കവിതയുടെ ‘സത്തിയം’ സച്ചിദാനന്ദനുമായി അഭിമുഖം
- എഴുതുമ്പോഴും എഴുതാതിരിക്കുമ്പോഴും എന്തു തോന്നുന്നു? എഴുതുന്ന / എഴുതാത്ത നേരങ്ങളെപ്പറ്റി ആലോചിക്കാറുണ്ടോ?
എഴുതാത്തപ്പോഴും കവികള്‍ എഴുതുന്നുണ്ട് എന്നാണ് എന്റെ അനുഭവം. സഞ്ചരിക്കുമ്പോള്‍, സ്വപ്നം കാണുമ്പോള്‍, ചായ കുടിക്കുമ്പോള്‍ , പത്രം വായിക്കുമ്പോള്‍, സിനിമ കാണുമ്പോള്‍, പാട്ട് കേള്‍ക്കുമ്പോള്‍, വെറുതെ ഇരിക്കുമ്പോള്‍, പുസ്തകം വായിക്കുമ്പോള്‍, ഉലാത്തുമ്പോള്‍, ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍, ധ്യാനിക്കുമ്പോള്‍….. നിറങ്ങള്‍, ബിംബ ങ്ങള്, രൂപകങ്ങള്‍, എന്തിന്, വാക്കുകളും വരികളും പോലും, നമ്മുടെ ഉള്ളില്‍ വന്നു നിറയുന്നുണ്ട്. ഉറങ്ങുമ്പോള്‍ എന്ന് കൂടി ചേര്‍ക്കാന്‍ എനിക്ക് തോന്നുന്നു, കാരണം എന്റെ കവിതകളില്‍ പകുതിയും തുടക്കമിട്ടിട്ടുള്ളത് ഉറക്കത്തിലാണ്, രാത്രി രണ്ടും മൂന്നും മണിക്ക് ഒരു വരിയോ, ബിംബമോ ആയി.
2 . എഴുതാനുള്ള കാര്യങ്ങൾക്കു മേൽ എത്ര കാലം അടയിരിക്കാറുണ്ട്? കവിതക്കായി കാത്തിരിക്കാറുണ്ടോ?
സാമാന്യവത്കരിക്കുക പ്രയാസം. ചില സംഭവങ്ങള്‍ അഥവാ അവസ്ഥകള്‍ പെട്ടെന്നു തന്നെ മനസ്സില്‍ ഒരു തീപ്പൊരി വീഴ്ത്തി ഭാഷയെ കത്തുപിടിപ്പിക്കാം. മറിച്ചു ചില അനുഭവങ്ങള്‍ വര്‍ഷങ്ങളോളം മനസ്സില്‍ കിടന്നു കവിതയായി രൂപം കൊള്ളാം. അടുത്ത ചില വര്‍ഷങ്ങളില്‍ ഞാന്‍ എന്റെ കുട്ടിക്കാലമോ കൌമാരമോ യൌവനമോ ആയി ബന്ധപ്പെട്ട ഒട്ടേറെ കവിതകള്‍ എഴുതിയിട്ടുണ്ടെന്ന് എന്റെ കഴിഞ്ഞ സമാഹാരം – ദുഖത്തിന്റെ വീട് – വായിച്ചാല്‍ അറിയാം. ( ഇത് എന്റെ ശ്രദ്ധയില്‍ പെടുത്തിയത് എന്‍ . ശശിധരന് ആണ് ) ആ ഓര്‍മ്മകള്‍ എവിടെയായിരുന്നു എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ഒരു വര്‍ത്തമാന സംഭവം അവയെ പെട്ടെന്ന് ഉത്തേജിപ്പിച്ചതാകാം. പണ്ടേ മരിച്ച ബന്ധുജനങ്ങള്‍, ബാല്യകാലസഖാക്കള്‍, ജന്മഗ്രാമത്തിലെ പുഴകളോ മരങ്ങളോ ജന്തുക്കളോ വസ്തുക്കളോ. ഇവ പല രീതിയില്‍ കണ്ണി ചേര്‍ന്ന് ഓര്‍മ്മയില്‍ കിടക്കുന്നതാകാം. അല്ലെങ്കില്‍ അരനൂറ്റാണ്ടു മുന്‍പ് മരിച്ച അച്ഛനെ ഓര്‍ക്കുമ്പോള്‍ ഗാന്ധിയെയും നെഹ്രുവിനെയും ഓര്‍മ്മ വരേണ്ടതല്ല. ഇവിടെ ആര് ആരുടെ ഓര്‍മ്മയെ ഉണര്‍ത്തി എന്ന് പറയുക തന്നെ പ്രയാസം. ( ‘താക്കോല്‍’ ) അഥവാ വീട്ടില്‍ ഊഞ്ഞാലിടാറുള്ള തെക്കെപ്പുറത്തെ പുളിമരം എന്തിനു പെട്ടെന്ന് മരണചിന്തയുമായി ബന്ധപ്പെട്ടു സ്മരണയില്‍ ഉയര്‍ന്നു വരണം? (‘ഒറ്റ)
അബോധം നമ്മുടെ പിടിയിലല്ല. ബോധവുമായി അത് ബന്ധപ്പെടുന്ന രീതികളും നമ്മുടെ നിയന്ത്രണത്തിലല്ല. ചില കൊച്ചു കവിതകളില്‍ പല കുറി പണിയെടുക്കുകയും ചില നീണ്ട കവിതകള്‍ ഒറ്റയിരിപ്പിനു വരികയും ചെയ്ത അനുഭവങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് കവിതകള്‍ ആസൂത്രണം ചെയ്ത ഓര്‍മ്മയില്ല.’