ഭാഷയുടെ ഭാവി
ഭാവിയെക്കുറിച്ച് പ്രതീക്ഷകളുള്ള ഒരു ഭാഷയായിത്തുടരുവാന്‍ മലയാളത്തിനര്‍ഹതയുണ്ടോ എന്ന ചോദ്യം ഒരര്‍ത്ഥത്തില്‍ സംഗതമാണ്. ഈ ചെറിയ പ്രാദേശികഭാഷയെ നിലനിര്‍ത്തുവാനും വികസിപ്പിക്കുവാനും ഉള്ള സാദ്ധ്യതകള്‍ നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ഭരണകൂടങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചെയ്യാവുന്നതിന് പരിമിതികളുണ്ട്. അത്തരം പല പരിഷ്‌കാരശ്രമങ്ങളും നാശകാരണമായിത്തീര്‍ന്നതിന്റെ ഉദാഹരണങ്ങള്‍ കണ്‍മുന്നിലുണ്ട്. എഴുത്തച്ഛന്‍ ചിട്ടപ്പെടുത്തിയതെന്ന് കരുതപ്പെട്ട മലയാളം ലിപികള്‍ ആധുനികീകരിച്ചപ്പോള്‍ അവ ഉളവാക്കിയ ശൈഥില്യവും പൊരുത്തക്കേടുകളും ഇന്നും മാഞ്ഞുതീര്‍ന്നിട്ടില്ലല്ലോ.
ശ്രേഷ്ഠഭാഷാപദവി നേടുന്നത് നല്ലതുതന്നെ. പക്ഷേ, അതിനുമൊക്കെ എത്രയോ മുന്‍പ് ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരം നേടുകവഴി ദേശീയധാരയില്‍ നാം ശ്രദ്ധ നേടിയിരിക്കുന്നു. ആ സര്‍വോത്കൃഷ്ട പുരസ്‌കാരം പിന്നീടും മൂന്നോ നാലോ വട്ടം നാം സ്വന്തമാക്കി.
ഒരു ഭാഷ സ്വയം പുതുക്കിപ്പണിയുന്നുണ്ട്. കാലം അതിന് സഹായകരമായിത്തീരുന്നു. പുതിയ വാക്കുകള്‍ സൃഷ്ടിക്കപ്പെടാതെ ഒരു ഭാഷയ്ക്കു വികാസം സാധ്യമല്ല. പുതിയ വിഷയങ്ങളെ അഭിമുകീകരിക്കുവാനും പുതിയ ആശയങ്ങളെ വെളിപ്പെടുത്തുവാനും പുതിയ ‘പദവിളക്കു’കള്‍ സൃഷ്ടിക്കപ്പെടും. സാഹിത്യവും കലയും ഭാഷയെ അതിന് ഏറെ സഹായിക്കുകയും ചെയ്യും. പലതരം വ്യാപാരധാരകള്‍ മലയാള മണ്ണിന്റെ ചരിത്രത്തിലൂടെ കടന്നുപോയി. പലതരം ഭാഷകള്‍… പല വൈചിത്ര്യങ്ങള്‍… പല പദങ്ങളും അതേപടി സ്വീകരിക്കുകയും ചെയ്തു. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പല വിദേശഭാഷാകൃതികളും മലയാളിയുടെ സംസ്‌കാരത്തിലും ജനാധിപത്യബോധത്തിലും ദൂരവ്യാപകമായ ഉണര്‍ച്ചകള്‍ ഉളവാക്കിയിട്ടുണ്ട്. ‘പാവങ്ങള്‍’ എന്ന ഫ്രഞ്ച് ആഖ്യായിക നാലപ്പാട്ട് നാരായണ മേനോന്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അതാണ് സംഭവിച്ചത്. ഫ്രാന്‍സിനെ പുനസൃഷ്ടിക്കുന്നതില്‍ വിപ്ലവകരമായ പങ്കുവഹിച്ച ഇതിഹാസസമാനമായ ആ നോവലിന്റെ പരിഭാഷയാല്‍ പ്രചോദിപ്പിക്കപ്പെട്ട് മലയാളത്തില്‍ ഓടയില്‍നിന്നും തോട്ടിയുടെ മകനുമുണ്ടായി. ലോകസാഹിത്യത്തില്‍ത്തന്നെ ആധുനികതയ്ക്കുതുടക്കം കുറിച്ച ദസ്തവ്‌സ്‌കിയുടെ ബൃഹദാഖ്യായികള്‍ സ്വാതന്ത്ര്യലബ്ധിക്കു മുന്നേ തന്നെ മലയാളത്തില്‍ വന്നു. ധിഷണാപരമായ ഔന്നത്യം എന്നും മലയാളിക്കു സവിശേഷതയായിരുന്നുവല്ലോ. വീട്ടുമുറ്റത്തിരുന്ന് രാവിലെ പത്രം വായിക്കുന്ന ഒരു മുത്തശ്ശിയെക്കണ്ട് ഒരു വിദേശസഞ്ചാരി അത്ഭുതം കൂറിയത് ഈയിടെ വാര്‍ത്തകളിലിടം നേടിയിരുന്നു.
ഒരുവശത്ത് മലയാളി സ്വന്തം വീട്ടിലെ വിനിമയഭാഷ ഇംഗ്ലീഷാക്കുകയും ഇംഗ്ലീഷ് പറയാത്തതിന് വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുകയും കല്യാണക്ഷണപത്രങ്ങള്‍ ആംഗലേയത്തിലാക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് പ്രവാസികള്‍ പുലര്‍ത്തുന്ന ഭാഷാഭിമാനത്തേയും സാഹിത്യസപര്യയേയും പരാമര്‍ശിക്കാതെവയ്യ. ഭാഷയുടേയും സാഹിത്യത്തിന്റേയും മലയാളസംസ്‌കാരത്തിന്റേയും ധന്യത ഉള്ളില്‍പ്പേറി ജീവിക്കുന്ന പ്രവാസികള്‍ അഭിമാനമുണര്‍ത്തുന്നു. അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനാല്‍ സമീപകാലത്ത് പ്രമാണപ്പെട്ട ചില സാഹിത്യരചനകള്‍ അവിടെ നിന്നും ഉയര്‍ന്നുവന്നിട്ടുമുണ്ട്. അവിടങ്ങളില്‍ കവിയരങ്ങുകളും കഥകളി അവതരണങ്ങളും ഇപ്പോഴും നിലച്ചിട്ടില്ലെന്നു കാണാം. അത്തരം പ്രവര്‍ത്തനങ്ങള്‍ നേരിട്ടും പരോക്ഷമായും ഭാഷാവികാസത്തെ സഹായിക്കുന്നു.