ചരിത്രം വെറുമൊരു ഭൂതകാലമല്ല; അത് മണ്ണിൽ വേരുറച്ചുപോയ മനുഷ്യസ്മരണകളുടെ ജീവനുള്ള സ്പന്ദനമാണ്. സമുദ്രങ്ങൾ താണ്ടിയെത്തിയ ലോകനാഗരികതകൾ പരസ്പരം പുണരുകയും, വാണിജ്യത്തിന്റെയും ബഹുസ്വരതയുടെയും ഇതിഹാസങ്ങൾ രചിക്കുകയും ചെയ്ത നമ്മുടെ സ്വന്തം മണ്ണാണ് കൊടുങ്ങല്ലൂർ അഥവാ മുസ്സിരിസ്. നാം മറവിയിലേക്ക് തള്ളിവിട്ട ആ പ്രാചീന തുറമുഖനഗരത്തിന്റെ സുവർണസ്മരണകളിലേക്കും, മനുഷ്യവംശം ഒരുമിച്ചുചേർന്ന ലോകമാനവികതയുടെ ആഴങ്ങളിലേക്കുമുള്ള ഹൃദയസ്പർശിയായ ഒരു തീർഥാടനമാണ് ഈ ലേഖനം.
ചരിത്രമെന്നത് ഒരു സാക്ഷ്യമാണെങ്കിൽ, ചരിത്രപ്രാധാന്യമുള്ള ഒരിടം സാക്ഷിയാണ് എന്നു പറയാം. തലമുറകളുടെ കാല്‍പ്പാടുകൾ കൊത്തിവച്ച ഭൂമിശാസ്ത്രങ്ങളാണ് ഓരോ ചരിത്ര ഇടവും. അവിടെ വികസിച്ചുവന്ന ജനപഥങ്ങൾ, സംസ്കാരങ്ങൾ, വിനിമയങ്ങൾ എന്നിവയെക്കുറിച്ചറിയാതെ ഒരു ഇടത്തെ ശരിയായി അറിയാൻ കഴിയില്ല. ചരിത്രപ്രാധാന്യമുള്ള അത്തരം ഒരിടം, ഭൂതകാലത്തിന്റെ നിഷ്ക്രിയമായ ഇടമല്ല, വര്‍ത്തമാനകാല രൂപവല്ക്കകരണത്തിനായി ഭൂമിശാസ്ത്രവും കാലവും ലയിക്കുന്ന സ്ഥലമാണെന്നു പറയാം. കൊടുങ്ങല്ലൂര്‍ അഥവാ പ്രാചീനകാലത്തെ മുസ്സിരിസ് അത്തരമൊരിടമത്രെ.
പ്രാചീനചരിത്രത്തിന്റെ മര്മരങ്ങൾ ഇപ്പോഴും പ്രതിധ്വനിക്കുന്ന ഇടമാണത്. സുവര്ണഭൂതകാലത്തിന്റെ നിത്യസ്മരണയിലുറങ്ങുന്ന അതിന്റെ തീരങ്ങൾ ഒരിക്കൽ നാഗരികതകളുടെ സംഗമസ്ഥാനം കൂടിയായിരുന്നു. ആധുനികനഗരങ്ങളുടെ ഉദയത്തിനു വളരെ മുമ്പുതന്നെ കൊടുങ്ങല്ലൂർ, വാണിജ്യത്തിന്റെയും സംസ്കാരത്തിന്റെയും മതവൈവിധ്യങ്ങളുടെയും ദീപസ്തംഭമായി നിലകൊണ്ടു. ഒരിക്കൽ മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന ഈ പുരാതന തുറമുഖ നഗരം, വ്യാപാരികളുടെ സ്വപ്നങ്ങള്‍ക്ക് ജന്മം നല്‍കുകയും വിദൂരങ്ങളിൽനിന്നുള്ള സഞ്ചാരികളെ തന്റെ ആലിംഗനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.