ആത്മഗീത’ പോലുള്ള ഒരു ഖണ്ഡകാവ്യം പോലും എഴുതിയപ്പോള്‍ അങ്ങിനെ നീണ്ടു പോയതാണ്. പിന്നീടാണ് അതിനെ ഭാഗങ്ങളായി തിരിച്ച് ശീര്‍ഷകങ്ങള്‍ നല്‍കുന്നത്. എന്റെ പല കവിതകള്‍ക്കും ഒരു ആഖ്യാനസ്വഭാവമുണ്ട്; അഥവാ ആഖ്യാനത്തിന്റെ അംശങ്ങള്‍ ഉണ്ട്. ( ഗാന്ധിയും കവിതയും; ഗാന്ധിയും വൃക്ഷവും, അഹിംസയെക്കുറിച്ച് ഒരു സംവാദം, സംഭാഷണത്തിനു ഒരു ശ്രമം.) ഇത് ഞാന്‍ ശ്രദ്ധിച്ചത് ഫ്രഞ്ച് റേഡിയോയ്ക്ക് വേണ്ടി അഭിമുഖം നടത്തുമ്പോള്‍ പാരീസില്‍ വെച്ച് ഒരാള്‍ എന്നോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ്. ചിലത് ആഖ്യാനകവിതകള്‍ തന്നെയാണ് ( യന്ത്രം, കവിബുദ്ധന്‍, പശുവും പുലിയും ). ആഖ്യാനകവിതകളെ സംബന്ധിച്ച് നമുക്ക് മുന്‍പേ അറിയാവുന്ന ഒരു ‘പ്ലോട്ട്’ ഉണ്ട്, പിന്നെ ചെയ്യാനുള്ളത് അതിന്റെ കാവ്യാത്മകമായ, ഒരു പക്ഷെ നാടകീയത കൂടി കലര്‍ന്ന, ഒരു ആഖ്യാനമാണ്. പക്ഷെ മറ്റു പല കവിതകളിലും ( മരിച്ചു പോയ സുഹൃത്തുക്കളെക്കുറിച്ചുള്ള കവിതകളും മറ്റും) കഥാപാത്രങ്ങളുണ്ട്; പിന്നെയുള്ളത് ചില സന്ദര്‍ഭങ്ങളും ഓര്‍മ്മകളുമാണ്,അവയെ അരിച്ചെടുക്കണം, ഭാവോദ്ദീപകമാക്കണം.
കവിതയ്ക്കായി ഞാന്‍ കാത്തിരിക്കുന്ന അനുഭവം എനിക്ക് കുറവാണ്; അതുണ്ടായിട്ടുള്ളത് ആരെങ്കിലും ഒരു പ്രമേയം നിര്ദ്ദേശിക്കുമ്പോളാണ്. പലപ്പോഴും എനിക്ക് അത് കഴിയാറില്ല. എന്നാല്‍ അങ്ങിനെ ഉണ്ടായിട്ടുമുണ്ട്. അയ്യപ്പപ്പണിക്കരെക്കുറിച്ച് ഒരു കവിത പി പി രാമചന്ദ്രന് ‘ഹരിതക’ത്തിലേക്ക് ആവശ്യപ്പെട്ടപ്പോള്‍ പ്രയാസം എന്നു തോന്നി; പക്ഷെ കുറെ ദിവസം കഴിഞ്ഞ് മനസ്സില്‍ നിന്ന് ഒരു കവിത പൊന്തി വന്നു. അബ്ദുറഹ്മാനെക്കുറിച്ചും അങ്ങിനെ ഒരു കവിത എഴുതിയ ഓര്‍മ്മയുണ്ട്. സാധാരണ മറിച്ചാണ് : കവിത എന്നെ കാത്തിരിക്കുന്നതായാണ് അനുഭവം. പലപ്പോഴും രാത്രി എന്നെ വിളി ച്ചുണര്ത്തുന്നതായും.
- കവിതകൾക്ക് കരട് രൂപങ്ങൾ ഉണ്ടോ? കരടിനു മേൽ സമയം ചെലവഴിക്കാറുണ്ടോ?
എന്റെ രീതി ആദ്യം വന്ന പാടെ , അങ്ങിങ്ങ് തിരുത്തലുകളോടെ, എഴുതുകയാണ്. വളരെ അടുത്ത കാലം വരെ എനിക്ക് കടലാസിലേ ആദ്യ രൂപം എഴുതാന്‍ കഴിഞ്ഞിരുന്നുള്ളൂ. ശീലം മാത്രമാകാം കാരണം. അതില്‍ തന്നെ പല കുറി തിരുത്തുകള്‍ വരുത്തും. പിന്നെ ലാപ് ടോപ്പിലേക്ക് പകര്‍ത്തുകയാണ് പതിവ്. അപ്പോള്‍ വീണ്ടും തിരുത്തുകള്‍ വരുത്തും.
വളരെ അടുത്ത് ഞാന്‍ ലാപ്ടോപ്പില്‍ നേരിട്ട് എഴുതിത്തുടങ്ങിയിട്ടുണ്ട്. അവസാനം എഴുതിയ രണ്ടു കവിതകള്‍ അങ്ങിനെയാണ് എഴുതിയത്.
ഇപ്പോള്‍ പല പകര്‍പ്പുകള്‍ വേണ്ടാ എന്നായിരിക്കുന്നു. ആദ്യം എഴുതുമ്പോള്‍ തന്നെ വരുത്തുന്ന തിരുത്തുകള്‍, പിന്നെ വീണ്ടും വീണ്ടും വായിക്കുമ്പോള്‍ വരുത്തുന്ന തിരുത്തുകള്‍, അത്രയേ പതിവുള്ളൂ.
എന്നാല്‍ ഇതില്‍ ഒരു പ്രശ്നം ഉണ്ടെന്നു എനിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ആദ്യരൂപം കാണണം എന്ന് തോന്നിയാല്‍ അതുണ്ടാവില്ല. വല്ലപ്പോഴുമെങ്കിലും പല തിരുത്തുകള്‍ പരീക്ഷിച്ച ശേഷം ആദ്യരൂപത്തിലേക്ക് തിരിച്ചു പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുള്ളതു കൊണ്ടാണ് ഇതില്‍ പ്രശ്നമുണ്ട് എന്ന് പറഞ്ഞത്. അപ്പോള്‍ ഒന്നുകില്‍ കരടുരൂപം ‘സേവ്’ ചെയ്തു വെയ്ക്കണം, അല്ലെങ്കില്‍ കടലാസ്സിലേക്ക് തിരിച്ചു പോകണം എന്ന ആലോചനയിലാണ് ഇപ്പോള്‍. വെട്ടിത്തിരുത്തുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് തോന്നുന്നു. ഒരു പക്ഷെ എന്റെ തലമുറയുടെ മാത്രം തോന്നലാകാം ഇത്.
കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ: വൃത്തരൂപങ്ങളില്‍ എഴുതുന്ന കവിതകളിലാണ് കൂടുതല്‍ തിരുത്തല്‍ ആവശ്യം വരാറുള്ളത്. വൃത്തം ഒരിക്കലും തെറ്റാറില്ല, സ്കൂള്‍ കാലത്തു സംസ്കൃതവൃത്തങ്ങളില്‍ എഴുതിത്തുടങ്ങിയആളാണ് ഞാന്‍. എന്നാല്‍ അര്‍ത്ഥലോപം കൂടാതെ തന്നെ കൂടുതല്‍ ശബ്ദഭംഗിക്കും പ്രാസസൌന്ദര്യത്തിനും വേണ്ടി മാറ്റങ്ങള്‍ വേണ്ടി വരാറുണ്ട്. ഗദ്യരൂപങ്ങളിലും ശബ്ദത്തിന് പ്രാധാന്യമുണ്ട്, എങ്കിലും വൃത്തരൂപങ്ങള്‍ ചൊല്ലാന്‍ ഉള്ളവയാകയാല്‍ അവയില്‍ ശബ്ദം കൂടുതല്‍ നിര്‍ണ്ണായകമാണ്. അതിനു അന്തരീക്ഷ നിര്‍മ്മിതിയിലും അര്‍ത്ഥസംവേദനത്തിലും പങ്കുള്ളതു കൊണ്ടാകണമല്ലോ അത് വൃത്തത്തില്‍ ‘തോന്നി’യത്.
4 . വാക്കുകൾ, വരികൾ മനസ്സിലെഴുതാറുണ്ടോ? അതിനു ശേഷമാണോ കടലാസിൽ /കമ്പ്യൂട്ടറിൽ എഴുത്ത്?
ഇത് എല്ലാ കവിതയുടെയും കാര്യത്തില്‍ ഒരുപോലെയല്ല. ചിലപ്പോള്‍ ഒരു ശീര്‍ഷകമോ ആവര്‍ത്തിക്കുന്ന ഒരു വരിയോ മാത്രം മനസ്സില്‍ തോന്നും.
( ‘നിങ്ങള്‍ക്കറിയാമോ?’ , ‘ഒരു പക്ഷെ’ മുതലായ ആവര്‍ത്തിക്കുന്ന പ്രയോഗങ്ങള്‍, ‘എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്’, ‘ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു’ തുടങ്ങിയ അതേ പടി ആവര്‍ത്തിക്കുന്ന വരികള്‍, അഥവാ ‘എന്‍ ചോരയിലുണ്ടൊരു സൂര്യന്’ ‘എന്‍ കണ്കളിലുണ്ടൊരു സൂര്യന്’ ഇങ്ങിനെ ലഘുഭേദങ്ങളോടെ ആവര്‍ത്തിക്കുന്ന വരികള്‍ ). ‘കോഴിപ്പങ്ക്’ ഏതാണ്ട് അതെ പോലെ വന്ന കവിതയാണ്. ‘ബോധവതി’ ഒരു സ്ത്രീശബ്ദത്തില്‍ ഞാന്‍ കേട്ടെഴുതിയതാണ്, ചില കവിതകളുടെ ആദ്യരൂപം സ്വപ്നത്തില്‍ വന്നവയാണ്. ഇത് ഒരു ‘നിഗൂഢത’സൃഷ്ടിക്കാനായി പറയുന്നതാണെന്ന് തോന്നാം, പക്ഷെ അനുഭവസത്യമാണ്. പക്ഷെ ഒരു വരിയോ, വാക്കോ,ശീര്‍ഷകമോ, മുറിവോ, കഴപ്പോ,അമൂര്‍ത്തമായ ഒരു അന്തരീക്ഷമോ, മൂര്‍ത്തമായ ഒരു ബിംബമോ ഭാവമോ ‘വിഷനോ’ ഇല്ലാതെ ഞാന്‍ കടലാസ്സിന് മുന്പില് ‘കവിതയെഴുതാന്‍ തീരുമാനിച്ചു’ ഇരുന്നിട്ടില്ല. ഏതെങ്കിലും പ്രസിദ്ധീകരണം ആവശ്യപ്പെട്ടതുകൊണ്ട് എഴുതിയിട്ടുമില്ല. സൃഷ്ടി നന്നായാലും നന്നായില്ലെങ്കിലും ഉള്പ്രേരണയില്ലാതെ ഒന്നും എഴുതിയിട്ടില്ല. ആ ഉള്‍പ്രേരണയ്ക്ക് നിശ്ചയമായും ബോധം, ഓര്‍മ്മ, അനുഭവം, ഭാവന, വാസന, ഭാഷ, വായന തുടങ്ങിയവയുമായി സങ്കീര്‍ണ്ണമായ ബന്ധങ്ങളുണ്ട്; അഥവാ അവയെല്ലാം ഒത്തു കൂടുന്ന ഏതോ സന്ധിയിലാണ് അത് പിറക്കുന്നത്.
- എഴുത്ത് എത്രത്തോളം ശാരീരികമായ അനുഭവമാണ്? എഴുത്തിന്റെ സമയം ജീവിതത്തിലെ പ്രധാനപ്പെട്ട നേരമെന്ന് തോന്നുന്നോ?
