മലയാളപത്രങ്ങൾ പ്രചാരത്തിൽ മാത്രമല്ല സ്വാധീനത്തിലും വിശ്വാസ്യതയിലും അഭിപ്രായരൂപീകരണശേഷിയിലും അജൻഡ സെറ്റിങ്ങിലും ഒരേപോലെ തകർച്ച നേരിടുന്ന വർത്തമാനകാലത്തിന്റെ വിശകലനം.
ആധുനികതയുടെ പര്യായമാണ് അച്ചടി. യൂറോപ്യൻ അച്ചടിവിപ്ലവത്തിന്റെ ചരിത്രമെഴുതുന്ന എലിസബത്ത് ഐസൻസ്റ്റീനും, വിനിമയപഠനങ്ങളുടെ ഭാഗമായി മാധ്യമങ്ങളെ വിശകലനംചെയ്യുന്ന ഹാരോൾഡ് ഇന്നിസും, മാധ്യമസാങ്കേതികതയുടെ ഭൂതവും ഭാവിയും ചർച്ചചെയ്യുന്ന മാർഷൽ മക്ലൂഹനും, ദേശീയതയും അച്ചടിയും കൂട്ടിയിണക്കുന്ന ബെനഡിക്ട് ആൻഡേഴ്സണും, യൂറോപ്യൻ പൊതുമണ്ഡലത്തിന്റെ രാഷ്ട്രീയം അപഗ്രഥിക്കുന്ന യുർഗൻ ഹേബർമാസും തങ്ങളുടെ ആധുനികതാപഠനങ്ങളുടെ കേന്ദ്രരൂപകമായി സങ്കല്പിക്കുന്നത് വർത്തമാനപത്രങ്ങളെന്ന അച്ചടിപാഠത്തെയാണ്. ഇവർക്കെല്ലാം മുൻപേ അമേരിക്കൻ മാധ്യമങ്ങളെ മുൻനിർത്തി ‘സംസ്കാരവ്യവസായം’ എന്ന പരികല്പന രൂപപ്പെടുത്തിയ ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകരും മറ്റൊരു സമീപനമല്ല പത്രങ്ങളോടു പുലർത്തിയത്. ഇന്ത്യൻ പത്രങ്ങളുടെ പ്രഭാവങ്ങൾ അന്വേഷിക്കുന്ന പഠനങ്ങളും ഏറക്കുറെ പിൻപറ്റുന്നത് അച്ചടിയാധുനികതയുടെ സമാനമായൊരു സാംസ്കാരികചരിത്രമാണ്; ജി.എസ്. ഭാർഗവമുതൽ റോബിൻ ജഫ്രിവരെയുള്ളവർ ഉദാഹരണം. സമാനമായിത്തന്നെ, മലയാളപത്രസംസ്കാരത്തിന്റെ ആധുനികതാബന്ധങ്ങൾ ആരായുന്ന ഭൂതായനങ്ങളിൽനിന്നുവേണം പത്രകേരളത്തിന്റെ വർത്തമാനത്തിലേക്കു വരാനും.
1848 മുതൽ 1888 വരെയുള്ള ഒന്നാംഘട്ടം (അച്ചടിയുടെ വ്യവസ്ഥാപനം, സാങ്കേതികതയിലും സാംസ്കാരികതയിലും നടന്ന ജ്ഞാനനിക്ഷേപംമുതൽ മലയാളമനോരമയുടെ തുടക്കംവരെ), 1888 മുതൽ 1947 വരെയുള്ള രണ്ടാംഘട്ടം (പത്രപ്രവർത്തനവും ദേശീയപ്രസ്ഥാനവും ജനാധിപത്യവൽക്കരണവും നവോത്ഥാനാധുനികതയുടെ സാമൂഹികമൂല്യങ്ങളും ഒരേതോതിൽ വളർന്ന കാലം), 1948 മുതൽ 1990 വരെയുള്ള മൂന്നാംഘട്ടം (സിനിമയ്ക്കും റേഡിയോയ്ക്കുമൊപ്പം സംഭവിച്ച മലയാള പത്ര-മാസികകളുടെ വളർച്ചയും വ്യാപനവുംമുതൽ ടെലിവിഷന്റെ ആരംഭംവരെ), 1990-മുതൽ 2017-വരെയുള്ള നാലാംഘട്ടം (ആഗോളവൽക്കരണം, സ്വകാര്യ ടെലിവിഷൻ, ഇന്റർനെറ്റ്, ഹിന്ദുത്വദേശീയത എന്നീ നാലു പ്രധാന സന്ദർഭങ്ങൾക്കൊപ്പം മലയാളപത്രങ്ങൾക്കുണ്ടായ വൻ കുതിപ്പിന്റെ കാലം), 2018-മുതലുള്ള അഞ്ചാംഘട്ടം (ഇന്റർനെറ്റ്, സാമൂഹികമാധ്യമങ്ങൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയുടെ കുതിപ്പും മൊബൈൽ ഫോൺ വിപ്ലവവും ചേർന്ന് പത്രങ്ങളെയും ടെലിവിഷനെയും വൻതോതിൽ പിന്നോട്ടടിക്കുന്ന കാലം) എന്നിങ്ങനെ മലയാളപത്രങ്ങളുടെ ഒന്നേമുക്കാൽ നൂറ്റാണ്ടിനെ നോക്കിക്കാണാൻ കഴിയും.
