നാടകം എന്ന ഉറപ്പ് – ഡോ.പി.ഹരികുമാര്‍

നാടകം എന്ന ഉറപ്പ് – ഡോ.പി.ഹരികുമാര്‍

ലോകത്താകമാനം മൗലികവാദാധിഷ്ഠിത ഭരണവര്‍ഗങ്ങളുടെ പിടിയില്‍പ്പെട്ട് ജനാധിപത്യ സ്ഥാപനങ്ങള്‍ പിടയുന്നകാലം. മനുഷ്യന്‍ എന്ന സംവര്‍ഗത്തിനു മുകളില്‍ മത, ജാതി, ദേശ, ഭാഷാ, വര്‍ണ വ്യക്തിത്വങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കപ്പെടുന്ന പ്രവണതകള്‍. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പില്ലാതിരുന്നവിധം, രാഷ്ട്രീയത്തില്‍ മതങ്ങള്‍ക്ക് പ്രാധാന്യവും അംഗീകാരവും ഏറുന്ന അവസ്ഥ. കള്ളവാഗ്ദാനങ്ങളിലൂടെ വിശ്വാസം പിടിച്ചെടുക്കുന്ന അധികാരിവര്‍ഗം ജനത്തോട് തിരിഞ്ഞുനിന്ന് ‘നിങ്ങളാരാണ്?” എന്ന് ചോദിക്കുന്ന അന്തരീക്ഷം. ഒരു വശത്ത് ആഗോള മുതലാളിത്തത്തിന്റെയും, ഭ്രാന്തമായ ഉപഭോഗമത്സരത്തിന്റെയും ലോഹഹസ്തങ്ങള്‍.


മറുവശത്ത്, വിലയ്‌ക്കെടുക്കപ്പെടുന്ന മാധ്യമങ്ങളിലൂടെയും, വ്യക്തിയുടെ ഇന്ദ്രിയങ്ങളിലേക്ക് നേരിട്ട് പ്രസരിപ്പിക്കുന്ന സൈബര്‍ സന്ദേശങ്ങളിലൂടെയും, ജനങ്ങള്‍ക്കിടയില്‍ പരസ്പര അവിശ്വാസവും, വെറുപ്പും, വൈര്യവും വളര്‍ത്തുന്ന പ്രചാരണങ്ങള്‍. ഗ്രാമങ്ങളിലും നഗരക്കോണുകളിലും ഒരുപോലെ, നിര്‍ദോഷികള്‍ക്ക്, തങ്ങള്‍ വിടാതെ വീക്ഷിക്കപ്പെടുന്നുണ്ട് എന്നും, ഏതു നിമിഷവും നഗരനക്‌സലെന്നോ, ദേശവിരോധിയെന്നോ, തീവ്രവാദിയെന്നോ മുദ്രകുത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യപ്പെട്ടേക്കാമെന്നുമുള്ള ഭീതി. സ്വന്തം ദേശത്ത് രാജ്യസ്‌നേഹവും, പൗരത്വംപോലും, സ്വയം തെളിയിക്കേണ്ടിവരുന്ന ഭാരിച്ച ഉത്തരവാദിത്വം. ഇത്തരമൊരു ചുറ്റുപാടില്‍ ‘നമ്പാനാരുമില്ലല്ലൊ’ എന്ന നിസ്സഹായതയുടെ കാലത്താണ് പന്ത്രണ്ടാമത് അന്താരാഷ്ട്ര നാടകോത്സവം (ITFOK) അരങ്ങേറിയത്. മലയാളത്തില്‍നിന്നും, മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്നും, വിവിധ രാജ്യാന്തര ഭാഷകളില്‍നിന്നുമായി എത്തിയ പത്തൊമ്പത് നാടകങ്ങളുടെ വേദിയില്‍, നൂറുകണക്കിന് കലാപ്രതിഭകളും, ആയിരക്കണക്കിന് ആസ്വാദകരും ജനുവരി 20 മുതല്‍ 29 വരെയുള്ള പത്ത് ദിവസങ്ങളില്‍, പരസ്പരം പങ്കുവച്ച പ്രധാന വികാരം, എല്ലാം പാടേ നഷ്ടമായിട്ടില്ല എന്ന ആത്മവിശ്വാസമാണ്.