പൂര്‍ണ്ണമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ് എഴുത്ത്, വിശേഷിച്ചും കവിത. എല്ലാ ഇന്ദ്രിയങ്ങളെയും ഭാഷയില്‍ കേന്ദ്രീകരിക്കുന്ന ഒരനുഭവം. കവിതയെ ‘ധ്യാന’മായി കാണുന്നത് ഈ അര്‍ത്ഥത്തില്‍ ശരിയാണ്; ഒരു ‘പാരഡോക്സ്’ ഉപയോഗിക്കാമെങ്കില്‍ അത് പ്രശാന്തമായ ഒരശാന്തിയാണ്. വേദനയോ ആഹ്ലാദമോ അവിടെ ഒരു വെറും ശബ്ദമല്ല, അത് കവി അനുഭവിക്കുന്നുണ്ട്.
കവിതയിലെ ഇലകള്‍ ശരിക്കും അനങ്ങുന്നുണ്ട്, കിളികള്‍ ശരിക്കും കരയുന്നുണ്ട്, ഹൃദയം സ്പന്ദിക്കുന്നുണ്ട്, പ്രണയത്തിനു ഉടലുണ്ട്.
തീര്‍ച്ചയായും എഴുതുന്ന സമയത്താണ് ഞാന്‍ പൂര്‍ണ്ണമായി ജീവിക്കുന്നതായി എനിക്ക് തോന്നുന്നത്. സംഗീതം, നൃത്തം, നാടകം, സിനിമ, ക്രിക്കെറ്റ്, ഫുട്ബാള്‍, പല ഗണങ്ങളില്‍ പെടുന്ന പുസ്തകങ്ങളുടെ വായന- ഇതെല്ലാം ഇഷ്ടമുള്ള ഒരാള്‍ ആണ് ഞാന്‍. പക്ഷെ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവം കാവ്യരചന നല്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും ഞാന്‍ അതിലേക്കു തിരിയുന്നത്, ഇടയ്ക്കു മറ്റു പലതും ( ഗസല്‍, നാടകം, കഥ, കുട്ടിക്കവിത, വിവര്‍ത്തനം, നിരൂപണം) എഴുതുമ്പോഴും കിളി കൂട്ടിലെയ്ക്കെന്ന പോലെ, യാത്രികന് വീട്ടിലേക്കെന്ന പോലെ, സ്വാഭാവികമായി ഞാന്‍ എന്റെ ജൈവഭാഷയായ കവിതയിലേക്ക് തിരിച്ചു വരുന്നത്.
- എഴുത്തുനേരത്തിനു വേണ്ടി മാറ്റിവെക്കുന്ന മറ്റു കാര്യങ്ങളെച്ചൊല്ലി ദു:ഖിക്കാറുണ്ടോ?
ഇല്ല. അതിനു കാരണം അതു ഞാന്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞതാണ്. നമുക്കെല്ലാം അനേകം കഴിവുകളുണ്ട്. പക്ഷെ അവയെല്ലാം വികസിപ്പിക്കാന്‍ ഒരു ജീവിതം പോരാ. എന്റെ തലമുറയില്‍ പെട്ട എല്ലാ കവികളും തന്നെ എന്ന് പറയാം, ഉപജീവനത്തിനായി മറ്റു ജോലികള്‍- ഏറെയും അധ്യാപനം- ചെയ്യേണ്ടി വന്നവരാണ്. വളരെ കുറച്ചു അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും. സംഗീതവും ചിത്രകലയും പോലെ എന്നെ ആകര്‍ഷിച്ചിട്ടുള്ള മറ്റു കലകള്‍ തന്നെയുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ കര്‍ണ്ണാട്ടിക് സംഗീതകാരനാകാന് ആഗ്രഹിച്ചിരുന്നു. ഇടക്കാലത്ത് കവിത വഴി മുട്ടിയ ചെറിയ ഇടവേളയില്‍ ചിത്രങ്ങള്‍ വരച്ചിരുന്നപ്പോള്‍, ശിഷ്ടജീവിതം ചിത്രകലയ്ക്ക് നല്‍കണം എന്നാഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല. എന്നാല്‍ ആ താത്പര്യങ്ങളെല്ലാം എന്റെ കവിതയുടെ ലോകം വിശാലമാക്കിയിട്ടുണ്ട്. എന്റെ കവിതയില്‍ ഇല്ലാത്ത കലകള്‍ ഇല്ല. നിര്‍ഭാഗ്യവശാല്‍ കലകളും കലാകാരന്മാരും തമ്മില്‍ അറുപതുകളിലും മറ്റും നടന്നിരുന്ന ആ സംവാദം നിലയ്ക്കുകയോ പ്രക്ഷീണമാവുകയോ ചെയ്തിട്ടുണ്ട്, അത് കവിതയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. കവിതയെ മാത്രമല്ലാ, മറ്റു കലകളെയും. ആ അകലം സൃഷ്ടിക്കുന്നതില്‍ ധനത്തിന്- കൃത്യമായി പറഞ്ഞാല്‍ വാണിഭത്തിന്- ഒരു പങ്കുണ്ട്. കവിത ആ ലേലംവിളിയില്‍ ഇല്ല. അത് ഒരാളും ഒരു ‘കരീര്’ ആയി കരുതുന്നില്ല, അത് കവിതയുടെ സൌഭാഗ്യമാണ്. ‘എഴുത്തുനേരത്തിനുവേണ്ടി വേണ്ടി മാറ്റി വെയ്ക്കുന്ന മറ്റു കാര്യങ്ങള്‍ ’ എന്ന പ്രയോഗത്തെ ഞാന്‍ സംശയിക്കുന്നു. ജീവിതം എന്ന ഒരു മഹാകാര്യത്തിന്റെ ഒരംശം തന്നെയാണ് കവിക്ക് കവിത. കവിത എഴുതാനായി എന്റെ മറ്റു ജോലികളോട് ഞാന്‍ അനീതി ചെയ്തിട്ടില്ല. മറ്റു ജോലികള്‍ മൂലം കവിതയോടും.
