സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ എന്താണ് വേണ്ടത്?
കേരളത്തിന്റെ സാംസ്കാരികസ്ഥാപനങ്ങളായ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയവ തൃശൂരിൽ സ്ഥാപിച്ചതിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഇതു സാംസ്കാരികനഗരം എന്നറിയപ്പെടുന്നത്. പൊതുവേ കച്ചവടത്താല്പര്യങ്ങളുടെ പിൻബലത്തിൽ വളർന്ന ഒരു നഗരമാണ് തൃശൂർ എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളർന്ന ഒരു നഗരത്തിലേക്ക് മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ വന്നതുകൊണ്ടുമാത്രം ഇതൊരു സാംസ്കാരികനഗരമായി ഇന്നും രൂപപ്പെട്ടിട്ടില്ല. തൃശൂരിന്റെ സ്വാഭാവികമായ കച്ചവടത്താല്പര്യം ഒരു പരിധിവരെ ഈ സാംസ്കാരികസ്ഥാപനങ്ങളെയും ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിനെ മറികടക്കാൻ സമൂലമായ അഴിച്ചുപണി അത്യാവശ്യമാണ്. ഈ വിഷയത്തിൽ വിപുലമായ ഒരു സംവാദംതന്നെ സംഘടിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു.
സാംസ്കാരികസ്ഥാപനങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്. അക്കാദമി ഭാരവാഹികൾ നടപ്പിലാക്കുന്ന പരിപാടികളുടെ കാണികളും ശ്രോതാക്കളുമാകാനുള്ള അവസരം മാത്രമേ ഇപ്പോൾ ആസ്വാദകർക്കുള്ളൂ. എന്നാൽ, സാംസ്കാരികസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, അവയുടെ സെക്രട്ടറിയും പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും മാത്രം തീരുമാനിക്കുന്ന മുറയ്ക്കാവരുത്. പൊതുപരിപാടികളുടെ നടത്തിപ്പിലും ആസൂത്രണത്തിലും ഓരോ മേഖലയിലും വൈദഗ്ധ്യമുള്ള പൊതുജനങ്ങളുടെ പങ്കാളിത്തംകൂടി ഉണ്ടെങ്കിൽ അവ മികവുറ്റതാക്കി മാറ്റാനാകും. സംഗീത നാടക അക്കാദമിയുടെ ഇറ്റ്ഫോക്ക് (ITFoK), ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്പകലാ മേളകൾ, സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം തുടങ്ങി എല്ലാ പരിപാടികളുടെയും നടത്തിപ്പിൽ ജനപങ്കാളിത്തം ഉണ്ടാകണം. ഇപ്പോഴും പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആലോചനായോഗങ്ങൾ പേരിന് കൂടാറുണ്ടെങ്കിലും പരിപാടികളുടെ ആസൂത്രണത്തിലോ നടത്തിപ്പിലോ പൊതുജനങ്ങൾ കാഴ്ചക്കാർ മാത്രമായി ചുരുങ്ങുന്നു.
ഈ സ്ഥാപനങ്ങളുടെ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി അച്ചടിച്ച, ആർക്കും പ്രയോജനപ്പെടാത്ത നിരവധി പുസ്തകങ്ങൾ സാഹിത്യ അക്കാദമി ലൈബ്രറിയുടെ മുറികളിൽ കെട്ടിക്കിടക്കുന്നു. പൂരം പുസ്തകമേളയിലും ഓണം പുസ്തകമേളയിലും അമ്പതുശതമാനത്തിലധികം ഇളവു കൊടുത്തിട്ടും വിറ്റുതീരാത്ത പുസ്തകങ്ങൾ ഇനിയും ബാക്കിയാണ്.
മേൽപ്പറഞ്ഞ സാംസ്കാരികസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് “കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി” എന്ന നയത്തിലാണ്.
