ട്വന്റി 20 യുടെ ബദല്‍ രാഷ്ട്രീയപാഠങ്ങള്‍

ട്വന്റി 20 യുടെ ബദല്‍ രാഷ്ട്രീയപാഠങ്ങള്‍

അഭിമുഖം

സാബു എം. ജേക്കബ്/ രാജേശ്വരി. പി.ആര്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അങ്കത്തിന് ഒരുങ്ങുകയാണ് ട്വന്റി 20. രാഷ്ട്രീയ കേരളത്തിന് മുഖവുര വേണ്ടാത്ത പേര്. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും ജനങ്ങളുടെ അടിയുറച്ച പിന്തുണയാണ് കിറ്റെക്‌സ്-അന്ന വ്യവസായ ഗ്രൂപ്പിന് വേറിട്ടമുഖം നല്‍കുന്നത്. 80 ശതമാനം വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്ന ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഭക്ഷ്യമാര്‍ക്കറ്റാണ് ട്വന്റി 20 യുടേത്. കൂടാതെ വികസനം എന്നതിന്റെ പര്യായം കൂടിയായി. ജനാധിപത്യത്തിന് അപകടകരമെന്ന് വിമര്‍ശകര്‍ പറയുമ്പോഴും നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തി പറന്നുയരുകയാണ് ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മ.

ട്വന്റി 20 കൂട്ടായ്മ രൂപപ്പെട്ടതെങ്ങനെയാണ്. എന്തായിരുന്നു അതിനു പിന്നിലെ ലക്ഷ്യം ? പിതാവ് എം.സി ജേക്കബ് ജീവിച്ചിരുന്നപ്പോള്‍ പറയുമായിരുന്നു, വ്യവസായങ്ങള്‍ വളരുന്നതിനോടൊപ്പം തന്നെ നമ്മുടെ ഈ ഗ്രാമവും വളരണമെന്ന്. അതാണ് സുസ്ഥിര വളര്‍ച്ച. അതിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. പക്ഷേ, പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. 2012 ല്‍ അദ്ദേഹം മരണമടഞ്ഞു. പിന്നീട് ഞാനും എന്റെ മൂത്തസഹോദരന്‍ ബോബി ജേക്കബും പിതാവിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാനായിട്ടുള്ള യജ്ഞം ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്തില്‍ എം.എസ്.ഡബ്യൂ ക്കാരടങ്ങുന്ന അഞ്ചുപേരെ ഒരു പഠനം നടത്താനായി നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഏതാണ്ട് 282 ഓളം കുടുംബങ്ങള്‍ നീല ടര്‍പായകൊണ്ട് തീര്‍ത്ത കൂരകളില്‍ പട്ടി, ആട്, കോഴി ഇവയ്‌ക്കൊപ്പം കഴിയുന്ന ദയനീയചിത്രമായിരുന്നു. അതുപോലെ ഏതാണ്ട് 240 ഓളം വീടുകളില്‍ ടോയ്‌ലറ്റുകള്‍ ഇല്ലാതെ പ്രായമായ സ്ത്രീകളും അവരുടെ പെണ്‍മക്കളും പകലും രാത്രിയും ഒരുപോലെ കഷ്ടപ്പെടുന്ന നിരവധി അനുഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടു. വൈദ്യുതി ഇല്ലാത്തതുകൊണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍, ഒരുനേരം പോലും ആഹാരം കിട്ടാത്ത കുടുംബങ്ങള്‍ അങ്ങനെ ഒട്ടനവധി പ്രയാസങ്ങളാണ് ആ പഠനത്തില്‍ കണ്ടെത്തിയത്.