- എഴുതുന്നതിനാൽ സൂക്ഷ്മാർത്ഥത്തിൽ, ജീവിതം മാറിയിട്ടുണ്ടോ?
മറ്റൊരു ജീവിതം അറിയാത്തതുകൊണ്ട് അത് പറയാന്‍ എനിക്കാവില്ല. ചില ഉപദ്രവങ്ങള്‍ ഉണ്ടായിട്ടില്ലെന്നില്ല. എഴുത്തില്‍ സമൂഹം കടന്നു വന്നാല്‍, അത്തരത്തില്‍ എഴുതുന്ന ആളിനെക്കുറിച്ചുള്ള ചില സങ്കല്പ്പങ്ങള്ക്കനുസരിച്ചു ജീവിക്കാന്‍ ഒരാള്‍ ബാദ്ധ്യസ്ഥനാകും എന്ന് ഞാന്‍ പഠിച്ചു. അത് മലയാളത്തില്‍ കുറെ കൂടുതലുമാണ്. എഴുത്തിനെ സ്വയം മൂല്യവത്തായ ഒരു ക്രിയ – ആക്റ്റിവിറ്റി- ആയി കാണാന്‍ നമ്മുടെ സമൂഹം പക്വമായിട്ടില്ല. പ്രളയത്തെക്കുറിച്ചു കവിതയെഴുതിയാല്‍ നിങ്ങള്‍ പ്രളയത്തില്‍ എത്ര പേരെ രക്ഷിച്ചു എന്ന കണക്കു ചോദിക്കുന്ന ഒരു സമൂഹത്തില്‍ എഴുത്ത് സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരനുബന്ധം മാത്രമാകും. എഴുത്തില്‍ ഭാവനയുടെ നിര്‍ണ്ണായകമായ പങ്ക്- എത്ര തവണ കാല്വീനോയെയും മാര്ക്കെസിനെയും മുറാകാമിയെയും നെരൂദയെയും സ്വന്തം എഴുത്തുകാരെപ്പോലെ വായിച്ചിട്ടും- നാം വേണ്ടത്ര തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. അതു കൊണ്ട് അതിനെ നാം പ്രത്യക്ഷാനുഭവവുമായി ഋജുവായി ബന്ധിക്കുന്നു. ഇതിന്റെ പ്രത്യാഘാതം എല്ലാവരും അനുഭവിക്കുന്നുണ്ട്, പക്ഷെ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ ആണെന്ന് തോന്നുന്നു. ലളിതമായ ഒരുദാഹരണം: ഒരു പുരുഷന് പ്രണയകവിത എഴുതിയാല്‍ അയാള്‍ ആരെങ്കിലുമായും പ്രണയത്തിലാണോ എന്ന് ആരും ചോദിച്ചു കേട്ടിട്ടില്ല, അവയിലെ നായികമാരെ അന്വേഷിച്ചു പോയിട്ടില്ല ;പക്ഷെ സ്ത്രീ എഴുതിയാല്‍ അവളില്‍ പ്രണയം മാത്രമല്ല ലൈംഗിക തൃഷ്ണയും നാം ആരോപിക്കും, ആ നായകന് ആരെന്നു നമുക്കറിയണം. നമ്മുടെ സദാചാര സങ്കല്പങ്ങള് വളരെ സങ്കുചിതമാണ്. അത് കുടുംബത്തിന്റെ ചുവരുകള്‍ക്കപ്പുറം പോകാന്‍, എന്തിന്, കുടുംബസങ്കല്‍പ്പത്തെ പൊളിച്ചെഴുതാന്‍ പോലും, അറച്ചു നില്ക്കുന്നു
എഴുത്ത് പക്ഷെ വേറെ രീതികളില്‍, ഗുണാത്മകമായി, ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ലോകമെമ്പാടും അതെനിക്ക് അമൂല്യമായ സൌഹൃദങ്ങള്‍ തന്നു, പല തലത്തിലുള്ള സൌഹൃദങ്ങള്‍: വ്യക്തിപരവും സാഹിത്യപരവും. എന്റെ ചിന്തയെ ചിലപ്പോള്‍ അത് ഞാന്‍ മുന്‍കൂട്ടി കാണാത്ത ദിശകളിലേക്ക് നയിച്ചു. ഒരു പാട് സങ്കുചിതത്വങ്ങളില്‍ നിന്ന് മോചിപ്പിച്ചു. എന്നെ ലോകത്തിന്റെ ആറു ഭൂഖണ്ഡങ്ങളില്‍ അനേകംനാടുകളില് എത്തിച്ചത് കവിത മാത്രമാണ്. കവിതവായനക്കായാണ് – ചിലപ്പോള്‍ കവിതയെക്കുറിച്ച് സംസാരിക്കാനും- ഞാന്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, രണ്ടു അമേരിക്കകള്‍, ഓസ്ട്രേലിയാ എന്നിവിടങ്ങളില്‍ ഏറെ യാത്രകള്‍ നടത്തിയത്; ഇന്ത്യക്കകത്തുമതേ. ആ യാത്രാനുഭവങ്ങള്‍ എന്റെ സഹാനുഭൂതിയെ – എമ്പതി- വിശാലമാക്കി. ഇപ്പോള്‍ ഒരു തരം ജീവിതരീതിയോടും സംസ്കാരത്തോടും എനിക്ക് വിദ്വേഷമോ അകലമോ ഇല്ല. അസൂയകളോ ആശങ്കകളോ വംശ- ദേശ-മത വിദ്വേഷങ്ങളോഇല്ല. എന്റെ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ളവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോള്‍- മതം, പ്രദേശം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം- അത് അംഗീകരിക്കാന്‍ മാത്രമല്ല, അവരുടെതീരുമാനത്തെ ആദരിക്കാനും അതില്‍ സന്തോഷിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു. ഇതോടൊപ്പം പലരുടെയും, പലതിന്റെയും സങ്കുചിതത്വങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞു. ഞാന്‍ മതഭ്രാന്തനോ ദേശീയവാദിയോ അല്ലാതായി. കവിതയിലൂടെ മനുഷ്യരുടെ ആത്യന്തികമായ ഒരുമ തിരിച്ചറിഞ്ഞു. കവിത പ്രാദേശികമായി വേരുള്ളപ്പോഴും, ഒരു ഭാഷയില്‍ എഴുതപ്പെട്ടാലും, ആത്യന്തികമായി സാര്വലൌകികമാണന്നറിഞ്ഞു. കേരളത്തെയും മലയാളത്തെയും സ്നേഹിക്കുമ്പോഴും അവയെക്കുറിച്ചുള്ള അഹങ്കാരങ്ങള്‍ ഇല്ലാതായി.
