ജനാധിപത്യത്തെ വീണ്ടും നാം കണ്ടെത്തേണ്ടതുണ്ട്

ശിവ വിശ്വനാഥന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ എന്തു പ്രതിധ്വനിയാണ് സൃഷ്ടിക്കുന്നത്? വൈപരിത്യമെന്നു പറയട്ടെ ജനാധ്യപത്യ ചൈതന്യം ചോര്‍ന്നുപോയി, സ്വേച്ഛാധിപത്യത്തിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ പ്രതിസന്ധി കൂടുതല്‍ ആഴമുള്ളതായി ഇപ്പോള്‍ അനുഭവപ്പെടുന്നു. ഇത് കൂടുതല്‍ അടിസ്ഥാനപരമായ വിശകലനത്തിനു വിധേയമാക്കപ്പെടേണ്ടതുണ്ട്.
വിരോധാഭാസത്തില്‍ നിന്നുതന്നെ നമുക്ക് ആരംഭിക്കാം. നമ്മുടെ ദേശീയപ്രസ്ഥാനം ബഹുത്വാത്മകമായിരുന്നു. പാശ്ചാത്യരാജ്യങ്ങളിലേക്കു രക്ഷപ്പെടാനും അതേസമയം ബ്രിട്ടീഷുകാരെ തൂത്തെറിയാനുമുള്ള ഒരു പ്രസ്ഥാനമായിരുന്നു. എന്നാല്‍, ദേശരാഷ്ട്രം എന്ന സങ്കല്പത്തിനുമുമ്പില്‍ ദേശീയപ്രസ്ഥാനത്തിന്റെ ബഹുത്വാത്മകത മങ്ങിമറഞ്ഞു. ദേശരാഷ്ട്രം എന്ന സങ്കല്പം ഉരുത്തിരിഞ്ഞത്, ചരിത്രത്തിലെത്തന്നെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയില്‍ നിന്നാണ്. ബംഗാളിലെ പട്ടിണി 35 ലക്ഷം പേരുടെ ജീവനാണ് അപഹരിച്ചത്. ഇന്ത്യാ-പാക്കിസ്ഥാന്‍ വിഭജനകാലത്ത് നഷ്ടമായത് ഏകദേശം 10 ലക്ഷം പേരുടെ ജീവനാണ്. അങ്ങനെ ഉരുത്തിരിഞ്ഞ രാഷ്ട്രം ഒരു ദേശീയ സുരക്ഷാരാഷ്ട്രമായി ഭവിച്ചു. ഏഴു ദശാബ്ദങ്ങളായി ആ സ്ഥിതി തുടരുന്നത്, ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷിതത്വം സമന്വയിപ്പിച്ചുകൊണ്ടാണ്. ആഭ്യന്തര സുരക്ഷയ്ക്കുവേണ്ടി ഇന്ത്യയ്ക്ക് പത്തു ലക്ഷത്തിലധികം വരുന്ന പട്ടാളമുണ്ട്. ഇതിനുപുറമേ, ഇന്ത്യയ്ക്കുള്ളത് ലോകത്തിലെതന്നെ ഏറ്റവും വലിയ പട്ടാളങ്ങളിലൊന്നാണ്.
ഇന്ത്യയുടെ ദുരന്തം ആരംഭിക്കുന്നത് ഈ ദേശരാഷ്ട്ര സങ്കല്പം ഇന്ത്യയുടെ ബഹുത്വാത്മകതയെ വിഴുങ്ങുന്നതുമുതലാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെയും സ്വേച്ഛാധിപത്യ ശൈലിയുടെയും ഭരണത്തിന്, തിരഞ്ഞെടുപ്പിലൂടെ ഒരു  നിയാമകത്വം കൈവന്നു. ദേശസ്‌നേഹമെന്നത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന് പ്രചരിപ്പിക്കപ്പെടുകയും ന്യൂനപക്ഷങ്ങളെല്ലാം നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടുകയും ചെയ്തു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഇന്നത് ദേശസ്‌നേഹത്തെ അപമാനിക്കലാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പൗരസമൂഹത്തിന്റെ ചലനാത്മകതയെ ദൂരീകരിക്കുന്നതില്‍ ദേശീയ സുരക്ഷാരാഷ്ട്രസങ്ക്‌ലപത്തിന് വലിയ പങ്കുണ്ട്. ചടുലമായ ജനാധിപത്യം അതിന്റെ ചൈതന്യത്തെയാണ് എടുത്തുകാട്ടുന്നത്. എന്നാലതിനെ ഔപചാരികമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയായി അധഃപതിപ്പിക്കുകയും ദരിദ്രമാക്കുകയുമാണ് ചെയ്തത്. ഇവിടെ വിസ്മരിക്കപ്പെടുന്നത് ബഹുത്വാത്മകതയുടെയും വൈവിധ്യത്തിന്റെയും സാംസ്‌കാരികമായ വേരുകളാണ്.
മഹത്തായ സങ്കല്പങ്ങളില്‍, ആദ്യം അപകടം പിണഞ്ഞത് പൗരത്വം എന്ന ആശയത്തിനാണ്. ആതിഥ്യമര്യാദയുടെയും സ്വന്തം ഭവനത്തിലേക്കുള്ള തിരിച്ചുവരവിന്റെയും സ്ത്രീകളും കുട്ടികളും ഒക്കെ ആദരിക്കുന്ന നിത്യജീവിതത്തിലെ അനുഷ്ഠാനങ്ങളുടെയുമൊക്കെ സൂചകമായിരുന്നു, അത്. ഇന്ന് അത് നിര്‍ജീവമാക്കപ്പെട്ടിരിക്കുന്നു.
ആദ്യം പൗരത്വഭേദഗതി നിയമംതന്നെ എടുക്കുക. ആസ്സാം സംസ്ഥാനത്തെ മുഴുവന്‍ നിരന്തര നിരീക്ഷണത്തിനു വിധേയമാക്കുകയും അഭയാര്‍ത്ഥി എന്ന പദത്തെത്തന്നെ ചുരുക്കിക്കാണുകയും ചെയ്തു. ബംഗ്ലാദേശ് കഴിഞ്ഞാല്‍ അഭയാര്‍ത്ഥികള്‍ക്ക് ഒരു ഭവനമായിരുന്നു ഇന്ത്യ. ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് പൗരത്വമെന്നത് ഇവിടെ താമസിക്കുന്നുവെന്നതിന്റെ സര്‍ട്ടിഫിക്കറ്റാണ്.