ആത്മീയമായ കലാപമാണ് എഴുത്ത്
അഭിമുഖം : പെരുമ്പടവം ശ്രീധരന്/ അഗസ്റ്റിന് പാംപ്ലാനി
ആത്മീയമായ കലാപമാണ് എഴുത്ത്
?ചെറുപ്പകാലത്ത് സ്വപ്നങ്ങള്‍ കാണരുതെന്ന് സ്വയം പഠിപ്പിച്ചുകൊണ്ടിരുന്ന ആളാണല്ലോ താങ്കള്‍. അതു വലിയ അസ്തിത്വപരമായ ചിന്തയാണ്. ജീവിതത്തിന്റെ പരുപരുപ്പന്‍ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് വന്ന വ്യക്തി എന്നനിലയില്‍ എങ്ങനെയാണ് കാവ്യലോകത്തിന്റെ അനുഭൂതിയിലേക്ക് കടന്നുവന്നത്?
പെരുമ്പടവം എന്ന ഗ്രാമത്തിലെ പാവപ്പെട്ട ഒരു വീട്ടിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ എന്റെ അച്ഛന് മരിച്ചു. അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തിയത്. എനിക്കന്ന് കൂട്ടുകാരില്ല. അവരോടൊപ്പം കഴിയാനുള്ള അന്തസ്സും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഞാന്‍ വായിക്കുമായിരുന്നു. പഴയ പത്രക്കടലാസ്സുകള്‍ പോലും വായിക്കുമായിരുന്നു. കവിതയായിരുന്നു, കൂടുതല്‍ ഇഷ്ടം. ആ വായനയാണ് എന്റെ മനസ്സില്‍ അദൃശ്യമായികിടന്ന സൗന്ദര്യാനുഭവങ്ങളേയും സാഹിത്യവാസനകളേയും ഉണര്‍ത്തിയത്. വായനയ്ക്ക് അങ്ങനെയൊരു സൃഷ്ടുന്മുഖതയും സര്ഗാത്മകതയുമുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലാതെ ജന്മസിദ്ധമായ വാസനയുണ്ടോ എന്നത് സംബന്ധിച്ച കെമിസ്ട്രി എനിക്ക് അറിയില്ല. വായനയാണ് എന്റെയുള്ളില്‍ ഇത്തരം അനുഭവവും ചിന്തകളും ഉണ്ടാക്കിയത്. ഇങ്ങനെയാണ് ഞാന്‍ സാഹിത്യത്തിലേക്ക് വന്നതെന്ന് പറയാം. ഒരു സ്വപ്നവും കാണരുതെന്ന് ഞാനെന്റെ മനസ്സിനെ പഠിപ്പിച്ചിരുന്നു. കാരണം ഒരു സ്വപ്നവും സഫലീകരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഒന്നും സാക്ഷാത്കരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാനെന്റെ മനസ്സിനെ സ്വപ്നങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോയത്. അങ്ങനെ എന്തും സഹിക്കാനുള്ള മനസ്സ് എനിക്കുണ്ടായിത്തീര്ന്നു. അങ്ങനെയാണ് ഞാന്‍ എഴുത്തിന്റെ വഴിയില്‍ വന്നുപെട്ടത്. അതെനിക്ക് വലിയ സാന്ത്വനമായിത്തീര്ന്നു. എന്റെ ഏതു സങ്കടവും ഒരു കഥ വായിക്കുമ്പോഴും കവിത വായിക്കുമ്പോഴും മാറിക്കിട്ടും. അങ്ങനെ ഞാനൊരു എഴുത്തുകാരനായി ജീവിക്കാന്‍ തുടങ്ങി. എഴുത്തുകാരനായിത്തീരുമെന്ന വിശ്വാസംകൊണ്ടല്ല. അന്നൊന്നും അങ്ങനെയൊരു ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിട്ടുമില്ല. വായിക്കുക മാത്രമായിരുന്നു ചിന്ത.
കുട്ടിക്കാലത്തുതന്നെ ബൈബിള്‍ പഠിച്ച ഒരാളാണ് ഞാന്‍. ഒപ്പം ക്രിസ്തുവിനേയും കൂടുതലായി പഠിച്ചു. അങ്ങനെയാണ് ഞാന്‍ ക്രിസ്തുവിന്റെവഴി തിരഞ്ഞെടുക്കുന്നത്. പിന്നീടെനിക്ക് ക്രിസ്തുവിനെ കൂടാതെ ജീവിക്കാന്‍ കഴിയാതെയായി. ക്രിസ്തുവിന്റെ കൈപിടിച്ചായിരുന്നു ഞാന്‍ എന്റെ ദുര്‍ഘടമായ വഴികള്‍ കടന്നുപോകുന്നതെന്ന് എനിക്ക് തീര്‍ച്ചയുണ്ടായിരുന്നു. അതിനെനിക്ക് സാധിച്ചത് ക്രിസ്തുവിനോടുള്ള സ്നേഹവും വിശ്വാസവുംകൊണ്ടാണ്. എന്റെ വിശ്വാസം അദ്ദേഹത്തിന്റെ ജന്മം പാപികളുടെയും അനാഥരുടെയും നിരാലംബരുടെയും പരദേശികളുടെയും സംരക്ഷണമാണെന്നും അതില്‍പ്പെട്ട ഒരാളാണ് ഞാനെന്നുമാണ് ഞാന്‍ കരുതിയിരുന്നത്. ആ ആദ്ധ്യാത്മികത മാത്രമേ എനിക്കുള്ളൂ. ഏതൊരാളിന്റെയും നന്മ കാണുക. മറ്റൊരാളെ കാണുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്തു നന്മയാണുള്ളതെന്ന് എന്റെ ഹൃദയത്തിനുള്ളിലെ കണ്ണുകൊണ്ട് നോക്കിക്കാണുകയാണ് ചെയ്തത്. ഹൃദയത്തിനുള്ളിലെ കണ്ണുകൊണ്ട് അപരിചിതനായ മനുഷ്യനിലെ നന്മ കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചിരുന്നത്.
? അക്ഷരങ്ങളുടെ ആശ്ലേഷം ആസ്വദിച്ചാണല്ലോ എപ്പോഴും ജീവിക്കുന്നത്. ഭാര്യ മരിച്ചിട്ട് മൂന്നു വര്‍ഷമായ സാഹചര്യത്തില്‍ ജീവിതത്തിലെ ഇപ്പോഴത്തെ വലിയ സാന്ത്വനങ്ങളും ദു:ഖങ്ങളും എപ്രകാരമാണ്?