പതിമൂന്നാംനൂറ്റാണ്ടുമുതൽത്തന്നെ, മാര്‍ക്കോ പോളോയെപ്പോലുള്ള സഞ്ചാരികൾ ഇന്ത്യയെ വിശേഷിപ്പിച്ചത് സമ്പത്തിന്റെയും നിഗൂഢതകളുടെയും നാട് എന്നാണ്. സ്വര്‍ണം, സുഗന്ധദ്രവ്യങ്ങൾ, പട്ട, എന്നിവയോടൊപ്പം ജ്ഞാനത്തിന്റെയും ഇടമായ ഇന്ത്യ അവര്‍ക്ക് വെറുമൊരു ലക്ഷ്യസ്ഥാനമെന്നതിനപ്പുറം യൂറോപ്യൻ ഭാവനകൾ നിറഞ്ഞ സ്വപ്നമായിരുന്നു. എങ്കിലും പതിനെട്ടാം നൂറ്റാണ്ടു മുതൽ യൂറോപ്യൻ ഭരണാധികാരികൾ ഇന്ത്യയെ ചരിത്രമില്ലാത്ത നാടായാണ് പരിഹാസപൂര്‍വം വിശേഷിപ്പിച്ചിരുന്നത് എന്നതുകൂടി കാണണം. പിന്നീട് ആഗോളചരിത്രത്തിന്റെ ഗതിയെ രൂപപ്പെടുത്തിയ, യൂറോപ്യൻ സഞ്ചാരികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ സാധ്യമാക്കിയതിനുപിന്നിൽ അവർ കേട്ട കഥകളോളം അഭിനിവേശമുണര്ത്തിയ മറ്റൊന്നുകൂടെയുണ്ടായിരുന്നു. കുരുമുളക് – കാഴ്ചയിൽ സാധാരണമായ ഈ സുഗന്ധദ്രവ്യം, പക്ഷേ, യൂറോപ്പിലെ പ്രഭുക്കന്മാരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ അവശ്യഘടകമായി മാറുകയായിരുന്നു. സുഗന്ധദ്രവ്യ പാതകളുടെ മേലുള്ള നിയന്ത്രണമെന്നാൽ അധികാരത്തിന്റെയും സമൃദ്ധിയുടെയും മേലുള്ള നിയ്രന്തണമെന്നായിരുന്നു അര്‍ഥമാക്കിയിരുന്നത്. 1453-ൽ ഓട്ടോമൻ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിൾ പിടിച്ചടക്കുകയും അതുവഴി കരയിലൂടെ കിഴക്കോട്ടുള്ള വ്യാപാരമാര്‍ഗങ്ങൾ തടസ്സപ്പെടുകയും ചെയ്തപ്പോൾ, യൂറോപ്യൻ രാജ്യങ്ങൾ, പ്രതേകിച്ച് പോര്‍ച്ചുഗലും സ്പെയിനും, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള കടൽമാര്‍ഗം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്തു.
ആ നിശ്ചയദാർഢ്യമാണ് പര്യവേഷണത്തിന്റെ യുഗത്തിന് സമാരംഭം കുറിച്ചത്. കിഴക്കിന്റെ സമ്പത്തിലേക്കുള്ള വഴി കണ്ടെത്താൻ യൂറോപ്യൻ സമുദ്രശക്തികൾ വന്‍തോതിൽ സമ്പത്തു വിനിയോഗിക്കുകയും വലിയ അപകടസാധ്യതകളെ ഏറ്റെടുത്തു മുന്നിട്ടിറങ്ങുകയും ചെയ്തു. 1492-ൽ സ്പാനിഷ് പതാകയ്ക്ക് കീഴെ, ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയെ തേടി പടിഞ്ഞാറോട്ട് കപ്പൽ കയറി, തെറ്റായി അമേരിക്കയിൽ – ഇന്‍ഡീസ് എന്നദ്ദേഹം തെറ്റായി തിരിച്ചറിഞ്ഞ പുതിയ ഭൂഖണ്ഡത്തിൽ – വന്നിറങ്ങി. അതേസമയം, കൂടുതൽ കൃത്യമായ കണക്കുകൂട്ടലുകളോടെ പോര്‍ച്ചുഗീസ് ശ്രമങ്ങൾ നിശ്ശബ്ദമായി പുരോഗമിക്കുകയായിരുന്നു. നിരവധി പരാജയ ദാത്യങ്ങള്ക്ക് ശേഷം, വാസ്കോഡ ഗാമ ഒടുവിൽ 1498-ൽ ഇന്ത്യൻ തുറമുഖമായ കോഴിക്കോടെത്തി. അതോടെ, ദീര്‍ഘകാലമായി കാത്തിരുന്ന ഇന്ത്യയിലേക്കുള്ള കടൽപ്പാത സ്ഥാപിക്കപ്പെടുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ യൂറോപ്യൻ കൊളോണിയൽ താല്‍പ്പര്യത്തിന്റെ അധീശ്വത്വത്തിനു തുടക്കും കുറിക്കപ്പെടുകയും ചെയ്തു.
