പൊണൊഗ്രാഫിയും ബോഡിസ്‌കേപ്പുകളും

പൊണൊഗ്രാഫിയും ബോഡിസ്‌കേപ്പുകളും

ദൃശ്യങ്ങളെ ‘പൊണൊഗ്രാഫിക്’ ആക്കി മാറ്റുന്നത് നോട്ടം അല്ലെങ്കില്‍ നോട്ടത്തിന്റെ സ്വഭാവം ആണ്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ ഇരുപതുവയസ്സുകാരിയായ മകള്‍ ആലിയ ഷാഗീവ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തതു കണ്ട് ഒട്ടേറെ സദാചാരവാദികള്‍ എതിര്‍പ്പുന്നയിച്ചു. അതിന് അവര്‍ നല്‍കിയ മറുപടി ”ഇതില്‍ സെക്‌സ് കണ്ട നിങ്ങളുടെ കണ്ണിനാണ് കുഴപ്പം” എന്നായിരുന്നു. മുലയൂട്ടുന്ന അമ്മയുടെ അനാവൃത മാറിടത്തെ സെക്‌സ് സിംബലായി അല്ലെങ്കില്‍ രതിക്കോ, ദൃശ്യരതിക്കോയുള്ള ലൈംഗികവസ്തുവായി തുറിക്കുന്ന ആണ്‍നോട്ടത്തിന്റെ നാടോടിത്തമാണ് അത്തരം ചിത്രങ്ങളെ വൈറലാക്കുന്നത്. കുഞ്ഞിന് മുലകൊടുത്തുകൊണ്ട്, വെനസ്വേലന്‍ പ്രസിഡന്റ് ആയിരുന്ന ഹ്യൂഗോ ഷാവാസിനോട് സംസാരിക്കുന്ന അമ്മയുടെ ചിത്രം ലറീസ വാട്ടേഴ്‌സ് എന്ന സെനറ്റര്‍ ഓസ്‌ട്രേലിയന്‍ നിയമസഭയിലിരുന്ന് കുഞ്ഞിന് മുല കൊടുത്ത ചിത്രം, ബ്രസീലിലെ എം.പിയും മന്ത്രിയുമായ മനുവേല ഡി ആവില ദേശീയ അസംബ്ലിയിലിരുന്നുകൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം – ഇവയെല്ലാം ആണ്‍ലൈംഗികനോട്ടത്തിന് ആനന്ദം പകരുന്ന ദൃശ്യങ്ങളായതുകൊണ്ടാണ് മാധ്യമങ്ങളില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാര്‍ത്താചിത്രമായി പകര്‍ത്തിയത്. മുലയെ ശരീരത്തിലെ ആവരണം ചെയ്യാത്ത ഏതെങ്കിലും ഒരവയവത്തിന്റെ നിലയില്‍ കാണുകയോ, കുട്ടിക്ക് ആ അമ്മമാര്‍ കുപ്പിപ്പാല്‍ നല്‍കുകയോ ചെയ്യുകയായിരുന്നെങ്കില്‍ ഇത്തരത്തില്‍ ദൃശീകരിക്കുകയില്ലായിരുന്നു. അമ്മമാര്‍ എന്തിനാണ് മുല മുഴുവനും പുറത്തുകാണത്തക്കവിധം ഇരുന്ന് കുഞ്ഞിനെയൂട്ടുന്നത് എന്ന് ഇത്തരം സന്ദര്‍ഭത്തില്‍ ചോദ്യം ഉയരാം. ബാഹുബലി സിനിമയില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം മാറിടം അല്പംപോലെ പുറത്തുകാണാത്ത വിധമാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. ആ ദൃശ്യം നോക്കി എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അത്തരത്തില്‍ ചെയ്തുകൂടാ എന്നും ചോദിക്കുന്നവരുണ്ട്. താനോ, തന്റെ ശരീരമോ, തന്റെ മുലയോ ഒരു ലൈംഗിക വസ്തു (sexual object) അല്ലെന്ന ഉത്തമബോധ്യത്തോടെയാണ് മനുവേല ഡി ആവില കുഞ്ഞിന് മുലയൂട്ടുന്നത് എന്ന വസ്തുത ആ ചിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അവര്‍ ദേശീയ അസംബ്ലിയില്‍ ഒരു അനിമേറ്റഡ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്ന സമയത്താണ് കുഞ്ഞിനെ മുലയൂട്ടിയതും. ഒരു രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്ന നിലയിലുള്ള അവരുടെ കര്‍ത്തൃത്വം തന്നെയാണ് ഇവിടെ പ്രധാനം. അതേസമയം, അതിനു തത്തുല്യമായിത്തന്നെ ‘അമ്മ’ എന്ന കര്‍ത്തൃത്വവും പ്രധാനമാണ്. അതാണ് ആ ചിത്രത്തിലുള്ളത്. തന്റെ ജോലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ, തന്റെ കുഞ്ഞിന് പാലൂട്ടുന്നതില്‍ തടസ്സം വരുത്താതെ കര്‍മനിരതയായപ്പോള്‍ മുല തുണികൊണ്ടു മൂടിപ്പുതച്ചുവയ്‌ക്കേണ്ട ലൈംഗികവസ്തുവാണെന്നും അത് പുരുഷനോട്ടത്തിന്റെ ക്യാമറക്കണ്ണില്‍പ്പതിയുമെന്നും മനുവേല കരുതിയിട്ടുണ്ടാവില്ല. അതുതന്നെയാണ് മാറിടം തുറന്ന് മുലയൂട്ടിയ മറ്റു സ്ത്രീകളുടെയും സ്ഥിതി. അച്ചടി-ദൃശ്യ-സൈബര്‍ മാധ്യമയിടങ്ങളിലെല്ലാം ഇത്തരം ദൃശ്യങ്ങള്‍ വൈറലാകുമ്പോള്‍ മാധ്യമദൃശ്യവിപണയില്‍ അത്തരം ദൃശ്യങ്ങള്‍ പലവിധത്തില്‍ ആവര്‍ത്തിക്കുന്നു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗൃഹലക്ഷ്മി നല്‍കിയ കവര്‍‌സ്റ്റോറിയില്‍ ഒരു മോഡലിന്റെ മടയിലിരുത്തി സിന്ദൂരവും ആഭരണവുമിട്ട് മുടിയൊക്കെയഴിച്ചിട്ട ഒരു മോഡലിന്റെ മടിയില്‍ കുഞ്ഞിനെ പിടിപ്പിച്ച് തുറന്ന മാറിടത്തില്‍നിന്ന് പാലൂടുന്ന ചിത്രം നല്‍കിയിരുന്നു.