ജീവിതത്തില്‍ സാന്ത്വനങ്ങള്‍ ഉണ്ടാകുന്നില്ല. എന്റെ ദു:ഖങ്ങള്‍, നിരാശ, ഏകാന്തത ഇതെല്ലാം ഇപ്പോഴും കൂടെയുണ്ട്. ഇപ്പോള്‍ എനിക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പ്രയാസമാണ്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച ആളായിരുന്നു ഞാന്‍. മൂന്നോ നാലോ ഭൂഖണ്ഡങ്ങൡ മാത്രമാണ് പോകാത്തതായി ഉള്ളൂ. എന്നിട്ടിപ്പോള്‍ എനിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തോന്നുന്നില്ല. കാരണം എവിടെയെങ്കിലും പോയി തിരിച്ചു വരുമ്പോള്‍ ഈ ശൂന്യതയിലേക്കുതന്നെ കയറിവരണം. അതെനിക്ക് അസഹ്യമാണ്. ഭാര്യയുള്ളപ്പോള്‍ ഗേറ്റ് തുറക്കണ ശബ്ദംകേട്ടാല്‍ ഓടിവന്ന് എന്റെ കൈവശമുള്ള ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയെടുത്ത് എനിക്കൊപ്പം അകത്തേക്ക് കയറി എന്നെ സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരാളില്ല. ഞാനിപ്പോള്‍ ഒരു മഹാശൂന്യതയിലാണ് ജീവിക്കുന്നത്. പുറത്തുപോയാല്‍ ആ മഹാശൂന്യതയിലേക്കാണ് ഞാന്‍ തിരിച്ചു വരുന്നത്. ആ തിരിച്ചുവരവ് വളരെ ഹൃദയഭേദകമായ ഒന്നാണ്. ഭാര്യ എനിക്ക് കാമുകിയും ഭാര്യയും അമ്മയുമായിരുന്നു. ആ തരത്തിലൊക്കെ അവളെന്റെ ജീവിതത്തെ കാത്തുസൂക്ഷിച്ചു. അല്ലായിരുന്നുവെങ്കില്‍ ഞാനൊരു എഴുത്തുകാരനാകുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായി വരുന്ന കാലഘട്ടത്തില്‍ ഒരു പ്രേമബന്ധത്തില്‍ കുരുങ്ങി നാടുവിട്ടുപോയവരാണ് ഞങ്ങള്‍. നിയമപരമായി ഇന്നും ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. എന്റെ എല്ലാ സങ്കടങ്ങളിലും ഇല്ലായ്മകളിലും എനിക്കൊപ്പം നിന്ന വ്യക്തിയായിരുന്നു അവര്‍. ഒരാഗ്രഹം പോലും ഒരിക്കലും പറഞ്ഞിട്ടില്ല. പകരം എന്നെങ്കിലും നമുക്കും ഒരു നല്ല കാലം വരുമെന്ന് പറഞ്ഞ് ഒരു അമ്മയെപ്പോലെ എന്നെ സാന്ത്വനിപ്പിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ തണലും രക്ഷാസങ്കേതവും അവളായിരുന്നു. വല്ലാത്ത ശൂന്യതയിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്.
?അങ്ങയുടെ കാവ്യമണ്ഡലത്തെ, ചിന്താപ്രപഞ്ചത്തെ സ്വാധീനിച്ച സുപ്രധാനഘടകം ജന്മഗ്രാമംതന്നെയായിരുന്നല്ലോ. പെരുമ്പടവം എന്ന ഗ്രാമപ്പേരാണ് താങ്കളെ തിരിച്ചറിയിക്കുന്നത്. സാഹിത്യസപര്യയെ എപ്രകാരമാണ് ഗ്രാമവുമായി ബന്ധിപ്പിക്കാനാഗ്രഹിക്കുന്നത് അല്ലെങ്കില്‍ എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നത് ?
പെരുമ്പടവം സാധാരണക്കാരുടെ ഒരു ഗ്രാമമാണ്. പക്ഷേ, മനുഷ്യബന്ധങ്ങളുടെ പവിത്രത മനസ്സിലാക്കാന്‍ ഇവിടുത്തെ ഗ്രാമീണര്‍ക്ക് കഴിയുന്നു. ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ ഇവിടുത്തുകാരെ വേര്‍തിരിക്കുന്നില്ല. ഒന്നിച്ചു ജീവിക്കുകയാണ് അവര്‍. ഒരു വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാലും ആപത്തുണ്ടായാലും ആ ഗ്രാമം മുഴുവന്‍ ആ വീട്ടില്‍ ഓടിയെത്തും. മനുഷ്യബന്ധങ്ങളുടെ പവിത്രത, അമൂല്യത ഇതൊക്കെ പഠിപ്പിച്ചത് എന്റെ ഗ്രാമമായിരുന്നു. ഭൂമിയുടെ ഹൃദയംപോലൊരു ഗ്രാമമായിരുന്നു എന്റേത് എന്നു മാത്രമേ ഇപ്പോഴും പറയാന്‍ കഴിയൂ.
?താങ്കളുടെ ആദ്യ നോവല്‍ സര്‍പ്പക്കാവ് ആണല്ലോ. വര്‍ഷങ്ങള്‍ക്കു ശേഷം താങ്കളതിനെ ആയില്ല്യത്തിലൂടെ മഹത്ത്വവത്ക്കരിച്ചു. ഇന്നത്തെ ആധുനിക യുക്തിചിന്തയിലൂടെ നോക്കുമ്പോള്‍ ഇത്തരം ബിംബങ്ങളൊക്കെ പഴങ്കഥകളായി തോന്നും. പുതുതലമുറയ്ക്ക് അതൊക്കെ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടാണ്. സര്‍പ്പക്കാവിനെ ആയില്ല്യമാക്കി മാറ്റിയപ്പോള്‍ ബിംബങ്ങളെ വീണ്ടും പുനര്‍നിര്‍മിക്കുകയാണ് ചെയ്തത്. എപ്രകാരമാണ് ഈ കാലിക വ്യതിയാനത്തെ താങ്കള്‍ നോക്കിക്കാണുന്നത്?
