ആ വാക്കിന്റെ അർഥം – എം.വി. ബെന്നി

ആ വാക്കിന്റെ അർഥം – എം.വി. ബെന്നി

’21 Grams’ എന്നൊരു അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. 2003-ൽ റിലീസ്ചെയ്ത സിനിമയാണ്. സംവിധാനം അലഹാൻഡ്രോ ഗോൺസാലസ് ഇന്യാരീറ്റു. 2022-ൽ ‘Twenty One Grams’ എന്നൊരു മലയാളസിനിമയും നിങ്ങൾ കണ്ടിട്ടുണ്ടാകും, സംവിധാനം ബിബിൻ കൃഷ്ണ. ഏകദേശം ഒരേപേരുള്ള രണ്ടുസിനിമകളെയും താരതമ്യംചെയ്ത് സിനിമാനിരൂപണം എഴുതാനല്ല ഈ കുറിപ്പ്.


ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽനിന്ന് പ്രാഥമികമായി എന്തുനഷ്ടപ്പെടും എന്നൊരു ചോദ്യം രണ്ടുസിനിമകളും ഉന്നയിക്കുന്നുണ്ട്. അതാണ് 21 ഗ്രാംസ്. മരിച്ചയാളുടെ ശരീരത്തിന് 21 ഗ്രാംഭാരം കുറവുണ്ടാകും. പ്രാണന്റെ ഭാരമെന്നോ ആത്മാവിന്റെ ഭാരമെന്നോ വേണമെങ്കിൽ പറയാം. അതെന്തായാലും, മരണത്തിനു തൊട്ടുമുന്നിലും പിന്നിലും അയാളുടെ ശരീരത്തിൽ കുറവുവരുന്നത് 21 ഗ്രാം ഭാരമാണ്. അതാണ് മരണസമയത്ത് അയാളിൽ നഷ്ടപ്പെട്ട ഭാരം. ശാസ്ത്രവിഷയങ്ങൾ കാര്യമായി പഠിച്ചിട്ടില്ലാത്ത ഒരാൾ എഴുതുന്ന പംക്തിയായതുകൊണ്ട് സിനിമ മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങളുടെ ശാസ്ത്രീയത വിലയിരുത്തുന്നതിന് പരിമിതികളുണ്ട്. അതൊക്കെ ശാസ്ത്രപണ്ഡിതന്മാർ തീരുമാനിക്കട്ടെ.


മനുഷ്യന്റെ തലതുറന്നുള്ള ശസ്ത്രക്രിയകൾ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വരുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. മനുഷ്യന്റെ തലമുതൽ പെരുവിരൽവരെ പടരുന്ന നാഡീവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ന്യൂറോളജി. ന്യൂറോ പഠനശാഖയ്ക്ക് ഒരുപാട് ഉൾപ്പിരിവുകളും ഉണ്ട്. ന്യൂറോ ലിൻഗ്വിസ്റ്റിക്സ്, ന്യൂറോ ഫിലോസഫി, ന്യൂറോ ഫിസിയോതെറാപ്പി, ന്യൂറോ ഏസ്തെറ്റിക്സ് തുടങ്ങി പലതും. ന്യൂറോ പഠനമേഖലയെകുറിച്ച് മലയാളത്തിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് ഡോ. കെ. രാജശേഖരൻ നായരാണ്. ആ രംഗത്ത് അദ്ദേഹം ദേശാന്തര പ്രശസ്തൻ. വ്യക്തിപരമായി പരിചയമൊന്നുമില്ലെങ്കിലും അദ്ദേഹം എഴുതിയ ന്യൂറോ പഠനങ്ങൾ മിക്കവാറും പ്രസിദ്ധപ്പെടുത്തിയകാലത്തുതന്നെ വായിച്ചിട്ടുണ്ട്. ശാസ്ത്രവും സാഹിത്യവും ഒരുപോലെ നിശ്ചയമുള്ള എഴുത്തുകാരനാണ് അദ്ദേഹം. കഴിഞ്ഞ തലമുറയിലെ മഹാപണ്ഡിതൻ ഡോ. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ മകൻ. അദ്ദേഹം ഒടുവിൽ പ്രസിദ്ധപ്പെടുത്തിയ, ‘ഐൻസ്റ്റീനും പാർക്കിൻസണും ജീവൻമശായിമാരും’ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തിൽ പറയുന്നത് മനുഷ്യമസ്തിഷ്കത്തിന്റെ ശരാശരിഭാരം ഏതാണ്ട് ഒന്നരകിലോഗ്രാം (1350 ഗ്രാം) ആണെന്നാണ്. ജീവന്റെ സര്‍വതും ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ളത് മസ്തിഷ്കം എന്ന അത്ഭുതയന്ത്രത്തിലാണ്. അതു തകർന്നാൽ സര്‍വതും തകർന്നു. തല തകർന്നിട്ടും മരിക്കാതെ അവശേഷിച്ച പലരുടേയും അവസ്ഥ കാണുമ്പോൾ മരണമായിരുന്നു ഭേദമെന്നു നമുക്കു തോന്നുകയുംചെയ്യും. അടുപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ തല തകർന്നശേഷം ഓർമ്മയും ചലനവുമില്ലാതെ പതിനൊന്നുവർഷം ജീവച്ഛവമായി കിടന്നതും എനിക്ക് ഓർമ്മയുണ്ട്.


