പ്രപഞ്ചത്തിന്റെ നിഗൂഢതകൾ മുഴുവൻ ഒളിപ്പിച്ചുവച്ച, ദ്രവ്യമാനമോ വൈദ്യുതചാർജോ ഇല്ലാത്ത അതീവ സൂക്ഷ്മകണങ്ങളാണ് ന്യൂട്രിനോകൾ. ഭൗതികശാസ്ത്രത്തിന്റെ സൈദ്ധാന്തികയുക്തികളെ പതിറ്റാണ്ടുകളോളം കുഴക്കിയ ഈ ‘പ്രേതകണങ്ങളെ’ ദക്ഷിണധ്രുവത്തിലെ ഹിമപാളികൾക്കിടയിൽവച്ച് മനുഷ്യൻ വേട്ടയാടിയതിന്റെ ചരിത്രം, കേവലമൊരു ശാസ്ത്രകൗതുകത്തിനപ്പുറം പ്രപഞ്ചപഠനത്തിന്റെ വിശാലമായ അർഥതലങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
മൗലികകണങ്ങളിൽ വച്ച് ഏറ്റവും നിഗൂഢതയാർന്ന കണിക ഏതെന്നു ചോദിച്ചാൽ, ഉത്തരം നിസ്സംശയം പറയാം; അതു ‘ന്യൂട്രിനോ’ (Neutrino) എന്ന കണികയാണെന്ന്. അതിന് വൈദ്യുത ചാർജില്ല, പൂജ്യത്തോടടുത്തുനില്ക്കുന്ന അതീവ ചെറിയൊരു ദ്രവ്യമാനം (Mass) മാത്രം. മറ്റു വസ്തുക്കളുമായുള്ള പ്രതിപ്രവർത്തനം തീരെ ഇല്ലെന്നുതന്നെ പറയാം. ആകെയുള്ളത് അര യൂണിറ്റ് സ്പിൻ (Half-integer spin) അഥവാ ഘൂര്ണനം മാത്രം. കൂടാതെ പ്രകാശവേഗത്തിലുള്ള സഞ്ചാരവും. ഇങ്ങനെയുള്ള ഒരു കണിക എങ്ങനെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു എന്നതും രസാവഹമാണ്.
റേഡിയോ ആക്ടീവ് വസ്തുക്കളിൽ മൂന്നുതരം വികിരണങ്ങളാണ് ഉണ്ടാകുന്നത്; ആൽഫാ, ബീറ്റാ, ഗാമാ രശ്മികൾ. ഇതിൽ ബീറ്റാ രശ്മികൾ എന്നത് ഉന്നതോർജമുള്ള ഇലക്ട്രോണുകളാണ്. ഉയർന്ന ഊർജാവസ്ഥയിൽ നിന്ന് താഴ്ന്ന തലത്തിലേക്ക് വിഘടിക്കുന്ന ഒരു ന്യൂക്ലിയസിൽനിന്ന് ഒരൊറ്റ ഊർജമൂല്യം മാത്രമുള്ള ഇലക്ട്രോണുകളെ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. എന്നാൽ, 1920-കളിൽ നടന്ന പരീക്ഷണങ്ങളിൽ കണ്ടെത്തിയത് ബീറ്റാ കണങ്ങൾക്ക് ഇടതടവില്ലാതെ, നിരന്തരമായി ഊർജവിതരണം നടത്തുന്ന അനേകം ഊർജാവസ്ഥകൾ ഉണ്ടെന്നതാണ്. മിക്ക ബീറ്റാ കണങ്ങൾക്കും പ്രതീക്ഷിച്ച ഊർജനിലയിൽനിന്ന് താഴെയുള്ള ഒരു ഊർജം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന കാര്യം ശാസ്ത്രജ്ഞരെ കുഴക്കി. ഇത്തരമൊരു ഊർജനഷ്ടം എങ്ങനെ സംഭവിക്കുന്നു? 1930-ൽ ജർമൻ ശാസ്ത്രജ്ഞനായ വുൾഫ്ഗാങ് പൗളി (1945-ലെ ഭൗതികശാസ്ത്ര നോബൽ ജേതാവ്) ഇതിനു നിർദേശിച്ച പരിഹാരം രസാവഹമായ ഒന്നായിരുന്നു.
