സാംസ്‌കാരിക നിര്‍മിതിയുടെ പാഠങ്ങള്‍

ഡോ. പി.ആര്‍ ജയശീലന്‍

മലയാളചെറുകഥ അതിന്റെ തുടക്കം എന്നു പറയാവുന്ന വാസനാവികൃതി മുതല്‍ ഒരല്പം വികൃതിയോടെ തന്നെയാണ് മുന്നോട്ട്‌വന്നിട്ടുള്ളത്. അതായത് പരീക്ഷണ വ്യഗ്രമായ പരിണാമവിധേയമായ ഒരു വഴി അത് എക്കാലത്തും വെട്ടിത്തുറന്നിട്ടുണ്ട് എന്നര്‍ത്ഥം. കഥയ്ക്കു സംഭവിച്ച ഈ പരിണതി കവിതയ്‌ക്കോ നോവലിനോ അത്രകണ്ട് ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ല. നോവലും കവിതയും കുറച്ചുകൂടി അക്കാദമികം, സാഹിത്യം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചട്ടക്കൂടില്‍ പുലര്‍ന്നു പോകാന്‍ കാണിച്ച ശുഷ്‌കാന്തി, അത്രത്തോളം കഥയെ ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സക്കറിയയുടെ കഥകള്‍ എടുത്തു വീണ്ടും വായിക്കുമ്പോള്‍ പൊതുവില്‍ കഥയെക്കുറിച്ചും ഒപ്പം മലയാള ചെറുകഥയെക്കുറിച്ചുമുള്ള ഒരുപാട് വ്യത്യസ്തമായ കാഴ്ചകള്‍ കടന്നുവരുന്നു. സക്കറിയ ജീവിതത്തെയും എഴുത്തിനെയും രണ്ട് വിരുദ്ധ തലങ്ങളില്‍ നിന്ന് എപ്പോഴും കാണാന്‍ ശ്രമിച്ച എഴുത്തുകാരനാണ്. സൂക്ഷ്മം/ സ്ഥൂറലം, സാഹിത്യം/സാഹിത്യേതരം, അക്കാദമികം/ അനക്കാദമികം, യാഥാര്‍ത്ഥ്യം/ മിഥ്യ, പ്രബന്ധപരത/ ജനപ്രിയം, ഗൗരവം/ ആക്ഷേപഹാസ്യം, യഥാതഥം/ ഫാന്റസി എന്നിങ്ങനെയുള്ള അനവധി ദ്വന്ദ്വങ്ങളിലൂടെ കടന്നുപോകുന്ന ഒരെഴുത്തു രീതിയോ ചിന്താരീതിയോ ആണത്. ജീവിതം, എഴുത്ത്, പുറമെയുള്ള അവസ്ഥാവിശേഷങ്ങളോടുള്ള പ്രതികരണം എന്നിവയിലെല്ലാം ശരാശരി മലയാളി തന്റെ സങ്കുചിതമായ നിലനില്പ് എക്കാലത്തും കാത്തു സംരക്ഷിക്കുന്നവനാണ് . ഒപ്പം അതിനൊരു യാഥാസ്ഥിതികതയും ഫ്യൂഡല്‍ മനോഭാവവും കൂടിയുണ്ട്.

മലയാളി പുലര്‍ത്തുന്ന ഇത്തരം നിലപാടുകളോട് ഒട്ടും യോജിക്കുന്നവയല്ല ഈ എഴുത്തുകാരന്റെ വീക്ഷണം എന്ന് വായനയിലൂടെ നമുക്ക് മനസ്സിലാവും. തന്റെ ജീവിതസമീപനം എന്തെന്നും അത് തന്റെ കഥകളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ‘ഇതാ ഇവിടെ വരെ’ എന്ന പേരില്‍ സക്കറിയ തന്നെ എഴുതിയ ആത്മകഥാപരമായ കുറിപ്പിലുണ്ട്.

