അവള്‍ക്ക് ചെവി കൊടുക്കുക

അഭിമുഖം: നന്ദിത ദാസ് /ബിനോയ് പിച്ചളക്കാട്ട്
അവള്‍ക്ക് ചെവി കൊടുക്കുക
നീതി കൂടാതെ സമാധാനമില്ല. അനീതി മൂലം കഷ്ടതയനുഭവിക്കുന്നവരുടെ മൗനനൊമ്പരങ്ങള്‍ക്ക് ശബ്ദം നല്കുകയും ഒപ്പം അഹിംസാ മാര്‍ഗത്തിലൂടെ എങ്ങനെ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാക്കാം എന്ന ചോദ്യമാണ് മുന്നില്‍. കോവിഡ് 19 എന്ന മഹാമാരി അവരുടെ സഹനങ്ങളെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്, അവരുടെ സഹനങ്ങള്‍ക്ക് മഹാമാരി ആയിരുന്നില്ല കാരണം എന്നത് ശരിയാണെങ്കിലും. സമൂഹത്തിലെ ഘടനാപരമായ അനീതിതന്നെയാണ് ഈ സഹനത്തിന്റെ മൂലകാരണം. ഏറ്റവും അധികം സഹിക്കുന്നത് സ്ത്രീകളാണെന്ന് കാണാന്‍ നമുക്ക് എളുപ്പം കഴിയും. മരിച്ചുകിടക്കുന്ന അമ്മയുടെ അടുത്തു നില്ക്കുന്ന ആ കുഞ്ഞിന്റെ ചിത്രം ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക? അരികുവത്കരിക്കപ്പെട്ട ഈ ജനവിഭാഗത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യാനാവും? ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ നിരീക്ഷണം.?
ഈ മഹാമാരിക്കാലത്ത് മുമ്പുണ്ടായിരുന്ന പല വസ്തുതകളും പ്രശ്‌നങ്ങളും കൂടുതല്‍ വ്യക്തമായി നമ്മുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ തുടരാനാണ് സാധ്യത. നമ്മുടെ നഗരങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികള്‍ ചെയ്യുന്ന സേവനം ഏറെ നിര്‍ണായകമാണ്. അവരെ നാം അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല. ഈ നഗരങ്ങള്‍ അവരുടേതുകൂടിയാണ്. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് എത്രയോ വ്യക്തികളുടെ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്! പാലം പണിയുന്നവര്‍; വഴിവാണിഭക്കാര്‍, കച്ചവടക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിങ്ങനെ ഏറെ നീണ്ടതാണ്, ആ പട്ടിക. യഥാര്‍ത്ഥത്തില്‍ നാം അവരെ പരിഗണിക്കുന്നേയില്ല. ഇന്നവര്‍ പട്ടിണിയുടെയും വൈറസിന്റെയും പിടിയിലാണ്. സുഖമായി വീട്ടിലിരിക്കാന്‍ കഴിയുന്നതുതന്നെ വലിയൊരു ആഡംബരമാണ് എന്നു നാം ഇന്നറിയുന്നു. ജനസാന്ദ്രത വര്‍ദ്ധിച്ച നഗരങ്ങളിലെ പാവപ്പെട്ടവരുടെ താമസം ശ്വാസംമുട്ടിക്കുന്ന രീതിയിലുള്ളതാണ്. എങ്ങനെയാണ് അവര്‍ക്ക് സാമൂഹിക അകലം പാലിക്കാനാവുക? എങ്ങനെ അവര്‍ക്ക് വരുമാനം ഉണ്ടാവും? വരുമാനം ഇല്ലെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാവില്ല. അവരുടെ മക്കളുടെ ഗതി എന്താവും? ഇവയെല്ലാം താങ്ങാന്‍, സഹിക്കാന്‍ സ്ത്രീകള്‍ക്ക് എങ്ങനെ സാധിക്കും ? എല്ലാറ്റിന്റെയും ആഘാതം ഏറ്റുവാങ്ങുക പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗമാണ്. എല്ലാവരെയും സമന്മാരാക്കുന്ന പ്രതിഭാസമാണ്, വൈറസ് എന്നു നാം പറയുന്നുണ്ടെങ്കിലും, അത് ശരിയല്ല. വൈറസിനു പക്ഷപാതമില്ലെങ്കിലും സമൂഹം അങ്ങനെയല്ല. സമൂഹത്തില്‍ നിലനില്ക്കുന്ന അസമത്വം കൂടുതല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പലവിധത്തില്‍ ഇത് അവരെ ബാധിച്ചിട്ടുണ്ട്.
