ചൈത്രനിലാവിന്റെ പൊന്‍പീലികള്‍ – കൈതപ്രം ദാമോദരന്‍ നമ്പൂതിരി / മിനീഷ് മുഴപ്പിലങ്ങാട്
ശ്രോതാക്കളുടെ കാതുകളില്‍ പുതുമഴപോലെ പെയ്തിറങ്ങുന്ന മധുമയമായ പാട്ടുകളും പൊന്നില്‍ കുളിച്ചുനില്‍ക്കുന്ന ചന്ദ്രികാവസന്തം തീര്‍ത്ത പ്രതിഭാധനനായ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ചൈത്രനിലാവിന്റെ പൊന്‍പീലികളായി മാറിയ ആ ഗാനങ്ങള്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച് ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായി തിളങ്ങി നില്‍ക്കുന്നവയാണ്. പൊന്‍മുരളി ഊതും കാറ്റിന്‍ ഈണമലിയും പോലെ അവ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ അലിഞ്ഞുചേര്‍ന്ന് അവരുടെ ആത്മാവിന്റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിയായി മാറി.
1985-ലാണ് കൈതപ്രം ആദ്യമായി സിനിമയ്ക്ക് ഗാനങ്ങളെഴുതുന്നത്. ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. തുടര്‍ന്നിങ്ങോട്ടുള്ള കഴിഞ്ഞ 34 വര്‍ഷങ്ങള്‍ക്കിടയില്‍ നാനൂറിലേറെ സിനിമകളിലായി 1600-ലേറെ ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരു ദേവഗീതമായ് നിറയുമോ എന്നെഴുതിയ ഗാനരചയിതാവിന്റെ നേര്‍ക്ക് കാലം, കനിവോടെ, കരുതലോടെ കണ്‍തുറന്ന് അനുഗ്രഹം ചൊരിഞ്ഞു. എഴുതിയ പാട്ടുകളില്‍ മിക്കവയും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായി.
മലയാളികള്‍ക്കായി ഭാവവൈവിധ്യങ്ങളുടെ സമൃദ്ധിയില്‍ മനോഹരങ്ങളായ ഗാനങ്ങളുടെ ചന്ദ്രകാന്തംകൊണ്ട് നാലുകെട്ട് തീര്‍ത്ത്, മായാമയൂരമായി പീലിനീര്‍ത്തിനില്‍ക്കുന്ന ഈ ഗന്ധര്‍വ രചയിതാവ് ഇന്നിപ്പോള്‍ സപ്തതിയുടെ നിറവിലാണ്. പക്ഷേ, പ്രത്യേകിച്ചതിന്റെ ആഹ്ലാദമോ ആഘോഷമോ ഒന്നുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പിടിപെട്ട പക്ഷാഘാതത്തിന്റെ തളര്‍ച്ചയില്‍നിന്ന് പതുക്കെ അദ്ദേഹം മോചനം നേടിവരികയാണിപ്പോള്‍. കോഴിക്കോട്, തിരുവണ്ണൂരിലെ ‘കാരുണ്യം’ എന്ന ഭവനത്തിലിരുന്ന് കൈതപ്രം മനസ്സുതുറക്കുന്നു:
? ബാല്യം സുഖകരമായ ഓര്‍മകളല്ല താങ്കള്‍ക്ക് തരുന്നത് എന്നറിയാം. എങ്കിലും അക്കാലത്തിന് താങ്കളെ ഇന്നത്തെ കരുത്തനായ കൈതപ്രമാക്കി തീര്‍ക്കുന്നതില്‍ ഒരു വലിയ പങ്കുണ്ടല്ലോ. ഓര്‍ത്തെടുക്കാമോ ആ കാലം?
കരുത്തനോ ഞാനോ? (തളര്‍ച്ചയില്‍ നിന്നും കരുത്തു വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ശരീരത്തിന്റെ ഇടതുഭാഗം ചൂണ്ടിക്കാട്ടി അദ്ദേഹം സ്വയം പൊട്ടിച്ചിരിച്ചു) എന്തായാലും താങ്കള്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. രോഗത്തിന് എന്റെ ശരീരമേ തളര്‍ത്താന്‍ കഴിഞ്ഞുള്ളൂ. മനസ്സിപ്പോഴും തളരാതെ പിടിച്ചുനില്‍ക്കുന്നുണ്ട്. അച്ഛന്‍, കൈതപ്രം കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരി. അമ്മ, അതിഥി അന്തര്‍ജനം. അച്ഛന്‍, കണ്ണാടി ഭാഗവതര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു. ഞങ്ങള്‍ അഞ്ചുമക്കളില്‍ മൂത്തയാളാണ് ഞാന്‍. അച്ഛന്‍ പലയിടങ്ങളിലായി സംഗീതം പഠിപ്പിച്ചു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു വീട്ടിലെ ഏക വരായ്ക. ശാന്തിപ്പണിക്ക് പോയാല്‍ ഇടയ്ക്ക് നിവേദ്യ ചോറ് കിട്ടും. ഏഴുവയറുകളുടെ വിശപ്പടക്കാന്‍ അതുകൊണ്ട് മാത്രം കഴിയുമായിരുന്നില്ല. പട്ടിണി ഉണ്ടും ഉറങ്ങിയും ജീവിച്ച കണ്ണീരുണങ്ങാത്ത കാലം. ദാരിദ്ര്യത്തില്‍ ദഹിച്ചും ദ്രവിച്ചും പോയൊരു ബാല്യം എന്നും പറയാം.
