കൊടിയേറ്റവും കൊടിയിറക്കവും – ഫാ. ഡോ.കെ.എം. ജോര്‍ജ്
നവസംന്യാസത്തിന്റെ സര്‍ഗ്ഗസംവേദന സാധ്യതകള്‍
കോവിഡാനന്തര ലോകത്തില്‍ ഒരു നവീന സംന്യാസ പ്രസ്ഥാനത്തിന്റെ സാധ്യതയെക്കുറിച്ച് മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ദലൈലാമയുടെയും പ്രവാസജീവിതശൈലിയും വ്യക്തിപരമായ നയങ്ങളും സൂചിപ്പിക്കുന്നതുപോലെ ഒരു വിരക്ത പ്രതിബദ്ധത കുറെ ആളുകളെ എങ്കിലും ആകര്‍ഷിക്കാനിടയുണ്ട്. ഔദ്യോഗികമായി ഒരു പ്രത്യേക ജനവിഭാഗത്തിന്റെ നേതൃസ്ഥാനം വഹിക്കവേ അതില്‍ ആസകലം മുങ്ങാതെ അതിനോട് നിസ്സംഗത പുലര്‍ത്തിക്കൊണ്ടുതന്നെ, അതുപയോഗിച്ച് മനുഷ്യരാശിയോടും മാനുഷികമൂല്യങ്ങളോടും സമര്‍പ്പണബോധവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനെയാണ് വിരക്ത പ്രതിബദ്ധത എന്നു വിശേഷിപ്പിച്ചത്. ഇവിടെ പ്രസിഡന്റ് ട്രംപിനെപ്പോലെ വിരക്തിയോ വിശിഷ്യാ പ്രതിബദ്ധതയോ ഇല്ലാതെ സ്വാര്‍ത്ഥബദ്ധമായ രാഷ്ട്രീയ പ്ലവത്വം പ്രകടിപ്പിക്കുന്ന വ്യക്തികളെ പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല. അവരാണ് സമൂഹത്തില്‍ നാം കാണുന്ന ബഹുഭൂരിപക്ഷം നേതൃരൂപങ്ങളും.
ഫ്രഞ്ചുസര്‍ക്കാരില്‍ മന്ത്രിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അലന്‍ പെയ്ര്‍ഫിറ്റ് 1973-ല്‍ എഴുതിയ ചൈന ഉണരുമ്പോള്‍ ലോകം വിറയ്ക്കും എന്ന പുസ്തകം വളരെ പ്രസിദ്ധമായതാണ്. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഷാര്‍ല്ദ്ടഗാളിന്റെ ആരാധകനും അനുഗാമിയുമായിരുന്ന പെയ്ര്‍ഫിറ്റ് ഒരു ഔദ്യോഗിക ഡലിഗേഷന്റെ തലവനായി 1971-ല്‍ ചൈന സന്ദര്‍ശിച്ചു. ചെയര്‍മാന്‍ മാവോസേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവം കത്തിനിന്ന സമയമായിരുന്നു. ആ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പെയ്ര്‍ഫിറ്റ് എഴുതിയ പുസ്തകം കുറെ വിവാദങ്ങളും സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ചൈനാക്കാരുടെ രക്തം ചിന്തിയ മാവോയുടെ സാംസ്‌കാരിക വിപ്ലവത്തെ വേണ്ടത്ര വിമര്‍ശിച്ചില്ല എന്നതായിരുന്നു ആരോപണം. യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രം നന്നായി പഠിച്ചിരുന്ന ഗ്രന്ഥകാരന്‍ ചൈന മുഴുവന്‍ ഒരു സന്യാസാശ്രമം പോലെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്നെഴുതി. സമൂഹത്തില്‍ പദവികളുടെയും സ്ഥാനങ്ങളുടെയും വലിപ്പച്ചെറുപ്പം കൂടാതെ എല്ലാവരും ഒരേ വസ്ത്രം ധരിക്കയും ഒരേ ഭക്ഷണം കഴിക്കയും ചുമതലപ്പെടുത്തുന്ന ഏതു ജോലിയും അനുസരണയോടും സമര്‍പ്പണത്തോടും കൂടി നിര്‍വഹിക്കുകയും ചെയ്യുന്നത് നിരീക്ഷിച്ച ഫ്രഞ്ച് പണ്ഡിതന് സ്വാഭാവികമായും അത്തരമൊരു ജീവിതശൈലിക്ക് യൂറോപ്പിലെ മധ്യകാല സന്യാസപ്രസ്ഥാനവുമായുള്ള സാമ്യം തോന്നിയതില്‍ അത്ഭുതമില്ല. ലോകത്തെ ഞെട്ടിപ്പിക്കുന്ന വന്‍ ക്രൂരതകള്‍ ചൈനയില്‍ അക്കാലത്ത് അരങ്ങേറിയെങ്കിലും അതിശക്തമായ ഒരു ജനതയായിത്തീരാന്‍ ആവശ്യമായ അച്ചടക്കവും ത്യാഗവും അദ്ധ്വാനവും അവര്‍ കൈവരിക്കാന്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ അടിച്ചേല്‍പ്പിക്കലുകള്‍ നിമിത്തമായിത്തീര്‍ന്നു എന്നാണ് പെയ്ര്‍ഫിറ്റ് സൂചിപ്പിച്ചത്.
