വിദ്യാർഥികൾ അടിച്ചമർത്തപ്പെടേണ്ട ഭീഷണിയല്ല, ഭരണകൂടം കാതോർക്കേണ്ട പൗരരാണ് – ഡോ. ശശി തരൂർ/ ബിനോയ്‌ പിച്ചളക്കാട്ട്

Date:

അധികാരത്തിന്റെ  യുക്തികൾ ലോകക്രമത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും  ശ്വാസംമുട്ടിക്കുന്ന ഇക്കാലത്ത്, നഷ്ടപ്പെടുന്ന പൗരസ്വാതന്ത്ര്യത്തെയും സമാധാനത്തെയും കുറിച്ചുള്ള ഗൗരവമായൊരന്വേഷണം. ആഗോളതലത്തിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന സ്തംഭനാവസ്ഥ മുതൽ ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചവരെ നീളുന്ന രാഷ്ട്രീയ യാഥാർഥ്യങ്ങളെ ചരിത്രബോധത്തോടെയും വിശകലനാത്മകമായും സമീപിക്കുകയാണ് ഡോ. ശശി തരൂർ. കേൾവിയും സംവാദവും നഷ്ടപ്പെട്ട അധികാരഘടനകൾക്കെതിരെ ജനാധിപത്യവിശ്വാസികൾ എങ്ങനെയാണ്  പൗരബോധത്തിന്റെ പുതിയ മാതൃകകൾ കണ്ടെത്തേണ്ടതെന്ന ചർച്ച കൂടിയാകുന്നു ഈ സംഭാഷണം.

യുദ്ധങ്ങളും ആയുധക്കച്ചവടവും ഭൗമരാഷ്ട്രീയത്തെ  സ്വാധീനിക്കുകയും ചില രാജ്യങ്ങളുടെ നിലനില്പിനുതന്നെ ഭീഷണിയാവുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ആഗോളസമാധാനവും നീതിയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ ഐക്യരാഷ്ട്രസഭ, വൻശക്തികളുടെ രാഷ്ട്രീയ–സാമ്പത്തിക താത്പര്യങ്ങൾക്കു മുന്നിൽ പലപ്പോഴും ഫലപ്രദമായി ഇടപെടാനാകാതെ നിസ്സഹായരാകുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്തുകൊണ്ടാണ് യു.എന്നിന് ഇത്രയേറെ പരിമിതികളുള്ളത്? ഐക്യരാഷ്ട്രസഭയിലെ താങ്കളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, അതിനെ കൂടുതൽ ഫലപ്രദവും സമകാലികവുമാക്കാൻ അതിന്റെ സംഘടനാ ഘടനയിലും സുരക്ഷാ ക്രമീകരണങ്ങളിലും അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

യു.എൻ എന്ന ആശയം പരാജയപ്പെട്ടതുകൊണ്ടല്ല അതിനു പരിമിതികളുണ്ടാകുന്നത്; മറിച്ച്, 1945-ൽ അതു രൂപവത്കരിക്കുമ്പോൾ ലക്ഷ്യമിട്ടിരുന്ന മൂല്യങ്ങളെക്കാൾ സ്വന്തം താത്പര്യങ്ങൾക്ക് അതിലെ കരുത്തരായ അംഗങ്ങൾ  മുൻഗണന നൽകുന്നതുകൊണ്ടാണ്. ഡാഗ് ഹാമർഷോൾഡ് ഒരിക്കൽ നിരീക്ഷിച്ചതുപോലെ, മനുഷ്യരാശിയെ സ്വർഗത്തിലേക്കു കൊണ്ടുപോകാനല്ല, മറിച്ച്, നരകത്തിൽനിന്ന് രക്ഷിക്കാനാണ് ഐക്യരാഷ്ട്രസഭ രൂപവത്കരിച്ചത്. ലളിതമെങ്കിലും നിർണായകമായ ആ പരീക്ഷണത്തിൽ സംഘടന ഇന്നു പതറുകയാണ്. അതിനുകാരണം സെക്രട്ടേറിയറ്റിനെക്കാളുപരി സുരക്ഷാസമിതിയിലാണ് കുടികൊള്ളുന്നത്.

മൂന്നു പതിറ്റാണ്ടോളം ഞാൻ യു. എൻ സംവിധാനത്തിന്റെ ഭാഗമായിരുന്നു. വിയറ്റ്നാമീസ് അഭയാർഥി പ്രതിസന്ധി മുതൽ മുൻ യുഗോസ്ലാവിയയിലെ സമാധാനപരിപാലനം വരെയുള്ള കാര്യങ്ങളിൽ ഇടപെട്ടിരുന്നു. അതിൽനിന്നു ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്: അംഗരാജ്യങ്ങൾ അനുവദിക്കുന്നതുമാത്രമേ യു.എന്നിന് ചെയ്യാൻ കഴിയൂ. സ്ഥിരാംഗങ്ങൾ ഏകാഭിപ്രായത്തിലെത്തുമ്പോൾ സമിതിക്ക് അതിവേഗം പ്രവർത്തിക്കാനാകും. എന്നാൽ, അവരിലൊരാൾക്ക് ഒരു സംഘർഷത്തിൽ നേരിട്ട് താത്പര്യമുണ്ടെങ്കിലോ, അവർക്ക് ഒരു സഖ്യകക്ഷിയെ സംരക്ഷിക്കാൻ ഉണ്ടെങ്കിലോ, തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് അവർ ലോകസമാധാനത്തിനായുള്ള ഈ പ്രധാന ഏജൻസിയെ വെറുമൊരു കാഴ്ചക്കാരനാക്കി മാറ്റുന്നു. യുക്രെയ്നിലും ഗാസയിലും, ഈ വർഷം ഇറാൻ ഉൾപ്പെട്ട യുദ്ധത്തിലും നാം അതു കണ്ടതാണ്. 1945-ലെ സംവിധാനങ്ങളെക്കൊണ്ട് 2026-ലെ സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ആ ഘടനയ്ക്ക് താങ്ങാനാകുന്നില്ല.

അതിനാൽ, എവിടെയാണോ സ്തംഭനാവസ്ഥ ഉള്ളത് അവിടെനിന്നുവേണം പരിഷ്കാരങ്ങൾ തുടങ്ങാൻ. ഒന്നാമതായി, സുരക്ഷാസമിതിയിലെ സ്ഥിരം, അസ്ഥിരാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണം.  യു.എന്നിന് നൂറോളം അംഗങ്ങൾ മാത്രമുണ്ടായിരുന്ന 1963-ലാണ് സമിതി വികസിപ്പിച്ചത്; ഇന്നത് 193 ആയി വളർന്നു. ആഫ്രിക്കയിൽനിന്നോ ലാറ്റിനമേരിക്കയിൽനിന്നോ ഒരു സ്ഥിരാംഗം പോലുമില്ലാത്ത, ലോകജനസംഖ്യയുടെ ആറിലൊന്നു വരുന്ന ഇന്ത്യയെ വേണ്ടത്ര പ്രതിനിധീകരിക്കാത്ത ഒരു സമിതിക്ക് ലോകത്തിനുവേണ്ടി സംസാരിക്കാൻ അർഹതയുണ്ടെന്ന് അവകാശപ്പെടാനാകില്ല. രണ്ടാമതായി, വീറ്റോ അധികാരത്തിന്റെ ഉപയോഗം നിയന്ത്രിക്കപ്പെടണം. പക്ഷേ,  പറയാൻ എളുപ്പമാണെങ്കിലും അതു പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്. വംശഹത്യകൾ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, കൂട്ടക്കൊലകൾ എന്നിവ നടക്കുന്ന സാഹചര്യങ്ങളിൽ വീറ്റോ ഉപയോഗിക്കില്ലെന്നൂ സ്ഥിരാംഗങ്ങൾ സ്വമേധയാ തീരുമാനിക്കേണ്ടതാണ്. നൂറിലധികം രാജ്യങ്ങൾ ഇതിനകം പിന്തുണച്ച ഒരു ആശയമാണിത്. എന്നാൽ, തങ്ങളുടെ സമ്പൂർണമായ വീറ്റോ അധികാരത്തിൽ അത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ  അഞ്ചു രാജ്യങ്ങൾ നാളിതുവരെ തയ്യാറായിട്ടില്ല. വീറ്റോ പ്രയോഗിക്കുമ്പോഴെല്ലാം ജനറൽ അസംബ്ലിയിൽ ചർച്ച വേണമെന്ന 2022-ലെ തീരുമാനം ഒരു ചെറിയ തുടക്കം മാത്രമാണ്. സുരക്ഷാസമിതി സ്തംഭനാവസ്ഥയിലാകുമ്പോൾ “സമാധാനത്തിനായി ഒന്നിക്കുക” (Uniting for Peace) എന്ന നടപടിക്രമം പുനരുജ്ജീവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വേണമെന്നു പലരും കരുതുന്നു. എന്നാൽ, അത്തരം നീക്കങ്ങൾ സ്ഥിരാംഗങ്ങൾ സംഘടന വിട്ടുപോകാൻ കാരണമായേക്കാം. അതു തടയാൻവേണ്ടിയാണ് വീറ്റോ അധികാരംതന്നെ രൂപകല്പന ചെയ്തത്. എല്ലാ രാജ്യങ്ങളെയും ഉൾക്കൊള്ളുക എന്നതാണ് യു.എന്നിന്റെ പ്രധാന കരുത്ത് എന്നതിനാൽ, അത്തരമൊരു പിന്മാറ്റം അതിന്റെ തകർച്ചയ്ക്ക് കാരണമാകും. അതുകൊണ്ട് നമ്മുടെ ആദർശങ്ങൾ ആഗോള അധികാര യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതാകണം.

മൂന്നാമതായി, യു.എന്നിനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ അതിനു നൽകണം. മാനുഷിക-സമാധാന ദൗത്യങ്ങൾ വർധിക്കുന്ന ഇക്കാലത്ത് ഫണ്ടുകളുടെ കുറവും സാമ്പത്തിക വെട്ടിച്ചുരുക്കലുകളും അതിനെ ശ്വാസംമുട്ടിക്കുകയാണ്. നിലവിലെ ‘UN80’ പരിഷ്കരണ ശ്രമങ്ങൾ വെറുമൊരു ചെലവുചുരുക്കൽ പ്രക്രിയ മാത്രമാകരുത്; ശേഷി വർധിപ്പിക്കാതെയുള്ള കാര്യക്ഷമത ഒരു പരിഷ്കാരമേയല്ല. നാലാമതായി, യുദ്ധങ്ങൾ ഒഴിവാക്കാനുള്ള പ്രതിരോധ നടപടികൾക്കും മധ്യസ്ഥതയ്ക്കും സെക്രട്ടറി ജനറലിന്റെ സത്പ്രവൃത്തികൾക്കുമായി യു.എൻ കൂടുതൽ നിക്ഷേപം നടത്തണം. ഇതിന് യുദ്ധച്ചെലവിന്റെ ചെറിയൊരു ശതമാനം മാത്രമേ വേണ്ടിവരൂ. അഞ്ചാമതായി, ഈ വർഷം നടക്കുന്ന പുതിയ സെക്രട്ടറി ജനറലിന്റെ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. അധികാരമുള്ളവരോടു സത്യം വിളിച്ചുപറയാൻ ധൈര്യമുള്ള, അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കാത്ത ഒരു നേതാവിനെയാണു വേണ്ടത്. സെക്രട്ടറിയെയല്ല ഒരു ‘ജനറലിനെ’യാണ് ലോകത്തിന് ഇന്ന് ആവശ്യം.

