ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം നമ്മെ ഓർമിപ്പിക്കുന്നു. നിത്യചൈതന്യയതിയെന്ന മഹാസാഗരത്തിൽ അഭയം തേടിയെത്തിയവരുടെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമുള്ള ഒരു തീർഥാടനമാണിത്.
‘നാടിനും വീടിനും കൊള്ളാത്തവരാണ് നാരായണഗുരുകുലത്തിൽ വന്ന് അടിയുന്നത്’ എന്ന് ഗുരു നിത്യചൈതന്യയതി പാതി കാര്യമായും പാതി തമാശയായും പറയുമായിരുന്നു. ആത്മീയകേന്ദ്രങ്ങളെക്കുറിച്ചുള്ള വീണ്ടുവിചാരത്തിന് അത്തരം വാക്കുകൾ സഹായിക്കും. ഈ ലോകജീവിതം ദുഃസഹമാണെന്നും ആത്മാവിനെ തേടുന്നതാണ് തനിക്ക് അഭികാമ്യമെന്നും നിനച്ച്, വി.കെ.എന്നിന്റെ ‘കാവി’ എന്ന നോവലിലെ നായകനെപ്പോലെ വീടുവിട്ട ചില കക്ഷികളുണ്ട്. പല ഗുരുക്കന്മാരെയും ശരണംപ്രാപിച്ച്, അവരൊന്നും തനിക്കു ഗുണകരമാകില്ലെന്ന് അധികം വൈകാതെ മനസ്സിലാക്കി പുതിയ അഭയകേന്ദ്രങ്ങൾ കണ്ടെത്തുന്നവരാണവർ. ചിലയിടങ്ങളിൽനിന്ന് താഡനവും പീഡനവും ഏറ്റുവാങ്ങിയവരുമുണ്ട്. അവരിൽ ചിലർ എഴുത്തുകാരനെന്ന നിലയിൽക്കൂടി ഖ്യാതിയുള്ള ഗുരുവിനെ തേടി ഫേൺഹില്ലിലെത്തും.
നക്‌സലിസം തലയ്ക്കുപിടിച്ച് സ്വന്തം വീട്ടുകാരാലും നാട്ടുകാരാലും ബഹിഷ്‌കൃതരായവരും, പോലീസിന്റെ നോട്ടപ്പുള്ളികളായി പ്രാണരക്ഷാര്‍ഥം നാടുവിട്ടവരും കറങ്ങിത്തിരിഞ്ഞ് ഗുരുകുലത്തിലെത്തും. ഗുരുനിത്യ ഏവർക്കും അത്താണിയായതിനാൽ അവർക്ക് മാവോയിസവും താവോയിസവും ഓരോ ഡോസ് പകർന്നുനൽകിക്കൊണ്ട് അദ്ദേഹം ചർച്ചകളിലേർപ്പെടും. ഗുരു അവർക്കു ഭക്ഷണവും താമസസൗകര്യവും വണ്ടിക്കൂലിയും നൽകും. ചിലരൊക്കെ ഗുരുകുലത്തിലെ നിത്യകര്‍മങ്ങളുമായി ഇണങ്ങി ജീവിക്കും. ചിലർ മടങ്ങിപ്പോകും. പരോൾ ഇവിടെയാണോ അവിടെയാണോ എന്നു ചില കുബുദ്ധികൾ ആലോചിക്കും.
ഗുരുവിന്റെ മഹാസമാധിക്കുശേഷം ചിലർ ഗുരുകുലം വിട്ടുപോയി. അവർ പുതിയ പേരുകൾ സ്വീകരിക്കുകയും ഗുരുകുലങ്ങൾ സ്ഥാപിക്കുകയും ഫേൺഹില്ലിലെ രീതികൾ പറിച്ചുനടാൻ ശ്രമിക്കുകയും ചെയ്തു. അതെല്ലാം കൈപ്പുണ്യവും ചേരുവയും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും പോലെ അനുഭവപ്പെട്ടു. അതു സ്വാഭാവികമാണ്.