അതുവരെ കണ്ടെത്തിയിട്ടില്ലാത്ത, വൈദ്യുതചാർജില്ലാത്ത, ഘൂര്ണനം അഥവാ സ്പിന് മാത്രമുള്ള ഒരു മൂന്നാംകണിക ബീറ്റാ ഡികെ (Beta decay) പ്രതിഭാസത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു പൗളിയുടെ സിദ്ധാന്തം. കുറെക്കാലത്തേക്ക് ശാസ്ത്രജ്ഞർ ഈ ആശയത്തെ വിശ്വസിക്കാതിരുന്നെങ്കിലും, 1933-ൽ ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ എൻറിക്കോ ഫെർമി (1938-ലെ ഫിസിക്സ് നൊബേൽ ജേതാവ്), ന്യൂട്രിനോ എന്ന കണത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ ഒരു ബീറ്റാ ഡികെ തിയറി രൂപപ്പെടുത്തി. ന്യൂട്രിനോ എന്നാൽ ‘ചെറിയ ന്യൂട്രോൺ’ എന്നാണര്ഥം. തുടർന്നുള്ള പരീക്ഷണങ്ങൾ ഈ സിദ്ധാന്തത്തെ ശരിവച്ചു. ഇങ്ങനെ ന്യൂട്രിനോയുടെ അസ്തിത്വം ഒരു യാഥാർഥ്യമാണെന്നു വന്നുചേർന്നു. വൈദ്യുത ചാർജില്ലാത്ത, മേമ്പൊടിക്കുമാത്രം ദ്രവ്യമാനമുള്ള, മറ്റു വസ്തുക്കളുമായി പ്രതിപ്രവർത്തിക്കാത്ത ഇങ്ങനെയുള്ള ഒരു കണികയെപ്പറ്റി ശാസ്ത്രജ്ഞർ ഒട്ടുവളരെസമയം ചെലവഴിച്ചു. ഇങ്ങനെയൊരു കണിക പ്രകൃതിയിൽ ഇല്ലെങ്കില്പ്പോലും, ഇത്തരമൊന്നിനെ ശാസ്ത്രജ്ഞർ അവരുടെ പണിയായുധങ്ങൾ ഉപയോഗിച്ച് പ്രകൃതിയിൽനിന്ന് അടർത്തിയെടുക്കുമെന്നായിരുന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സർ ആർതർ എഡിങ്ടൺ പ്രസ്താവിച്ചത്.
കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ഒടുവിൽ 1956-ൽ ക്ലൈഡ് കോവൻ, ഫ്രെഡറിക് റെയ്നസ് എന്നീ രണ്ടു അമേരിക്കൻ ശാസ്ത്രജ്ഞർ ന്യൂട്രിനോയെ പരീക്ഷണപരമായി കണ്ടെത്തി. ഒരു ആണവറിയാക്ടറിൽ (Nuclear reactor) നിന്നുള്ള ആന്റി-ന്യൂട്രിനോകളെയാണ് അവർ ഈ പരീക്ഷണത്തിന് ഉപയോഗിച്ചത്. അതീവ ശുദ്ധജലം നിറച്ച