ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ ഹാബർമാസ്. വിയോജിപ്പുകൾ അടിച്ചമർത്തപ്പെടുകയും സംവാദങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ഹാബർമാസ് എന്ന തത്ത്വചിന്തകൻ എങ്ങനെയാണ് കാലത്തെ അതിലംഘിക്കുന്ന ഒരു പ്രവാചകശബ്ദമായി മാറുന്നതെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനം.
2026 മാർച്ച് 14-നാണ് ജർമനിയിലെ മ്യൂണിക്കിനടുത്തുള്ള സ്റ്റാർൺബർഗിൽ യൂർഗൻ ഹാബർമാസ് അന്തരിച്ചത്. 96 വർഷം നീണ്ട ആ ജീവിതം സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തത്ത്വചിന്തയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ഹാബർമാസ് ഉൾപ്പെട്ട ഫ്രാങ്ക്ഫുർട്ട് സ്കൂളിലെ (Frankfurt School) ചിന്തകർ സുപ്രധാന പങ്കുവഹിച്ചു. സമൂഹത്തെയും അതിന്റെ ഘടനാപരമായ സംവിധാനങ്ങളെയും വിമർശനബുദ്ധ്യാ വിലയിരുത്തി, എല്ലാവിധ അസമത്വങ്ങളും ഉച്ചനീചത്വങ്ങളും തുടച്ചുനീക്കുന്നതിൽ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചവരാണ് ഫ്രാങ്ക്ഫുർട്ട് സ്കൂളിലെ ദാർശനികർ. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സീമാതീതമായ വളർച്ച മനുഷ്യവിമോചനത്തിന് വേണ്ടത്ര ഉപകരിക്കാതെ, കോർപ്പറേറ്റ് ഭീമന്മാരുടെ ലാഭേച്ഛയ്ക്കുള്ള ഉപാധിയായി മാറിയപ്പോൾ ചോദ്യങ്ങളിലൂടെയും ചർച്ചകളിലൂടെയും മനുഷ്യരാശിക്കുമുന്നിൽ പ്രതിഷേധസ്വരം ഉയർത്തിയവരാണിവർ.
ആദ്യകാല ഫ്രാങ്ക്ഫുർട്ട് ചിന്തകർ സാമൂഹികസംവിധാനങ്ങളെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നതിൽ വ്യാപൃതരായപ്പോൾ, ഹാബർമാസ് സാമൂഹികജീവിതത്തിലെ ആശയസംവേദനങ്ങളെ (Social communication) യുക്തിയിലധിഷ്ഠിതമായ (Reason-oriented) ജനാധിപത്യത്തിലേക്ക് നയിക്കുന്നതിലാണ് താത്പര്യം കാണിച്ചത്. ജനാധിപത്യത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹികജീവിതവും രാഷ്ട്രീയവും അധികാരത്തിനും ചൂഷണത്തിനുമുള്ള ഉപാധികളായി മാറുകയും എല്ലാ മാനുഷികമൂല്യങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സംവാദകേന്ദ്രിതമായ (Discourse-based) ഒരു വിപ്ലവശൈലിയെ ലോകം പുൽകണമെന്ന് നിരന്തരം ആഹ്വാനംചെയ്ത ചിന്തകനായിരുന്നു ഹാബർമാസ്. മനുഷ്യന്റെ ഉന്നമനത്തിനും സാമൂഹികക്ഷേമത്തിനും ജനാധിപത്യം ഉപകരിക്കണമെങ്കിൽ, നിർവചിക്കപ്പെടേണ്ടതും നിറവേറ്റപ്പെടേണ്ടതുമായ ചില സത്യങ്ങളെ ഹാബർമാസ് തന്റെ ചിന്തകളിലൂടെ എപ്രകാരം അടയാളപ്പെടുത്താൻ ശ്രമിച്ചുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഭാഷയിൽ രൂപപ്പെട്ട സാമൂഹികദർശനം