ഗുരുനിത്യയുടെ ഒരേയൊരു ശിഷ്യൻ താനാണെന്ന മട്ടിൽ അവർ ഉടുപ്പിലും നടപ്പിലും ഗുരുവിനെ അനുകരിക്കുന്നു. രണ്ടും മൂന്നും പേരുകൾവരെ മാറ്റിയവർ അക്കൂട്ടത്തിലുണ്ട്. അവർക്കുതന്നെ സ്വന്തം കാര്യത്തിൽ എന്തോ സംശയമുള്ളതുപോലെ. ‘എനിക്കു ശിഷ്യന്മാരില്ല’ എന്നു ഗുരുതന്നെ പ്രഖ്യാപിച്ചത് ഇവരെ പേടിച്ചിട്ടായിരിക്കുമെന്നു തോന്നുന്നു. അവരിലൊരാൾ ഇപ്പോൾ ഗുരുവിനെ ‘നിത്യാ’, ‘നീ’ എന്നൊക്കെയാണ് വിളിക്കുന്നത്. പെട്ടെന്നൊരുദിവസം ഗുരു തിരിച്ചുവന്നാൽ എന്തായിരിക്കും ഇവരുടെ കഥ?
ഫേൺഹില്ലിലെത്തുന്നവർ രണ്ടു തരക്കാരാണ്. ആദ്യത്തെ കൂട്ടർ ഗുരുവിനെ കാണുവാൻ വേണ്ടി മാത്രം വരുന്നവരാണ്. അവർ എപ്പോഴും ഗുരുവിന്റെ കൂടെയായിരിക്കാൻ ശ്രമിക്കും. രണ്ടാമത്തെ കൂട്ടർ നാലഞ്ചു ദിവസം ഗുരുകുലത്തിൽ തങ്ങി, പ്രാർഥനയിലും ക്ലാസിലും പങ്കുകൊണ്ട് തിരിച്ചുപോകും. ഇതിനിടെ ഗുരുവിനെ മുഖംകാണിച്ചെന്നുവരും. പക്ഷേ, അവരുടെ പോക്കുവരവുകളെല്ലാം ഗുരു അറിഞ്ഞിട്ടുണ്ടാകും. ഗുരുനിത്യയെ തന്റെ വീട്ടിൽ ക്ഷണിച്ചുവരുത്തിയ ഒരാളോട് ഗുരുവിന്റെ സമാധിവാർത്ത അറിയിച്ചപ്പോൾ കിട്ടിയ മറുപടി വിചിത്രമാണ്. ‘ഇനി ഞാൻ ആരെ കാണാനാണ് ഊട്ടിയിലേക്കു വരുന്നത്?’ എന്നാണ് ആ മഹാൻ ചോദിച്ചത്. ഫേൺഹില്ലിൽ വന്നാൽ ഗുരുവിന്റെയടുത്ത് പറ്റിപ്പിടിച്ചിരിക്കുകയും നടരാജഗുരു ശയിക്കാറുള്ള മുറിയിൽ വിശ്രമിക്കുകയും ചെയ്ത ആളാണ് ഇതു പറയുന്നത്. എഴുത്തുകാരോട് ആദരവു പുലർത്തുന്ന അന്തേവാസികളെ അയാൾ ഗൗനിച്ചിട്ടേയില്ല. ഗുരുവിനെപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്ത് പ്രതിഫലം കൈപ്പറ്റാനായിരുന്നു അയാൾക്കു തിടുക്കം. എന്നാൽ, അത്തരം ആളുകളല്ല ഗുരുകുലമഹിമ ഉയർത്തിപ്പിടിക്കുന്നത്.