- എഴുതാൻ പ്രയാസമായ കവിത? എഴുതാൻ പ്രയാസമായ അനുഭവങ്ങൾ വിടാതെ പിൻതുടരുന്നോ?
‘എഴുതപ്പെടാത്ത കവിത’ എന്ന പേരില്‍ എന്റെ ഒരു കവിതയുണ്ട്. ഒരര്‍ത്ഥത്തില്‍ എല്ലാ കവിതയും എഴുതാന്‍ പ്രയാസമായ കവിതകള്‍ തന്നെയാണ്- അത് അന്ധമായി ഒരു വഴി മാത്രം പിന്തുടരുന്നില്ലെങ്കില്, പുതിയ അനുഭവങ്ങള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍. മുന്‍കൂട്ടി ഞാന്‍ ഇങ്ങിനെയേ എഴുതൂ എന്ന് തീരുമാനിച്ചവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്- മഹാകവികളെക്കുറിച്ചുള്ള എന്റെ കവിത പറയും പോലെ- അവര്‍ക്ക് എന്തിനെപ്പറ്റി എഴുതണം, എങ്ങിനെ എഴുതണം എന്ന് നല്ല നിശ്ചയമുണ്ട്. അത്തരം കവികള്‍ നമുക്ക് മുമ്പുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. അവരെ ഞാന്‍ ‘പദ്യരചയിതാക്കള്‍’ ( വേഴ്സിഫയേഴ്സ്) എന്നാണു വിശേഷിപ്പിക്കുക. വൃത്തത്തില്‍ എഴുതുന്നതു കൊണ്ടല്ല- എന്റെ തലമുറയില്‍ എല്ലാ കവികളും വൃത്തത്തില്‍ കൂടി എഴുതിയവരാണ്- മറിച്ച് മുന്‍കൂട്ടി തീരുമാനിച്ച ഒരു പദ്ധതിയനുസരിച്ച് എഴുതുന്നതു കൊണ്ട്. അത്തരം കവിതയില്‍ അത്ഭുതങ്ങളോ അപ്രതീക്ഷിതത്വങ്ങളോ ഇല്ല. അവര്‍ അനശ്വരരാകാന്‍ തീരുമാനിച്ചവരാണ്, അതുകൊണ്ട് ദൈനംദിന ജീവിതത്തെയും സാധാരണ വസ്തുക്കളെയുംപ്രാണികളെയുമൊക്കെ അവര്‍ കവിതയില്‍ നിന്ന് ദൂരെ നിര്‍ത്തുന്നു, അവര്‍ക്ക് പ്രകൃതി പോലും മനുഷ്യനു പുറത്ത്, പ്രകൃതിയായി, നില നില്ക്കുന്നില്ല. അത് മനുഷ്യജീവിതനാടകത്തിനുള്ള അരങ്ങ്, അല്ലെങ്കില്‍ ഉപമകള്‍ക്കും രൂപകങ്ങള്ക്കുമുള്ള ഒരു പ്രഭവം, മാത്രമാണ്. തീര്‍ച്ചയായും പ്രകൃതിക്ക് കവിതയില്‍ അത്തരം റോളുകള്‍ ഉണ്ട്, എന്നാല്‍ അത് അവയ്ക്കപ്പുറവും നില നില്‍ക്കുന്നുണ്ട്. അവര്‍ അതു തിരിച്ചറിയുന്നത് പ്രളയമോ ആഗോളതാപനമോ അഗ്നിപര്‍വ്വതസ്ഫോടനമോ മഹാമാരിയോ പോലുള്ള ദുരിതങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ്, ജനലില്‍ നിന്ന് പുറത്തു നോക്കിയാല്‍ കാണുന്ന ആരിവേപ്പിലൂടെയും അണ്ണാനിലൂടെയും ചാറ്റല്മഴയിലൂടെയുമല്ല. പ്രകൃതി നിരന്തരം നമ്മോടു സംവദിക്കുന്നുണ്ട്, താഴ്ന്ന ഫ്രീക്വെന്സിയില്. അത് അവര്‍ കേള്‍ക്കുന്നില്ല. അവര്‍ ക്ലാസ്സിക്കുകളിലേക്ക് പോകുന്നതു പോലും ‘ചിരന്തനം’ എന്ന് അവര്‍ കരുതുന്ന പ്രമേയങ്ങള്‍ തേടിയാണ്, പുതിയ കണ്ടെത്തലുകള്ക്കായല്ല. അവയില്‍ നിന്ന് അവര്‍ അലങ്കാരങ്ങള്‍ അണിയിച്ച ഖണ്ഡകാവ്യങ്ങള്‍ സൃഷ്ടിക്കുന്നു. അവരെപ്പോലെ തന്നെയുള്ള വായനക്കാരെയും അവര്‍ക്ക് കിട്ടുന്നു. കവി എന്നും തുടക്കക്കാരനാണ്, തെറ്റ് വരുത്താന്‍ കവിക്ക് കഴിയണം- വഴി തെറ്റി സഞ്ചരിക്കാനും, എന്‍ എന്‍ കക്കാട് പറഞ്ഞ പോലെ പുതുവഴി വെട്ടാനും. അത് അറിഞ്ഞവരേ കവിതയെ പുതുക്കിയിട്ടുള്ളൂ.