ആ ലക്കത്തിന് വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുതലായിരുന്നു. ആ കവര്‍‌സ്റ്റോറിയില്‍ ബ്രസീലിയന്‍ മന്ത്രി മനുവേലയുടേത് അടക്കമുള്ള വേറെയും മുലയൂട്ടല്‍ ചിത്രങ്ങള്‍ നല്‍കിയിരുന്നു. കവര്‍ച്ചിത്രം ഉള്‍പ്പെടെ മനുവേല മുലയൂട്ടുന്നതിനു സമാനമായ രീതിയില്‍ മൗലികം ആയിരുന്നില്ല. ആണ്‍ലൈംഗികനോട്ടങ്ങള്‍ക്ക് ആനന്ദം പകരാന്‍ വേണ്ടി ആസൂത്രിതമായി/കൃത്രിമമായി ഷൂട്ടു ചെയ്തവയായിരുന്നു. തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്നായിരുന്നു ആ കവര്‍‌സ്റ്റോറിയുടെ തലക്കെട്ടെങ്കിലും തുറിച്ചുനോട്ടത്തിന്റെ എല്ലാ സാധ്യതകളേയും ആ ഫോട്ടോഗ്രാഫ് ഉപയോഗപ്പെടുത്തിയപ്പോള്‍ അത് പൊണൊഗ്രാഫ് ആയിമാറി. അച്ചടിയുടെ തലത്തില്‍ നിന്ന് ടെലിവിഷന്‍ ചാനലിന്റെ ചര്‍ച്ചയിലേക്ക് ആ ചിത്രത്തിന്/ അത്തരം ചിത്രങ്ങള്‍ക്ക് സ്വീകാര്യത കിട്ടുകയും ചെയ്തു. ആ ദൃശ്യങ്ങള്‍ ചര്‍ച്ചയിലുടനീളം സംപ്രേഷണവും ചെയ്തു. സൈബറിടത്തില്‍/സമൂഹമാധ്യമങ്ങളില്‍, മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ വായിലേക്ക് ഒരു മോഡലിന്റെ മുല തിരുകിക്കയറ്റി ഫോട്ടോ എടുത്തതിന്റെ ധാര്‍മികതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടു. ആ ചിത്രം അശ്ലീലമാണെന്നും പരസ്യമായി മുലയൂട്ടുന്നതു വിപ്ലവമൊന്നുമല്ലെന്നും ഉള്ള വാദം ഉന്നയിച്ച സ്ത്രീകള്‍ മുല പുറത്തുകാട്ടി സ്വന്തം കുഞ്ഞിന് പാലൂട്ടുന്ന ഫോട്ടോകളും പോസ്റ്റു ചെയ്തു. അവയും മാധ്യമയിടങ്ങളില്‍ ഓടിനടന്നു അഥവാ വൈറലായി. ടെലിവിഷന്‍ ഇടങ്ങളില്‍/ചര്‍ച്ചകളില്‍ ഇത്തരം ദൃശ്യങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നു. ഇവിടെയെല്ലാം ഫ്രെഡ്രിക് ജെയിംസണ്‍ പറഞ്ഞപ്രകാരം ദൃശ്യം എന്നത് ആത്യന്തികമായി പൊണൊഗ്രാഫിക് ആയി മാറുകയായിരുന്നു. അതു സൃഷ്ടിക്കുന്ന ദൃശ്യാനന്ദം ആണ് മാധ്യമങ്ങളുടെ നോട്ടം.