ഇന്നും ഈ പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ലാതാക്കരുത്. ഐക്യരാഷ്ട്രസഭ ഇല്ലായിരുന്നെങ്കിൽ നാം അതു കണ്ടുപിടിക്കേണ്ടിവരുമായിരുന്നു. ഒരുപക്ഷേ, ഇപ്പോൾ ഉള്ളതിനു സമാനമായ ഒന്നുതന്നെയാകും നാം സൃഷ്ടിക്കുക. നിലവിലുള്ളതിനെ ഇല്ലാതാക്കുകയല്ല, മറിച്ച്, രണ്ടാം ലോകമഹായുദ്ധം അവസാനിച്ച കാലത്തെ ലോകത്തിനുപകരം ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന  ഒന്നാക്കി മാറ്റുകയാണു വേണ്ടത്.

ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിനും പശ്ചിമേഷ്യയിലെ  അശാന്തിക്കും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കേണ്ട നയതന്ത്ര നിലപാട് എന്തായിരിക്കണം? മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ പശ്ചാത്തലത്തിൽ സ്വന്തം മുൻഗണനകൾ നിശ്ചയിക്കുമ്പോൾ, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം, വ്യാപാരബന്ധങ്ങൾ, ഊർജ സുരക്ഷ എന്നിവയെ ഇന്ത്യ എങ്ങനെ സന്തുലിതമായി കൈകാര്യം ചെയ്യണം?

പശ്ചിമേഷ്യ തീച്ചൂളയിലായിട്ട് ഒരു വർഷമാകുന്നു. ഗാസയിലെ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടുമ്പോഴും ആ വാഗ്ദാനങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നു, ഗാസയുടെ ഭൂരിഭാഗവും അവരുടെ നിയന്ത്രണത്തിലാണ്. ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിലും താത്കാലിക ഷെൽട്ടറുകളിലുമാണ് കഴിയുന്നത്; പുനർനിർമാണം തുടങ്ങിയിട്ടുപോലുമില്ല. അതിനിടെ, ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഒരുവശത്തും ഇറാൻ മറുവശത്തുമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം ഈ മേഖലയെയാകെ പ്രതിസന്ധിയിലാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുകയും ജൂലൈയിൽ വെടിനിർത്തൽ ഉണ്ടാകുന്നതുവരെ ആഗോള സമ്പദ്‌വ്യവസ്ഥയെ അതു പിടിച്ചുകുലുക്കുകയുംചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊന്നും നമ്മിൽനിന്ന് അകലെയല്ല. അതു നമ്മുടെ പൗരന്മാരെയും ഊർജ-സാമ്പത്തിക മേഖലകളെയും നമ്മുടെ മനസ്സാക്ഷിയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്.

ഇന്ത്യയുടെ നയതന്ത്രനിലപാട് എപ്പോഴും സൈദ്ധാന്തികസ്ഥിരതയിൽ അധിഷ്ഠിതമായിരിക്കണം. 2023 ഒക്ടോബർ 7-ലെ ഭീകരാക്രമണങ്ങളെ നാം നിരുപാധികം അപലപിച്ചു; അതു ശരിയായ തീരുമാനവുമായിരുന്നു. എന്തു കാരണത്തിന്റെ പേരിലായാലും സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തുന്നതിനെയോ ബന്ദികളാക്കുന്നതിനെയോ  സാധൂകരിക്കാനാവില്ല. എന്നാൽ, ഒരു ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്നതും പട്ടിണിയെ യുദ്ധായുധമാക്കുന്നതും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നതും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം അംഗീകരിക്കാനാവാത്തതാണെന്നൂ  പറയാൻ  അതേ തത്ത്വം തന്നെ നമ്മെ ബാധ്യസ്ഥരാക്കുന്നു. 1974-ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (PLO) അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യവും 1988-ൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. ഇസ്രയേലിനൊപ്പം സമാധാനപരമായി നിലനിൽക്കുന്ന, സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു പലസ്തീൻ രാഷ്ട്രത്തോടുള്ള നമ്മുടെ പ്രതിബദ്ധത വെറുമൊരു മുദ്രാവാക്യമല്ല; സമാധാനത്തിനുള്ള ഏക ശാശ്വതമായ അടിസ്ഥാനം അതാണ്. പതുക്കെ പറയുന്നതിനുപകരം പൂർണബോധ്യത്തോടെ നാം അതു വിളിച്ചുപറയേണ്ടതുണ്ട്.

നമ്മുടെ മൂല്യങ്ങളും താത്പര്യങ്ങളും പരസ്പരവിരുദ്ധമായ ദിശകളിലേക്കാണ് നമ്മെ നയിക്കുന്നതെന്നു ചിലർ വാദിക്കുന്നു. എന്നാൽ, മറിച്ചാണ് സത്യമെന്നു ഞാൻ വിശ്വസിക്കുന്നു. ഇസ്രയേലുമായി മികച്ച പ്രതിരോധ-സാങ്കേതിക പങ്കാളിത്തവും, ഗൾഫ് രാജ്യങ്ങളുമായി ആഴത്തിലുള്ളതും വളർന്നുവരുന്നതുമായ ബന്ധങ്ങളും, ഇറാനുമായി ചരിത്രപരമായ ബന്ധവും ഇന്ത്യയ്ക്കുണ്ട്. ഏകദേശം ഒൻപതു ദശലക്ഷം ഇന്ത്യക്കാരാണ് ഗൾഫിൽ ജോലിചെയ്തു ജീവിക്കുന്നത്, അതിൽ വലിയൊരു ശതമാനം കേരളത്തിൽനിന്നുള്ളവരാണ്. അവർ അയയ്ക്കുന്ന പണമാണ് നാട്ടിലെ ദശലക്ഷക്കണക്കിനു കുടുംബങ്ങളെ പോറ്റുന്നത്. നമ്മുടെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വലിയൊരു ഭാഗം ഹോർമുസ് കടലിടുക്കിലൂടെയാണ് വരുന്നത്. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലൂടെയും സാധാരണക്കാരെ സംരക്ഷിക്കുന്നതിലൂടെയും ഒത്തുതീർപ്പിലൂടെയും മാത്രമേ ഈ താത്പര്യങ്ങളെല്ലാം സംരക്ഷിക്കാനാകൂ. നമ്മുടെ മൂല്യങ്ങളും താത്പര്യങ്ങളും സമാധാനത്തിലാണ് സംഗമിക്കുന്നത്.

പ്രായോഗികതലത്തിൽ, ഞാൻ നാലു മുൻഗണനകൾ നിർദേശിക്കുന്നു. ഒന്ന്, എല്ലാ കക്ഷികളുമായും നിരന്തരമായ ഇടപെടലുകൾ നടത്തണം. വെറുമൊരു കാഴ്ചക്കാരനാകാതെ വിശ്വാസയോഗ്യനായ ഒരു മധ്യസ്ഥനാകാൻ ഇന്ത്യയ്ക്ക് കഴിയണം. തന്ത്രപരമായ സംയമനം ഒരിക്കലും തന്ത്രപരമായ അസാന്നിധ്യമായി മാറരുത്; സമാധാനം രൂപപ്പെടുത്താൻ ലോകം ഒത്തുചേരുമ്പോൾ ഇന്ത്യ അർഹിക്കുന്ന പ്രാധാന്യത്തോടെ ആ വേദിയിലുണ്ടാകണം. രണ്ട്,  ഊർജസുരക്ഷയാണ്: വിവിധ രാജ്യങ്ങളിൽനിന്നുള്ള ഊർജ ഇറക്കുമതി, വലിയ തന്ത്രപരമായ ശേഖരങ്ങൾ, പുനരുപയോഗ ഊർജത്തിലേക്കുള്ള വേഗത്തിലുള്ള മാറ്റം എന്നിവയിലൂടെ ഏതെങ്കിലും ഒരു കടലിടുക്കിലെ തടസ്സം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തടവിലാക്കുന്ന സാഹചര്യം ഒഴിവാക്കാം. മൂന്ന്, വിദേശത്തുള്ള നമ്മുടെ തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാകണം. ഏതു സാഹചര്യത്തിലും അവരെ ഒഴിപ്പിച്ചുകൊണ്ടുവരാനുള്ള ശേഷി, ആതിഥേയ രാജ്യങ്ങളുമായി ചർച്ചചെയ്ത് ഉറപ്പാക്കുന്ന മികച്ച തൊഴിൽ സംരക്ഷണം, തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള കൃത്യമായ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടണം. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ഈ വർഷത്തെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ ഒരു ഭരണകൂടത്തിന് എന്തു ചെയ്യാനാകുമെന്നു തെളിയിച്ചു. തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയവരോട്, പ്രത്യേകിച്ച്, കേരളത്തിലുള്ളവരോട്, ആ ലക്ഷ്യബോധം ഇനിയും കാട്ടേണ്ടതുണ്ട്. നാല്, യു.എൻ ഏജൻസികളുൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഗാസയിലെ മാനുഷിക ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനും നേതൃത്വം നൽകാൻ ഗ്ലോബൽ സൗത്തിലെ തങ്ങളുടെ സ്ഥാനം ഇന്ത്യ ഉപയോഗിക്കണം.

പരീക്ഷകളിലെ ക്രമക്കേടുകൾ, ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവിശ്വാസം, സാമ്പത്തിക അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ എന്നിവ ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്കു കാരണമാകുന്നുണ്ട്. നീതിയും ഉത്തരവാദിത്വവും ആവശ്യപ്പെട്ട് തലസ്ഥാനനഗരിയിലുൾപ്പെടെ യുവാക്കൾ തെരുവിലിറങ്ങുകയാണ്. യുവജനങ്ങളുടെ ഈ ആവശ്യങ്ങളോടും പ്രതീക്ഷകളോടും സർക്കാരും രാഷ്ട്രീയ നേതൃത്വവും എങ്ങനെയാണ് ക്രിയാത്മകമായി പ്രതികരിക്കേണ്ടത്?

ഈ വർഷം നാം കണ്ടതെന്താണെന്നു കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു ക്രമസമാധാന പ്രശ്നമല്ല, മറിച്ച്, തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം കൃത്യമായി ചെയ്ത ഒരു തലമുറയുടെ നീതിക്കുവേണ്ടിയുള്ള നിലവിളിയാണിത്. നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോരുകയും ഇരുപതുലക്ഷത്തിലധികം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ നിർബന്ധിതരാവുകയും ചെയ്തത് വെറുമൊരു ഭരണപരമായ വീഴ്ചയല്ല. അധ്വാനത്തിനർഹമായ ഫലം ലഭിക്കുമെന്ന് ഒരു രാജ്യം അതിന്റെ യുവതയ്ക്ക് നൽകിയ  വാഗ്ദാനത്തിന്റെ ലംഘനമാണത്. ദൗർഭാഗ്യവശാൽ ചില വിദ്യാർഥികൾ ആ നിരാശയിൽ ജീവനൊടുക്കി. തുടർന്ന്, ആയിരക്കണക്കിന് വിദ്യാർഥികൾ  ജന്തർമന്ദറിൽ സമാധാനപരമായി ഒത്തുകൂടിയപ്പോൾ, അക്കൗണ്ടബിലിറ്റി കാണിക്കണം എന്നതിലുപരി മറ്റൊന്നും അവർ ആവശ്യപ്പെട്ടിരുന്നില്ല.