ടാങ്കുകളിൽക്കൂടി ന്യൂട്രിനോകൾ സഞ്ചരിക്കുമ്പോൾ, വല്ലപ്പോഴും ഒരു പ്രോട്ടോണുമായി പ്രതിപ്രവർത്തിച്ച് അതിനെ ഒരു ന്യൂട്രോണാക്കിമാറ്റുന്ന രൂപാന്തരണം സംഭവിക്കുന്നു. ഈ പ്രവർത്തനത്തിൽനിന്നുളവാകുന്ന പ്രകാശപുഞ്ജം അവർ ഈ പരീക്ഷണത്തിൽ കണ്ടെത്തി. ഇതിന് ഫ്രെഡറിക് റെയ്നസിന് 1995-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. റെയ്മണ്ട് ഡേവിസ് എന്ന ശാസ്ത്രജ്ഞൻ സൂര്യനിൽനിന്നുള്ള ന്യൂട്രിനോകളെ നിരീക്ഷിക്കുന്നതിൽ വിജയിക്കുകയും, അതിനദ്ദേഹത്തിന് 2002-ലെ നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
ഇത്തരം കണികകൾ അവയുടെ സഞ്ചാരത്തിനിടയ്ക്ക് ഒരുതരം ‘ആൾമാറാട്ടം’ നടത്തുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഉദാഹരണത്തിന്, ഇലക്ട്രോൺ ന്യൂട്രിനോയിൽനിന്ന് മ്യൂ ന്യൂട്രിനോയിലേക്ക്. ഇങ്ങനെ ന്യൂട്രിനോയുടെ രഹസ്യങ്ങൾക്ക് അവസാനമില്ല. ഇതുകൊണ്ടൊക്കെയാണ് അവയ്ക്ക് ‘പ്രേത കണങ്ങൾ’ (Ghost particles) എന്ന പേരു ലഭിച്ചത്. ന്യൂക്ലിയർ പ്രവർത്തനങ്ങൾ നടക്കുന്നിടത്തെല്ലാം ഇവ ഉണ്ടാകുന്നുണ്ട്. നമ്മുടെ സൂര്യൻ തന്നെ വമ്പിച്ചൊരു ന്യൂക്ലിയർ റിയാക്ടർ ആണല്ലോ. സൂര്യനിൽനിന്നും മറ്റു നക്ഷത്രങ്ങളിൽനിന്നും ഒക്കെയായി കോടാനുകോടി ന്യൂട്രിനോകൾ ഓരോ നിമിഷവും നമ്മുടെ ശരീരത്തിൽക്കൂടി കടന്നുപോകുന്നുണ്ട്; നാമത് അറിയുന്നില്ലെന്നു മാത്രം. ഭൂമിയെ തുളച്ചു കടന്നുപോകാൻ ന്യൂട്രിനോകൾക്ക് നിഷ്പ്രയാസം സാധിക്കുന്നു. വല്ലപ്പോഴുമൊക്കെ ഏതെങ്കിലും ഒരു ആറ്റത്തിന്റെ കേന്ദ്രവുമായി കൂട്ടിയിടിച്ചാലായി എന്നുമാത്രം. അതുകൊണ്ട് ഈ പ്രേതകണത്തെ പരീക്ഷണങ്ങൾക്കു വിധേയമാക്കുക എന്നത് അതീവ ദുഷ്കരമായ ഒരു കാര്യമാണ്.
