മനുഷ്യക്കടത്തിന്റെ പ്രവര്‍ത്തന വഴികള്‍

(ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ്) മനുഷ്യകടത്തെന്ന ഭീകര യാഥാര്‍ത്ഥ്യം ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെ ഗ്രസിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, മിസോറാം, മേഘാലയ, മണിപ്പൂര്‍ തുടങ്ങി കര്‍ണ്ണാടക, കേരളം, ഗോവ എന്നീ വിവിധ സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഏജന്റിനും ഒരാളെ നല്കിയാല്‍ ലഭിക്കുന്ന തുക 25,000/ രൂപയാണ്. ഇരുപത്തഞ്ചു മുതല്‍ മുപ്പതുവരെ പെണ്‍കുട്ടികളെയാണ് ഒരുവര്‍ഷം ഓരോ ഏജന്റും അയയ്ക്കുക. കര്‍ണാടകയുടെ തീരപ്രദേശത്തു നിന്നുതന്നെ ഏകദേശം 300 പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മധ്യപൂര്‍വദേശങ്ങളില്‍ വീട്ടുജോലിക്കായി ആള്‍ക്കാരെ ആവശ്യമുണ്ടെന്നു പറഞ്ഞു പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ഏജന്റുമാര്‍ ആദ്യം ചെയ്യുക. 20,000 മുതല്‍ 30,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കുമെന്നും, ഭക്ഷണവും താമസവും സൗജന്യമായി കിട്ടുമെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞാല്‍ കുട്ടികള്‍ സ്വാഭാവികമായും തയ്യാറാവും. ഉടനെ ഏജന്റുമാര്‍ കുട്ടികളെ ട്രെയിനില്‍ മുംബെയിലെത്തിക്കാന്‍ ക്രമീകരണം നടത്തുകയായി. മുംബെയിലെത്തിയാല്‍ അവര്‍ തല്ക്കാലം താമസിക്കുക ഹോസ്റ്റലിലായിരിക്കും. ആവശ്യമനുസരിച്ച് ദുബായിയിലേക്കോ അബുദാബിയിലേക്കോ വിമാനടിക്കറ്റ് ശരിയാക്കിക്കൊടുക്കും. ദുബായിലും അബുദാബിയിലും ഒക്കെ എത്തിച്ചേരുമ്പോള്‍ അവിടെ ലേലംവിളി നടക്കും. പ്രായം, ജോലി ചെയ്യാനുള്ള ശേഷി, സംസാരിക്കുന്ന ഭാഷ ഇവയെല്ലാം ഇവിടെ പരിഗണനാവിഷയങ്ങളാണ്. അതാതു കോണ്‍സുലേറ്റില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ ടൂറിസ്റ്റ് വിസാ സംഘടിപ്പിക്കും. കോണ്‍സുലേറ്റില്‍ നടക്കുന്ന മുഖാമുഖത്തില്‍ ഈ കുട്ടികളോട് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇതാണ്: ‘ഇവിടെ ഉദ്യോഗമുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കുകയാണ് വരവിന്റെ ഉദ്ദേശ്യം” വിസാ ലഭിക്കുന്നതോടെ അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

വിസിറ്റിംഗ്‌വിസാ കാലാവധി മൂന്നുമാസമാണ്. ഇക്കാലം ഉടമകള്‍ ഇവരെ നന്നായി നോക്കും. അല്ലെങ്കില്‍ അടുത്ത പോലീസ്‌സ്‌റ്റേഷനില്‍ പോയി ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന പരാതി നല്കാന്‍ കുട്ടികള്‍ക്കു സാധിക്കും. വിസാ കാലാവധി കഴിഞ്ഞാല്‍, തുടര്‍ന്നുള്ള താമസം കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും അവരെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കാന്‍ കഴിയും. സ്വാഭാവികമായും അവര്‍ ഇവയൊഴിവാക്കുന്നതിനു വേണ്ടി ‘ഉടമ’ കളുടെ ‘അടിമ’ കളായിത്തീരുന്നു. തങ്ങളെവിലയ്ക്കു വാങ്ങിയവരുടെ ‘കരുണ’യിലാണ് പിന്നീടുള്ള അവരുടെ ജീവിതം.

പാചകം, പാത്രം കഴുകല്‍, തുണിയലക്കല്‍, തറ തുടയ്ക്കല്‍ എന്നിങ്ങനെയുള്ള പിടിപ്പതു പണി അവര്‍ചെയ്യേണ്ടിവരുന്നു. അതിരാവിലെ മുതല്‍ രാത്രി 11 മണിവരെ പണിയോടു പണിതന്നെ. ജോലിസമയം കഴിഞ്ഞാലും വീട്ടുടമ, കുടുംബാംഗങ്ങള്‍ അതിഥികള്‍ ഇവര്‍ക്കെല്ലാം ഭക്ഷണം വിളമ്പണം. അവര്‍ വീട്ടില്‍ മടങ്ങിയെത്തും വരെകാത്തിരിക്കണം. വീട്ടിലുള്ളവരെല്ലാം ഭക്ഷണം കഴിച്ച് മിച്ചമുണ്ടെങ്കില്‍ അതുമാത്രം കഴിക്കാനാണ് ഈ പെണ്‍കുട്ടികളുടെവിധി. ഇങ്ങനെ ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനും വിധേയരാക്കുക പതിവാണ്. കുടുംബത്തിലെ പുരുഷന്മാരും അതിഥികളും ഈ കുട്ടികളെ ചൂഷണംചെയ്യുന്നുണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കുട്ടികളില്‍ നിന്നു ലഭിക്കുന്നില്ലായെങ്കില്‍ അവരെ നിഷ്‌കരുണം വധിക്കുകയോ, ആശുപത്രിയിലെത്തിച്ച് അവരുടെ അവയവങ്ങള്‍ എടുത്ത് വില്ക്കുന്ന പതിവുമുണ്ട്. ഒടുവില്‍ ഇരകളുടെ ശവശരീരം കടലിലെറിയപ്പെടുന്നു. ചോദ്യമില്ല, അന്വേഷണമില്ല, യാതൊരുകേസുമില്ല. അഥവാ പെണ്‍കുട്ടികളെ പോലീസ് പിടിക്കുകയാണെങ്കില്‍ അവര്‍ ജയിലിലടയ്ക്കപ്പെടുകയും മേല്‍പറഞ്ഞതരത്തിലുള്ള എല്ലാ പീഢനങ്ങള്‍ക്കും വിധേയരാവുകയുംചെയ്യും.