ചെറുതാണ് സുന്ദരം – കെ.എൻ. ഷാജി.

Date:

അധികാരത്തോടും സാമ്പ്രദായികതയോടുമുള്ള നിരന്തരകലഹത്തിലൂടെ മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ച സാംസ്കാരിക ഇടങ്ങളായിരുന്നു ചെറുമാസികകൾ. കാലാന്തരത്തിൽ, ലാഭേച്ഛയിലൂന്നിയ കമ്പോളയുക്തികൾ ഈ ബദൽ പ്രസ്ഥാനത്തെ എങ്ങനെ അപ്രസക്തമാക്കിയെന്ന ചരിത്രപരമായ അന്വേഷണമാണിത്. ആദർശങ്ങളിൽനിന്ന് വിപണിയിലേക്കുള്ള ഒരു സമൂഹത്തിന്റെ പരിണാമം കൂടിയാകുന്നു ഈ അനുഭവസാക്ഷ്യം.

‘ലിറ്റിൽ മാഗസിൻ’ എന്ന ഇംഗ്ലീഷ് പദത്തിനുപകരമായി ‘ചെറുമാസിക’ എന്നാണ് മലയാളത്തിൽ സാധാരണമായി ഉപയോഗിക്കുന്നത്. എന്നാൽ, ഇവ ഉന്നതമായ ഒരു ഉപസംസ്കാരം സൃഷ്ടിക്കുന്ന ബദൽ മാധ്യമങ്ങളാണ് എന്നതാണ് യാഥാർഥ്യം. സാമ്പ്രദായിക ആനുകാലിക പ്രസിദ്ധീകരണങ്ങളിൽനിന്നു വിഭിന്നമായി, ഗൗരവമുള്ള വായനക്കാരെ ഉദ്ദേശിച്ച് വിവിധ വിഷയങ്ങൾ ആഴത്തിൽ കൈകാര്യംചെയ്യുന്ന പ്രൗഢലേഖനങ്ങളും മൗലികരചനകളും ഉൾക്കൊള്ളുന്ന പരീക്ഷണോന്മുഖവും പരിമിതമായ പ്രചാരവുമുള്ള പ്രസിദ്ധീകരണങ്ങളെ ‘ചെറുമാസികകൾ’ എന്നു വിളിക്കാം. ഇവ അല്പായുസ്സുകളായിരിക്കാം. എങ്കിലും സാഹിത്യരംഗത്ത് അവയുണ്ടാക്കുന്ന ഭാവുകത്വപരിണാമം അന്യാദൃശമാണ്. ഒന്നു നിലച്ചാൽ മറ്റൊന്നിലേക്ക് സംക്രമിക്കുന്ന നിരന്തരമായ ഒരു പ്രക്രിയയാണിത്; സർഗാത്മകമായ ഒരു സുദീർഘപരമ്പര.

വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ പ്രസിദ്ധീകരണങ്ങളോടും വർത്തമാനകാല ജീവിതപരിതഃസ്ഥിതികളോടുമുള്ള പ്രതിഷേധം, നിഷേധം, ഉപരോധം, വിമർശനം, എതിർപ്പ് എന്നിവ ഇത്തരം മാസികകളുടെ മുഖമുദ്രയാണ്. അതോടൊപ്പം ഉണർവും ഊർജസ്വലതയുമുള്ള ഒരു നവസംസ്കാരം പടുത്തുയർത്താനുള്ള അഭിവാഞ്ഛയും അവ പ്രകടിപ്പിക്കുന്നു. മഹത്തായ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണവും സുന്ദരപ്രതീക്ഷകളും ഇവയുടെ സ്വഭാവമാണ്. മലയാളഭാഷയെ സജീവമായി ഉണർത്തിനിർത്തുന്നതിൽ ചെറുമാസികകൾ വഹിച്ച പങ്ക് നിർണായകമാണ്.

