മലയാളിയുടെ ബീഫ് ഉപഭോഗത്തിന്റെ കൊളോണിയൽ വഴികൾ – അജയ് ജോയ് മാത്യു

മലയാളിയുടെ  ബീഫ് ഉപഭോഗത്തിന്റെ  കൊളോണിയൽ വഴികൾ – അജയ് ജോയ് മാത്യു

ഇന്ത്യയിൽ ബീഫ് ഉപഭോഗം വിവാദമായിരിക്കുമ്പോൾ, മലയാളികളുടെ ഭക്ഷണസംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ബീഫ്    കേരളത്തിലെ തീന്മേശയിലേക്കെത്തിയതിന്റെ സാംസ്കാരികചരിത്രമന്വേഷിക്കുന്ന പഠനം.


ഒരു സമൂഹം അതിന്റെ പരിണാമത്തിൽ തനതായ പല സവിശേഷതകളും രൂപപ്പെടുത്തുന്നുണ്ട്. ഒരു സമൂഹത്തിന്റെ  സംസ്കാരവും അത്തരത്തിലാണ് നിർമ്മിക്കപ്പെടുന്നത്. നമ്മൾ മലയാളികൾക്കും തനതായ വ്യക്തിസവിശേഷതകളുണ്ട്. പലപ്പോഴും നമ്മളതിൽ  അഭിമാനിക്കാറുമുണ്ട്.  ഈ അടുത്തകാലത്ത് മലയാളിസമൂഹത്തിന്റെ  തനതുസവിശേഷതയായി  ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് മലയാളിയുടെ ബീഫ് ഉപഭോഗം. ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങളും, കേരളം, ഗോവ, എന്നീ സംസ്ഥാനങ്ങളിലും മാത്രമേ പശുമാംസം ഭക്ഷിക്കാൻ നിയമസാധുതയുള്ളൂ. ഇന്ത്യയിൽ പലയിടത്തും പോത്തിന്റെ മാംസം ഭക്ഷിക്കാൻ അനുവാദം ഉണ്ടെങ്കിൽപ്പോലും വടക്ക് – പടിഞ്ഞാറ് സംസ്ഥാനങ്ങളിൽ ബീഫ് എന്ന വാക്ക് ഉപയോഗിക്കുന്നതിനുപോലും വിലക്കുണ്ട്. എന്തുകൊണ്ടാണ് ബാക്കിയുള്ള  ഭൂരിപക്ഷ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു  കേരളം അല്ലെങ്കിൽ മലയാളി  വ്യത്യസ്തരാവുന്നത്? നമ്മൾ എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നോ അതോ ഈ വ്യക്തിത്വം നമ്മൾ ചരിത്രത്തിൽ ഏതെങ്കിലും ഒരു സമയത്ത് ആർജിച്ചതാണോ? മലയാളികൾ എന്നുമുതലാണ് ബീഫ് ഉപയോഗിക്കാൻ തുടങ്ങിയത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്.


ഓക്സ്ഫഡ് ഡിക്ഷനറി  ബീഫിന്  കൊടുത്തിട്ടുള്ള അർഥം പശുവിന്റെയോ  കാളയുടെയോ ഭക്ഷിക്കാൻ അനുയോജ്യമായ ഇറച്ചി എന്ന രീതിയിലാണ്. ഇതിൽ ഇന്നു  നമ്മൾ ബീഫ് എന്ന അർഥത്തിൽ കൂടുതലായി ഭക്ഷിക്കുന്ന പോത്തിന്റെ മാംസത്തെ  ഉൾപ്പെടുത്തിയിട്ടില്ല. അതിനുകാരണം  പാശ്ചാത്യ യൂറോപ്യൻസമൂഹത്തിൽ പോത്ത് അല്ലെങ്കിൽ  വാട്ടർ ബഫല്ലോ ആ രീതിയിൽ നിലനിന്നിരുന്നില്ല എന്നതുകൊണ്ടാണ്. കേരളത്തിൽ, എന്നാൽ,     പോത്തിന്റെയും  പശുവിന്റെയും  കാളയുടെയും  മാംസം  ഒരുപോലെ  ഭക്ഷിച്ചിരുന്നു. ഈ അർഥത്തിലാണ് ലേഖനത്തിൽ ബീഫ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യക്തി എന്തുതരം ഭക്ഷണം കഴിക്കുന്നുയെന്നതിൽ  ആ വ്യക്തിയുടെ സാംസ്കാരിക സാമൂഹിക വ്യവസ്ഥിതിയും  കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യൻ സാമൂഹിക ചരിത്രസാഹചര്യത്തിൽ അതിനു ജാതീയതയുമായി  അടുത്ത ബന്ധമുണ്ട്.  കേരളത്തിൽ ബീഫിനു  ജാതിയുമായുള്ള  ബന്ധങ്ങളും, ഒരു സമൂഹമെന്ന നിലയിൽ ഗോമാംസം ഭക്ഷിച്ചാൽ ജാതി നഷ്ടപ്പെടുന്ന അല്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന  അവസ്ഥയിൽനിന്ന്‍ ഇന്നുകാണുന്ന മലയാളി സമൂഹമായി  നമ്മൾ പരിണമിക്കുന്നതിൽ  കൊളോണിയൽ ഇടപെടലുകൾ കാര്യമായ പങ്കു നിർവഹിച്ചിട്ടുണ്ട്.


