ചെറുവയൽ രാമൻ: കാർഷികസംസ്കാരത്തിന്റെ കാവലാൾ – ബിജു ജോർജ്

Date:

പച്ചപ്പിന്റെ ഓർമകളിൽ

പദ്മശ്രീ ജേതാവും ഗോത്രകർഷകനുമായ ചെറുവയൽ രാമന്റെ വിയോഗം കേരളത്തിലെ കാർഷികമേഖലയ്ക്ക് തീരാനഷ്ടമാണ്. വയനാടിന്റെ ‘നെല്ലച്ഛൻ’ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം, അന്യംനിന്നുപോയേക്കാമായിരുന്ന നാടൻ നെൽവിത്തിനങ്ങളെ സംരക്ഷിച്ച കാർഷികപൈതൃകത്തിന്റെ കാവൽക്കാരനായിരുന്നു.

നെല്ലറിവുകളുടെ ഒരു കലവറയായിരുന്നു ചെറുവയൽ രാമൻ. പ്രകൃതിയോടും കൃഷിയോടും ചേർന്നുനിന്ന ആ ജീവിതം മണ്ണിലേക്ക് മടങ്ങിയിരിക്കുന്നു. അദ്ദേഹത്തിലൂടെ വയനാടിന്റെ കാർഷികവിലാസം ആഗോളതലത്തിൽ എത്തിച്ചേർന്നു. ലാഭേച്ഛയില്ലാതെ ഒരു നാടിന്റെ കാർഷികപൈതൃകം കാത്തുസൂക്ഷിക്കുകയും കൃഷിയറിവുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുകയുംചെയ്ത അദ്ദേഹത്തിന്റെ വിയോഗം വയനാടൻ സംസ്കൃതിയിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും പരിസ്ഥിതിസ്നേഹവും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം ഒരു കർഷകൻ മാത്രമായിരുന്നില്ല. ഗോത്രസമൂഹത്തിന്റെ ജീവിതദർശനവും സംസ്കാരവും നെഞ്ചോടുചേർത്ത്, ജൈവവൈവിധ്യ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടിയുള്ള പാഠങ്ങൾ വിദ്യാർഥികൾക്കും ഗവേഷകർക്കും കർഷകർക്കും പകർന്നുനൽകിയ അനുഭവസമ്പത്തിന്റെ വലിയൊരു ലോകം കൂടിയായിരുന്നു അദ്ദേഹം. പതിനേഴാംവയസ്സിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ലഭിച്ച ജോലി അമ്മാവന്റെ ആഗ്രഹപ്രകാരം ഒഴിവാക്കി കൃഷിയിലേക്കിറങ്ങുവാൻ ചെറുവയൽ രാമൻ എടുത്ത തീരുമാനം കാലം കാത്തുവച്ചൊരു നിയോഗമായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥ നിലനിന്നിരുന്ന തറവാട്ടിൽ, അമ്മാവന്റെ മരണശേഷം കുടുംബത്തിന്റെയും കൃഷിയുടെയും ഉത്തരവാദിത്വം രാമൻ ഏറ്റെടുത്തു. കൗമാരക്കാലത്തുതന്നെ പാടത്തിറങ്ങിയ അദ്ദേഹം വളർന്ന് വയനാടിന്റെ ‘നെല്ലച്ഛൻ’ ആയിത്തീർന്നു. വയനാട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ ‘രാമേട്ടൻ’ എന്നാണ് വിളിച്ചിരുന്നത്.

വിത്തുകളുടെ സംരക്ഷകൻ

മാനന്തവാടിക്കടുത്തുള്ള കമ്മനയിലെ കുറിച്യ തറവാട്ടിലാണ് 1952-ൽ രാമന്റെ ജനനം. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കാർഷികമേഖലയിലേക്ക് ഇറങ്ങിയ അദ്ദേഹം ജീവിതാവസാനംവരെ മണ്ണിലിറങ്ങി അധ്വാനിച്ചു. വയനാട്ടിൽ നൂറോളം നാടൻ നെൽവിത്തിനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളിലേക്ക് കർഷകർ മാറിയതോടെ അവയിൽ പലതും അപ്രത്യക്ഷമാകാൻ തുടങ്ങി. പൈതൃക നെൽവിത്തുകൾ അന്യംനിന്നുപോകുന്നത് തിരിച്ചറിഞ്ഞതോടെ അവയെ വീണ്ടെടുക്കുവാനും സംരക്ഷിക്കാനുമുള്ള ഒറ്റയാൾ പോരാട്ടത്തിലായിരുന്നു ചെറുവയൽ രാമൻ. വയനാടിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പഴയ കർഷകരിൽനിന്നു പലയിനം വിത്തുകൾ ശേഖരിച്ചു. അദ്ദേഹം അവ കൃഷിചെയ്ത് വിളയിച്ചു. അങ്ങനെ അൻപതിലേറെ തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽനിന്നു സംരക്ഷിച്ചതിനുള്ള ആദരവായാണ് 2023-ൽ ലഭിച്ച പദ്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയത്.