സാംസ്കാരിക സ്ഥാപനങ്ങളുടെ വളപ്പിൽ ആരും കയറാൻ പാടില്ല എന്ന കാടൻ നിലപാടുകൾ വച്ചുപുലർത്തുന്നവരെ സ്ഥാപനങ്ങളുടെ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിൽ അവരോധിക്കാതിരിക്കാൻ സാംസ്കാരിക വകുപ്പ് ശ്രദ്ധിക്കണം. മരിച്ചുപോയ ചില എഴുത്തുകാരുടെ ഓർമ പുതുക്കുന്നതും സാഹിത്യ അക്കാദമിയുടെ നിർവാഹകസമിതി അംഗങ്ങളായ എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്നതുമല്ല അക്കാദമിയുടെ പ്രധാന ദൗത്യം. പുതിയ തലമുറയെ സാഹിത്യത്തിലേക്കും വായനയിലേക്കും എങ്ങനെ ആകർഷിക്കാം എന്നതിനെക്കുറിച്ചാണ് സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഗൗരവമായി ആലോചിക്കേണ്ടത്. തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചോ പ്രകൃതിയെക്കുറിച്ചോ സാമൂഹികാവസ്ഥയെക്കുറിച്ചോ ഒരു നിശ്ചയവുമില്ലാത്ത തലമുറയാണ് ഇവിടെ വളരുന്നത്. ഈ അവസ്ഥ മാറ്റിയെടുക്കണമെങ്കിൽ വലിയ പൊളിച്ചെഴുത്തുതന്നെ ആവശ്യമാണ്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പാടെ ഉടച്ചുപണിയണം. ഭാഷയും സാഹിത്യവും കലയുമൊന്നും പുതിയ പഠനക്രമത്തിൽ വേണ്ടത്ര വിഷയമാകുന്നില്ല.
സാഹിത്യ അക്കാദമി ലൈബ്രറി, സാധാരണ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതുപോലെ എല്ലാ അവധിദിവസങ്ങളിലും അടച്ചിടേണ്ട ഒന്നല്ല. അതൊരു റിസർച്ച് ലൈബ്രറിയായതിനാൽ, ഇപ്പോഴുള്ള പ്രവർത്തനസമയം രാവിലെ ഒൻപതു മുതൽ രാത്രി എട്ടുമണിവരെയെങ്കിലും നീട്ടണം. അതു നടക്കണമെങ്കിൽ ഇപ്പോഴുള്ള ജീവനക്കാർ മതിയാകില്ല. കൂടുതൽ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചാൽ മാത്രമേ ഗവേഷകർക്ക് ലൈബ്രറികൊണ്ട് ശരിയായ പ്രയോജനമുണ്ടാകൂ. രണ്ടാം ശനിയാഴ്ച ഉൾപ്പെടെയുള്ള അവധിദിവസങ്ങൾ ലൈബ്രറികൾക്ക് ബാധകമാക്കരുത്. ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും സമർപ്പണവുമുള്ളവരാകണം അവിടെ നിയമിക്കപ്പെടുന്നവർ. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും അവധിദിവസങ്ങളിൽ ലൈബ്രറി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എല്ലാ പൊതു അവധിദിവസങ്ങളിലും സാഹിത്യ അക്കാദമി ലൈബ്രറിയും അടച്ചിട്ടാൽ, റിസർച്ച് ലൈബ്രറി എന്ന നിലയിൽ അതു ഗവേഷകർക്ക് എങ്ങനെ പ്രയോജനപ്പെടും?
സാഹിത്യ അക്കാദമിയുടെ തൊട്ടടുത്ത വളപ്പിൽ പ്രവർത്തിക്കുന്ന തൃശൂർ പബ്ലിക് ലൈബ്രറിപോലും രാവിലെ ഒൻപതു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കുന്നുണ്ട്. രണ്ടാം ശനിയാഴ്ചയും അവിടെ പ്രവൃത്തിദിവസമാണ്. കോവിഡിനുമുൻപ് ഞായറാഴ്ചയും പബ്ലിക് ലൈബ്രറി പ്രവർത്തിച്ചിരുന്നു. എന്നാൽ, സാഹിത്യ അക്കാദമി ലൈബ്രറിയുടെ പ്രവർത്തനസമയം രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെ മാത്രമാണ്. ഒരു റിസർച്ച് ലൈബ്രറി ആയിട്ടും ഇവിടെ അംഗത്വമുള്ളവർക്ക് ഇനിയും വൈഫൈ (Wi-Fi) സംവിധാനംപോലും ലഭ്യമാക്കിയിട്ടില്ല.