സർക്കാർ ആദ്യം ചെയ്യേണ്ടത് അവരെ കേൾക്കുക എന്നതാണ്; കേൾക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കും നിരാഹാരസമരങ്ങൾക്കും പോലീസിന്റെ ക്രൂരമായ മർദനങ്ങൾക്കും ശേഷമാണ് വിദ്യാഭ്യാസമന്ത്രി രാജിവച്ചത്. ഒരു ജനാധിപത്യസംവിധാനത്തിൽ അക്കൗണ്ടബിലിറ്റി തെരുവിൽ സമരംചെയ്ത് നേടിയെടുക്കേണ്ട ഒന്നാകരുത്; അതു ഭരണാധികാരികൾ സ്വമേധയാ ചെയ്തു നൽകേണ്ടതാണ്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്നതും അതിവേഗകോടതികൾ സ്ഥാപിക്കുന്നതും സ്വാഗതാർഹമാണ്. എന്നാൽ, ചോർച്ച നടന്ന ശേഷം ശിക്ഷിക്കുന്നതല്ല അതുണ്ടാവാതെ തടയുക എന്നതാണ് പ്രധാനം. സുരക്ഷിതമായ ഒരു പരീക്ഷാസംവിധാനമാണ് നമുക്കാവശ്യം: പാർലമെന്റിനോട് നിയമപരമായ ഉത്തരവാദിത്വമുള്ള ഒരു പരീക്ഷാ ഏജൻസി, സ്വതന്ത്രമായ ഓഡിറ്റിങ്, വികേന്ദ്രീകൃതവും സുരക്ഷിതവുമായ സാങ്കേതികവിദ്യ, എന്തെങ്കിലും പാളിച്ചകളുണ്ടായാൽ സമയബന്ധിതമായി പൊതുജനങ്ങളെ അറിയിക്കാനുള്ള സംവിധാനം എന്നിവയെല്ലാം അനിവാര്യമാണ്.

രണ്ടാമതായി പരിഹരിക്കേണ്ടത് തൊഴിലില്ലായ്മ എന്ന ആഴത്തിലുള്ള മുറിവിനെയാണ്. പരീക്ഷാ ക്രമക്കേടുകൾ ഒരു തീപ്പൊരി മാത്രമായിരുന്നു. എന്നാൽ, തൊഴിലിനെക്കുറിച്ചുള്ള വർഷങ്ങളായുള്ള ഉൽക്കണ്ഠകളാണ് അതിന് ഇന്ധനമായത്. മുൻതലമുറകളെക്കാൾ മികച്ച വിദ്യാഭ്യാസം നേടിയവരാണ് ഇന്ത്യയിലെ ഇന്നത്തെ യുവാക്കൾ. എന്നാൽ, തങ്ങളുടെ ബിരുദങ്ങൾ തൊഴിലിലേക്ക് നയിക്കുന്നില്ലെന്ന് അവരിൽ പലരും തിരിച്ചറിയുന്നു. സ്വന്തം ഭാവി കൈവിട്ടുപോകുന്നതു കാണുന്ന ഒരു തലമുറയുടെ നിരാശയെ ഒരു പോലീസ് സന്നാഹത്തിനും ഒതുക്കാനാകില്ല. കേവലം വളർച്ചാനിരക്കുകൾക്കു പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണം സാമ്പത്തികനയങ്ങൾ കേന്ദ്രീകരിക്കേണ്ടത്.

മൂന്നാമതായി, യുവജനങ്ങൾക്കു ശബ്ദമുയർത്താൻ രാഷ്ട്രീയ നേതൃത്വം സ്ഥാപനപരമായ വേദികൾ ഒരുക്കണം: വിദ്യാർഥി സംഘടനകളുമായുള്ള കൃത്യമായ കൂടിയാലോചനകൾ, യുവജനങ്ങളുടെ തൊഴിലില്ലായ്മയെക്കുറിച്ചും പരീക്ഷാ പരിഷ്കരണത്തെക്കുറിച്ചും പാർലമെന്റിൽ പൂർണമായ ചർച്ച, പ്രതിഷേധിക്കുന്നവരെ ബാരിക്കേഡുകൾ തീർത്ത് തടയുന്നതിനുപകരം അവരുമായി സംസാരിക്കാനുള്ള ആത്മാർഥമായ സന്നദ്ധത എന്നിവ ആവശ്യമാണ്. നമ്മുടെ സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതുപോലെ, സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണ്. ഏതു ജനാധിപത്യത്തിലും പ്രതിഷേധം അർഥവത്താകണമെങ്കിൽ അതു ഭരണസിരാകേന്ദ്രങ്ങൾക്കു സമീപം നടക്കാൻ അനുവദിക്കണം. എങ്കിൽ മാത്രമേ ജനപ്രതിനിധികൾക്കും ഭരണാധികാരികൾക്കും അതു കേൾക്കാനാകൂ. ഈ മാസം ജന്തർമന്ദറിൽ ചെയ്തതുപോലെ അവർക്കുള്ള ഇടം ഇല്ലാതാക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർഥി അടിച്ചമർത്തപ്പെടേണ്ട ഒരു ഭീഷണിയല്ല, മറിച്ച്, ഭരണകൂടം കാതോർക്കേണ്ട പൗരനാണ്. ഇപ്പോൾ നടന്ന സംഭവങ്ങളിൽ യുവത ഒരിക്കലും പ്രശ്നക്കാരല്ല; മറിച്ച്, അവർ ഈ സമൂഹത്തിന്റെ ഉണർന്നിരിക്കുന്ന മനസ്സാക്ഷിയാണ്.

വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളുകയും സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരം ഇപ്പോൾ  ദുർബലപ്പെട്ടിരിക്കുന്നു. വിയോജിപ്പുകളെ പലപ്പോഴും രാജ്യദ്രോഹമായോ ദേശവിരുദ്ധ പ്രവർത്തനമായോ ചിത്രീകരിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യയാത്രകളെ ആഴത്തിൽ അടയാളപ്പെടുത്തിയ ഒരു ചരിത്രകാരനും പാർലമെന്റ് അംഗവുമെന്ന നിലയിൽ ഈ മാറ്റത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഇതൊരു താത്കാലിക ജനപ്രിയ രാഷ്ട്രീയ തരംഗം മാത്രമാണോ, അതോ എളുപ്പത്തിൽ പഴയപടിയാക്കാൻ കഴിയാത്തവിധം ഇന്ത്യൻ ദേശീയതയുടെ നിർവചനംതന്നെ മാറിയിട്ടുണ്ടോ?

ചരിത്രവിദ്യാർഥി എന്ന നിലയിൽ, ഇന്ത്യൻ ദേശീയത എന്തായിരുന്നുവെന്ന് ഓർമിപ്പിച്ചുകൊണ്ടു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ദേശീയത പൗരകേന്ദ്രിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സംവാദങ്ങൾക്ക് ഇടംനൽകുന്നതുമായിരുന്നു. ഗാന്ധി ടാഗോറുമായി സംവദിച്ചു, അംബേദ്കർ ഗാന്ധിയുമായി സംവദിച്ചു, നെഹ്‌റു മിക്കവാറും എല്ലാവരുമായും സംവദിച്ചു. അത്തരം സംവാദങ്ങളിലൂടെയാണ് ഈ രാജ്യം രൂപപ്പെട്ടത്, അല്ലാതെ അവയെ ഇല്ലാതാക്കിയല്ല. നമ്മുടെ ഭരണഘടനയും ഈ ചൈതന്യം ഉൾക്കൊള്ളുന്നുണ്ട്. അത് ഇന്ത്യക്കാരനെ നിർവചിക്കുന്നത് മതമോ ഭാഷയോ വംശമോ അടിസ്ഥാനമാക്കിയല്ല. മറിച്ച്, തുല്യ പൗരത്വത്തോടുള്ള പങ്കാളിത്ത പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ്. എന്റെ ‘ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ്’ (The Battle of Belonging) എന്ന പുസ്തകത്തിൽ നാം ഇന്നു നേരിടുന്ന സംഘർഷത്തെക്കുറിച്ച്  വിശദീകരിച്ചിട്ടുണ്ട്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പൗരദേശീയതയും, മതത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ ദേശീയതയെ നിർവചിക്കുന്ന സങ്കുചിതമായ ഭൂരിപക്ഷാധിപത്യ ആശയവും തമ്മിലുള്ള പോരാട്ടമാണത്.

താങ്കൾ പറഞ്ഞ മാറ്റവും ഒരു യാഥാർഥ്യമാണ്. വിയോജിപ്പുകളെ രാജ്യദ്രോഹമായാണ് ഇപ്പോൾ കണക്കാക്കുന്നത്. “ദേശവിരുദ്ധർ”, “അർബൻ നക്സലുകൾ”, അതിലും മോശമായ വാക്കുകൾ എന്നിവ മുഖ്യധാരാ വ്യവഹാരങ്ങളിൽ കടന്നുകൂടിയിരിക്കുന്നു. വിമർശകർക്കു മറുപടി നൽകുന്നതിനുപകരം അവരെ അസാധുവാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹക്കുറ്റം 2022-ൽ സുപ്രീംകോടതി മരവിപ്പിച്ചെങ്കിലും, പുതിയ ക്രിമിനൽ കോഡിൽ പരമാധികാരത്തിനു ഭീഷണിയാകുന്നു എന്ന പേരിൽ അതിന്റെ വലിയൊരു ഭാഗം തിരിച്ചെത്തിയിട്ടുണ്ട്. കർശനമായ ജാമ്യവ്യവസ്ഥകളുള്ള തീവ്രവാദവിരുദ്ധ നിയമങ്ങൾ, ആക്ടിവിസ്റ്റുകൾക്കും വിദ്യാർഥികൾക്കും പത്രപ്രവർത്തകർക്കും കോടതി നടപടികൾതന്നെ ഒരു ശിക്ഷയായി മാറുന്ന അവസ്ഥയുണ്ടാക്കിയിരിക്കുന്നു. ഇവയൊന്നും ഒരു പ്രത്യേക രാഷ്ട്രീയ കാലഘട്ടത്തിന്റെ മാത്രം അതിപ്രസരമല്ല.

ഇപ്പോഴത്തെ മാറ്റത്തെ പഴയപടിയാക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ, കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ, അതു താനേ സംഭവിക്കില്ല. ജനപ്രിയ തരംഗങ്ങൾ ഒരിക്കൽ കെട്ടടങ്ങും; എന്നാൽ, അവ അവശേഷിപ്പിക്കുന്ന കാര്യങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. നിയമങ്ങളും സ്ഥാപനപരമായ ശീലങ്ങളും ശത്രുതാപരമായ പദപ്രയോഗങ്ങളുടെ സാധാരണവൽക്കരണവും അവ സൃഷ്ടിച്ച സർക്കാരുകൾ ഇല്ലാതായാലും പിന്നെയും  നിലനിന്നേക്കാം. രാഷ്ട്രീയത്തിലെ വ്യക്തിപൂജ “തകർച്ചയിലേക്കും ഒടുവിൽ ഏകാധിപത്യത്തിലേക്കുമുള്ള ഉറപ്പായ വഴിയാണ്” എന്നു ഭരണഘടനാ അസംബ്ലിയിൽ ഡോ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏതെങ്കിലും ഒരു നേതാവിനെക്കുറിച്ചായിരുന്നില്ല; സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അടിയറവയ്ക്കുന്ന പൗരന്മാരെക്കുറിച്ചായിരുന്നു.