കാലത്തിലും വിശ്വാസത്തിലും വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്. സയന്‍സിന്റെ കാലത്ത് പഴയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചുപുലര്‍ത്തണമെന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ഇപ്പോള്‍ രാഷ്ട്രീയ ചായ്വില് ആളുകള്‍ ജാതിയുടെയും മതത്തിന്റെയും പിറകെ നടക്കുന്നുണ്ട്. എനിക്കതിനെ തൊട്ടുതീണ്ടാന്‍ കഴിയാത്തതുകൊണ്ട് ഞാനതിനെ ശ്രദ്ധിക്കാറില്ല. പക്ഷേ, ഇതൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തിലെ അനുഭവങ്ങളാണ്. മലയാളത്തില്‍ ഞാനാദ്യമായി വായിക്കുന്ന നോവല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയാണ്. അതിലെ, പ്രഫ. എം.പി പോളിന്റെ പ്രസിദ്ധമായ അവതാരികയില്‍ ഒരു നിരീക്ഷണമുണ്ട്. ഇത് ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടാണ്, ഇതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. എനിക്ക് മനസ്സിലായത് അത് ജീവിതം തന്നെയാണെന്നാണ്. പിന്നീട് പോള്‍ സാറ് പറയുന്നുണ്ട് ബഷീര്‍ തന്റെ സ്വന്തം അനുഭവങ്ങളും മുമ്പില്‍ കണ്ട ഗ്രാമത്തിന്റെ അനുഭവങ്ങളും ചേര്‍ത്തുവച്ചാണ് ആ നോവല്‍ എഴുതിയതെന്ന്. അങ്ങനെയാണ് ഞാന്‍ എന്റെ അനുഭവവും ഗ്രാമവും പ്രമേയമാക്കി പതിനേഴാമത്തെ വയസ്സില്‍ സര്‍പ്പക്കാവ് എന്ന നോവല്‍ എഴുതിയത്. ജനയുഗം വാരികയാണ് അത് പ്രസിദ്ധപ്പെടുത്തിയത്. കുറേ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി അതു പഴയരീതിയില്‍ എഴുതിയ നോവലായതുകൊണ്ട് ഒന്നുകൂടി പുതുക്കി മറ്റൊന്ന് എഴുതണമെന്ന്. അങ്ങനെ കുറേ മാറ്റങ്ങളൊക്കെ വരുത്തി എഴുതിയ നോവലാണ് ആയില്ല്യം. ഇപ്പോള്‍ ആയില്ല്യം നോവലാണ് നിലവിലുള്ളത്. സര്‍പ്പക്കാവ് പിന്വലിഞ്ഞുപോയി. വിശ്വാസത്തെ പോറലേല്‍പ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ മനുഷ്യാനുഭവങ്ങളുടെ നേര്ക്കാഴ്ച്ചകളുണ്ടാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ചിലപ്പോഴത് വിശ്വാസങ്ങള്ക്കെതിരായിരിക്കാം. ആളുകളുടെ പാരമ്പര്യങ്ങള്ക്കെതിരായിരിക്കും. അതില്ലാതെ എവിടെയാണ് സാഹിത്യം ഉണ്ടായിരിക്കുന്നത്? ജീര്‍ണിച്ച വിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായിട്ടുള്ള കലാപമാണ് എഴുത്ത് എന്നാണ് എന്റെ അഭിപ്രായം. ആത്മീയമായ കലാപംതന്നെയാണ് എഴുത്ത്. സാമൂഹികമായ തിന്മകളോടുള്ള കലഹം എപ്പോഴും എഴുത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.
? നൂറിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ പുസ്തകമാണല്ലോ ‘ഒരു സങ്കീര്‍ത്തനംപോലെ’. ഇതുതന്നെയാണ് താങ്കളുടെ ഏറ്റവും ശ്രേഷ്ഠമായ കൃതി എന്നു കരുതുന്നുണ്ടോ? ഇനിയും മികച്ച സൃഷ്ടികള്‍ പ്രതീക്ഷിക്കാമോ?
‘ഒരു സങ്കീര്‍ത്തനംപോലെ’ എന്ന നോവല്‍ 112 പതിപ്പായി. മൂന്നരലക്ഷത്തോളം കോപ്പികള്‍ ചിലവായി. ഇന്ത്യന്‍ ഭാഷയില്‍ അത്രയും ചെലവായ നോവലില്ലെന്നാണ് എന്റെ അറിവ്. ഭൂരിഭാഗം വിദേശഭാഷകളിലും ഒമ്പത് ഇന്ത്യന്‍ ഭാഷകളിലും വന്നുകഴിഞ്ഞു. ലോകപ്രശസ്ത എഴുത്തുകാരനായ ദസ്തയോവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെയും യാതനകളുടെയും കഥയാണ്. ചിലരതിനെ ദസ്തയോവ്സ്കിയുടെ പ്രണയകഥയായി ചുരുക്കിക്കാണും. പക്ഷേ, എന്നെ സംബന്ധിച്ചൊരു മഹാമനുഷ്യന്റെ സഹനത്തിന്റെ കഥയാണ്. ജീവിതത്തില്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുന്ന, അങ്ങേയറ്റം കഷ്ടപ്പെടുന്ന ഒരു മനുഷ്യന്റെ നിസ്സഹായതയാണ് ആ കഥയില്‍ കൊണ്ടുവന്നിരിക്കുന്നത്. മനുഷ്യമനസ്സിലെ ഉരുള്‍പൊട്ടലുകള്‍ സമുദ്രകോപങ്ങള് ഒക്കെയാണ് ആ വ്യക്തിയുടെ ഹൃദയത്തിലൂടെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചത്. എന്റെ മനസ്സില്‍ ആ ചിന്തകളെല്ലാംതന്നെ ഞാനറിയാതെ വന്നതാണ്. ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ളയാള്‍ എന്ന വാചകം എഴുതുന്ന നിമിഷം എന്റെ മനസ്സിന്റെ ഏഴയലത്തുകൂടിപ്പോലും അങ്ങനെയൊരു ചിന്ത കടന്നുപോയിട്ടില്ല. ദസ്തയോവ്സ്കിയുടെ ജീവിതം എഴുതുന്നതിനിടയില്‍ ഞാന്‍ തോറ്റുമടങ്ങി ഉറങ്ങാന്‍ കിടക്കുന്ന വേളയില്‍ ഉറക്കത്തിലേക്ക് കടന്നവേളകളിലാണ് ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ളയാള്‍ എന്ന വാചകം അവിചാരിതമായി എന്റെ മനസ്സിലേക്ക് കടന്നുവന്നത്. ഞാന്‍ ചാടിയെഴുന്നേറ്റ് ലൈറ്റിടാതെ അതെഴുതിവച്ചു. ഇന്നിപ്പോള്‍ ആ വാചകം ശൈലിയായി മാറി.