ഉടുവസ്ത്രമൂരിയ ഫെമന്‍ പ്രതിഷേധങ്ങള്‍

സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും ലൈംഗികത്തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനായി വസ്ത്രം ഊരിയെറിഞ്ഞ് സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടമായും നടത്തിയ പ്രതിഷേധങ്ങള്‍ ടെലിവിഷന്റെ ക്യാമറക്കണ്ണുകള്‍ക്ക് ഉത്സവലഹരിപകരുന്നതായിരുന്നു. വിശേഷിച്ച് 2008-ല്‍ ഉക്രെയ്‌നില്‍ രൂപംകൊണ്ട്, ആസ്ഥാനം പിന്നീട് പാരീസിലേക്ക് മാറിയ ‘ഫെമന്‍’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ എല്ലാ വാക്കിലും എഴുത്തിലും ഉറകുത്തി ഫെമിനിസ്റ്റു പ്രതിഷേധം കണ്ട് പരിചയിച്ചവരെ നടുക്കുന്നതായിരുന്നു. ഇന്ന് നിലച്ചുപോയെങ്കിലും ഫെമന്‍ എന്ന സംഘടനയ്ക്ക് പലയിടത്തായി ഏഴ് ബ്രാഞ്ചുണ്ടായിരുന്നു. ട്വിറ്ററില്‍ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. അവരുടെ ഓരോ പ്രതിഷേധവും നഗ്നതയെ തുറന്നുകാട്ടി, സ്ത്രീയുടെ ഭാഷയെന്നാല്‍ അവളുടെ ശരീരം തന്നെയാണെന്ന് പ്രത്യക്ഷമാക്കുന്നതായിരുന്നു. പുരുഷന്റെ ഭാഷയെ, നോട്ടത്തിന്റെ ചൂഴലിനെ, അധികാരത്തിന്റെ അമര്‍ത്തിപ്പിടിക്കലിനെ ഉടല്‍കൊണ്ടു പ്രതിരോധിച്ച സമരമാര്‍ഗം. ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിയെ, മാന്‍ഡ്രിഡിലെ അദ്ദേഹത്തിന്റെ മെഴുകുപ്രതിമയ്ക്കുമുന്നില്‍ മാറിടം തുറന്നുകാട്ടി നടത്തിയ പ്രതിഷേധം, അടിവസ്ത്രം മാത്രം ധരിച്ച യുവതി, ഉക്രെയ്‌ന്റെ യൂറോപ്യന്‍ ഭാവി ഇല്ലാതാക്കുന്നതാണ് ബര്‍ലിന്‍ എന്നാരോപിച്ച്, മാറിടത്തില്‍ പ്രതിഷേധവാക്കുകള്‍ കുറിച്ച് പ്രതീകാത്മകമായി മതില്‍ പൊളിച്ചു നടത്തിയ സമരം, മാറിട പ്രദര്‍ശനം നടത്തി ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടിയെ ഫ്രണ്ട് നാഷണല്‍ ബാന്‍ക്വെറ്റ് വേദിയിലേക്ക് നാല് സ്ത്രീകള്‍ ഇരച്ചുകയറി നടത്തിയ സമരം, ഐ.എം.എഫിന്റെ മുന്‍മേധാവി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ പ്രതിഷേധ വാക്കുകള്‍ മാറിടത്തിലെഴുതി മൂന്ന് സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കി നടത്തിയ പ്രതിഷേധം, ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മറിയോ ദ്രാഗിക്ക് എതിരെ നടന്ന നഗ്ന പ്രതിഷേധം – ഇങ്ങനെയുള്ള ഫെമന്‍ സമരങ്ങലെയെല്ലാം പൊണൊഗ്രാഫിക് ആയിട്ടാണ് ടെലിവിഷന്‍ ക്യാമറകള്‍ ചിത്രീകരിച്ചിട്ടുള്ളത്.