1929 ജൂൺ 18-ന് ജർമനിയിലെ ഡ്യൂസൽഡോർഫിലാണ് (Düsseldorf) ഹാബർമാസ് ജനിച്ചത്. മുറിച്ചുണ്ടുമായി (Cleft palate) ജനിച്ച അദ്ദേഹത്തിന് അഞ്ചുവയസ്സിനുള്ളിൽ രണ്ട് പ്രധാന ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടിവന്നു. രോഗാതുരമായ ബാല്യകാലത്ത് സഹപാഠികൾ അദ്ദേഹത്തെ ‘മൂക്കുമുണ്ടനെന്നും’ ‘തൊണ്ടനെന്നും’ വിളിച്ച് പരിഹസിച്ചപ്പോൾ, ഭാഷയ്ക്ക് മനുഷ്യനെ അസാധാരണമാംവിധം മുറിവേൽപ്പിക്കാനാകുമെന്ന പൊള്ളുന്ന യാഥാർഥ്യം ഹാബർമാസ് തിരിച്ചറിഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലർ അനുയായിയായ ജോസഫ് ഗീബൽസിലൂടെ ഭാഷയുടെ സാധ്യതകളുപയോഗിച്ച് പ്രാവർത്തികമാക്കിയ ‘ദി ബിഗ് ലൈ’ (The Big Lie) എന്ന സിദ്ധാന്തവും, അസത്യത്തെ പുൽകുന്ന ഭാഷയുടെ വികലരൂപവും ഹാബർമാസിൽ ഞെട്ടലുളവാക്കി. ആവർത്തിച്ചും പെരുപ്പിച്ചും സൃഷ്ടിക്കപ്പെടുന്ന പച്ചക്കള്ളങ്ങൾക്ക് സത്യത്തിന്റെ പരിവേഷം ചാർത്തിക്കൊടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഗീബൽസിയൻ തന്ത്രത്തിന്റെയും വംശശുദ്ധിയുടെയും പേരിൽ നടന്നത്. അധികാരം കൈയാളുന്നതിനും ഹിംസയുടെയും ഉന്മൂലനത്തിന്റെയും പാതകൾ തിരഞ്ഞെടുക്കുന്നതിനും ഭാഷയിൽ പൊതിഞ്ഞ ഇത്തരം ‘പൊള്ളയായ സത്യങ്ങൾ’ കാരണമായെന്ന് അദ്ദേഹം മനസ്സിലാക്കി. അസത്യത്തിലൂടെയും കുപ്രചാരണത്തിലൂടെയും വികലമാക്കപ്പെട്ട ഭാഷയ്ക്കുപകരം, നീതിയുടെയും സാഹോദര്യത്തിന്റെയും സംസ്കാരം ഭാഷയിലൂടെ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരസ്മരണകളിൽനിന്നും ഹാബർമാസിന് ബോധ്യപ്പെട്ടു. ഭാഷയുടെ അന്തസ്സത്ത എല്ലാവരെയും ഉൾക്കൊള്ളുന്നതിലാണ് (Inclusiveness) അടങ്ങിയിരിക്കുന്നതെന്നും, പരമ്പരാഗത തത്ത്വചിന്ത തലോലിച്ചുപോന്നിരുന്ന ഉണ്മയുടെ (Essence) തോടുപൊട്ടിച്ച് സമഗ്രമായ സാമൂഹികദർശനരൂപീകരണത്തിൽ മനുഷ്യർ പങ്കാളികളാകണമെന്നും അദ്ദേഹം മനുഷ്യരാശിയെ ഓർമപ്പെടുത്തി. വാക്കുകളും ചിന്തകളും സാഹോദര്യത്തെയും സമഗ്രതയെയും ശിഥിലീകരിക്കാനല്ല ഉപയോഗിക്കേണ്ടത്. മറിച്ച്, അവ സത്യാന്വേഷണത്തിനും പരസ്പരസഹകരണത്തിനും ഫലപ്രദമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ വൈവിധ്യങ്ങളെയും അന്തരങ്ങളെയും ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനുമുള്ള മനോനിലയിലേക്ക് മനുഷ്യർ ഉയരുകയുള്ളൂ.
