ജനാധിപത്യത്തിന്റെ കശാപ്പുശാലകൾ
എം.എൻ. കാരശ്ശേരി
കൊറോണാ വൈറസിന്റെ രൂപത്തിൽ ലോകമെമ്പാടും മരണം കരാളനൃത്തം ആടിക്കൊണ്ടിരിക്കുന്നതിനിടയിലാ
‘രാഷ്ട്രീയ കൊലപാതകം’ – എന്തൊരു ലക്ഷണം കെട്ട പ്രയോഗം. കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയപ്രവർത്തനമാവുക? രാഷ്ട്രീയ പ്രവർത്തനം എങ്ങനെയാണ് കൊലപാതകമാവുക? അപ്പറഞ്ഞ രണ്ടും ഒറ്റയൊന്നാവാം എന്ന് മലയാളിക്ക് ധാരണ ഉറച്ചിരിക്കുന്നു; അത് നമ്മളെല്ലാം അംഗീകരിച്ചിരിക്കുന്നു. അല്ലെങ്കിൽ ആ പ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് തിരിയാതെ പോയേനെ.
പാർട്ടിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ ഒക്കെ കേരളത്തിൽ കൊല നടക്കുന്നുണ്ട്. അധികം നടക്കുന്നത് രാഷ്ട്രീയപാർട്ടിയുടെ പേരിലാണ്. അധികാരാസക്തി തന്നെ കാരണം. അതിൽനിന്ന് ഉണ്ടായിവരുന്ന നിരാശയും അസൂയയും പ്രതികാരവും അതിന് ഊറ്റം വർധിപ്പിക്കുന്നു.
അധികാരവും ഹിംസയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അധികാരാസക്തിയിൽ നിന്ന് ഹിംസയുണ്ടാകുന്നു; ഹിംസയിൽ നിന്ന് അധികാരാസക്തിയും. ഒന്നില്ലാതെ മറ്റേതില്ല. ഒന്നിന് ഒറ്റയ്ക്ക് നിലനില്ക്കാനാവില്ല.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുക: രാജകുമാരനായി പിറന്നു വളർന്നിട്ടും അധികാരം ഉപേക്ഷിച്ചുപോയവനാണ് ബുദ്ധൻ. സ്വന്തം സമൂഹം താല്പര്യപ്പെട്ടിട്ടും തനിക്ക് രാജാധിപത്യം വേണ്ടെന്ന് പ്രഖ്യാപിച്ചവനാണ് ക്രിസ്തു. വലിയൊരു പാർട്ടിയുടെ അനിഷേധ്യനായ നേതാവായിട്ടും ഒരു പഞ്ചായത്ത് മെമ്പറുടെ അധികാരംപോലും ആഗ്രഹിച്ചിട്ടില്ലാത്തവനാണ് ഗാന്ധി. ഇപ്പറഞ്ഞ മൂന്നു പേരുമാണ് ഹിംസയ്‌ക്കെതിരായി ചരിത്രത്തിൽ ദീപസ്തംഭം പോലെ നിലകൊള്ളുന്നത്.
രാജാധിപത്യത്തിന്റെ കാലത്ത് ജീവിച്ചവരാണ് ബുദ്ധനും ക്രിസ്തുവും. അന്ന് ‘തലവെട്ടി’യാണ് അധികാരം തീരുമാനിച്ചിരുന്നത്. ഒരു രാജാവിന്റെ പ്രധാനമന്ത്രിയുടെ പുത്രനായി പിറന്നുവളർന്നിട്ടും രാജാധിപത്യത്തിനെതിരായി പ്രവർത്തിച്ചവനാണ് ഗാന്ധി. ‘തലയെണ്ണി’ അധികാരം തീരുമാനിക്കുന്ന ജനാധിപത്യത്തിനുവേണ്ടിയാണ് അദ്ദേഹം ആയുഷ്‌ക്കാലം മുഴുവൻ അധ്വാനിച്ചത്.
അധികാരത്തെ ഹിംസയിൽ നിന്ന് മോചിപ്പിക്കുന്ന രീതിശാസ്ത്രമാണ് ജനാധിപത്യം. അബ്രഹാംലിങ്കൺ അത് വ്യക്തമാക്കിയിട്ടുണ്ട്: ”ബുള്ളറ്റിനെക്കാൾ ശക്തമാണ് ബാലറ്റ്.”