എങ്കിലും പക്ഷേ, ആഗോള വ്യാപാരവുമായുള്ള ഇന്ത്യയുടെ ബന്ധം ഈ യൂറോപ്യൻ ആഗമനത്തിനു വളരെ മുന്‍പുതന്നെ തുടങ്ങിയിരുന്നു. നൂറ്റാണ്ടുകളായി ആ അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഊര്‍ജ്വസ്വലമായ കേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ. ഇന്ത്യയെ, റോമൻസാമ്രാജ്യം, ഈജിപ്ത്, അറേബ്യ, ചൈന എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഒരു തുറമുഖമായിരുന്നു അത്. സുഗന്ധവ്യഞ്ജന, മുത്ത് വ്യാപാരങ്ങൾ, മത്സ്യബന്ധനം, നെയ്ത്ത് എന്നിവയെല്ലാം കൊടുങ്ങല്ലൂരിനെ ഇന്ത്യൻ മഹാസമുദ്ര സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റിയതിനെക്കുറിച്ച് പുരാതന തമിഴ്, സംസ്കൃത സാഹിത്യങ്ങളും റോമൻ, അറബ് ചരിത്രകാരന്മാരുടെ രേഖകളും സാക്ഷ്യം നല്‍കുന്നുണ്ട്.
കൊടുങ്ങല്ലൂരിലെ തുറമുഖങ്ങളിൽ ഒരുകാലത്ത് റോമൻ കപ്പലുകൾ നങ്കൂരമിട്ടിരുന്നു. കുരുമുളക്, അമൂല്യമായ കല്ലുകൾ, ആനക്കൊമ്പ്, മസ്ലിൻ, സുഗന്ധ്രദവ്യങ്ങൾ എന്നിവയ്ക്കുപകരം സ്വര്‍ണ, വെള്ളി നാണയങ്ങൾ അവിടെ വിനിമയം ചെയ്യപ്പെട്ടുപോന്നു. ജൂത, ക്രിസ്ത്യൻ, അറബ് വ്യാപാരികൾ ഈ തീരദേശപട്ടണത്തിൽ സ്ഥിരതാമസമാക്കിയതിനാൽ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും ഒരു സംഗമസ്ഥാനം കൂടിയായിരുന്നു അവിടം. മധുര, ഉജ്ജൈന്‍ തുടങ്ങിയ ഉള്‍നാടൻ കേന്ദ്രങ്ങളിൽനിന്നുത്ഭവിക്കുന്ന വ്യാപാര പാതകളിലൂടെ വിനിമയവസ്തുക്കൾ മലബാർതീരത്തേക്ക് കൊണ്ടുവരികയും അവിടെനിന്ന് അവ കടലുകൾ കടന്നുപോകുകയുംചെയ്തു. അക്കാലത്ത് വെറുമൊരു വ്യാപാരതുറമുഖമായിരുന്നില്ല, മറിച്ച്, ലോകത്തെ പരസ്പരം ബന്ധിപ്പിച്ച സജീവ കച്ചവടകേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ.
ഫലഭൂയിഷ്ഠമായ മലബാർ തീരത്ത് സ്ഥിതിചെയ്യുന്ന മുസിരിസ്, പെരിയാർപോലുള്ള നദികളിലൂടെ ഉള്‍നാടൻ പ്രവേശനം സാധ്യമാക്കുന്ന പ്രകൃതിദത്ത തുറമുഖമായിരുന്നു. നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ സമുദ്രവ്യാപാരത്തിനനുയോജ്യമായ ഇടമാക്കി മാറ്റി, പ്രത്യേകിച്ച് പൊതുയുഗത്തിനുമുമ്പുള്ള ആദ്യ നൂറ്റാണ്ടുകളിൽ. പുരാതനലോകം സുഗന്ധവ്യഞ്ജന വ്യാപാരത്തെ, പ്രതേകിച്ച് കുരുമുളകിനെ കൂടുതലായി ആശ്രയിച്ചിരുന്നതിനാൽ, കിഴക്കിനെ മെഡിറ്ററേനിയൻ ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു നിര്‍ണായക കേന്ദ്രമായിത്തീര്‍ന്നു മുസിരിസ്.
പെരിയാർ നദീമുഖത്ത് സ്ഥിതിചെയ്യുന്ന കൊടുങ്ങല്ലൂർ, ക്രിസ്ത്യൻ കാലഘട്ടത്തിനു മുമ്പുതന്നെ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു. കുരുമുളക്, ഏലം, കറുവപ്പട്ട, ആനക്കൊമ്പ്, വിലയേറിയ കല്ലുകൾ, തേക്ക് പോലുള്ള വിദേശമരങ്ങൾ എന്നിവ ശേഖരിക്കാൻ കഴിയുന്ന സ്ഥലമായി റോമൻ, ഗ്രീക്ക് രചനകളിൽ കൊടുങ്ങല്ലൂർ പരാമര്‍ശിക്കപ്പെട്ടിരുന്നു. അറേബ്യ, ഈജിപ്ത്, റോമൻ സാമ്രാജ്യം എന്നിവിടങ്ങളിൽനിന്നുള്ള കപ്പലുകൾ സ്വര്‍ണം, വീഞ്ഞ്, കുതിരകൾ എന്നിവയുമായി അതിന്റെ തീരങ്ങളിൽ നങ്കൂരമിട്ടു കിടന്നു. പുരാതന സംഘസാഹിത്യത്തിൽ, നിധികൾ നിറഞ്ഞ കപ്പലുകളിൽ യവനന്മാർ ഈ തുറമുഖത്തെത്തിയതായി പറയുന്നുണ്ട്.
