കുഞ്ഞുകവിതകളുടെ തമ്പുരാന്‍
നിഷ്‌കളങ്കതയുടെയും നിശിതവിമര്‍ശനത്തിന്റെയും കുട്ടിത്തത്തിന്റെയും വൈവിധ്യമാര്‍ന്ന ജീവിതദര്‍ശനങ്ങളുടെയും കുഞ്ഞുണ്ണിക്കവിതകള്‍. എക്കാലത്തും ഏവരേയും സ്വാധീനിക്കുന്നതാണ്. അദ്ദേഹത്തിന്റെ 15-ാം മത് ചരമവാര്‍ഷികത്തില്‍ കുഞ്ഞുണ്ണിമാഷിനെ സ്മരിച്ചുകൊണ്ട്.
കവിതയുടെ സാമ്പ്രദായിക രചനാരീതിയിലും ഘടനയിലും അസാധാരണമായ ആത്മവിശ്വാസത്തോടെ ഒരു പൊളിച്ചെഴുത്ത് നിര്‍വഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും ചെയ്ത കവിയാണ് കുഞ്ഞുണ്ണിമാഷ്. കുഞ്ഞുകവിതകളെഴുതി കരുത്തുകാട്ടിയ കവി. ലളിതമായ വാക്കുകളില്‍ അനന്തമായ അര്‍ഥവ്യാപ്തിയുടെ അതിരുകളില്ലാത്ത ആകാശം തീര്‍ത്തു ഈ കവി. വലിയസത്യത്തെ ഒരു ചെറുചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമായിരുന്നു, അദ്ദേഹത്തിന്റെ കവിതകള്‍. അതേസമയം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കവിത ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാന്‍ കഴിയുംവിധം കവിതകളെ രൂപപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് കുഞ്ഞുണ്ണിമാഷുടെ വിജയം. അനുഭവങ്ങള്‍ കടഞ്ഞെടുത്ത്, കുറുക്കിയും കൂര്‍പ്പിച്ചും അദ്ദേഹമെഴുതിയ കുഞ്ഞുകവിതകള്‍ ജീവിതത്തെക്കുറിച്ച് അമ്പരപ്പിക്കുംവിധം വൈവിധ്യമാര്‍ന്ന ദര്‍ശനങ്ങളാണ് നമുക്കു നല്‍കിയത.് കൂണുകള്‍ കണക്കെ മുളയിട്ട് പെരുകിവരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ബാഹുല്യം കവിയെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ആദര്‍ശവും ആത്മാര്‍ഥതയും ഒട്ടുമില്ലാത്ത ഇക്കൂട്ടര്‍, ജനാധിപത്യത്തിന്റെ സൗഭാഗ്യത്തിനകത്ത് പിറന്നുവീണ് ഓരോ കൊടിയുംപിടിച്ച് പേക്കൂത്തുകള്‍ നടത്തുന്നതുകണ്ടപ്പോഴുള്ള വിഷമംകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പരിഹസിച്ചത്- പ്ലേഗ് പരന്നാലുണ്ട് നിവൃത്തി
ഫ്‌ളാഗ് പരന്നാലില്ല നിവൃത്തി
രാഷ്ട്രത്തെ അറിയാത്ത രാഷ്ട്രീയക്കാരൊക്കെകൂടി രാഷ്ട്രീയംകളിച്ച് രാഷ്ട്രത്തെ രക്ഷയില്ലാകയത്തിലേക്ക് ആഴ്ത്തുന്നു എന്ന് നിസ്സഹായനായി തിരിച്ചറിഞ്ഞപ്പോഴാണ് രാഷ്ട്രത്തെ രക്ഷിച്ചെടുക്കാന്‍ അദ്ദേഹം കവിതയിലൂടെ ഒരു പോംവഴി നിര്‍ദേശിച്ചത്-