എങ്കിലും ന്യൂറോ പഠനമേഖലയിൽ ലോകമെമ്പാടും നടക്കുന്ന അതിവിപുലമായ പഠനഗവേഷണങ്ങളുടെ ഫലമായി തലതകർന്നവരിൽ ചിലരെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരുന്നുമുണ്ട്. അത്തരമൊരു അത്ഭുത കഥാപാത്രമാണ് ഈ പംക്തിയെഴുതുന്ന ഞാനും. വ്യക്തിപരമായ ചിലകാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത് മാന്യവായനക്കാർ ക്ഷമിക്കുക. പത്തുവർഷംമുമ്പ്, ടൂവീലറിനു പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സീറ്റിൽനിന്ന് തെറിച്ചുപോയി കരിങ്കല്ലിൽപ്പണിത ട്രാഫിക്ക് മീഡിയനിൽ തലയടിച്ചുവീണ് സര്‍വതും തകർന്നയാളാണ് ഇതെഴുതുന്നത്. ടൂവീലറിനു പിന്നിലിരുന്നു യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിക്കണമെന്ന വ്യവസ്ഥ അന്നുണ്ടായിരുന്നില്ല. തലമുതൽ പെരുവിരൽവരെ തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന എനിക്ക് ആ നിമിഷം ബോധം നഷ്ടപ്പെട്ടു. ഹൃദയവും പണിമുടക്കി. പിന്നീട് ബോധംതെളിയുന്നത് 37 ദിവസം കഴിഞ്ഞാണ്. രക്തത്തിൽ കുളിച്ച്, വഴിയിൽ മൃതദേഹംപോലെ കിടക്കുന്ന ഒരാളെ, ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകില്ല. അപ്പോഴാണ് എനിക്ക് അപരിചിതരായ ക്യാപ്റ്റൻ ഫിലിപ്പ് മാത്യുവും ഡ്രൈവർ സന്തോഷും അതുവഴി വരുന്നത്. എന്നെ അവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിൽ എത്തിച്ചു. ഏറ്റവും അടുത്ത് ന്യൂറോസർജനുള്ള ആശുപത്രിയായിരുന്നു അവരുടെ ലക്ഷ്യം. വിവരമറിഞ്ഞ് നാലുപാടുനിന്നും ആളുകൾ ആശുപത്രിയിൽ ഓടിക്കൂടി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ബന്ധുജനങ്ങളും സഹപ്രവർത്തകരും സ്നേഹിതരും എനിക്കൊപ്പംനിന്നു. സർജറിക്ക് തുനിയുംമുമ്പ് ഡോ.ആർ.ആർ. രവി എന്റെ ഉറ്റവരോട് പറഞ്ഞു, ‘ഇത് 97 ശതമാനവും മൃതദേഹമാണ്, മൂന്നുശതമാനം മാത്രം ജീവനുള്ള മൃതദേഹം’. അങ്ങനെ അവിചാരിതമായി ഞാനും മെഡിക്കൽ ഹിസ്റ്ററിയിൽ ഒരു അത്ഭുതകഥാപാത്രമായി അറിയപ്പെട്ടു. തകർന്നുപോയ തലയുടെ ഭാഗം വയറ്റിൽ നിക്ഷേപിക്കുകയും മൂന്നുമാസത്തിനുശേഷം അതെടുത്ത് വീണ്ടുംതലയിൽ സ്ഥാപിക്കുകയും ചെയ്യുന്നതുൾപ്പെടെ എന്തെല്ലാം പരീക്ഷണങ്ങൾ. ഞാൻ സാവകാശത്തിൽ ജീവിതത്തിലേക്ക്.