മുസിരിസ് വെറുമൊരു വാണിജ്യ കേന്ദ്രമായിരുന്നില്ല; നാഗരികതകളുടെ ഒരു കളിത്തൊട്ടിൽ കൂടിയായിരുന്നു. പുതിയ വിപണികൾ തേടുന്ന അറബികൾ, സെന്റ് തോമസിന്റെ അപ്പസ്തോലിക ദൗത്യത്തിന് കീഴിലെത്തിയ ആദ്യകാല ക്രിസ്ത്യാനികൾ എന്നിവര്‍ക്കെല്ലാം തിരമാലകളുടെ ഈ നഗരം അതിന്റെ വാതിലുകൾ തുറന്നുകൊടുത്തു. എ.ഡി. 70-ൽ റോമൻ പീഡനത്തിൽനിന്ന് പലായനംചെയ്ത ആദ്യത്തെ ജൂതന്മാർ കൊടുങ്ങല്ലൂരിലെത്തി, ചേരരാജാക്കന്മാരുടെ ഭരണത്തിൻകീഴിലഭയം തേടിയെന്നാണ് ജൂത വിശ്വാസം. ഭാസ്കര രവിവര്മൻ നല്കിയ പത്താംനൂറ്റാണ്ടിലെ പ്രശസ്തമായ ജൂത ചെമ്പ് ഫലകങ്ങൾ, ഭൂമിയും സ്വയംഭരണവും ഉള്‍പ്പെടെ ഈ സമൂഹത്തിനു നല്കിയ പ്രത്യേകാവകാശങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. മലബാർ ജൂതന്മാർ, അവരുടെ സിനഗോഗുകളും വാസസ്ഥലങ്ങളും ഈ പ്രദേശത്തിന്റെ സാമൂഹികഘടനയുടെ അവിഭാജ്യ ഘടകമായി മാറ്റി.
ഒരര്‍ഥത്തിൽ, ക്രിസ്തുമതത്തിന്റെയും യഹുദമതത്തിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലെ ജൂതന്മാർ, പിന്നീട് കൊച്ചി ജൂതന്മാർ എന്നറിയപ്പെടുകയും തദ്ദേശീയ സംസ്കാരവുമായി സംയോജിച്ചുകൊണ്ട് പ്രത്യേക വ്യക്തിത്വം സദാ നിലനിറുത്തുകയുംചെയ്തു. വാമൊഴിചരിത്രങ്ങളും ചെമ്പ് ലിഖിതങ്ങളും സുചിപ്പിക്കുന്നത്, യഹുദ കൂടിയേറ്റക്കാര്‍ക്ക് പ്രാദേശിക ഭരണാധികാരികൾ ഭൂമിയും പദവികളും നല്‍കിയിരുന്നു എന്നാണ്. ഇതെല്ലാം വ്യാപാര തുറമുഖം എന്ന നിലയിൽ മാത്രമല്ല, പരസ്പരമുള്ള സാംസ്കാരിക നയത്രന്ത്രത്തിന്റെ ഇടമായി കൊടുങ്ങല്ലൂരിനെ അടയാളപ്പെടുത്താൻ നിമിത്തമായിത്തീര്‍ന്നു.
ദീര്‍ഘകാലത്തോളം ചേര തലസ്ഥാനമായിരുന്നു മുസ്സിരിസ്. ഇത് ആ പ്രദേശത്തിന് സാമ്പത്തികമായുള്ള ഉന്നതി മാത്രമല്ല, ഭരണപരമായ ക്രേന്ദ്രീകരണവും നല്കി. ചേരന്മാർ, അവരുടെ നാവിക വൈദഗ്ദ്യത്തിലൂടെയും വ്യാപാര നയങ്ങളിലൂടെയും, സ്ഥിരതയുള്ളതും സമൃദ്ധവുമായ തുറമുഖമെന്ന നിലയിൽ കൊടുങ്ങല്ലൂരിനുള്ള പ്രാധാന്യം ഉറപ്പാക്കി. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ ഒരു കേന്ദ്രമെന്ന നിലയിലുള്ള മുസിരിസ്സിന്റെ ഖ്യാതി ചേര രാജവംശത്തിന്റെ ബഹുസ്വരധാര്മികതയുടെ പ്രതിഫലനമാണ് എന്നുതന്നെ പറയണം. മതപരമായ നിര്‍ബന്ധങ്ങൾ അടിച്ചേല്‍പ്പിച്ച പല പൗരാണിക ഭരണകൂടങ്ങളിൽനിന്നു വ്യത്യസ്തമായി, ഹിന്ദുക്കളും ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സമാധാനപരമായി ജീവിക്കുന്ന ഒരന്തരീക്ഷം ചേരന്മാർ വളര്‍ത്തിയെടുത്തു എന്നത് വസ്തുതയാണ്. ഈ സഹിഷ്ണുത തന്നെയാണ് കൊടുങ്ങല്ലൂരിന്റെ ബൗദ്ധികവും ആത്മീയവുമായ ജീവിതത്തെ സമ്പന്നമാക്കിയ സാംസ്കാരിക മുഖമുദ്രയായി പരിണമിച്ചത്.