- ‘എഴുതാതെ’യും കവിതയെഴുതാം എന്നു തോന്നിയിട്ടുണ്ടോ? കവിത മറ്റു രൂപങ്ങളിൽ?
ആലങ്കാരികമായി അങ്ങിനെ പറയാം- ‘അവള് ഒരു കവിതയാണ്’, ‘നോവലിലെ ഈ വാചകം കവിതയാണ്’, ‘ഈ പെയിന്റിംഗ് തനി കവിതയാണ്’ എന്നൊക്കെ പറയും പോലെ. അങ്ങിനെ നോക്കിയാല്‍ കളിക്കളത്തിലെ ഫുട്ബാളറുടെ ചലനത്തില്‍ പോലും കവിത കണ്ടെത്താം. ‘പോയറ്റിക്’ ( കാവ്യാത്മകം, കവിതാമയം) , ‘പോയട്രി’ ( കവിത) ഈ വാക്കുകളുടെ അര്‍ത്ഥം ഒന്നല്ല. ചിലപ്പോള്‍ കവിത യാഥാസ്ഥിതികമായ അര്‍ത്ഥത്തില്‍ ‘കാവ്യാത്മകം’ ആകണം എന്ന് പോലുമില്ല- സിബ്ന്യൂ ഹെര്ബെര്ട്ടിന്റെയോ, എന്സെന്സ്ബെര്ഗറുടെയോ ബ്രെഹ്റ്റിന്റെയോ, നികനോര്‍ പാര്റയുടെയോ കവിത പോലെ. കോണ്‍ക്രീറ്റ് പോയട്രി, പെര്‍ഫോമന്‍സ് പോയട്രി, മള്‍ട്ടിമീഡിയാ പോയട്രി –ഇവയുടെയൊന്നും സാദ്ധ്യതകള്‍ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ എങ്ങിനെയോ കവിത എന്ന സത്ത ഈ ‘ട്രെന്‍ഡി’ ആയ രീതികളെ അതിജീവിക്കുന്നു, അവയെക്കൂടി ചിലപ്പോള്‍ ഉള്‍ക്കൊള്ളുന്നു എന്നു മാത്രം. അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് കവിതയ്ക്ക് ഭാഷയില്‍- വാമൊഴിയോ വരമൊഴിയോ ആകട്ടെ- അവതീര്ണ്ണമാകാതെ വയ്യാ എന്നാണ്. ധ്യാനമായുള്ള അതിന്റെ അസ്തിത്വം കവിതയുടെ പൂര്വ്വജന്മാവസ്ഥയേ ആകുന്നുള്ളൂ. അതിനു ഭാഷയില്‍ പിറന്ന് കൈകാലിട്ടടിച്ചേ പറ്റൂ, അഥവാ ഇല വിരിച്ചേ പറ്റൂ
- എഴുതുമ്പോൾ അപ്പുറത്ത് ഒരാളുണ്ടോ?
എന്റെ ‘പ്രതിജ്ഞാബദ്ധ’സുഹൃത്തുക്കള്‍ക്ക് വിഷമം തോന്നരുത്- എഴുതുമ്പോള്‍, ഇല്ല. പ്രകടമായും ‘സാമൂഹ്യ’മായ കവിത പോലും ഞാന്‍ എഴുതുന്നത് എന്റെ ഏതോ ദാഹം, ദുഃഖം, കുറ്റബോധം, ഇല്ലായ്മ, ശമിപ്പിക്കാനാണ്. ഞാന്‍ പറയുന്നത് എഴുതുന്ന മുഹൂര്‍ത്തത്തെക്കുറിച്ചാണ്. ‘അവനവന് ആത്മസുഖത്തിന്നാചരിപ്പതു’ തന്നെയാണത്, അത് ‘അപരന്റെ സുഖത്തിനായ് വരുന്നു’ എന്നേയുള്ളൂ. ആ ഘട്ടം മറ്റുള്ളവര്‍ക്ക് മുന്‍പിലുള്ള വായനയുടെയും പ്രസിദ്ധീകരണത്തിന്റെയുമാണ്. പക്ഷെ ആദ്യമുഹൂര്ത്തമില്ലെങ്കില് രണ്ടാമത്തേതും ഇല്ല: ആ ‘ആത്മസുഖം’ കുരിശാരോഹണത്തിലോ സരയൂപ്രവേശത്തിലോ അസ്ത്രസ്വീകാരത്തിലോ നിന്ന് വരുന്നതാകാമെങ്കിലും. പക്ഷെ ഒന്നുണ്ട് , ഭാഷ, അതിനെ ഓരോ കവിതയും വ്യക്തിവത്കരിക്കുമ്പോഴും, ഒരു സാമൂഹ്യോത്പന്നമാണ്; ഓരോ വാക്കിലും അതുപയോഗിക്കപ്പെട്ട അനേകം സന്ദര്‍ഭങ്ങളുടെ സൂക്ഷ്മസ്മൃതികളുണ്ട്. സംവേദനം, അതും വ്യക്തിവത്കരിക്കപ്പെടുമ്പോള് തന്നെ, സാദ്ധ്യമാകുന്നത് ഭാഷ പങ്കിടുന്ന ആ മഹാസമൂഹം നില നില്‍ക്കുന്നത് കൊണ്ടാണ്; വേറൊരു ഭാഷയില്‍ പോകുമ്പോള്‍ ആ സ്മൃതികളുടെ സ്വഭാവം മാറാമെങ്കിലും. അതു കൊണ്ടാണ് ഏറ്റവും വ്യക്തിപരമായതും ഒരു തലത്തില്‍ സാമൂഹ്യം കൂടി ആയിരിക്കുന്നത്. ഇതിനു ഒരു വായനക്കാരനെ കവി അടുത്തിരുത്തണമെന്നില്ല, പാതി ദൂരത്ത് അയാള്‍, അഥവാ അവള്, ഉണ്ട്. ‘നീയറിയുന്നോ വായനക്കാരാ’ ( അയ്യപ്പപ്പണിക്കര്‍) എന്ന് സംബോധന ചെയ്യപ്പെടുന്നതു പോലും ഈ അരൂപിയാണ്.നാടകത്തിലെ ആത്മഗതം പോലെ, മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടാകാം എന്നറിഞ്ഞു കൊണ്ടു തന്നെ, അഥവാ, അവര്‍ കേള്ക്കാനായിപ്പോലും, സ്വയം സംസാരിക്കുന്നതാണ് കവിത. അരികിലുള്ളത് ‘ഞാന്‍’ തന്നെയാണ്, പക്ഷെ അല്‍പ്പം അകലെ ‘നീ’ ഉണ്ട്, ഭാഷയില്‍ ‘നീ’ കൂടി ഉള്ളത് കൊണ്ട്.
