മനുഷ്യനാവുകയെന്നാൽ

മനുഷ്യനാവുകയെന്നാൽ
മനുഷ്യനാവുകയെന്നാൽ ഷൗക്കത്ത് നമുക്കൊരു ജീവിതമുണ്ടു്. അതു് കഴിയുന്നത്ര സമാധാനത്തോടെ ജീവിക്കണമെന്നാണു് നമ്മുടെയെല്ലാം ആഗ്രഹം. പലതരത്തിലുള്ള സങ്കീർണതകളാൽ കലുഷമായ ബോധം പലപ്പോഴും ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനു് തടസ്സമാകുന്നു. അറിഞ്ഞോ അറിയാതെയോ നാം നോവിന്റെ ഏറ്റിറക്കങ്ങളിൽപെട്ട് അസ്വസ്ഥരാകുന്നു. സ്വന്തം ജീവിതത്തെയും നമ്മോടു ചേർന്നുനില്കുന്നവരുടെ ജീവിതത്തെയും തീനരകമാക്കുന്നു. അവസാനം ഇങ്ങനെയൊരു വിന വരുത്തിവച്ചല്ലോ എന്നു വിലപിക്കുന്നു. വീണ്ടും നന്മയിലേക്കുണരാൻ വെമ്പുന്നു. പഴയതുപോലെ ശീലവിധേയമായ ജീവിതത്തിന്റെ കുത്തൊഴുക്കിൽപെട്ട് മുങ്ങിത്താഴുന്നു. കഥ തുടരുന്നു. ആവർത്തന സ്വഭാവമുള്ള ഈ ഏറ്റിറക്കങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു? ഇതിൽനിന്നും ചെറിയ രീതിയിലെങ്കിലും ഒരു രക്ഷ സാദ്ധ്യമാണോ? കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് എങ്ങനെയാണ് സ്വയം ഉണർന്നു വരുക? ഇത്തിരിക്കാലമുള്ള ഈ ജീവിതം ഇങ്ങനെ കാലുഷ്യങ്ങളിൽപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതാണോ? ധന്യമായ ഒരു സാദ്ധ്യത വരദാനമായി ലഭിച്ചിട്ടും അതനുഭവിക്കാതെ കടന്നുപോകേണ്ടി വരിക എന്നതിനേക്കാൾ വലിയ ദുരിതമെന്താണ്? നാം ഒരിക്കലെങ്കിലും നമ്മോടു ചോദിച്ചിട്ടുള്ള ചോദ്യങ്ങളാണിതെല്ലാം. മനുഷ്യൻ സങ്കീർണമായ ഒരു ജീവിയാണെന്ന് ആരും തെളിയിച്ചു തരേണ്ട കാര്യമില്ല. നമ്മുടെ വിചിത്രമായ സ്വഭാവം തന്നെയാണു് അതിനു് തെളിവു്. ബഹുവിധമായ സ്വത്വങ്ങളോടെ ഒരേ ശരീരത്തിൽ കഴിയേണ്ടിവരികയെന്നതിനേക്കാൾ വലിയ സങ്കീർണത മറ്റെന്താണുള്ളതു്. ആ സങ്കീർണതയെ മെരുക്കിയെടുത്ത് വിവേകപൂർവ്വം പ്രയോഗിച്ചാൽ അവിടെ സമാധാനമുണ്ടാകുമെന്നതാണ് ആകെയുള്ള പ്രതീക്ഷയും ആശ്വാസവും. അതുതന്നെയായിരുന്നു മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ചെയ്തുകൊണ്ടിരിക്കുന്നതു്. നിലനില്പിനെയും തുടർച്ചയെയും സുഗമമാക്കാനുള്ള വഴികളായിരുന്നു എന്നും മറ്റേതൊരു ജീവിയെയുപോലെ മനുഷ്യന്റെയും അന്വേഷണം. ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ അനായാസത എങ്ങനെയൊക്കെ ആർജിക്കാം; അതിനു് എങ്ങനെയൊക്കെ സാഹചര്യങ്ങളൊരുക്കാം, സാഹചര്യങ്ങളെ മെരുക്കിയെടുക്കാം എന്ന അന്വേഷണത്തിന്റെ ഫലങ്ങളാണ് ശാസ്ത്രമായും കലാസാഹിത്യസംഗീതാദികളായും തത്വചിന്തയായും മറ്റു ദാർശനികവും ഗൂഢാവബോധപ്രധാനവുമായ ഉൾവെളിച്ചങ്ങളായും നമ്മുടെ മുന്നിലുള്ളത്. ഒന്ന് മറ്റൊന്നിനേക്കാൾ മുന്തിയതോ കുറഞ്ഞതോ എന്ന അന്വേഷണങ്ങളെ മാറ്റിവെച്ച് എല്ലാ വഴികളെയും അതിന്റെ പാകത്തിൽ ചേർത്ത് വൈയക്തികവും സാമൂഹികവുമായ സ്വസ്ഥജീവിതത്തിന് അനുകൂലമാക്കാനുള്ള വിവേകമാണുണരേണ്ടതു്. ഇവിടെ അന്വേഷണവിഷയം സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാൻ എന്താണ് ചെയ്യേണ്ടതു് എന്നതാണു്. രണ്ടുതരത്തിലുള്ള അന്വേഷണങ്ങളാണ് അതിനായി എല്ലാ ജീവജാലങ്ങളും നടത്തുന്നത്. നമ്മുടെ സ്വഭാവത്തിനനുസരിച്ച് ജീവിക്കാനുള്ള ഒരന്തരീക്ഷമാണു് ഒന്നാമതായി നാം തേടുന്നതു്. അതു് അകത്തായാലും പുറത്തായാലും. എന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ താല്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള ഒരന്തരീക്ഷം. അങ്ങനെ ഒരു ബോധാന്തരീക്ഷവും ഭൗതികാന്തരീക്ഷവും നമുക്കു ലഭിച്ചാൽ അവിടെ നാം ഏറെക്കുറെ സ്വസ്ഥരായിരിക്കും. നമ്മുടെ താല്പര്യങ്ങൾ അനേകമാണെങ്കിലും അതിൽ നമുക്കു് സ്വാസ്ഥ്യം പകരുന്ന താല്പര്യങ്ങളിൽ ജീവിക്കുമ്പോഴാണ് ജീവിതം സർഗാത്മകമായി മാറുക. അങ്ങനെ ഒരു സ്വസ്ഥത ലഭിച്ചുകഴിഞ്ഞാൽ പിന്നെ ആ സ്വാസ്ഥ്യം നിലനിറുത്താനുള്ള അന്തരീക്ഷമൊരുക്കുക എന്നതുമാത്രമാണ് നമ്മുടെ ചിന്തയും കർമവും. അനുകൂലമായ അന്തരീക്ഷം ലഭിച്ചുകഴിഞ്ഞാൽ പിന്നെ ആ അന്തരീക്ഷത്തിൽ എന്തെങ്കിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ അതിനെ എങ്ങനെ സ്വജീവിതസ്വസ്ഥിയ്ക്ക് അനുകൂലമാക്കി മാറ്റാം എന്നതാണ് അടുത്ത അന്വേഷണം. എല്ലാം കഴിഞ്ഞിട്ടു വേണം ഒന്നൊഴിഞ്ഞിരിക്കാൻ എന്നു പറയാത്തവരായി ആരുമില്ല. ജീവന്റെ സ്വാഭാവികമായ ഒരു ലക്ഷ്യമാണതു്. ഒന്നൊഴിഞ്ഞിരിക്കുക എന്നതു്. ഒഴിഞ്ഞിരിക്കുന്നവരോട് ഇനി എന്താണ് വേണ്ടത് എന്നു