അറേബ്യൻ വ്യാപാരികൾ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന നിരവധി പൈതൃകങ്ങളിൽ കപ്പൽ നിര്‍മാണ കലയും ഉള്‍പ്പെടുന്നു. മരപ്പണികളിൽ വൈദഗ്ധ്യമുണ്ടായിരുന്ന കേരളത്തിലെ തീരദേശ സമൂഹങ്ങൾ, ദീര്‍ഘയാത്രകളെ ചെറുക്കാൻ കഴിവുള്ള ശക്തമായ സമുദ്രയാനങ്ങൾ നിര്‍മിക്കാൻ അതോടെ പഠിച്ചു. തദ്ദേശീയ വൈദഗ്ധ്യവുമായി ഒത്തുചേര്‍ന്ന ഈ അറിവുകൾ തലമുറകളോളം കേരളത്തിന്റെ വ്യാപാര ശൃംഖലകളെ സേവിക്കുന്ന ഒരു സവിശേഷ നാവിക കരകയശല പാരമ്പരൃത്തിന് ആവിര്‍ഭാവം കുറിക്കുകയും ചെയ്തു. ഇരുമ്പാണികൾ ഇല്ലാതെ, കയറും തേക്കും ഉപയോഗിച്ച് നിര്‍മിച്ച കപ്പലുകൾ രൂപകല്‍പ്പനയുടെ അത്ഭുതങ്ങളായിരുന്നു. ബേപ്പൂരിലെയും മറ്റു തീരദേശ പട്ടണങ്ങളിലെയും നിര്‍മാണ സാങ്കേതികവിദ്യകളിൽ ഇപ്പോഴും ഇവയുടെ സ്വാധീനം തുടരുന്നതു കാണാൻ കഴിയും.
എ.ഡി. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ, കൊടുങ്ങല്ലൂരിന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് മറ്റൊരു അധ്യായംകൂടി ചേര്‍ക്കപ്പെടുകയായിരുന്നു. ഐതിഹ്യമനുസരിച്ച്, ഇസ്ലാംമതം മലബാർ തീരത്തേക്കെത്തിയത് കീഴടക്കലിലൂടെയല്ല, മറിച്ച്, വാണിജ്യത്തിലൂടെയും സമാധാനപരമായ ഇടപെടലിലൂടെയുമാണ്. മാലിക് ഇബ്നു ദിനാർ, സഹയാത്രികരുടെ സംഘത്തോടൊപ്പം കേരളത്തിലെത്തിയെന്നാണ് കഥ. പ്രാദേശിക ഭരണാധികാരികളുടെ ആദരവ് ലഭിച്ചു അവർ, ഇന്ത്യയിലെ ഇസ്ലാമിന്റെ ആത്മീയ അടിത്തറയെ അടയാളപ്പെടുത്തുന്ന ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിച്ചു. കൊടുങ്ങല്ലൂർ വഴിയാണ് ക്രിസ്തുമതവും ഇന്ത്യയിലെത്തിയത്. വായ്മൊഴി പാരമ്പര്യമനുസരിച്ച്, സെന്റ് തോമസ് അപ്പോസ്തലൻ എ.ഡി. 52-ൽ ഇവിടെ വന്നിറങ്ങി, യൂറോപ്യൻ ആഗമനത്തിനു നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ആദ്യകാല ക്രിസ്ത്യൻസമൂഹങ്ങളിലൊന്ന് ഇവിടെ സ്ഥാപിച്ചു. ഈ വൈവിധ്യമാര്‍ന്ന മതസമൂഹങ്ങളുടെ സഹവര്‍ത്തിത്വം, ഇന്ത്യയുടെ ബഹുസ്വരപാരമ്പരൃത്തിനു മാതൃക സൃഷ്ടിക്കുകയും ഈര്‍ജസ്വലമായ വ്യാപാര സംസ്കാരത്തിനു സവിശേഷമായ ആത്മീയമാനങ്ങൾ നല്‍കുകയും ചെയ്തു.