നിരൂപകന് നരേന്ദ്രപ്രസാദ് പറഞ്ഞത് ഇതു നല്ല നോവലാണ് പക്ഷേ, പെരുമ്പടവത്തിന്റെ ഏറ്റവും മഹത്തായ നോവല്‍ അരൂപിയുടെ മൂന്നാംപ്രാവാണെന്നാണ്. ആ നോവലിനെക്കുറിച്ച് അദ്ദേഹം അഞ്ചുപേജും എഴുതിയിട്ടുണ്ട്. എനിക്കും ആ നോവല്‍ വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. കാരണം, ക്രൈസ്റ്റിനോടുള്ള എന്റെ മമത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ക്രൈസ്റ്റിന്റെ കൂടെയാണ് എന്റെ ജീവിതം. അതുകൊണ്ടുതന്നെ ക്രൈസ്റ്റിന്റെ മാതൃകയിലുള്ള കഥാപാത്രത്തെ സൃഷ്ടിച്ച് ആ നോവല്‍ എഴുതി. സാമൂഹികമായ തിന്മകള്ക്കെതിരെയുള്ള കലാപമാണ് ഒരു വിശുദ്ധന്റെ ജീവിതമെന്ന് കാണിക്കുകയാണ് ചെയ്യുന്നത്. ‘ഒരു കീറാകാശവും’ നല്ല നോവലാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അത് പറയുന്നത്. നിലവില്‍ ഞാനൊരു നോവലിന്റെ രചനയിലാണ്. 16 വര്ഷംമുമ്പെഴുതിയ ഒരു നോവലാണത്. അതന്ന് കേരളകൗമുദി ഓണംവിശേഷാല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചു. എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവലായിരുന്നു അത്. പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും ആ നോവല്‍ വളരെ ഇഷ്ടമായി. പക്ഷേ, എനിക്ക് തോന്നി അതിലെന്തോ ന്യൂനതയുണ്ടെന്ന്. ഞാനത് പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചു. അത് പ്രസിദ്ധീകരിക്കാന്‍ ഭാര്യ എപ്പോഴും പറയുമായിരുന്നു. പിന്നീട് ഭാര്യയുടെ ചികിത്സയ്ക്കും മറ്റുമായി ഏറെക്കാലം ആശുപത്രിവാസമായിരുന്നു. ഞാനെന്റെ ജീവിതത്തില്‍ എന്തെങ്കിലും പുണ്യപ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അത് മരണം വരെ അവള്‍ക്ക് കാവലിരുന്നുവെന്നത് മാത്രമാണ്. അങ്ങനെ ആ നോവല്‍ പ്രസിദ്ധപ്പെടുത്താതെ അവിടെയിരുന്നുപോയി. ഭാര്യ മരിച്ചു കിടക്കുമ്പോള്‍ കലാകൗമുദി പത്രാധിപര്‍ കാണാന്‍ വന്നു. ആ നോവലിനെക്കുറിച്ച് തിരക്കുകയും അത് വളരെ ശക്തിയുള്ളതും സുന്ദരവുമായ നോവലുമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഞാനാ നോവല്‍ കണ്ടെടുത്തു. ‘അവനിവാഴും കിനാവ്’ എന്ന പേരില്‍ അതിനെ മാറ്റി എഴുതാന്‍ തീരുമാനിച്ചു. ‘അവനിവാഴും കിനാവ്’ എന്ന് കുമാരനാശാന് പ്രയോഗിച്ചിട്ടുള്ളതാണ്. ഇതേ കാര്യം എഴുത്തച്ഛന് ‘സ്വപ്നതുല്യം സഖേ’ എന്നും എഴുതിയിട്ടുണ്ട്. അതൊരു സത്യമാണ് ഒപ്പം ദര്‍ശനവും. മനുഷ്യനായി നമ്മള് എത്രത്തോളം ആത്മശുദ്ധിയോടുകൂടി ജീവിച്ചുഎന്നതാണ് ശ്രേഷ്ഠമായ കാര്യം. നിങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്തു. മറ്റുള്ളവര്‍ക്കു കൂടി വേണ്ടി പങ്കുവയ്ക്കുവാനുള്ള അപ്പമാണ് നമ്മുടെ ജീവിതമെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ആ നോവലിന് കുറേ മാറ്റങ്ങള്‍ ഞാന്‍ വരുത്തി. ഇനി അത് പ്രസിദ്ധീകരിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്.
?ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവല്‍ സ്ത്രൈണപക്ഷ വായന നടത്തുകയാണെങ്കില്‍ സാര്‍ വിമര്‍ശിക്കപ്പെടുമോ? നോവലിലെ അന്ന ശക്തയായ കഥാപാത്രമാണ്. അന്ന വേണ്ടത്ര രീതിയില്‍ സ്ത്രീപക്ഷവായനകളില്‍ വാദിക്കപ്പെടുകയോ ശ്ലാഘിക്കപ്പെടുകയോ ചെയ്തോ? അന്നയ്ക്കുവേണ്ടി കൂടുതലായി എന്താണ് പറയാനുള്ളത് ?
അന്ന സ്ത്രീത്വത്തിന്റെ മഹത്തായ മാതൃകയായിട്ടാണ് എനിക്കു തോന്നുന്നത്. മഹാനായ, ലോകംമുഴുവന്‍ ബഹുമാനിക്കുന്ന ഒരാളുടെ അടുത്താണ് താന്‍ ജോലി തേടി വന്നതെന്ന് അന്നയ്ക്ക് അറിയില്ലായിരുന്നു. ദസ്തയോവ്സ്കി എന്ന എഴുത്തുകാരനെക്കുറിച്ച് അവള് കേട്ടിട്ടുണ്ട്. അവളുടെ അച്ഛന് പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛനാണ് പറഞ്ഞത് ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൈാപ്പുള്ളയാളാണ് ദസ്തയോവ്സ്കി എന്ന്. എഴുതിക്കൊണ്ടിരിക്കുമ്പോള് പൊട്ടിത്തെറിക്കും. അങ്ങനെ അന്ന ആ ജോലി ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. എന്നാല്‍ പിറ്റേന്നു മുതല്‍ ദസ്തയോവ്സ്കിയില് മാറ്റം വന്നു. നിമിഷനേരങ്ങളില്‍ സ്വഭാവത്തില്‍ മാറ്റം വരുന്ന വ്യക്തിയായിരുന്നു ദസ്തയോവ്സ്കി. അദ്ദേഹം അവളുടെ അടുത്തുചെന്ന് ക്ഷമപറഞ്ഞ് അവളെ വീണ്ടും തിരികെ കൂട്ടിക്കൊണ്ടുവന്നു. പിന്നീട് അവള് ദസ്തയോവ്സ്കിയെ പതിയെപ്പതിയെ മനസ്സിലാക്കി.