73 വര്‍ഷമായി നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട്. മാറിമാറി പലരും ഭരിച്ചു. പക്ഷേ, ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തിലോ നാടിന്റെ വികസനത്തിലോ കാര്യമായ വ്യത്യാസങ്ങളൊന്നുംതന്നെ ഉണ്ടായില്ല എന്നതാണ് ആ പഠനത്തില്‍ തെളിഞ്ഞത്. അതിനൊരു മാറ്റം വരണം. അതിനുവേണ്ടി എന്തുചെയ്യാം എന്നതായി പിന്നെ ഞങ്ങളുടെ ആലോചന. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വലുതായിരുന്നു ഇവിടുത്തെ പ്രശ്‌നങ്ങള്‍. ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ഏഴോ എട്ടോ വര്‍ഷമെടുക്കും ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. 2020 ല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാം എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി 20 എന്ന 2020 ല്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതി ആരംഭിച്ചത്. അതാണ് ട്വന്റി 20 കിഴക്കമ്പലം. അതായത് 2020 ല്‍ കിഴക്കമ്പലം എങ്ങനെയാകണമെന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ട്വന്റി 20 എന്ന ആശയം രൂപപ്പെട്ടത്.

എല്ലാത്തരത്തിലും മാതൃകാപരമായ ഗ്രാമം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങി. പക്ഷേ, ഓരോ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ഇടത്-വലത് വ്യത്യാസമില്ലാതെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിലപാടെടുത്തു. അതോടെ ഞങ്ങള്‍ മനസ്സിലാക്കി, അധികാരമില്ലാതെ, പഞ്ചായത്തിന്റെ ഭരണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കാനോ മുന്നോട്ടു പോകാനോ കഴിയില്ലെന്ന്. ഇതിനുമുമ്പ് ഒരിക്കലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ അധികാരം പിടിച്ചെടുക്കണമെന്നോ ഉള്ള യാതൊരു പ്ലാനുകളും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, പദ്ധതികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പഞ്ചായത്തിന്റെ ഭരണമില്ലാതെ സാധിക്കില്ലായെന്ന് വന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അങ്ങനെ 2015 ല്‍ ട്വന്റി 20 തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. മത്സരിച്ച 19 വാര്‍ഡുകളില്‍ 17 വാര്‍ഡുകളിലും ഞങ്ങള്‍ വിജയിച്ച് പഞ്ചായത്തിന്റെ അധികാരം ഏറ്റെടുത്തു. അധികാരം ഏറ്റെടുക്കുന്ന സമയത്ത് 39 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്ന പഞ്ചായത്ത്, അഞ്ചുവര്‍ഷം ഞങ്ങള്‍ ഭരണം പൂര്‍ത്തിയാക്കിയപ്പോള്‍ 13 കോടി 57 ലക്ഷം രൂപ മിച്ചംവച്ചുകൊണ്ടാണ് ഭരണം അവസാനിപ്പിച്ചത്. ഇന്ത്യയില്‍ ഇന്ന് രണ്ടു ലക്ഷത്തി എഴുപത്തിരണ്ടായിരം പഞ്ചായത്തുകളുണ്ട്. ഇവിടെയെല്ലാം നടപ്പാക്കിയ വികസനത്തേക്കാള്‍ വളരെയധികം വികസനങ്ങളാണ് ഞങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. അഴിമതിയില്ലാതെ അനാവശ്യ ചെലവുകളെ നിയന്ത്രിച്ച് ദീര്‍ഘവീക്ഷണത്തോടുകൂടി അടുക്കും ചിട്ടയുമായി ഒരു ഭരണം നടത്തിയതിന്റെ ഫലമാണ് കിഴക്കമ്പലത്തെ വികസനം. 2020 ല്‍ വീണ്ടും മത്സരിച്ചു. 19 സീറ്റില്‍ 18 ഇടങ്ങളിലും വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ 2015 ല്‍ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കില്‍ ഇത്തവണ 6500 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്തും പിടിച്ചെടുത്തു.

ട്വന്റി 20 യുടെ രാഷ്ട്രീയ സമീപനം എന്താണ്? കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച് ഇതിനെയൊരു സമാന്തര രാഷ്ട്രീയമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമോ ?

ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ കരുതിയതല്ല. സാഹചര്യങ്ങളാണ് ഞങ്ങളെ ഇതിലേക്ക് വലിച്ചിഴച്ചത്. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിച്ച് രാഷ്ട്രീയത്തിലേക്ക് ഇറക്കി എന്നുള്ളതാണ് സത്യം.