പ്രാചീനകേരളത്തിൽ, അതായതു കേരളമെന്നു നമ്മൾ ഇന്നു വിളിക്കുന്ന ഈ ഭൂപ്രദേശത്ത് മനുഷ്യൻ  പാലിയോലിത്തിക്ക് യുഗം മുതൽക്കേ വസിച്ചിരുന്നു. നെല്‍ക്കൃഷിയോ മറ്റു കാർഷികവിദ്യകളോ  ഇല്ലായിരുന്ന കാലത്തു മനുഷ്യൻ വേട്ടയാടി മൃഗമാംസം ഭക്ഷിച്ചായിരിക്കണം ജീവിച്ചിരുന്നത്. സംഘകാലഘട്ടമാണ് കേരളത്തിന്റെ  എഴുതപ്പെട്ട ചരിത്രകാലമായി  കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തെ തമിഴകത്തിന്റെ ഭാഗമായി മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. സംഘകാലത്തിൽത്തന്നെ  നമ്മുടെ സമൂഹത്തിൽ വേദങ്ങളുടെയും  ബുദ്ധ-ജൈനമതങ്ങളുടെയും സാന്നിധ്യം കാണാൻ സാധിക്കും. വേദമതാടിസ്ഥാനത്തിൽ  ഈ കാലയളവിൽ  യാഗങ്ങളുടെയും ബലികളുടെയും പേരിൽ നിരവധി മൃഗങ്ങളെ വധിക്കുന്നതിനെപ്പറ്റിയും അവയെ പിന്നീട് ഭക്ഷിക്കുന്നതിനെക്കുറിച്ചും വിശദമായ പരാമർശങ്ങളുണ്ട്. ഋഗ്‌വേദത്തിൽപ്പോലും കുതിരകളെയും  കാളകളെയും പോത്തുകളെയും ഭക്ഷണത്തിനായി ഉപയോഗിക്കാം എന്നു വ്യക്തമാക്കുന്നുണ്ട്. തൈത്തിരിയ ബ്രാഹ്മണത്തിൽ അഗസ്ത്യമുനിയെ  നൂറു കാളകളെ ബലിയർപ്പിച്ചതിനു പ്രശംസിക്കുന്നുണ്ട്.


ഈ ഒരു സാമൂഹികസാഹചര്യത്തിലാണ്  ബുദ്ധൻ  അഹിംസയെന്ന ആശയത്തെ ഉയർത്തിക്കൊണ്ടുവരുന്നതും മൃഗബലിയെ എതിർക്കുന്നതും.  ഇതു കാർഷികമേഖലയും   അതുപോലെത്തന്നെ  കന്നുകാലി സമ്പത്തിനെയും സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ, ബുദ്ധന്റെ ഈ ആശയങ്ങളുടെ ഒപ്പം ഓർക്കേണ്ട മറ്റൊരു കാര്യം ബുദ്ധമതം മാംസം ഭക്ഷിക്കുന്നതിൽനിന്നു  ജനങ്ങളെ എതിർത്തിരുന്നില്ല എന്നതാണ്.  മറിച്ച് ബുദ്ധൻതന്നെ മാംസം ഭക്ഷിക്കുന്നതായി  നമുക്കു കാണാൻ സാധിക്കും. എന്നാൽ, പിന്നീട് ഈ ആശയങ്ങൾ ബ്രാഹ്മണമതം ഏറ്റെടുക്കുന്നതായും  തുടർന്നു രചിക്കപ്പെടുന്ന  ധർമ്മശാസ്ത്രങ്ങളിലും മറ്റും പശുവിനെയും കന്നുകാലികളെയും  സംരക്ഷിക്കുന്നതിന്റെ പ്രാധാന്യംകൂടി വരുന്നതായും കാണാം. ബുദ്ധമതത്തെ കായികമായി വേട്ടയാടുകയും എന്നാൽ, അത് ഉയർത്തിപ്പിടിച്ച്  അഹിംസവാദത്തെ അന്ധമായി സ്വീകരിക്കുകയും, അതു ബ്രാഹ്മണ ചിന്താപദ്ധതിയുടെ അടിത്തറയായി മാറുന്നതും പിന്നീടു നമുക്കു കാണാൻ സാധിക്കും. എന്നാൽ,  സംഘകാലത്തിൽ കേരളത്തിൽ അത്തരം ബ്രാഹ്മണിക്കൽ ചിന്താപദ്ധതികൾ വേരോടിയിരുന്നില്ല. അതിനുദാഹരണമാണ് സംഘകാല കൃതിയായ പെരുമ്പാണാറ്റുപ്പടൈയിൽ പ്രതിപാദിക്കുന്ന ഒരു രംഗം. അതുപ്രകാരം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന  ഒരു ഗായകന്  പല ഭൂപ്രകൃതിയിൽ  ജീവിക്കുന്ന മനുഷ്യർ നൽകുന്ന വ്യത്യസ്തമായ ഭക്ഷണത്തെക്കുറിച്ച്  പറയുന്നുണ്ട്. ഈ വ്യത്യാസങ്ങൾ മനുഷ്യൻ അവന്റെ ആവാസവ്യവസ്ഥിതിക്കനുസരിച്ചുള്ള ഭക്ഷണം സംഘകാലത്തു കണ്ടെത്തുന്നതായി നമുക്കനുമാനിക്കാം.


എ.ഡി. 800ാം ആണ്ടിൽ ബ്രാഹ്മണമതം കേരളത്തിൽ വേരുറപ്പിക്കുമ്പോൾ മേൽപ്പറഞ്ഞ ആശയസംഹിതകളും കേരളത്തിലും അത്തരത്തിൽ ശക്തിപ്രാപിക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ്  ബ്രാഹ്മണ മേൽക്കോയ്മ ഊട്ടിയുറപ്പിക്കാൻ  രൂപപ്പെടുത്തിയ  മൂഴിക്കുളംകച്ചം പോലുള്ള നാട്ടുമര്യാദചട്ടങ്ങൾ, മൂഴിക്കുളംകച്ചത്തിൽ  പഞ്ചപരാധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  ഗോവധം അതിഹീനമായ കുറ്റമായി മാറുന്നുണ്ട്.


കാർഷികവ്യവസ്ഥിതിയിൽ, അതും ബ്രാഹ്മണിക്കൽ മൂല്യങ്ങളും താൽപര്യങ്ങളും  സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഗോസംരക്ഷണവും ഗോവധനിരോധനവും കർശനമായി പാലിക്കപ്പെട്ടു. പതിനൊന്നാംനൂറ്റാണ്ടിൽ  കേരളം സന്ദർശിച്ച അൽ-ബറൂനിയുടെ വാക്കുകളിൽനിന്നു  ബീഫ് ഇവിടെയുള്ള ആളുകൾ കഴിച്ചിരുന്നില്ലായെന്നും മറ്റു മാംസങ്ങൾ ഭക്ഷിച്ചിരുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കും.