ഒന്നാംഘട്ടം അച്ചടിയുടെ സഹായത്തോടെ യൂറോപ്യൻ പത്ര-മാസികാ-പുസ്തക സംസ്കാരത്തിന് പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നൽകിയ കേരളീയ രൂപ-വിചാര മാതൃകകളുടെ കഥയാണ് പറയുന്നത്. നിശ്ചയമായും 1821-1848 കാലത്തെ മലയാളം അച്ചടിയുടെ പശ്ചാത്തലചരിത്രവും ഈ ഘട്ടത്തിനുണ്ട്. നവോത്ഥാനാധുനികതയുടെ തത്ത്വങ്ങളും പ്രയോഗങ്ങളും മലയാളഭാഷയിലും സാഹിത്യത്തിലും മാധ്യമങ്ങളിലും ഒരേതോതിൽ ആവിഷ്കൃതമായിത്തുടങ്ങിയ കാലമാണ് പത്തൊൻപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതി. വാർത്തയും അറിവും വിജ്ഞാനവും വിദ്യയും വിനോദവും വിശ്വാസവും ഇടകലർത്തിയ മലയാളപത്രപ്രവർത്തനത്തിന്റെ ബാലകാണ്ഡമാണിത്. രാഷ്ട്രീയപ്പൊതുമണ്ഡല രൂപവല്ക്കരണത്തിന്റെ ആദ്യ മലയാളസന്ദർഭമായി കാണേണ്ടത്, ഈ ഘട്ടത്തിനു വഴിത്തിരിവായ ‘കേരളമിത്ര’ത്തിന്റെ (1881) മുഖവുരയിൽ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള എഴുതിയ വാക്കുകളെയാണ്. കൊച്ചിയിലും തിരുവിതാംകൂറിലും ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള ബന്ധത്തിൽ പത്രങ്ങൾ വഹിക്കുന്ന കാവൽദൗത്യത്തെ അടിവരയിട്ടു ചൂണ്ടിക്കാണിച്ചത് കേരളമിത്രമാണെങ്കിൽ, മൂന്നുവർഷത്തിനുശേഷം ആരംഭിച്ച ‘കേരളപത്രിക’ ആ ദൗത്യം മലബാറിലേക്കു വ്യാപിപ്പിച്ചു.
