ആന്ത്രപ്പോസീന്‍ – എന്ന് മുതല്‍, എങ്ങനെ? – ഡോ. ഷാജു തോമസ്

ആന്ത്രപ്പോസീന്‍ – എന്ന് മുതല്‍, എങ്ങനെ? – ഡോ. ഷാജു തോമസ്

പ്രാപഞ്ചികശക്തികള്‍ ഭൂമിയില്‍ ഏല്പിച്ചിരുന്ന/ഏല്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടിയതോതിലുള്ള മാറ്റങ്ങളാണ് മനുഷ്യന്റെ ഇടപെടലുകള്‍മൂലം ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതാണ് ആന്ത്രപ്പോസീന്‍ യുഗപ്പിറവിക്ക് നിദാനമാകുന്നത്.


2000 മാണ്ട് ഫെബ്രുവരിയില്‍ മെക്‌സിക്കോയിലെ ക്യൂര്‍നവാക്കയില്‍ നടത്തപ്പെട്ട അന്തര്‍ദേശീയ ഭൂമണ്ഡല-ജൈവമണ്ഡല പദ്ധതി (International Geosphere – Biosphere Programme – IGBP) യെ സംബന്ധിച്ച സമ്മേളനത്തില്‍ പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ഇടപെടലുകളെക്കുറിച്ച് തീക്ഷ്ണമായ ചര്‍ച്ച നടക്കുകയാണ്. അതിനിടയില്‍ നൊബേല്‍ സമ്മാനജേതാവും അന്തരീക്ഷ രസതന്ത്രശാസ്ത്രജ്ഞനുമായ ഡോ. പോള്‍ ക്രൂട്‌സെന്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു. ”ഹോളോസീന്‍ യുഗം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ ആന്ത്രപ്പോസീനിലാണ്.” അമേരിക്കന്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ യൂജിന്‍ സ്റ്റോമറിന്റെ ഈ വാക്ക് സംബന്ധിച്ച സംഭാവനകളും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. തന്റെ വാദമുഖങ്ങളെ വിശദീകരിച്ചുകൊണ്ട് രണ്ടുവര്‍ഷം കഴിഞ്ഞ് 2002-ല്‍ ശാസ്ത്രമാസികയായ ‘നേയ്ച്ചറില്‍’ ഒരു ലേഖനവും ക്രൂട്‌സെന്‍ പ്രസിദ്ധീകരിച്ചു. ഇതോടുകൂടി ഈ പുതുയുഗ പിറവിയെക്കുറിച്ചുള്ള ചര്‍ച്ചകളും ആശങ്കകളും ലോകവ്യാപകമായി പ്രചരിച്ചുതുടങ്ങി.


ഭൂവിജ്ഞാനീയ സമയമാത്ര പട്ടിക അനുസരിച്ച് ഭൂമി ഉണ്ടായിട്ട് 500-450 കോടി വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നീണ്ട കാലയളവിനെ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി ഇതിനെ വിവിധ കല്പങ്ങളും (Era), ദശ (Period) കളും, യുഗ (Epoch) ങ്ങളുമായി തിരിച്ചിട്ടുണ്ട്. ഈ കാലഗണന ശാസ്ത്രീയമായി നടത്തി അതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിക്കൊടുക്കുന്നത് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ സ്ട്രാറ്റിയോഗ്രാഫി ആണ്. ഈ സമയമാത്രപട്ടിക പ്രകാരം 25 ലക്ഷം വര്‍ഷം മുമ്പ് ആരംഭിച്ച ക്വാര്‍ട്ടര്‍നറി ദശയിലെ ഹോളോസീന്‍ യുഗത്തിലാണ് ഇപ്പോള്‍ ഭൂമി നില്‍ക്കുന്നത്. ഈ യുഗം ആരംഭിച്ചത് ഏകദേശം 11,700 വര്‍ഷംമുമ്പാണ്. അതുകൊണ്ട് ആധുനിക മനുഷ്യരും ഹോളോസീനിന്റെ സന്തതികളാണ്.


എന്നാല്‍, ക്രൂട്‌സെന്റെ വിലയിരുത്തല്‍ അനുസരിച്ച് 1784-ല്‍ ആന്ത്രപ്പോസീന്‍ യുഗം തുടങ്ങി. അതിനു കാരണം ഈ വര്‍ഷമാണ് ജെയിംസ്‌വാട്ട് സ്റ്റീം എന്‍ജിന്റെ പേറ്റന്റ് സ്വന്തമാക്കിയത്. അതോടുകൂടിയാണ് വ്യാവസായിക വിപ്ലവവും അന്തരീക്ഷത്തിലെ കാര്‍ബണീകരണവും ആരംഭിച്ചത്.


