വൈജ്ഞാനിക നീതിതേടി

വൈജ്ഞാനിക നീതിതേടി

വൈജ്ഞാനിക നീതിതേടി

ശിവ് വിശ്വനാഥന്‍

സാങ്കേതികവിദ്യയുടെ കൈമാറ്റം എന്നത് ഒരു വികസന സിദ്ധാന്തമാണ്. ശാസ്ത്രത്തെ അത് കാണുന്നത്, കേന്ദ്രത്തില്‍നിന്ന് വൃത്തപരിധികളിലേക്ക് സഞ്ചരിക്കുന്ന ഒന്നായിട്ടാണ്. വന്‍ നഗരങ്ങളില്‍നിന്ന് പ്രവശ്യകളിലേക്കുള്ള ഒരു പ്രയാണം. അറിവിന്റെ മുഖ്യഉറവിടം ശാസ്ത്രമത്രേ. അത് ഉടലെടുക്കുന്നതും കേന്ദ്രീകരിക്കപ്പെടുന്നതും നഗരങ്ങളിലാണ്. ശാസ്ത്രത്തില്‍നിന്നു വിഭിന്നമായിട്ടുള്ള വിജ്ഞാനത്തിന്റെ ഇതര സ്രോതസ്സുകളെയെല്ലാം കാണുന്നത് തനതു സാംസ്‌കാരിക ശാസ്ത്രം, കപടശാസ്ത്രം, അന്ധവിശ്വാസം ഒക്കെയായിട്ടാണ്. അതിനെ അവിജ്ഞാനമായും കാണുന്നുണ്ട്, ചിലര്‍. പ്രാകൃതം, അപരിഷ്‌കൃതം എന്ന രീതിയിലാണ് ശാസ്ത്രയുഗത്തിനു മുന്‍പുള്ളവയെയെല്ലാം ദര്‍ശിക്കുന്നത്. കണ്ടുപിടിത്തങ്ങളെല്ലാം ഏറക്കുറെ സംഭവിക്കുന്നത് നഗരകേന്ദ്രങ്ങളിലാണ്. എന്നാല്‍ നവീകരണങ്ങള്‍ നാടകീയമായി നടക്കുന്നതും വ്യാപിക്കുന്നതും നഗരത്തിനു വെളിയിലാണ്.

സാങ്കേതികവിദ്യയെ പ്രദേശവത്കരിക്കാനും മാറ്റംവരുത്തി സ്വീകരിക്കാനുമാവും. മാറ്റംവരുത്തിയുള്ള സാങ്കേതികവിദ്യയുടെ സ്വീകരണം പ്രാദേശിക പ്രകൃതിവിഭവങ്ങളും നാട്ടറിവുകളും ഉപയോഗപ്പെടുത്തിയാണ്. ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയല്ലാതെ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല. ഒരു സാങ്കേതികവിദ്യ പ്രചരിപ്പിക്കുകയെന്നാല്‍ അതിനെ ജനാധിപത്യവത്കരിക്കുകയാണ്. ശാസ്ത്രത്തിന് ഇതര വിജ്ഞാനരൂപങ്ങളോടുള്ള ബന്ധംതന്നെ ആദ്യം പരിഗണിക്കാം. രണ്ടാമത്തേ സ്ഥാനം അല്പം താഴ്ന്ന പടിയിലാണ്. ഉദാഹണത്തിന്, സസ്യശാസ്ത്രത്തിലെ ഒരു വിജ്ഞാനശകലം, നിലവിലെ നാട്ടറിവുകളെ അംഗീകരിക്കാതെ അതിനോടു കടപ്പാടു രേഖപ്പെടുത്താതെ മരുന്നായി വികസിപ്പിച്ചെടുക്കുന്നു. ഇവിടെ ഉത്പന്നത്തെ നിര്‍മിക്കുകയും ഉത്പാദന പ്രക്രിയയെ അവഗണിക്കുകയും ചെയ്യുന്നു. ഈയൊരു ചട്ടക്കൂടില്‍ പരമ്പരാഗത നാട്ടറിവുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ മാര്‍ഗങ്ങളേ ഉള്ളൂ. ഇവിടെ പ്രകൃതിയും ഒരു ജനതയും ഒപ്പമുള്ള ഒരു വിജ്ഞാനപദ്ധതിയും വ്യവസ്ഥയും ഒന്നുകില്‍ ഉന്മൂലനം ചെയ്യപ്പെടുകയോ കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കപ്പെടുകയോ ചെയ്യുന്നു. രണ്ടാമത്തേത്, ഈ അറിവിന്റെ ഉറവിടം ചേരിപ്രദേശത്തുനിന്നാണെന്നു പ്രചരിപ്പിച്ച്, അനൗപചാരികമെന്നും എന്നാല്‍ നിയമാനുസൃതമല്ലെന്നും പറഞ്ഞ് അതിനോട് ബൗദ്ധികമായ ഒരു വര്‍ണവിവേചനം പുലര്‍ത്തുക എന്നതാണ്. ഇവിടെ പരമ്പരാഗത നാട്ടറിവുകള്‍ താഴ്ന്നതട്ടിലും നിലവാരത്തിലുമാണെന്ന് മുദ്രയടിക്കപ്പെടുന്നു. അനൗപചാരിക സാമ്പത്തികമേഖലയില്‍ ഉപയോഗപ്പെടുത്തുന്ന, പ്രാന്തവത്കരിക്കപ്പെട്ട വിജ്ഞാനശാഖയായി നിലനില്‍ക്കാനുള്ള പ്രാപ്തിയേ അതിനുണ്ടാവൂ. നേരേ മറിച്ച്, വൈദഗ്ധ്യം തികഞ്ഞ അറിവ്, ശാസ്ത്രീയജ്ഞാനമായി അംഗീകരിക്കപ്പെടുന്നു. ചിലപ്പോള്‍ ഈ അധികാരശ്രേണി താത്കാലികമായ ഒരു സംവിധാനമായിത്തീരുകയും നാട്ടറിവുകള്‍ തനതു സാംസ്‌കാരികശാസ്ത്രമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ലെവി സ്ട്രാസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പല ഘടകങ്ങളുപയോഗിച്ച് ഒരു സാഹിത്യസൃഷ്ടിയോ കലാശില്പമോ തീര്‍ക്കലാണത്. ഇംഗ്ലീഷില്‍ ബ്രിക്കോളേജ് (bricolage) എന്നാണതിനെ വിളിക്കുക. പ്രായോഗികജീവിതത്തിലെ അതിന്റെ സാധ്യതകളെ അംഗീകരിക്കുന്നതോടൊപ്പം അതിന്റെ സൈദ്ധാന്തികമായ സാധ്യതകളെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ഇത്തരം കലാസൃഷ്ടികള്‍ നടത്തുന്നവരുടെ സ്ഥാനം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലയിലും വളരെ താഴെയാണ്. അത്തരമൊരു ലോകത്ത് ശാസ്ത്രം കളങ്കമേശാത്ത രീതിയില്‍ നിലകൊള്ളുന്നു. എന്നാല്‍ സാങ്കേതികവിദ്യ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് വിധേയമാണ്.