ആശുപത്രിയിൽനിന്ന് വിടുതൽനേടുമ്പോൾ ന്യൂറോസർജൻ ഡോ.ആർ.ആർ.രവി എന്നോട് പറഞ്ഞു: ‘ഇത് പുനർജന്മമാണ്.’ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം ഡോക്റ്റർ വീണ്ടും തുടർന്നു, ‘എന്നുപറഞ്ഞാൽ കഴിഞ്ഞ ജന്മത്തിന്റെ തുടക്കത്തിൽചെയ്ത എല്ലാകാര്യങ്ങളും വീണ്ടും ആവർത്തിക്കേണ്ടിവരും. നടക്കാൻ, കുളിക്കാൻ, ഭക്ഷണംകഴിക്കാൻ, അക്ഷരംപഠിക്കാൻ, നഷ്ടപ്പെട്ട ഓർമ്മകൾ തിരിച്ചുപിടിക്കാൻ, മൗനത്തിൽനിന്ന് പുറത്തുകടക്കാൻ, അങ്ങനെ പലതും’. തലയുടെ ഇടതുഭാഗം തകർന്നതുകൊണ്ട് വലതുകണ്ണ് തുറക്കാൻ കഴിയുമായിരുന്നില്ല, വലതുകൈ ചലിപ്പിക്കാനും. കൈകൾക്ക് ഫിസിയോതെറാപ്പി, കണ്ണിന് വ്യായാമം, മുമ്പൊരിക്കലും ഫിറ്റ്സ് വന്നിട്ടില്ലാത്തവർക്കും ന്യൂറോസർജറിക്കുശേഷം ഫിറ്റ്സ് വരാൻ സാധ്യതയുള്ളതുകൊണ്ട് അതിനുള്ള പ്രതിരോധമരുന്നുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങൾ. ഏതാണ്ട് അഞ്ചുകൊല്ലംകൊണ്ട് മരുന്നുകൾ എല്ലാം അവസാനിച്ചു. ഇപ്പോൾ, 65 വയസിലും മരുന്നില്ലാതെ ജീവിക്കുന്ന അപൂർവം കേരളീയരിൽ ഒരാൾ.


അക്ഷരം പഠിക്കുംമുമ്പ് വലതുകൈ ശരിയാകണം. അതിന് ഒരുവർഷം ഫിസിയോതെറാപ്പി. പിന്നെ, അക്ഷരം പഠിക്കാൻ ആരംഭിച്ചു. അതുപഠിച്ചു കഴിഞ്ഞപ്പോൾ എഴുതാൻതുടങ്ങി. പല പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതി. അപ്പോഴാണ് ‘ദിനവൃത്താന്തം’ എന്നൊരു പംക്തി എഴുത്തുമാസികയിൽ ആരംഭിക്കുന്നത്. അതുൾപ്പെടെ മറ്റുചില ലേഖനങ്ങളും ഉൾപ്പെടുത്തി പുസ്തക പ്രസാധകസംഘം ‘ദിനവൃത്താന്തം’ എന്ന പുസ്തകവും പ്രസിദ്ധപ്പെടുത്തി. തല തകർന്നശേഷം ഓർമ്മകൾ വീണ്ടെടുത്ത്, പുതുതായി അക്ഷരംപഠിച്ച്, മറ്റാരെങ്കിലും ഇതുപോലൊരു പുസ്തകം എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. തകർന്നുപോയ ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ പുസ്തകത്തിനു കഴിഞ്ഞാൽ ഞാൻ ധന്യനായി. കഷ്ടകാലങ്ങളിൽ കൂടെനിന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി. ദൈവാധീനം എന്ന വാക്കിന്റെ ശരിയായ അർഥം ഞാൻ മനസ്സിലാക്കിയ കാലമാണത്.


