ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള യുദ്ധമാണ് ജീവിതം – ഡോ. ആനന്ദ്കുമാര്‍/ അഗസ്റ്റിന്‍ പാംപ്ലാനി
നാല്‍പ്പതുവര്‍ഷത്തിലധികമായി മസ്തിഷ്‌കം എന്ന പ്രതിഭാസവുമായി അനുദിനം ഇടപഴകുന്ന വ്യക്തിത്വമാണ് അങ്ങയുടേത്. അത്യന്തം സങ്കീര്‍ണമായ മസ്തിഷ്‌കം ദീര്‍ഘനാളത്തെ ഈ സപര്യയില്‍ അങ്ങയെ എപ്രകാരമാണ് വിസ്മയിപ്പിക്കുന്നത് ?
ഒരു അളവുകോല്‍കൊണ്ടാണ് നമ്മള്‍ പലതും അളക്കുന്നത്. ഉദാഹരണത്തിന് നാഴി ഉപയോഗിച്ച് അരിയും മറ്റു ധാന്യങ്ങളും അളക്കുന്നു. ഹൃദയത്തെ കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. മസ്തിഷ്‌കത്തെകുറിച്ചും പഠിക്കാന്‍ ഉപയോഗിക്കുന്നതും അതേ തലച്ചോറാണ്. അതുകൊണ്ടുതന്നെ അതിന് പരിമിതികള്‍ ഉണ്ട്. മസ്തിഷ്‌കത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഇടതു ഗോളാര്‍ദ്ധവും (left hemisphere ) വലതു ഗോളാര്‍ദ്ധവും (right hemesphere). ഇവയുടെ പ്രവര്‍ത്തനം വളരെ വിഭിന്നമാണ്. നേരത്തെ കരുതിയിരുന്നത് ഗോളാര്‍ദ്ധ ആധിപത്യം (hemispheric dominance) അതായത,് ഇടതുവശത്തെ മസ്തിഷ്‌ക്കത്തിന് വലതുവശത്തെ അപേക്ഷിച്ച് വളരെ അധികം അധീശത്വം ഉണ്ടെന്നാണ.് എന്നാല്‍ ഇപ്പോള്‍ പറയുന്നത് ഗോളാര്‍ദ്ധ സവിശേഷത (hemispheric specialisation) എന്നാണ്. വലതുവശത്തെ മസ്തിഷ്‌ക്കത്തിന് ഇടതുവശത്തേക്കാള്‍ ഒട്ടും കുറവല്ല കഴിവുകള്‍. പക്ഷേ, അതിന് സംസാരശേഷി ഇല്ല. എന്തെങ്കിലും ഒരു വിവരം പുറത്തേക്ക് കൊണ്ടുവരണമെന്നുണ്ടെങ്കില്‍ എപ്പോഴും ഇടതുപക്ഷത്തെ ആശ്രയിച്ചിട്ടു വേണം. ഇടതുവശം വളരെ യുക്തിയുക്തമായി ചിന്തിക്കുകയും കാര്യങ്ങള്‍ വളരെയധികം വിശകലനം നടത്തുകയും ചെയ്യും. അതുകൂടാതെ വളരെയധികം കണക്കിനെ മുന്‍നിര്‍ത്തി ചിന്തിക്കുന്ന മസ്തിഷ്‌ക ഭാഗമാണ്. കൂടാതെ വളരെയധികം അതിജീവന ബോധവമുണ്ട്. മത്സരബുദ്ധിയും ഉണ്ട്. സമൂഹത്തിലെ വേറെ ആളെ തള്ളിനീക്കി നമ്മളെ മുന്നോട്ടുകൊണ്ടുവരാന്‍ സാധിക്കുന്നത് ഇടതു ഗോളാര്‍ദ്ധമാണെന്നു വേണമെങ്കില്‍ പറയാം.