ഈയൊരു ബ്രാഹ്മണിക്കൽ സാമൂഹികവ്യവസ്ഥ പതിനാറാംനൂറ്റാണ്ടാകുമ്പോഴേക്കും വളരെ ശക്തമാകുന്നുണ്ട്. തൽഫലമായി  കേരളത്തിലെ ഒട്ടുമിക്ക ജനവിഭാഗങ്ങളും ബീഫ് ഭക്ഷിച്ചിരുന്നില്ല. ക്രിസ്ത്യൻ, മുസ്ലിം ജനവിഭാഗങ്ങളും  ബീഫ് ഉപയോഗിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.  പശുക്കളോ മറ്റു കന്നുകാലികളോ ചത്താൽ  അവ ഭക്ഷിക്കുന്നതിനും അവയുടെ തോലുപയോഗിക്കുന്നതിനും  പറയ ജാതിക്കാർക്കും ചില  പുലയ വിഭാഗങ്ങളിലെ ജനങ്ങൾക്കും അവകാശമുണ്ടായിരുന്നു. ഭക്ഷ്യക്ഷാമമുണ്ടായിരുന്ന സമൂഹത്തിൽ ഇത് അവരുടെ ജീവൻ നിലനിറുത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.


കൊളോണിയല്‍ സ്വാധീനം


ഇത്തരത്തിലുള്ള ചുറ്റുപാടിലാണ് കൊളോണിയൽ ബന്ധങ്ങൾ കേരളത്തിൽ ഉടലെടുക്കുന്നത്. ആദ്യം പോർച്ചുഗീസുകാരും (1498-1663) പിന്നീട് ഡച്ചുകാരും (1663 – 1795)  അവസാനം ബ്രിട്ടീഷുകാരും (1792-1947) കേരളത്തിൽ  എത്തുന്നുണ്ട്. ഇവരെക്കൂടാതെ, ഫ്രഞ്ച്, ഡാനിഷ് കൊളോണിയൽ ചരിത്രം കാണാൻ സാധിക്കുമെങ്കിലും കേരളത്തിന്റെ ബീഫ് ഉപഭോഗത്തിൽ അവർ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഈ ഒരു കാലഘട്ടത്തിൽ  സാംസ്കാരികപരമായും സാമൂഹികപരമായും മാറ്റങ്ങൾക്കു കേരളം വിധേയമാവുന്നുണ്ട്. ആ മാറ്റങ്ങൾ ബീഫ്  ഉപഭോഗത്തിനെയും  സ്വാധീനിക്കുന്നുണ്ട്. അതു പോർച്ചുഗീസിൽനിന്നുതന്നെ തുടങ്ങുന്നതായി നമുക്കു കാണാം.


വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലാണ് പോർച്ചുഗീസുകാർ 1498-ൽ കേരളത്തിൽ ആദ്യമായി കാലുകുത്തുന്നത്. അദ്ദേഹത്തിന്റെ രണ്ടാംവരവിലാണ് ഗാമ കൊച്ചിയിൽ എത്തുന്നതും കൊച്ചി തങ്ങളുടെ കൊളോണിയൽ താവളമാക്കാൻ തീരുമാനിക്കുന്നതും. എന്നാൽ, കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർക്ക് അവരുടെ ദൈനംദിന ഭക്ഷണവിഭവമായ ബീഫിന്റെ അസാന്നിധ്യം കാര്യമായ  പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് കൊച്ചിയിലെത്തിയ പോർച്ചീസുകാരോട്  കൊച്ചിരാജാവ്  എല്ലാ സഹകരണങ്ങളും മുന്നോട്ടു വയ്ക്കുമ്പോഴും ഒരു നിബന്ധന മാത്രം പറയുന്നത്, അതു പശുക്കളെ കൊല്ലുകയോ പശുമാംസം ഉപയോഗിക്കുകയോ ചെയ്യരുത് എന്നതാണ്. രാജാവിന്റെ ആശിർവാദവും സഹകരണവും ആവശ്യമായതിനാൽ ഗാമ അതിനു സമ്മതിക്കുകയും പശുമാംസം വാഗ്ദാനംചെയ്ത മൂന്നു മാപ്പിളമാരെ രാജാവിനെ ഏൽപ്പിക്കുകയും  പിന്നീട് അവരെ വധിക്കുന്നതായും രേഖപ്പെടുത്തുന്നുണ്ട്. കൊച്ചിരാജാവിനോട് എന്നപോലെ കൊല്ലംറാണിയോടും  1520-ൽ വ്യാപാരബന്ധങ്ങളിൽ   ഏർപ്പെടുമ്പോൾ റാണിയുടെ രാജ്യത്തിൽ പശുമാംസം ഉപയോഗിക്കില്ലെന്നു  ഉറപ്പു നൽകുന്നുണ്ട്.