എനിക്കു പ്രതീക്ഷ നൽകുന്നത് ഈ വർഷം ഡൽഹിയിൽ നാം കണ്ട കാഴ്ചതന്നെയാണ്: തങ്ങളുടെ ആദ്യത്തെ പ്രതിഷേധത്തിനിറങ്ങിയ ഇന്ത്യൻ യുവാക്കൾ ഭരണഘടനയുടെ പകർപ്പുകളേന്തി മാർച്ച് ചെയ്തു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീംകോടതിയിലെ അഭിഭാഷകർ അതിന്റെ ആമുഖം വായിച്ചു. തങ്ങളുടെ രോഷത്തിന്റെ നിമിഷങ്ങളിലും ഭരണഘടനയിലേക്കു തിരിയുന്ന ഒരു ജനത ഇന്ത്യ എന്ന ആശയത്തെ കൈവിട്ടിട്ടില്ല. രാജ്യസ്നേഹമെന്നാൽ രാജ്യത്തോടും അതിലെ ജനങ്ങളോടുമുള്ള സ്നേഹമാണെന്നും, അല്ലാതെ ഭരിക്കുന്നവരോടുള്ള അനുസരണയല്ലെന്നും ഉറപ്പാക്കുക എന്നതാണ് പൊതുരംഗത്തുള്ള ഞങ്ങളുടെ ചുമതല. രാജ്യസ്നേഹിയുടെ എതിർപദം വിയോജിക്കുന്നവൻ എന്നല്ല. മറിച്ച്, രാജ്യത്തെക്കുറിച്ച് ചിന്തിക്കാത്തവനാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ, അന്വേഷണ ഏജൻസികൾ, പാർലമെന്റ്, ജുഡീഷ്യറി എന്നിവയുൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരുകയാണ്. ഇവയുടെ സ്വയംഭരണാധികാരം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും ശക്തിപ്പെടുത്താൻ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമുണ്ടോ? ഈ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം വീണ്ടെടുക്കാൻ ഇന്ത്യ സ്വീകരിക്കേണ്ട  നടപടികൾ എന്തൊക്കെയാണ്?

അതെ, ഘടനാപരമായ പരിഷ്കാരങ്ങൾ അനിവാര്യമാണ്. പരസ്പരവിരുദ്ധമെന്നു പലപ്പോഴും കരുതപ്പെടുന്ന രണ്ടു ലക്ഷ്യങ്ങൾ ഭരണഘടനാസ്ഥാപനങ്ങൾ നിറവേറ്റേണ്ടതുണ്ട്: അത് എക്സിക്യൂട്ടീവിൽനിന്നുള്ള സ്വാതന്ത്ര്യവും ജനങ്ങളോടുള്ള ഉത്തരവാദിത്വവുമാണ്. ആരോടും ഉത്തരംപറയാൻ ബാധ്യതയില്ലാത്ത അവസ്ഥയിൽ സ്വതന്ത്രമായ ഒരു സ്ഥാപനം അഹങ്കാരിയായി മാറും. അതു ഭരണകൂടത്തോടുമാത്രം ഉത്തരംപറയാൻ ബാധ്യസ്ഥമായാൽ അവരുടെ തടവിലാകും. നമ്മുടെ സ്ഥാപനങ്ങൾ ഭരണഘടനയോടും പാർലമെന്റിനോടും ജനങ്ങളോടുമാണ് ഉത്തരംപറയേണ്ടത്. അല്ലാതെ, ഭരണകക്ഷിയോടല്ല എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.

ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്യമാണ്. കാരണം തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് മറ്റെല്ലാറ്റിന്റെയും അടിസ്ഥാനം. 2023-ലെ അനൂപ് ബരൺവാൾ കേസിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഒരു സമിതി വേണം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കാൻ എന്നു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ, ചീഫ് ജസ്റ്റിസിനു പകരമായി ഒരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ട് പാർലമെന്റ് നിയമനിർമാണം നടത്തി. ഇതിലൂടെ, വിധികർത്താവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ  ഭരണകൂടത്തിന് നിർണായകമായ മേൽക്കൈ ഉറപ്പാക്കാൻ കഴിഞ്ഞു. സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് സമിതിയിലൂടെയും, എല്ലാ കമ്മിഷണർമാർക്കും തുല്യമായ ഭരണഘടനാപരമായ കാലാവധി ഉറപ്പാക്കുന്നതിലൂടെയും ഇതു തിരുത്തപ്പെടണം. കൂടാതെ, ഉയരുന്ന ചോദ്യങ്ങൾക്കെതിരെ അനിഷ്ടം പ്രകടിപ്പിക്കുന്നതിനുപകരം കമ്മിഷൻ അവയ്ക്ക് ഉത്തരം നൽകണം. വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിൽ പൂർണ സുതാര്യത ആവശ്യമാണ്: പേരുകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന പട്ടിക പ്രസിദ്ധപ്പെടുത്തണം, പരാതികൾ നൽകാൻ മതിയായ അവസരം ഒരുക്കണം, വോട്ടർപട്ടിക പരിശോധിക്കാൻ പാർട്ടികൾക്കും പൗരന്മാർക്കും സുഗമമായ പ്രവേശനം നൽകണം. സ്വന്തം നിഷ്പക്ഷതയിൽ വിശ്വാസമുള്ള ഒരു കമ്മിഷൻ പരിശോധനകളെ സ്വാഗതംചെയ്യുകയാണ് വേണ്ടത്. ബാരിക്കേഡുകൾ തീർത്തും തടങ്കലിലാക്കിയും വിശ്വാസം വീണ്ടെടുക്കാനാകില്ല; സുതാര്യതയിലൂടെയേ അതു സാധിക്കൂ.

നമ്മുടെ അന്വേഷണ ഏജൻസികൾക്ക് നിയമപരമായ ഒരു രൂപരേഖയും സ്വതന്ത്രമായ മേൽനോട്ടവും രാഷ്ട്രീയ ഇടപെടലുകളിൽനിന്നുള്ള സംരക്ഷണവും ആവശ്യമാണ്. തീർത്തും വ്യത്യസ്തമായ ഒരു കാലഘട്ടത്തിനായി രൂപകല്പന ചെയ്ത 1946-ലെ ഒരു നിയമപ്രകാരമാണ് സി.ബി.ഐ. ഇന്നും പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പു കാലങ്ങളിൽ റെയ്ഡുകൾ വർധിക്കുകയും, മറുകണ്ടം ചാടുന്നവർക്കെതിരെയുള്ള കേസുകൾ പെട്ടെന്ന് ഇല്ലാതാകുകയും ചെയ്യുമ്പോൾ പൗരന്മാർ അവരുടേതായ നിഗമനങ്ങളിലെത്തിച്ചേരും. ഈ ഏജൻസികൾ ഒരു സ്വതന്ത്ര മേൽനോട്ട സമിതിക്കുമുന്നിൽ ഉത്തരം പറയണം, അവരുടെ ശിക്ഷാവിധികൾ പ്രസിദ്ധപ്പെടുത്തണം, പി.എം.എൽ.എ (PMLA) പോലുള്ള നിയമങ്ങളിലെ കർശനമായ ജാമ്യവ്യവസ്ഥകൾ പുനഃപരിശോധിക്കണം; അങ്ങനെ പ്രക്രിയതന്നെ ശിക്ഷയായി മാറുന്ന അവസ്ഥ ഒഴിവാക്കണം.

പാർലമെന്റ് കേവലം എക്സിക്യൂട്ടീവ് തീരുമാനങ്ങൾ പതിക്കാനുള്ള ഒരു നോട്ടീസ് ബോർഡാകാതെ സംവാദങ്ങൾക്കുള്ള വേദിയായി പുനഃസ്ഥാപിക്കപ്പെടണം. പ്രധാനപ്പെട്ട ബില്ലുകൾ സ്വാഭാവികമായും കമ്മിറ്റികളുടെ പരിഗണനയ്ക്കു വിടണം. രാജ്യസഭയെ മറികടക്കാൻ മണി ബിൽ എന്ന വഴി ഉപയോഗിക്കുന്നതു തടയണം. മറ്റു പാർലമെന്ററി ജനാധിപത്യ രാജ്യങ്ങളിലേതുപോലെ പ്രതിപക്ഷത്തിന്റെ വിഷയങ്ങൾ ചർച്ചചെയ്യാൻ കൃത്യമായ ദിവസങ്ങളും സമയവും മാറ്റിവയ്ക്കണം. ഒരു ലോക്സഭാ കാലയളവു മുഴുവൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ ഇനിയൊരിക്കലും ഉണ്ടാകരുത്. 2023 ഡിസംബറിൽ ഒരൊറ്റ സമ്മേളനത്തിൽ 140-ലധികം അംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി ഒരു മുന്നറിയിപ്പായി അവശേഷിക്കണം, അതൊരിക്കലും ഒരു കീഴ്‌വഴക്കമാകരുത്.

അവസാനമായി, ജുഡീഷ്യറിയുടെ നിയമനങ്ങളിൽ കൂടുതൽ സുതാര്യത ആവശ്യമാണ്. വിരമിച്ച ജഡ്ജിമാർ സർക്കാരിൽനിന്ന് പദവികൾ സ്വീകരിക്കുന്നതിനുമുൻപ് ഒരു വിശ്രമവേള നിർബന്ധമാക്കണം. രാഷ്ട്രീയപ്രാധാന്യമുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനും അനുവദിക്കുന്നതിനും കൃത്യമായ ചട്ടങ്ങൾ പ്രസിദ്ധപ്പെടുത്തണം. ഇതൊക്കെതന്നെ സമൂലമായ നടപടികളല്ല. എങ്കിലും ഇവയെല്ലാം ഒരുമിക്കുമ്പോൾ, നമ്മുടെ ജനാധിപത്യത്തിന്റെ റഫറിമാർ ഏതെങ്കിലും ഒരു പക്ഷത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നവരല്ല എന്ന വിശ്വാസം പൗരസമൂഹത്തിൽ പുനഃസ്ഥാപിക്കാൻ  വലിയൊരു പരിധിവരെ സഹായകമാകും.

ഈയിടെ നടന്ന ‘മാർച്ച് ഫോർ ഡെമോക്രസി‘യിൽ താങ്കൾ യുവപ്രവർത്തകരെ പ്രശംസിക്കുകയും സമരക്കാർക്കെതിരായ കനത്ത പോലീസ് വിന്യാസത്തെ വിമർശിക്കുകയുംചെയ്തിരുന്നു. ഇന്നത്തെ തലമുറ അപ്രഖ്യാപിത “എമർ–ജെൻസി“യെക്കാൾ (Emer-GenZ) മികച്ചത് അർഹിക്കുന്നുണ്ടെന്നും താങ്കൾ പറയുകയുണ്ടായി. തൊഴിലില്ലായ്മയും വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും നേരിടുന്ന ‘ജെൻസി‘ വോട്ടർമാർക്കായി കോൺഗ്രസ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക, സാമൂഹിക കാഴ്ചപ്പാട് എന്താണ്? ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ, സംരംഭകത്വം, സാമൂഹിക സുരക്ഷ, മികച്ച ഭാവി എന്നിവ ഉറപ്പാക്കാൻ പാർട്ടി മുന്നോട്ടുവയ്ക്കുന്ന  ബദൽ നയങ്ങൾ എന്തൊക്കെയാണ്?

ഞാൻ പറഞ്ഞ ഓരോ വാക്കിലും  ഉറച്ചുനിൽക്കുന്നു. വിദേശത്തുനിന്ന് അതിരാവിലെ ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ, യുദ്ധസമാനമായ ഒരു വിന്യാസത്തിനു കീഴിലുള്ള തലസ്ഥാനത്തെയാണ് ഞാൻ കണ്ടത്: പതിനായിരക്കണക്കിനു പോലീസും അർധസൈനിക വിഭാഗങ്ങളും, കോൺക്രീറ്റ് ബാരിക്കേഡുകളും റോഡിലെ സ്പൈക്കുകളും, റദ്ദാക്കപ്പെട്ട ട്രെയിനുകൾ, അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ, ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റദ്ദാക്കപ്പെട്ട ഇന്റർനെറ്റ് സംവിധാനം—ഇതെല്ലാം വോട്ടർപട്ടികയുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ സമാധാനപരമായി ഒത്തുകൂടുന്ന യുവാക്കളെ തടയാൻ വേണ്ടിയായിരുന്നു. നമ്മുടെ ജെൻസി തലമുറ അർഹിക്കുന്നത് ഉത്തരങ്ങളാണ്, ലാത്തിയടിയല്ല. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ്, അടിച്ചമർത്തലല്ല. ഒരു ജനാധിപത്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നത് അതിന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യുന്നവരോട് അത് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

എന്നാൽ, വിമർശനം മാത്രം പോരാ, യുവാക്കൾ മുദ്രാവാക്യങ്ങൾ കേട്ടു മടുത്തിരിക്കുന്നു. അവർക്കൊരു കൃത്യമായ പദ്ധതി ആവശ്യമാണ്. 2024-ലെ ഞങ്ങളുടെ പ്രകടനപത്രികയിൽ യുവാക്കൾക്കായി കോൺഗ്രസ് കൃത്യമായ ഒരു രേഖ മുന്നോട്ടുവച്ചിരുന്നു, അതിന്റെ കാതൽ ഇന്നും പ്രസക്തമാണ്: കേന്ദ്രസർക്കാരിലെ മുപ്പതുലക്ഷത്തോളം വരുന്ന ഒഴിവുകൾ സമയബന്ധിതമായി നികത്തുക; ഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ള എല്ലാ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഒരുലക്ഷം രൂപ സ്റ്റൈപ്പൻഡോടെ ഒരുവർഷത്തെ ശമ്പളത്തോടുകൂടിയ അപ്രന്റീസ്ഷിപ്പിനുള്ള നിയമപരമായ അവകാശം, ഇതിലൂടെ ആദ്യത്തെ ജോലി വെറുമൊരു ഭാഗ്യമോ സ്വാധീനമോ അല്ലാതായി മാറും; ചോദ്യപേപ്പർ ചോർച്ച തടയാനും പരീക്ഷകളുടെ പവിത്രത കാത്തുസൂക്ഷിക്കാനും പുതിയ നിയമം; യുവ സംരംഭകർ തുടങ്ങുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ 5,000 കോടി രൂപയുടെ ഫണ്ട്; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ആരംഭിച്ചതുപോലെ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ എന്നിവയാണവ.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഇതിനും അപ്പുറത്തേക്ക് പോകേണ്ടതുണ്ട്. ഇലക്ട്രോണിക്സ് , ഭക്ഷ്യ സംസ്കരണം, തുണിത്തരങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന, മാനുഷികാധ്വാനത്തിനു മുൻഗണന നൽകുന്ന ഒരു ഉൽപ്പാദനതന്ത്രം ഇന്ത്യക്ക് ആവശ്യമാണ്. നമ്മുടെ തൊഴിൽ ശക്തിയുടെ വലിയൊരു വിഭാഗത്തിനു ജോലിനൽകുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു കുറഞ്ഞ പലിശയ്ക്ക് വായ്പയും ലളിതമായ നടപടിക്രമങ്ങളും കുടിശ്ശികകൾ വേഗത്തിൽ നൽകുന്ന സംവിധാനവും ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റിമറിക്കുന്ന ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുന്ന തരത്തിൽ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം മാറണം. കരിയർ മുഴുവൻ ഉപകരിക്കുമെന്നു കരുതുന്ന ഒരൊറ്റ ബിരുദത്തിനുപകരം ജീവിതകാലം മുഴുവൻ നൈപുണികൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം.  ഗിഗ് ജോലികൾക്കും നഗരങ്ങൾക്കും തൊഴിലുടമകൾക്കുമിടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു യുവാവിന് എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സാമൂഹിക സുരക്ഷാപദ്ധതികൾ പോർട്ടബിൾ ആകണം. അതുപോലെത്തന്നെ, യുവാക്കളുടെ തൊഴിൽക്ഷമതയെപ്പോലെ അവരുടെ മാനസികാരോഗ്യത്തിനും നാം പ്രാധാന്യം നൽകണം; ഈ വർഷത്തെ പരീക്ഷാ ചോദ്യപേപ്പർ  ചോർച്ചയെത്തുടർന്നുണ്ടായ നിരാശ നമ്മെയെല്ലാവരെയും കർമോത്സുകരാക്കേണ്ടതാണ്.

അവസാനമായി, യുവാക്കൾ കേവലം കാഴ്ചക്കാരാകാതെ രാഷ്ട്രീയത്തിലെ പങ്കാളികളാകണം. ഈ വർഷം നാം കണ്ട പ്രക്ഷോഭങ്ങൾ പരമ്പരാഗത പാർട്ടിസംവിധാനങ്ങൾക്കു പുറത്തുനിന്ന് ചിന്താശേഷിയുള്ള, സംഘടിതരായ, സർഗാത്മകതയുള്ള നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. എന്റെ പാർട്ടിയുൾപ്പെടെ എല്ലാ പാർട്ടികളും അത്തരം പ്രതിഭകൾക്കായി വാതിലുകൾ തുറന്നിടുകയും നയങ്ങൾ രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്കളുടെ  ശബ്ദത്തിനു പ്രാധാന്യം നൽകുകയും വേണം. വർഷങ്ങൾക്കു മുൻപ്, ഞാൻ പാർലമെന്റിൽ ഒരു പ്രൈവറ്റ് മെമ്പർ ബിൽ അവതരിപ്പിച്ചിരുന്നു: പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മികച്ച യുവാക്കൾക്കായി, അതായത് മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ള ഏറ്റവും കൂടുതൽ വോട്ടുലഭിച്ച പത്തു പേർക്കായി പത്തു സീറ്റുകൾ സംവരണംചെയ്യണം എന്നതായിരുന്നു അത്. ഈ ജെൻസി തലമുറയുടെ ശബ്ദം ലോക്സഭയിലും മുഴങ്ങുന്നുണ്ടെന്ന് ഇതു ഉറപ്പാക്കുമായിരുന്നു. ഭാവി അവരുടേതാണ്; അതു രൂപകല്പനചെയ്യാൻ അവരെ അനുവദിക്കുക എന്നതാണ് നമുക്കുചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം.

സർവകലാശാലകൾ വിമർശനാത്മക ചിന്തയുടെയും ബൗദ്ധിക അന്വേഷണങ്ങളുടെയും സാമൂഹിക പരിവർത്തനത്തിന്റെയും കേന്ദ്രങ്ങളാണ്. എന്നിട്ടും, സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാരുകൾ അവയെ കൂടുതൽ കർശനമായ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സർവകലാശാലകൾ മുതൽ സംസ്ഥാന കോളെജുകൾവരെ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ അക്കാദമികസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. ഇത് ഇന്ത്യയുടെ ബൗദ്ധികമൂലധനത്തിലും ഗവേഷണസംസ്കാരത്തിലും, അതുപോലെതന്നെ ജനസംഖ്യാപരമായ അനുകൂലാവസ്ഥകളെ  ഫലപ്രദമായി വിനിയോഗിക്കാനുള്ള രാജ്യത്തിന്റെ ശേഷിയിലും  എന്തുതരം  പ്രത്യാഘാതങ്ങളാവും സൃഷ്ടിക്കുക?

ഒരു സർവകലാശാല നിലകൊള്ളുന്നത് മാനവികത, സഹിഷ്ണുത, യുക്തി, ആശയങ്ങളുടെ സാഹസികത, സത്യത്തിനായുള്ള അന്വേഷണം എന്നിവയ്ക്കു വേണ്ടിയാണെന്നൂ ജവഹർലാൽ നെഹ്‌റു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ മൂല്യങ്ങൾക്കെല്ലാം സ്വാതന്ത്ര്യവും ആവശ്യമാണ്. ഒരു പ്രഭാഷകനെ ക്ഷണിക്കുന്നതിനുമുൻപോ, ഒരു സെമിനാർ നടത്തുന്നതിനുമുൻപോ, ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തുന്നതിനുമുൻപോ ഭയപ്പാടോടെ ചുറ്റും നോക്കേണ്ടിവരുന്ന ഒരു സർവകലാശാല അക്ഷരാർഥത്തിൽ ഒരു സർവകലാശാലയല്ല. അതു വെറുമൊരു ബിരുദവിതരണകേന്ദ്രം മാത്രമാണ്.

എന്നെ ആശങ്കപ്പെടുത്തുന്നത് ഒരേസമയം പല മേഖലകളിൽ നടക്കുന്ന  തകർച്ചയാണ്. അക്കാദമിക മികവിനെക്കാൾ ആശയപരമായ വിശ്വസ്തതയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും വൈസ്-ചാൻസലർമാരെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന സർവകലാശാലകളുടെ വൈസ്-ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിൽ ഗവർണർമാരുടെയും കേന്ദ്രത്തിന്റെയും പങ്കു വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 2025-ലെ യു.ജി.സി കരടുചട്ടങ്ങളെ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും എതിർത്തത് അവ ഫെഡറലിസത്തിനും അക്കാദമിക സ്വയംഭരണത്തിനും ഭീഷണിയാണെന്നതിനാലാണ്. അധ്യാപകർ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിന്റെ പേരിൽ അച്ചടക്കനടപടികൾ നേരിടുന്നു, സമ്മർദങ്ങളുടെ ഫലമായി കാമ്പസുകളിലെ പരിപാടികൾ റദ്ദാക്കപ്പെടുന്നു, പാണ്ഡിത്യത്തെക്കാൾ രാഷ്ട്രീയലക്ഷ്യങ്ങളോടെ പാഠ്യപദ്ധതികൾ പരിഷ്കരിക്കപ്പെടുന്നു. ഇത്തരം ഇടപെടലുകൾ ഏതെങ്കിലും ഒരു സർക്കാരിന്റെയോ പാർട്ടിയുടെയോ മാത്രം രീതിയല്ല. അതു സംസ്ഥാനങ്ങളിലായാലും കേന്ദ്രത്തിലായാലും ഞാൻ അതിനെ വിമർശിക്കും.

ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഗുരുതരമാണ്. അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാനും പരാജയപ്പെടാനുമുള്ള സ്വാതന്ത്ര്യത്തിൽനിന്നാണ് ഗവേഷണം വളരുന്നത്. ഗവേഷണത്തിനും വികസനത്തിനുമായി ഇന്ത്യ സ്വന്തം ജി.ഡി.പിയുടെ ഒരു ശതമാനത്തിൽത്താഴെ മാത്രമാണ് ചെലവാക്കുന്നത്. ഇതു നാം മത്സരിക്കാനാഗ്രഹിക്കുന്ന രാജ്യങ്ങളെക്കാൾ വളരെ കുറവാണ്. ദീർഘകാലമായുള്ള നിക്ഷേപക്കുറവിനൊപ്പം ഭയത്തിന്റെ ഒരു അന്തരീക്ഷംകൂടി ചേരുമ്പോൾ, പ്രതിഭകൾ എപ്പോഴും ചെയ്യുന്നതുതന്നെ ചെയ്യും: അവർ രാജ്യം വിടും. നൊബേൽസമ്മാനങ്ങൾ നേടുകയും ആഗോളസംരംഭങ്ങളെ നയിക്കുകയും ചെയ്യുന്ന മിടുക്കരായ ഇന്ത്യക്കാരെ നാം ഇനിയും സൃഷ്ടിക്കും. പക്ഷേ, അവർ വിദേശത്തെ കാമ്പസുകളിൽനിന്നും ലബോറട്ടറികളിൽനിന്നുമാകും അതു ചെയ്യുക.

ജനസംഖ്യാപരമായ നേട്ടത്തിന്റെ കാര്യത്തിൽ ഇതു വളരെ പ്രധാനമാണ്. മികച്ച വിദ്യാഭ്യാസവും നൈപുണ്യവും സ്വായത്തമാക്കുകയും, സ്വതന്ത്രവും സർഗാത്മകവുമായി ചിന്തിക്കാനുള്ള സാഹചര്യം ലഭിക്കുകയും ചെയ്യുമ്പോൾ മാത്രമേ യുവസമൂഹം രാജ്യത്തിന് ഒരു മുതൽക്കൂട്ടായി മാറുകയുള്ളൂ. അല്ലാത്തപക്ഷം ജനസംഖ്യാപരമായ ഈ സവിശേഷത വലിയൊരു ബാധ്യതയായി പരിണമിക്കും. ഇതിനുള്ള പരിഹാരം  സ്ഥാപനങ്ങളുടെ സ്വയംഭരണത്തിലാണ്: അക്കാദമിക് വിദഗ്ധരടങ്ങുന്ന സ്വതന്ത്ര സെർച്ച് കമ്മിറ്റികൾ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കണം, സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളിലൂടെയും പബ്ലിക് ഫണ്ടുകൾ വിതരണംചെയ്യണം, അക്കാദമിക ആവിഷ്കാരങ്ങൾക്കു നിയമപരമായും പ്രായോഗികമായും സംരക്ഷണം നൽകണം, കൂടാതെ വിയോജിപ്പുകളെ അച്ചടക്കലംഘനമായി കാണുന്നതിനുപകരം ഗവേഷണത്തിനുള്ള അസംസ്കൃതവസ്തുവായി കാണുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം. സ്വന്തം സർവകലാശാലകളെ ഭയക്കുന്ന ഒരു രാജ്യത്തിന് നാളെ സ്വന്തം ഭാവിയെ ഭയക്കേണ്ടി വരും.

എൻ.ജി.ഒകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) പോലുള്ള നിയമങ്ങൾ ഉപയോഗിക്കുന്നത്  ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇന്ത്യയുടെ ആഗോളനിലവാരത്തെക്കുറിച്ചും താഴെത്തട്ടിലുള്ള വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താങ്കൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. സിവിൽ സൊസൈറ്റി സംഘടനകളുടെ തളർച്ച ആദിവാസികൾ, ദലിതർ, ദരിദ്രർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? അവശ്യസേവനങ്ങൾ, വികസനസഹായങ്ങൾ, അവകാശസംരക്ഷണം എന്നിവ ലഭ്യമാക്കുന്നതിൽ ഇത് എത്രത്തോളം തടസ്സമാകുന്നുണ്ട്?

ഇന്ത്യൻ വികസനത്തിന്റെ സൂക്ഷ്മനാഡികളായി വർത്തിക്കുന്നത് പൗരസമൂഹ പ്രസ്ഥാനങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളും പദ്ധതികളും ബജറ്റും സ്ഥാപനങ്ങളുമൊക്കെ സജ്ജമാക്കുന്നത് ഭരണകൂടമാണെങ്കിലും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരറിവുമില്ലാതെ ജീവിക്കുന്ന വിദൂരഗ്രാമങ്ങളിലെയും ഒറ്റപ്പെട്ട കുടിലുകളിലെയും നഗരച്ചേരികളിലെയും മനുഷ്യരിലേക്കു പലപ്പോഴും കൈത്താങ്ങായി എത്തുന്നത് സന്നദ്ധസംഘടനകളാണ്. ഈശോസഭ പോലെയുള്ള സന്യാസസമൂഹങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ,  പല സന്നദ്ധസംഘടനകളും ഭരണകൂടത്തിന് അപ്രാപ്യമായ മേഖലകളിലെ ആദിവാസി, ദലിത്, ദരിദ്ര ജനവിഭാഗങ്ങൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നവയാണ്.

കഴിഞ്ഞ ദശാബ്ദത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ഇടം ക്രമാനുഗതമായി ചുരുങ്ങിവരികയാണ്. ഇരുപതിനായിരത്തിലധികം സംഘടനകൾക്ക് തങ്ങളുടെ എഫ്.സി.ആർ.എ (FCRA) രജിസ്ട്രേഷൻ നഷ്ടപ്പെട്ടു. 2020-ലെ ഭേദഗതികൾ വലിയ സംഘടനകളിൽനിന്ന് താഴെത്തട്ടിലുള്ള ചെറിയ പങ്കാളികൾക്കു വിദേശഫണ്ട് കൈമാറുന്നത് നിരോധിക്കുകയും അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കു കർശനമായ പരിധി നിശ്ചയിക്കുകയും ചെയ്തു. ഇത് ഏറ്റവും പാവപ്പെട്ടവർക്കിടയിൽ പ്രവർത്തിക്കുന്ന ചെറിയ കമ്മ്യൂണിറ്റി അധിഷ്ഠിത ഗ്രൂപ്പുകളെയാണ് സാരമായി ബാധിച്ചത്. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്ട്രേഷൻ പുതുക്കുന്നതുപോലും 2021 ക്രിസ്മസ് കാലത്ത് താത്കാലികമായി നിഷേധിക്കപ്പെട്ടു. ഇപ്പോൾ ഒരു ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള 2026-ലെ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ, ഒരു സംഘടനയുടെ രജിസ്ട്രേഷൻ അവസാനിക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ വിദേശഫണ്ടുകൾ ഉപയോഗിച്ചുനിർമിച്ച സ്കൂളുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്വത്തുക്കൾ ഏറ്റെടുക്കാനും കൈകാര്യംചെയ്യാനും വിനിയോഗിക്കാനും നിയുക്ത സർക്കാർ അതോറിറ്റിയെ അനുവദിക്കുന്നതാണ്. ഇതു ചെറിയ നിയന്ത്രണത്തിൽനിന്ന് സമ്പൂർണ നിയന്ത്രണത്തിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ഇതിന്റെ അനന്തരഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് താഴെത്തട്ടിലുള്ളവരാണ്. ഒരു ആദിവാസി ആരോഗ്യ പരിപാടി നിർത്തുമ്പോൾ, കാടിനുള്ളിലെ ഗ്രാമത്തിൽ ഗർഭകാലപരിചരണം നിഷേധിക്കപ്പെടുന്നത് ഒരു ആദിവാസി അമ്മയ്ക്കാണ്. ഒരു നിയമസഹായ സ്ഥാപനം അടച്ചുപൂട്ടുമ്പോൾ, തങ്ങളുടെ ഭൂമിക്കും വനാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സഹായം നഷ്ടപ്പെടുന്നത് ഒരു ദലിത് കുടുംബത്തിനാണ്. ഒരു ഹോസ്റ്റലിനോ സ്കൂളിനോ ഫണ്ട് നഷ്ടപ്പെടുമ്പോൾ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നത് ആ കുടുംബത്തിലെ ആദ്യ തലമുറയിലെ വിദ്യാർഥിക്കാണ്. നിയമം വാഗ്ദാനംചെയ്യുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ജനങ്ങളെ സഹായിക്കുന്ന അവകാശാധിഷ്ഠിത പ്രവർത്തനങ്ങളെയും പ്രത്യേകം ലക്ഷ്യമിടുന്നുണ്ട്. കാരണം, അത് അധികാരമുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്നു. ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ തന്റെ ജീവിതം ചെലവഴിച്ച എൺപത്തിനാലുകാരനായ ഈശോസഭാ വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ 2021-ലെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മരണം, പാർശ്വവൽക്കരിക്കപ്പെട്ടവരെ സേവിക്കുന്നവർക്കുനേരേ സംശയത്തിന്റെ നിഴൽ എങ്ങനെ വീഴുന്നു എന്നതിന്റെ വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലായി തുടരുന്നു.

വിദേശഫണ്ടുകൾക്ക് കൃത്യമായ കണക്കുകൾ വേണമെന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതും അക്രമങ്ങൾക്ക് ധനസഹായം നൽകുന്നതു തടയണമെന്നതിലും ആർക്കും തർക്കമില്ല. എന്നാൽ, നിയന്ത്രണങ്ങൾ ആനുപാതികമായിരിക്കണം; അതു തെറ്റായ പ്രവർത്തനങ്ങളെയും സേവനങ്ങളെയും തമ്മിൽ വേർതിരിച്ചറിയുന്നതാകണം. ജോയിന്റ് പാർലമെന്ററി കമ്മിറ്റി സ്വത്തുക്കൾ സർക്കാരിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണം. സുതാര്യമായ ഓഡിറ്റിങ്ങിലൂടെ ചെറിയ പങ്കാളികളെ പിന്തുണയ്ക്കാൻ അംഗീകൃത സംഘടനകൾക്കു അവസരം നൽകണം. കൂടാതെ, രജിസ്ട്രേഷൻ പുതുക്കുന്നതിൽ സമയബന്ധിതമായ തീരുമാനങ്ങളും സ്വതന്ത്രമായ അപ്പീൽ സംവിധാനവും കൊണ്ടുവരണം. ആത്മവിശ്വാസമുള്ള ഒരു രാജ്യം ആ രാജ്യത്തെ ഏറ്റവും ദരിദ്രരായ പൗരന്മാർക്കു മറ്റുള്ളവർ നൽകുന്ന സഹായങ്ങളെ ഭയപ്പെടുന്നില്ല. മറിച്ച് ആ ഔദാര്യം അവരിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ചെയ്യുന്നത്.

ഇന്ത്യയിൽ ജനാധിപത്യ ഇടങ്ങൾ ചുരുങ്ങിവരുന്നതിനെ അന്താരാഷ്ട്ര സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്? “ജനാധിപത്യത്തിന്റെ മാതാവ്”  എന്ന ഇന്ത്യയുടെ ഔദ്യോഗിക അവകാശവാദം ലോകത്തിനുമുന്നിൽ എത്രത്തോളം വിശ്വാസ്യയോഗ്യമാണ്? ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങളും തമ്മിലുള്ള വിടവ് വർധിച്ചുവരികയാണോ?

കഴിഞ്ഞവർഷം പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ ഒരു സർവകക്ഷി പാർലമെന്ററി പ്രതിനിധി സംഘത്തെ വിദേശത്തേക്കു നയിച്ചത് ഞാനാണ്. തികഞ്ഞ ബോധ്യത്തോടെയാണ് ഞാൻ അതു ചെയ്തത്. കാരണം, ആ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തായിരുന്നു ന്യായം. വിദേശത്ത് ഞാൻ എപ്പോഴും ഇന്ത്യയെ പ്രതിരോധിക്കും. എന്നാൽ, പ്രതിരോധം ആവശ്യമില്ലാത്തവിധം കരുത്തുള്ള  ആഭ്യന്തര ജനാധിപത്യമാണ് ഏറ്റവും വിശ്വാസയോഗ്യമായ പ്രതിരോധമെന്നൂ  ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്രസമൂഹം ഇന്ത്യയെ ആരാധനയോടും ഒപ്പം വർധിച്ചുവരുന്ന ആശങ്കളോടെയുമാണ് നോക്കിക്കാണുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്നതരത്തിലുള്ള നമ്മുടെ തിരഞ്ഞെടുപ്പുകൾ ഇപ്പോഴും യഥാർഥ മത്സരങ്ങൾതന്നെയാണ്. സംസ്ഥാനങ്ങളിൽ ഭരണമാറ്റങ്ങൾ തുടരുന്നുമുണ്ട്. എന്നാൽ,  അന്താരാഷ്ട്ര നിരീക്ഷകർ സമീപകാലങ്ങളിൽ ഇന്ത്യയുടെ റാങ്ക് താഴ്ത്തിയിട്ടുണ്ട്: വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന ഒരു സൂചിക നമ്മെ “തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം” (electoral autocracy) ആയി തരംതിരിച്ചപ്പോൾ, മറ്റൊന്ന് “ഭാഗികമായി മാത്രം സ്വതന്ത്രം” (partly free) എന്നാണു വിശേഷിപ്പിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇപ്പോഴത്തെ നമ്മുടെ സ്ഥാനം,  മഹത്തായ പാരമ്പര്യങ്ങളുള്ള ഈ രാജ്യത്തെ ലജ്ജിപ്പിക്കേണ്ട നിലയിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. കൂടാതെ, ഇന്റർനെറ്റ് റദ്ദാക്കുന്ന കാര്യത്തിലും നാം മുന്നിലാണ്. വിദേശസർക്കാരുകൾ പലപ്പോഴും  മര്യാദകൊണ്ടോ വാണിജ്യതാത്പര്യങ്ങൾകൊണ്ടോ പരസ്യമായി ഇതിനെക്കുറിച്ച് സംസാരിക്കാറില്ല. എന്നാൽ, സ്വകാര്യ സംഭാഷണങ്ങളിൽ അവരുടെ ചോദ്യങ്ങൾ കൂടുതൽ മൂർച്ചയുള്ളതാകുന്നു.

ഇന്ത്യ “ജനാധിപത്യത്തിന്റെ മാതാവാണ്” എന്ന അവകാശവാദത്തിന് ചരിത്രപരമായ അടിസ്ഥാനമില്ലാതില്ല. പ്രാചീന ഇന്ത്യയിലെ കൂടിയാലോചനാസഭകൾ, വൈശാലിയിലെ റിപ്പബ്ലിക്കുകൾ, ബുദ്ധമതസംഘങ്ങളിലെ സംവാദ പാരമ്പര്യങ്ങൾ, മറ്റു മതങ്ങളെ ബഹുമാനിക്കാൻ ആഹ്വാനംചെയ്ത അശോകന്റെ ശാസനകൾ എന്നിവയെല്ലാം നമ്മുടെ യഥാർഥ പൈതൃകത്തിന്റെ ഭാഗമാണ്. എന്നാൽ, ഒരു മാതാവ് വിലയിരുത്തപ്പെടുന്നത് അവരുടെ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല; അവർ ഇന്നു തന്റെ മക്കളെ എങ്ങനെ വളർത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിക്കൂടിയാണ്. ചരിത്രപരമായ അവകാശവാദങ്ങൾക്കു നിലവിലെ പ്രവൃത്തികൾക്കു പകരമാകാനാകില്ല. പ്രതിഷേധിക്കുന്ന ആയിരക്കണക്കിനു യുവാക്കളെ തടവിലാക്കുമ്പോഴും, പത്രപ്രവർത്തകർക്കെതിരെ തീവ്രവാദകുറ്റങ്ങൾ ചുമത്തുമ്പോഴും, പ്രതിപക്ഷനേതാക്കളുടെ വാതിൽക്കൽ അന്വേഷണ ഏജൻസികൾ എത്തുമ്പോഴും, ഈ മുദ്രാവാക്യം കേൾക്കുന്നവർക്ക് അതൊരു പൊള്ളയായ വാക്കായി മാത്രമേ തോന്നൂ. അതുകൊണ്ടാണ് സ്വീഡനിലെ പ്രശസ്തമായ വി-ഡെം (V-Dem) ഇൻസ്റ്റിറ്റ്യൂട്ട് നമ്മെ ഒരു “തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യമായി” തരംതാഴ്ത്തിയത്.

നമ്മുടെ ആഗോള പ്രതിച്ഛായയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ യാഥാർഥ്യമാണ്. ഇന്ത്യയുടെ സോഫ്റ്റ് പവർ, ഗ്ലോബൽ സൗത്തിനുവേണ്ടി സംസാരിക്കാനുള്ള നമ്മുടെ ധാർമിക അവകാശം, സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള നമ്മുടെ അവകാശവാദം, മറ്റു ജനാധിപത്യരാജ്യങ്ങൾക്ക് ഒരു പങ്കാളിയെന്ന നിലയിലുള്ള നമ്മുടെ ആകർഷണീയത—ഇവയെല്ലാം പ്രധാനമായും നമ്മുടെ ജനാധിപത്യമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വേച്ഛാധിപത്യരാജ്യങ്ങൾ ശക്തരായേക്കാം; എന്നാൽ, അവയൊരിക്കലും പ്രശംസിക്കപ്പെടാറില്ല. ഇന്ത്യയുടെ പ്രത്യേകത അത് ഒരേസമയം വിശാലവും വൈവിധ്യപൂർണവും വികസിച്ചുകൊണ്ടിരിക്കുന്നതും ജനാധിപത്യപരവുമാണ് എന്നതാണ്. ആ കഥയാണ് ലോകം വിസ്മയത്തോടെ കണ്ടത്. നാം അത് നശിപ്പിക്കരുത്.

ഇന്ത്യൻ മാധ്യമങ്ങളുടെ നിലവിലെ അവസ്ഥയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? കോർപറേറ്റ് ഉടമസ്ഥത, രാഷ്ട്രീയ സമ്മർദം, സ്വയം സെൻസർഷിപ്പ്, ഭയം എന്നിവ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെയും അധികാരത്തിലിരിക്കുന്നവരെ ചോദ്യംചെയ്യാനുള്ള  കഴിവിനെയും ഇല്ലാതാക്കുന്നുണ്ടോ? ജനാധിപത്യത്തിന്റെ സ്വതന്ത്രമായ ഒരു നെടുംതൂൺ എന്ന നിലയിൽ മാധ്യമങ്ങളുടെ പങ്ക് പുനഃസ്ഥാപിക്കാൻ എന്തു മാറ്റമാണ് സംഭവിക്കേണ്ടത്?

ഇന്ന് ഇന്ത്യൻ പത്രപ്രവർത്തനം ഒരു വിരോധാഭാസമാണ്. ലോകത്തിലെതന്നെ ഏറ്റവും ധീരരായ ചില റിപ്പോർട്ടർമാരും, സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളുടെയും ഫാക്ട് ചെക്കർമാരുടെയും സജീവമായ ഒരു ആവാസവ്യവസ്ഥയും വാർത്തകളെ ഇപ്പോഴും വിലമതിക്കുന്ന ഒരു ജനതയും നമുക്കുണ്ട്. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളുടെ വലിയൊരു ഭാഗം, പ്രത്യേകിച്ച് ടെലിവിഷൻ, സമൂഹത്തിലെ കാവൽനായ്ക്കൾ എന്ന അവരുടെ പദവി ഉപേക്ഷിച്ച് സ്തുതിപാഠകരായി മാറിയിരിക്കുന്നു. ഡൽഹിയിലെ തെരുവുകളിൽ യുവ പ്രതിഷേധക്കാർ തങ്ങൾ “ഗോദി മീഡിയ” എന്നു വിളിക്കുന്നവർക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ, അവർ പ്രകടിപ്പിക്കുന്നത് രാജ്യത്തെ ഓരോ എഡിറ്ററെയും ആശങ്കപ്പെടുത്തേണ്ട ഒരു വിശ്വാസത്തകർച്ചയാണ്.

ഇതിന്റെ കാരണങ്ങൾ പലതാണ്. അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സർക്കാരിനു താത്പര്യമുളള വലിയ ബിസിനസ്സ് ഗ്രൂപ്പുകളുടെ കൈകളിലേക്ക് ഉടമസ്ഥത കൂടുതൽക്കൂടുതൽ ഒതുങ്ങുന്നു. ഒരു പത്രം അല്ലെങ്കിൽ ചാനൽ എന്നത് ബഹുമാനിക്കേണ്ട ഒരു പൊതുസ്ഥാപനം എന്നതിലുപരി സംരക്ഷിക്കപ്പെടേണ്ട മറ്റൊരു സ്വത്തായി മാറുന്നു. പല പ്രസിദ്ധീകരണങ്ങളുടെയും ജീവരക്തമായ സർക്കാർ പരസ്യങ്ങൾ യഥേഷ്ടം നൽകാനോ തടഞ്ഞുവയ്ക്കാനോ കഴിയും. ഭീഷണികളും വാഗ്ദാനങ്ങളും ഒരുപോലെ പ്രകടമാണ്: റിപ്പോർട്ടിങ്ങിന്റെ പേരിൽ പത്രപ്രവർത്തകർക്കെതിരെയുള്ള നികുതി റെയ്ഡുകൾ, മാനനഷ്ടക്കേസുകൾ, തീവ്രവാദ വിരുദ്ധ നിയമപ്രകാരമുള്ള കേസുകൾ എന്നിവ അതിനുദാഹരണമാണ്. ഇന്റർനെറ്റ് റദ്ദാക്കലുകളും ബ്ലോക്കിങ് ഓർഡറുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ നിശ്ശബ്ദമാക്കുന്നു. ഇതെല്ലാം നേരിടേണ്ടി വരുമ്പോൾ, എന്തു പറയരുതെന്നു പല പത്രപ്രവർത്തകർക്കും എഡിറ്റർമാർക്കും ഇനി പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല; സ്വയം സെൻസർഷിപ്പ് അതു നിശ്ശബ്ദമായി ചെയ്തുകൊള്ളും. റേറ്റിങ്ങിനുവേണ്ടിയുള്ള മാധ്യമങ്ങളുടെ പരക്കംപാച്ചിൽ സെൻസേഷണലിസത്തിലൂടെയും സ്റ്റുഡിയോകളിലെ ബഹളങ്ങളിലൂടെയും അവരുടെ വിശ്വാസ്യതയെ അകത്തുനിന്നുതന്നെ കാർന്നുതിന്നുന്നു എന്ന സത്യം നാം അംഗീകരിച്ചേ മതിയാകൂ.

എന്താണ് മാറേണ്ടത്? ഒന്നാമതായി, ഉടമസ്ഥതയിലെ സുതാര്യത: തങ്ങൾ വായിക്കുകയും കാണുകയും ചെയ്യുന്നതിന്റെ ഉടമസ്ഥർ ആരാണെന്നറിയാൻ പൊതുജനങ്ങൾക്കവകാശമുണ്ട്. ഒരു ദശാബ്ദംമുമ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ശുപാർശ ചെയ്തതുപോലെ, വിവിധ മാധ്യമങ്ങൾ ഒരേ ഉടമയുടെ കീഴിലാകുന്നതിനു ന്യായമായ പരിധികൾ ഏർപ്പെടുത്തണം. രണ്ടാമതായി, സർക്കാർ പരസ്യങ്ങൾ നൽകുന്നത് സ്വതന്ത്രമായി ഓഡിറ്റ് ചെയ്യപ്പെടുന്ന സുതാര്യവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. മൂന്നാമതായി, ക്രിമിനൽ നിയമങ്ങളുടെ ദുരുപയോഗത്തിൽനിന്ന് പത്രപ്രവർത്തകരെ സംരക്ഷിക്കണം; റിപ്പോർട്ടിങ് ഒരിക്കലും തീവ്രവാദമായി കണക്കാക്കരുത്, ഭയപ്പെടുത്താൻ വേണ്ടി മാത്രമുള്ള കേസുകൾ പ്രാഥമിക ഘട്ടത്തിൽത്തന്നെ തള്ളിക്കളയണം. നാലാമതായി, 2024-ൽ സർക്കാരിന്റെ നിർദിഷ്ട ഫാക്ട്-ചെക്ക് യൂണിറ്റ് ബോംബെ ഹൈക്കോടതി റദ്ദാക്കിയതുപോലെ, നമ്മുടെ കോടതികൾ വഴി കാണിച്ചുതന്നിട്ടുണ്ട്. ഭരണകൂടത്തിന് തങ്ങളെക്കുറിച്ചുള്ള സത്യത്തിന്റെ വിധികർത്താവാകാൻ കഴിയില്ല എന്ന തത്ത്വമായിരിക്കണം എല്ലാ നിയന്ത്രണങ്ങളെയും നയിക്കേണ്ടത്. അഞ്ചാമതായി, പബ്ലിക് ബ്രോഡ്കാസ്റ്റർ യഥാർഥത്തിൽ സ്വയംഭരണാധികാരമുള്ളതാകണം. അവസാനമായി, പൗരന്മാർക്കും ഇതിൽ ഒരു പങ്കുണ്ട്: സ്വതന്ത്ര പത്രപ്രവർത്തനത്തിനു പണം ആവശ്യമാണ്, അതിനെ വിലമതിക്കുന്നവർ അതിനു പണം നൽകാൻ തയ്യാറാകണം.