താൻ സംരക്ഷിച്ച വിത്തിനങ്ങൾ ലാഭേച്ഛയില്ലാതെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ അദ്ദേഹം സംതൃപ്തി കണ്ടെത്തി. വിത്തിന് അദ്ദേഹം ഒരിക്കലും പണം ചോദിച്ചിരുന്നില്ല. പകരം, അതു കൃഷിചെയ്ത് വിളവെടുത്തശേഷം കൊണ്ടുപോയത്രയും തിരികെ നൽകണമെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വിത്തുകൾ വിൽക്കാനുള്ളതല്ലെന്നും വരുംതലമുറയ്ക്ക് കൈമാറേണ്ട പ്രകൃതിസമ്പത്താണെന്നുമാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

മറ്റു കർഷകർ ലാഭം ലക്ഷ്യമിട്ട് സങ്കരയിനം വിത്തുകളുടെ പിന്നാലെ പോയപ്പോൾ, വംശനാശത്തിന്റെ വക്കിലായിരുന്ന വിത്തുകളെ സംരക്ഷിക്കുന്നതിലാണ് ചെറുവയൽ രാമൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തുകൾക്കെതിരായ പ്രതിരോധം കൂടിയായി അദ്ദേഹത്തിന്റെ ശ്രമത്തെ കാണാം. കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി; കാരണം, ഓരോ വിത്തിലും ഒരു ജീവനുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കൃഷിയെ ഒരിക്കലും വരുമാനമാർഗമായി സമീപിക്കാത്തതിനാൽ കഷ്ടനഷ്ടങ്ങളും സാമ്പത്തികപരിമിതികളും അദ്ദേഹത്തെ ബാധിച്ചിരുന്നു.

ഗോത്രപാരമ്പര്യത്തിലൂടെ തനിക്കു ലഭിച്ച ജൈവസംസ്കാരവും കൃഷിയറിവും ലോകത്തെ പരിചയപ്പെടുത്തുവാൻ വേണ്ടി നിരവധി യാത്രകൾ അദ്ദേഹം നടത്തി. 2018-ൽ ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2011-ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധാനം ചെയ്തു. പരമ്പരാഗത ജൈവവൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്കു നൽകുന്ന ദേശീയ ബഹുമതിയായ പ്ലാന്റ് ജീനോം സേവിയർ അവാർഡ് 2016-ൽ ലഭിച്ചു. 2025-ൽ കേരള കാർഷിക സർവകലാശാല ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകി അദ്ദേഹത്തെ ആദരിച്ചു. കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരവും ഈ വർഷം നേടിയിരുന്നു.

ജൈവമനുഷ്യൻ

പരമ്പരാഗത വിത്തുകളുടെ സംരക്ഷകനും തനതുകൃഷിരീതിയുടെ പ്രചാരകനും മാത്രമായിരുന്നില്ല ചെറുവയൽ രാമൻ. വയനാടിന്റെ പാരിസ്ഥിതികപ്രാധാന്യത്തെയും ഗോത്രജനതയുടെ നിലനിൽപ്പിനെക്കുറിച്ചും ഏറെ ചിന്തിക്കുകയും പലപ്പോഴും അസ്വസ്ഥനാകുകയും ചെയ്തിരുന്നു അദ്ദേഹം. ആദിവാസിസമൂഹത്തിന്റെ ജീവിതവും സംസ്കാരവും പരിഗണിക്കാതെ സർക്കാരുകൾ നടത്തുന്ന പല വികസനപദ്ധതികളും ഗോത്രസ്വത്വത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആഴമറിഞ്ഞ് ജീവിക്കുന്ന ഗോത്രസമൂഹങ്ങളെ തനത് ആവാസവ്യവസ്ഥയിൽനിന്നു പിഴുതുമാറ്റുന്ന ആധുനികപ്രവണതകളെ അദ്ദേഹം വിമർശനങ്ങൾകൊണ്ട് തിരുത്തിയിരുന്നു. കാലാവസ്ഥവ്യതിയാനവും വന്യജീവിശല്യവും കാർഷികവിലത്തകർച്ചയും മൂലം അതിജീവിക്കാൻ പാടുപെടുന്ന വയനാട്ടിലെ കർഷകർക്കുവേണ്ടിയും അദ്ദേഹം ശബ്ദിച്ചിരുന്നു.