എന്നാൽ, വാസ്കോ ഡ ഗാമ കൊച്ചിരാജാവിനു കൊടുത്ത വാക്ക് പിന്നീട്  പാഴ്‍വാക്കായി മാറുന്നു. 1510 ആകുമ്പോഴേക്കും കൊച്ചിരാജാവ് പോർച്ചുഗീസുകാരോട് പശുക്കളെ കൊല്ലുന്നത് നിർത്തണമെന്നും, തൽസ്ഥിതി തുടരാൻ സാധിക്കുകയില്ലെന്നും അറിയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പോർച്ചുഗീസ് രാജാവിനുപോലും കൊച്ചിരാജാവ് കത്തയയ്ക്കുന്നുണ്ട്. ഈ കടുത്ത നിർബന്ധങ്ങൾക്കു വഴങ്ങിയായിരിക്കണം 1543-ൽ പശുക്കളെ കൊല്ലുന്നതിൽ ഫോർട്ട് കൊച്ചിയിൽ നിരോധനം ഏർപ്പെടുത്തുകയും  അങ്ങനെ ഏതെങ്കിലും  പോർച്ചുഗീസുകാർ ഗോവധം നടത്തിയാൽ അവരെ ക്യാപ്റ്റനെ ഏൽപ്പിക്കണമെന്നും തക്കതായ ശിക്ഷ നൽകുമെന്നും പ്രഖ്യാപിച്ചത്. പോർച്ചുഗലിന് കേരളത്തിൽ കച്ചവടതാൽപര്യങ്ങൾ മാത്രമല്ല മതപരമായ താൽപര്യങ്ങൾകൂടി ഉണ്ടായിരുന്നു. ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളെ വളരെ കൗതുകത്തോടുകൂടിയാണ് പോർച്ചുഗീസുകാർ നോക്കിക്കണ്ടത്. റോമൻ കത്തോലിക്ക മതപരിവർത്തനത്തിന്റെ ഭാഗമായി അവർ ഇവിടത്തെ ക്രിസ്ത്യാനികളെ അടുത്തറിയുമ്പോൾ അവർ ബീഫ് കഴിച്ചിരുന്നില്ല എന്നു മനസ്സിലാക്കുന്നുണ്ട്. പലപ്പോഴും ജാതിവ്യവസ്ഥയിൽ ഉയർന്നസ്ഥാനം കൽപ്പിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികൾ ബ്രാഹ്മണരീതികൾ  അനുകരിക്കുകയും അതനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തിയവരുമായിരുന്നു. ബീഫ് എന്നത് ജാതിവ്യവസ്ഥിതിയിൽ ഏറ്റവും താഴെയുള്ളവർ ഭക്ഷിക്കുന്ന ഒരു ഭക്ഷണമായി മാത്രമേ അവർ കണ്ടിരുന്നുള്ളൂ. ബീഫ് കഴിച്ചാൽ ജാതിതന്നെ നഷ്ടപ്പെടും എന്നും കരുതിയിരുന്നു. മതപരിവർത്തനത്തിനുവന്ന പോർച്ചുഗീസ് മിഷണറിമാരെ  പലപ്പോഴും സുറിയാനി ക്രിസ്ത്യാനികളും മറ്റു ഹിന്ദു ജനവിഭാഗങ്ങളും അവജ്ഞതയോടുകൂടിയാണ് കണ്ടിരുന്നത്. എന്നാൽ, ക്രിസ്ത്യാനികളുടെ ബീഫിനോടുള്ള പ്രവണതയിൽ കാലക്രമേണ  മാറ്റങ്ങൾ സംഭവിക്കുന്നതായി കാണാം. ജെയിംസ് ജോൺ എഴുതിയ “പോർച്ചുഗീസ് ആൻഡ് സോഷ്യോ കൾച്ചറൽ ചേഞ്ചസ് ഇൻ കേരള” എന്ന പുസ്തകത്തിൽ  ഈ കാര്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഇതിനാരംഭം കുറിക്കുന്നത് 1593-ൽ ആർച്ച് ബിഷപ്പായിരുന്ന  മെനെസിസിന്റെ കേരള സന്ദർശനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട  വിരുന്നൊരുക്കുന്നതിന്റെ ഭാഗമായി തദ്ദേശീയരായ ക്രിസ്ത്യാനികൾ പശുവിനെക്കൊന്ന് ബീഫ്  ഉണ്ടാക്കുന്നതായി കാണാം. ഇതിന്റെ തുടർച്ചയെന്നോണം  1599 ജനുവരി 26 തീയതി ഉദയംപേരൂർ സുന്നഹദോസിനുശേഷം ആർച്ച് ബിഷപ്പ് മെനെസിസ് അങ്കമാലി സന്ദർശിക്കുമ്പോൾ, തദ്ദേശീയരായ ക്രിസ്ത്യാനികൾ വീണ്ടും അദ്ദേഹത്തിനു ഭക്ഷിക്കാൻ പശുവിനെക്കൊല്ലുന്നതായും, അതിന്റെ പ്രത്യാഘാതമെന്ന നിലയിൽ ആലങ്ങാട് രാജാവും നമ്പൂതിരിമാരുംകൂടി ഇതു ചെയ്ത ക്രിസ്ത്യാനികളെ ശിക്ഷിക്കാൻ ഒരുങ്ങുന്നുണ്ട്,  പിന്നീട്, പോർച്ചുഗീസുമായിട്ടുള്ള ബന്ധത്തെ ഇതു വഷളാക്കുമെന്നുകണ്ട് അവരതിൽനിന്നു പിന്തിരിയുന്നതായി രേഖപ്പെടുത്തുന്നുണ്ട്.


പതിനേഴാംനൂറ്റാണ്ടോടെ ഫോർട്ട് കൊച്ചിയുടെ കോട്ടമതിലുകൾക്കുള്ളിൽ പോർച്ചുഗീസുകാർ അവരുടെ പ്രിയപ്പെട്ട ബീഫ് വിഭവങ്ങൾ ആസ്വദിച്ചു തുടങ്ങിയിരുന്നു എന്നു പറയാം. ഈ സാംസ്കാരിക കൈമാറ്റത്തിന്റെ രുചികരമായ ഫലമാണ് ഇന്നത്തെ കൊച്ചിയിലെ ലാറ്റിൻ ക്രിസ്ത്യാനികളുടെ അത്താഴപ്പട്ടികയിൽ നിറഞ്ഞുനിൽക്കുന്ന ‘ബീഫ് വിന്താലു’പോലുള്ള വിഭവങ്ങൾ. കൂടാതെ, പോർച്ചുഗീസ് യുവാക്കൾ കൊച്ചിയിലെ തദ്ദേശീയ യുവതികളെ വിവാഹം ചെയ്തതോടെ ‘മെസ്റ്റിസോസ്’ എന്ന ഒരു പുതിയ സമൂഹം രൂപപ്പെട്ടു. ഈ സമൂഹം പോർച്ചുഗീസ് സംസ്കാരത്തിന്റെ വാഹകരായി. അവർ പോർച്ചുഗീസ് ഭാഷ, ഭക്ഷണം, ആചാരങ്ങൾ എന്നിവ കൊച്ചിയിൽ വേരുറപ്പിക്കാൻ സഹായിച്ചു.


എന്നാൽ 1663-ല്‍ കൊച്ചിയിൽ പോർച്ചുഗീസുകാർക്ക് ഡച്ച്  ആധിപത്യത്തിനു മുന്നിൽ വഴിമാറേണ്ടി വന്നു. പോർച്ചുഗീസിനെപ്പോലെത്തന്നെ കേരളത്തിലെ ഗോവധനിരോധനം ഡച്ചുകാരെയും ബാധിച്ചിരുന്നു. ഡച്ച് കോട്ടയ്ക്കകത്ത്  പശുവിനെ അറക്കാനും ഭക്ഷിക്കാനും സാധിച്ചിരുന്നെങ്കിലും ആവശ്യത്തിന്നുള്ള കന്നുകാലികളെ കോട്ടയ്ക്കകത്തുനിന്നു കണ്ടെത്തുകയെന്നത് പ്രായോഗികമായിരുന്നില്ല. ഇതിന് ഡച്ചുകാരെ സഹായിച്ചിരുന്നത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായിരുന്നു. ഫോർട്ട് കൊച്ചിയുടെ പുറത്തുള്ള കൊച്ചിരാജ്യത്തിനുകീഴിലുള്ള പരിസരങ്ങളിൽനിന്ന്  പശുക്കളെ കണ്ടെത്തി അവയെ മോഷ്ടിച്ച് ഡച്ച് കോട്ടയിൽ കൊണ്ടുപോയി വിൽക്കുന്നത് ഒരു പതിവ് രീതിയായിരുന്നു. ഇതിന്റെ കൂടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമെന്നത്   പശുക്കളുടെ ഉടമസ്ഥാവകാശം എന്നത് സവർണ്ണജാതിയുടെ മാത്രം കുത്തകയായിരുന്നു. ഡച്ച്  പാതിരി ജേക്കബ് കാന്റർ വിഷറിന്റെ ‘ലെറ്റേർസ് ഓഫ് മലബാറിൽ’ പശു കശാപ്പു ചെയ്യപ്പെടാം എന്ന കാരണത്താൽ പശുക്കളെ സവർണ്ണജാതിക്കാർ ജൂതന്മാർക്കോ ക്രിസ്ത്യാനികൾക്കോ മുസ്ലീങ്ങൾക്കോ വിറ്റിരുന്നില്ല. പശുവിനെ വളർത്താനുള്ള അധികാരവും അതുപോലെ പാലും വെണ്ണയുമെല്ലാം ഉപയോഗിക്കാനുള്ള അവകാശവും സവർണ്ണജാതിയുടെ മാത്രമായിരുന്നു.