1964 ല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ റിപ്പബ്‌ളിക്ക് ദിനപ്പതിപ്പില്‍ പ്രസിദ്ധീകൃതമായ ‘ഉണ്ണി എന്ന കുട്ടി’ എന്ന പേരില്‍ എഴുതിയ കഥയെക്കുറിച്ച് പറഞ്ഞുകൊണ്ടുതുടങ്ങുന്ന കുറിപ്പിന്റെ അവസാനഭാഗം- ‘വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നതു പോലെയായിരുന്നു ആദ്യ കഥയ്ക്കു ശേഷമുള്ള എന്റെ എഴുത്തുജീവിതം. ഓര്‍മയില്‍ ഞാന്‍ ഉരുളികുന്നത്തെ പ്രകൃതിയില്‍ വിശന്നുവലഞ്ഞവനെപ്പോലെ മണ്ടി നടന്നു. മൈസൂറിലെയും ബാഗ്‌ളൂരിലെയും രാത്രികളിലും പകലുകളിലും തെരുവുകളിലും പരമ്പരാഗത പാപത്തിന്റെയും ബുദ്ധികെട്ട ജീവിതത്തിന്റെയും തുണ്ടുകള്‍ തപ്പിപ്പെറുക്കി. ഇതാ എന്നെ പിടിച്ചോളു എന്ന മട്ടില്‍ നഗരത്തിന്റെ ഇരുട്ടുകളിലേക്കും വെളിച്ചത്തിലേക്കും കൂപ്പുകുത്തി വായിച്ചു. കണ്ണുവേദനിക്കും വരെയും പുസ്തകം പിടിച്ച കൈമരവിക്കും വരെയും വായിച്ചു. പുസ്തകങ്ങളും വാരികകളും ഇംഗ്ലീഷുമായി കെട്ടിമറിഞ്ഞു. വിഡ്ഢി കാമങ്ങളെ ചുമന്നു നടന്നു. സിനിമ കണ്ടു. പാട്ടു കേട്ടു. പ്രേമിച്ചു മസാലദോശ തിന്നു. ബിയര്‍ കുടിച്ചു. കളിച്ചു. ചിരിച്ചു. അലഞ്ഞു. ഛര്‍ദ്ദിച്ചു. സ്വപ്നങ്ങളുടെ പൊടി തൂത്തുവാരിയെടുത്തു. എഴുതി. കാഞ്ഞിരപ്പള്ളിയും കോയമ്പത്തൂരും ദല്‍ഹിയും എനിക്ക് കഥകള്‍ തന്നു. യേശുക്രിസ്തുവും സിനിമയും ബാറുകളും കൂട്ടുകാരും കാമുകിമാരും കോഴികളും നായകളും കഥകള്‍ തന്നു. ദൈവം ഇടയ്‌ക്കെല്ലാം എത്തി നോക്കി പുഞ്ചിരിച്ചു. ചിലപ്പോള്‍ കണ്ണീര്‍ പൊഴിച്ചു. ദൈവത്തിന് സ്തുതി. അങ്ങനെ ഇതാ എന്റെ കഥയുടെ പരസ്യവണ്ടി ഇവിടെ വരെയെത്തി. നന്ദി’ തന്റെ കഥയുടെ ഉത്ഭവത്തെക്കുറിച്ച്, ഇപ്പോള്‍ കഥയുടെ പരസ്യവണ്ടി എവിടെ എത്തി നില്‍ക്കുന്നു എന്നതിനെ കുറിച്ച് പറയുമ്പോള്‍ എവിടെയും സക്കറിയ സാഹിത്യത്തെ തൊടുകയോ ഓര്‍മിക്കുകയോ ചെയ്യുന്നില്ല. കഥയെഴുത്ത് സാഹിത്യ നിര്‍മിതി എന്നതിനെക്കാള്‍ ജീവിതത്തെ തൊടുകയാണ് എന്ന് വ്യക്തമാക്കുന്നു.