വീട്


രാജ്യം സ്വതന്ത്രമായപ്പോൾ ജനസംഖ്യ 34 കോടി. സെൻസസ് നടക്കുന്നവർഷം അല്ലാതിരുന്നതുകൊണ്ട് ഏകദേശ കണക്കാണ്. നിലവിൽ, ജനസംഖ്യ 150 കോടിയെങ്കിലും ആയിട്ടുണ്ടാകും. ജനപ്പെരുപ്പത്തോടൊപ്പം കൂട്ടുകുടുംബങ്ങൾ വിഭജിക്കപ്പെടുകയും ചെയ്തതോടെ വീടുകളുടെ ആവശ്യം വർധിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് 1974-ൽ അമിതാബ് ബച്ചൻ അഭിനയിച്ച പ്രശസ്തമായ ഹിന്ദി സിനിമയാണ്, ‘റോട്ടി കപ്പടാ ഔർ മകാൻ’, ആഹാരം വസ്ത്രം പാർപ്പിടം. അതുമൂന്നുമായിരുന്നു അക്കാലത്ത് ഇന്ദിരാഗാന്ധി മുന്നോട്ടുവച്ച രാഷ്ട്രീയ മുദ്രാവാക്യം. പിന്നീട് തെലുങ്കിലും അതുസിനിമയായി, ജീവന പോരാട്ടം. അതിനുംമുമ്പ് കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യമായിരുന്നു ഗരീബി ഹഠാവോ, ദരിദ്രരില്ലാത്ത ഇന്ത്യ. തീർച്ചയായും അന്നുണ്ടായിരുന്ന അളവിൽ പട്ടിണി ഇന്നില്ല. വസ്ത്രക്ഷാമവും കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി നേരിടാൻ സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നതും പൊതുവിപണിയിൽ നിയന്ത്രിതവിലയ്ക്ക് തുണിവിതരണം ചെയ്തിരുന്നതുമൊക്കെ പഴയതലമുറയ്ക്ക് ഓർമ്മയുണ്ടാകും.