രണ്ടാംഘട്ടത്തിന്റെ മാനിഫെസ്റ്റോ മലയാളമനോരമ നടത്തിയ കുറേക്കൂടി മൂർത്തവും വാചാലവുമായ സ്ഥാപനപ്രസംഗവും പ്രതിജ്ഞയുമാണ്. തുടർന്നങ്ങോട്ട് ദേശീയപ്രസ്ഥാനത്തിനും ജനാധിപത്യവൽക്കരണത്തിനും സാമൂഹികപരിഷ്കാരങ്ങൾക്കും കുടപിടിച്ച മലയാളപത്രപ്രവർത്തനത്തിന്റെ ആറുപതിറ്റാണ്ടുകൾ. സ്വദേശാഭിമാനിയും കേസരിയുംമുതൽ ദേശാഭിമാനിയും കേരളകൗമുദിയും മാതൃഭൂമിയുംവരെ എത്രയോ പത്രങ്ങൾ മാനകമലയാളത്തിന്റെയും ഏകകേരളത്തിന്റെയും രാജപാത വെട്ടിത്തുറന്നു. ഈ ഘട്ടത്തിലാണ് കേരളം കണ്ട ഏറ്റവും മികച്ച പത്രാധിപന്മാർ പലരും മലയാളമാധ്യമരംഗം ചരിത്രപരമായി പുനർവിഭാവനം ചെയ്തതും പുനർവിന്യസിച്ചതും. ഈ ഘട്ടം പിന്നിടുമ്പോൾ രണ്ടുലക്ഷത്തിൽത്താഴെ മാത്രം കോപ്പികളേ മലയാളപത്രങ്ങൾക്കെല്ലാംകൂടി ഉണ്ടായിരുന്നുള്ളുവെങ്കിലും, കേരളീയ പൊതുമണ്ഡലത്തിന്റെ സംവാദാത്മകരാഷ്ട്രീയം രൂപംകൊണ്ട പ്രധാന മാധ്യമകാലം ഇതായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരവും മലയാളസാഹിത്യത്തിന്റെ ആധുനികവല്ക്കരണവുമാണ് ഈ ഘട്ടത്തിലെ പ്രധാന സംഭവങ്ങൾ.
മൂന്നാംഘട്ടത്തിലാണ് സാഹിത്യവും സിനിമയും റേഡിയോയും ചേർന്നു സൃഷ്ടിച്ച മലയാളഭാവനയുടെ ആധുനികവൽക്കരണത്തിനും ജനപ്രിയവൽക്കരണത്തിനും ഒരേസമയം പത്രമാസികകൾ വലിയ പിന്തുണ നൽകിയത്. പത്രങ്ങളുടെ വ്യാപനവും പ്രചാരവും സ്വാധീനവും മന്ദഗതിയിൽ മുന്നോട്ടുപോയപ്പോൾ ജനപ്രിയവാരികകൾ കടലിരമ്പം പോലെ മുഴങ്ങിപ്പരന്നു. സാക്ഷരതയും വായനയും പുസ്തകപ്രസാധനവും വായനശാലകളും പത്രങ്ങളും, കാഴ്ചയുടെയും കേൾവിയുടെയും ഇന്ദ്രിയാനുഭവങ്ങൾക്ക് പൂരകമായി. ഈ ഘട്ടം അവസാനിക്കുമ്പോൾ മൂന്നു വലിയ മാറ്റങ്ങൾ പ്രകടമായി: ടെലിവിഷന്റെ വരവും വ്യാപനവും, ജനപ്രിയസാഹിത്യത്തിന്റെ വൃദ്ധിയും ക്ഷയവും, പുസ്തകങ്ങളുടെ പ്രളയവും പ്രസക്തിയും.
നാലാംഘട്ടമാണ് മലയാളപത്രങ്ങളുടെ വസന്തകാലം. കാൽനൂറ്റാണ്ടുകൊണ്ട് പത്രങ്ങളുടെ പ്രചാരം നാനൂറു ശതമാനം കൂടി; പന്ത്രണ്ടുലക്ഷത്തിൽനിന്ന് അമ്പതുലക്ഷത്തിലേക്ക്. ജനപ്രിയസാഹിത്യത്തിന്റെയും വാരികകളുടെയും ക്രമാനുഗതമായ തളർച്ച, സിനിമയുടെ ഉയർച്ചയും താഴ്ചയും സിനിമാതിയേറ്ററുകളുടെ തിരോഭാവവും പുനരാവിർഭാവവും, റേഡിയോയുടെ പാർശ്വവൽക്കരണം, ടെലിവിഷന്റെ ദൃശ്യവിപ്ലവം എന്നിവയ്ക്കു സമാന്തരമായി പത്രങ്ങൾ അപൂർവമായ കുതിപ്പിന്റെ ചരിത്രമെഴുതി. രണ്ടു ഹിന്ദി പത്രങ്ങൾ കഴിഞ്ഞാൽപ്പിന്നെ രണ്ടു മലയാളപത്രങ്ങളായി ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ അച്ചടിമാധ്യമങ്ങൾ. മലയാളമനോരമ ഇരുപത്തഞ്ചുലക്ഷത്തിലേക്കും മാതൃഭൂമി പതിനഞ്ചുലക്ഷത്തിലേക്കും കുതിച്ചെത്തിയ കാലം. മലയാളപത്രരംഗത്തെ എൺപതുശതമാനം പ്രചാരവും അതിലധികം പരസ്യവരുമാനവും ഈ രണ്ടു പത്രങ്ങളുംകൂടി സ്വന്തമാക്കി. ആഗോളവൽക്കരണം സൃഷ്ടിച്ച കമ്പോള-ഉപഭോക്തൃ സമവാക്യങ്ങൾ പത്രങ്ങളെ വഴിതിരിച്ചുവിട്ടു. പരസ്യവിപണി വാർത്താമാധ്യമങ്ങളെ സമ്പൂർണമായും നിയന്ത്രിച്ചുതുടങ്ങി. ടെലിവിഷനുമായുള്ള മത്സരത്തിൽ പത്രങ്ങൾക്ക് തുടക്കത്തിൽ ഭയന്ന പ്രതിസന്ധികളേതുമുണ്ടായില്ല. പക്ഷേ, ഈ ഘട്ടത്തിന്റെ രണ്ടാംപകുതിയിൽ പ്രചാരം നേടിയ മൊബൈൽഫോൺ കാര്യങ്ങൾ വഴിതിരിച്ചുവിട്ടു.
അഞ്ചാംഘട്ടമാണ് മലയാളപത്രങ്ങളുടെ അഥവാ പത്രകേരളത്തിന്റെ വർത്തമാനം. സിനിമയും സിനിമാതിയേറ്ററുകളും സാങ്കേതികതയുടെയും ദൃശ്യസൗകര്യങ്ങളുടെയും പിന്തുണയോടെ വലിയ തിരിച്ചുവരവു നടത്തിയെന്നതൊഴിച്ചാൽ, ആധുനികമാധ്യമങ്ങളും മാധ്യമീകൃതവിനോദരൂപങ്ങളും ഒന്നോടെ നാടുനീങ്ങുന്ന കാലത്തിനാണ് ഈ ഘട്ടം സാക്ഷ്യം വഹിക്കുന്നത്. റേഡിയോ, വാർത്താ-വിനോദമാസികകൾ, വായനശാലകൾ, ടെലിവിഷൻ, സീരിയലുകൾ, പത്രങ്ങൾ എന്നിവ ഒന്നൊഴിയാതെ വൻ പ്രതിസന്ധിയിലായി. എഫ്.എം. റേഡിയോവഴി പിടിച്ചുനിൽക്കുമെന്ന പ്രതീതി നാലാംഘട്ടത്തിൽ സൃഷ്ടിച്ചുവെങ്കിലും റേഡിയോ തീർത്തും അപ്രസക്തമായി. സ്ഥാപനപരമായും ഉള്ളടക്കപരമായും റേഡിയോ ദുർബലമായി. ജനപ്രിയവാരികകൾ, വനിതാമാസികകൾ, സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾ എന്നിവ ഒന്നടങ്കം തീർത്തും ശുഷ്കവും ശിഥിലവുമായി. വായനശാലകളുടെ എണ്ണത്തിൽ അവിശ്വസനീയമായ വളർച്ചയുണ്ടായെങ്കിലും, അത് ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സാംസ്കാരികത്തട്ടിപ്പിന്റെ ഭാഗം മാത്രമാണെന്നും ഗ്രന്ഥശാലാസംഘത്തിന്റെ ഫണ്ടു മാത്രം ലക്ഷ്യമിട്ട് കെട്ടിപ്പൊക്കിയ വായനശാലകളിൽ മനുഷ്യർ പുസ്തകം വായിക്കാനോ എടുക്കാനോ എത്തുന്നില്ലെന്നും എല്ലാവർക്കുമറിയാം. ടെലിവിഷൻ കാഴ്ചയിൽനിന്ന് മലയാളി പിൻവാങ്ങിത്തുടങ്ങിയ കാലവുമാണിത്. ഒരൊറ്റ ചാനലൊഴികെ ഒന്നും ലാഭത്തിലോ ജനപ്രീതിയിലോ സുരക്ഷിതമല്ല, ഇന്നും. ജനപ്രിയ വിനോദമാധ്യമമെന്ന പദവിയും ടെലിവിഷന് നഷ്ടമായി. സീരിയലുകൾക്ക് പ്രേക്ഷകർ കുത്തനെ കുറഞ്ഞു. അതേസമയം, മൊബൈൽഫോൺ മേൽപ്പറഞ്ഞ മുഴുവൻ മാധ്യമങ്ങൾക്കും സംസ്കാരങ്ങൾക്കും ബദലുകൾ നിർമിച്ചുനൽകി മലയാളിയുടെ ഏക ‘നവലോക’ത്തിന് രൂപംകൊടുത്തു. ഈ മാറ്റങ്ങൾക്കൊപ്പം ചേർത്തുവേണം പത്രങ്ങളുടെ വർത്തമാനം തിരിച്ചറിയാൻ.