ആദ്യമൊക്കെ അനുകമ്പയാണ് തോന്നിയത്. പിന്നീട് അനുഭൂതിയുടെ ചിറപൊട്ടുന്നതുപോലെയാണ് അവള്‍ക്ക് അനുഭവപ്പെട്ടത്. അങ്ങനെ അന്നയെ ഞാന്‍ വളരെ മനോഹരമായി ചിത്രീകരിച്ചു. മറ്റൊന്ന് ഞാനൊരു സ്ത്രീപക്ഷവാദിയാണ്. ഏതൊരമ്മയേയും ഞാനെന്റെ സ്വന്തം അമ്മയായാണ് കാണുന്നത്. കാരണം അമ്മയുടെ സ്നേഹവും വാത്സല്യവും മാത്രമാണ് ജീവിതത്തിന്റെ തുടക്കത്തില്‍ എനിക്ക് ആകെ കൈമുതലായി ഉണ്ടായിരുന്നത്. വായനക്കാരെ കൂടെക്കൊണ്ടു നടക്കുക, അവരെ നന്മകളിലേക്ക് നയിക്കുക എഴുത്തുകാരുടെ ഉത്തരവാദിത്വമാണ്. മറ്റുള്ളവരെ സഹിക്കാനും, സ്നേഹിക്കാനും, ജീവിതം പങ്കുവയ്ക്കാനുമാണ് അന്ന ജീവിക്കുന്നത്. അതൊരു മഹത്തായ കാര്യംതന്നെയാണ്.
?പാപത്തിലായിരിക്കുക എന്നതല്ല മനുഷ്യന്റെ പരമമായ നന്മയെ ആഗ്രഹിക്കുകയാണ് വേണ്ടത് എന്ന ദസ്തയോവ്സ്കിയുടെ വാക്കുകളെടുക്കുമ്പോള്, ഇന്നത്തെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, മനുഷ്യന്റെ ക്രൂരതയുടെ കാഠിന്യം വര്‍ധിക്കുന്ന കാലത്ത്, അതിനെ എങ്ങനെ നോക്കിക്കാണുന്നു?
നമ്മള് ജീവിക്കുന്ന ലോകം മാനവികതയിലൂടെ നഷ്ടപ്പെട്ടുപോയ ഒരു സമൂഹമാണ്. സ്നേഹം, സഹനം, ആര്‍ദ്രത ഇതൊക്കെ നഷ്ടപ്പെട്ടുപോയി. എനിക്ക് നടുപങ്ക് വേണമെന്ന ലക്ഷ്യത്തോടെ അദൃശ്യമായ കത്തിയുംകൊണ്ടാണ് നമ്മള് നില്‍ക്കുന്നത്. ഇതിനായി നമ്മുടെ മതവും രാഷ്ട്രീയവും വിശ്വാസവുമൊക്കെ നമ്മളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് എന്റെ കണക്കുക്കൂട്ടല്‍. ഇതില്‍നിന്നെല്ലാം മനുഷ്യന് തിരിച്ചുവരും. മദ്യപാനത്തെ ഏറ്റവും അധികം വെറുക്കുന്നത് മദ്യപാനികള്‍ തന്നെയാണ്. മദ്യമൂലം ജീവിതവും കുടുംബവും നശിപ്പിച്ച ഒരുത്തന് ഏതെങ്കിലും ഒരു നിമിഷത്തില്‍ താന്‍ മഹാപാപിയാണെന്ന് തോന്നിപ്പോകും. ഇത്തരത്തില്‍ മാറ്റം എല്ലാവരിലും ഉണ്ടാകണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പ്രണയത്തിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ച് കാമുകിയെ കൊലപ്പെടുത്തുന്ന പ്രവണത കൂടിവരുകയാണ്. മനുഷ്യന്റെ ഉള്ളില്‍ ഹൃദയം എന്നൊരു സാധനമില്ലേ? മുഷ്ടിയോളം പോന്ന ഒരു ഹൃദയത്തോടെയാണ് മനുഷ്യന് ജനിക്കുന്നത്. അതൊന്നും ഇവര്‍ക്കാര്‍ക്കും ഇല്ല. ഇപ്പോഴാരും സ്നേഹിക്കുകയല്ല. ഇതൊന്നും പറഞ്ഞുകൊടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയുന്നില്ല. ഗാന്ധിജിയെ മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തെ വിമര്ശിക്കുന്നവര്ക്കോ അവരെ നയിക്കുന്നവര്‍ക്കോ ഇല്ല. ഇതൊക്കെയാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ കുഴപ്പം. സാംസ്കാരിക ജീവിതം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ഇതൊക്കെക്കണ്ട് സഹതപിക്കാന്‍ മാത്രമേ കഴിയൂ. നമ്മള് കൂടുതല്‍ നല്ലവരായി കൂടുതല്‍ ശുദ്ധീകരിക്കപ്പെടുകയാണ് വേണ്ടത്. ഒപ്പം നല്ല കൃതികള്‍ വായിക്കുക. വായിക്കുമ്പോള്‍ നമുക്ക് ഇതിനെയെല്ലാം മറികടക്കാന്‍ കഴിയും. വായനയെ പുഷ്ടിപ്പെടുത്താന്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് നമുക്ക് കഴിയാവുന്ന കാര്യം. മറ്റുള്ളവരുടെ സങ്കടങ്ങളോട് ചേര്‍ന്നുനിന്ന് അവരെ സമാധാനിപ്പിക്കുക. സമാധാനം എന്ന വാക്കിന്റെ അര്‍ത്ഥവും ഔചിത്യവും ഗാംഭീര്യവും വലുതായതുകൊണ്ടാണ് ആ വാക്കുതന്നെ പറയാന്‍ ക്രിസ്തു തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് സമാധാനം എന്നാണ് ക്രിസ്തു പറഞ്ഞിരുന്നത്. ക്രിസ്തു എന്ന ഗുരുവിന്റെ പേരിലാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ഒറ്റപ്പെട്ടവനും ഏകാകിയുമാണ്. പക്ഷേ, ഈ ഗുരുനാഥന് എനിക്ക് കാവലുണ്ട്, യേശു. അത് സഭയിലുള്ളതോ പള്ളിയിലുള്ളതോ അച്ചന്മാരുടെയും കന്യാസ്ത്രിമാരുടെയും ക്രിസ്തുവല്ല. ഞാന്‍ വായിച്ചുപഠിച്ച് ഉണ്ടാക്കിയെടുത്ത ക്രിസ്തുവാണത്. എന്റെ ഹൃദയത്തിന്റെ ആധിപത്യം ആ ഗുരുവിനാണ്.
