പകയുടെ കനലുകളും മൈത്രിയും!
കെ.അരവിന്ദാക്ഷന്‍
സാന്‍ഡര്‍ മരായ്‌യുടെ ‘EMBERS’ എന്ന നോവല്‍ പകയുടെ കനലുകളിലൂടെ കടന്നുപോകുന്ന ഏകാകിയായ ജനറല്‍ ഹെന്‍ട്രിക്കിന്റെ ആന്തരിക സംഘര്‍ഷങ്ങളുടെ ഭൂമികയാണ്. നാല്‍പ്പത്തിയൊന്നു വര്‍ഷങ്ങമായി അയാള്‍ തന്റെ വിജനമായ വനാന്തരത്തിലെ ഒറ്റപ്പെട്ട ബംഗ്ലാവില്‍ ആത്മസുഹൃത്തായിരുന്ന കൊണ്‍റാഡിനെ കാത്തിരിക്കുകയാണ്. ബാല്യത്തില്‍ സ്‌നേഹത്തിനുവേണ്ടി തേങ്ങുന്ന നാളുകളിലാണ് ഹെന്‍ട്രിക്ക് കൊണ്‍റാഡിനെ കണ്ടുമുട്ടുന്നത്. ഒരമ്മയുടെ ഉദരത്തില്‍ ഉരുവപ്പെട്ട സഹോദരങ്ങളെപ്പോലെയായിരുന്നു അവര്‍. പക്ഷേ, കൊണ്‍റാഡ് കൃസ്റ്റീനയെ മുന്‍നിറുത്തി അയാളെ വഞ്ചിച്ചു. നാലുപതിറ്റാണ്ടിനുശേഷം തന്റെ ബംഗ്ലാവിലേക്ക് വിളിച്ചുവരുത്തി ഇരുണ്ട രാത്രിയില്‍ ഹെന്‍ട്രിക് അയാളെ വിചാരണ ചെയ്യുന്നു. അതയാളുടെ ആത്മവിചാരണയും കൂടിയാണ്. പുലര്‍ച്ചെ അയാളുടെ സ്‌നേഹിതന്‍ യാത്രയാവുന്നു. ഹെന്‍ട്രിക് തന്റെ പകയുടെ കെട്ടടങ്ങിയ കനലുകളിലൂടെയും.
ഇവിടെ പ്രത്യക്ഷത്തില്‍ മാപ്പിരക്കലോ മാപ്പ് കൊടുക്കലോ പശ്ചാത്താപമോ സംഭവിക്കുന്നില്ല. പരവിചാരണയും ആത്മവിചാരണയും ഒരേ സമയം നടക്കുന്നു. നോവല്‍ പൂര്‍ത്തിയാക്കുന്നതോടെ വായനക്കാരനും ഉള്ളിലെ കനലുകളടങ്ങി ശാന്തനായി, കാലത്തിന്റെ ഇരുട്ടിലേക്ക്, ജനലിലൂടെ നോക്കിയിരിക്കുന്നു. സാന്‍ഡര്‍ മരായ്‌യുടെ ‘കനലുകളില്‍’ നിന്ന് പുറത്ത് കടന്നാല്‍ നാമെത്തിച്ചേരുക വര്‍ത്തമാന കാലത്തിലേക്കും ചരിത്രത്തിലേക്കുമാണ്. ഞാന്‍ ‘അപരനോടും’ (ഉറ്റവനോടും) ഒരു വംശം മറ്റൊരു വംശത്തോടും ഒരു ജാതി മറ്റൊരു ജാതിയോടും പുരുഷന്‍ സ്ത്രീയോടും മറിച്ചും, ഒരു രാജ്യം ഇതര രാജ്യത്തോടും വിദേശിയര്‍ തദ്ദേശീയരോടും ചെയ്തുകൂട്ടിയ, ചെയ്തുകൊണ്ടിരിക്കുന്ന പൈശാചികമായ കൊടുംക്രൂരതകള്‍ മാപ്പാക്കപ്പെടുകയോ പശ്ചാത്താപത്തിന്റെ കനലുകളില്‍ വെന്തുനീറി സ്വയം പരിപാകപ്പെടുകയോ ചെയ്യുന്നുണ്ടോ? ബുദ്ധനും ജിനനും ക്രിസ്തുവും നബിയും ഗാന്ധിയും വിശുദ്ധരും ആത്മീയാചാര്യന്മാരും ഒരു കരണത്തടിക്കുന്നവന് മറ്റേ കരണവും കാണിച്ചുകൊടുത്ത്, അടിക്കുന്നവനിലും കൊള്ളുന്നവനിലും പരസ്പരം ഹൃദയദ്രവീകരണം പ്രാര്‍ത്ഥിച്ചവരാണ്. നിത്യജീവിതത്തില്‍ അവരുടെ കരുണയൂറുന്ന പ്രാര്‍ത്ഥനകളോട് നാം ഹൃദയം ചേര്‍ത്ത് വയ്ക്കാറുണ്ടോ? ഒരു നോട്ടത്തില്‍, വാക്കില്‍, നിസ്സാരമെന്ന് തോന്നിക്കുന്ന പ്രവൃത്തിയില്‍, നാം ഒളിപ്പിച്ച് വയ്ക്കുന്ന അവഗണനയുടെ, പകയുടെ അദൃശ്യമായ കൂര്‍ത്ത കത്തിമുനകളെപ്പറ്റി, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴെങ്കിലും നാം ഓര്‍ക്കാറുണ്ടോ? എന്റെ വാക്ക്, നോട്ടം, പ്രവൃത്തി ഏതെങ്കിലുംവിധത്തില്‍ മറ്റൊരാളെ വേദനിപ്പിച്ചുവോ? അയാളുടെ/അവളുടെ ഉള്ളു നൊന്തുവോ? അവള്‍ തേങ്ങിയോ? അതിസങ്കീര്‍ണവും എളുപ്പമൊന്നും ഉത്തരം സാധ്യമല്ലാത്തതെന്ന് തോന്നിക്കുന്നതുമായ ചോദ്യങ്ങളാണിവ. ചിന്തിക്കുന്ന മനുഷ്യന്‍ ആവിര്‍ഭവിച്ചതു മുതല്‍ക്കുള്ള ചോദ്യങ്ങള്‍.