മലയാളത്തിലെ ചെറുമാസികകളുടെ ഉപജ്ഞാതാവും പ്രോദ്ഘാടകനും പ്രചാരകനും ഉദാത്തമാതൃകയായ ‘സമീക്ഷ’യുടെ പത്രാധിപരുമായിരുന്ന എം. ഗോവിന്ദൻ ഇങ്ങനെ എഴുതി: “മലയാളസാഹിത്യത്തിന്റെ വളർച്ചയുടെ നിർണായകഘട്ടമായി അതതുകാലത്തെ സാഹിത്യവൃത്തത്തിന്റെ കേന്ദ്രബിന്ദുവും സാഹിത്യകാരന്മാരുടെ വിഹാരരംഗവുമായി ചില പ്രസിദ്ധീകരണങ്ങൾ ഉണ്ടാകും. ഭാഷാപോഷിണി, രസികരഞ്ജിനി, കവനകൗമുദി മുതലായ പഴയ മാസികകൾ അവ ജീവിച്ച കാലഘട്ടത്തിലെ സാഹിത്യത്തിൽ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കുറച്ചിങ്ങോട്ടു പോരുമ്പോൾ, മംഗളോദയവും പരിഷത്തും ഇതേ കാര്യങ്ങൾ നിർവഹിക്കുന്നത് കാണാം. ആ കാലത്ത് മംഗളോദയം കേരളത്തിലെ ഏറ്റവും ശക്തിയുള്ള പ്രസിദ്ധീകരണമായി വർത്തിച്ചു. സാഹിത്യത്തിന്റെ ശക്തിവിലാസങ്ങളെ സാരമായി സ്വാധീനിക്കുന്നതിന് അതിനു കഴിഞ്ഞു.”

1950-കളുടെ തുടക്കത്തിൽ മദിരാശിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘നവസാഹിതി’യായിരുന്നു ചെറുമാസികകളിൽ ആദ്യത്തേത്. എം.വി. ദേവനായിരുന്നു പത്രാധിപർ. എം. ഗോവിന്ദനായിരുന്നു മുഖ്യപ്രചോദകൻ. ഒരേ ചിന്താഗതിയുള്ള ഉത്പതിഷ്ണുക്കളായ കുറെ യുവാക്കൾ ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. ഇത്തരം പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ പത്രാധിപരായി ഒരാളുടെ പേരാണ് വയ്ക്കുന്നതെങ്കിലും അതൊരു കൂട്ടായ്മയായിരുന്നു. സമാനചിന്താഗതിക്കാരുടെ മാത്രമല്ല, വിഭിന്നാഭിപ്രായങ്ങൾ പുലർത്തുന്നവരുടെ സംവാദങ്ങൾക്കുള്ള വേദി കൂടിയായിരുന്നു അത്.

നവസാഹിതിക്കു പിന്നാലെ ‘ഗോപുരം’ പുറത്തുവന്നു (1959). എൻ. ദാമോദരനായിരുന്നു പത്രാധിപർ. തുടർന്ന് ടി.വി. കുഞ്ഞികൃഷ്ണൻ പത്രാധിപരായി ‘അന്വേഷണം’ ആരംഭിച്ചു. പിന്നീട് ഇ.എൻ. മുരളീധരൻ നായർ പത്രാധിപരായി ‘യുഗരശ്മി’ തിരുവനന്തപുരത്തുനിന്നും പുറത്തിറങ്ങി.