പൊതുമണ്ഡലവും സംവാദപരമായ യുക്തിഭദ്രതയും
പൊതുനന്മയിൽ (Common good) കേന്ദ്രിതമായ രാഷ്ട്രീയം പിറക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുകയും ശ്രവിക്കുകയും ചെയ്യുന്ന ജനാധിപത്യവ്യവസ്ഥയിലാണ്. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന ജനാധിപത്യം പിറക്കുന്നതും തഴച്ചുവളരുന്നതും മനുഷ്യൻ സ്വതന്ത്രമായി രാഷ്ട്രീയത്തെയും സംസ്കാരത്തെയും സമൂഹത്തെയും കുറിച്ച് ചർച്ചചെയ്യുന്ന ‘പൊതുമണ്ഡലം’ (Public sphere) എന്ന പവിത്രമായ ഇടത്തിലാണ്. 1962-ൽ പ്രസിദ്ധീകരിച്ച ‘Structural Transformation of the Public Sphere’ എന്ന ഗ്രന്ഥത്തിലാണ് ഹാബർമാസ് ആദ്യമായി പൊതുമണ്ഡലത്തെക്കുറിച്ചുള്ള സൂചന നൽകുന്നത്. ജനാധിപത്യസംവിധാനത്തിൽ ഭരണകൂടത്തിനും ജനങ്ങളുടെ സ്വകാര്യജീവിതത്തിനും ഇടയിലുള്ള ഒരു തുറന്നവേദിയായാണ് പൊതുമണ്ഡലത്തെ ഹാബർമാസ് വിവക്ഷിക്കുന്നത്. പൗരന്മാർ സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടുത്തുകയും ഭയരഹിതമായി സാമൂഹികജീവിതത്തെയും പൊതുനന്മയെയും കുറിച്ചുള്ള ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നത് ചായക്കടകൾ, വായനശാലകൾ, മാധ്യമങ്ങൾ എന്നിവയിലൂടെയായിരുന്നു. വാണിജ്യവത്കരണത്തിന്റെയും ലാഭക്കൊതിയുടെയും നിഴലുകൾ പതിക്കുകയും സ്മാർട്ട്ഫോണും സാമൂഹികമാധ്യമങ്ങളും പൊതുഇടങ്ങളിലെ ആശയസംവേദനങ്ങളെ വിഴുങ്ങുകയും ചെയ്തതോടെ, പൊതുമണ്ഡലത്തിന്റെ ഗുണനിലവാരം ഗണ്യമായി ഇടിഞ്ഞുതുടങ്ങി എന്നത് യാഥാർഥ്യമാണ്. അധികാരവും ലാഭക്കൊതിയും ജനാധിപത്യസംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭരിക്കുകയും നിർവചിക്കുകയും ചെയ്യുമ്പോൾ, മനുഷ്യർ തങ്ങളുടെ ചിന്തകളെയും സർഗാത്മകതയെയും കേവലയുക്തിയിൽ (Instrumental reason) കെട്ടിയിടുന്നു എന്നാണ് ഹാബർമാസിന്റെ വാദം. ഈ കേവലയുക്തിയിൽനിന്നു മാറി പരസ്പരധാരണയിലൂടെയും സമവായത്തിലധിഷ്ഠിതമായ സംവാദങ്ങളിലൂടെയും മാത്രമേ സംവാദപരമായ യുക്തിഭദ്രതയിലേക്ക് (Communicative rationality) ജനാധിപത്യസമൂഹം വളരുകയുള്ളൂ. മാധ്യമങ്ങൾ വെറും വാർത്താവിതരണക്കാരായി മാത്രം ഒതുങ്ങാതെ, ജനാധിപത്യമൂല്യങ്ങളെ ചൂണ്ടിക്കാണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടങ്ങളായി രൂപാന്തരപ്പെടണം. അത്തരമൊരു സാമൂഹികവ്യവസ്ഥിതിയിൽ, ജനാധിപത്യമെന്നാൽ വോട്ടവകാശം മാത്രമാണെന്ന പതിവ് ക്ലീഷേയിൽനിന്ന് ഉത്തരവാദിത്വമുള്ള പൗരബോധത്തിലേക്കുള്ള പൊളിച്ചെഴുത്താണ് നടക്കുന്നത്.