അല്പ്പനാളുകള് മുന്‍പ് മാസിഡോണിയയിലെ സ്ട്രൂഗാ പോയട്രി ഫെസ്റിവലില്‍ വെച്ച് സുഹൃത്തായ പാലസ്തീനിയന്‍ യുവകവി അസ്മാ അസൈസേ, അവളുടെ മാസികയ്ക്കു വേണ്ടിയുള്ള അഭിമുഖത്തില്‍ ചോദിച്ചു: “ഏറ്റവും വേദനാജനകമായ ബിംബങ്ങള്‍ ഉപയോഗിക്കുമ്പോഴും താങ്കളുടെ കവിത സുരക്ഷിതമായ ഒരു മടിത്തട്ട് പോലെ തോന്നുന്നു, വായനക്കാരനുമായുള്ള താഴ്ന്ന ശബ്ദത്തിലുള്ള ഒരു സംവാദം. താങ്കള്‍ വേദന വായനക്കാരുടെ മുഖത്തേക്ക് വലിച്ചെറിയുന്നില്ല, അത് സ്വയം കാണാന്‍ അവരെ നയിക്കുക മാത്രം ചെയ്യുന്നു. എഴുതുമ്പോള്‍ ഇക്കാര്യം ആലോചിക്കാറുണ്ടോ? സാമാന്യഭാഷയില്‍ നിന്ന് കവിത ശുദ്ധീകരിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ടോ?” എന്റെ മറുപടി ഇതായിരുന്നു: “ ഞാന്‍ എന്റെ കവിതയില്‍ ഉറക്കെ സംസാരിക്കയോ നിലവിളിക്കയോ ചെയ്യാതിരിക്കാന്‍ ശ്ര മിക്കുന്നു. കഴിയുന്നത്ര പരോക്ഷമാകാന്, ബിംബങ്ങളിലും രൂപകങ്ങളിലും പ്രതീകങ്ങളിലും കൂടി സംസാരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. കൂടുതല്‍ നേരിട്ട് സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയസന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ അതില്‍ നിന്ന് പക്ഷെ ഒഴിഞ്ഞു മാറാറില്ല. എങ്കിലും പരോക്ഷമായിരുന്നു തന്നെ സംവേദനം നിര്‍വഹിക്കുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷം. എന്റെ കവിതയില്‍ ഞാന്‍ ധാരാളം ഐറണിയും ഉപയോഗിക്കുന്നു. ” ഇത് ഇവിടെയും പ്രസക്തമാണെന്നു തോന്നുന്നു. സത്യവാങ്ങ്മൂലം, പനി, ഇടവേള, ഉയിര്‍ത്തെഴുന്നേല്‍പ്പ്, സാക്ഷ്യങ്ങള്‍, മുട്ടാളന്മാര്, മാപ്പ്, സിമത്തേരി, തുടങ്ങിയ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയകവിതകളില്‍ പോലും ഞാന്‍ എഴുപതുകളിലെ മറ്റു ചില കവികളെപ്പോലെ ഉറക്കെ സംസാരിക്കാനോ ബോധപൂര്‍വ്വം ‘ഇഫക്റ്റ്’ ഉണ്ടാക്കാനോ ശ്രമിചിട്ടില്ലെന്നാനു എനിക്ക് തോന്നുന്നത്. അത് കൊണ്ടാകാം അവയിലെ രാഷ്ട്രീയത്തോട് യോജികാത്ത്തവര് പോലും ആ കവിതകളെ കവിതകള്‍ എന്ന നിലയില്‍ ഓര്‍മ്മിക്കുന്നതും ഇഷ്ടപ്പെടുന്നതു. നിര്‍ഭാഗ്യവശാല്‍ ‘എഴുപതുകളുടെ കവിത’ മുതലായ സാമാന്യവത്കരണങ്ങള്ക്കിടയില് ഈ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല.
- എഴുതുന്ന നേരത്ത് അബോധത്തിന്റെ പ്രേരണകൾ എപ്രകാരമാണ്? തീർച്ചയില്ലാത്തവയിലേക്ക് കവിതയെ നയിക്കാറുണ്ടോ അത്?
കവിതാരചന അറിയാത്ത വഴിയിലൂടെയുള്ള നടത്തമാണ്. തീരെ പ്രതീക്ഷിക്കാത്തത് നാം വഴിയില്‍ കണ്ടു മുട്ടുന്നു, അറിയാതെ വളവുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലെ ഭാഷ തിരിയുന്നു, കാണാത്ത ചെടികളും പക്ഷികളും മനുഷ്യരും വന്നു ചേരുന്നു, വിചാരിക്കാത്തിടത് വഴി അവസാനിക്കുന്നു. അനാസൂത്രിതമായത്തിന്റെ സാഹസികാഹ്ലാദമാണ് കവിത നല്കുന്ന ആഹ്ലാദം. ഒരു വാക്ക് മറ്റൊരു വാക്കിലേക്ക് നയിക്കുന്നു, ഒരനുഭവം അഥവാ ഒരോര്‍മ്മ മറ്റുള്ളവയിലേക്ക്. കാലങ്ങളുടെയും സ്ഥലങ്ങളുടെയും അതിരുകള്‍ തകര്‍ന്നു പോകുന്നു