വൈകുന്നേരം ആറുമണി കഴിയുന്നതോടെ അടച്ചുപൂട്ടുന്ന നാലുകെട്ടുകളായി നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ മാറാൻ പാടില്ല. കലയോടും സാഹിത്യത്തോടും സംഗീതത്തോടും നാടകത്തോടുമൊക്കെ താല്പര്യമുള്ള യുവാക്കൾക്ക് രാത്രിവരെയും, വേണ്ടിവന്നാൽ പുലരുവോളം ഒത്തുകൂടാനുമുള്ള ഇടങ്ങളായി അവ മാറേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ ഈ സ്ഥാപനങ്ങൾ അവയുടെ ശരിയായ ലക്ഷ്യത്തിലെത്തുകയുള്ളൂ. ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്നു നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണം. കലയും സാഹിത്യവുമൊക്കെ ഹൃദയത്തിലുള്ളവർ ഒത്തുകൂടുന്നതോടെ ഇത്തരം പ്രശ്നങ്ങളെ അനായാസം അതിജീവിക്കാൻ കഴിയും. യുവാക്കൾക്ക് അവരുടെ ഊർജം ശരിയായ നിലയിൽ പ്രയോഗിക്കാനുള്ള അവസരങ്ങൾ നൽകാതെ അവർ വഴിതെറ്റിപ്പോകുന്നു എന്നു വിലപിക്കുന്നതിൽ അർഥമില്ല. ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് കാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള സർക്കാർ ശ്രമങ്ങൾ നല്ലതുതന്നെ. പക്ഷേ, അതുകഴിഞ്ഞ് കുട്ടികളെ പകരം ഏതു ലഹരിയിലേക്ക് തിരിച്ചുവിടും എന്നുകൂടി ഗൗരവമായി ആലോചിക്കണം. സാഹിത്യത്തിന്റെയും കലയുടെയും ഭാഷയുടെയും ചരിത്രത്തിന്റെയും ലഹരി തിരിച്ചറിയാത്തതുകൊണ്ടാണ് പല യുവാക്കളും ഞരമ്പുകളെ ത്രസിപ്പിക്കുന്ന ലഹരിക്കു പിന്നാലെ അലയുന്നത്. ഇന്നത്തെ വിദ്യാഭ്യാസത്തിൽനിന്ന് സാഹിത്യവും കലയും ഭാഷയുമൊക്കെ അന്യമായതോടെ വിദ്യാർഥികൾക്ക് ആവേശവും നഷ്ടമായിരിക്കുന്നു.
ഈ അവസ്ഥ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾ വ്യാപകമായി ഉണ്ടാവണം. സാംസ്കാരിക സ്ഥാപനങ്ങളും വർത്തമാനസാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ പ്രവർത്തനമണ്ഡലങ്ങളും ശൈലിയും മാറ്റേണ്ടതുണ്ട്.
1995-ലെ സർക്കാർ തീരുമാനപ്രകാരം, ജർമൻ മിഷനറിയായ അർണോസ് പാതിരിയുടെ പ്രതിമ തിരുവനന്തപുരം ജില്ലാ ആശുപത്രിക്കു സമീപം സ്ഥാപിക്കുന്നതിന് ഉത്തരവിറങ്ങിയതാണ്. സർക്കാർ ചെലവിൽ മൂന്നു ലക്ഷം രൂപ മുടക്കി അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയുടെ നിർമാണവും പൂർത്തീകരിച്ചു. എന്നാൽ, പിന്നീട് വന്ന സർക്കാരുകളുടെ അവഗണന കാരണം പ്രതിമ സ്ഥാപിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചില്ല. മുപ്പതുവർഷം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുകയാണ്. പ്രതിമ ഇപ്പോൾ തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള ലൊയോള സ്കൂൾ വളപ്പിൽ അനാഥമായി കിടക്കുന്നു. അതിനുശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകന്മാരുടെ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും, മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വലിയ സംഭാവന നൽകിയ ഈ മഹാന്റെ പ്രതിമ ഇപ്പോഴും അനാഥമായി തുടരുന്നത് ഖേദകരമാണ്. തൃശൂരിലെ വേലൂരിൽ അർണോസ് പാതിരി സ്ഥാപിച്ച ദേവാലയവും അദ്ദേഹം താമസിച്ചിരുന്ന വസതിയും ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ (Archaeology Department) നിയന്ത്രണത്തിലാണ്. വേലൂരിൽ അർണോസ് പാതിരി അക്കാദമി കഴിഞ്ഞ മുപ്പതുവർഷമായി (1994 മുതൽ) പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഇരുപത്തഞ്ചു കോളെജുകളിൽ അദ്ദേഹത്തിന്റെ പേരിലുള്ള ചെയറുകളും നിലവിലുണ്ട്.