കൊച്ചിരാജാവ്, തന്റെ രാജ്യത്തു നടക്കുന്ന ഇത്തരം പ്രവണതകളെ അവഗണിച്ചിരുന്നില്ല. പശുക്കളെ മോഷ്ടിച്ചവരെ പിടികൂടി ക്രൂരമായി വധിച്ചിരുന്നതിനു ചരിത്രം സാക്ഷിയാണ്. ഈ മരണഭയം മൂലം പലരും ക്രിസ്തുമതം സ്വീകരിച്ച് ഡച്ച് സംരക്ഷണത്തില്‍ അഭയംതേടി. എന്നാല്‍, ഡച്ചുകാർ ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയും, ചെറിയ പിഴ ചുമത്തി പ്രശ്നം ഒതുക്കുകയും ചെയ്തുപോന്നു. എന്നാൽ, പലപ്പോഴും ഇതു കൊച്ചിരാജാവും – ഡച്ചും  തമ്മിൽ തുറന്ന തർക്കങ്ങൾക്ക്  വഴിവയ്ക്കുന്നതിനു കാരണമായി. ഈ പ്രശ്‌നം രൂക്ഷമായപ്പോൾ, 1750-ൽ കൊച്ചിയിലെ ഡച്ച് കമാൻഡർ ഡച്ച്  ഏഷ്യയുടെ  തലസ്ഥാനമായ ബട്ടാവിയയിലേക്ക് ഒരു അടിയന്തര സന്ദേശം അയച്ചു. ഒരു ക്രിസ്ത്യാനിയെ പശു മോഷ്ടിച്ചു എന്ന ആരോപണത്തിൽ കൊച്ചിരാജാവ് കൊന്നതായി അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ, രാജാവ് ഇതിനെ ന്യായീകരിച്ചുകൊണ്ട് പശുവിനെ സംരക്ഷിക്കുന്നത് തന്റെ ഹിന്ദു ധർമ്മമാണെന്ന് വാദിച്ചു. ഇതേപോലെ, 1776 മുതൽ 1789 വരെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന കാർമലൈറ്റ് സഭയിലെ പ്രമുഖ മിഷനറി പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പൗളിനോസ് പാതിരിയുടെ രേഖകളിൽ അമ്പലപ്പുഴയ്ക്കടുത്ത് കല്ലൂർക്കാട് പ്രദേശത്ത് അഞ്ച് ക്രിസ്ത്യാനികളെ പശുഹത്യ ആരോപിച്ച് തൂക്കിക്കൊന്നതായി പറയുന്നു. ഈ സംഭവം കാരണം ബിഷപ്പ് ലിമിവ ക്രിസ്ത്യാനികളോട് ബീഫ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു.


പതിനെട്ടാം നൂറ്റാണ്ടിൽ പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഡച്ചുകാരും കേരളത്തിലെ രാജാക്കന്‍മാരും തമ്മിൽ നിലനിന്നിരുന്നു. ഡച്ചുകാര്‍ കേരളത്തിൽ പശുക്കളെ ഭക്ഷിക്കാൻ മാത്രമായിരുന്നില്ല ഉപയോഗിച്ചിരുന്നത്, മറിച്ച് പശുത്തോൽകൂടി അവർ ഇവിടെനിന്ന് ശേഖരിച്ചിരുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ കേരളത്തിൽ പറയ ജാതിയിൽപ്പെട്ട ജനങ്ങളായിരുന്നു പശുക്കളെ വളർത്തിയിരുന്നത്, അവരെ ‘പശുഡോക്ടർ’ എന്നാണ് ജേക്കബ്സ് കാന്റർ വിഷർ വിശേഷിപ്പിക്കുന്നത്. ചത്തുവീഴുന്ന പശുക്കളെ ഭക്ഷിക്കാനും അവയുടെ തോലുരിച്ച് അതു കച്ചവടം ചെയ്യാനും അവർക്കധികാരമുണ്ടായിരുന്നു. എന്നാൽ, ഈയൊരു സമ്പ്രദായത്തിന് താൽക്കാലികമായെങ്കിലും ഒരു മാറ്റം വന്നതായി കാണാൻ സാധിക്കും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി മുമ്പുപറഞ്ഞ വിഭാഗത്തിലെ മനുഷ്യർ മനപ്പൂർവം പശുക്കളെ വിഷമുള്ള ചെടികൾ തീറ്റിച്ചു കൊല്ലുന്നതായും അവയെ  ഭക്ഷിക്കുന്നതായും കണ്ടെത്തി. അതിനെത്തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവായ ധർമ്മരാജാവ്(1758-1798) തന്റെ രാജ്യത്തിൽ ഇനിമുതൽ ആരുംതന്നെ ചത്തപശുവിന്റെ മാംസം ഭക്ഷിക്കരുതെന്നും അവ ചത്തുകഴിഞ്ഞാൽ അപ്പോൾത്തന്നെ കുഴിച്ചിടണമെന്നും വിളംബരം ചെയ്യുന്നുണ്ട്. ഡച്ച് കമാൻഡറായിരുന്ന അദ്രിയാൻ മൊൻസ് 1781-ൽ   എഴുതിയ ഓർമ്മക്കുറിപ്പിലാണ് ഇതു പ്രതിപാദിക്കുന്നത്. കൂടാതെ, ഇത് അധികംനാൾ നിലനിൽക്കുകയില്ലയെന്നും ഇപ്പോഴുള്ള പശുത്തോൽ ക്ഷാമം ഉടനെത്തന്നെ മാറുമെന്നും  പ്രതിപാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പശുത്തോലുകൾക്ക് 20 എണ്ണത്തിന് അന്നത്തെ 12 പണം  കൊച്ചി ചന്തയിൽ വിലയുണ്ടായിരുന്നു.