സാമൂഹിക വിഭാവനം


ഒരു ദുരന്തകാലത്തിന് സ്വാഭാവികമെന്നപോലെ, വൈയക്തിക വിഷയങ്ങളെ മാറ്റിവച്ച് സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതിലായിരുന്നു ഇക്കുറി ഫെസ്റ്റിവലിന്റെ ഊന്നല്‍. പരിപാടികള്‍ കൃത്യതയോടെ ക്യൂറേറ്റ് ചെയ്ത, അമിതേഷ് ഗ്രോവര്‍ നയിച്ച ടീം മുന്നോട്ടുവച്ച Imagining Communities എന്ന വിഷയം അത് വ്യക്തമാക്കുന്നുണ്ട്. തോപ്പില്‍ഭാസി ഓഡിറ്റോറിയം, മുരളി ഓപ്പണ്‍ എയര്‍ തിയേറ്റര്‍, കെ.ടി മുഹമ്മദ് റീജനല്‍ തിയേറ്റര്‍ എന്നീ വേദികളിലായി അവതരിപ്പിക്കപ്പെട്ട ഏതാണ്ട് എല്ലാ നാടകങ്ങളിലും, ഏറിയും കുറഞ്ഞും, സമൂഹത്തിന്റെ ഉത്ക്കണ്ഠകളും, പ്രതിരോധങ്ങളുമായിരുന്നു പ്രധാന പ്രമേയം. വ്യക്തമായ സ്വാതന്ത്ര്യബോധമുള്ള പൗരരുടെ ശബ്ദം ഓരോ അവതരണങ്ങളിലും കേള്‍ക്കാനായി. അത് രാഷ്ട്രീയാധീശത്വത്തിനെതിരെ (കൊറിയലനസ്, സില്‍വര്‍ എപ്പിഡമിക്ക്, കാലാ ദബ്ബ ബാദല്‍ കി തരഹ് ആ രഹാ ഹെ, വീണ്ടും ഭഗവാന്റെ മരണം, ചില്ലറ സമരം, ഈദ്ഗാഹ് കി ജിന്നത്ത്, ബോംബെ സ്‌ക്കെച്ചസ്), മതമേല്‍ക്കോയ്മക്കെതിരെ (ചേരളചരിതം, അവാഹത്, ചാഹേത), അടിമത്തത്തിനെതിരെ (ഭാസ്‌ക്കര പട്ടേലരും, തൊമ്മിയുടെ ജീവിതവും), വര്‍ണവിവേചനത്തിനെതിരെ (ആന്‍ ഈവനിങ്ങ് വിത്ത് ഇമിഗ്രന്റ്), ലിംഗപരമായ ആധിപത്യത്തിനെതിരെ (നോ റെസ്റ്റ് ഇന്‍ ദ കിംങ്ങ്ഡം, സല്‍മ ദീവാനി)  ഒക്കെ ആയിരുന്നു. ഒരു വശത്ത് മേധാവിത്തരൂപങ്ങളും, മറുവശത്ത് പ്രതിരോധമുയര്‍ത്തുന്ന മര്‍ദിതരും എന്ന ദ്വന്ദ്വം ഏതാണ്ടെല്ലാ നാടകങ്ങളിലും പ്രകടമായിരുന്നു.


ദുഷ്പ്രഭുത്വവും, ചെന്നായ്ക്കളും, മതഭ്രാന്തരും


അവതരിപ്പിക്കപ്പെട്ടവയില്‍ പ്രാതിനിധ്യ സ്വഭാവംകൊണ്ടും, ഇന്ത്യന്‍ സമകാലികാവസ്ഥയുടെ അനുരണനങ്ങള്‍കൊണ്ടും പ്രേക്ഷകരുടെ സവിശേഷശ്രദ്ധ പിടിച്ചുപറ്റിയ നാടകങ്ങളാണ്, ഇറാനില്‍നിന്നു വന്ന ‘കൊറിയലനസ്’, ഭോപ്പാലില്‍ നിന്നെത്തിയ ‘കാലാ ദബ്ബ ബാദല്‍ കി തരഹ് ആ രഹാ ഹെ’, മലയാളത്തിലെ ‘വീണ്ടും ഭഗവാന്റെ മരണം’ എന്നിവ. രാഷ്ട്രീയ, സാമൂഹിക അധികാരരൂപങ്ങള്‍ക്കെതിരെ സാധാരണക്കാരുടെയും, കലാപ്രവര്‍ത്തകരുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളും അവയ്ക്കുള്ളിലെ സംഘര്‍ഷങ്ങളും അവതരിപ്പിക്കുന്നവയായിരുന്നു ഈ നാടകങ്ങള്‍.