?ഇന്ന് സാഹിത്യകാരന്മാരെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടല്ലോ. പ്രതികരിക്കേണ്ട വേളയില്‍ പ്രതികരിക്കുന്നില്ല എന്ന്. പ്രതികരിക്കേണ്ടവരുടെ മൗനം ഇന്ന് കേരളത്തിന്റെ ഒരു കുറ്റമായി കണക്കാക്കപ്പെടുന്നു. സാഹിത്യകാരനും സാമൂഹികപ്രതികരണവും തമ്മിലുള്ള ബന്ധത്തെ എപ്രകാരം നോക്കിക്കാണുന്നു?
നമ്മുടെ പ്രതികരണം എഴുത്തിലൂടെയൊക്കെ വരുന്നുണ്ട്. വര്‍ത്തമാനകാലത്തിന്റെ ആസുരതകള്ക്കെതിരെയുള്ള ഒരു കലാപമാണ് എഴുത്ത്. അതൊരു ഏകാന്തവും നിശബ്ദവുമായ സമരമാണ്. ഇത് എഴുത്തുകാരന് എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കും. ഇന്നത്തെ രാഷ്ട്രീയപ്രശ്നത്തില്‍ ഇടപെടാന്‍ പറ്റില്ല. കാരണം നാളെ ഈ ഐക്യമുന്നണികള്‍ മാറിക്കൊണ്ടിരിക്കും. രാഷ്ട്രീയക്കാര്‍തന്നെ പറയുന്നുണ്ട് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന്. അവര്‍ അവരുടെ കാപട്യമാണ് വെളിവാക്കുന്നത്. അവര്‍ നിലനില്‍പ്പിനുവേണ്ടിയാണ് ആളുകളെ കൂട്ടുന്നത്. ഇതില്‍പ്പരം കാപട്യം നമുക്ക് കാണാനില്ല.
അതിനെതിരായ എഴുത്തുകള്‍ ധാരളമായി വരുന്നുണ്ട്. എഴുതിയിട്ടും കാര്യമൊന്നുമില്ല. ഈ രാഷ്ട്രീയക്കാര്‍ ആരെങ്കിലും വായിക്കുമോ. അവര്‍ സാംസ്കാരിക വിരോധികളാണ്. പുസ്തകം വായിക്കുന്ന ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ ഇപ്പോള്‍ ഉണ്ടോ? പണ്ടൊക്കെ കമ്മ്യൂണിസ്റ്റുകാരന് വായിക്കാതിരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ആരാണ് വായിക്കുന്നത്? മുദ്രാവാക്യം വിളിച്ചാല്‍ മതി. ഒപ്പം നേതാവിന്റെ ഒരു പ്രസംഗം കേട്ട് പിറ്റേദിവസത്തെ പത്രം വായിച്ചാല്‍ അവന്റെ രാഷ്ട്രീയബോധം ശരിയായി എന്നാണ് ധാരണ. എന്തു പാര്ട്ടിക്ലാസ്സാണ് ഇവിടെയുള്ളത്? കോണ്‍ഗ്രസുകാര്‍ക്ക് പിന്നെ പാര്ട്ടിക്ലാസ്സേ ഇല്ല. അഴിച്ചുവിട്ട ആട്ടിന്കുഞ്ഞുങ്ങളെപ്പോലെ മലഞ്ചെരുവില്‍ മേഞ്ഞുനടക്കുകയാണ്. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു രാഷ്ട്രീയ നേതാവുപോലും ഇന്നില്ല. സമൂഹത്തിലുമില്ല. എഴുത്തുകാരുടെ കൂട്ടത്തിലുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ടെന്നു ഞാന്‍ പറയില്ല. പക്ഷേ, എഴുത്തുകാര്‍ക്കൊരു നിയോഗമുണ്ട്. സാമൂഹികമായ തിന്മകളെ കലാപമായി അയാളുടെ എഴുത്തിനെ മാറ്റിത്തീര്‍ക്കുക. അങ്ങനെ വായിക്കുന്ന ജനത്തിന്റെ ഹൃദയത്തില്‍ മാറ്റങ്ങളുണ്ടാക്കുക.
? ദേശീയതയുടെ പശ്ചാത്തലത്തില്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ ധാരാളമായി സൃഷ്ടിക്കപ്പെടുന്നു. ആളുകളെ വേര്‍തിരിക്കുന്ന ഇന്നത്തെ അവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു?
നിലവില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വിഭജിക്കുകയാണ്. അതൊരു മഹാപാപം തന്നെയാണ്. ക്രിസ്തു പറഞ്ഞത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാനാണ്. എന്നാല്‍ അയല്ക്കാരന് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ പാഴ്സിയാണോ എന്നു നോക്കി സ്നേഹിക്കാന്‍ അദ്ദേഹം പറഞ്ഞിട്ടില്ല. ഞാനീ ക്രിസ്തുവചനങ്ങള്‍ ഓര്മിക്കുന്നവനാണ്.
? എഴുത്തിന്റെ ഭാവിയെ എപ്രകാരം നോക്കിക്കാണുന്നു? വായനയുടെ നാളത്തെ ലോകം എന്തായിരിക്കും. ഇന്ന് സാമൂഹികമാധ്യമങ്ങള്‍ ഉദാത്ത സാഹിത്യത്തിന്റെ അനുഭൂതി നഷ്ടപ്പെടുത്തുന്നുണ്ടോ. എന്താണ് അഭിപ്രായം ?