2018-ലെ പ്രളയം, തുടർന്നുണ്ടായ കോവിഡ് വ്യാപനം എന്നിവയാണ് മലയാളപത്രങ്ങളുടെ ചരമക്കുറിപ്പെഴുതിയത്. പുതിയ നൂറ്റാണ്ടിന്റെ ആദ്യ ഒന്നരപ്പതിറ്റാണ്ടിൽ നൂറുശതമാനം പ്രചാരവളർച്ച നേടിയ മലയാളമനോരമയും മാതൃഭൂമിയും എ.ബി.സി. കണക്കനുസരിച്ച്, 2016 ജൂലൈ-ഡിസംബർ കാലത്ത് യഥാക്രമം 24,41,417-ഉം 14,73,033-ഉം കോപ്പികൾ വീതം അച്ചടിച്ചിരുന്നു. 2018 വരെ ഈ കണക്ക് മുന്നോട്ടായിരുന്നു. പക്ഷേ, 2024 ആകുമ്പോൾ എണ്ണം യഥാക്രമം 16,54,657-ഉം 9,33,335-ഉം ആയി കുറയുന്നു. അതായത്, ആദ്യത്തെ നൂറുവർഷം കൊണ്ട് മനോരമ നേടിയ മൊത്തം വളർച്ചയും, മുക്കാൽ നൂറ്റാണ്ടുകൊണ്ട് മാതൃഭൂമി നേടിയ മൊത്തം വളർച്ചയും വെറും ആറുവർഷം കൊണ്ട് നഷ്ടപ്പെട്ടു എന്നർഥം. 2025 ജൂലൈ-ഡിസംബർ കാലത്തെ കണക്കനുസരിച്ച് ഇതു യഥാക്രമം 15,51,446-ഉം 9,12,626-ഉമാണ്. മാധ്യമരംഗത്തുള്ളവർ പറയുന്നത് 2026-ൽ ഈ കണക്കുകളിൽ വീണ്ടും വലിയ കുറവുണ്ടായിട്ടുണ്ട് എന്നുതന്നെയാണ്. 2017 കാലത്ത് അമ്പതുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്ന മലയാളപത്രങ്ങൾ ഇപ്പോൾ ഇരുപത്തഞ്ചു ലക്ഷത്തിലധികം കോപ്പികൾ അച്ചടിക്കുന്നില്ല എന്നു ചുരുക്കം. വെറും എട്ടുവർഷം കൊണ്ടാണ് ഈ ഭീമമായ തകർച്ച മലയാളപത്രങ്ങൾക്കുണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ:
(1) ടെലിവിഷൻ മലയാളിയുടെ വാർത്താ-വിനോദ മാധ്യമമണ്ഡലങ്ങളിൽ അധിനിവേശം നടത്തിയ 1992-2017 കാലത്തുതന്നെയാണ് മലയാളപത്രങ്ങളുടെ പ്രചാരം 400 ശതമാനം വളർന്നത്; 12 ലക്ഷത്തിൽനിന്ന് 48-50 ലക്ഷത്തിലേക്ക്. ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ ആദ്യ ഒന്നരപ്പതിറ്റാണ്ടിൽ മാത്രം പത്രപ്രചാരം ഒന്നരയിരട്ടിയായി; ഇരുപതുലക്ഷത്തിൽനിന്ന് അമ്പതുലക്ഷത്തിലേക്ക്. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ പിന്നീടൊരിക്കലും മലയാളപത്രങ്ങൾക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, 2018 മുതൽ ഓരോ വർഷവും ശരാശരി രണ്ടരലക്ഷം കോപ്പികൾ വീതം പത്രപ്രചാരം കുറയുന്ന പ്രവണതയും പ്രകടമാണ്. അതായത് പ്രതിദിനം ഏഴായിരത്തിനടുത്ത് കോപ്പികൾ വീതം ഇല്ലാതാകുന്നു എന്നർഥം.