ഇതൊക്കെ ശരിയാണെങ്കിലും വീട് ഇപ്പോഴും സാധാരണക്കാർക്കൊരു സ്വപ്നമാണ്. ബാങ്കുകൾ ലോൺനൽകിയും സാധാരണക്കാർ പരസ്പരം സഹായിച്ചും സന്നദ്ധസംഘടനകളും രാഷ്ട്രീയപ്പാർട്ടികളും മതസംഘടനകളും പൊതുജനങ്ങളിൽനിന്ന് പണംസ്വരൂപിച്ചും വീടുകൾ നിർമ്മിക്കുന്നുണ്ട്. ഭവനനിർമ്മാണത്തിന് സന്നദ്ധമായ ഒരുപാട് സ്ഥാപനങ്ങളും രാജ്യത്തുണ്ട്. പദ്മശ്രീ ജി. ശങ്കർ, ചെലവുകുറഞ്ഞ വീടുകൾ സാർവത്രികമാക്കാൻ കേരളത്തിൽ പ്രയത്നിച്ച പരേതനായ ലാറി ബേക്കർ, പാവങ്ങൾക്ക് സ്വന്തം കൈയിൽനിന്ന് പണംമുടക്കി മുന്നൂറിലേറെ വീടുകൾ നിർമ്മിച്ചുനൽകിയ പരേതനായ കാസർഗോട്ടെ സായിറാം ഭട്ട്, നിരവധി വീടുകൾ ഇപ്പോഴും പാവങ്ങൾക്ക് നിർമ്മിച്ചു നൽകിക്കൊണ്ടിരിക്കുന്ന കോളേജ് അദ്ധ്യാപിക ഡോ. എം. എസ്. സുനിൽ, 6 വർഷംകൊണ്ട് 350 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കിയ ഫാദർ ജിജോ കുര്യൻ തുടങ്ങി എത്രയോപേർ. എങ്കിലും വീടില്ലാത്തവർ ഇപ്പോഴും കുറച്ചൊന്നുമല്ല. പാവങ്ങൾക്ക് 220 വീടുകൾ നിർമ്മിച്ചുനൽകിയ അധ്യാപികയും കന്യാസ്ത്രീയുമായ ലിസി ചക്കാലക്കൽ, കൊച്ചിയിലെ സേവനം പൂർത്തിയാക്കി ചെന്നൈയിലേക്ക് യാത്രയായപ്പോൾ വിപുലമായൊരു ജനസഞ്ചയമാണ് അവരെ യാത്രയാക്കാൻ എത്തിയത്. പാവങ്ങൾക്ക് വീടുണ്ടാക്കാൻ പരിശ്രമിക്കുന്ന എല്ലാവർക്കും നമസ്കാരം.


വികർണ്ണൻ


മഹാഭാരതത്തിലെ കർണ്ണൻ, കഥയായും നോവലായും കഥാപ്രസംഗമായും മലയാളിക്കുമുന്നിൽ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹാഭാരതകഥയിൽ കർണ്ണന്റെ പ്രാധാന്യം ആരോടും വിശദീകരിക്കേണ്ടതുമില്ല. എങ്കിലും പാഞ്ചാലീ വസ്ത്രാക്ഷേപം അരങ്ങേറിയ രാജസദസ്സിൽ, കർണ്ണനുൾപ്പെടെ നാട്ടിലെ ധർമ്മിഷ്ടരെല്ലാം നിശ്ശബ്ദരായപ്പോൾ, വസ്ത്രാക്ഷേപത്തിന്റെ ആധാർമ്മികതയെ പരസ്യമായി ചോദ്യംചെയതത് കർണ്ണനല്ല, വികർണ്ണൻ ആയിരുന്നു. അങ്ങനെയാണ് ചരിത്രം. എല്ലാവരും നിശ്ശബ്ദരാകുമ്പോൾ അപ്രധാനമായ ഏതെങ്കിലും കോണിൽനിന്ന് നീതിയുടെ ശബ്ദം ഉയരും. ഇത്തവണ സ്വീഡിഷ് അക്കാദമി സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത് ജപ്പാനിൽനിന്നുള്ള ‘Nihon Hidankyo’ എന്ന സന്നദ്ധസംഘടനയ്ക്കാണ്, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിനെ അതിജീവിച്ചവരുടെ പിന്മുറക്കാരാണ് സംഘടനയിൽ. ലോകമെമ്പാടും സൂക്ഷിച്ചുവച്ചിരിക്കുന്ന അണുബോംബുകൾ നിർവീര്യമാക്കപ്പെടുന്ന കാലമാണ് അവരുടെ സ്വപ്നം. അണുബോംബ് ജീവിതം തകർത്തവരെ ‘Hibakusha’ എന്നാണ് വിശേഷിപ്പിക്കുക, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിനെ അതിജീവിച്ചവർ എന്നർഥം.