പക്ഷേ, അക്കാലത്തുതന്നെ സംഗീതത്തോട് എനിക്ക് വലിയ കമ്പമായിരുന്നു. അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയ പാരമ്പര്യ സിദ്ധിയാകണം അത്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ തോന്നിയത്, പട്ടിണിയെ മറികടക്കാനുള്ള ഒരു സൂത്രപ്പണി കൂടിയായിരുന്നു അത്. കാരണം സംഗീത പഠനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ വിശപ്പിനെക്കുറിച്ച് ഞാന്‍ മറന്നുപോവുക പതിവാണ്. അതേസമയം എന്നെ ഒരു സംഗീതജ്ഞനാക്കാന്‍ അച്ഛന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. സംഗീതംകൊണ്ട് അഷ്ടിക്ക് വക നേടാന്‍ കഴിയാത്ത ദുരവസ്ഥ തന്നെപോലെ മകനും വന്നു ചേരരുത് എന്നദ്ദേഹം ആഗ്രഹിച്ചിരിക്കണം. പക്ഷേ, ഞാന്‍ എന്റെ ആഗ്രഹത്തില്‍ ഉറച്ചുനിന്നു. അഥവാ അന്നുമിന്നും അങ്ങനെയല്ലാതെ മറ്റൊരു ആഗ്രഹവും എനിക്കില്ല എന്നതാണ് നേര്.
? അന്നേ കവിതകള്‍ കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായിരുന്നോ?
ഇല്ലില്ല. പക്ഷേ, സംസ്‌കൃതപഠനവും ശ്ലോകം ചൊല്ലലും മലയാളകൃതികളുടെ വായനയും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് സംസ്‌കൃതശ്ലോകങ്ങള്‍ അന്നേ എനിക്ക് ഹൃദിസ്ഥമാണ്. അക്കാലത്ത് വായനയില്‍ താല്പര്യം വളര്‍ത്തിയത് വലിയമ്മയുടെ മകനായ നീലമനഇല്ലം ഈശ്വരന്‍ നമ്പൂതിരിയാണ്. മാതമംഗലം ഭാരതി ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനായിരുന്ന അദ്ദേഹം തിരഞ്ഞെടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങള്‍ വായിച്ചാണ് ഇല്ലത്തിന് പുറത്തുള്ള വലിയ ലോകത്തെ ഞാന്‍ അറിയാന്‍ തുടങ്ങിയത്.
? എപ്പോഴായിരുന്നു സംഗീതപഠനത്തിന്റെ വിശാലതയിലേക്കുള്ള യാത്രയുടെ തുടക്കം?
അത് മാതമംഗലം ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി. പഠനം കഴിഞ്ഞപ്പോഴാണ്. തുടര്‍ന്നു പഠിക്കാനൊക്കെ വലിയ മോഹമായിരുന്നു. പക്ഷേ, ഇല്ലത്തിന്റെ കൊടിയ ദരിദ്രാവസ്ഥയില്‍ അതു നടക്കില്ലെന്ന് മനസ്സിലായി. അങ്ങനെ സംഗീതം പഠിക്കാന്‍ എന്ന പേരുപറഞ്ഞ് അവിടെ നിന്ന് പുറത്തുചാടി. വാസ്തവത്തില്‍ രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഒന്ന് ഇല്ലത്തിന്റെ ദാരിദ്ര്യത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍. മറ്റൊന്ന് ഒരു തൊഴിലെടുത്ത് കുടുംബത്തിന് ആശ്വാസമാകുന്ന ഒരു വരുമാനം കണ്ടെത്തുക. ശാന്തിപ്പണി അന്നേ അറിയാം. കുടുംബക്ഷേത്രമായ കൈതപ്രം വാസുദേവപുരം ക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്.
? സംഗീതപഠന യാത്രയിലെ ആദ്യ ഇടത്താവളം പഴശ്ശികോവിലകം?