ചരിത്രത്തിലൊന്നും ഇടംപിടിക്കാത്ത ഒരുപാട് മനുഷ്യർ ഗുരുകുലത്തിൽ ഭക്ഷണമൊരുക്കുന്നതിലും മറ്റു പണികൾ ചെയ്യുന്നതിലും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നത് ആരും അറിയുന്നില്ല. അരുൺ ഗോപാൽ, ശശി മേമുറി, ഗിരീഷ്‌കുമാർ, പ്രമോദ് തുടങ്ങിയവരെ നമുക്കു സ്മരിക്കേണ്ടിവരുന്നത് ഇക്കാരണത്താലാണ്.
ജ്ഞാനഭാരം
ചിത്രകാരന്മാരും എഴുത്തുകാരും സംഗീതജ്ഞരുമൊക്കെ ഫേൺഹില്ലിൽ വരാറുണ്ട്. തങ്ങൾ നേടിയ അക്കാദമിക് ഭാരങ്ങളോടെയാവും മിക്കവരും പെരുമാറുക. അക്കാലത്ത് തത്ത്വശാസ്ത്രത്തിൽ പാരീസിൽനിന്ന് ഡോക്ടറേറ്റ് നേടിയ നടരാജഗുരുവിനെയും തത്ത്വശാസ്ത്രത്തിൽ മാസ്റ്റർ ബിരുദമുള്ള നിത്യചൈതന്യയതിയെയും ശരിക്കു മനസ്സിലാക്കാതെയാണ് അവർ എത്തുക.
ഒരു ചിത്രകാരനും സുഹൃത്തും ഗുരുകുലത്തിൽ എത്തിച്ചേർന്നു. രാത്രിയാണ് അവരെത്തിയത്. പിറ്റേന്നു രാവിലെതന്നെ അവർ ഗുരുവിനെ കണ്ടു. ഗുരു ക്ലാസിനുള്ള തയ്യാറെടുപ്പിലായിരുന്നു. അവർ പ്രാര്‍ഥനയിൽ പങ്കെടുത്തില്ല. ടൗണിൽ ഒന്നു കറങ്ങിവന്നശേഷം അന്നു വൈകുന്നേരം അവർ ഗുരുവിനെ വീണ്ടും കണ്ടു. വേദാന്തത്തെക്കാൾ വലിയ സംഭവം ചിത്രകലയാണെന്ന മട്ടിൽ അവർ ഉദ്‌ബോധനം തുടങ്ങി. ശാസ്ത്രത്തിലും കലകളിലും ഗുരുവിനുള്ള അറിവിനെപ്പറ്റിയോ, ഗുരു എഴുതിയിട്ടുള്ള കൃതികളെപ്പറ്റിയോ ഒന്നും മനസ്സിലാക്കാതെ ഒരു സാധാരണ സ്വാമിയാരെ നേരിടുന്നതുപോലെയാണ് അവർ സംസാരിച്ചത്. മാർക് ഷഗാൾ, വാസിലി കാൻഡിൻസ്‌കി, വിൻസെന്റ് വാൻഗോഗ് എന്നിവരൊക്കെ ആരാണെന്ന് അവർ വിശദീകരിച്ചു. ഒന്നും അറിയാത്തവനെപ്പോലെ ഗുരു അവർക്കു മുമ്പിൽ വിനീതനായി ഇരുന്നുകൊടുത്തു. ഇതു കണ്ട ഞങ്ങൾക്കു വിഷമം തോന്നി. പക്ഷേ, ഗുരുവിന്റെ രീതികൾ അറിയാവുന്നതുകൊണ്ട് മിണ്ടാതിരുന്നു.
അടുത്ത ദിവസം ഗുരു അവരെ മുറിയിലേക്കു വിളിച്ച്, വിഖ്യാതരായ ചിത്രകാരന്മാരെക്കുറിച്ചുള്ള അവിടത്തെ ഗ്രന്ഥശേഖരം കാണിച്ചുകൊടുക്കുകയും യൂറോപ്പിലെ പ്രഖ്യാതമായ ആർട്ട് ഗ്യാലറികളിൽ ഒറിജിനൽ പെയിന്റിങ്ങുകൾ കണ്ടതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. അതോടെ അവരുടെ അഹംഭാവം ശമിച്ചു.