സമാധാനത്തിനുള്ള നൊബേൽസമ്മാന പ്രഖ്യാപന വാർത്തവന്നപ്പോൾ ഓർമ്മിച്ചത് റാൾഫ് ബാർഡിനെയാണ്, അമേരിക്കൻ നേവിയിൽ അണ്ടർസെക്രട്ടറിയായിരുന്നു അദ്ദേഹം. കാലം 1945. രണ്ടാംലോകമഹായുദ്ധത്തിൽ തോൽവി സമ്മതിച്ച് തലകുനിച്ചു പരാജിതരായി നിൽക്കുന്ന ജപ്പാൻ. പരാജിതരുടെ മുന്നിൽ വിജയികൾ മാന്യമായ സദാചാരബോധം അനുവർത്തിക്കേണ്ട യുദ്ധാനന്തര പ്രഭാതം. പക്ഷേ, പരാജിതരുടെമേൽ അണുബോംബ് പരീക്ഷിക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഡിഫൻസ് സെക്രട്ടറി ചെയർമാനായുള്ള അമേരിക്കൻ മിലിട്ടറി എത്തികസ് കമ്മിറ്റിയിലാണ് തീരുമാനം. അവിടെയാണ് അമേരിക്കൻ നേവിയിലെ അണ്ടർസെക്രട്ടറിയായിരുന്ന റാൾഫ് ബാർഡിനെ നമ്മൾ കാണുന്നത്. തന്റെരാജ്യം തോറ്റജനതയ്ക്കുമേൽ പരീക്ഷിക്കാൻ പോകുന്ന അണുബോംബിന്റെ ഭീകരതയെക്കുറിച്ച് ഒരു മുന്നറിയിപ്പു നൽകാനായി പ്രതിഷേധസൂചകമായി അദ്ദേഹം രാജിവച്ചു.


മഹാഭാരതകഥയിൽ വികർണ്ണനെ പ്രത്യേകമായെടുത്ത് ആരെങ്കിലും നിരൂപണംചെയ്യുന്നത് കാണാറില്ല, അതുപോലെ രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ച് പഠനംനടത്തുന്നവരും സാധാരണഗതിയിൽ റാൾഫ് ബാർഡിനെ വിസ്മരിക്കും. എങ്കിലും നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങൾ ഒരുകാലത്തും നിലയ്ക്കില്ല എന്ന് ഇത്തവണ നൊബേൽ സമ്മാന കമ്മിറ്റിയും നമ്മോട് പറയുന്നു.


അന്നം


ആഹാരമില്ലാതെ മനുഷ്യജീവിതമില്ല. അഭിരുചിയും ലഭ്യതയുമനുസരിച്ച് മനുഷ്യർ ആഹാരവസ്തുക്കൾ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കയിലെ ഹിറ്റൈറ്റ് ദേശത്ത് ഉരുവംകൊണ്ട മനുഷ്യവംശം പലഭൂഖണ്ഡങ്ങളിലേക്കും സഞ്ചരിച്ചെത്തിയപ്പോൾ ആഹാരത്തിലും വൈവിധ്യമുണ്ടായി. മതങ്ങൾ ലോകമെമ്പാടും ശക്തമായപ്പോൾ ആഹാരത്തിൽ മതവിലക്കുകളും പ്രത്യക്ഷപ്പെട്ടു. ഹിന്ദുക്കൾക്ക് പശു പറ്റില്ല, മുസ്ലീങ്ങൾക്ക് പോർക്ക് പറ്റില്ല, ജൂതന്മാർക്ക് ചിലയിനം മത്സ്യങ്ങളും നിഷിദ്ധം. ഭക്ഷണചർച്ചകൾ കൊഴുക്കുമ്പോൾ ഓർക്കുന്ന ഒരു കൗതുകമുണ്ട്, ശ്രീബുദ്ധനും ശ്രീയേശുവും നോൺ വെജിറ്റേറിയനും ഹിറ്റ്ലർ വെജിറ്റേറിയനും ആയിരുന്നു. വെജിറ്റേറിയന്മാർ മുഴുവനും ഹിറ്റ്ലറെപ്പോലെയാണെന്നോ, നോൺവെജിറ്റേറിയന്മാർ മുഴുവനും ശ്രീബുദ്ധനെപ്പോലയോ ശ്രീയേശുവിനെപ്പോലയോ പരിശുദ്ധരാണെന്നോ അർഥമില്ല. വേറെയും ഒരുപാട് ഘടകങ്ങൾ കൂടിച്ചേർന്നാണ് മനുഷ്യവ്യക്തിത്വം രൂപപ്പെടുന്നത്. മതങ്ങൾ എന്തുപറഞ്ഞാലും രോഗികൾ കഴിവതും ഡോക്റ്റർ നിർദേശിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.