(2) മുൻനിരപ്പത്രങ്ങളായ മലയാളമനോരമയുടെ പ്രചാരം 25 ലക്ഷത്തിൽനിന്ന് 15 ലക്ഷത്തിലേക്കും മാതൃഭൂമിയുടേത് 15 ലക്ഷത്തിൽനിന്ന് 9 ലക്ഷത്തിലേക്കും കുറഞ്ഞു. മനോരമയ്ക്ക് പ്രതിവർഷം ഒന്നേകാൽ ലക്ഷം കോപ്പി കുറയുമ്പോൾ മാതൃഭൂമിക്ക് മുക്കാൽ ലക്ഷം കോപ്പികൾ കുറയുന്നു എന്നു ചുരുക്കം. 2026 ആകുമ്പോൾ ഈ കണക്കുകൾ യഥാക്രമം 13 ലക്ഷവും 8 ലക്ഷവും ആയി എന്നാണ് ഈ രംഗത്തുള്ളവരുടെ നിരീക്ഷണം. ബാക്കി മുഴുവൻ ചെറുകിട പത്രങ്ങൾ ചേർന്നാലും 25 ലക്ഷത്തിനപ്പുറം കോപ്പികൾ മലയാളത്തിലില്ല എന്നതാണ് യാഥാർഥ്യം. പൊതുവെ കരുതപ്പെട്ടിരുന്നതുപോലെ ടെലിവിഷനല്ല പത്രങ്ങളുടെ അന്തകനായത്, മൊബൈൽഫോണാണ്. മുൻപു സൂചിപ്പിച്ചതുപോലെ വാർത്താ-വിനോദ ചാനലുകൾ മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ കാലത്തുതന്നെയാണ് മലയാളപത്രങ്ങളും ഏറ്റവും കൂടുതൽ വളർന്നത്. രണ്ടു മാധ്യമങ്ങളുടെയും തകർച്ചയും തളർച്ചയും ഒരേകാലത്താണുണ്ടായത് — മൊബൈൽ ഫോൺ വിപ്ലവത്തിന്റെ കാലത്ത്.
(3) ഓൺലൈൻ രംഗത്ത് പ്രചാരവളർച്ച നേടാൻ മുൻനിരപ്പത്രങ്ങൾക്ക് കഴിയുമ്പോഴും അച്ചടിരംഗത്തെ തകർച്ചയ്ക്ക് പകരമാകാൻ അതിനു കഴിയുന്നില്ല. വായനക്കാരുടെ എണ്ണത്തിലെ കുറവ് പരസ്യവരുമാനത്തെ ഇനിയും ബാധിച്ചുതുടങ്ങിയിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും പത്രങ്ങൾ പൊതുവേ അസ്തമയത്തിലേക്കുതന്നെയാണ് കുതിക്കുന്നത്. കടലാസിന്റെ കാലം കഴിയുന്നു എന്നുതന്നെ വേണം കരുതാൻ. പുസ്തകവായനയിലെ ഭീമമായ കുറവ്, വായനശാലകളുടെ വിജനത എന്നിവ കൂട്ടിച്ചേർത്തുവായിച്ചാൽ ഈ പ്രവണത കുറെക്കൂടി വ്യക്തമാകും. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വ്യാപനം മലയാള വായനയോടുണ്ടാക്കിയ വൈമുഖ്യം, ഡിജിറ്റൽ മാധ്യമങ്ങളുടെ തത്സമയ പരത, ഓൺലൈൻ മാട്രിമണി സൈറ്റുകൾക്കു ലഭിച്ചു കഴിഞ്ഞ അസാധാരണമായ സ്വീകാര്യത എന്നിവയും പത്രങ്ങളുടെ ഈ പ്രതിസന്ധിക്കു കാരണമായി.