1965-ൽ കൊച്ചിയിലെ ഉദ്യോഗമണ്ഡലിൽ ഒരു അഖിലേന്ത്യാ സാഹിത്യസമ്മേളനം നടന്നു. അതിലെ സജീവപ്രവർത്തകർ ഓരോരുത്തരും തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. എം. ഗോവിന്ദൻ, എം.വി. ദേവൻ, സി.എൻ. ശ്രീകണ്ഠൻ നായർ, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു അവരിൽ പ്രമുഖർ. ആ സമ്മേളനം കേരളീയ സാംസ്കാരികാന്തരീക്ഷത്തിൽ ഒരു നവോത്ഥാനം സൃഷ്ടിച്ചു. എഴുത്തുകാർ, ചിത്രകാരന്മാർ, നാടകപ്രവർത്തകർ, ചലച്ചിത്രകാരന്മാർ എന്നിങ്ങനെ നാനാരംഗങ്ങളിൽ വ്യാപരിച്ചിരുന്നവരുടെ ആ സമ്മേളനം സാംസ്കാരികപ്രവർത്തകർക്ക് പുതിയൊരു ഊർജവും ആത്മവിശ്വാസവും പകർന്നുനൽകി. കേരളത്തിലെ ആധുനികതയുടെ ആരംഭം അവിടെനിന്നായിരുന്നു. അതിന്റെ പ്രതിസ്ഫുരണങ്ങൾ സമൂഹത്തിന്റെ സമസ്തമേഖലകളിലും പ്രതിധ്വനിച്ചു. ആധുനികതയുടെ അഗ്നിസ്ഫുലിംഗങ്ങൾ കഥ, കവിത, നോവൽ, ചിത്രകല, ചലച്ചിത്രം എന്നീ മേഖലകളിൽ അലയടിച്ചു. 1970-കളുടെ പൂർവാർധം ആധുനികത അരങ്ങുവാണെങ്കിൽ ഉത്തരാർധം മറ്റൊരു തരത്തിലാണ് പ്രവർത്തിച്ചത്.

1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കലാപ്രവർത്തനങ്ങൾക്ക് വലിയ ആഘാതമുണ്ടായി. സ്വാതന്ത്ര്യത്തിനു വിലങ്ങുവീണു. സ്വാതന്ത്ര്യത്തിന്റെ വില എഴുത്തുകാരും കലാകാരന്മാരും തിരിച്ചറിഞ്ഞു. അതൊരു പുനർചിന്തനത്തിനു വഴിവച്ചു. പലരും കീഴടങ്ങി; ചിലർ ചെറുത്തുനിന്നു. എന്താണ് സ്വാതന്ത്ര്യം എന്ന ചോദ്യമുയർന്നു. ‘എഴുത്തോ നിന്റെ കഴുത്തോ?’ എന്ന പ്രശ്നമുദിച്ചു. സ്വാതന്ത്ര്യം മാത്രമല്ല, മനുഷ്യാവകാശങ്ങളും ഹനിക്കപ്പെട്ടു. നൈതികതയെപ്പറ്റി ചിന്തിക്കുന്ന മനുഷ്യർ ആശങ്കാകുലരായി. നിലനിൽപ്പിനെപ്പറ്റിയുള്ള ആകുലതകളും ഉത്കണ്ഠകളും മനുഷ്യർ പരസ്പരം പങ്കുവച്ചു. സാഹിത്യം ഇത്രയേറെ സക്രിയമായ മറ്റൊരു കാലഘട്ടം സാംസ്കാരികചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പ്രതീക്ഷകളെ കീഴ്മേൽമറിച്ച ഈ കാലഘട്ടത്തിന്റെ അനുരണനങ്ങൾ സമാന്തരമാസികകളിൽ പ്രകടമായി. ചെറുമാസികകളുടെ വേലിയേറ്റംതന്നെയുണ്ടായി. വിപ്ലവകരമായ മാറ്റങ്ങളുടെ സന്ദേശവാഹകരായിരുന്നു അവ. അല്പായുസ്സുകളായിരുന്നെങ്കിലും മേഘജ്യോതിസ്സുകൾപോലെ അവ ഉജ്ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്തു. എങ്കിലും അവയുടെ ആർജവവും ഊർജവും ആദരിക്കപ്പെട്ടു.

കവികളായ അയ്യപ്പപ്പണിക്കരുടെ ‘കേരളകവിത’, സച്ചിദാനന്ദന്റെ ‘ജ്വാല’, കെ.ജി. ശങ്കരപ്പിള്ളയുടെ ‘പ്രസക്തി’, എ. അയ്യപ്പന്റെ ‘അക്ഷരം’ എന്നിവ ഈ കാലഘട്ടത്തിന്റെ ഉപലബ്ധികളാണ്. 1978-ൽ ആരംഭിച്ച ‘സംക്രമണം’ മാസികയുടെ ആദ്യപതിപ്പിന്റെ ഉപക്രമത്തിൽ പത്രാധിപരായിരുന്ന ഈ ലേഖകൻ ഇപ്രകാരം എഴുതി: “കച്ചവടപ്രസിദ്ധീകരണങ്ങൾ ആസ്വാദകരുടെ മാനസികദൗർബല്യത്തെ നൂറുശതമാനവും ചൂഷണം ചെയ്യുകയാണ്. അതുകണ്ടും കേട്ടും മടുത്ത, ചിന്ത തുളുമ്പുന്ന മസ്തിഷ്കങ്ങളും മാറ്റം കാംക്ഷിക്കുന്ന യുവമനസ്സുകളും ഇവിടെയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സംക്രമണം അവരുടേതാണ്. ദുഷിച്ചുനാറിയ പാരമ്പര്യത്തെ പരിത്യജിച്ച് പുതിയൊരു തുടക്കത്തിനു വെമ്പുന്നവർ, ഭാവികേരളത്തിന്റെ രൂപഭാവങ്ങൾ നിർണയിക്കാൻ ഊക്കും ഊറ്റവും ഉദ്ദേശ്യശുദ്ധിയുമുള്ളവർ, അവരെ മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ.”

ദീർഘമായ ഒരിടവേളയ്ക്കുശേഷം, 1983-ൽ “തന്തയ്ക്കും തിരുവായ്ക്കും എതിരേ, നേരുപറയാൻ നിയോഗിക്കപ്പെട്ട ഒരു നാവ്” എന്ന മുദ്രാവാക്യവുമായി ഈ ലേഖകൻ പത്രാധിപരായി ‘നിയോഗം’ എന്ന മാസിക പുറത്തുവന്നു. “മുറുക്കാൻകടകളിൽ തൂങ്ങിമരിച്ചുകിടക്കാനുള്ള വിധി നിയോഗത്തിന്റേതല്ലാത്തതിനാൽ വരിക്കാരാവുക” എന്നതായിരുന്നു മാസികയുടെ ആഹ്വാനം. ‘നിയോഗ’ത്തിന്റെ മാനിഫെസ്റ്റോയിൽ ഇങ്ങനെ എഴുതിയിരുന്നു: “യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ചെറുമാസികകളുടെ ഒരു കണ്ണിയല്ല, നിയോഗം. അത് ചെറുമാസികാസംസ്കാരത്തിൽനിന്ന് വെള്ളവും വളവും ആർജിച്ചിട്ടുണ്ടാകാം. തന്റേടമുള്ള പുതിയ പത്രപ്രവർത്തനത്തിന്റെ നിർഭയമായ തുടക്കമാണ് നിയോഗം. നിയോഗം ഒരു പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്നില്ല. വ്യവസ്ഥാപിതമായ എല്ലാ താത്പര്യങ്ങൾക്കും എതിരാണത്. പഴയ പാരമ്പര്യത്തെ പരിത്യജിച്ച് പുതിയ പാരമ്പര്യങ്ങൾക്ക് വഴിയൊരുക്കുന്നതിൽ നിയോഗം അതിന്റെ പങ്ക് നിർവഹിക്കും. അപ്രസക്തമാകുന്ന ഒരു ഘട്ടം വന്നാൽ ആ നിമിഷം നിയോഗം നിർത്തും.” മൂന്നുകൊല്ലം കഴിഞ്ഞ് 1986-ൽ ഏഴാമത്തെ ലക്കത്തോടെ നിയോഗം നിലച്ചു.