വായന മരിക്കുന്നു, പുസ്തകം മരിക്കുന്നു, ഒപ്പം എഴുത്തുകാരും മരിക്കുന്നു എന്നു ചിലര്‍ പറയുന്നു. കൂടാതെ ഇലക്ട്രോണിക്സ് മാധ്യമത്തിന്റെ കടന്നുവരവ് വായനയെ ഇല്ലാതാക്കി എന്നും പറയപ്പെടുന്നു. പക്ഷേ, ഇപ്പോള്‍ ടിവിയും റേഡിയോയുമൊക്കെ വിട്ടിട്ട് മനുഷ്യര്‍ പുസ്തകത്തിലേക്ക് തിരിച്ചുവരുകയാണ്. പുസ്തകവുമായി ഒരു ഏകാന്തമായ ജീവിതമുണ്ട്. അതാണ് എന്റെ ജീവിതത്തെ നിര്‍ണയിക്കുന്നത് എന്ന് ഓരോ ആളും മനസ്സിലാക്കി കഴിഞ്ഞു. അത് വായന തിരിച്ചു വരുന്നതിന്റെ അനുഭവമാണ്. 1993 ല്‍ ‘ഒരു സങ്കീര്‍ത്തനംപോലെ’ പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്കു പേടിയായിരുന്നു. അന്ന് വായനയില്ലായിരുന്നു. എം.ടി, ടി. പത്മനാഭന്, മാധവിക്കുട്ടി, സക്കറിയ തുടങ്ങി പ്രമുഖരായ എഴുത്തുകാര്‍ക്കു മാത്രമേ വായനക്കാര്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഒരു സുഹൃത്ത് മുന്‍കൈ എടുത്ത് മൂവായിരം കോപ്പി അച്ചടിക്കുകയായിരുന്നു. എന്നാല്‍, മൂന്നു മാസത്തിനുള്ളില്‍ കോപ്പികളെല്ലാം വിറ്റുതീര്‍ന്നു എന്നു പറഞ്ഞ് എന്നെ വിളിച്ചു. അതെനിക്കൊരു അത്ഭുതമായിരുന്നു. പിന്നീട് അയ്യായിരം കോപ്പി അച്ചടിച്ചു. ഇങ്ങനെ പതിപ്പുകള്‍ക്കു പിന്നാലെ പതിപ്പുകള്‍ അച്ചടിക്കപ്പെട്ട് വായനക്കാരിലേക്കെത്തി.
25 വര്‍ഷങ്ങള്‍ക്കൊണ്ട് 112 -ാംമത്തെ പതിപ്പിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ഇതില്‍നിന്ന് മനസ്സിലാകുന്നത് വായന തിരിച്ചുവരികയാണെന്നാണ്. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും ധാരാളമായി വില്ക്കപ്പെടുന്നു. വായന നശിച്ചുപോയത് ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ കടന്നുകയറ്റംകൊണ്ടു മാത്രമല്ല. സാഹിത്യത്തില്‍ ഒരു പുതിയ പ്രവണത കടന്നുവന്നു. ആധുനികത. അതു പറയുന്നത് മരണവും ആത്മഹത്യയുമാണ് ഏറ്റവും വലിയ കാര്യം. കുടുംബബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. സാമൂഹിക ബന്ധങ്ങളില്ല. പാശ്ചാത്യന്റെ വീക്ഷണങ്ങള്‍ അതേപടിതന്നെ നമ്മള് എടുത്തു വിഴുങ്ങുകയാണ് ചെയ്യുന്നത്. ഇതിനെ പിന്താങ്ങി ചില നിരൂപകര്‍ ആധുനികതയാണ് ഏറ്റവും വലിയ സാഹിത്യമെന്നും ഇതു കഴിഞ്ഞാല്‍ പിന്നെ സാഹിത്യമില്ല എന്നും പറഞ്ഞ് അവര്‍ എഴുതിവച്ചു. മനുഷ്യന് മനസ്സിലാകാത്ത ദുര്‍ഘടമായ ഭാഷകൊണ്ട് എന്തൊക്കെയോ എഴുതിവച്ച് പുതിയ ചെറുപ്പക്കാരെ മുഴുവന്‍ അന്താളിപ്പിച്ചു. ഈ ആധുനികത മുഴുവന്‍ വായിച്ച ആളാണ് ഞാന്‍. എനിക്ക് അതില്‍ ഒരു ഭ്രമവും തോന്നിയില്ല. എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് അറിയാവുന്ന തരത്തില്‍ മാത്രമെഴുതി. ഇതൊരു പോരായ്മയാണെങ്കില്‍ സഹിക്കാന്‍ തയ്യാറാണെന്ന മനോഭാവത്തോടെയാണ് ഞാന്‍ എഴുതിയത്. ഇപ്പോള്‍ ആധുനികത എവിടെ? ആധുനിക എഴുത്തുകാരുടെ എത്ര പുസ്തകങ്ങള്‍ ചെലവാകുന്നുണ്ട്? പ്രിന്റ് എടുക്കാന്‍ പ്രസാധകര് തയ്യാറാകുന്നില്ല. അതിനുശേഷം പുതിയ ചെറുപ്പക്കാരുടെ തലമുറ മലയാള സാഹിത്യത്തില്‍ വന്നുപെട്ടു. അവര്‍ ജീവിതത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും സാമൂഹികമായ പ്രശ്നങ്ങളെക്കുറിച്ചും എഴുതുന്നു. നിരൂപകര്‍ പറഞ്ഞിടത്ത് കാര്യങ്ങള്‍ നിന്നില്ല. പുതിയ പിള്ളേര് വന്ന് പശുവിനെ കയറിട്ട് നടത്തുന്നതുപോലെ കഥയെ പിടിച്ച് നടന്നുപോയി. ഇപ്പോള്‍ കൈവിരലില്‍ എണ്ണാവുന്നത്ര നിരൂപകര്‍ പോലുമില്ല. ഇപ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചാണ് പുതിയ എഴുത്തുകാര്‍ എഴുതുന്നത്. അതിനു ധാരാളം വായനക്കാരുണ്ട്. അതുകൊണ്ടാണ് വായന കൂടിയത്.
? സാഹിത്യമേഖലയിലെ അവാര്‍ഡുകള്‍ എന്നും വിവാദങ്ങള്‍ നിറഞ്ഞതാണ്. ഉദാത്തസാഹിത്യത്തില് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ പാടില്ല. എന്താണ് നിലപാട്?