ആഹാരം പലയിടങ്ങളിലും ഒരു രാഷ്ട്രീയ പ്രശ്നംകൂടിയാണ്. ഇന്ത്യയിൽ പ്രധാനമായും സസ്യാഹാരികൾ മാംസാഹാരികൾ എന്നമട്ടിലായിരുന്നു വിഭജനം. ഈ പശ്ചാത്തലത്തിലാണ് ഷാഹു പട്ടോല രചിച്ച ‘Anna He Apoorna Brahma’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലെ ദളിത് സമൂഹത്തിന്റെ ആഹാരരീതി ആദ്യമായി രേഖപ്പെടുത്തിയ പുസ്തകമെന്ന പ്രാധാന്യം ഇതിനുണ്ട്. അതിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Dalit Kitchens of Marathawada’ എന്ന ശീർഷകത്തിൽ ഭൂഷൻ കോർഗാവങ്കർ നിർവഹിച്ചിരിക്കുന്നു.


പൊതുവിൽ ഇന്ത്യൻ ഭക്ഷണചർച്ചകളിൽ സസ്യാഹാരികൾക്കാണ് മേൽക്കൈ. ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് നോൺവെജിറ്റേറിയൻ ഭക്ഷണം ആണെങ്കിലും ജാതീയമായ മേൽക്കൈ സസ്യാഹാരികൾക്കാണ്. സ്വാഭാവികമായും ഇന്ത്യൻ ഭക്ഷണചർച്ചകളിൽ ദളിത് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ തമസ്കരിക്കപ്പെടുന്നു. ആ പരിമിതി മറികടക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. സസ്യാഹാരത്തെ മഹത്ത്വവത്കരിക്കുകയും, ദളിത് ഭക്ഷണത്തിൽ പ്രധാന ഘടകമായ മാംസാഹാരത്തെ താഴ്ന്നതും അശുദ്ധവുമായി സങ്കല്പിക്കുകയും ചെയ്യുന്ന ധാരണയെ ഗ്രന്ഥകാരൻ തിരുത്തുന്നു. ദളിത് പാചകരീതിയുടെ സമൃദ്ധിയും വൈവിധ്യവും ഇതിൽ വായിക്കാം. മഹാരാഷ്ട്രയിലെ ‘Mahar’, Mang’ എന്നീ ദളിത് വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം. ഭക്ഷണചർച്ചകളിൽ ഈ പുസ്തകവും ഉൾപ്പെടുത്താവുന്നതാണ്.


നിസ്സഹായരായ പരേതർ


സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടേതായ വേദഗ്രന്ഥങ്ങളുണ്ട്. ‘മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ’, ‘കേരള സർവീസ് റൂൾസ്’, ‘ട്രഷറി കോഡ്’, ‘ഫിനാൻഷ്യൽ കോഡ്’, ‘ബജറ്റ് മാന്വൽ’, ‘അക്കൗണ്ട് കോഡ്’ തുടങ്ങി പലതും. എൽ.ഡി. ക്ലാർക്ക്, യു.ഡി. ക്ലാർക്കായി ഉയരണമെങ്കിൽ ഈ കടമ്പകൾ മുഴുവൻ പരീക്ഷയെഴുതി പാസാകണം. ഫിനാൻഷ്യൽ കോഡിൽ, അനാഥശവം മറവുചെയ്യാൻ സർക്കാർപണം ചെലവഴിക്കാനുള്ള വ്യവസ്ഥകളും പറയുന്നുണ്ട്. അനാഥശവം സംസ്കരിക്കാതെ വഴിയിൽ കിടന്നാലുള്ള അവസ്ഥ സർക്കാരിനും അറിയാമല്ലോ.