ഇന്റര്‍മീഡിയറ്റ് ടെക്‌നോളജി പ്രസ്ഥാനം ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്കായി നിര്‍ദേശിച്ചത് ഇ.എഫ്. ഷൂമാക്കര്‍ ആണ്. ഗാന്ധിജിയുടെ ദര്‍ശനം പങ്കുവയ്ക്കുന്നവരും അമൂല്യറെഡ്ഡിയെപ്പോലെയുള്ളവരും, ഇതിന്റെ വക്താക്കളാണ്. അമൂല്യറെഡ്ഡിയാണ് ബയോഗ്യാസ് ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. ജയ്പൂര്‍ ഫുട്ട് പി.കെ. സേഥിയുടെ കണ്ടുപിടിത്തമാണ്. കര്‍ഷകന് പ്രഥമ പരിഗണന എന്ന റോബര്‍ട്ട് ചേമ്പേഴ്‌സിന്റെ ദര്‍ശനം ഇവിടെ സ്മരണീയമാണ്. വിജ്ഞാനവ്യാപനത്തിലൂടെ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനും സ്വീകാര്യത ലഭിക്കുന്നതിനും ഉച്ചഭാഷിണി മാത്രം മതിയാവും. കേരളത്തിലെ സാമൂഹ്യപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യപരിഷത്ത് അത് ചെയ്യുന്നുണ്ട്. എന്നാല്‍ റോബര്‍ട്ട് ചേമ്പേഴ്‌സിന്റെ അഭിപ്രായത്തില്‍ ഓരോ പ്രദേശത്തിനും സ്വന്തമായ ശബ്ദം പങ്കാളിത്തം വഹിക്കാനുള്ള അവകാശവും ഉണ്ടാവണമെന്നത്രേ. ജനഹിത പരിശോധന, സാങ്കേതികവിദ്യയുടെ തിരിച്ചുവിളിക്കല്‍, വിവരാവകാശം എന്നീ സങ്കല്പങ്ങള്‍ ഈ ദര്‍ശനം ഉള്‍ക്കൊള്ളുന്നുണ്ട്. ഇവിടെ ശാസ്ത്രത്തിന് ഉച്ചഭാഷിണിയല്ല വേണ്ടത്; പ്രത്യുത, സാങ്കേതികവിദ്യയ്ക്ക് ഒരു ശ്രവണ സഹായിയാണ്. ക്ലിനിക്കല്‍ പരിശോധനയ്ക്കപ്പുറം ജനങ്ങളെ ശ്രവിക്കാന്‍ ശാസ്ത്രത്തിനു സാധിക്കണം. സാമൂഹികബോധവും നാട്ടറിവുകളും നിര്‍ണായകമായിത്തീര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും ഊന്നല്‍ ഇപ്പോഴും സിദ്ധാന്തത്തിനെക്കാള്‍ ശബ്ദത്തിനാണ്.