(4) ഇക്കാലയളവിൽ പത്രങ്ങളുടെ ഉള്ളടക്കം, രാഷ്ട്രീയനിലപാടുകൾ, വാർത്താസമീപനങ്ങൾ, സാമൂഹികവീക്ഷണങ്ങൾ, ഭാഷാശൈലികൾ തുടങ്ങിയ മുഴുവൻ രംഗങ്ങളിലും സാമൂഹിക-നവമാധ്യമങ്ങൾ പ്രതിലോമകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടെലിവിഷൻ കാലത്തുതന്നെ പത്രങ്ങൾ വഴിവിട്ട് സ്വീകരിച്ചുതുടങ്ങിയിരുന്ന സെൻസേഷണലിസം, ദൃശ്യപരത, ജനപ്രിയത, അതിഭാവുകത്വം, മതപക്ഷപാതം, വിഗ്രഹവൽക്കരണം, വ്യക്തികേന്ദ്രിതത്വം തുടങ്ങിയവ കൂടുതൽ കൂടുതൽ പ്രകടമാകുകയും ചെയ്യുന്നു.
(5) ഗൗരവമുള്ള എഡിറ്റോറിയലുകളും ലേഖനങ്ങളുമുള്ളപ്പോൾത്തന്നെ ബഹുജനാഭിപ്രായ രൂപീകരണശേഷിയിലും വാർത്താസംവേദന സാധ്യതകളിലും സ്വാധീനത്തിലും ഇന്നിപ്പോൾ പത്രങ്ങൾ മൂന്നാംസ്ഥാനത്താണ്; നവ-ഓൺലൈൻ-സാമൂഹികമാധ്യമങ്ങൾക്കും ടെലിവിഷനും പിന്നിൽ. തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായഭിന്നതകൾ മറനീക്കിയ ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടല്ലാതെ ഒരൊറ്റ പത്രവാർത്തപോലും സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.
(6) വാർത്താമാധ്യമങ്ങൾ എന്ന നിലയിൽ പത്രങ്ങൾക്കുണ്ടായിരുന്ന പ്രസക്തി കുറഞ്ഞതുതന്നെയാണ് ഈ മാറ്റങ്ങളുടെ കാരണവും ഫലവുമെന്നു പറയാം. മാധ്യമസാങ്കേതികതയെന്ന നിലയിൽ അച്ചടിക്കും, മാധ്യമാനുഭവം എന്ന നിലയിൽ വായനയ്ക്കും, മാധ്യമരൂപം എന്ന നിലയിൽ പത്രത്തിനും ഒരേസമയം സംഭവിച്ചുകൊണ്ടിരിക്കുന്ന ദയാവധത്തിനാണ് നമ്മുടെ കാലം സാക്ഷ്യംവഹിക്കുന്നത്. പത്രങ്ങളെക്കാൾ സ്വാധീനം ഓൺലൈൻ യുട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കുമുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയുടെ പിതാവിന്റെ മരണത്തെത്തുടർന്ന് കേരള മുഖ്യമന്ത്രിയും പന്ത്രണ്ട് മന്ത്രിമാരും നിരവധി എം.പി.മാരും എം.എൽ.എ.മാരും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരമർപ്പിച്ചതിനെക്കുറിച്ച് വ്യാപകമായ ചർച്ച ഉയർന്നുവരികയുണ്ടായല്ലോ. ഈ വിഷയത്തെക്കുറിച്ച് മലയാളത്തിലെ പ്രശസ്തനായ ഒരു സാംസ്കാരികപ്രവർത്തകൻ എന്നോട് പറഞ്ഞതിങ്ങനെയാണ്: “പണ്ടത്തെ മനോരമയുടെ സ്ഥാനമാണ് ഇന്ന് ‘മറുനാടൻ മലയാളി’ക്ക്; പൊതുബോധത്തെ രൂപപ്പെടുത്തുന്ന മാധ്യമം. ഷാജൻ സ്കറിയ കേരളത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിലൊരാളാണ് ഇപ്പോൾ.”
അടിക്കുറിപ്പ്: ഒരൊറ്റ വിദ്യാർഥിപോലും പത്രം വായിക്കാത്ത പി.ജി. ക്ലാസുകളിൽ ദശകങ്ങളായി ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന സർവകലാശാലാ അധ്യാപകനാണ് ലേഖകൻ.