ഗ്രീക്ക് പദാവലിയനുസരിച്ച് ‘Anthropos’ എന്നാല്‍ മനുഷ്യനും ‘Cene’ എന്നാല്‍ പുതിയത്/നവം എന്നുമാണ്. അങ്ങനെ വരുമ്പോള്‍ ആന്ത്രപ്പോസീന്‍ എന്നത് ”മനുഷ്യനവയുഗം” എന്നാകും. പ്രാപഞ്ചികശക്തികള്‍ ഭൂമിയില്‍ ഏല്പിച്ചിരുന്ന/ഏല്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടിയതോതിലുള്ള മാറ്റങ്ങളാണ് മനുഷ്യന്റെ ഇടപെടലുകള്‍മൂലം ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതാണ് ആന്ത്രപ്പോസീന്‍ യുഗപ്പിറവിക്ക് നിദാനമാകുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബഫണ്‍ 1778-ല്‍ത്തന്നെ ഇത്തരമൊരു സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കാലാവസ്ഥയിലാണ് ഈ മാറ്റം പ്രകടമാകുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. 1920കളില്‍ ജൈവമണ്ഡലം (Biosphere) എന്ന ആശയം മുന്നോട്ടുവച്ച റഷ്യന്‍ ശാസ്ത്രജ്ഞനായ വ്‌ളാഡിമര്‍ ഐ. വെര്‍നാഡ്‌സ്‌കി, മനുഷ്യ ഇടപെടലുകള്‍ ഭൂമിയിലെ ജൈവ-ഭൗമ-രാസചക്രങ്ങളില്‍ മാറ്റംവരുത്തുമെന്നും നിരീക്ഷിച്ചിരുന്നു. എന്നാല്‍, അതൊന്നും ശാസ്ത്രലോകംപോലും അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഇനി ഭൂമിയില്‍ മനുഷ്യര്‍ ഇല്ലാതായാലും അവര്‍ ഭൂമിക്ക് ഏല്പിച്ച പരിക്കുകള്‍ അന്യഗ്രഹജീവികള്‍ക്കുപോലും മനസ്സിലാക്കുന്നതിന് കഴിയുംവിധം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.


1833-ല്‍ ചാള്‍സ് ലെയല്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഹോളോസീന്‍ യുഗത്തില്‍ ഭൂമി എത്തിയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത മുന്നോട്ടുവച്ചത്. ഇതിന് അടിസ്ഥാനമാക്കിയത് ഹിമകാലത്തിന്റെ അവസാനം എന്ന ഭൗമസൂചികയാണ്. പക്ഷേ, ഈ യുഗനാമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1885-ല്‍ മാത്രമാണ്. ഇതുപോലെ, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ പെട്ടെന്ന് ആന്ത്രപ്പോസീന്‍ എന്ന യുഗനാമം അംഗീകരിക്കുന്നതിന് തയ്യാറല്ല. ഇതിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ ക്രൂട്‌സെന്‍ മുന്നോട്ടുവച്ച ഈ യുഗസങ്കല്പത്തെ 2012-ല്‍ ചേര്‍ന്ന അന്താരാഷ്ട്ര ഭൂഗര്‍ഭശാസ്ത്ര യൂണിയന്റെ പരിഗണനയ്ക്ക് വിട്ടു. അവരാകട്ടെ, ഇക്കാര്യത്തില്‍ വ്യക്തതവരുത്തുന്നതിനായി ഒരു പ്രവര്‍ത്തനസമിതിയെ ചുമതലപ്പെടുത്തി.


എന്ത് സൂചികകള്‍ അടിസ്ഥാനമാക്കിയാണ് ഈ യുഗപരിവര്‍ത്തനം അംഗീകരിക്കേണ്ടത് എന്നത് വലിയൊരു ചോദ്യമാണ്. മനുഷ്യപ്രവര്‍ത്തനങ്ങള്‍ വായുമണ്ഡലത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കണമോ? അങ്ങനെയെങ്കില്‍ 1750കള്‍ മുതല്‍ അന്തരീക്ഷത്തിലെ വാതകഘടനയില്‍ വന്നിരിക്കുന്ന മാറ്റങ്ങളെ ആശ്രയിക്കാമോ? എന്നീ ചോദ്യങ്ങളും പ്രസക്തമാകുന്നു. വ്യാവസായിക വിപ്ലവത്തിനു മുന്‍പ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 280 ppm ആയിരുന്നു. 2013-ല്‍ ഇത് 400 ppm ല്‍ (പാര്‍ട്ട് പെര്‍ മില്യണ്‍) എത്തിയിരിക്കുന്നു. മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നീ വാതകങ്ങളുടെയും അളവും കൂടിയിരിക്കുന്നു. കഴിഞ്ഞ 30 ലക്ഷം വര്‍ഷങ്ങള്‍കൊണ്ട് സംഭവിച്ച ഇത്തരം മാറ്റങ്ങളാണ് ഇക്കഴിഞ്ഞ 250 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. കൂടാതെ 1945-നുശേഷം മറ്റ് ചില വാതകങ്ങള്‍ – റെഫ്രിജറേറ്ററുകളും, എയര്‍കണ്ടീഷണറുകളും വിസര്‍ജിച്ച CFC (Chloro Fluro Carbon), HFC (Hydro Fluro Carbon) എന്നീ ഫ്‌ളൂറൈഡുകളും അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു.