ജനാധിപത്യം അപരിചിതമായവർ – എം.വി. ബെന്നി

Date:

ജനാധിപത്യമെന്നത് കേവലമൊരു ഭരണകൂടയന്ത്രമല്ല; അതൊരു നിരന്തരമായ നൈതികജാഗ്രതയാണ്. തെരുവുകളിൽ അലയടിക്കുന്ന അരാജകപ്രവണതകൾക്കും ഭരണഘടനാസ്ഥാപനങ്ങളുടെ നിശ്ശബ്ദതയ്ക്കുമിടയിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ച് ചേറ്റൂർ ശങ്കരൻ നായർ അന്നു പങ്കുവച്ച സന്ദേഹങ്ങൾ ഇന്ന് ഭയപ്പെടുത്തുംവിധം യാഥാർഥ്യമാകുന്നു. അധികാരവും ആൾക്കൂട്ടവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുകയും പൗരബോധം വെറും വോട്ടവകാശമായി ചുരുങ്ങുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉള്ളറകളെ വിമർശനാത്മകമായി സമീപിക്കുന്ന ലേഖനം.

ജനാധിപത്യത്തിനുവേണ്ടി കണ്ഠക്ഷോഭം ചെയ്യാത്ത ആരെങ്കിലും ഇന്ത്യയിലുണ്ടാകുമോ എന്നു സംശയമാണ്. കടുത്ത ജനാധിപത്യവിരുദ്ധരായി ജീവിക്കുന്നവർപോലും ഇന്ത്യയിൽ ജനാധിപത്യവാദികളായി അഭിനയിക്കും. ജനാധിപത്യമെന്നത് അത്തരക്കാർക്ക് ഒരു പ്രസംഗവിഷയം മാത്രമാണ്; വീടിനകത്തും പുറത്തും ഒരുപോലെ അനുവർത്തിക്കേണ്ട മഹനീയമായൊരാദർശമാണതെന്ന ധാരണ പലർക്കുമില്ല. ജനാധിപത്യത്തിന്റെ ഉൽപ്പത്തിയും വികാസപരിണാമങ്ങളും പരിശോധിച്ചാൽ, ഇപ്പോഴും ലോകത്തിന്റെ പല കോണുകളിലും അതു നമ്മളാഗ്രഹിക്കുന്ന അളവിൽ ചെന്നെത്തിയിട്ടില്ല എന്നു മനസ്സിലാകും.

മതങ്ങൾ ലോകാധിപത്യം സ്ഥാപിച്ച പഴയ നൂറ്റാണ്ടുകളിൽ, ദർശനവൈവിധ്യംകൊണ്ടും പിന്തുടരുന്നവരുടെ ജനബാഹുല്യംകൊണ്ടും ജനാധിപത്യം ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വികസിക്കേണ്ടതായിരുന്നു. ഇപ്പോഴും നമ്മുടെ ജനാധിപത്യപാരമ്പര്യത്തിൽ അഭിമാനംകൊള്ളുന്ന പലരുമുണ്ട്. പക്ഷേ, അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ ജാതിവ്യവസ്ഥ നിഷ്പക്ഷബുദ്ധികൾക്കുമുന്നിൽ നമ്മുടെ അവകാശവാദങ്ങളുടെ മുനയൊടിക്കും. ഇന്ത്യക്കു പുറത്തുള്ള ജനതകൾക്ക് യാതൊരു തരത്തിലുമുള്ള വിവേചനങ്ങളും ഉണ്ടായിരുന്നില്ല എന്നല്ല ഇതിനർഥം; പക്ഷേ, അതൊന്നും ഇത്രമാത്രം വിനാശകരമായിരുന്നില്ല. മറ്റു ഭൂഖണ്ഡങ്ങളിലെ മതങ്ങൾക്ക് ദർശനപരമായ ഏകപക്ഷീയത ഉണ്ടായിരുന്നെങ്കിലും അവരുടെ അതിവിപുലമായ ലോകസഞ്ചാരങ്ങളും കനത്ത വാണിജ്യതാത്പര്യങ്ങളും മതപ്രചാരണമെന്ന മോഹവും ജനാധിപത്യം പിന്തുടരാൻ അവരെ നിർബന്ധിതരാക്കി. കടൽ കടക്കുന്നതുപോലും വിലക്കപ്പെട്ട ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ ലോകസഞ്ചാരങ്ങൾ പരിമിതമായിരുന്നു. ജനാധിപത്യം ഉൾക്കൊള്ളാൻ യൂറോപ്യന്മാരെ നിർബന്ധിതമാക്കിയ ലോകസാഹചര്യം അതൊക്കെയാണ്.

എങ്കിലും അടിമരാജ്യങ്ങളിലെ പ്രജകൾ യൂറോപ്യന്മാർക്ക് അടിയാളരും യൂറോപ്യന്മാർ അവർക്ക് മേലാളരുമായിരുന്നു. എന്നാൽ, അടിമകൾ എല്ലാക്കാലത്തും അടിമകളായി തുടരില്ല എന്നതാണ് ലോകചരിത്രം. അവരുടെ ചെറുത്തുനിൽപ്പുകൾ സാവകാശം രൂപപ്പെടുകയും ഒടുവിൽ അവർ സ്വതന്ത്രരാകുകയും ചെയ്യും. അതാണ് എല്ലാ സ്വാതന്ത്ര്യസമരങ്ങളുടെയും കഥ. പ്രാപ്തനായ ഒരു നേതാവ് ഉയർന്നുവരുംവരെ സമരം വൈകിയേക്കാമെന്നുമാത്രം. ഗാന്ധിജി രംഗത്തുവരുന്നതിനുമുമ്പും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടായിരുന്നു. എങ്കിലും, അദ്ദേഹമാണ് കോൺഗ്രസിനെ കരുത്തുറ്റ ഒരു സമരസംഘടനയായി പരിവർത്തിപ്പിച്ചത്. ജാതിഭേദങ്ങളും പ്രാദേശികഭേദങ്ങളുമുള്ള ഇന്ത്യക്കാരെ ഒരു സംഘടനയായി കൂട്ടിയിണക്കുന്നത് ഇന്നും ഒട്ടും എളുപ്പമുള്ള കാര്യമല്ല; അപ്പോൾ, അന്നത്തെ ഇന്ത്യൻ അവസ്ഥ ഊഹിക്കാമല്ലോ. ഇതുമായി ബന്ധപ്പെട്ട ധാരാളം ചരിത്രരേഖകൾ നമുക്കുമുന്നിലുണ്ട്. അതിൽ ചെറിയൊരു കഥാപാത്രമല്ല ചേറ്റൂർ ശങ്കരൻ നായർ. രണ്ട് ചേറ്റൂർ ശങ്കരൻ നായന്മാർ നമ്മുടെ ചരിത്രത്തിലുണ്ട്. ഒരാൾ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ചേറ്റൂർ ശങ്കരൻ നായരാണ്. സൽപ്പേരോടുകൂടി അദ്ദേഹം സർവീസിൽനിന്ന് വിരമിച്ച് ശാന്തനായി ജീവിക്കുന്നു. എന്നാൽ, മറ്റൊരു ചേറ്റൂർ ശങ്കരൻ നായർ (സീനിയർ) ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം പിടിച്ചു. അദ്ദേഹമാണ് സ്വാതന്ത്ര്യസമരകാലത്തെ എ.ഐ.സി.സി. പ്രസിഡന്റ്. മലയാളിയായ ഏക എ.ഐ.സി.സി. പ്രസിഡന്റും അദ്ദേഹംതന്നെ. അതിനുമുമ്പോ ശേഷമോ ഒരു മലയാളി എ.ഐ.സി.സി. പ്രസിഡന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ടായിട്ടില്ല. ഇന്ത്യാചരിത്രത്തിലെ ഗംഭീരമായൊരു കഥാപാത്രമാണ് ചേറ്റൂർ. ഇപ്പോഴും ചരിത്രം പഠിക്കാനാഗ്രഹിക്കുന്നവർക്ക് അദ്ദേഹം ശ്രദ്ധേയനാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന് ‘സർ’ സ്ഥാനമുണ്ടായിരുന്നു. അദ്ദേഹം പ്രിവി കൗൺസിൽ അംഗവുമായിരുന്നു. ഇന്ത്യയിൽ സമുന്നതനായ അദ്ദേഹം വിദേശത്തും അറിയപ്പെട്ടിരുന്നു. നിയമകാര്യങ്ങളിൽ യുക്തിഭദ്രമായി തർക്കിച്ച് ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ കഴിവുള്ള ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ധീരതയെക്കുറിച്ച് എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. സുകുമാർ അഴീക്കോട് പറഞ്ഞ രസകരമായൊരു കഥ ഓർമവരുന്നു. യുക്തിഭദ്രമായ തർക്കങ്ങളിൽ അദ്ദേഹം ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ തുടങ്ങിയപ്പോൾ വൈസ്രോയി പറഞ്ഞു: “ഞങ്ങളുമായി സഹകരിച്ചുവേണം താങ്കൾ പ്രവർത്തിക്കാൻ. ഞങ്ങൾ പറയുന്ന കാര്യങ്ങൾ ശരിവയ്ക്കുന്ന രീതിയിലാവണം താങ്കളുടെ സംസാരം. അങ്ങനെയൊരാളെയാണ് പ്രിവി കൗൺസിലിൽ ഞങ്ങൾക്കുവേണ്ടത്. ലളിതമായി പറഞ്ഞാൽ, ഞങ്ങൾ പറയുന്നത് ശരിവയ്ക്കുന്നരീതിയിൽ വേണം താങ്കൾ സംസാരിക്കാൻ.”

പിറ്റേന്ന് രാവിലെ തന്റെ പാചകക്കാരനുമായാണ് ചേറ്റൂർ വൈസ്രോയിയുടെ വസതിയിൽ ചെന്നത്. എന്നിട്ടുപറഞ്ഞു: “പ്രിവി കൗൺസിലിൽ നിങ്ങൾക്കു പറ്റിയ ആൾ ഞാനല്ല, എന്റെ പാചകക്കാരനാണ്. ഞാൻ രാവിലെ എന്തു ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞാലും ഇയാൾ അതുണ്ടാക്കും. ഇഡ്ഡലി ഉണ്ടാക്കാൻ പറഞ്ഞാൽ ഇഡ്ഡലി ഉണ്ടാക്കും, ദോശയുണ്ടാക്കാൻ പറഞ്ഞാൽ ദോശയുണ്ടാക്കും. പറയുന്നത് അതേപടി ഇയാൾ അനുസരിക്കും. സ്വന്തം യുക്തി ഒരു കാര്യത്തിലും ഉപയോഗിക്കില്ല. അതുകൊണ്ട്, പ്രിവി കൗൺസിലിലേക്ക് ഞാനല്ല നിങ്ങൾക്കു പറ്റിയ ആൾ, എന്റെ പാചകക്കാരനാണ്.”

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുഖത്തുനോക്കിയാണ് അദ്ദേഹം അപ്രകാരം സംസാരിച്ചത്. ഇതുപോലെ നിരവധി സന്ദർഭങ്ങൾ ആ ജീവിതത്തിലുണ്ട്. കോൺഗ്രസ് പ്രതാപത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന കാലത്താണ് അദ്ദേഹം എ.ഐ.സി.സി. പ്രസിഡന്റായതെന്നു പറഞ്ഞുവല്ലോ.

എങ്കിലും, ഗാന്ധിജിയുമായി കലഹിച്ച് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് അദ്ദേഹം മാറുകയായിരുന്നു. ആ വിഷയത്തിൽ അദ്ദേഹം ഒരു പുസ്തകവുമെഴുതി—’ഗാന്ധിജിയും അരാജകത്വവും’ (Gandhi and Anarchy). അക്കാലത്ത് അതു നന്നായി വായിക്കപ്പെട്ടു. ഇന്നും ആ പുസ്തകം അന്വേഷിക്കുന്നവരുണ്ട്. ചേറ്റൂരിന്റെ വീക്ഷണത്തിൽ എല്ലാ പ്രതിഷേധങ്ങളും ഭരണകൂടത്തിന് പ്രശ്നമുണ്ടാക്കാനുള്ളവയാണ്. രാജ്യത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി അരാജകാവസ്ഥ സൃഷ്ടിക്കുക, ഒടുവിൽ ഭരണകൂടം മുന്നോട്ടുപോകാനാകാതെ അരാജകവാദികൾക്കുമുന്നിൽ കീഴടങ്ങുക—ഇതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അടിയുറച്ച ജനാധിപത്യവാദിയായതുകൊണ്ട് അതംഗീകരിക്കാൻ ചേറ്റൂരിന് കഴിഞ്ഞില്ല. സ്വാഭാവികമായും ഗാന്ധിജിയും ചേറ്റൂരും വഴിപിരിഞ്ഞു.

ഏകാധിപതികൾ ഭരിക്കുന്ന രാജ്യങ്ങളിലും സൈനികഭരണകൂടം നിലനിൽക്കുന്ന രാജ്യങ്ങളിലും ഇത്തരം സമരങ്ങൾക്ക് ന്യായീകരണമുണ്ട്; കാരണം, അവിടെ ജനാധിപത്യമില്ല. പക്ഷേ, ഒരു ജനാധിപത്യരാജ്യത്ത് അത്തരം ദീർഘകാലസമരങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ല. ഭരിക്കുന്നവർ കുഴപ്പക്കാരാണെങ്കിൽ പ്രശ്നപരിഹാരത്തിന് മറ്റു ഭരണഘടനാസ്ഥാപനങ്ങളുണ്ട്. നിങ്ങൾക്ക് അവയെ സമീപിക്കാം; അവയ്ക്ക് ഉണർന്നുപ്രവർത്തിക്കാനും സാധിക്കും. രാജ്യം തകർന്നുപോകാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കുമുണ്ട്. അവയെല്ലാം ഒരുമിച്ച് പ്രവർത്തനരഹിതമായാൽ മാത്രമേ അരാജകത്വത്തിന് ന്യായീകരണമുള്ളൂ.

അപ്പോൾ വിപ്ലവങ്ങളുടെ കാര്യമോ എന്നു ന്യായമായും സംശയം തോന്നാം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്തെ സ്വാധീനിച്ച രാഷ്ട്രീയമായ മൂന്ന് ആശയധാരകളാണ് ഫാസിസവും മാർക്സിസവും മുതലാളിത്തവും. എന്തൊക്കെ പരിമിതികളുണ്ടായിരുന്നെങ്കിലും അവയിൽ ജനാധിപത്യത്തെ കൂടെക്കൂട്ടാൻ പരിശ്രമിച്ചത് മുതലാളിത്തമാണ്. ജനാധിപത്യം വികസിക്കുന്നതിനനുസരിച്ച് വളരുന്ന വിപണികളെ വലിയൊരു സാധ്യതയായി അവർ കണ്ടു. നേരെമറിച്ച്, വംശീയമായ ഉന്മൂലനങ്ങൾ പകയോടെ നടപ്പാക്കിയ ഫാസിസ്റ്റുകൾക്കുമുന്നിൽ അങ്ങനെയൊരു സാധ്യത തുറന്നുകിട്ടിയതുമില്ല. മാർക്സിസമാകട്ടെ, മുതലാളിമാരൊഴികെയുള്ളവരെ അവരോട് ചേർത്തുനിറുത്താൻ പരിശ്രമിച്ചു. പക്ഷേ, ഇന്ത്യൻ മാർക്സിസ്റ്റുകളുടെ അവസ്ഥവച്ച് ആഗോളമാർക്സിസത്തെ വിലയിരുത്തരുത്. ഇന്ത്യയിൽ ഭരണഘടനയിലധിഷ്ഠിതമായ സംസ്ഥാനഭരണങ്ങൾ മാത്രമാണ് അവർക്കു ലഭിച്ചത്. അതായിരുന്നില്ല മാർക്സിസത്തിന്റെ ആഗോളസ്ഥിതി.

ഭൂരിപക്ഷമില്ലാത്ത ഒരു ചെറിയ വിഭാഗം നാട്ടിൽ കലാപമഴിച്ചുവിടുകയും ഒടുവിൽ ഭരണം പിടിച്ചെടുക്കുകയുമാണ് ആഗോളമാർക്സിസ്റ്റ് രീതി. കൃത്യമായ തിരഞ്ഞെടുപ്പുകൾ അവിടെ പതിവില്ല. കൈക്കരുത്തിൽ മാത്രമാണ് അവരുടെ വിശ്വാസം. പിൽക്കാലത്ത് ഇതേ രീതി ഇതിനേക്കാൾ സമർഥമായി കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ മുതലാളിത്തച്ചേരിയും നടപ്പാക്കി. റഷ്യയിൽ വെറും മൂന്നു ദിവസംകൊണ്ടാണ് അവിടത്തെ കമ്യൂണിസ്റ്റ് ഭരണം അവർ അട്ടിമറിച്ചത്. തകർച്ചയ്ക്ക് പല കാരണങ്ങൾ പറയാനുണ്ടാകുമെങ്കിലും ദുർബലമായ ആഭ്യന്തര ജനാധിപത്യമായിരുന്നു കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിലെ പ്രധാന വില്ലൻ.

ജനാധിപത്യം കുറ്റമറ്റൊരു ഭരണസംവിധാനമാണെന്നല്ല ഇതിനര്‍ഥം. അതിന് അതിന്റേതായ പരിമിതികളുണ്ട്. എങ്കിലും ഭൂമിയിൽ ഇന്നുവരെ രൂപപ്പെട്ട ഭരണസംവിധാനങ്ങളിൽ ഭേദം ജനാധിപത്യമാണെന്നു നാം മനസ്സിലാക്കണം; വിശേഷിച്ചും മറ്റു രണ്ടു രാഷ്ട്രീയദർശനങ്ങളും മിക്കവാറും അപ്രസക്തമായ ഇന്നത്തെ ആഗോളസാഹചര്യത്തിൽ. ഫാസിസവും മാർക്സിസവും ഒടുങ്ങുകയും മുതലാളിത്തം പല പേരുകളിൽ കുതിക്കുകയും ചെയ്യുന്ന ഭയാനകമായ ഒരന്തരീക്ഷമാണ് ഇപ്പോൾ നിലവിലുള്ളത്. എതിരാളികളില്ലാത്ത പ്രത്യയശാസ്ത്രങ്ങളെ എപ്പോഴും സൂക്ഷിക്കണം. എതിരാളികളില്ലാത്ത ഫാസിസ്റ്റ് രാഷ്ട്രങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഒടുവിൽ തകരുകയാണല്ലോ ഉണ്ടായത്. വ്യക്തികളെപ്പോലെ രാഷ്ട്രങ്ങൾക്കും വിജയിക്കാൻ മിത്രങ്ങൾ മാത്രം പോരാ, കുറച്ചു ശത്രുക്കൾകൂടി ഉണ്ടാകണം. അതുണ്ടായതാണ് ജനാധിപത്യത്തിന്റെ വിജയവും മറ്റു പ്രത്യയശാസ്ത്രങ്ങളുടെ പരാജയവും.

ഗാന്ധിജിയെ ആശയപരമായി എതിർത്ത് കോൺഗ്രസിൽ അനഭിമതനായി മാറിയ ചേറ്റൂർ ശങ്കരൻ നായരുടെ കാര്യമാണല്ലോ പറഞ്ഞുവന്നത്. അദ്ദേഹത്തിന്റെ പ്രധാന ആശങ്ക സ്വാതന്ത്ര്യം ലഭിക്കുന്നതിനെക്കുറിച്ചായിരുന്നില്ല, മറിച്ച്, സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ചായിരുന്നു. സ്വാതന്ത്ര്യമെന്ന മഹത്തായ ആശയം ഒഴിച്ചുനിറുത്തിയാൽ, മിക്കവാറും സമരങ്ങളിൽ പതിവുള്ളതുപോലെ നിഷേധാത്മകമായ ഒരുപാട് മുദ്രാവാക്യങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുമുണ്ടായിരുന്നു. ഇന്നും ഇന്ത്യയിൽ തുടരുന്ന എല്ലാ സമരങ്ങളിലും നിഷേധാത്മകമായ ഇത്തരം മുദ്രാവാക്യങ്ങൾ കേൾക്കാം. സമരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ഇത്തരം അലമ്പുണ്ടാക്കൽ സ്വാതന്ത്ര്യം കിട്ടിയാലും തുടരും; അരാജകത്വം ജനതയുടെ ശീലമായി മാറും. ഭരണഘടനാസ്ഥാപനങ്ങളെ ഉപയോഗിച്ച് വ്യവസ്ഥിതിയുടെ തെറ്റുതിരുത്താൻ അവർ ശ്രമിക്കില്ല. അവരുടെ മനസ്സിൽ അതിനെക്കാൾ പ്രധാനം ഇത്തരം അരാജകസമരങ്ങളായിരിക്കും. ചേറ്റൂരിന്റെ സന്ദേഹങ്ങൾ അടിസ്ഥാനരഹിതമായിരുന്നില്ലെന്ന് സ്വതന്ത്രഭാരതത്തിൽ ജനിച്ചുവളർന്ന ആർക്കും മനസ്സിലാകും.