ഡച്ച് കമ്പനിയും കൊച്ചിരാജാവും തമ്മിൽ ഗോവധത്തിന്റെ  പേരിലുള്ള തർക്കങ്ങൾ കൊച്ചിയിലെ ഡച്ച് ഭരണം അവസാനിക്കുന്നതുവരെ തുടർന്നു. ഇതിനു തെളിവാണ് 1793-ൽ ഡച്ച് കമാൻഡർ ജോഹാൻ വാൻ ഏൻഗൽബെക്ക് എഴുതിയ ഓർമ്മക്കുറിപ്പുകൾ. ഈ കുറിപ്പിൽ ബെക്ക് പറയുന്നത്, അന്നത്തെ കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ, ഡച്ചുകാരുടെ സംരക്ഷണയിലുള്ള പള്ളികളിലെ ക്രിസ്ത്യാനികളോട് ബീഫ് കഴിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു എന്നാണ്. എന്നാൽ, ഈ ചരിത്രരേഖയിൽ  രാജാവിനോട് ക്രിസ്തുമത പ്രകാരം പശുവിനെ കൊല്ലുന്നത് തെറ്റല്ലെന്നും അതുകൊണ്ട് അവരെ ശിക്ഷിക്കുന്നത് ന്യായമല്ലെന്നും ബോധിപ്പിക്കുന്നുണ്ട്.


പോർച്ചുഗീസുകാലം മുതൽ ഡച്ചുകാലം അവസാനിക്കുന്നതുവരെ കേരളത്തിലെ ക്രിസ്ത്യാനികൾ കൂടുതലായി മാംസം, പ്രത്യേകിച്ച് ഗോമാംസം ഉപയോഗിക്കാൻ തുടങ്ങി. ഇതു സമൂഹത്തിൽ വലിയ തർക്കങ്ങൾക്കും അടിച്ചമർത്തലുകൾക്കും കാരണമായി. മിഷനറി പ്രവർത്തനങ്ങളിലും ഈ മാറ്റം കാണാം. ധാരാളം ആളുകൾ ജാതിയിലെ അടിച്ചമർത്തലിൽനിന്നു രക്ഷപ്പെടാൻ ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ രസകരമായ കാര്യം, അവർ ക്രിസ്ത്യാനികളായി മാറിയെങ്കിലും തങ്ങളുടെ പഴയ ജാത്യാഭിമാനം നിലനിറുത്തിയിരുന്നു എന്നതാണ്. ഇതവസാനിപ്പിക്കാനുള്ള മാർഗമായി ക്രിസ്ത്യൻ മിഷനറിമാർ  തിരഞ്ഞെടുത്ത വഴി അവരെക്കൊണ്ട് ബീഫ് കഴിപ്പിക്കുക എന്നതായിരുന്നു. പശുവിനെ കൊല്ലുന്നതിലൂടെ ജാതി നഷ്ടപ്പെടുമ്പോൾ അതു ഭക്ഷിക്കുന്നതിലൂടെ  ക്രിസ്ത്യാനിയായി മാറുന്നത്  പതിനെട്ടാം നൂറ്റാണ്ടിൽ നമുക്ക് കാണാം. ഈ അവസരത്തിൽ ‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന പഴഞ്ചൊല്ല് ഈ ഒരു സാമൂഹികാവസ്ഥയുമായി കൂട്ടിച്ചേർത്തു വായിക്കാൻ സാധിക്കും. ഭദ്രകാളി ക്ഷേത്രങ്ങളിൽ പൂജ ചെയ്തിരുന്ന ബ്രാഹ്മണരെ (അടികൾ) ജാതിശ്രേണിയിൽ താഴ്ന്നവരായാണ്  കണ്ടുകൊണ്ടിരുന്നത് അതിനുകാരണം അവർ മാംസം ഉപയോഗിച്ചിരുന്നു എന്നതാണ്.


ഡച്ച് കാലഘട്ടത്തിന്റെ അവസാനത്തോടെ, ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും വളരെ പ്രധാനപ്പെട്ട ഒരു സംഭവമായി മാറി. ഇത് സാമൂതിരി രാജവംശത്തിന്റെ ഭരണത്തിന് അന്ത്യംകുറിച്ചു. പിന്നീട് ടിപ്പുവിന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷുകാർക്ക് മലബാറിൽ നേരിട്ടുഭരിക്കാനുള്ള അവസരം ലഭിച്ചു. 1795-ൽ കൊച്ചിയിലെ ഡച്ച് ഭരണവും ബ്രിട്ടീഷ് കീഴിലായി.