സ്ത്രീകളുടെ കാര്യമെടുക്കുക. പിതൃഭരണ കേന്ദ്രിതവും പരമ്പരാഗതവുമായ ഒരു ഫ്യൂഡല്‍ സമൂഹത്തിലാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ജീവിക്കുന്നത്. അവസരങ്ങള്‍, വിഭവങ്ങളുടെ പങ്കിടല്‍, തീരുമാനമെടുക്കല്‍ എന്നിവയിലെല്ലാം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്. മുംബൈയിലെ പ്രാന്ത പ്രദേശത്ത് മൂന്നു വയസ്സു മാത്രം പ്രായമുള്ള മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു. ഏഴു വയസ്സുള്ള മറ്റൊരു കുട്ടിയും ഭര്‍ത്താവും ഉള്ള സ്ത്രീയാണ് കൊടുംപാതകം ചെയ്തത്. ഭക്ഷണം കഴിക്കാനുള്ള വായുടെ എണ്ണം അത്രകണ്ട് കുറയുമല്ലോ എന്നായിരുന്നു, ഈ മാതാവിന്റെ ചിന്ത! എന്തൊരു ദുരന്തമാണിത് ? മനഃസാക്ഷിയുള്ള ആരെയും ഇത് വേദനിപ്പിക്കാതിരിക്കില്ല. വര്‍ത്തമാന പത്രങ്ങളുടെ ഒന്നാംപേജില്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഇടം ലഭിക്കില്ല. ഈ മഹാമാരിയില്‍ നിന്ന് ഒന്നും പഠിക്കാതെ സ്വാര്‍ത്ഥരായി ഉപഭോഗ സംസ്‌കാരത്തില്‍ മുഴുകി നാം തുടര്‍ന്നും ജീവിക്കുകയെന്നത് ഏറെ കഷ്ടമാണ്.
ലോക്ഡൗണ്‍ കാലത്ത് ഞാന്‍ നിര്‍മിച്ച ലഘുചിത്രമാണ് ‘അവളെ ശ്രവിക്കുക’ (YouTube :നന്ദിതാദാസ്, Listen to Her) തങ്ങളെ പീഡിപ്പിക്കുന്നവരോടൊപ്പം സ്വന്തം ഭവനത്തില്‍ത്തന്നെ തടങ്കലിലാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും കുറിച്ചാണീ ചിത്രം. വീട്ടില്‍ ഇരിക്കുക ; സുരക്ഷിതരായിരിക്കുക (stay home; stay safe) എന്ന മുദ്രാവാക്യം എന്തൊരു വിരോധാഭാസമാണ് ഇക്കൂട്ടരെ സംബന്ധിച്ച്. ഭവനങ്ങളിലെ അക്രമത്തെക്കുറിച്ചും സ്ത്രീകളുടെ ജോലി ഭാരത്തെയും കുറിച്ചാണ്. പരമ്പരാഗതമായി പുരുഷന്മാര്‍ വീട്ടുജോലികള്‍ ചെയ്യാറില്ല. ജോലിയുടെ ഭാരം മുഴുവന്‍ വഹിക്കുന്നത് സ്ത്രീകളായി മാറി. സ്ത്രീകളുടെ ഈ മൗന സഹനത്തിന്, വൈകാരികവും മനഃശാസ്ത്രപരവും ശാരീരികവുമായ നിരവധി കാരണങ്ങളുണ്ട്. നിരവധി ആളുകള്‍ ഇതിന്റെ ആഘാതം ഏറ്റുവാങ്ങുന്നുണ്ട്. ഇതിന് പല തലങ്ങളുണ്ട്. മഹാമാരിക്ക് ശേഷവും ഇത് തുടരാനാണ് എല്ലാ സാധ്യതയും ഉള്ളത്.
സര്‍ക്കാറിന്റെയും സമൂഹത്തിലെ മറ്റുള്ളവരുടെയും തീരുമാനം തൊഴിലാളികളെയും പാവപ്പെട്ടവരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് അവരുടെ സാമ്പത്തികസ്ഥിതിയെയും അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും. ഇക്കാര്യങ്ങളില്‍ എന്തു ചെയ്യാനാവും?
സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചുള്ളതാണ് പ്രസക്തമായ ചോദ്യം. ഇവിടെ സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഏറെ വലുതാണ്. വിഭവശേഷി, അടിസ്ഥാനസൗകര്യങ്ങള്‍, മാനവ വിഭവശേഷി എന്നിവയില്‍ സര്‍ക്കാരിനോട് കിടപിടിക്കാന്‍ മറ്റാര്‍ക്കും ആവില്ല. വലിയ പദ്ധതികളും പരിപാടികളും നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിയും. പക്ഷേ, ദുഃഖകരമെന്നു പറയട്ടെ, സര്‍ക്കാര്‍ വേണ്ടവിധം ചിന്തിച്ച്, ഭാവനാപൂര്‍വം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. കേവലം നാലു മണിക്കൂര്‍ മാത്രം സമയം നല്കിക്കൊണ്ടാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. അതും രാത്രി. അതുണ്ടാക്കിയ ആശയക്കുഴപ്പവും ഭീതിയും വിവരണാതീതമാണ്. ആരോഗ്യ പരിരക്ഷണത്തിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്, ഒരു ശതമാനം മാത്രമാണ്. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ആരോഗ്യപരിരക്ഷ വരുന്നില്ല എന്നതാണ്, ഇത് സൂചിപ്പിക്കുന്നത്. 130 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇത് തുലോം കുറവാണ്. വലിയ ജനസംഖ്യയ്ക്കുപുറമെ സങ്കീര്‍ണമായ മറ്റു പ്രശ്‌നങ്ങളും നമുക്കുണ്ട്. വലിയ ജനസംഖ്യയുള്ള ചൈനയും ഈ മഹാമാരിയെ നേരിടുന്നതില്‍ വിജയം വരിച്ചുവെന്നു കാണാം. അവിടത്തെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ താരതമ്യേന മികച്ചവയാണ്. നമ്മുടെ ബജറ്റിനെക്കുറിച്ചും ആരോഗ്യപരിപാലന സംവിധാനങ്ങളെയും കുറിച്ച് ഒരു പുനര്‍ വിചിന്തനം നടത്താനുള്ള സമയമാണിത്. നമ്മുടെ പ്രതിരോധ ബജറ്റ് ആരോഗ്യ ബജറ്റിനെക്കാള്‍ എത്രയോ വലുതാണ്! കൂടുതല്‍ കാര്യക്ഷമമായി ഈ മഹാമാരിയെ നമുക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. മറ്റു രോഗങ്ങള്‍ ഉള്ളവരും ഏറെ അവഗണിക്കപ്പെട്ടു. സര്‍ക്കാരിന്റെ പങ്ക് പ്രാഥമികമാണെങ്കിലും ഇതര സ്ഥാപനങ്ങള്‍ താഴെത്തട്ടില്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ട് സര്‍ക്കാരിനെ സഹായിച്ചുകൊണ്ടിരിക്കുന്നു. അവരുടെ സേവനം ഏറെ മികച്ചതാണ്. സര്‍ക്കാരിന്റെ ജോലിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ അനുഷ്ഠിക്കുന്നത്.
രണ്ടു കാര്യങ്ങള്‍ നമുക്കു ചെയ്യാനാവും. സര്‍ക്കാരിനെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. തിരഞ്ഞെടുപ്പുകാലത്ത് മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പൊതുജനമാവരുത് നാം. നാം കൂടുതല്‍ ഇടപെടലുകള്‍ സാമൂഹികമായി നടത്തണം. ആരെയാണു നാം വോട്ട് ചെയ്ത് ജയിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ നാം കൂടുതല്‍ ഗൗരവം കാണിക്കണം. നാം തിരഞ്ഞെടുത്ത എം.പിമാരും എം.എല്‍.എ മാരും എന്ത് ചെയ്യുന്നു എന്നും നാം ചോദിക്കണം. അധികാരത്തിലിരുന്ന കാലത്ത് അവര്‍ ജനങ്ങളുമായി എത്രമാത്രം അടുത്ത് ഇടപെട്ടു? പൊതുവായ നന്മയ്ക്കുവേണ്ടി അവരുടെ സമയവും വിഭവശേഷിയും അവര്‍ ഉപയോഗപ്പെടുത്തുന്നു ണ്ടെന്ന് നാം ഉറപ്പുവരുത്തുന്നുണ്ടോ?
