൗരിസവാന്തും ഷാബിഗിരിയും പ്രീതിക യാശിനിയും ജോതിക മോണ്ടലുമൊക്കെ ആ പട്ടികയില്‍വരുന്നവരാണ്. പ്രതികൂല സാഹചര്യങ്ങള്‍ വകവയ്ക്കാതെ ലിംഗനീതിക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള പോരാട്ടം നയിച്ചവരുടെ എണ്ണവും ഒട്ടും കുറവല്ല. ‘Me too Movement’ ഉപജ്ഞാതാവായ ടരാനാ ബര്‍ക്, ഫാത്തിമ ഗോസ് ഗ്രെയ്‌സ്, സാറ ഫ്‌ളവേഴ്‌സ്, സമര്‍ ബദാവി ലോ ജെയ്ന്‍,ഹാത് സോല്‍ തുടങ്ങി വിവിധ ദേശക്കാരായ ആക്ടിവിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെ നമുക്കവിടെ കാണാം.
ഇവര്‍ക്കെല്ലാം പുറമെ അധികാര കേന്ദ്രങ്ങളെയും യാഥാസ്ഥിതികപ്പരിഷകളെയും വെല്ലുവിളിച്ച് വിയോജനശബ്ദം ഉയര്‍ത്താനുള്ള അസാമാന്യ ധീരത കൈവിടാതെ സൂക്ഷിക്കുന്ന (സൂക്ഷിച്ച) ഒരു വിഭാഗവുമുണ്ട്. സമൂഹത്തില്‍ ഒരു മൈക്രോസ്‌കോപ്പിക് ന്യൂനപക്ഷമാണവര്‍. ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ആ സൂക്ഷ്മ ന്യൂനപക്ഷത്തിന്റെ വേറിട്ട ശബ്ദമാണ് മാനവകുലത്തിന്റെ സാംസ്‌കാരിക ഉണര്‍വിനും മുന്നേറ്റത്തിനും നിമിത്തമായത്. സമൂഹത്തിന്റെ മേല്‍ഗതിയെ സംബന്ധിച്ചിടത്തോളം അനുപേക്ഷ്യമാണ് സാമൂഹിക പരിഷ്‌കരണം. അതിന്റെ ഉറവ കിടക്കുന്നത് വിയോജന ശബ്ദത്തിലാണ്. ജ്യോതിബാ ഫൂലെയുടെ, ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ, ശ്രീനാരായണ ഗുരുവിന്റെ, അയ്യങ്കാളിയുടെ, സഹോദരന്‍ അയ്യപ്പന്റെ, വക്കം മൗലവിയുടെ, പൊയ്കയില്‍ യോഹന്നാന്റെ, പെരിയാര്‍ ഇ.വി. രാമസാമിയുടെ, ആമിന വളൂരിന്റെ, മലാല യൂസഫ് സായിയുടെ, മേരിറോയിയുടെ, നരേന്ദ്ര ദബോല്‍ക്കറുടെയെല്ലാം വിയോജനശബ്ദം സാമൂഹ്യപരിവര്‍ത്തനത്തിന് രാസത്വരകമായി വര്‍ത്തിച്ചു. അത്തരക്കാരുടെ പേരുകള്‍ ആലേഖനം ചെയ്യപ്പെടാത്ത നായികാനായന്മാരുടെ പട്ടിക അപൂര്‍ണമായിരിക്കും.