പകരുവാനുള്ളതാണ് അറിവ്. അതൊരിക്കലും അധികാരപ്രയോഗത്തിനുള്ള ഉപാധിയായിത്തീരരുത് എന്ന പാഠം ഈ സംഭവത്തിലുണ്ട്. കുറച്ചു കാലത്തിനു ശേഷം അവർ വീണ്ടും വന്നപ്പോൾ അവർക്കു മാറ്റമുണ്ടായിരുന്നു. അത്രയും നന്ന്. കല, തത്ത്വചിന്ത, ശാസ്ത്രം എന്നിവയിലധിഷ്ഠിതമായ അമൂല്യഗ്രന്ഥങ്ങൾ ശേഖരിച്ചുവയ്ക്കുകയും അത്തരം അന്വേഷണങ്ങളെ ജ്വലിപ്പിക്കുകയും ചെയ്ത ഗുരുനിത്യയുടെ ഒരു ആയുസ്സിന്റെ സമ്പാദ്യമാണ് അവിടെ അലമാരകളിൽ ഭാവിതലമുറയ്ക്കുവേണ്ടി ഭദ്രമായി ഇരിക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ഫേൺഹില്ലിൽ ഒരു ചിത്രകലാവേദി സജീവമായിരുന്നു. അവിടെ വന്ന് വർണങ്ങളുടെ തോറ്റം അനുഭവിച്ചറിഞ്ഞവരേറെയാണ്.
ഞാൻ ഗുരുകുലത്തിൽ സ്ഥിരമായി കുറേക്കാലം വസിച്ചിട്ടില്ല. പല കാരണങ്ങളാൽ മലയിറങ്ങുകയും, സമനിരപ്പിൽ ഇത്തിരി വിശ്രമിച്ച് തിരിച്ചെത്തുകയുംചെയ്യുന്ന രീതിയായിരുന്നു എന്റേത്. ഓരോ തവണ ചെല്ലുമ്പോഴും പുതുതായി ആരെങ്കിലും അവിടെ കാണും. മേയ് മാസത്തിലെ ഗുരുപൂജയ്ക്ക് അവിടെ ചെല്ലുവാൻ പ്രത്യേകം ഉത്സാഹിക്കും.
അനന്യത
മനോലോകം മറ്റൊന്നായിരുന്നുവെങ്കിൽ യതി വെറുമൊരു ഹൈന്ദവസ്വാമിയായിത്തീർന്നേനെ. പക്ഷേ, ക്രൈസ്തവ-ബൗദ്ധ-ഇസ്ലാമിക ദർശനങ്ങളുടെ സൗഹൃദം വ്യക്തിജീവിതത്തിലും വിചാരജീവിതത്തിലും അദ്ദേഹത്തെ തുണച്ചു. പടർന്നുപന്തലിച്ച ശിഷ്യഗണത്തെ അപഗ്രഥിക്കുമ്പോൾ ഇക്കാര്യം തിരിച്ചറിയാം. നാരായണഗുരുകുലത്തെ മറ്റ് ആശ്രമവ്യവസ്ഥകളിൽനിന്നു വേർതിരിക്കുന്ന പ്രധാന ഘടകവും ഇതാണ്. വളരുംതോറും വെട്ടിമുറിക്കപ്പെടുന്ന ബോൺസായി സംസ്‌കാരത്തിന് ഇത് ബോധ്യപ്പെടുകയില്ല.