രണ്ടാമതായി, വ്യക്തികളെന്ന നിലയില്‍ വസ്തുതകള്‍ നാം കൂടുതല്‍ സത്യസന്ധമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എത്രമാത്രം നുണകളും വ്യാജവാര്‍ത്തകളുമാണ് നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്? സാഹചര്യങ്ങളുടെ നിജസ്ഥിതി നാം മനസ്സിലാക്കി വേണം പ്രതികരിക്കേണ്ടത്. ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ടാണ്, ഗാന്ധിജി ഇങ്ങനെ പ്രസ്താവിച്ചത്: ”ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങള്‍ തന്നെയാകുക” നാം പഴയ രീതികളിലേക്കുതന്നെ മടങ്ങിപ്പോവുകയാണെങ്കില്‍, കൂടുതല്‍ സമാധാനവും നീതിയും പുലരുന്ന ഒരു സമൂഹത്തിന്റെ സംരചന അസാധ്യമാവു0. സാധ്യമാവുന്ന ഇടങ്ങളിലെല്ലാം നാം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കണം. നമ്മുടെ പണവും സമയവും പ്രാവീണ്യവും മറ്റു സിദ്ധികളും അനുഭവജ്ഞാനവും എല്ലാം സാമൂഹിക നന്മയ്ക്കായി സംഭാവന ചെയ്യാം. എല്ലാവര്‍ക്കും എന്തെങ്കിലും സംഭാവന നല്കാനാവും. നമ്മുടെ സമൂഹത്തില്‍ത്തന്നെ ഇതിനു തുടക്കം കുറിക്കാം. നമുക്കു സ്വാധീനമുള്ള മേഖലകളില്‍ത്തന്നെ ഒരു ശ്രമം നടത്താം. നാം ജീവിക്കുന്ന സമൂഹത്തിനുവേണ്ടി അതുപയോഗപ്പെടുത്താം. അല്ലെങ്കില്‍ നാം സമൂഹത്തിന് ഒരു ബാധ്യതയായി മാറും. അതിനാല്‍ ഇക്കാര്യത്തില്‍ നമുക്കാവുന്നതു ചെയ്യാന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാം.
കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരപ്പോരാളികളായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണ്. നമ്മുടെ നഴ്‌സുമാര്‍ ലോകത്ത് എല്ലായിടങ്ങളിലുമുണ്ട്. നമ്മുടെ രാജ്യത്ത് വിവിധ മേഖലകളില്‍ നിരവധി സ്ത്രീകളാണ് സേവനം ചെയ്യുന്നത്. ഇരട്ടി ഭാരമാണവര്‍ വഹിക്കുന്നത്. ജോലിക്കുപുറമേ, പാചകം, കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും പരിചരണം എന്നിവയും അവരുടെ ഉത്തരവാദിത്തമാണ്. ഭര്‍ത്താവും വീട്ടിലിരിപ്പായിരിക്കും. ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു?
കരുതലിന്റെയും സ്‌നേഹശുശ്രൂഷയുടെയും മേഖലകളായ അധ്യാപനം, നഴ്‌സിങ്, ഹോട്ടല്‍ വ്യവസായം എന്നിവിടങ്ങളിലെല്ലാം സ്ത്രീകളാണ് മുന്നില്‍ നില്ക്കുന്നത്. കൂടുതല്‍ അധ്വാനത്തിനും സഹനത്തിനും അവര്‍ തയ്യാറാവുന്നു. പുരുഷന്മാര്‍ ഇതു വേണ്ടവിധം മനസ്സിലാക്കി അവരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനും കുടുംബഭാരം പങ്കിട്ടുകൊണ്ട് വീട്ടുകാര്യങ്ങളിലു0 കുട്ടികളുടെ വളര്‍ച്ചയിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ സ്വപ്നങ്ങള്‍ പങ്കിടുകയും വേണം. അങ്ങനെയാണ് പുരുഷന്മാര്‍ യഥാര്‍ത്ഥ ജീവിത പങ്കാളിയാവുക.