അവബോധത്തിന്റെ ഉറവിടം – ഡോ.സി.പി. ഗിരിജാ വല്ലഭന്
മനുഷ്യന് വിദൂരതയിലേക്ക് നോക്കാന്‍ അനായാസേന കഴിയും. ലക്ഷക്കണക്കിന് പ്രകാശവര്‍ഷം ദൂരെയുള്ള നക്ഷത്രങ്ങളെയും അതിഭീമങ്ങളായ ഗാലക്സികളെയും ഒക്കെ കാണാനും അനന്തതയുടെ അപാരത ആസ്വദിക്കാനും ഒരുപക്ഷേ, മനുഷ്യനു മാത്രമേ കഴിയൂ. ദൃശ്യഗോചരങ്ങളായ ഇത്തരം വസ്തുക്കളെ പൊതുവേ സ്ഥൂല വസ്തുക്കളെന്ന് വിളിക്കാം. ന്യൂട്ടന്റെ ചലനനിയമങ്ങളെ അനുസരിച്ചാണ് ഇവയൊക്കെ പെരുമാറുന്നത്- അതായത് ക്ലാസ്സിക്കല്‍ ഭൗതികത്തിന്റെ നിയമങ്ങള്ക്കാനുസാരമായി. ചന്ദ്രയാനും മംഗള്‍യാനുമൊക്കെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് ക്ലാസിക്കല്‍ ഭൗതികത്തിന്റെ സഹായത്താലാണ്. സ്ഥൂലവസ്തുക്കളെയൊക്കെ നിര്‍മിച്ചിരിക്കുന്നത് സൂക്ഷ്മങ്ങളായ പരമാണുക്കളെ കൊണ്ടാണെന്നു നമുക്കൊക്കെ അറിയാം. പരമാണുക്കളുടെ ഘടകങ്ങളായ ഇലക്ട്രോണുകളും പ്രോട്ടോണുകളുമെല്ലാം നഗ്നനേത്രങ്ങളെക്കൊണ്ടെന്നല്ല, ഉപകരണങ്ങളുടെ സഹായത്തോടെപോലും കാണാന്‍ കഴിയാത്തത്ര സൂക്ഷ്മതരങ്ങളാണ്. ഇത്തരം സൂക്ഷ്മ വസ്തുക്കളുടെ ബലതന്ത്രം ക്ലാസിക്കല്‍ ബലതന്ത്രത്തില്നിന്നു തികച്ചും വിഭിന്നമാണ്. സൂക്ഷ്മ വസ്തുക്കള്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ നിയമങ്ങള്‍ ആണ് അനുസരിക്കുന്നത്.
സ്ഥൂല വസ്തുക്കളുടെ ചലനനിയമങ്ങളെ അപേക്ഷിച്ച് ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങള്‍ നമുക്ക് അല്പം വിചിത്രമായി തോന്നാം. ഉദാഹരണത്തിന് ഒരിലക്ട്രോണിന് ഒരേസമയം ഒരു കണികയായും ഒരു തരംഗമായും പെരുമാറുക സാധ്യമാണ്. അതുകൊണ്ടു ഒരിലക്ട്രോണിനെ ഒരു ‘കൂട്ടി’ലടച്ചാല് അതില്‍നിന്നു നിഷ്പ്രയാസം ഊര്ന്നിറങ്ങിപ്പോരാന് അതിനു കഴിയും. ഇങ്ങനെയാണ് ആല്‍ഫ കണങ്ങള്‍ അണുകേന്ദ്രങ്ങളില്നിന്നു നിര്‍ഗമിക്കുന്നത്. കൂടാതെ ഒരിലക്ട്രോണിന്റെ സ്ഥാനവും ആവേഗവും കൃത്യമായി ഒരേസമയം നിര്‍ണയിക്കുക അസാധ്യമാണ്. ഇതാണ് ഹൈസന്‍ബെര്‍ഗിന്റെ സുപ്രസിദ്ധമായ ‘അനിശ്ചിതത്വ നിയമം’. അതായത് ക്ലാസ്സിക്കല്‍ ഭൗതികത്തിലുള്ള സുനിശ്ചിതത്വം ഇവിടെ അനിശ്ചിതത്വമായി മാറുന്നു. പരസ്പരം വികര്‍ഷിക്കുന്ന രണ്ടിലക്ട്രോണുകള്ക്ക് ഒരു ഹൈഡ്രജന്‍ തന്മാത്രയില് സഹകരിച്ച് പ്രവര്‍ത്തിച്ച് ഒരു കോവാലന്റ് ബന്ധനം രൂപപ്പെടാന്‍ തീരെ പ്രയാസമില്ല. ഇങ്ങനെ പരമാണുക്കള്‍ കൂടിചേര്‍ന്ന് തന്മാത്രകളുണ്ടാകാനായി ക്വാണ്ടം പ്രഭാവങ്ങള്‍ കൂടിയേ തീരൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ന്യൂട്ടന്റെ ഭൗതികം മാത്രമേ ഈ ലോകത്തുള്ളൂ എങ്കില്‍ നിങ്ങളും ഞാനും ഇവിടെ ഉണ്ടായിരിക്കേണ്ട കാര്യമില്ല! ജീവന്റെ ഉല്‍ഭവത്തിനും നിലനില്‍പ്പിനും പരിണാമത്തിനും ഒക്കെ ക്വാണ്ടം പ്രതിഭാസങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ജീവന്റെ കോഡ് തന്നെ ഡി.എന്‍.എ. തന്മാത്രയിലാണ് കുറിച്ചിട്ടിരിക്കുന്നതെന്ന് ഇന്ന് ഏത് സ്കൂള്‍ വിദ്യാര്‍ത്ഥിക്കും അറിയാം. ക്വാണ്ടം ജീവശാസ്ത്രം (ക്വാണ്ടം ബയോളജി) എന്നൊരു ശാസ്ത്രശാഖ തന്നെ അടുത്തിടെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍ നമ്മുടെ പ്രത്യേകശ്രദ്ധ പതിയേണ്ട ഒരു പ്രതിഭാസമാണ് ‘ക്വാണ്ടം എന്ടാങ്കിള്മെന്റ്’ അഥവാ ക്വാണ്ടം കെട്ടുപിണയല്‍. ഒരു കണികയ്ക്ക് അതിന്റെ ചില പരിമാണങ്ങള്‍ (ഉദാ: സ്പിന്‍ അഥവാ ഘൂര്‍ണനം), സമാനമായ മറ്റൊരു കണികയുമായി പങ്ക്വയ്ക്കുക സാധ്യമാണ്. ഒരിലക്ട്രോണിന്റെ കാര്യമെടുത്താല്‍ അതിന്റെ സ്പിന്‍ വിദൂരത്തുള്ള മറ്റൊരു ഇലക്ട്രോണിന്റെ സ്പിന്നുമായി ബന്ധപ്പെട്ടിരിക്കാം. അങ്ങനെ വരുമ്പോള്‍ ഒരിലക്ട്രോണിനെ നിരീക്ഷിച്ചാല്‍ മറ്റെതിന്റെ ഗുണഗണങ്ങള്‍ അളക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാം. ദൂരവും സമയവുമൊന്നും ഇവിടെ പ്രതിബന്ധങ്ങള്‍ ആവില്ല. രണ്ടാമത്തെ ഇലക്ട്രോണ്‍ പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും ഒരു കോണിലായാലും ഇതിനു വ്യത്യാസമില്ല. ചുരുക്കത്തില്‍ ക്വാണ്ടം ഭൗതികത്തില്‍ ഒന്നും മറ്റൊന്നില്‍ നിന്നും അന്യമല്ലതന്നെ!
മനുഷ്യന്റെ (ഒരുപക്ഷേ ചില ജന്തുക്കളുടേയും) സവിശേഷവും അമൂല്യവും ആയ സത്ത അവന്റെ അവബോധം അഥവാ ‘കോണ്‍ഷിയസ്നെസ്’ ആണ്. മനുഷ്യാവബോധത്തിന്റെ ഉല്‍ഭവത്തിന്റെയും ഉറവിടത്തിന്റെയും പഠനങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശാസ്ത്രത്തിന്റെ അവസാനത്തെ അതിര്‍വരമ്പ് അവബോധത്തെ കുറിച്ചുള്ള പഠനങ്ങളിലാണ് എത്തിനില്‍ക്കുന്നത്. ന്യൂറോളജി, ആനിസ് തീസ്യോളജി തുടങ്ങിയ ശാസ്ത്ര ശാഖകളാണ് പരമ്പരാഗതമായി ഈ വിഷയത്തില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ക്വാണ്ടം ഭൗതികത്തിന് ഇവിടെ എന്താണ് കാര്യം? ബോധത്തിന്റെ ഇരിപ്പടം മനുഷ്യ മസ്തിഷ്ക്കമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ് (നാഡീഘടന മുഴുവനും കൂടിയാണ് ബോധമുളവാക്കുന്നതെന്നൊരു പക്ഷവുമുണ്ട്).