അരികുവത്കരിക്കപ്പെട്ടവര്‍ – സി.ആര്‍.നീലകണ്ഠന്‍

അരികുവത്കരിക്കപ്പെട്ടവര്‍  – സി.ആര്‍.നീലകണ്ഠന്‍
എല്ലാകാലത്തും മനുഷ്യസമൂഹത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. അത് കൈയേറ്റശക്തിയുടെയോ ആയുധത്തിന്റെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ ജന്മിത്തത്തിന്റെയോ ഒക്കെ പേരിലാകാം. ലിംഗപരമായ അസമത്വം പോലെ വര്‍ണം, അതില്‍ നിന്നും തുടരുന്ന ജാതി എല്ലാം ഇതിനു കാരണമാകുന്നു. പ്രാദേശികമായ ഒരു ജനതയ്ക്കുമേല്‍ അധിനിവേശം വരുമ്പോള്‍ അങ്ങനെ വന്നവര്‍ യജമാനന്മാരും നാട്ടുകാര്‍ അടിമകളും ആകുന്നു. ഈ അടിമത്തം തലമുറ തലമുറകളായി തുടരുന്നു. എന്നാല്‍ മാനവികതയുടെയും ജനാധിപത്യത്തിന്റെയും സങ്കല്പങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ ഈ അസമത്വം സംബന്ധിച്ച ബോധ്യം സമൂഹത്തില്‍ വളര്‍ന്നുവരുന്നു. മനുഷ്യരെല്ലാം തുല്യരാണ് എന്നതാണല്ലോ മാനവികത. സാമൂഹ്യജീവിയെന്ന നിലയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന മനുഷ്യര്‍ക്ക് ശേഷിയുള്ളവയുടെ അതിജീവനം തുടങ്ങിയ പ്രകൃതിയുടെ രീതികള്‍ അസാധ്യമാകുന്നു. പരസ്പരാശ്രിതമായ സമൂഹത്തില്‍ ഒരാള്‍ മറ്റൊരാളുടെ മീതെയോ താഴെയോ ആയിരിക്കാന്‍ കഴിയില്ല. തന്നെയുമല്ല ശേഷിയുള്ളവയുടെ അതിജീവനമല്ല ഏറ്റവും ശേഷി കുറഞ്ഞവയുടെ സംരക്ഷണമാണ് മാനവികത എന്ന സത്യം വെളിവാക്കപ്പെടുന്നു.   എന്താണ് അരികുവല്‍ക്കരണത്തിന്റെ പ്രശ്‌നം? ഒരു സമൂഹത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് അധികാരകേന്ദ്രങ്ങളാണ്. അവിടെ ആരാണുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനങ്ങള്‍ ഉണ്ടാകുക. അധികാരത്തില്‍ നിന്നും ദൂരെ നില്‍ക്കുന്നവരുടെ അഭിപ്രായങ്ങളോ താല്പര്യങ്ങളോ ഈ തീരുമാനത്തെ ബാധിക്കുകയില്ല. അത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. ഈ അനീതിക്കെതിരെ അവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് സമൂഹത്തെ മാനവികതയിലേക്കു നയിക്കുക. അതിനെ നാം നവോത്ഥാനം എന്നൊക്കെ വിളിക്കുന്നു. ലോകചരിത്രത്തില്‍ ഏതാണ്ട് എല്ലായിടത്തും ഇത്തരം മുന്നേറ്റങ്ങള്‍ ഏറിയും കുറഞ്ഞും ഉണ്ടായിട്ടുണ്ട്.   നമുക്ക് ഇന്ത്യയിലേക്കും കേരളത്തിലേക്കും നോക്കാം. ആര്യന്മാരുടെ അധിനിവേശകാലത്തോടെയാണ് ഇന്ത്യയില്‍ ഇന്ന് കാണുന്ന വര്‍ണ്ണാശ്രമവ്യവസ്ഥയും തുടര്‍ന്ന് ജാതിവ്യവസ്ഥയും നിലവില്‍ വന്നത് എന്നാണ് ചരിത്രം പറയുന്നത്. ജന്മം കൊണ്ട് ആര്യന്മാരാണെന്നു കണക്കാക്കപ്പെടുന്നതിനെയാണ് ജാതി എന്ന് പറയുന്നത്. അങ്ങേയറ്റം ശ്രേണീബദ്ധമാണ് ജാതിവ്യവസ്ഥ എന്നതാണ് അതിനെ ഇത്രയും കാലം നിലനിര്‍ത്തിയത്. സമൂഹത്തിലെ എല്ലാ തട്ടിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും ദോഷമുള്ളതുമായി മനുഷ്യരെ വിഭജിക്കുന്നതിലൂടെ ഒരു വലിയവിഭാഗത്തെ അധികാരസ്ഥാനത്തു നിന്നും വളരെ ദൂരെ എക്കാലത്തേക്കും നിറുത്താന്‍ കഴിയും. സാമൂഹ്യമായ അധികാരത്തിനൊപ്പം ഭൂമി അടക്കമുള്ള വിഭവങ്ങള്‍ക്കു മേലുള്ള അധികാരതയില്‍ നിന്നും ഇവര്‍ ദൂരെയാകുന്നു. ഭാഷ, വിദ്യ, സംസ്‌കാരം, കല തുടങ്ങിയവയും ഇതുപോലെ തന്നെ. ദൈവം, വിശ്വാസം, ആരാധനകള്‍, ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ മുതാലായവയെല്ലാം ഈ വിഭജനത്തെ ബലപ്പെടുത്തുന്നു. ഇങ്ങനെ സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒരു സമൂഹത്തിലേക്ക് ജനാധിപത്യം കൊണ്ടുവരുമ്പോള്‍ ഉണ്ടാകാവുന്ന സംഘര്‍ഷങ്ങളാണല്ലോ നവോത്ഥാനകാലത്തു കണ്ടത്. എന്നാലരികുവല്‍ക്കരണം എന്നത് ഒറ്റയടിക്ക് തീര്‍ക്കാവുന്ന ഒന്നല്ല. അതിന്റെ ആഴം വളരെ കൂടുതലാണ്.