നിശ്ശബ്ദമാക്കപ്പെടുന്ന ആശയസംവേദനങ്ങൾ
ഹാബർമാസ് വിഭാവനം ചെയ്യുന്ന പൊതുമണ്ഡലം ആശയസംവേദനത്തിനുള്ള ഇടമാണ്. എതിർപ്പിന്റെ സ്വരം ചെവിക്കൊള്ളാനും അതിനെ വിമർശനബുദ്ധ്യാ പരിഗണിക്കാനും അധികാരത്തിലിരിക്കുന്നവർ തയ്യാറാകുമ്പോഴാണ് ജനാധിപത്യം ജനങ്ങളുടേതായി മാറുന്നത്. പ്രതിഷേധസ്വരങ്ങളെ പ്രതിരോധിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നിടത്ത് ജനാധിപത്യമൂല്യങ്ങളുടെ അങ്കുരങ്ങൾതന്നെ നശിച്ചുപോകുന്നു. 1942-ൽ ജർമനിയിലെ മ്യൂണിക്കിൽ ‘വൈറ്റ് റോസ്’ (White Rose) എന്ന പേരിൽ ഒരുപറ്റം വിദ്യാർഥികൾ ഒരു പ്രതിഷേധസംഘടന രൂപീകരിച്ചു. നാസി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കും കൂട്ടക്കൊലകൾക്കുമെതിരെ പ്രതിഷേധസൂചകമായി ഭരണകൂടത്തെ അപലപിച്ചുകൊണ്ട് അവർ ലഘുലേഖകൾ വിതരണം ചെയ്തു. പ്രതിഷേധങ്ങളെ ഭീഷണിയായിക്കണ്ട നാസി ഭരണകൂടം ‘വൈറ്റ് റോസി’ലെ വിദ്യാർഥികളെ ക്രൂരമായി അടിച്ചമർത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. സോഫി ഷോൾ എന്ന ഇരുപത്തിരണ്ടുകാരി വധശിക്ഷയ്ക്ക് തൊട്ടുമുൻപ് തന്റെ കുറ്റപത്രത്തിന്റെ മറുവശത്ത് ‘സ്വാതന്ത്ര്യം’ (Freiheit) എന്ന് കുറിച്ചുവെച്ചു. എതിരഭിപ്രായങ്ങൾ സ്വതന്ത്രമായ ചർച്ചകൾക്കും പരിഗണനകൾക്കും വിധേയമാകാതിരിക്കുകയും, അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ തടിച്ചുകൊഴുത്ത് സ്വന്തം അധികാരസംരക്ഷണത്തിനായി മറ്റുള്ളവരെയെല്ലാം കരുവാക്കുകയും ചെയ്യുമ്പോൾ, ജനങ്ങൾക്ക് അവകാശങ്ങൾക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരുന്ന കാഴ്ചകൾ പെരുകും.
യൂർഗൻ ഹാബർമാസ്, റിച്ചാർഡ് റോർട്ടി (Richard Rorty), മിഷേൽ ഫൂക്കോ (Michel Foucault) തുടങ്ങിയ ചിന്തകരിലൂടെ പ്രശസ്തിയാർജിച്ച ‘സാമൂഹിക നിർമിതിവാദത്തിന്റെ’ (Social constructivism) അന്തസ്സത്തതന്നെ, സത്യം (Truth) എന്നത് കണ്ടെത്തേണ്ട ഒന്നല്ല, മറിച്ച് സംവാദങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ് എന്നതാണ്. സംവാദങ്ങൾ നിശ്ശബ്ദമാക്കപ്പെടുന്നിടത്ത് അരാജകത്വവും അധികാരധാർഷ്ട്യവും കൊടികുത്തിവാഴുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് മങ്ങലേൽക്കുമ്പോൾ ലോകം വീണ്ടും വായിക്കേണ്ടത് ഹാബർമാസിന്റെ ചിന്തകളെയാണ്. സ്വതന്ത്രമായി രാഷ്ട്രീയം സംസാരിക്കാനും ശരിയായ രാഷ്ട്രീയബോധ്യത്തിലേക്ക് (Political consciousness) ഉയരാനും തക്കവിധമുള്ള സംവാദ ഇടങ്ങൾ രൂപപ്പെടുമ്പോൾ അത് ജനാധിപത്യത്തിന്റെ കാവലായി മാറുന്നു. ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം യൂർഗൻ ഹാബർമാസ് എന്ന ചിന്തകനും പ്രസക്തിയുണ്ടാകും. അദ്ദേഹത്തിന്റെ ഈ വാക്കുകൾ കാലത്തെ അതിലംഘിക്കുന്ന പ്രവാചകശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കും:
“The public sphere is where subjects participate as equals in rational discussion in pursuit of truth and the common good. As ideas, openness, inclusiveness, equality and freedom were beyond reproach.”
— Jürgen Habermas