മൃതദേഹം സംസ്കരിക്കുന്നതിന് മതങ്ങൾക്ക് അവരുടേതായ വ്യവസ്ഥകളുണ്ട്. ജൂതന്മാരും കൃസ്ത്യാനികളും മുസ്ലീങ്ങളും മൃതദേഹം കുഴിച്ചിടുകയും ഹിന്ദുക്കൾ ദഹിപ്പിക്കുകയുമാണ് പതിവ്. പൊതുശ്മശാനങ്ങളിൽ പലതിലും ഇപ്പോൾ മൃതദേഹം ദഹിപ്പിക്കാനുള്ള ഇലക്ട്രിക്ക് സംവിധാനങ്ങളുമുണ്ട്. ചെയ്ത നന്മതിന്മകളുടെ അടിസ്ഥാനത്തിൽ പരേതരെ ദൈവം അന്തിമദിനത്തിൽ വിളിച്ചെഴുന്നേല്പിച്ച് വിധിപറയുമെന്ന് വിശ്വസിക്കുന്നതുകൊണ്ട് പൊതുവിൽ സെമറ്റിക് മതങ്ങൾ മൃതദേഹം ദഹിപ്പിക്കില്ല, കുഴിച്ചിടുകയാണ് പതിവ്. കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യാതെ മൃതദേഹം മെഡിക്കൽകോളെജുകളിലെ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കുന്ന ആളുകളുമുണ്ട്. മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കണമോ, പള്ളിസെമിത്തേരിയിൽ അടക്കണമോ, എന്നകാര്യത്തിൽ കുടുംബത്തിനകത്ത് ഏകാഭിപ്രായം ഇല്ലാതെവന്നപ്പോൾ എം.എം.ലോറൻസിന്റെ മൃതദേഹം വാർത്തകളിൽ നിറഞ്ഞു. പണ്ട് രാജീവ്ഗാന്ധി വധക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന നളിനിയുടെ കാര്യത്തിൽ സുപ്രീംകോടതിയിലെ മൂന്നംഗബെഞ്ചിൽ രണ്ടുപേർ വധശിക്ഷയ്ക്ക് അനുകൂലമാകുകയും ഒരാൾ എതിരാകുകയും ചെയ്തപ്പോൾ ഭൂരിപക്ഷവിധിയല്ല, വിയോജനവിധിയാണ് നടപ്പിലാക്കിയത്. അപൂർവങ്ങളിൽ അത്യപൂർവം ആയിരിക്കണം വധശിക്ഷ. ഇവിടെ പക്ഷേ, വധശിക്ഷയല്ല, മൃതദേഹമാണ്.


മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന സംശയവുമായി കഴിഞ്ഞനൂറ്റാണ്ടിൽ ശ്രീനാരായണഗുരുവിനെ സമീപിച്ച ഭക്തന് നർമ്മബോധമുള്ള ഗുരു ഒരു മറുപടിനൽകി, ‘ചക്കിലിട്ടാട്ടി തെങ്ങിന് വളംവയ്ക്കൂ.’ ഞെട്ടിയ ഭക്തൻ ‘അയ്യോ’ എന്നു നിലവിളിച്ചു. അപ്പോൾ ഗുരുവിന്റെ മറുചോദ്യം, ‘എന്താ നോവുമോ?’


‘മരിച്ചവരെ മരിച്ചവർ അടക്കട്ടെ’ എന്ന ധ്വനിസാന്ദ്രമായൊരു ബൈബിൾ വാക്യവുമുണ്ട്. മൃതദേഹത്തോടും അനുകമ്പയോടെ പെരുമാറാൻ ജീവിച്ചിരിക്കുന്നവർ ശീലിക്കണം, വിശേഷിച്ചും ഇരുപക്ഷത്തും പരേതന്റെ മക്കളാകുമ്പോൾ.