ഒരുവന്റെ നൈസർഗികവാസനകളെ അവയുടെ ഗുണാത്മകതലം അറിഞ്ഞുകൊണ്ടുതന്നെ പരിപോഷിപ്പിക്കുന്നതാണ് സമുചിതം. ഇതു ഗുരുവിലുണ്ടായിരുന്നു. എല്ലാം പരിത്യജിക്കുമ്പോഴുള്ള അവസ്ഥയെയല്ല ഗുരു പ്രോത്സാഹിപ്പിച്ചത്. മാനവികതയെ പുൽകിനിൽക്കുന്ന ഒരു ബന്ധം നിലനിറുത്തുന്നതോടൊപ്പം ആന്തരികമായ ശമോപാധികളെ ക്രിയാത്മകമായി ആശ്രയിക്കാനാണദ്ദേഹം സ്‌നേഹപൂർവം പറഞ്ഞത്. സംശ്ലേഷണത്തിലേക്കുള്ള പടവായിരുന്നു അത്. അറിവിന്റെ കനി ഭക്ഷിച്ചുകൊണ്ട് അറിവിനെ പരിത്യജിക്കുക എന്നു പറയുന്നതുപോലെ, ഗുരുകുലപ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് സ്രോതസ്സായിത്തീർന്ന ജാതീയമൂല്യങ്ങളിൽച്ചിലതിനെമാത്രം സ്വീകരിക്കുകയും എന്നാൽ, ഗുണാത്മകതലത്തിൽ അതിനെ മാറ്റിപ്പണിയുകയുംചെയ്ത വ്യക്തി എന്ന സവിശേഷത യതിക്കു മാത്രം സ്വന്തം. ശിവഗിരിയിൽനിന്ന് ശ്രീനിവാസപുരത്തേക്കും അവിടെനിന്ന് ഫേൺഹില്ലിലേക്കും വളരെ ദൂരമുണ്ടെന്നു സ്ഥലപരത മാത്രമല്ല ആശയപരതയും സാക്ഷ്യപ്പെടുത്തുന്നു. മതേതര മാനവികതയാണ് ശരിയായ ധര്‍മമെന്നു വിശ്വസിച്ച ഗുരു ഒരു പ്രത്യേക മതത്തിന്റെയും ജാതിയുടെയും ആചാരങ്ങളെ പൂജിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും ചട്ടുകമാക്കാൻ കഴിയാഞ്ഞത് എന്ന് അടിവരയിട്ടുതന്നെ പറയണം.
എല്ലാ ഗുരുക്കന്മാരുടെയും പുസ്തകങ്ങൾ ഫേൺഹിൽ ഗുരുകുലത്തിലുണ്ട്. പക്ഷേ, തിരിവച്ചു തിരഞ്ഞിട്ടും ഓഷോയുടെ ഒരു പുസ്തകവും കണ്ടെത്താനായില്ല. എന്നാൽ, സുധിയും ജോസഫും മറ്റും ഓഷോയുടെ തീവ്രവായനക്കാരാണ്. ഓഷോയുടെ പുസ്തകങ്ങൾ അന്വേഷിച്ചപ്പോൾ, ‘അതു വായിക്കാനാണോ നിങ്ങൾ ഈ കുന്നുകയറിവന്നത്?’ എന്നു ഗുരു ഈർഷ്യയോടെ ചോദിച്ചു. വേറൊരുദിവസം ഞാൻ പരിഭാഷപ്പെടുത്തിയ ഓഷോ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി കാണിച്ചപ്പോൾ അദ്ദേഹം തിരിഞ്ഞുനടന്നു. ഓഷോയോടുള്ള വെറുപ്പിന്റെ കാരണം എനിക്കു മനസ്സിലായില്ല.