യൂറോപ്യന്‍ നിയമവ്യവസ്ഥ


ബ്രിട്ടീഷ് ഭരണം  കേരളത്തിന്റെ ബീഫ് ഉപഭോഗത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അതു തുടങ്ങിവയ്ക്കുന്ന  യൂറോപ്യൻമോഡൽ നിയമവ്യവസ്ഥയിലൂടെയാണ്. മലബാറിലെ നേരിട്ടുള്ള ഭരണം അവർക്കത് ആയാസരഹിതമാക്കി. കൊച്ചിയിലും തിരുവിതാംകൂറിലും ദിവാന്മാർക്കു കീഴിൽ ഇതു നടപ്പാക്കാൻ തുടങ്ങി.  അതിനുദാഹരണമാണ് കേണൽ മൺറോയുടെ  കീഴിൽ രൂപപ്പെട്ട പുതിയ നിയമസംഹിത. എന്നാൽ, ഇതു കേരളത്തിൽ നിലനിന്നിരുന്ന ‘വ്യവഹാരമാല’യുടെ അടിസ്ഥാനത്തിലായിരുന്നു. അന്നു നിലനിന്നിരുന്ന നാട്ടുമര്യാദകളും ചട്ടങ്ങളും ഉൾക്കൊണ്ടാണ് കേണൽ  മൺറോ 1812-ൽ ‘ചട്ടവരിയോലകൾ’ രൂപപ്പെടുത്തിയത്.  ഇതു 20 വർഷത്തോളം കൊച്ചിയുടെയും  തിരുവിതാംകൂറിന്റെയും നിയമവ്യവസ്ഥിതികളുടെ അടിസ്ഥാനമായി നിലകൊള്ളുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമിതരായ ജഡ്ജിമാർ  സവർണ്ണബ്രാഹ്മണരായിരുന്നുവെങ്കിലും അവർക്ക് മരണശിക്ഷ വിധിക്കാനുള്ള അധികാരമുണ്ടായിരുന്നില്ല. 1860-ൽ ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നതോടെ പശുവിനെ കൊല്ലുന്നത് കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറി. ഐ.പി.സി സെക്ഷൻ 429 പ്രകാരം  പശുവിനെയോ  50 രൂപയിൽക്കൂടുതൽ വിലമതിക്കുന്ന  കന്നുകാലികളെയോ കൊല്ലുന്നത്  അഞ്ചുവർഷംവരെ തടവു കിട്ടാവുന്ന കുറ്റമായി മാറി. ഈ നിയമങ്ങളിലുണ്ടാകുന്ന മാറ്റം മലബാറിലാണ് ആദ്യം പ്രതിഫലിച്ചത്. വില്യം ലോഗന്റെ മലബാർ മാനുവലിൽ (1887) പശുവിനെ വധിക്കുന്നത് ഇപ്പോഴും കൊച്ചിയിൽ ഒരു പീനൽ കുറ്റമായി നിലനിൽക്കുന്നു എന്നദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് കൊച്ചിയിലും തിരുവിതാംകൂറിലും ഇത്തരത്തിലുള്ള നിയമങ്ങളിൽ പൂർണ്ണമായ ഒരു മാറ്റമുണ്ടാകുന്നത്.


ഒരുകാലത്ത് കൊലക്കുറ്റമായി കണക്കാക്കിയിരുന്ന പശുവധം പിന്നീട് നിയമവിധേയമായ ഒരു പ്രവൃത്തിയായി മാറിയെങ്കിലും, ബീഫ് ഉപഭോഗത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്നതു ശ്രദ്ധേയമായ വസ്തുതയാണ്. അതിനു പ്രധാനകാരണം കന്നുകാലികളുടെ ഉടമസ്ഥത പത്തൊമ്പതാംനൂറ്റാണ്ടിലും സവർണ്ണജാതിയിൽത്തന്നെയായിരുന്നു എന്നതാണ്. പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹികാവസ്ഥയെക്കുറിച്ച് വിശദമായി വിവരിക്കുന്ന പി. ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകം ഇക്കാര്യം വ്യക്തമാക്കുന്നു. ഈഴവനേതാവായിരുന്ന ഉഴുതുമേമൽ കിട്ടൻ, ഈ അവസ്ഥയ്‌ക്കെതിരെ ഒരു സാഹസിക ഇടപെടൽ നടത്തിയിരുന്നു. ബ്രാഹ്മണരുടെ കുത്തക അവസാനിപ്പിക്കുന്നതിനായി, പശുക്കളെ വളർത്താനും പാലുൽപന്നങ്ങൾ ഉപയോഗിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം നിയമപോരാട്ടം നടത്തി. ഈ കേസ് ഒടുവിൽ ഈഴവർക്കനുകൂലമായി വിധിക്കുകയും ചെയ്തു. സാമുവൽ മറ്റീറിന്റെ തിരുവിതാംകൂരിലെ വിവിധ ജനവിഭാഗങ്ങളുടെ ഭക്ഷണരീതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഈ സംഭവത്തെ കൂടുതൽ സാധൂകരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും പറയരും പുലയരും ബീഫ് കഴിച്ചിരുന്നെങ്കിലും, അതു വളരെ വിരളമായിരുന്നു. എന്നാൽ, മലബാറിൽ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മുസ്‌ലിം സമുദായത്തിൽ ബീഫ് ഉപഭോഗം സാധാരണമായിരുന്നു. കേരളത്തിലെ മുസ്‌ലീം സമുദായത്തിൽ കുട്ടികളുടെ പേരിടൽ ചടങ്ങുകളിൽ ആടിനെയോ പശുവിനെയോ അറുത്ത് വിരുന്നുകാർക്കു നൽകുന്ന ആചാരം പത്തൊമ്പതാംനൂറ്റാണ്ടിൽത്തന്നെ നിലവിലുണ്ടായിരുന്നു എന്നത് ഈ വാദത്തെ ശക്തിപ്പെടുത്തുന്നു.


ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ കേരളം ജനാധിപത്യമൂല്യങ്ങളെ ആശ്ലേഷിക്കാൻ തുടങ്ങിയ കാലഘട്ടത്തിൽത്തന്നെ, ഗോവധനിരോധനം സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയചർച്ചകളിൽ നിറഞ്ഞുനിന്ന ഒരു പ്രധാന വിഷയമായിരുന്നു. തിരുവിതാംകൂർ പ്രജാസഭയിലും കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലും ഈ വിഷയത്തിൽ നിരവധി ചർച്ചകൾ നടന്നു, ഗോവധ നിരോധന ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു.1923-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗോവധനിരോധന ബിൽ എ.ഗോവിന്ദമേനോൻ അവതരിപ്പിക്കുമ്പോൾ ഈ വിഷയത്തിൽ അതിവിശദമായ ചർച്ച നടക്കുകയും അവസാനം ബിൽ വോട്ടിനിടുകയും, ഒരേയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൽ തള്ളിക്കളയുകയാണുണ്ടായത്. ഇതേപോലെ 1927-ൽ കൊച്ചിൻ ലെജിസ്ലേറ്റീവ്  കൗൺസിൽ ടി.എ.രാമചന്ദ്ര അയ്യർ അവതരിപ്പിക്കുന്ന ഗോസംരക്ഷണ ബില്ലും  അതിന്റെ ഭാഗമായി  ഉയർന്നുവരുന്ന ചർച്ചകളും  പ്രസക്തമാണ്. അന്നത്തെ കൗൺസിൽ അംഗമായിരുന്നു  സി.എ.ഔസേപ്പ് ഈ ബില്ലിനെ  എതിർത്തുകൊണ്ട് സംസാരിക്കുമ്പോൾ  ഉന്നയിക്കുന്ന പ്രസക്തമായ ന്യായമെന്നത്, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ  ഗോസംരക്ഷണത്തിന്റെ  പേരിൽ നടക്കുന്ന വർഗീയ കലാപങ്ങൾ ഇത്തരത്തിലുള്ള നിയമങ്ങൾ പാസാക്കുന്നതുവഴി  കേരളത്തിലും അരങ്ങേറാം എന്നാണ്. കൊച്ചിയിലും തിരുവിതാംകൂറിലും ഇത്തരത്തിൽ കൊണ്ടുവരാൻ  ശ്രമിക്കുന്ന ഗോസംരക്ഷണ ബില്ലുകളുടെ  അടിസ്ഥാനമായി മുന്നോട്ടുവയ്ക്കുന്ന ഒരു  ആഖ്യാനം ഇവ രണ്ടും ഒരു ഹിന്ദുരാജ്യമാണ് എന്നതാണ്.