നേതാക്കന്‍മാരേ, നിങ്ങളാത്മഹത്യ ചെയ്യുവിന്‍. എന്തുകൊണ്ടെന്നാല്‍, എനിക്കു നിങ്ങളെകൊല്ലാനുള്ളകഴിവില്ല. ആദര്‍ശങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അധികാരമാണ് എല്ലാ രാഷ് ട്രീയ പാര്‍ട്ടികളുടെയും ആത്യന്തികലക്ഷ്യമെന്ന് കുഞ്ഞുണ്ണിമാഷ്‌ക്ക് നന്നാ യി അറിയാം. അതേസമയം അധികാരം കൈയില്‍കിട്ടിയാല്‍ ഏത് ആദര്‍ശവാനും ആദര്‍ശങ്ങളെ കാറ്റില്‍പറത്തിയാണ് ഭരിക്കാന്‍ ശ്രമിക്കുക എന്നതാണ് അനുഭവം. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്- മന്ത്രിയായാല്‍ മന്ദനാകും, മഹാമാര്‍ക്‌സിസ്റ്റുമീ, മഹാഭാരത ഭൂമിയില്‍. ദുഷിച്ചു നാറിയലോകത്തിന്റെ അവസ്ഥയില്‍ വിഷമം തോന്നിയപ്പോഴാണ് അതിനെ നന്നാക്കാന്‍ വഴിയന്വേഷിച്ച് അദ്ദേഹമിറങ്ങിയതും അതു കണ്ടെത്തിയതും. അത് അദ്ദേഹം ഒരു കവിതയില്‍ അവതരിപ്പിച്ചപ്പോള്‍ കനമുള്ള ഒരു തത്ത്വശാസ്ത്രം രൂപപ്പെട്ടു. വലിയൊരുലോകം നന്നാകാന്‍ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍: ‘സ്വയം നന്നാവുക.’ നന്നാവുക എന്നതിന് നല്ലവനായി ജീവിക്കുക എന്നാണ് പൊതുവായ അര്‍ഥം. എന്നാല്‍ കെട്ടകാലം അതിന് നല്‍കിയ പുതിയ വ്യാഖ്യാനം എങ്ങനെയും നാലുകാശുസമ്പാദിച്ച് സമ്പന്നനാകുക എന്നാണെന്ന് മനസ്സിലാക്കിയപ്പോഴാണ് കവി എഴുതിയത്- എനിക്ക് ഞാന്‍ നന്നാവണമെന്നില്ല എനിക്ക് നന്നാവണമെന്നേയുള്ളൂ. നല്ലവരായി ജീവിതവിജയം കണ്ടെത്താന്‍ അദ്ദേഹം നമുക്ക് കവിതയിലൂടെ മുത്തുപോലെ പവിത്രമായ ഒരു സാരോപദേശം വിളക്കിയെടുത്ത് നല്‍കുന്നത്ശ്രദ്ധിക്കുക- നല്ല വാക്കും നല്ല നോക്കും നല്ല പോക്കും ജീവിതമയ്യാ നന്നായി ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തക്കതായ പ്രതിഫലം കാലം നമുക്ക് തിരിച്ചുനല്‍കും എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു കുഞ്ഞുണ്ണിമാഷ്‌ക്ക്. അത് ഒരു വെളിപാടായി വാര്‍ന്നുവീണു, ഒരു കവിതയില്‍- എനിക്കുതന്നെ കിട്ടുന്നു ഞാനയയ്ക്കുന്നതൊക്കെയും അതുകൊണ്ടുതന്നെ മാനവരാശിയോട് മാതൃകാപരമായി ജീവിക്കാനാ ണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്- സത്യമേചൊല്ലാവൂ ധര്‍മമേ ചെയ്യാവൂ നല്ലതേ നല്‍കാവൂ വേണ്ടതേ വാങ്ങാവൂ. വ്യത്യസ്ത മനോഭാവങ്ങളും വീക്ഷണങ്ങളും വച്ചുപുലര്‍ത്തുന്ന മനു ഷ്യന്‍ ഒന്നിലും ഐക്യപ്പെടാന്‍ മനസ്സില്ലാത്തവനാണ്.