കൊടുങ്ങല്ലൂരിന്റെ മതപരമായ ബഹുസ്വരത അതിന്റെ ഏറ്റവും വലിയ പൈതൃകമാണ് എന്നു പറയാം. ഒരേ സാംസ്കാരിക ഇടത്തിൽ ഹിന്ദുക്കൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവരുടെ ഒത്തുചേരൽ മറ്റേതൊരു നഗരവും അതിനുമുന്‍പ് സൃഷ്ടിച്ചിരുന്നില്ല. ക്ഷേത്രങ്ങളും, സിനഗോഗുകളും, പള്ളികളും ഒരുമിച്ച് നിലനിന്നിരുന്നു. അവയുടെ ചരിത്രങ്ങളും ആചാരങ്ങളും വാസ്തുവിദ്യ, ഭാഷ, ദൈനംദിന ജീവിതം എന്നിവയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൊടുങ്ങല്ലൂരിന്റെ ചരിത്രപരമായ പ്രാധാന്യം വൈവിധ്യപൂര്‍ണമാണ്. വെറുമൊരു വാണിജ്യ തുറമുഖം മാത്രമായിരുന്നില്ല അത്, സാംസ്കാരിക സമാഗമത്തിന്റെ കേന്ദ്രം കൂടിയായിരുന്നു. വിശ്വാസത്തിന്റെയും കലയുടെയും വ്യാപാരത്തിന്റെയും ഇടങ്ങൾ പലപ്പോഴും സംഘര്‍ഷത്തിലല്ല, മറിച്ച്, കൈമാറ്റത്തിലൂടെയാണ് നിലനിന്നതെന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.
പതിനഞ്ചാംനൂറ്റാണ്ടിന്റെ അവസാനം, പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ, കൊടുങ്ങല്ലൂരും മറ്റു തീരദേശ കേന്ദ്രങ്ങളും അന്താരാഷ്ട്രവ്യാപാരത്തിന്റെ ഒരു പുതിയ ഘട്ടത്തിനു സാക്ഷ്യംവഹിക്കുകയായിരുന്നു. വാണിജ്യമെന്നത് അധിനിവേശവും പിന്നീട് കോളനിവല്‍ക്കരണവുമായി പരിണമിക്കുന്ന നിര്‍ണായക സമയമായിരുന്നു അത്. സുഗന്ധവ്യഞ്ജന വ്യാപാരം കുത്തകയാക്കാൻ ശ്രമിച്ച അവർ 1504-ൽ കൊടുങ്ങല്ലൂർ കൊള്ളയടിച്ചു, ക്ഷ്രേതങ്ങളും സിനഗോഗുകളും നശിപ്പിക്കുകയും ചെയ്തു. താമസിയാതെ പോര്‍ച്ചുഗീസുകാരെ പിന്തുടര്ന്നു ഡച്ചുകാരും ഫ്രഞ്ചുകാരും ഒടുവിൽ ബ്രിട്ടീഷുകാരുമെത്തി. അവര്‍ക്കെല്ലാം ഇന്ത്യയെന്നത് സാമ്പത്തിക നേട്ടത്തിനുള്ള ഉപാധി മാത്രമായിരുന്നു. വന്നെത്തിയ ഓരോരുത്തരും പ്രദേശത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക ഭൂപ്രകൃതിയിൽ അവരുടെ മുദ്ര പതിപ്പിച്ചു. ഈ പ്രക്ഷോഭങ്ങള്‍ക്കിടയിലും, കൊടുങ്ങല്ലൂരിന്റെ ആത്മാവ് അവിടത്തെ ജനങ്ങളിൽ – അതിനെ തങ്ങളുടെ വീടാക്കി മാറ്റിയ വ്യാപാരികളുടെയും അഭയാര്‍ഥികളുടെയും പിന്ഗാമികളിൽ – അതിജീവിച്ചു വന്നു. പെരിയാർ വഴിമാറിയൊഴുകിയതോടെ ഉയര്‍ന്നുവന്ന കൊച്ചിയുടെ പ്രഭാവത്തിൽ പിന്നീട് പ്രാധാന്യം കുറഞ്ഞുവെങ്കിലും, ഇന്ത്യയിലെ യൂറോപ്യൻ ആഗമനത്തിന്റെ ദശാസന്ധിയിൽ നിര്‍ണായക സ്ഥാനമാണ് കൊടുങ്ങല്ലൂരിനുള്ളത് എന്നത് ചരിത്ര വസ്തുതയാണ്.