നല്ല കാലത്ത് താങ്ങാനും ബുദ്ധിമുട്ടുള്ള കാലത്ത് ഉപേക്ഷിക്കാനും കഴിയുന്ന ഒരു ആർഭാടമല്ല ഒരു ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമങ്ങൾ. തങ്ങളുടെ പേരിൽ എന്താണ് നടക്കുന്നതെന്നു പൗരന്മാർ അറിയുന്നത് അതിലൂടെയാണ്. അധികാരത്തെ മാത്രം വാഴ്ത്തുന്ന ഒരു മാധ്യമത്തിന് ഒരിക്കലും അതിനെ ചോദ്യം ചെയ്യാനാകില്ല.

രാജ്യങ്ങൾക്കിടയിൽ ആഗോള സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ സുപ്രധാന പങ്ക് വഹിച്ചു. കേന്ദ്രിത അധികാരത്തിനു പകരം സംഭാഷണം, പങ്കാളിത്തം, സഹ ഉത്തരവാദിത്വം എന്നിവയിലൂടെ ഒരുമിച്ചു മുന്നേറുക എന്ന ആശയമായ സിനഡാലിറ്റിക്കുവേണ്ടി (synodality) അദ്ദേഹം നിലകൊണ്ടു. ഈ സമീപനം സഭയ്ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള ജനാധിപത്യസംവിധാനങ്ങൾക്കും പ്രസക്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ കാഴ്ചപ്പാടിനെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഇന്ത്യയിലും ആഗോളതലത്തിലും ജനാധിപത്യത്തെ കൂടുതൽ പങ്കാളിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സംവാദപരവുമാക്കാൻ സിനഡാലിറ്റിക്കു കഴിയുമോ?

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ധാർമിക ശബ്ദങ്ങളിലൊന്നായിരുന്നു, ഫ്രാൻസിസ് മാർപാപ്പയുടേത്. മതിലുകൾ പണിയാൻ വെമ്പൽകൊള്ളുന്ന ഒരു ലോകത്ത് അദ്ദേഹം പാലങ്ങളെക്കുറിച്ചു സംസാരിച്ചു; ധ്രുവീകരണത്തിന്റെ കാലത്ത് അദ്ദേഹം ഒത്തുചേരലുകൾക്കും സംവാദങ്ങൾക്കും ഊന്നൽനൽകി. ഒരുമിച്ചു യാത്രചെയ്യുന്ന, തീരുമാനമെടുക്കുന്നതിനുമുൻപ് മറ്റുള്ളവരെ കേൾക്കുന്ന, ഓരോ അംഗത്തിനും ഉത്തരവാദിത്വത്തിൽ പങ്കുനൽകുന്ന അദ്ദേഹത്തിന്റെ സിനഡാലിറ്റി എന്ന ആശയം സഭയ്ക്കു മാത്രമല്ല, സമൂഹങ്ങൾ എങ്ങനെ ഭരിക്കപ്പെടണം എന്നു ഗൗരവമായി ചിന്തിക്കുന്ന ഏതൊരാൾക്കും നൽകിയ മഹത്തായ സംഭാവനയാണ്. സഭാജീവിതത്തിന്റെ കേന്ദ്രത്തിൽ സിനഡാലിറ്റിയെ നിലനിറുത്താൻ ലിയോ പതിനാലാമൻ മാർപാപ്പയും ശ്രദ്ധിക്കുന്നത്  സന്തോഷകരമാണ്.

സമകാലിക ജനാധിപത്യത്തിന്റെ അസ്വസ്ഥതകളോടാണ് സിനഡാലിറ്റി നേരിട്ടു സംസാരിക്കുന്നത്. നമ്മുടേതുൾപ്പെടെയുള്ള പല ജനാധിപത്യരാജ്യങ്ങളിലും, അഞ്ചു വർഷത്തിലൊരിക്കൽ വോട്ടുരേഖപ്പെടുത്തുകയും തങ്ങൾക്കുമേൽ തീരുമാനങ്ങൾ എടുക്കപ്പെടുമ്പോൾ നിശ്ശബ്ദരായിരിക്കാൻ പൗരന്മാർ നിർബന്ധിതരാകുകയും ചെയ്യുന്ന ഒരു ആനുകാലിക ചടങ്ങായി ഇതു ചുരുങ്ങിയിരിക്കുന്നു. ഏറ്റവും മികച്ച ജനാധിപത്യമെന്നതു കേവലം ആളുകളുടെ എണ്ണമെടുക്കലല്ല; അതു തുല്യർ തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ്. അവിടെ അധികാരമുള്ളവർ സംസാരിക്കുന്നതുപോലെത്തന്നെ മറ്റുള്ളവരെ കേൾക്കുകയും ചെയ്യുന്നു. അതാണ് സിനഡാലിറ്റിയുടെ സാരാംശം: ഒരുമിച്ചു നടക്കുക, ഒരുമിച്ചു മനസ്സിലാക്കുക, നാം എത്തിച്ചേരുന്ന ഇടത്തിന്റെ ഉത്തരവാദിത്വം ഒരുമിച്ച് ഏറ്റെടുക്കുക.

ഇന്ത്യയുടെ സ്വന്തം പാരമ്പര്യങ്ങളിലും ഇതിനു സമാനമായ സമ്പന്നമായ ആശയങ്ങളുണ്ട്. ബുദ്ധമതസംഘങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതു സമ്മേളനങ്ങളിലൂടെയും ചർച്ചകളിലൂടെയുമായിരുന്നു. ഏറ്റവും താഴെത്തട്ടിലുള്ള പൗരന്മാർക്കും ശബ്ദമുള്ള ഗ്രാമസ്വരാജ്യങ്ങളാണ് ഗാന്ധിജി സ്വപ്നം കണ്ടത്. ഭരണഘടനാപരമായ ധാർമ്മികതയ്ക്കും, വിയോജിപ്പുകളുണ്ടാകുമ്പോഴും എതിരാളികളെയും നടപടിക്രമങ്ങളെയും ബഹുമാനിക്കുന്ന ശീലത്തിനും ഡോ. അംബേദ്കർ ഊന്നൽ നൽകി. 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമത്തിലെ എല്ലാ മുതിർന്ന പൗരന്മാർക്കും പങ്കെടുക്കാവുന്ന ഗ്രാമസഭകൾ രൂപവത്കരിച്ചു. 1996-ൽ കേരളത്തിൽ നടന്ന ജനകീയാസൂത്രണ പദ്ധതി, പ്രാദേശിക വികസനത്തിന്റെ മുൻഗണനകൾ നിശ്ചയിക്കുന്നതിൽ സാധാരണ പൗരന്മാർക്ക് എങ്ങനെ പങ്കാളികളാകാമെന്നു തെളിയിച്ചു. ഇവയെല്ലാം സിനഡാലിറ്റിയുടെ സഹജവാസനകളാണ്, അവ പുനരുജ്ജീവിപ്പിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും വേണം.

പ്രായോഗികതലത്തിൽ, ഇന്ത്യയിൽ കൂടുതൽ സിനഡലായ ഒരു ജനാധിപത്യം എന്നതുകൊണ്ട് അർഥമാക്കുന്നതു നിയമനിർമാണത്തിനു മുൻപുള്ള യഥാർഥ കൂടിയാലോചനകളാണ്. നമ്മുടെ 2014-ലെ നയം ഇതു ആവശ്യപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും അത് അവഗണിക്കപ്പെടുകയാണ്. പൊതുജനങ്ങളിൽനിന്നു പരസ്യമായി തെളിവെടുക്കുന്ന പാർലമെന്ററി കമ്മിറ്റികൾ; ഫണ്ടുകളും അധികാരങ്ങളും ഉദ്യോഗസ്ഥരുമുള്ള പ്രാദേശിക ഭരണസമിതികൾ; നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും ജനപങ്കാളിത്തത്തോടെയുള്ള ബജറ്റ് തയ്യാറാക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഗോളതലത്തിൽ, ബഹുരാഷ്ട്ര സഹകരണത്തിനുതന്നെ സിനഡാലിറ്റി ഒരു മാതൃക നൽകുന്നു: കുറച്ചു ശക്തികൾ എല്ലാവർക്കുംവേണ്ടി തീരുമാനമെടുക്കുന്നതിനുപകരം, കരുത്തരോടൊപ്പം ഏറ്റവും ദുർബലരായവരെയും കേട്ടുകൊണ്ടു രാഷ്ട്രങ്ങൾ ഒരുമിച്ചു നടക്കുക.

എന്നാൽ, ഒരു മുന്നറിയിപ്പ് അത്യാവശ്യമാണ്. സിനഡാലിറ്റി എന്നത് ഏകാഭിപ്രായമല്ല; കേൾക്കുക എന്നത് തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടവുമല്ല. സംഭാഷണം വിവേചനബുദ്ധിയിലേക്കും, വിവേകം പ്രവർത്തനത്തിലേക്കും നയിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പതന്നെ മനസ്സിലാക്കിയിരുന്നു. അതുപോലെ ഒരോ ജനാധിപത്യവും തീരുമാനമെടുക്കാൻ പ്രാപ്തമായിരിക്കണം. എന്നാൽ, ന്യൂനപക്ഷങ്ങളെ ബഹുമാനിച്ചുകൊണ്ടും സംഭാഷണങ്ങൾക്കുള്ള വാതിലുകൾ തുറന്നിട്ടുകൊണ്ടും ഇന്നത്തെ പരാജിതർക്ക് നാളത്തെ പങ്കാളികളാകാൻ അവസരം നൽകിക്കൊണ്ടും വേണം ആ തീരുമാനമെടുക്കാൻ. ആത്യന്തികമായി അതു സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത തേടലാണ്. സമാധാനം എന്നതു കേവലം യുദ്ധത്തിന്റെ അഭാവമല്ല; ആരും കേൾക്കപ്പെടാതെ പോകുന്നില്ല എന്ന് ഉറപ്പാക്കുന്ന സംഭാഷണങ്ങളുടെ സാന്നിധ്യമാണത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

ചെറുവയൽ രാമൻ: കാർഷികസംസ്കാരത്തിന്റെ കാവലാൾ – ബിജു ജോർജ്

പച്ചപ്പിന്റെ ഓർമകളിൽ പദ്മശ്രീ ജേതാവും ഗോത്രകർഷകനുമായ ചെറുവയൽ രാമന്റെ വിയോഗം കേരളത്തിലെ കാർഷികമേഖലയ്ക്ക്...

ജനാധിപത്യം അപരിചിതമായവർ – എം.വി. ബെന്നി

ജനാധിപത്യമെന്നത് കേവലമൊരു ഭരണകൂടയന്ത്രമല്ല; അതൊരു നിരന്തരമായ നൈതികജാഗ്രതയാണ്. തെരുവുകളിൽ അലയടിക്കുന്ന അരാജകപ്രവണതകൾക്കും...

സത്യം ഓട്ടമത്സരത്തിൽ രണ്ടാമതായിരിക്കുന്നു – ഡോ. ടി. കെ. സന്തോഷ്കുമാർ

അച്ചടിയുടെ സുവർണകാലത്ത് വാക്കിന്റെ സത്യവും ധാർമ്മികതയും കാത്തുസൂക്ഷിച്ചിരുന്ന പത്രാധിപർ എന്ന കാവൽക്കാരൻ...

ചെറുതാണ് സുന്ദരം – കെ.എൻ. ഷാജി.

അധികാരത്തോടും സാമ്പ്രദായികതയോടുമുള്ള നിരന്തരകലഹത്തിലൂടെ മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ച സാംസ്കാരിക ഇടങ്ങളായിരുന്നു ചെറുമാസികകൾ....