അർണോസ് പാതിരിയുടെ പ്രധാന പ്രവർത്തനമണ്ഡലമായിരുന്ന തൃശൂരിൽത്തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് പൗരസമൂഹം ഇപ്പോൾ ആവശ്യപ്പെടുന്നത്. തൃശൂർ ചെമ്പുക്കാവിൽ പ്രവർത്തിച്ചിരുന്ന കാഴ്ചബംഗ്ലാവ് പുത്തൂരിലേക്ക് മാറ്റുന്നതോടെ, ആ സ്ഥലം ബൊട്ടാണിക്കൽ ഗാർഡനും ചരിത്രപൈതൃക പ്രദേശവുമായി സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയുന്നു. അർണോസ് പാതിരിയുടെ പ്രതിമ ഈ മ്യൂസിയം കോമ്പൗണ്ടിൽ സ്ഥാപിച്ച് അവിടെ ഒരു ആംഫി തിയറ്റർ നിർമിച്ചാൽ, സാംസ്കാരിക പ്രവർത്തകർക്കും കലാകാരന്മാർക്കും ഒത്തുകൂടാനുള്ള ഒരിടമായി അതിനെ മാറ്റാനാകും. കലാപരിപാടികൾ അവതരിപ്പിക്കാൻ ഓഡിറ്റോറിയങ്ങൾക്ക് വലിയ തുക വാടക നൽകാൻ കഴിയാത്തവർക്ക് ഈ തുറന്ന ഇടം വലിയൊരു വേദിയായി പ്രയോജനപ്പെടുത്താം. തൃശൂർ ജില്ലയിലെ സാംസ്കാരികപ്രവർത്തകരും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്നാൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനാകും. ഡോ. സുകുമാർ അഴീക്കോട് ‘ഭാഷയുടെ രണ്ടാം എഴുത്തച്ഛൻ’ എന്നു വിശേഷിപ്പിച്ച അർണോസ് പാതിരിയുടെ ഓർമകൾ നിലനിറുത്താനുള്ള വലിയ കേന്ദ്രമാക്കി ഇതിനെ മാറ്റാൻ സാധിക്കും. ഇന്ത്യയിലെത്തിയ മറ്റേതു മിഷനറിമാരെക്കാളും എല്ലാ അർഥത്തിലും ശ്രേഷ്ഠത പുലർത്തിയ വ്യക്തിത്വമാണ് മഹാനായ യൊഹാൻ ഏണസ്റ്റ് ഹാങ്സ്ലെഡൻ (Johann Ernst Hanxleden) എന്ന അർണോസ് പാതിരിക്കുള്ളത്. അദ്ദേഹം രചിച്ച പോർച്ചുഗീസ്-മലയാളം നിഘണ്ടു, സംസ്കൃത വ്യാകരണ ഗ്രന്ഥമായ ‘ഗ്രമാറ്റിക്ക ഗ്രൻഡോണിക്ക’ തുടങ്ങിയ കൃതികൾ ഇനിയും വേണ്ടത്ര പഠനവിധേയമാക്കുകയോ ബൗദ്ധികതലത്തിൽ പ്രയോജനപ്പെടുത്തുകയോ ചെയ്തിട്ടില്ല. നമ്മുടെ സാംസ്കാരികവകുപ്പ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, തീർച്ചയായും അതു കേരളത്തിന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുവാനുള്ള വലിയ ചുവടുവയ്പായി മാറും.