അതെ. അവിടെ പടിഞ്ഞാറേ കോവിലകത്ത് താമസിച്ച് പി.എസ്. ശങ്കരവര്‍മരാജയുടെ കീഴിലായിരുന്നു പഠിക്കാന്‍ ശ്രമിച്ചത്. കാര്യമായ സംഗീതപഠനമൊന്നും നടന്നില്ലെങ്കിലും ഒരു വര്‍ഷത്തോളം ഭക്ഷണത്തിന് മുട്ടൊന്നുമുണ്ടായില്ല. കിടക്കാന്‍ ഇടവും കിട്ടി. അന്ന് അതൊരു വലിയ കാര്യമായിരുന്നു. അവിടെനിന്ന് നേരെ പോയത് കോട്ടയത്തെ പൂഞ്ഞാര്‍കോവിലകത്തേക്കാണ്. അതിന് ആലക്കോട് തമ്പുരാന്റെ സഹായം കിട്ടിയിരുന്നു. അവിടെ കാഞ്ഞിരമറ്റം കൊട്ടാരത്തിലായിരുന്നു താമസവും സംഗീതപഠനവും. അങ്ങനെ ഒരു ആറുവര്‍ഷക്കാലം. സംഗീതത്തില്‍ കാര്യമായ ശിക്ഷണം കിട്ടിയ സമയമായിരുന്നു അത്. സംഗീതക്കച്ചേരികളില്‍ പാടാന്‍ തുടങ്ങിയതും അക്കാലത്താണ്. ആ സമയത്തുതന്നെ കൊട്ടാരത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശാന്തിപ്പണിയും ചെയ്തുപോന്നു.
? ഇടയ്ക്ക് സംഗീതപഠനവുമായി തലശ്ശേരിയിലും ഉണ്ടായിരുന്നില്ലേ? ശരിയാണ്. അവിടെ മേലൂരിലെ പൈതല്‍ മാഷുടെ കീഴിലായിരുന്നു പഠനം. അക്കാലത്ത് തലശ്ശേരിക്കടുത്ത് പൊന്ന്യം സ്രാമ്പിയിലെ തെക്കേവീട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍ ശാന്തിപ്പണിയും ഉണ്ടായിരുന്നു. 10 രൂപയായിരുന്നു മാസത്തിലെ പ്രതിഫലം. അത് കൃത്യമായി കിട്ടിയിരുന്നുമില്ല. ദിവസവും കുറച്ച് അരിയും ഒരു നാളികേരവും കിട്ടും. പ്രത്യേകിച്ച് താമസ സൗകര്യമൊന്നുമില്ലാത്തതിനാല്‍ രാത്രി പൂജകഴിഞ്ഞാല്‍ അമ്പലത്തിനകത്ത്തന്നെ കിടന്നോളാനാണ് വീട്ടുകാര്‍ പറഞ്ഞത്. ഓലമേഞ്ഞ ഒരു ചെറിയ ക്ഷേത്രമാണത്. മഴപെയ്താല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കും. മാത്രമല്ല അതിനകത്ത് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുമായിരുന്നു. അതുകൊണ്ട് സന്ധ്യാപൂജകഴിഞ്ഞാല്‍ ശ്രീകോവിലടച്ച് നേരെ തലശ്ശേരിക്ക് നടക്കും. ഒരു പത്തു കിലോമീറ്റര്‍ ദൂരമെങ്കിലും വരുമത്. അവിടെ റെയില്‍വേസ്റ്റേഷനില്‍ ചെന്ന് പത്രം വിരിച്ച് കിടക്കും. അതിരാവിലെ ഈ ദൂരമത്രയും തിരിച്ച് നടന്ന് പ്രഭാതപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തും. അന്ന് ബസ്സിന് 10 പൈസയേ വേണ്ടൂ. പക്ഷേ, ശാന്തിപ്പണിക്ക് കിട്ടുന്ന 10 രൂപ മുഴുവനായും കുടുംബത്തിലേക്ക് നല്‍കുന്നതിനാല്‍ ബസ്സിന് കൊടുക്കാന്‍ കൈയില്‍ ആ തുച്ഛമായ കാശുപോലും ഉണ്ടായിരുന്നില്ല.
? തിരുവനന്തപുരത്ത് എത്തുന്നതെപ്പോഴാണ്? ഏറെക്കാലം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കൈതപ്രത്തിന്റെ സംഗീതജീവിതത്തിലെ വളര്‍ച്ചയുടെ ആരംഭം അവിടെ നിന്നാണ് എന്നറിയാം?
പൂഞ്ഞാര്‍ കോവിലകത്ത് സംഗീതപഠനവുമായി കഴിയുന്ന കാലത്താണ് എസ്.വി.എസ്. നാരായണന്‍ എന്നൊരു സംഗീതജ്ഞനെ പരിചയപ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയില്‍ ജോലിചെയ്യുകയായിരുന്നു. ആ വലിയ മനുഷ്യന്‍ വഴിയാണ് ഞാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. അദ്ദേഹമാണ് ജഗതിയിലെ വീട്ടില്‍ താമസിപ്പിച്ച് എനിക്ക് സംഗീതം കൂടുതലായി പഠിക്കാനുള്ള സൗകര്യം ഒരുക്കിയതും ഒപ്പം ആകാശവാണിയില്‍ പാടാനുള്ള അവസരം തന്നതും. 1974-ലായിരുന്നു അത്. കാവാലം നാരായണപ്പണിക്കര്‍, ആര്‍. രാജേന്ദ്രപ്രസാദ് എന്നിവരൊക്കെ എന്റെ ജീവിതത്തില്‍ ഗുരുസ്ഥാനീയരായിവരുന്നത് അക്കാലത്താണ്. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹം’ നാടക ട്രൂപ്പിനുവേണ്ടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തു.