ഞാന്‍ അഞ്ചുവര്‍ഷക്കാലം കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത് കൊടുത്ത അവാര്‍ഡുകളെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. അക്കാദമി അംഗങ്ങള്‍ അത്ര സൂക്ഷ്മതയോടെ അക്കാര്യത്തില്‍ ഇടപെട്ടു. ഞങ്ങള്‍ക്കാര്‍ക്കും യാതൊരു സ്ഥാപിതതാത്പര്യവും ഉണ്ടായിരുന്നില്ല. വായനക്കാരുടെ അഭിപ്രായമനുസരിച്ചായിരുന്നു പുസ്തകങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. അതു പിന്നീട് രണ്ടു മൂന്നുവട്ടം പരിശോധന നടത്തി അവസാനം ജഡ്ജസിനെ ഏല്‍പ്പിക്കും. നോവല്‍, കഥ, കവിത തുടങ്ങി അതത് മേഖലകളില്‍ പ്രഗത്ഭരായവരെ ഏല്‍പ്പിച്ചാണ് അവാര്‍ഡിനായി കൃതികള്‍ തിരഞ്ഞെടുത്തത്. അക്കാദമി അംഗങ്ങളുടെ യോഗത്തിലാണ് ഇവ പൊട്ടിച്ചുനോക്കി ഏറ്റവും മികച്ച കൃതിക്ക് അവാര്‍ഡ് കൊടുക്കുന്നത്. ആ രീതിയായിരുന്നു ഞങ്ങള്‍ അനുവര്‍ത്തിച്ചിരുന്നത്. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അവാര്‍ഡ് കിട്ടാത്തവര്‍ക്ക് പരാതി ഉണ്ടാകാം. ആരുടെയും സ്ഥാപിതതാത്പര്യത്തിനായി ഞാന്‍ നിന്നുകൊടുത്തിട്ടില്ല. അന്ന് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായാണ് നടന്നത്. എം.ടി വാസുദേവന്‍ നായര്‍, എം. ലീലാവതി, ടി. പത്മനാഭന്, തോമസ് മാത്യു തുടങ്ങിയ പ്രധാനപ്പെട്ട എഴുത്തുകാര്‍ എന്നോട് പറഞ്ഞു അക്കാദമിയുടെ ചരിത്രത്തില്‍ ഇത്രയും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച ഒരു ഘട്ടമില്ലായെന്ന്. മാസത്തില്‍ നാലും അഞ്ചും പരിപാടികള്‍ ഉള്ളതുകൊണ്ട് അക്കാദമിയിലെ ജോലിക്കാര്‍ക്ക് വിശ്രമിക്കാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഓരോരോ ഗ്രാമത്തിലേക്കും ഇന്ത്യന്‍ വിദേശ നഗരങ്ങളിലേക്കും യാത്രപോകണമായിരുന്നു. മലയാളികളെ സംഘടിപ്പിക്കാന്‍. എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ കേരള സാഹിത്യ അക്കാദമി എന്നായിരുന്നു എന്റെ മുദ്രാവാക്യം. ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെയാണ് എഴുത്തുകാരെ പങ്കെടുപ്പിച്ചത്. ഇന്നിപ്പോള്‍ സ്ഥിതിയങ്ങനെയല്ല. മാക്സിസ്റ്റുകാരല്ലാത്ത ഒരൊറ്റയാളെയും ഇന്ന് അക്കാദമിയിലേക്ക് അടുപ്പിക്കില്ല. ഞാനുമൊരു ചെറിയ എഴുത്തുകാരനാണ്. ഒരു പ്രാദേശിക മീറ്റിങ്ങിനു പോലും എന്നെ വിളിക്കാറില്ല. എനിക്കതില്‍ യാതൊരു പരാതിയുമില്ല. അവര്‍ വിളിക്കാത്തത് നല്ലതാണ്. കാരണം തൊട്ട് അശുദ്ധമാക്കണ്ടല്ലോ അവര്‍ക്കെന്നെ. ഞാനവര്ക്കെതിരല്ല. യുഡിഎഫ് ഗവണ്മെന്റാണ് എന്നെ അക്കാദമിയുടെ പ്രസിഡന്റായി നിയമിച്ചത്. അന്നു ഞാന്‍ അവിടെ പോയിരുന്നുവെന്നതാണ് അവരുടെ കണ്ണില്‍ എന്റെ കുറ്റം. അതൊരു കുറ്റമായി ഞാന്‍ കാണുന്നില്ല. ഞാന്‍ ഒരു പാര്‍ട്ടിയുടെ പിന്നാലെയും ഒരിക്കലും പോയിട്ടില്ല. അസംബ്ലിയില്‍ ഉമ്മന്‍ചാണ്ടിയോട് മുന്‍പ് അക്കാദമി സെക്രട്ടറിയായിരുന്ന ഒരു എംഎല്‍എ ചോദിച്ചു, നിങ്ങള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ആളുകളെ മാറ്റിയെടുക്കുന്നുണ്ടല്ലോയെന്നും നിങ്ങള്‍ പെരുമ്പടവം ശ്രീധരനെ കോണ്‍ഗ്രസാക്കിയെടുത്ത് അക്കാദമിയുടെ പ്രസിഡന്റാക്കിയില്ലേയെന്ന് ചോദിച്ചു. പെരുമ്പടവം ശ്രീധരനെ അക്കാദമിയുടെ പ്രസിഡന്റാക്കി എന്നത് സത്യമാണ്. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്താണെന്നും അദ്ദേഹം ഏതു പാര്‍ട്ടിക്കാരനാണെന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നും അതു സംബന്ധിച്ച് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ അങ്ങനെയൊരാളില്ലെന്നും ഉമ്മന്‍ചാണ്ടി മറുപടി നല്കി. ഈ ഒരു കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ, അന്നൊക്കെ പരിപാടികളില്‍ മാര്‍ക്സിസ്റ്റുകാരെയും വിളിക്കുമായിരുന്നു. അവര്‍ എന്നെ വിളിക്കാത്തതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള ഒരു എഴുത്തുകാരനാണ് ഞാന്‍. അതുകൊണ്ടുതന്നെ അവരുടെ അഭിനന്ദനവും സ്വീകരണവും കാത്ത് ഞാനിരിക്കുന്നില്ല. ഇവരാരും എന്റെ ശത്രുക്കളല്ല. പകരം എന്റെ മിത്രങ്ങളാണ്. എന്റെ ഇടത്തേ കാലിനുള്ള അതേ ശക്തിതന്നെ വലത്തേ കാലിനുമുണ്ട്. ഞാനെന്റെ സ്വന്തം കാലുകളില്‍ തന്നെയാണ് നില്‍ക്കുന്നത്.
? താങ്കള്‍ക്കുശേഷം അങ്ങയാല്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടു കാണുവാനാഗ്രഹിക്കുന്നകാലം ഏതാണ്. കേരളത്തിന്റെ നാളത്തെ നൂറ്റാണ്ടില്‍ അങ്ങയില്‍ നിന്ന് എന്തു സ്വീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ?
മനുഷ്യര്‍ അന്യോന്യം സ്നേഹിക്കുകയാണ് വേണ്ടത്. അതും ജാതി, മതം, രാഷ്ട്രീയം ഇവ നോക്കാതെ. പാവപ്പെട്ടവനെയും നിരാലംബരേയും സഹായിക്കുക മനുഷ്യന്റെ കടമയാണ്. അതുചെയ്യുന്ന ആളിന്റെ പേരാണ് മനുഷ്യന് എന്നാണ് എന്റെ വിശ്വാസം.
Close Window
Loading, Please Wait!
This may take a second or two.