അഞ്ചാംനൂറ്റാണ്ടിലെ റോമൻ സാമ്രാജ്യത്തിന്റെ തകര്‍ച്ച വ്യാപാരപുരോഗതിയെ താല്‍ക്കാലികമായി തടസ്സപ്പെടുത്തിയെങ്കിലും കൊടുങ്ങല്ലൂർ, താമസിയാതെ ബൈസന്റൈൻ, സസാനിയൻ സാമ്രാജ്യങ്ങളിൽ പുതിയ പങ്കാളികളെ കണ്ടെത്തി. മധ്യകാലഘട്ടത്തിലെ അറബ് സമുദ്രശക്തിയുടെ ഉദയം അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു. അതിനിടയിൽ മുസ്ലീം വ്യാപാരികൾ ഇന്ത്യൻ മഹാസമുദ്ര പാതകളിൽ ആധിപത്യം സ്ഥാപിച്ചു. അൽ-മസൂദി, ഇബ്നു ബത്തൂത്ത തുടങ്ങിയ അറബ് ഭൂമിശാസ്ത്രജ്ഞരുടെ രചനകൾ നഗരത്തിന്റെ സമൃദ്ധിയുടെയും, ചൈന, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുകൾകൊണ്ട് നിറഞ്ഞിരുന്ന ചന്തകളുടെയും വര്‍ണാഭമായ വിവരണങ്ങൾ നല്‍കുന്നുണ്ട്.
പില്ക്കാലത്ത് കൊളോണിയൽ ചരിത്രകാരന്മാർ ഇന്ത്യയെ പാശ്ചാത്യനാഗരികതയുടെ സ്പര്‍ശനം കാത്തിരുന്ന നിഷ്ക്രിയ ഇടമായാണ് ചിത്രീകരിച്ചത്. പക്ഷേ, ചരിത്രം പറയുന്ന യാഥാര്‍ഥ്യം വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. പുരാതന, മധ്യകാല ആഗോള സമ്പദ്വ്യവസ്ഥയുടെ ഈര്‍ജസ്വലമായ ഭാഗമായിരുന്നു ഇന്ത്യ, അതിന്റെ കേന്ദ്രഭൂമിയായിരുന്നു കൊടുങ്ങല്ലൂര്‍. യൂറോപ്യന്മാർ ഇന്ത്യയെ കണ്ടെത്തും മുന്‍പുതന്നെ, മുസ്സിരിസിലൂടെ അത് അറിയപ്പെട്ടു കഴിഞ്ഞിരുന്നു. അതിലൂടെ ഉല്‍പ്പന്നങ്ങൾ സഹസ്രാബ്ദങ്ങളായി പടിഞ്ഞാറോട്ടു സഞ്ചരിച്ചു. ഇന്ത്യയിലേക്കുള്ള കടൽപ്പാത പതിനഞ്ചാംനൂറ്റാണ്ടിൽ യൂറോപ്പിന് പുതിയതായിരുന്നിരിക്കാം. പക്ഷേ, ഇന്ത്യ, നൂറ്റാണ്ടുകളായി ലോകത്തിന്റെ വാണിജ്യവേലിയേറ്റങ്ങളെ മറികടന്നുകൊണ്ടിരുന്നത് പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖത്തിലൂടെയായിരുന്നു.
ഇന്ത്യയുടെ സമുദ്രചരിത്രത്തിൽ കടൽ എന്നത് പ്രതിബന്ധമായിരുന്നില്ല, ലോകത്തെ പരസ്പരം ബന്ധിപ്പിച്ച പാലമായിരുന്നു എന്നു കൊടുങ്ങല്ലൂരിന്റെ പുരാവൃത്തം ഓര്‍മിപ്പിക്കുന്നുണ്ട്. റോംമൂതൽ ചെങ്കടൽവരെയും, അലക്സാണ്ട്രിയമുതൽ അയോധ്യവരെയും അതിന്റെ ബന്ധങ്ങൾ വ്യാപാരത്തിന്റെയും വിശ്വാസത്തിന്റെയും വലയെറിഞ്ഞു. നാഗരികതയുടെ അടിത്തറ, യുദ്ധങ്ങളോ വിജയങ്ങളോ അല്ല, ചരക്കുകളും ആശയങ്ങളും ഒരുപോലെ വിനിമയംചെയ്യപ്പെടുന്ന തുറമുഖങ്ങളാണ് എന്ന് അതോര്‍മിപ്പിക്കുന്നു. അപരിചിതർ അയല്‍ക്കാരായി മാറുന്നിടത്താണ് അതു സംഭവിക്കുന്നത്. കൊടുങ്ങല്ലൂർ അത്തരമൊരു തുറമുഖമായിരുന്നു. ഇന്ന്, നയത്രന്ത്രങ്ങളിലൂടെ ഇന്ത്യ അതിന്റെ പുരാതന സമുദ്രബന്ധങ്ങളും സാംസ്കാരികവിനിമയങ്ങളും പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമ്പോൾ, കൊടുങ്ങല്ലുരിന്റെ കഥ മാതൃകയുമായി മാറേണ്ടതുണ്ട്. അതിര്‍ത്തികളുടെയും ദേശീയതയുടെയും ഉദയത്തിനു വളരെ മുമ്പുതന്നെ ഇന്ത്യൻ ഉപഭുഖണ്ഡം ലോകത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നുവെന്ന് അതിന്റെ പുരാവൃത്തം നമ്മോട് പറയുന്നു.