ഗുരുകുലനാളുകളിൽ ചില നല്ല പുസ്തകങ്ങൾ വായിക്കുവാനും അവയെപ്പറ്റി ഇഷ്ടപ്പെട്ടവരോടു സംസാരിക്കുവാനും സാധിച്ചത് പില്ക്കാലത്ത് പല തുറസ്സുകളും ഒരുക്കിയിട്ടുണ്ട്. ഗുരു പലവട്ടം സൂചിപ്പിച്ചിട്ടുള്ള ബാഷോയുടെ കവിതകൾ പല സമാഹാരങ്ങളിലായിയുണ്ട്. അവ തിരയുമ്പോഴാണ് ബാഷോയുടെ യാത്രാവിവരണം കണ്ണിൽപ്പെട്ടത്: ‘The Narrow Road to the Deep North’. സഞ്ചാരിയും എഴുത്തുകാരനുമായ ശ്രീകാന്ത് കോട്ടയ്ക്കലിനോട് അത്തരമൊരു ഗ്രന്ഥത്തെക്കുറിച്ചും മൊഴിമാറ്റസാധ്യതയെക്കുറിച്ചും സൂചിപ്പിച്ചു. തനിക്ക് യാത്രാസംബന്ധമായ ചില തിരക്കുകളുണ്ടെന്നും, ആ പുസ്തകം സംഘടിപ്പിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദീർഘയാത്ര കഴിഞ്ഞുവരുമ്പോൾ, ശ്രീകാന്ത് ആ പുസ്തകത്തിന്റെ ഫോട്ടോകോപ്പി കരസ്ഥമാക്കിയിരുന്നു. ബാഷോയുടെ ചില ഹൈക്കുകൾ ഒറ്റശ്വാസത്തിൽ പരിഭാഷപ്പെടുത്തിയ മറ്റൊരു സഞ്ചാരിയോട് ഈ യാത്രാവിവരണം മൊഴിമാറ്റുന്നതിനെപ്പറ്റി അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. പക്ഷേ, അദ്ദേഹം വാക്കു പാലിച്ചില്ല. ജീവിതംതന്നെ യാത്രയാക്കിയ ബാഷോവിനോടു നീതിപുലർത്തുവാൻ തനിക്കു കഴിയില്ല എന്ന വിചിത്രമായ ന്യായമോതി അദ്ദേഹം പിന്മാറി. ആ പുസ്തകം വരുന്നുവെന്നു പരസ്യപ്പെടുത്തിയതിനാലും ഒരുപാടുപേർ ആവശ്യപ്പെട്ടതിനാലും ഗത്യന്തരമില്ലാതെ എനിക്കതു പരിഭാഷപ്പെടുത്തേണ്ടിവന്നു.
ലാവോത്‌സുവിന്റെ ‘താവോ തേചിങ്ങ്’ എന്ന ഗ്രന്ഥത്തിന്റെ രണ്ടു വ്യത്യസ്ത പതിപ്പുകൾ ഫേൺഹിൽ ഗുരുകുലത്തിൽവച്ചു വായിച്ചിരുന്നു. എന്നാൽ, ആ പുസ്തകത്തിലേക്കെന്നെ നയിച്ചത് അതിനുമുമ്പേ ഞാൻ വായിച്ച ഗുരുവിന്റെ ഒരു പുസ്തകമാണ്: ‘Meditations on the Way’. ഫേൺഹില്ലിൽ എത്തുന്നതിനു മുമ്പ് ഞാൻ അതു വായിച്ചിരുന്നു. അതിന്റെ ശീർഷകം എന്നെ കുഴക്കി. ‘On the Way of Meditation’ എന്നല്ലേ വേണ്ടതെന്നു തിരിച്ചും മറിച്ചും ആലോചിച്ചു. കുഴപ്പം എന്റേതാണെന്നു മനസ്സിലായി. ‘Tao’ എന്നതിന് ‘Way’ എന്നാണര്‍ഥം. ഗുരുവിന്റെ ഗ്രന്ഥശീർഷകത്തിന് യുക്തിയും സൗന്ദര്യവും കൂടുമെന്ന ഉത്തമധാരണയിൽ പുസ്തകം തുറന്നു. താവോ തേചിങ്ങിനെക്കുറിച്ചുള്ള സുന്ദരമായ മനനമാണത്. മൂലഗ്രന്ഥത്തിൽ എൺപത്തിയൊന്നു ശ്ലോകങ്ങളുണ്ടല്ലോ. അതിൽ ആദ്യത്തെ മുപ്പതു ശ്ലോകങ്ങളെടുത്ത് ഒരു ദിവസം ഒരു ശ്ലോകം എന്ന കണക്കിനു വായിക്കുകയും ഒരുപറ്റം പഠിതാക്കൾ അവയെപ്പറ്റി മനനംചെയ്യുകയും ചെയ്തതിന്റെ സത്ഫലമാണ് ഡോ. പീറ്റർ ഓപ്പൺഹൈമർ ചിട്ടപ്പെടുത്തിയ ആ പുസ്തകം. ഗുരുവിന്റെ മറ്റു ചില പുസ്തകങ്ങൾക്കും എന്നപോലെ ആ പുസ്തകത്തിനും തുടർച്ചയുണ്ടായില്ല.
