ഗാന്ധിമാര്‍ഗം – വിനോദ്കുമാര്‍ കല്ലോലിക്കല്‍
ഗാന്ധി നടന്ന വഴികളിലൂടെ ‘മഹാരാജാസില്‍ നിന്നും മഹാത്മാവിലേക്ക്’ എന്ന ബാനറുമേന്തി ഒരു നീണ്ടയാത്ര. സബര്‍മതി, പോര്‍ബന്തര്‍, സൂറത്ത്, ദണ്ഡി ഉപ്പുതീരം, രാജ്ഘട്ട്, നളന്ദ, ബുദ്ധഗയ എന്നിങ്ങനെ അത് മൂന്നു ഘട്ടങ്ങളായി മുറിഞ്ഞും തുടര്‍ന്നും ചമ്പാരനിലെത്തി. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികവേളയിലായിരുന്നു അത്. ദക്ഷിണേന്ത്യയില്‍നിന്ന് എത്തിയ ഒരേയൊരു സംഘം ‘പൊതുതാല്പര്യാര്ത്ഥം’ ഉത്തരേന്ത്യയില്‍നിന്ന് ചെറിയ യാത്രാസംഘം ഞങ്ങള്‍ക്കുമുമ്പേ അവിടെ എത്തിയിരുന്നു. ചമ്പാരനിലെത്തുന്നതിനുമുമ്പേ ചില ഇടങ്ങളില്‍നിന്ന് അനുമോദനങ്ങളും സ്വീകരണവും കിട്ടി. പാലക്കാട് വിക്ടോറിയ കോളജ് യാത്രികര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്കി. ചരിത്രവിഭാഗം മുന്‍കൈ എടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിഴലുകള്‍ പാളുന്ന ഒരു നട്ടുച്ചനേരത്ത് പാലക്കാട് ശബരി ആശ്രമം യാത്രികരെ വരവേറ്റു. ആശ്രമസ്ഥാപകന്‍ കെ.എസ്. കൃഷ്ണസ്വാമിയുടെ ത്യാഗത്തിന്റെ കഥകള്‍ ടി. ദേവന് പങ്കുവച്ചു.
നടക്കുന്തോറും അകന്നുപോകുന്ന ചക്രവാളമാണ് ഗാന്ധി. യാത്ര ചെയ്യുകയായിരുന്നു. എത്തിച്ചേരുകയല്ല. എന്നെത്തന്നെ നീട്ടിവലിച്ച് യാത്ര ചെയ്യിച്ചുകൊണ്ടിരിക്കുന്ന ഒരനുഭൂതിയാണ് ഗാന്ധി. യാത്രയൊന്നും ഗാന്ധിയിലെത്തില്ല. കാരണം എനിക്ക് ഗാന്ധിയെ വായിച്ചത്ഭുതപ്പെടാന് മാത്രമേ സാധിക്കൂ. ഒരിക്കലും ഗാന്ധിയനാവാന്‍ സാധിക്കില്ല. എന്റെ സഹജപ്രകൃതം അതിനനുസരിച്ചല്ല. യാത്ര പോകുന്നിടത്തേക്കാണല്ലോ. സ്വന്തം വാര്‍ദ്ധക്യത്തിലേക്ക് മാത്രമായി യാത്ര. ചലനങ്ങളൊന്നും ഉള്ളറുത്ത് പുറത്തേക്ക് വന്നില്ല. ഭയക്കുന്ന ഭാവിയാണ് പോര്‍ബന്തറിനെ കൂടെയിരുത്തിയത്. ചതഞ്ഞ അക്ഷരങ്ങളെ പേനയുന്തി കോര്‍ത്തു. ലേഖനങ്ങള്‍ വന്നു. എന്നിട്ടും അക്ഷരങ്ങളെ വാക്കൊടിയാതെ നിരത്താനും കഴിഞ്ഞില്ല. കനലായി മാറേണ്ട ചിന്തകള്‍ ഉള്ളിലിട്ട് കട്ടയാക്കി സെമിനാര്‍ ഹാളുകളെ തുപ്പിപ്പതപ്പിച്ചു. ഉള്ളിലെ കല്ലടര്ത്താതെ കുരുക്കി കുടുങ്ങിയ മനസ്സായിരുന്നു യാത്രാന്ത്യവും. പ്രാപ്പൊയിയുടെയും മുനയന്കുന്നിന്റെയും കയ്യൂരിന്റെയും സമരപാരമ്പര്യമാണ് മനസ്സില്‍ ചേര്ന്നുനില്ക്കുന്നത്.