കറുത്ത വര്‍ഗക്കാരെ അതിക്രൂരമായി മര്‍ദിച്ചൊതുക്കി അവരുടെ മണ്ണും വിഭവങ്ങളും ചൂഷണം ചെയ്യാനാണ് വര്‍ണവിവേചനത്തിലൂടെ (അപ്പാര്‍ത്തീഡ്) ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ ഭരണാധികാരികള്‍ ശ്രമിച്ചത്. ഇതിന്നവര്‍ നീതിന്യായ വ്യവസ്ഥകളും ഭരണസംവിധാനങ്ങളും മതഗ്രന്ഥങ്ങളും എല്ലാം യഥേഷ്ടം ഉപയോഗിച്ചു. അഹിംസാത്മകമായ പോരാട്ടത്തിലൂടെ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയെ സ്വാതന്ത്ര്യത്തിലെത്തിച്ചു. മണ്ടേലയടക്കമുള്ള ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ അതിന് കൊടുത്ത വില അവരുടെ ജീവനും ചോരയും നീരുമായിരുന്നു.
അധികാരത്തിലെത്തിയ നെല്‍സണ്‍ മണ്ടേല ട്രൂത്ത് ആന്റ് റിക്കണ്‍സിലിയേഷന്‍ കമ്മീഷനെ നിയോഗിച്ചു. അപ്പാര്‍ത്തീഡ് കാലത്തെ ക്രൂരതകളും ബലാല്‍ക്കാരങ്ങളും അപമാനവത്ക്കരണങ്ങളും അന്വേഷിക്കുന്നതിനായി. ഇതിന്നായി മണ്ടേല മുന്നില്‍നിറുത്തിയത് ഡെസ്മണ്ട് ടുട്ടു എന്ന ആര്‍ച്ച് ബിഷപ്പിനെയായിരുന്നു. ഒരാത്മീയാചാര്യനെ. നിയമവിദഗ്ധരും, രാഷ്ട്രീയ പ്രതിനിധികളും, മനഃശാസ്ത്രവിദഗ്ധരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. (പുറം: 202-214-ടെന്‍സിന്‍ പ്രിയദര്‍ശി: Running Toward Mystery) സത്യാന്വേഷണകമ്മീഷന്റെ ജോലി വര്‍ണവിവേചനം നടപ്പാക്കിയ ഭരണാധികാരികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കലായിരുന്നില്ല. ഒരു ജനതയുടെ നേരെ ക്രൂരത കാണിച്ച വ്യക്തികളുടെയും സമൂഹത്തിന്റെയും ഹൃദയങ്ങള്‍ തുറന്നിട്ട് മൈത്രിയിലൂടെ മുറിവുകളുണക്കുകയായിരുന്നു. മര്‍ദിക്കപ്പെട്ടവര്‍ക്കും അപമാനിക്കപ്പെട്ടവര്‍ക്കും തുറന്ന് പറയാനുള്ള പൊതുവേദികളുണ്ടായി. തങ്ങളുടെ ഉറ്റവര്‍ എപ്രകാരം അപ്പാര്‍ത്തീഡ് നാളുകളില്‍ കൊല്ലപ്പെട്ടു, അപ്രത്യക്ഷരായി, അവരുടെ മൃതദേഹങ്ങള്‍ എവിടെയാണ് സംസ്‌ക്കരിക്കപ്പെട്ടത് എന്ന സത്യങ്ങളെല്ലാം കമ്മീഷന്‍ നിരന്തരമായ’സിറ്റിങ്ങുകളി’ലൂടെ പുറത്തുകൊണ്ടുവന്നു. മര്‍ദനത്തിന് കൂട്ടുനിന്നവര്‍ സത്യസ്ഥിതികള്‍ പറയാന്‍ തുടങ്ങിയതോടെ ഇരുകൂട്ടരിലും മനോസംഘര്‍ഷങ്ങളും വിശ്ലേഷണങ്ങളും സംഭവിച്ചു. സത്യത്തിന്റെ പ്രകാശധാരയില്‍ മര്‍ദകന്റെയും മര്‍ദിതന്റെയും ഹൃദയങ്ങള്‍ തമ്മില്‍ മൗനമായ സ്‌നേഹസംഭാഷണങ്ങളുണ്ടായി. ഇവിടെ മര്‍ദിക്കപ്പെട്ടവരുടെ ഹൃദയം മാത്രമല്ല, വസ്തുനിഷ്ഠമായ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ആശ്വാസത്തിലെത്തിയത്. മര്‍ദകനും തന്റെ ക്രൂരതകള്‍ തന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവുകള്‍ കണ്ടെത്തി. ദുഷിച്ച ചോര ആ മുറിവുകളില്‍ നിന്നൊലിച്ചുപോയതോടെ, അയാളുടെ ഹൃദയത്തിലും ആശ്വാസത്തിന്റെ കാറ്റ് വീശി.