സൊർബ പബ്ലിക്കേഷൻസിന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങളും വായനക്കാർ നന്നായി സ്വീകരിച്ചത് സന്തോഷവും ഉത്തരവാദിത്വവും നിറച്ചു. ഓരോ ടൈറ്റിലും സൂക്ഷിച്ച് തിരഞ്ഞെടുക്കണമെന്നു മനസ്സിലായി. മൂന്നാമത്തെ പുസ്തകത്തെപ്പറ്റി ആലോചിക്കുമ്പോഴാണ് അഷിത ‘താവോ തേചിങ്ങ്’ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നറിഞ്ഞത്. ‘താവോ: ഗുരുവിന്റെ വഴി’ എന്ന രചന പുറത്തുവന്നത് ഗുരുകാരുണ്യത്താലാണ്. സ്വാമി സുധി ആയിരുന്നു ആ പ്രസാധനത്തിന്റെ ചാലകശക്തി. ഗുരുനിത്യയെ അടുത്തറിഞ്ഞ മൂന്നുപേരുടെ സംഗമംതന്നെയാണ് ആ പുസ്തകം.
സമന്വയം എന്ന മന്ത്രം
ഫേൺഹില്ലിലെ പ്രാര്‍ഥനാലയത്തിൽ, പിത്തളകൊണ്ട് നിർമിച്ച വലിയ ഗണപതിശില്പമുണ്ട്. ഒരാൾ ചോദിച്ചു: ‘നിങ്ങൾ വലിയ കമ്മ്യൂണിസ്റ്റല്ലേ? പിന്നെന്തേ ഈ ഗണപതി ഇവിടെ?’ ഗുരു പറഞ്ഞു: ‘ഗണപതിയോ? ഇതു വെറുമൊരു പിത്തളത്തകിടാണ്.’ ചോദ്യകർത്താവ് അമ്പരന്നു. താദാത്മ്യത്തിന്റെ മനഃശാസ്ത്രത്തെപ്പറ്റി സൂചിപ്പിക്കുന്ന സന്ദർഭമായിരുന്നു അത്. ഗുരുവിന്റെ ഉദരഭാരം ശ്രദ്ധിച്ചവർക്കത് നിഷ്പ്രയാസം അറിയാം. ആ സ്ഥൂലതയ്ക്കു പിന്നിലുള്ള സൂക്ഷ്മദർശനം ചെന്നെത്തുക ഗണപതി എന്ന ആരാധനാബിംബത്തിലായിരിക്കും. നാം ആത്മാവിന്റെ പത്മപീഠത്തിൽ സദാ പ്രതിഷ്ഠിക്കുന്നത് ക്രിസ്തുവിനെയാണെങ്കിൽ സാവധാനം നമ്മുടെ സത്ത അതിനോടു താദാത്മ്യപ്പെടുമെന്നത് കേവലം ശരീരജ്ഞാനത്തിനപ്പുറത്താണ്. ദൈവസങ്കല്പങ്ങൾക്കതീതമായ മാനവികതയുടെ സന്ദേശമാണത്.