പുസ്തകത്തിന്റെ ശീര്‍ഷകമായി കൊടുത്തിരിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നടത്തി എന്നു പറയപ്പെടുന്ന പ്രവചനഭാഗമാണ്. ചൈനയെ ഒരു സിംഹത്തോട് ഉപമിച്ച് നെപ്പോളിയന്‍ പറഞ്ഞുവത്രേ: ‘ഇപ്പോള്‍ അത് ഉറങ്ങട്ടെ. അതുണരുമ്പോള്‍, ലോകം ഞെട്ടിത്തെറിക്കും!” അതായത് തികച്ചും സംഘടിതവും സംഘടിത മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്തിയതുമായ ഒരു സന്യാസശൈലിയുടെ അര്‍ത്ഥത്തിലല്ല. ചരിത്രപരമായ പരിണാമവികാസങ്ങളില്‍ മതങ്ങള്‍ക്കും അവയില്‍ നിന്നുല്‍ഭവിച്ച പല പ്രസ്ഥാനങ്ങള്‍ക്കും കാര്യമായ പോറലുകള്‍ ഏറ്റിട്ടുണ്ടെന്നും അവയുടെ വിശ്വാസ്യതയ്ക്ക് കുറെയേറെ ഭംഗം വന്നിട്ടുണ്ടെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. ബൗദ്ധ, ക്രൈസ്തവ സന്യാസ പ്രസ്ഥാനങ്ങള്‍ ഉദാഹരണം മാത്രമാണ്.
എന്നാല്‍ സംന്യാസം അതിന്റെ ആദിരൂപങ്ങളില്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ചില മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങള്‍ ചിരസ്ഥായികളാണെന്നും ഇനിമേല്‍ കോവിദരീക്ഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമായ നമ്മുടെ ലോകത്തില്‍ അവ വളരെയേറെ പ്രസക്തങ്ങളാണെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് നവസംന്യാസത്തെക്കുറിച്ച് ഇവിടെ പറയുന്നത്.
പാപ്പാ ഫ്രാന്‍സിസും പതിനാലാം ദലൈലാമയും പ്രവാസികളാണെന്ന് അവരുടെ ആത്മാവബോധത്തില്‍നിന്നുതന്നെ തെളിയുന്നുണ്ട്. ഇക്കാര്യം നാം ആദ്യമേ സൂചിപ്പിച്ചു. രണ്ടുപേരും സത്രവാസികളാണെന്നും പറഞ്ഞു. തീര്‍ത്ഥാടകരാണ് രണ്ടുപേരും.
നവസംന്യാസത്തില്‍ ഇതൊക്കെ പ്രധാനമാണ്. ലോകം മുഴുവനും ലോക്ഡൗണ്‍ ഉണ്ടാവുകയും നമുക്ക് ഓടി രക്ഷപ്പെടാനും അഭയം തേടാനും ഈ ഭൂമിയില്‍ ഒരിടവും ഇല്ലാതാവുകയും ചെയ്തപ്പോള്‍ എല്ലാ മനുഷ്യരും പ്രവാസികളായി. ഈ ലോകം തന്നെ അതായത് നാം സൃഷ്ടിച്ച നഗരങ്ങളും ആരാധനാലയങ്ങളും ഓഫീസുകളും വ്യവസായങ്ങളും വിനോദകേന്ദ്രങ്ങളും നമുക്ക് അന്യവും പരദേശികവുമായിമാറി.