ഓര്‍മകളാണിന്ന് ഗാന്ധിയാത്രകള്. ഒരുപിടി ഉപ്പ് ഊറ്റിയെടുത്ത് സാമ്രാജ്യത്വത്തിന്റെ മുഖത്തെറിഞ്ഞ ദണ്ഡീതീരത്ത് കാലൂന്നിനിന്നത്. ഗാന്ധിയിലേക്ക് കെട്ടഴിഞ്ഞുവീണ് കടല്‍വെള്ളത്തില്‍ മുങ്ങാംകുഴിയിട്ട എന്തോ കുറുക്കാനെന്ന ഭാവത്തില്‍ ബിസ്ലേരി കുപ്പികളില്‍ ഉപ്പുവെള്ളം ശേഖരിച്ച വിദ്യാര്‍ത്ഥികള്‍. കാത്തിരുന്ന ആള്ക്കാര് എത്തി എന്ന രീതിയില്‍ ചമ്പാരനില്‍ യാത്രാസംഘത്തെ എതിരേറ്റ കൃഷ്ണറായ് എന്ന ജോലിക്കാരന്. കൊട്ടിപ്പാടി കുണുങ്ങി വന്ന മൂന്നാം ലിംഗക്കാരെ കണ്ടമാത്രയില്‍ ചകിതരായി ഞൊടിയിടയില്‍ പെണ്‍കുട്ടികളുടെ അരികുപറ്റിച്ചേര്ന്നിരുന്ന നിഷ്കളങ്ക യുവത്വം. സ്വതന്ത്രമായി മദ്യപിക്കാന്‍ സാധിക്കാത്തതില്‍ ഗാന്ധിയെ തെറിപറയുന്ന പൊര്ബന്തറിലെ പുതിയ മനുഷ്യര്‍. കൗപീനത്തിന്റെ അമര്ത്തിക്കെട്ടലുകളില്ലാതെ ആസക്തികളില്‍നിന്ന് തെന്നിമാറി ഒതുങ്ങിക്കഴിയുന്ന സബര്‍മതിയിലെ യുവ അന്തേവാസി.
പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന കാര്യമല്ലെന്നറിഞ്ഞപ്പോള് വിദ്യാര്ത്ഥികളെകൂട്ടി യാത്ര തുടര്‍ന്നു. ചമ്പാരനായിരുന്നു ലക്ഷ്യം. ആര്‍ത്തലയ്ക്കുന്ന മുഖ്യധാരാ ജീവിതത്തിന്റെ ഓരംപറ്റിനില്‍ക്കുന്ന ബഹിഷ്കൃത മനുഷ്യജന്മങ്ങള് പാര്‍ക്കുന്ന മോത്തിഹാരി കാഴ്ചകള്‍ മലര്‍ക്കെ തുറന്നുവച്ചിട്ടും ആര്‍ക്കും പൂര്‍ണമായി മനസ്സിലാവാത്ത ആ സമ്പൂര്‍ണ ജീവിതം ഇന്ത്യയില്‍ സമരസജ്ജമായ ചമ്പാരന്‍ വെളിച്ചം അണഞ്ഞ രാത്രിയുടെ ഗൂഢമണിക്കൂറില് കുഴഞ്ഞകാലുകള്‍, നീട്ടിയൊപ്പിച്ച റൂഡോല് ഓര്മ. ഉള്ളം തകര്‍ന്നവര്‍ക്കായി സാന്ത്വനത്തിന്റെ പ്രാര്‍ത്ഥനാഗീതം തെളിയിച്ച നളന്ദയിലെ ബുദ്ധഭിക്ഷുക്കള്‍ ഞങ്ങളെ ഇരുത്തി പറഞ്ഞു പോകുമ്പോഴും തറയ്ക്കുന്ന മണവും ബാബുല്‍ സംഗീതവും കൂടെ കൊണ്ടുനടന്ന പാറ്റ്ന എക്സ്പ്രസ് ദര്‍ഗകളും കീര്‍ത്തിസ്തംഭങ്ങളും ജൈനമന്ദിരങ്ങളും പിറകിലേക്ക് ഓടിമറയുന്നു.
മഹാത്മാഗാന്ധിയുടെ പൗത്രന് തുഷാര്‍ ഗാന്ധിയാണ് ചമ്പാരന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. ഗാന്ധിയുടെ മഹാരാജാസ് സന്ദര്‍ശനത്തിന്റെ 90-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ ചമ്പാരനിലെത്തിയത്. വൈകിട്ടോടെ പാറ്റ്നയില്‍ എത്തി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള വ്യന്ദാവന്‍ ഹോട്ടലിലായിരുന്നു താമസം.