ചേതോഹരമായ ഒരു കാവ്യജീവിതത്തിന്റെ ഉടമയായ യതി ഓരോ നിമിഷവും ജീവിക്കുകയായിരുന്നു, അക്ഷരാര്‍ഥത്തിൽ. തന്റെ കുഴിമാടത്തെയും പഠനമുറിയിലെ ജനാലയെയും ചെമ്പുകമ്പികൊണ്ട് ബന്ധിപ്പിക്കണമെന്നു ഗുരുകുലവാസികളോട് പറഞ്ഞതിനു പിന്നിൽ ആ കവിമനസ്സിന്റെ സജീവതയുണ്ടായിരുന്നു. മരണാനന്തരജീവിതത്തെയല്ല അദ്ദേഹം വിവക്ഷിച്ചത് എന്നു നമ്മൾ പ്രത്യേകം ഓർക്കണം.
ഗുരു എന്നത് വാക്കിന്റെ സൂക്ഷ്മപ്രപഞ്ചമാണ്. വാക്കിന്റെ വെളിച്ചത്തിലാണ് ഒരു ഗുരുവിന്റെ അസ്തിത്വം നിർണയിക്കപ്പെടുന്നത്. യതിയുടെ മഹാസമാധിയോടെ നമുക്കു നഷ്ടപ്പെട്ടത് നല്ലൊരു അത്താണിയാണ് എന്ന യാഥാർഥ്യം പ്രബലമായിവരുന്നു. ഷെൽവി മരിച്ചപ്പോൾ, ഏറ്റവും പ്രിയപ്പെട്ട ഒരാൾ പറഞ്ഞു: ‘ഒരുപക്ഷേ, യതി ജീവിച്ചിരുന്നുവെങ്കിൽ ഷെൽവി കുറേക്കാലംകൂടി ജീവിക്കുമായിരുന്നു’. യതിയുടെ സന്നിധിയിലേക്ക് ശരണാർഥികളായി എത്തുന്നവരെപ്പറ്റി ബോബി ജോസ് കട്ടിക്കാട് പറഞ്ഞതും ഓര്‍മവന്നു.
സന്ന്യാസിയുടെ ദിനചര്യകൾ അവയുടെ യാഥാസ്ഥിതികമാനങ്ങളെ അതിജീവിക്കുമ്പോഴാണ് യതിയെപ്പോലുള്ളവർ പിറക്കുന്നത്. പക്ഷേ, ആലങ്കാരികത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടയാളമേ അല്ല. മനഃശാസ്ത്രം ഉൾപ്പെടെയുള്ള പല കാര്യങ്ങളെക്കുറിച്ചും എഴുതിയതിനുപിന്നിൽ സമാനചിന്താഗതിയുള്ളവരുമായി നടത്തിയ ചർച്ചകളുണ്ട്. ‘Meditations on the Way’, ‘സ്‌നേഹസംവാദം’ എന്നിവയിൽ ആ കൂട്ടായ്മയുടെ സത്ത വേറിട്ടുനിൽക്കുന്നു.
ഒരു വസ്തു അഥവാ ദർശനം അതായിത്തീരുന്നത് ഇതര മൂലകങ്ങളുടെ സാഹോദര്യം കാംക്ഷിക്കുന്നതുകൊണ്ടാണ്. ഇത്തരമൊരു പര്യാലോചന ഗുരുവിന്റെ രചനകളിലാകെ വേരോടിനിൽക്കുന്നുണ്ട്. ആധ്യാത്മികദർശനങ്ങളെ ശാസ്ത്രത്തിന്റെയും കലയുടെയും ചിഹ്നസംസ്‌കൃതിയിലേക്ക് പൊരുത്തപ്പെടുത്തിയ കര്‍മത്തെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. മൂല്യങ്ങളുടെ സമന്വയം ഉതിർക്കുന്ന സംഗീതം ആ രചനകളിൽ നിത്യചൈതന്യമായി പരിലസിക്കുന്നു.