കാലാവസ്ഥവ്യതിയാനം വയനാട്ടിൽ സൃഷ്ടിക്കുന്ന താളപ്പിഴകളെക്കുറിച്ച് അദ്ദേഹം ആശങ്കകളും നിർദേശങ്ങളും പങ്കുവച്ചിട്ടുണ്ട്. ജില്ലയിൽ ഉണ്ടായിരുന്ന വിവിധതരം മഴയെയും കാറ്റിനെയും കുറിച്ചും അവയ്ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം നിരവധി വേദികളിൽ സംസാരിച്ചിരുന്നു. വയൽനികത്തലും മലയിടിക്കലും വയനാടിന്റെ സ്വാഭാവികപ്രകൃതിയുടെ നാശത്തിനു കാരണമാകുമെന്നും അവ നിയമംവഴി തടയണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവിടത്തെ മണ്ണിന്റെ പ്രത്യേകതരം ഘടനകളും പാരിസ്ഥിതിക സവിശേഷതകളും ശാസ്ത്രീയമായി പഠിക്കാതെ നടപ്പിലാക്കുന്ന വൻകിട വികസനപദ്ധതികളോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിതീവ്രമഴയും കൊടുംവരൾച്ചയും വയനാടിന്റെ ആശങ്കകൾ വർധിപ്പിക്കുന്ന ഇക്കാലത്ത് ചെറുവയൽ രാമന്റെ വാക്കുകളും ഇടപെടലുകളും ഭരണകൂടത്തിനും സമൂഹത്തിനും അധികകാലം അവഗണിക്കാനാവില്ല.

തന്റെ കൃഷിയിടത്തിലും പുല്ലുമേഞ്ഞ മൺവീട്ടിലെ ചാണകം മെഴുകിയ തറയിലിരുന്നുകൊണ്ടും ചെറുവയൽ രാമൻ വരുംതലമുറയ്ക്കായി കൈമാറിയ മൂല്യങ്ങൾ, പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിക്കണമെന്നതിനുള്ള പാഠങ്ങളായി വായിച്ചെടുക്കാം. തീർച്ചയായും, ‘വയനാടിന്റെ ഫുക്കുവോക്ക’ എന്ന വിശേഷണം ഒരു നാടിന്റെ കാർഷികസംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ്. കാലം ഏൽപ്പിച്ച ഉത്തരവാദിത്വം പൂർത്തിയാക്കി അദ്ദേഹം വിടവാങ്ങുമ്പോൾ കേരളത്തിനു നഷ്ടമാകുന്നത് കാർഷികപൈതൃകത്തിന്റെ ഒരു കാവൽക്കാരനെക്കൂടിയാണ്. അദ്ദേഹം ഒരിക്കലും വിത്തിനെ വില്പനച്ചരക്കായല്ല, മറിച്ച് മനുഷ്യരോടും പ്രകൃതിയോടുമുള്ള സ്നേഹമായാണ് കണ്ടത്. അദ്ദേഹം പരിപാലിച്ച വിത്തുകൾ പുതിയ വയലുകൾ തേടുന്നുണ്ട്. ഇനി ഇങ്ങനെയൊരാൾ വരുമോ?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വിദ്യാർഥികൾ അടിച്ചമർത്തപ്പെടേണ്ട ഭീഷണിയല്ല, ഭരണകൂടം കാതോർക്കേണ്ട പൗരരാണ് – ഡോ. ശശി തരൂർ/ ബിനോയ്‌ പിച്ചളക്കാട്ട്

അധികാരത്തിന്റെ  യുക്തികൾ ലോകക്രമത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും  ശ്വാസംമുട്ടിക്കുന്ന ഇക്കാലത്ത്, നഷ്ടപ്പെടുന്ന പൗരസ്വാതന്ത്ര്യത്തെയും...

ജനാധിപത്യം അപരിചിതമായവർ – എം.വി. ബെന്നി

ജനാധിപത്യമെന്നത് കേവലമൊരു ഭരണകൂടയന്ത്രമല്ല; അതൊരു നിരന്തരമായ നൈതികജാഗ്രതയാണ്. തെരുവുകളിൽ അലയടിക്കുന്ന അരാജകപ്രവണതകൾക്കും...

സത്യം ഓട്ടമത്സരത്തിൽ രണ്ടാമതായിരിക്കുന്നു – ഡോ. ടി. കെ. സന്തോഷ്കുമാർ

അച്ചടിയുടെ സുവർണകാലത്ത് വാക്കിന്റെ സത്യവും ധാർമ്മികതയും കാത്തുസൂക്ഷിച്ചിരുന്ന പത്രാധിപർ എന്ന കാവൽക്കാരൻ...

ചെറുതാണ് സുന്ദരം – കെ.എൻ. ഷാജി.

അധികാരത്തോടും സാമ്പ്രദായികതയോടുമുള്ള നിരന്തരകലഹത്തിലൂടെ മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ച സാംസ്കാരിക ഇടങ്ങളായിരുന്നു ചെറുമാസികകൾ....