ഒരുകാലത്ത് അനന്തമായ സാധ്യതകൾ തുറന്നിട്ട ചെറുമാസികകൾ കാലക്രമേണ കാലഹരണപ്പെട്ടു. പുതുകാലത്തിന്റെ പരിണതിയായിരുന്നു അത്. ഉപസംസ്കാരം, പ്രതിസംസ്കാരം എന്നീ സംജ്ഞകളാൽ സംബോധനചെയ്യപ്പെട്ട ബദൽസംസ്കാരം മലയാളിക്ക് അന്യമായിത്തീർന്നു. എല്ലാം കച്ചവടക്കണ്ണോടെയും ലാഭേച്ഛയോടെയും നോക്കിക്കാണുന്ന ഒരു തലമുറ വളർന്നുവന്നു. സ്വാർഥതയും കരിയറിസവും അവരെ ഭരിച്ചു. എന്തും നേടുന്ന, നേട്ടങ്ങൾക്കുവേണ്ടി നെട്ടോട്ടമോടുന്ന ഒരു ജനത രൂപപ്പെട്ടു. ആദർശങ്ങൾ അടങ്ങി; സ്വപ്നങ്ങൾ പൊലിഞ്ഞു. സ്വാഭാവികമായും ചെറുമാസികകളുടെ ഇടം ശൂന്യമായിത്തീർന്നു. ഈ അവസരം വാണിജ്യപ്രസിദ്ധീകരണങ്ങൾ മുതലെടുത്തു. ലിറ്റിൽ മാഗസിനുകൾ കൊണ്ടുവന്ന എല്ലാ നല്ല കാര്യങ്ങളും അവർ പ്രായോഗികമാക്കി. ലിറ്റിൽ മാസികകളിൽ മാത്രം എഴുതിയിരുന്ന എഴുത്തുകാർ കളം മാറ്റിച്ചവിട്ടി. അവർ കച്ചവടപ്രസിദ്ധീകരണങ്ങൾക്ക് പ്രിയങ്കരരായി. മലയാളപത്രപ്രവർത്തനചരിത്രത്തിലെ ത്യാഗോജ്ജ്വല മാതൃകകൾ നിരാകരിച്ച, പൊള്ളയായ ഒരു തലമുറയുടെ നിലവാരമില്ലാത്ത സംസ്കാരം പടർന്നുപന്തലിച്ചു. ഇപ്പോൾ അവരുടെ വിളയാട്ടത്തിന്റെ കാലമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വിദ്യാർഥികൾ അടിച്ചമർത്തപ്പെടേണ്ട ഭീഷണിയല്ല, ഭരണകൂടം കാതോർക്കേണ്ട പൗരരാണ് – ഡോ. ശശി തരൂർ/ ബിനോയ്‌ പിച്ചളക്കാട്ട്

അധികാരത്തിന്റെ  യുക്തികൾ ലോകക്രമത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും  ശ്വാസംമുട്ടിക്കുന്ന ഇക്കാലത്ത്, നഷ്ടപ്പെടുന്ന പൗരസ്വാതന്ത്ര്യത്തെയും...

ചെറുവയൽ രാമൻ: കാർഷികസംസ്കാരത്തിന്റെ കാവലാൾ – ബിജു ജോർജ്

പച്ചപ്പിന്റെ ഓർമകളിൽ പദ്മശ്രീ ജേതാവും ഗോത്രകർഷകനുമായ ചെറുവയൽ രാമന്റെ വിയോഗം കേരളത്തിലെ കാർഷികമേഖലയ്ക്ക്...

ജനാധിപത്യം അപരിചിതമായവർ – എം.വി. ബെന്നി

ജനാധിപത്യമെന്നത് കേവലമൊരു ഭരണകൂടയന്ത്രമല്ല; അതൊരു നിരന്തരമായ നൈതികജാഗ്രതയാണ്. തെരുവുകളിൽ അലയടിക്കുന്ന അരാജകപ്രവണതകൾക്കും...

സത്യം ഓട്ടമത്സരത്തിൽ രണ്ടാമതായിരിക്കുന്നു – ഡോ. ടി. കെ. സന്തോഷ്കുമാർ

അച്ചടിയുടെ സുവർണകാലത്ത് വാക്കിന്റെ സത്യവും ധാർമ്മികതയും കാത്തുസൂക്ഷിച്ചിരുന്ന പത്രാധിപർ എന്ന കാവൽക്കാരൻ...