ന്യൂട്രിനോകളെ കണ്ടെത്താൻ ഏറ്റവും നല്ല മാർഗം ശുദ്ധജലത്തെ ഒരു നിദർശകം അഥവാ ഡിറ്റക്ടർ (Detector) ആയി ഉപയോഗിക്കുക എന്നതാണ്. ജലസംഭരണി എത്രത്തോളം വലുതാണോ അത്രയും നല്ലത്. അതാണ് ഇക്കൊല്ലത്തെ നൊബേൽ ജേതാവായ ഫ്രാൻസിസ് ഹാൽസെനെ (Francis Halzen) ദക്ഷിണ ധ്രുവപ്രദേശത്തെ ഹിമപാളികൾ ഒരു ന്യൂട്രിനോ ഡിറ്റക്ടറായി ഉപയോഗിക്കാം എന്ന ആശയത്തിലെത്തിച്ചത്. ദക്ഷിണ ധ്രുവപ്രദേശത്തെ ഹിമപാളികൾ ഭൗമശാസ്ത്രപരമായി സുസ്ഥിരവും സാമാന്യം പരിശുദ്ധവുമാണ്. ഇക്കാര്യങ്ങളാണ് അവിടെ ഒരു നിരീക്ഷണാലയം സ്ഥാപിക്കാൻ 1988-ൽ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ ആശയത്തിന് ശാസ്ത്രലോകത്തിന്റെ പിന്തുണ ലഭിക്കുകയും പ്രാരംഭ പരീക്ഷണങ്ങൾക്കുശേഷം 2010-ൽ അവിടെ ഒരു നിരീക്ഷണശാല (ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി) സ്ഥാപിക്കുകയും ചെയ്തു. ഒരു ക്യുബിക് കിലോമീറ്റർ ഐസ് പാളിയാണ് ഹാൽസെൻ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്. അതായത് ഏതാണ്ട് 91.7 കോടി ലിറ്റർ ജലം. 5160 ഒപ്റ്റിക്കൽ സെൻസറുകൾ അതിനുള്ളിൽ പല സ്ഥലങ്ങളിലുമായി സ്ഥാപിച്ചു. രണ്ടര കിലോമീറ്റർ ആഴത്തിൽ വരെ അതിനുള്ളിൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ന്യൂട്രിനോ സംഘട്ടനത്തിൽ ഉണ്ടാകുന്ന കണികകൾ സൃഷ്ടിക്കുന്ന പ്രകാശത്തിന്റെ മിന്നൽ (flashes)ഈ ഒപ്ടിക്കൽ സെൻസറുകൾ പിടിച്ചെടുക്കുന്നു. പ്രപഞ്ചത്തിന്റെ വിദൂരകോണുകളിൽനിന്നു വന്നെത്തുന്ന ഉന്നതോർജമുള്ള ന്യൂട്രിനോകളെ ഇപ്രകാരം നിരീക്ഷിക്കാൻ ഹാൽസെനു കഴിഞ്ഞു. 2018-ൽ ആകാശഗംഗയ്ക്ക് പുറത്തുള്ള ഒരു അതിഭീമൻ തമോഗർത്തത്തിൽനിന്നുള്ള ന്യൂട്രിനോകളെ അവർ ആദ്യമായി കണ്ടെത്തി. പ്രപഞ്ചത്തിന്റെ അതിവിദൂരതയിൽ നടക്കുന്ന ഖഗോളപ്രതിഭാസങ്ങളുടെ വിശദാംശങ്ങളറിയാൻ ഇത്തരം ന്യൂട്രിനോ ടെലിസ്കോപ്പുകൾ ഉപയോഗിക്കാമെന്ന് ഈ നിരീക്ഷണത്തിലൂടെ ഹാൽസെൻ തെളിയിച്ചു.
1944-ൽ ബെൽജിയത്തിലെ ടിയനെനിലാണ് ഫ്രാൻസിസ് ഹാൽസെൻ ജനിച്ചത്. 1969-ൽ ബെൽജിയത്തിലെ ലൂവെയ്ൻ (Louvain) കാത്തലിക് സർവകലാശാലയിൽനിന്ന് പി.എച്ച്ഡി നേടി. 1972 വരെ ജനീവയിലെ സേണിൽ (CERN) പ്രവർത്തിച്ചു. തുടർന്ന് യു.എസിലെ മാഡിസണിലുള്ള വിസ്കോൺസിൻ സർവകലാശാലയിൽ പ്രഫസറായി. ഇപ്പോൾ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏകദേശം 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (1.2 ദശലക്ഷം യു.എസ്. ഡോളർ) ആണ് അദ്ദേഹത്തിന് സമ്മാനത്തുകയായി ലഭിക്കുക. ഐസ് ക്യൂബ് ഗവേഷക സംഘത്തിൽ കോഴിക്കോട് ചാലപ്പുറം സ്വദേശി അശ്വതി ബാലഗോപാലനും ഉണ്ടെന്നുള്ളത് മലയാളികൾക്ക് സന്തോഷത്തിനു വകയുള്ള കാര്യമാണ്.
(ലേഖകൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിന്റെ സ്ഥാപക ഡയറക്ടറാണ്).


