അഭിജ്ഞാനനീതി

അഭിജ്ഞാനനീതി

ഫോക്കസ്

എം.പി. മത്തായി

അറിവിന്റെ മേഖലയില്‍ നിലനില്ക്കുന്ന ജ്ഞാനശാസ്ത്രപരമായ – epistemic – അനീതി ചൂണ്ടിക്കാട്ടുന്നതിനും, ഈ രംഗത്തും നീതി ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുംവേണ്ടി പ്രശസ്ത ഇന്ത്യന്‍ സാമൂഹ്യശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥന്‍ രൂപപ്പെടുത്തിയ COGNITIVE JUSTICE എന്ന പ്രയോഗത്തിന് സമാനാര്‍ത്ഥപദമായിട്ടാണ് ‘അഭിജ്ഞാനനീതി’ എന്ന വാക്ക് ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അറിവ്, വിജ്ഞാനം എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍ ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നുണ്ട് എന്നും സൂചിപ്പിച്ചുകൊള്ളുന്നു.

അഭിജ്ഞാനനീതിയുടെ പ്രശ്‌നാത്മകത (problematique) ആണ് ഈ ലേഖനത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമായും രണ്ടുതലങ്ങളിലാണ് ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നത്. ഒന്ന് പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ ചട്ടക്കൂട്ടിലും, പരിപ്രേക്ഷ്യത്തിലുമാണ്. രണ്ടാമത്തേത് ഇന്നത്തെ വിജ്ഞാനസമൂഹം (knowledge society) സൃഷ്ടിച്ചിട്ടുള്ള വിജ്ഞാനവിടവിന്റേയും (knowledge gap), ഡിജിറ്റല്‍ വിഭജനത്തിന്റെയും (digital divide) സ്വഭാവം പരിഗണിച്ചുകൊണ്ടാണ്. ഈ രണ്ടുതലങ്ങളിലും നടക്കുന്ന ചര്‍ച്ചകളെ സംക്ഷിപ്തമായി അവതരിപ്പിച്ച് ഈ പ്രശ്‌നം ചര്‍ച്ചചെയ്യാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ആഗോള കോര്‍പ്പറേറ്റ് മൂലധനശക്തികളും അവരുടെ സഹകാരികളായ ഭരണകര്‍ത്താക്കളും കൂടി നടപ്പാക്കിയ ആഗോളവല്‍ക്കരണത്തിന്റെ ശക്തമായ മുന്നേറ്റത്തില്‍ നീതിനിക്ഷേധിക്കപ്പെടുന്നവരുടെ എണ്ണവും, ദുരിതവും വര്‍ദ്ധിച്ചുവരുന്നത് നീതിബോധമുള്ള സാമൂഹ്യപ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞന്മാരും തികഞ്ഞ ആശങ്കയോടുകൂടിയാണ് നോക്കിക്കണ്ടത്. ദുര്‍ബലരായ സാധാരണക്കാര്‍ നേരിടേണ്ടിവന്ന നീതിനിഷേധം ബഹുതലസ്പര്‍ശിയായിരുന്നു. മറ്റു പല മേഖലകളിലും നീതിനിഷേധം പ്രകടമായിരുന്നുവെങ്കില്‍ അറിവിന്റെ മേഖലയില്‍ വ്യാപിച്ചുവരുന്ന നീതിനിഷേധം അത്ര പ്രസ്പഷ്ടമായിരുന്നില്ല. എന്നാല്‍, ഈ മേഖലയിലെ നീതിലംഘനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ തിരിച്ചറിയുകയും പ്രശ്‌നം സമൂഹശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.

ആഗോളവത്കരണത്തിന്റെ ഭാഗമായി വിജ്ഞാനമേഖലയില്‍ ശക്തിപ്രാപിക്കുന്ന നീതിലംഘനങ്ങള്‍ വാസ്തവത്തില്‍ ഒരു പുതിയ പ്രതിഭാസമായിരുന്നില്ല. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ സംഭവിച്ച രാഷ്ട്രീയ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായിരുന്ന വൈജ്ഞാനിക അധിനിവേശത്തില്‍ക്കൂടി അറിവിന്റെ മേഖലയിലും നീതിലംഘനം വ്യാപകമായിക്കഴിഞ്ഞിരുന്നു. അതിന്റെ ഒരു തുടര്‍ച്ചയാണ് ഇന്നുകാണുന്ന നീതിലംഘനങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ ഇന്നോളം തുടര്‍ന്നുവരുന്ന വൈജ്ഞാനിക അധിനിവേശവും, നീതിലംഘനവും തിരിച്ചറിയപ്പെടുകയും പ്രതിരോധിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടത് പൊതുനന്മ ഉറപ്പാക്കാന്‍ അനിവാര്യമാണ്. വിജ്ഞാനമേഖലയില്‍ നീതി ഉറപ്പാക്കാതെ ആഗോളനീതി യാഥാര്‍ത്ഥ്യമാക്കാനാകില്ല എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ശിവ് വിശ്വനാഥനും, അദ്ദേഹത്തോടൊപ്പം മറ്റ് ഗവേഷകരും, ചിന്തകരും അഭിജ്ഞാനനീതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിപുലപ്പെടുത്തിയത്.

I പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ഏഷ്യന്‍-ആഫ്രിക്കന്‍-കരീബിയന്‍ രാജ്യങ്ങളില്‍ നടന്ന യൂറോപ്യന്‍ കോളനിവത്കരണത്തെ സ്ഥാപനവല്‍ക്കരിക്കാന്‍ ആയുധശക്തിയോടൊപ്പം പ്രയോഗിച്ച സാംസ്‌കാരിക അധിനിവേശപദ്ധതിയുടെ ആധിപത്യസ്വഭാവത്തെ വിമര്‍ശിച്ചുകൊണ്ട്, അതിനുള്ള ഒരു ബദല്‍ എന്ന നിലയിലാണ് അഭിജ്ഞാനനീതി എന്ന പരികല്പന അവതരിപ്പിക്കപ്പെട്ടത്. യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ കോളനികളിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ രൂപപ്പെടുത്തി നിത്യജീവിതത്തില്‍ പാലിച്ചുപോന്ന മതാത്മക ലോകവീക്ഷണത്തെ (worldview) സമ്പൂര്‍ണമായി തിരസ്‌ക്കരിക്കുകയും, തല്‍സ്ഥാനത്ത് പാശ്ചാത്യശാസ്ത്ര വിപ്ലവം ഉത്പാദിപ്പിച്ച ശാസ്ത്രവാദത്തില്‍ അധിഷ്ഠിതമായ ‘ശാസ്ത്രീയ’ ലോകവീക്ഷണം പ്രതിഷ്ഠിക്കുകയും ചെയ്തു. യാഥാര്‍ത്ഥ്യം അഥവാ സത്യം കണ്ടെത്തുന്നതിനുള്ള ആധികാരികമായ മാര്‍ഗം പാശ്ചാത്യ ഭൗതികശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത ന്യൂനീകരണ രീതിശാസ്ത്രവും ജ്ഞാനയുക്തിയും ഉപയോഗിക്കുകയാണ്; ഇപ്രകാരം കണ്ടെത്തുന്ന ശാസ്ത്രീയമായ അഥവാ വസ്തുനിഷ്ഠമായ അറിവ് മാത്രമാണ് ആധികാരികമായ അറിവ്; അറിവ് എന്ന പേരില്‍ പ്രചാരത്തിലുള്ള മറ്റെല്ലാം വെറും (അന്ധ)വിശ്വാസമോ, വ്യക്തിഗത-ആത്മനിഷ്ഠ-അഭിപ്രായമോ മാത്രമാണ് എന്നുമായിരുന്നു ആധുനിക ശാസ്ത്രവാദികളുടെ നിലപാട്. ഏതുതരം അറിവിനെയും മൂല്യനിര്‍ണയം ചെയ്യുന്നതിനുള്ള മാനദണ്ഡം പാശ്ചാത്യ ശാസ്ത്രീയതയാണ് എന്ന് കൊളോണിയല്‍ മനോഭാവമുള്ള വിദഗ്ധര്‍ തീര്‍പ്പാക്കി. പാശ്ചാത്യ ശാസ്ത്രീയവീക്ഷണം പുലര്‍ത്തുന്നവര്‍ മാത്രമാണ് പരിഷ്‌കൃതരും, സംസ്‌ക്കാര സമ്പന്നരുമെന്ന് വാദിച്ച്, പാരമ്പര്യാധിഷ്ഠിത ജീവിതക്രമം പിന്‍തുടരുന്നവരെ അപരിഷ്‌കൃതരും, സംസ്‌കാരശൂന്യരുമായ പ്രാകൃതര്‍ (savages) എന്ന് മുദ്രകുത്തി. ഈ മാനദണ്ഡപ്രകാരം കോളനിനിവാസികള്‍ ഒന്നടങ്കം പ്രാകൃതരായി ചാപ്പകുത്തപ്പെട്ടു. പ്രകൃതി(സൗഹൃദ)പരവും പാരസ്പര്യബദ്ധവുമായ ജീവിതായോധന രീതികളും, ജീവിതശൈലികളും, ശാസ്ത്രീയതയുടെ പേരില്‍ അപഹസിക്കപ്പെടുകയും, തിരസ്‌ക്കരിക്കപ്പെടുകയും ചെയ്തു. കോളനിയിലെ ജനങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് കൊളോണിയല്‍ ശക്തികള്‍ ആയുധശക്തിക്ക് സമാന്തരമായും പകരമായും സാംസ്‌കാരികമേധാവിത്വതന്ത്രങ്ങള്‍ പ്രയോഗിച്ചു. ഗ്രാംഷിയും അല്‍ത്തൂസറും മറ്റും cultural hegemony എന്ന് വിശേഷിപ്പിച്ച ഈ മേധാവിത്വതന്ത്രങ്ങള്‍ ശാസ്ത്രീയവിദ്യാഭ്യാസം, മതം, പ്രത്യയശാസ്ത്രങ്ങള്‍ മുതലായ സാംസ്‌കാരിക വിഭവങ്ങള്‍ ഉപയോഗിച്ചും, തദ്ദേശജനസമൂഹങ്ങളില്‍ നിലനിന്നിരുന്ന വിഭജനങ്ങള്‍ മുതലെടുത്തുമാണ് നടപ്പാക്കിയതെന്ന് കൊളോണിയല്‍ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നാട്ടറിവ്, പാരമ്പര്യ വിജ്ഞാനം, വംശീയവിജ്ഞാനം എന്നിങ്ങനെ വൈവിദ്ധ്യസമ്പന്നമായ ഒരു മഹാവിജ്ഞാന സഞ്ചയമുണ്ടായിരുന്നു ‘ഫസ്റ്റ്‌നേഷന്‍’ എന്നു വിളിക്കപ്പെടുന്ന തദ്ദേശജനതയ്ക്ക്. ശാസ്ത്രീയതയുടെ പേരില്‍ അവയിലധികവും തിരസ്‌ക്കരിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. അധിനിവേശശക്തികള്‍ വംശഹത്യയോടൊപ്പം നടത്തിയ ഈ ജ്ഞാനഹത്യ (epistemicide) വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ, അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. ഈ പ്രശ്‌നം ആദ്യമായി ഗൗരവപൂര്‍വം ഉന്നയിച്ചവരില്‍ ഒരാള്‍ മഹാത്മാഗാന്ധിയായിരുന്നു. അദ്ദേഹം തന്റെ പ്രഥമകൃതിയായ ‘ഹിന്ദ് സ്വരാജി’ല്‍ (1909) സംസ്‌ക്കാരത്തിന്റെയും ശാസ്ത്രീയതയുടെയും പേരില്‍ യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ഉന്നയിച്ച അവകാശവാദത്തെ ചോദ്യംചെയ്യുകയും യുക്തിയുക്തം നിരാകരിക്കുകയും ചെയ്തു.