എന്നാൽ, പ്രാതിനിധ്യരാഷ്ട്രീയത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും വളർച്ചയോടെ കേരളത്തിൽ ഗോവധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറഞ്ഞുവന്നു എന്നതു ശ്രദ്ധേയമാണ്. 1929-ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന ടി.എ.രാമചന്ദ്ര അയ്യർ കൊച്ചിയിൽ കഴിഞ്ഞ ഇരുപതു വർഷത്തിൽ ഗോവധക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം പൂജ്യം എന്നതായിരുന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംമുതൽ കേരളത്തിൽ ഗോവധക്കുറ്റങ്ങൾ വളരെ വിരളമായിരുന്നു എന്നാണ്.


പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കേരളസമൂഹത്തിൽ തുടക്കംകുറിക്കുന്ന സാമൂഹികപരിഷ്കരണങ്ങൾ  മലയാളിയുടെ സാംസ്കാരിക രൂപവത്കരണത്തെ സ്വാധീനിക്കുന്നുണ്ട്. പന്തിഭോജനംപോലുള്ള  സാമൂഹിക ഇടപെടലുകൾ  കേരളത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയെ  കടന്നാക്രമിക്കുന്നുണ്ട്. വിദ്യാസമ്പന്നരായ പുതിയൊരു തലമുറ അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നതിനുവേണ്ടി ശബ്ദമുയർത്തുമ്പോൾ  ബീഫ് ഉപഭോഗത്തിന് നൂറ്റാണ്ടുകൾ നിലനിന്നിരുന്ന അയിത്തങ്ങൾ മറികടക്കാൻ സാധിക്കുന്നുണ്ട്.


സ്വതന്ത്ര കേരളത്തിൽ പിന്നീട്  കൂടുതൽ അറവുശാലകൾ ആരംഭിക്കുന്നതായി കാണാം. എന്നാൽ, മലയാളിയുടെ  ഇഷ്ടഭക്ഷണമായി ബീഫ് മാറുന്നതിലെ  പ്രധാന കാരണം ബീഫിന്റെ വില തന്നെയായിരുന്നു. 2005 വരെ മറ്റു മാംസങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോൾ ബീഫിന് തുച്ഛമായ വിലയെ  ഉണ്ടായിരുന്നുള്ളൂ. ഈ കാരണം കൊണ്ടാവണം സാധാരണക്കാരായ മലയാളികൾ കൂടുതലും ബീഫ് കഴിക്കാനാരംഭിച്ചത്.  ബീഫിന്റെ ജനപ്രീതിയുടെ മറ്റൊരു കാരണമാണ് പൊറോട്ട. 1940-കളിലെ ബ്രിട്ടീഷ് മലബാറിലെ ഭക്ഷ്യക്ഷാമമാണ് കേരളത്തിൽ മൈദയുടെയും ആട്ടയുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നത്. അതുപോലെത്തന്നെ പത്തൊമ്പതാംനൂറ്റാണ്ടിലെ അവസാനത്തോടുകൂടി കേരളത്തിൽ ചായക്കടസംസ്കാരം കടന്നുവരുന്നുണ്ട്. സ്വതന്ത്രകേരളത്തിൽ ചായക്കടകളിലും ഹോട്ടലുകളിലും സാധാരണക്കാരന് തുച്ഛമായ വിലയിൽ കഴിക്കാൻ സാധിക്കുന്ന ഭക്ഷണമായി പൊറോട്ടയും ബീഫും മാറുന്നുണ്ട്. പിന്നീട് സ്വതന്ത്രഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥിതിയിൽ ബീഫ് ഭക്ഷിക്കാനുള്ള   അവകാശം മലയാളി അരക്കിട്ടുറുപ്പിക്കുന്നുണ്ട്. തുടർന്ന് അടുക്കളയിൽനിന്നു അടുക്കളയിലേക്ക് അതിന്റെ രുചി ജാതി-മതഭേദങ്ങൾ തകർത്തു മുന്നേറുന്നതാണ് നമ്മൾ കണ്ടത്.


References


  1. K. Ananthakrishna Iyer (1909). Tribes and Castes of Cochin.
  2. James John (2020). The Portuguese and the Socio-Cultural Changes in Kerala: 1498-1663.
  3. Robert Kerr (1824). A General History and Collection of Voyages and Travels, Volume II.
  4. Jacob Canter Visscher (1862). Letters from Malabar Translated from the Original Dutch by Major Heber Drury.
  5. Francis Day (1863). The Land of the Perumals: Or Cochin, Its Past and Its Present.
  6. Memoirs of Andriaan Moens (1781).
  7. Memoirs of Johan Van Angel Beck (1793).
  8. Letters to Batavia 1750 – Madras archives.
  9. A Voyage to the East Indies – Fra Paouno Da San Bartolomeo.
  10. William Logan (1887). Malabar Manual.
  11. Samuel Mateer (1883). Native life in Travancore.
  12. Samuel Mateer (1871). “The Land of Charity”: A Descriptive Account of Travancore and Its People, with Especial Reference to Missionary Labour.
  13. Ferroli D (1939). Jesuits In Malabar, Volume I.
  14. Kerala legislative assembly archive records.
  15. പി ഭാസ്കരനുണ്ണി (1988). പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം.
  16. Rajan Gurukkal and Rāghavavāriyar (2018). History of Kerala: Prehistoric to the Present.
  17. Dileep V Kumar. Beef loving Kerala once wanted to ban cow slaughter.
  18. Dwijendra Narayan Jha (2002). The Myth of the Holy Cow.