കോവിഡ് കാലത്ത് ഇംഗ്ലണ്ടിൽ കഴിയുമ്പോഴാണ് പതിവില്ലാത്ത ഒരു സമരം ഞാൻ കണ്ടത്. ഇവിടത്തേതുപോലെ ഗൾഫ് നാടുകളും യൂറോപ്യൻ രാജ്യങ്ങളും പൊതുവിൽ സമരോത്സുകമല്ല. എങ്കിലും, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി നാട്ടുകാരോടെല്ലാം മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടശേഷം, താൻമാത്രം മാസ്ക് ധരിക്കാതെ ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ പ്രകോപിതരാക്കി. ജനങ്ങളുടെ പ്രതിഷേധം ഒടുവിൽ അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. മാടമ്പിമാരായ നേതാക്കളും അടിയാളരായ അനുയായികളും എന്ന ഇന്ത്യൻ അവസ്ഥ ബ്രിട്ടീഷുകാർക്ക് നമ്മളെപ്പോലെ പരിചിതമല്ലെന്നാണ് അവിടെ കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത്. പ്രതിഷേധിക്കേണ്ടിവരുമ്പോൾ അവർ പ്രതിഷേധിക്കും; അതും അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം.

ചേറ്റൂരിനെക്കുറിച്ച് എഴുത്തുകാരനായ എം.പി. നാരായണപിള്ള എഴുതിയ പഴയൊരു കുറിപ്പും ഓർമവരുന്നു. നാട്ടിലെത്തിയ ചേറ്റൂരിനെ കുടിയാന്മാർ വന്നുകണ്ടു. കൃഷി മോശമായതുകൊണ്ട് പാട്ടത്തിൽ ഇളവ് അനുവദിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അപ്പോൾ ചേറ്റൂർ ചോദിച്ചു: “മുൻവർഷം കൃഷി എങ്ങനെയായിരുന്നു?” നന്നായിരുന്നു എന്നു മറുപടി. “അതിനുമുമ്പുള്ള വർഷം എങ്ങനെയായിരുന്നു?” അതും നന്നായിരുന്നു. ചേറ്റൂർ കുറച്ചുവർഷം പിന്നോട്ടുപോയി ചോദ്യം ആവർത്തിച്ചു. അപ്പോഴും നന്നായിരുന്നുവെന്നുതന്നെ മറുപടി.

അപ്പോൾ ചേറ്റൂർ ചോദിച്ചു: “വിളവ് കൂടിയപ്പോൾ കൂടുതൽ പാട്ടം അളക്കാമെന്ന് ജന്മിയോട് പറയാതിരുന്ന നിങ്ങൾ, വിളവു കുറയുമ്പോൾ പാട്ടം കുറയ്ക്കണമെന്നു പറയുന്നത് ശരിയാണോ?” ബ്രിട്ടീഷ് അഭിഭാഷകരെപ്പോലും തർക്കത്തിൽ തോൽപ്പിക്കാൻ കഴിവുള്ള ചേറ്റൂരിനോട് ഗ്രാമീണകർഷകർ എങ്ങനെ ജയിക്കാനാണ്. അവർ നിരാശരായി തിരിച്ചുപോന്നു. അവർക്ക് പാട്ടം ഇളവുചെയ്തു കിട്ടിയില്ല.

തൊട്ടുപിന്നാലെയാണ് കൊടുങ്ങല്ലൂർ ഭരണി വന്നത്. ഭരണിക്ക് പോകുന്ന ഗ്രാമീണകർഷകർ തെറിപ്പാട്ടുമായി തങ്ങളുടെ കൊടുങ്ങല്ലൂർ യാത്ര ആരംഭിച്ചു. അത്തവണത്തെ തെറിപ്പാട്ടിൽ ചേറ്റൂരും കഥാപാത്രമായി. അതറിഞ്ഞ ചേറ്റൂർ ഉടൻതന്നെ കൃഷിക്കാർക്ക് പാട്ടം ഇളവുചെയ്തു കൊടുത്തു. യുക്തിയും ഭൂതദയയും വിജയിക്കാത്തിടത്ത് പക്ഷേ, തെറിപ്പാട്ട് വിജയിച്ചു.

ചരിത്രത്തിൽ ഇങ്ങനെ പലപ്പോഴും നമുക്ക് ചേറ്റൂരിനെ കണ്ടുമുട്ടാം. എങ്കിലും, ശരിതെറ്റുകളെ യുക്തിഭദ്രമായി നേരിടാൻ ശ്രമിച്ച ജനാധിപത്യവാദിയായിരുന്നു അദ്ദേഹം. ഡൽഹിയിൽ സർക്കാർവിരുദ്ധകലാപം നടന്നപ്പോൾ മാത്രമല്ല, ആൾക്കൂട്ടം ബാബറി മസ്ജിദ് തകർത്തപ്പോഴും ഒരു ജനതയെന്ന നിലയിൽ നമ്മുടെ ജനാധിപത്യപരമായ പരിമിതിയാണ് വ്യക്തമായത്; ഒപ്പം, നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളുടെ കാലതാമസവും. ജനങ്ങൾക്ക് നീതി കിട്ടില്ലെന്നു തോന്നുമ്പോഴാണ് അവർ തെരുവിലിറങ്ങുന്നത്. അവരെ അരാജകവാദികളാക്കി തെരുവിലിറക്കാതിരിക്കാനുള്ള ഉത്തരവാദിത്വവും ഭരണഘടനാസ്ഥാപനങ്ങൾക്കുണ്ട്. ജനാധിപത്യത്തിൽ അതും പ്രധാനമാണ്.

എങ്കിലും, അരാജകവാദം ഒന്നിനും സ്ഥായിയായ പരിഹാരമല്ല. ആയുധമെടുക്കാതെയാണ് ബുദ്ധനും ക്രിസ്തുവും ഗാന്ധിയും ശ്രീനാരായണഗുരുവും ഉൾപ്പെടെയുള്ളവർ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിച്ചത്. അവരെപ്പോലുള്ളവർ നൽകിയ വെളിച്ചത്തിലാണ് ലോകം ഇപ്പോഴും മുന്നോട്ടുപോകുന്നത്. അക്കാര്യം അരാജകവാദികൾക്കും ഓർമയുണ്ടാകണം. ആർക്കെങ്കിലും വോട്ടുചെയ്യുന്നതുകൊണ്ടുമാത്രം കാര്യമില്ല; വീടിനകത്തും പുറത്തും നമ്മൾ ജനാധിപത്യമര്യാദ പുലർത്തുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. അതിനുള്ള നമ്മുടെ മറുപടിയിൽത്തന്നെ സകലതിനുമുള്ള ഉത്തരവുമടങ്ങിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വിദ്യാർഥികൾ അടിച്ചമർത്തപ്പെടേണ്ട ഭീഷണിയല്ല, ഭരണകൂടം കാതോർക്കേണ്ട പൗരരാണ് – ഡോ. ശശി തരൂർ/ ബിനോയ്‌ പിച്ചളക്കാട്ട്

അധികാരത്തിന്റെ  യുക്തികൾ ലോകക്രമത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും  ശ്വാസംമുട്ടിക്കുന്ന ഇക്കാലത്ത്, നഷ്ടപ്പെടുന്ന പൗരസ്വാതന്ത്ര്യത്തെയും...

ചെറുവയൽ രാമൻ: കാർഷികസംസ്കാരത്തിന്റെ കാവലാൾ – ബിജു ജോർജ്

പച്ചപ്പിന്റെ ഓർമകളിൽ പദ്മശ്രീ ജേതാവും ഗോത്രകർഷകനുമായ ചെറുവയൽ രാമന്റെ വിയോഗം കേരളത്തിലെ കാർഷികമേഖലയ്ക്ക്...

സത്യം ഓട്ടമത്സരത്തിൽ രണ്ടാമതായിരിക്കുന്നു – ഡോ. ടി. കെ. സന്തോഷ്കുമാർ

അച്ചടിയുടെ സുവർണകാലത്ത് വാക്കിന്റെ സത്യവും ധാർമ്മികതയും കാത്തുസൂക്ഷിച്ചിരുന്ന പത്രാധിപർ എന്ന കാവൽക്കാരൻ...

ചെറുതാണ് സുന്ദരം – കെ.എൻ. ഷാജി.

അധികാരത്തോടും സാമ്പ്രദായികതയോടുമുള്ള നിരന്തരകലഹത്തിലൂടെ മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ച സാംസ്കാരിക ഇടങ്ങളായിരുന്നു ചെറുമാസികകൾ....