അനുഭവക്കണ്ണാടി

ഗോപി മംഗലത്ത്

അഴിച്ചിട്ട അണിഞ്ഞ വേഷങ്ങളും ഇനി അണിയാനുള്ള വേഷങ്ങളും തിരഞ്ഞെടുക്കാൻപോലും അവകാശമോ സമയമോ ഇല്ലാതെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് മുന്നൊരുക്കങ്ങളില്ലാതെ എത്തിപ്പെടുമ്പോൾ ചിലരെല്ലാം നമുക്കൊപ്പമോ മുന്നിലോ പലതരം വേഷമണിഞ്ഞ് അനുഭവക്കണ്ണാടിക്കുമുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം….

ജോബും ജോളിയും

ഉസ്‍ദേശത്ത് ജോബ് എന്നൊരാൾ ഉണ്ടായിരുന്നു. തിന്മയിൽ നിന്നകന്ന് ദൈവഭക്തനായി ജീവിച്ച അയാൾ ധനികനും നിഷ്കളങ്കനും നീതിനിഷ്ഠനും ആയിരുന്നു. അവന് എഴു പുത്രന്മാരും മൂന്ന് പുത്രിമാരും ഉണ്ടായിരുന്നു….. ഒരുദിവസം ദൈവപുത്രന്മാർ കർത്താവിന്റെ സന്നിധിയിൽ വന്നുചേർന്നു. സാത്താനും അവരോടുകൂടെ വന്നു. കർത്താവ് സാത്താനോട് നീ എവിടെനിന്ന് വരുന്നു എന്നു ചോദിച്ചു. ഞാൻ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ട് വരുകയാണ് എന്നവൻ മറുപടി പറഞ്ഞു. കർത്താവ് വീണ്ടും അവനോട് ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവത്തെ ഭയപ്പെടുന്നവനുമായ ഒരുത്തനെ നീ ഭൂമുഖത്ത് കണ്ടുവോ? സാത്താൻ പറഞ്ഞു: ജോബ് ദൈവത്തെ ഭയപ്പെടുന്നത് അങ്ങ് അവന് സമ്പത്തും സൗഭാഗ്യവും സംരക്ഷണവും നൽകി അവന്റെ ജീവിതത്തിൽ അനുഗ്രഹം ചൊരിയുന്നതുകൊണ്ടാണ്. അവന്റെ സമ്പത്തിൽ കൈവച്ചാൽ അവൻ അങ്ങയെ ദുഷിക്കുന്നതു കാണാം. കർത്താവ് സാത്താനോട് പറഞ്ഞു: അവനുള്ള സകലതിൻമേലും ഞാൻ നിനക്ക് അധികാരം തരുന്നു. അതുകേട്ട സാത്താൻ ജോബിനെ ഏതെല്ലാം തരത്തിൽ ഉപദ്രവിക്കാമോ അതെല്ലാം പലതവണ ചെയ്യുന്നു. ജോബ് സർവതും നഷ്ടപ്പെട്ട് രോഗിയായി മാറുന്നു. എന്നിട്ടും ദൈവത്തെ തള്ളിപ്പറയാനോ അവിടത്തെ നാമത്തെ വാഴ്ത്താനല്ലാതെ, ഇകഴ്ത്താനോ പാപം ചെയ്യാനോ തുനിയുന്നില്ല. കഷ്ടപ്പാടിനിടയിലും ജോബ് പറയുന്നു: “ദൈവമേ അങ്ങേക്കെല്ലാം സാധിക്കുന്നു. അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാകില്ലെന്നും ഞാനറിയുന്നു”. ഒടുവിൽ ജോബിൽ സന്തുഷ്ടനായ കർത്താവ് ജോബിന്റെ ശേഷിച്ച ജീവിതം മുമ്പിലത്തേതിനേക്കാൾ ധന്യമാക്കി സർവസ്വത്തും ഐശ്വര്യങ്ങളും തിരികെ നല്കുന്നു.

ഈ കഥയാണ് ഡോ.ആർ.എൽ.വി ജോളിമാത്യു മോഹിനിയാട്ട രംഗാവിഷ്‌കാരമാക്കി വർഷങ്ങൾക്കുമുൻപ് അവതരിപ്പിച്ച് എല്ലാവരുടെയും കൈയടി നേടിയത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ച് പഠിക്കുകയും പരിശീലിപ്പിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ ബൈബിളിലെ ജോബിന്റെ കഥ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായത്തോടെ മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുകയും ചെയ്ത ജോളി മാത്യു 40 വർഷമായി തിരുവാങ്കുളത്തെ സ്വാതിതിരുനാൾ സംഗീത ട്രസ്റ്റ് നടത്തുന്നു.

തൃപ്പുണിത്തുറയിൽനിന്ന് കുറച്ചുദൂരമേ തിരുവാങ്കുളത്തേക്കുള്ളു. ബസ്സിറങ്ങി ആൽമരം പിന്നിട്ട് വലതുവശത്തെ ഇടവഴിയിലൂടെ മുന്നോട്ടുപോയാൽ പഴയ ഒരു ക്ഷേത്രവും അതിനടുത്തായി സ്വാതിതിരുനാൾ സംഗീത ട്രസ്റ്റും ഉണ്ട്. അവിടെ ശാസ്ത്രീയ സംഗീത വിദ്യാർത്ഥിനിയായിരുന്ന, അധ്യാപികയും എഴുത്തുകാരിയുമായ ഉഷാമേനോനാണ് നൃത്താധ്യാപകനായ ഡോ.ജോളി മാത്യുവിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പറയുന്നതും ഒരുനാൾ സ്വാതിതിരുനാൾ സംഗീത ട്രസ്റ്റിൽവച്ച് ഞങ്ങളെ തമ്മിൽ പരിചയപെടുത്തുന്നതും. അന്ന് അറിയപ്പെടുന്ന കലാകാരന്മാരെ പരിചയപ്പെടുത്തി പത്രങ്ങളിലും മാസികകളിലും നിരന്തരമായി ഞാൻ എഴുതിയിരുന്നു. ബൈബിളിലെ ജോബിന്റെ കഥ അതിമനോഹരമായി അവതരിപ്പിച്ച് അഭിനന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങി ജോളി മാത്യു മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്ന സമയത്താണ് ഉഷടീച്ചർ ജോളിയെപ്പറ്റി പറയുന്നതും ഞങ്ങൾ തമ്മിൽ കാണുന്നതും. ഭാരതമുനിയുടെ നാട്യശാസ്ത്രത്തെകുറിച്ചും അതിനെ അടിസ്ഥാനമാക്കി ചെയ്യാൻ പോകുന്ന സ്വപ്‍നപദ്ധതികളെപ്പറ്റിയും ജോളി ഒത്തിരിനാളത്തെ പരിചയമുള്ള സുഹൃത്തിനോടെന്നവണ്ണം എന്നോട് സംസാരിച്ചു. ഗുരുസ്ഥാനീയരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കല്യാണിക്കുട്ടിയമ്മയുടെ മകൾ കലാവിജയൻ, ഫാക്ട് പത്മനാഭൻ, കലാമണ്ഡലം പ്രഭാകരൻ ഇവരെക്കുറിച്ചും ഇവർ ജോളിയുടെ കലാജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ചും പറയുകയുണ്ടായി. അതിൽ ജോബിന്റെ നൃത്തശില്പത്തെക്കുറിച്ചുള്ള ഭാഗം മാത്രമാണിവിടെ കൊടുക്കുന്നത്. ഈ സംഭാഷണം നടക്കുന്ന കാലത്ത് ജോളിമാത്യു തൃപ്പുണിത്തുറ ആർ.എൽ.വിയിൽ പഠിക്കാൻ പോയിട്ടില്ല. ഇപ്പോഴാകട്ടെ, ജോളി മാത്യു നൃത്തത്തിൽ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് എടുത്തിരിക്കുന്നു. ഈയിടെ അന്തരിച്ച സുഗതകുമാരിടീച്ചറുടെ ‘കൊല്ലേണ്ടതെങ്ങനെ’ എന്ന കവിതയുടെ മോഹിനിയാട്ട രംഗാവിഷ്കാരം കൊച്ചി അന്താരാഷ്ട്ര പുസ്തകവേദിയിൽ ജോളി മാത്യുവും കൂട്ടരും അവതരിപ്പിച്ചപ്പോൾ സമകാലിക പ്രസക്തിയുള്ളതായി മാറിയിരുന്നു.