ഇന്ന് കേരളത്തിൽ എന്താണ് നടക്കുന്നത്? ഇപ്പോൾ ആളുകളുടെ നാവിൽ എതിർപാർട്ടിയെ കുറ്റം വിധിക്കുന്ന ഉത്തരം വരും. ആരാണ് ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദി?
ഞാൻ പറയും: ഇവിടത്തെ എല്ലാ പാർട്ടികൾക്കും ഇതിൽ പങ്കുണ്ട്. എല്ലാ മുന്നണികൾക്കും ഇതിൽ പങ്കുണ്ട്. ഏറിയ അളവിലോ, കുറഞ്ഞ അളവിലോ ഇതിൽ ഉത്തരവാദിത്തമില്ലാത്ത ഒരു പാർട്ടിയും ഇല്ല. ഒന്നാമത്തെ മന്ത്രിസഭ (1957)യുടെ കാലം മുതൽ വിളിച്ചുപോന്ന ആ മുദ്രാവാക്യം ഏറ്റുവിളിക്കാത്ത ഏതു പാർട്ടിയുണ്ട്, കേരളത്തിൽ:
”ഓരോ തുള്ളിച്ചോരയ്ക്കും
പകരം ഞങ്ങൾ ചോദിക്കും”
പട്ടാളക്കാരുടെ മാർച്ചിന്റെ താളത്തിൽ ചുവടുവെച്ചുകൊണ്ട്, മുഷ്ടികൾ ആകാശത്തേക്ക് വീശിയെറിഞ്ഞുകൊണ്ട്, വീറും വാശിയും ഉണർത്തിക്കൊണ്ട്, പ്രായഭേദമില്ലാതെ, തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ മുഴങ്ങുന്ന ആ മുദ്രാവാക്യം കേരളത്തിലെ നഗരവീഥികളെയും ഗ്രാമപാതകളെയും ഒരുപോലെ പ്രകമ്പനം കൊള്ളിച്ചുപോരുന്നു!
ദേശീയ പ്രസ്ഥാനകാലത്ത് 1930കളിൽ പ്രചുരപ്രചാരം നേടിയിരുന്ന സമരത്തിന്റെ ഊർജ്ജം നേർവിപരീതമായിരുന്നു എന്നോർക്കുക.
”വരിക വരിക സഹജരേ
സഹനസമരസമയമായ്”
അംശി നാരായണപിള്ള എഴുതിയ ആ പാട്ടിലെ അഹിംസാനിഷ്ഠമായ സഹനസമരം എന്ന പദം ശ്രദ്ധിക്കുക. അതും പാടിയാണ് നാം കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടത്തിയത്.
ഇന്ന് എല്ലാം പ്രതികാരത്തിന്റെ, ഹിംസയുടെ ആവിഷ്‌കാരങ്ങളായിരിക്കുന്നു: എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വലുതോ ചെറുതോ ആയ ഗുണ്ടാസംഘങ്ങളുള്ള പ്രദേശമാണ് കേരളം!
അഞ്ചാറ് പതിറ്റാണ്ട് മുമ്പ് തന്നെ സി.ജെ. തോമസ് ചോദിക്കുകയുണ്ടായി:
”മനുഷ്യനെ കൊന്നിട്ട് സ്ഥാപിക്കേണ്ട വല്ലൊരു ആശയവും ഉണ്ടോ?”
ഹിംസയ്ക്ക് സാധിക്കുന്നത് ഒന്നേയുള്ളൂ – ഹിംസയെ പുനരുല്പാദിപ്പിക്കുക. അതിന്റെ കലി ഒരിക്കലും അടങ്ങുകയില്ല.
എല്ലാ ദേശത്തും എല്ലാ കാലത്തും ഉള്ള മനുഷ്യജീവികൾക്കായിട്ട് ക്രിസ്തു ആ താക്കീത് നൽകിയത്:
”നിന്റെ വാൾ നീ ഉറയിലിടുക. വാളെടുത്താൽ വാളാൽ നശിക്കും.”
ജനാധിപത്യത്തിന്റെ കശാപ്പുശാലകൾ
Print this article
Font size -16+