നാം ചോദിച്ചാൽ എന്നെ ഇങ്ങനെ കുറച്ചുനേരം ഇരിക്കാൻ അനുവദിക്കുക, മറ്റൊന്നും വേണ്ട എന്നാവും മറുപടി. ലാവോത്സ എന്ന ചൈനീസ് ദാർശനികൻ പറയുന്ന ഒരു ഉദാഹരണമാണ് ഓർമയിൽ വരുന്നതു്. ‘നാം വീടു പണിയുമ്പോൾ ജനലുകളും വാതിലുകളും ചുമരുകളും പണിയും. എന്നാൽ നാം ഉപയോഗിക്കുന്നത് ഒന്നും ചെയ്യാത്ത ഇടത്തെയാണ്. മണ്ണുകൊണ്ട് നാം കലമുണ്ടാക്കും. എന്നാൽ അതിൽ ഉപയോഗയോഗ്യമായിരിക്കുന്നതു് കുടത്തിനുള്ളിലെ ഒഴിഞ്ഞ ഇടങ്ങളാണ്. അതിനാൽ അറിയുക; ഉള്ളതിന്റെ പ്രയോജനമിരിക്കുന്നതു് ഇല്ലായ്മയിലാണു്. എത്ര ധന്യമായ വാക്കുകളാണിത്. ജീവിതസ്വസ്ഥതയ്ക്കായി ആർജിച്ചു കൂട്ടുന്ന നമുക്കു് ഇതിനേക്കാൾ ധ്യാനാത്മകമായ മറ്റൊരു വിഷയമില്ല. കൂടുതൽ ആർജിക്കുന്നിടത്തു് കൂടുതൽ സമാധാനമുണ്ടെന്ന ധാരണയാണു് പണമായാലും പ്രശസ്തിയായാലും അധികാരമായാലും കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ വീണ്ടും വീണ്ടും അതിനുപിന്നാലെ പായാൻ നമ്മെ പ്രചോദിപ്പിക്കുന്നതു്. കുറച്ചുസമയം ഒന്നു നിന്നു് എവിടേക്കാണ് താനീ പായുന്നത്. തന്റെയീ യാത്ര തനിക്കോ ചുറ്റുപാടിനോ ആശ്വാസമാകുന്നുണ്ടോ എന്നൊന്നന്വേഷിക്കാൻ നാം തയ്യാറാകേണ്ടതല്ലേ? പണവും ആദരവും അംഗീകാരവുമെല്ലാം ജീവിതസ്വസ്ഥിയ്ക്ക് അത്യാവശ്യം തന്നെയാണ്. എന്നാൽ അതെവിടെവെച്ചു നിറുത്തണം, ഏതു വരെയാകാം, അതു നമ്മുടെ ഒഴിവുകളെ അനുഭവിപ്പിക്കുന്നുണ്ടോ എന്നൊക്കെ ചിന്തിക്കാൻ നാം മറന്നുപോകുന്നിടത്താണ് ജീവിതം കൈവിട്ടുപോകുന്നതു്. ഓടിയോടി ക്ഷീണിച്ച് അവസാനം ഒന്നിരിക്കാൻപോലും സമയമില്ലാതെ നാം മരണത്തിലേക്ക് പെട്ടെന്നു വീണുപോകുകയാണ് ചെയ്യുന്നതു്. ഒഴിവുകൾക്കു പകരം നിറഞ്ഞുനിറഞ്ഞു് ശ്വാസംമുട്ടുന്ന ചുമരുകളാണ് നമ്മുടെ ജീവിതം. അവിടെ മുറിയേ ഇല്ല. ചുമരുകൾ മാത്രമേ ഉള്ളൂ. ഇവിടെയാണു് തെളിച്ചമുള്ള മുറികളെ അനുഭവിക്കാൻ സഹായിക്കുന്ന ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതെങ്ങനെയെന്നു് നാം ആലോചിക്കേണ്ടതു്. അതു പുതുതായി ആലോചിച്ചു കണ്ടെത്തേണ്ട ഒന്നല്ല. മറിച്ചു് നമ്മിലുള്ളതും കാലാകാലങ്ങളിൽ അങ്ങനെ ജീവിച്ചവർ നമ്മോടു പറഞ്ഞിട്ടുള്ളതുമാണ്.