ഇന്നു കൊടുങ്ങല്ലൂരിന്റെ ഉറക്കംതൂങ്ങുന്ന വഴികളിലൂടെ നടക്കുമ്പോൾ, ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും കണ്ടുമുട്ടിയ, ആ കൂടിച്ചേരലിൽ രണ്ടിനെയും സമ്പന്നമാക്കി മാറ്റിയ ഒരു സ്ഥലമായിരുന്നു അതെന്നു സങ്കല്പിക്കാൻപോലും പ്രയാസമാണ്. എങ്കിലും അതിന്റെ മണ്ണിപ്പോഴും നാവികരുടെയും, വിശുദ്ധരുടെയും, സ്വര്‍ണത്തിന്റെയും, കുരുമുളകിന്റെയും കഥകൾ മന്ത്രിക്കുന്നു. അതിന്റെ ചരിത്രം ഇന്ത്യൻ മഹാസമുദ്രലോകത്തെ രൂപപ്പെടുത്തിയ ജനങ്ങളുടെയും ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും സജീവമായ സാക്ഷ്യമത്രെ. കീഴടക്കലിലൂടെയല്ല, വാണിജ്യത്തിലൂടെയും, ആതിഥ്യം, സാംസ്കാരിക സഹാനുഭൂതി എന്നിവയിലൂടെയും ഒരു നഗരം, ലോകനാഗരികതകളിൽ വഴിത്തിരിവായി മാറിയതിന്റെ കഥയാണത്.
എന്നിട്ടും, കൊടുങ്ങല്ലൂർ നമ്മുടെ അക്കാദമിക ലോകത്തിലും, പൊതുബോധത്തിലും, ഒരു മർമരം മാത്രമായി തുടരുന്നു. ചരിത്രം മുന്നോട്ടുപോയി എന്നതല്ല ദുരന്തം; നമ്മൾ പിന്നോട്ട് നോക്കുന്നത് നിർത്തി എന്നതാണ്. ഒരിക്കൽ ലോകത്തിന്റെ നാഡീകേന്ദ്രമായിരുന്ന ഒരിടം, ഇന്ന് ഒരു വിദൂരമായ ഓർമയായി ചുരുങ്ങിക്കൂടാ. ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും ആർക്കിയോളജിസ്റ്റുകളുടെയും ശ്രദ്ധ — അതിലുപരി, ഒരു ജനതയുടെ, ഒരു സമൂഹത്തിന്റെ, ആത്മാഭിമാനത്തോടെയുള്ള തിരിഞ്ഞുനോട്ടം — ഈ മണ്ണിലേക്ക് പതിയേണ്ടതുണ്ട്. മുസ്സിരിസ് ഹെറിറ്റേജ് പ്രോജക്ട് ആ ദിശയിലെ ഒരു ചുവടുവയ്പ്പാണ്. എന്നാൽ, ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.
കാരണം, കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ഒരുകാലത്ത് പുഷ്കലമായിരുന്ന ലോകമാനവികതയുടെ ഒരു അധ്യായം ഉറങ്ങിക്കിടക്കുന്നു. കേവലം മലയാളിയുടെ മാത്രം അഭിമാനമായല്ല, മനുഷ്യരാശിയുടെ മുഴുവൻ ഓർമയുടെ ഒരു ഭാഗമായി, ആ അധ്യായം ഉറക്കെ വായിക്കപ്പെടാൻ കാത്തിരിക്കുന്നു. കടൽക്കാറ്റ് ഇന്നും ആ തീരത്ത് വീശുന്നുണ്ട്. പെരിയാറിന്റെ ഓർമ ഇന്നും ആ മണ്ണിൽ നനവായി നിൽക്കുന്നുണ്ട്. ആ കാറ്റിൽ, ആ നനവിൽ, ഒരു ലോകനഗരത്തിന്റെ നിശ്ശബ്ദമായ ശ്വാസം ഇപ്പോഴും തുടിക്കുന്നു.