ഗാന്ധിജിയുടേത് സാംസ്‌കാരിക വിമര്‍ശനമായിരുന്നു. തനത് പ്രദേശിക സംസ്‌കൃതികളെ ഉന്മൂലനം ചെയ്ത്, തല്‍സ്ഥാനത്ത് ആധുനിക പാശ്ചാത്യനാഗരികത സ്ഥാപിക്കാനുള്ള യൂറോപ്യന്‍ ശക്തികളുടെ പദ്ധതിയാണ്, കോളനികളില്‍ അവര്‍ നടത്തുന്ന സാമ്പത്തിക ചൂഷണത്തെക്കാള്‍ കൂടുതല്‍ അപകടകരം എന്ന് ഗാന്ധിജി അന്നേ മുന്നറിയിപ്പു നല്കി. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഗ്രാമീണഭാരതത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗാന്ധിജി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘നിര്‍മാണ പരിപാടി’കളിലെ – Constructive Programme – മുഖ്യ ഇനങ്ങളായ ഖാദി-ഗ്രാമവ്യവസായങ്ങള്‍ നാട്ടറിവുകളുടെ ജനകീയ പ്രയോഗങ്ങളായിരുന്നു. തിരസ്‌കൃതമായിരുന്ന അവയെ തിരഞ്ഞുപിടിച്ച്,വീണ്ടെടുത്ത് പ്രചരിപ്പിക്കുകവഴി നാട്ടറിവുകളുടെ പുനഃസ്ഥാപനമാണ് ഗാന്ധിജി നടത്തിയത്. അതുപോലെ തന്നെ, ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസവും പ്രാദേശിക അറിവുകളും, സംസ്‌കൃതിയും പുനരുജ്ജീവിപ്പിക്കുന്ന ദൗത്യമാണ് നിര്‍വഹിച്ചത്. ഗാന്ധിജിക്കുശേഷം കോളനികളില്‍ നിന്നും, ഒന്നാം ലോകരാജ്യങ്ങളില്‍ നിന്നുമുള്ള ചിന്തകന്മാരും, ഗവേഷകരും യൂറോപ്പ് നടത്തിയ സാംസ്‌കാരിക അധിനിവേശത്തില്‍ അന്തര്‍ഭവിച്ചിരുന്ന അധാര്‍മികതയും അനീതിയും അശാസ്ത്രീയതയും തുറന്നുകാട്ടുകയുണ്ടായി.