സ്വാതന്ത്ര്യത്തിന്റെ നവീന സംവേദനക്ഷമത

എം.കെ.ഹരികുമാർ സെർവാന്തിസിന്റെയോ ദസ്തയെവ്സ്കിയുടെയോ പോലും ജീവിതദർശനങ്ങൾ ഇന്ന് എഴുത്തുകാർ സ്വീകരിക്കുകയില്ല. കാരണം, ജീവിതദർശനം തന്നെ ആവശ്യമില്ലാതായിരിക്കുന്നു. എഴുത്തുകാരുടെ ആലോചനകൾ മറ്റൊരാൾക്ക് എങ്ങനെ ജീവിതദർശനമായി സ്വീകരിക്കാനാകും?. ജീവതദർശനം എന്ന പ്രയോഗം തന്നെ പഴയൊരു സ്കൂളാണ്. സെർവാന്തിസും ദസ്തയെവ്സ്കിയും ജീവിതം ദർശിച്ചത് ഒരു പദ്ധതിയുടെ ഭാഗമായാണോ? ജീവിതം മുൻകൂട്ടി ദർശിച്ച് ഒരാൾക്ക് ജീവിക്കാനാകുമോ? ഒരാളുടെ ജീവിതദർശനം എന്നു പറയുന്നത് വാസ്തവത്തിൽ ഭാവനാശൂന്യവും വരണ്ടതും വിരസവുമാണ്. സെർവാന്തിസിന്റെ ജീവിതദർശനമാണ് ‘ഡോൺ ക്വിക്സോട്ടി’ലുള്ളതെങ്കിൽ അത് എഴുതിക്കഴിഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്താവും? ആ നോവൽ എഴുതിത്തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ഇടയിലുള്ള ഒരിടവേളയിലാണോ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ‘സുദൃഢ’മായ കാഴ്ചകൾ നിലനിന്നത് ? രചനയിൽ സ്വപ്നവും ഭ്രമവും നിലനിൽക്കുന്നതുകൊണ്ട് അതൊരിക്കലും ആത്യന്തികമായ ദർശനമാവുകയില്ല. മാത്രമല്ല, അങ്ങനെയൊരു ദർശനം അദ്ദേഹം കാംക്ഷിച്ചിരിക്കാനും ഇടയില്ല. കാരക്ടറാവാൻ പ്രയാസം ഒരേയൊരു ദർശനത്തിന്റെ കുഴലിലൂടെ എങ്ങനെയാണ് എഴുത്തുകാരനു സഞ്ചരിക്കാനാവുക? അങ്ങനെയാണെങ്കിൽ എഴുത്തുകാരൻ ഒരു കഥാപാത്ര(Character)മാണെന്ന് പറയേണ്ടിവരും. നളൻ, ദുര്യോധനൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് നിശ്ചിതമായ സ്വഭാവമുണ്ട്.അവരേക്കാൾ അവരുടെ സ്വഭാവമാണ് ആദ്യമുണ്ടായത്. അത് നേരത്തേ തന്നെ ഡിസൈൻ ചെയ്തിട്ടുള്ളതാണ്. അവർ ഒരേസമയം അടഞ്ഞതും വ്യതിചലിക്കാത്തതുമായ വസ്തുതയാണ്. എഴുത്തുകാരന് അങ്ങനെയൊരു കാരക്ടറാവാൻ സാധ്യമല്ല. അയാൾ ഒരു കൃതി എഴുതുമ്പോൾ അതിനനുസരിച്ചുള്ള സ്വപ്നവ്യൂഹത്തിലേക്കാണ് പ്രവേശിക്കുന്നത്. ആ സ്വപ്നവ്യൂഹത്തിന്റെ അർത്ഥങ്ങളും ആലോചനകളും ചേർന്നാണ് അത് ജ്ഞാനവ്യൂഹമാകുന്നത്. എന്നാൽ ആ ജ്ഞാനസമൂഹം ഒരിക്കലും അവർ മുൻകൂട്ടി തയ്യാറാക്കുന്ന മൂർത്തമായ പദ്ധതിയല്ല. എഴുത്തുകാരനു ജീവിതദർശനം ഉണ്ടായിരിക്കുന്നത്, തന്റെ തന്നെ ഭാവനയെ കെട്ടിയിടുന്നതിനു തുല്യമാണ്. ആ ദർശനത്തിൽ നിന്ന് മാറാതിരിക്കാൻ അയാൾ എപ്പോഴും പ്രയത്നിക്കേണ്ടിവരും. കുറേക്കഴിയുമ്പോൾ ആ ദർശനത്തിന്റെ അടിമയാകേണ്ടി വരും. ഒരാശയമോ ആദർശമോ അനുസരിച്ചാണോ സാഹിത്യകൃതിയുണ്ടാവുന്നത്? എന്നാൽ എഴുതി പൂർത്തിയാകുന്നതോടെ,അതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒരു ജ്ഞാനവ്യൂഹത്തിന്റെ ഭാഗമായി ചർച്ചചെയ്യാൻ തുടങ്ങുന്നു. ജീവിതത്തെ യഥാതഥമായി കാണുന്നതിന്റെ പ്രതീകാത്മക വിവരണമാണ് കൃതിയിലുള്ളതെന്ന് ഇതിനെ അപഗ്രഥിക്കുന്നവർ കണ്ടെത്തുന്നു. ജീവിതദർശനമല്ല; അവസ്ഥ തീർച്ചയായും ‘കരമസോവ് സഹോദരന്മാർ’, ‘അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ’ തുടങ്ങിയ മഹാനോവലുകളിൽ ആശയചർച്ചകൾ ഒരിക്കലും അവസാനിക്കുന്നില്ല. മനുഷ്യനിൽ ഒരേ സമയം ഒരു ചെകുത്താനും പുണ്യവാളനും വസിക്കുന്നു എന്നാണ് ദസ്തയെവ്സ്കി പറയാൻ ശ്രമിച്ചത്‌. അദ്ദേഹം അത് മനസ്സിലാക്കിയത് സ്വന്തം വ്യക്തിത്വത്തിലെ വൈരുദ്ധ്യത്തെ അടിസ്ഥാനമാക്കിയാണ്. ദസ്തയെവ്സ്കിയിൽ ഈ ഭിന്നത രൂക്ഷമായിരുന്നു. അദ്ദേഹത്തിനു സ്വന്തം പൈശാചികത്വത്തെയും പാവനത്വത്തെയും അനുഭവിക്കാൻ കഴിഞ്ഞു. മാത്രമല്ല, അത് ഓരോ വ്യക്തിയിലുമുണ്ടെന്ന് തിരിച്ചറിഞ്ഞു. സാർവത്രികമായ മനുഷ്യാവസ്ഥയുടെ ദുരന്തം ഈ ദ്വന്ദത്തിലുണ്ട്. അതിനെ മറികടക്കാൻ തന്നിലെ ക്രിസ്തുവിനെ കൂടുതൽ പരീക്ഷിച്ചറിയേണ്ടത് അവശ്യമായിരുന്നു. അത് ആത്മവിമർശനപരമായിരുന്നു. അപ്പോഴും അതിനടിയിൽ പൈശാചികവും പ്രതിലോമപരവും മനുഷ്യസമൂഹത്തിന് എതിരായിട്ടുള്ളതും തിന്മനിറഞ്ഞതുമായ മറ്റൊരു മനുഷ്യവ്യക്തി ഉയർന്നുവരുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ജീവിതദർശനമല്ലിത്; അവസ്ഥയാണ്. എന്നാൽ പിന്നീട് ദസ്തയേവ്സ്കിയുടെ ഈ ഏകാന്തമായ നരകരാജ്യം ഒരു ജ്ഞാനവ്യൂഹമായി രൂപാന്തരപ്പെട്ടു. അലോഷ്യയും ഫാ.ഫെറാപ്പോണ്ടും സോസിമയും ദിമിത്രിയുമെല്ലാം ഓരോ കഥാപാത്രമായി തോന്നുമെങ്കിലും അതെല്ലാം ഒരാളിൽ തന്നെയാണുള്ളത്. ആർക്കും പ്രത്യേക സ്വഭാവത്തിന്റെ പ്രതിനിധാനമില്ല. വിവിധ ഭാവങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കാം.