പക്ഷേ, അതേസമയത്ത് നമ്മുടെ വലതു ഗോളാര്‍ദ്ധം വളരെയധികം വൈകാരികം ആയിട്ടുള്ള കഴിവുകള്‍ ഉള്ളതാണ്. സര്‍ഗശക്തി അവിടെയാണ് സ്ഥിതി ചെയ്യുന്നത്. പിന്നെ ഇടതുപക്ഷത്തിന് വാചിക ഭാഷയും വലതിന് ചിത്രാത്മകമായ ഭാഷയുമാണ്. കുട്ടികളായിരിക്കുമ്പോള്‍ കോമിക് നമുക്ക് വളരെ ഇഷ്ടമാണ്. മസ്തിഷ്‌ക്കത്തിന് സ്വാഭാവികമായ ഇഷ്ടം എന്ന് പറയുന്നത് ചിത്രങ്ങളാണ്. അച്ചടി മനുഷ്യ നിര്‍മിതമാണ്. ഇടതുവശത്തെ മസ്തിഷ്‌ക്കത്തിന് അതിനെക്കുറിച്ച് അറിവില്ല. വലതുവശത്തെ മസ്തിഷ്‌കം എപ്പോഴും നോക്കികാണുന്നത് ചിത്രങ്ങളിലൂടെയാണ്. അതുകൂടാതെ, അന്തഃകരണം അല്ലെങ്കില്‍ മനസ്സാക്ഷി – രണ്ടുവശത്തും ഉണ്ടെങ്കിലും വലതുവശത്ത് അത് കൂടുതല്‍ ആയിട്ടാണ് കാണുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിതമെന്നു പറയുന്നത് ഇടതു പക്ഷവും വലതുപക്ഷവും തമ്മിലുള്ള ഒരു യുദ്ധമാണ്. കള്ളം പറയുകയാണെന്ന് കരുതുക, ഇടതുവശത്തെ ആളാണ് കള്ളം പറയുന്നത് പക്ഷേ, വലതുവശത്തിന് അറിയാം പറയുന്നത് കള്ളമാണെന്ന്. അതുകൊണ്ടാണ് ആ സമയത്ത് ഹൃദയമിടിപ്പ് കൂടുന്നു, വിയര്‍ക്കുന്നു, ബിപി മുകളിലേക്ക് പോകുന്നു. നുണപരിശോധനയില്‍ ഇത് കണ്ടുപിടിക്കാന്‍ പറ്റും. Cognitive ന്യൂറോളജി – മാനസിക വൈകല്യമുള്ള കുട്ടികളെ എടുക്കുകയാണെങ്കില്‍ മിക്കവരും വളരെയധികം വലതു മസ്തിഷ്‌ക പ്രാമുഖ്യമുള്ളവരായിരിക്കും. അവര്‍ തന്മയീഭാവമുള്ളവരായിരിക്കും. വേറൊരാളുടെ ദുഃഖത്തില്‍ അവര്‍ പങ്കുചേരും. സാധാരണ എന്റെ മുറിയില്‍ വരുന്ന ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് ഒരു മിഠായി കൊടുക്കുകയാണെങ്കില്‍ അവരുടനെ ചോദിക്കും ഒരെണ്ണം കൂടെ തരുമോ എന്ന്. എന്തിനാണെന്ന് ചോദിച്ചാല്‍ പറയും വീട്ടിലുള്ള ചേച്ചിക്കോ, ചേട്ടനോ, അനിയനോ അനിയത്തിക്കോ കൊടുക്കാനാണെന്ന്. നേരെമറിച്ച് ഒരു സാധാരണ കുട്ടി ആണെങ്കില്‍ അങ്ങനെ ഒരിക്കലും ചോദിക്കില്ല.
ഒന്നുകില്‍ അപ്പോള്‍ തന്നെ കഴിക്കും അല്ലെങ്കില്‍ അത് ഒളിച്ചുവയ്ക്കും. മനുഷ്യരുടെ ഉള്ളിലെ നന്മ സ്ഥിതിചെയ്യുന്നത് വലതുഭാഗത്തെ മസ്തിഷ്‌ക്കത്തില്‍ ആണെന്ന് പറയാം. അതുകൊണ്ടുമാത്രം ലോകത്ത് ജീവിച്ചു പോകാന്‍ പറ്റില്ല നമുക്ക്. ഇടതുപക്ഷത്തെ മസ്തിഷ്‌ക്കവും വലതുഭാഗത്തെ മസ്തിഷ്‌ക്കവും തമ്മില്‍ പരസ്പര പൂരകമായിട്ടുള്ള ഒരാളെയാണ് ജീനിയസ് എന്നൊക്കെ വിശേഷിപ്പിക്കുന്നത്, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെപ്പോലെയുള്ള ആള്‍ക്കാര്‍. അഞ്ചാംതരംവരെ പഠിത്തത്തില്‍ സാധാരണ ബാലനായിരുന്നു ഐന്‍സ്‌റ്റൈന്‍. അതിനുശേഷം അമ്മ അവനെ വയലിന്‍ പഠിക്കാന്‍ ചേര്‍ത്തു. തുടര്‍ന്നാണ് അദ്ദേഹത്തിന് പഠിത്തത്തില്‍ പെട്ടെന്ന് ഒരു മുന്നേറ്റം ഉണ്ടായതായിക്കാണുന്നത്. ഇതു കാണിക്കുന്നത് പഠനത്തില്‍മാത്രം ശ്രദ്ധിക്കാതെ ഒരു പാര്‍ശ്വചിന്ത എന്തെങ്കിലും അതിന്റെ കൂട്ടത്തില്‍ വേണം എന്നതാണ്. എന്റെ അച്ഛന്‍ മലയാളം പ്രഫസറായിരുന്നു. അദ്ദേഹം അങ്ങനെ ജീവിതത്തില്‍ വലിയ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. എന്നെ എന്റെ വഴിക്ക് വിടും. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ വഴിതെളിച്ചു കാണിച്ചുതരും. അച്ഛനുമായി നടന്ന ഒരു സായാഹ്നം ഓര്‍ക്കുകയാണ്. അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കുമ്പോള്‍ എന്റടുത്ത് അച്ഛന്‍ ഉപദേശരൂപേണ പറഞ്ഞ ഒറ്റ കാര്യമേ ഉള്ളൂ അതായത് നീ, നിന്റെ മേഖലയില്‍ മാത്രം ഒതുങ്ങി കൂടരുത് വേറെ എന്തെങ്കിലും താല്‍പര്യം വേണം. വളരെയധികം ശരിയാണ്. എന്റെ അച്ഛന്‍ ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു, ആനന്ദക്കുട്ടന്‍. കുട്ടിക്കാലത്ത് വീട്ടിലെ വിരുന്നുകാര്‍ എല്ലാം ഇത്തരത്തിലുള്ള ആള്‍ക്കാര്‍ ആയിരുന്നു. ഒഎന്‍വി, ചെമ്മനം ചാക്കോ, സുകുമാര്‍, വര്‍മ്മ സാര്‍, മുന്‍ ഡിജിപി ആയിരുന്ന എംകെ ജോസഫ്, സുഗതകുമാരി അങ്ങനെ ഉന്നത ശീര്‍ഷരുടെ സാമീപ്യം ലഭിച്ചിരുന്നു.
നാല്‍പ്പതുവര്‍ഷത്തെ മസ്തിഷ്‌ക പഠനത്തില്‍ ന്യൂറോളജി മേഖലയില്‍ അങ്ങയെ ഏറ്റവും സ്പര്‍ശിച്ച എന്തെങ്കിലും ഒരു പ്രത്യേക അനുഭവമോ വ്യക്തിയേയോ സംഭവങ്ങളോ എടുത്തു പറയാനുണ്ടോ?
ഒരുപാട് അനുഭവങ്ങളുണ്ട്. എപ്പോഴും എന്നെ പിന്തുടരുന്ന ഒരു ചോദ്യം ഉണ്ട്. ഒരു അനുഭവം പങ്കുവയ്ക്കാം. പലപ്പോഴും പ്രഭാഷണങ്ങള്‍ക്ക് എന്നെ വിളിക്കാറുണ്ട്. സമയം ക്ലിപ്തപ്പെടുത്തിയിരിക്കും. 30 മിനിറ്റ് അല്ലെങ്കില്‍ 45 മിനിറ്റ്. അങ്ങനെ ഒരു 25 മിനിറ്റ് ആകുമ്പോള്‍ തിരിഞ്ഞ് അധ്യക്ഷന്റെ അടുത്തു ചോദിക്കും എനിക്ക് ഇനി എത്ര സമയം ഉണ്ട് ബാക്കി ? അദ്ദേഹം പറയും : അഞ്ചുമിനിട്ട്. ഈ ചോദ്യം എന്നെ വല്ലാതെ വേട്ടയാടിയിട്ടുണ്ട്. കാരണം, ഞാനിത് പല തവണ കേട്ടിട്ടുള്ള ചോദ്യമാണ്. എനിക്കിനി എത്ര സമയമുണ്ട് ബാക്കി ? സ്‌നേഹത്തിന്റെ മുത്തുകളും വേദനയുടെ ധന്യതയും ഒക്കെ എനിക്ക് നല്‍കി കടന്നുപോയ കുറേ ആളുകളുടെ മുഖങ്ങള്‍ എന്റെ മുന്നില്‍ക്കൂടി കടന്നുവരുന്നു. അതില്‍ ഒരാളുടെ കാര്യം മാത്രം ഞാന്‍ പറയാം. എംഡിക്ക് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പ്രധാനാധ്യാപകന്‍ എപ്പോഴും റൗണ്ട്‌സിന് വരുന്നത് വളരെ വൈകിയാണ്. രാത്രിയാവും അദ്ദേഹം എത്തുമ്പോഴേക്കും. ഒരിക്കല്‍ റൗണ്ട്‌സ് എല്ലാം കഴിഞ്ഞു എല്ലാവരും അദ്ദേഹത്തിന് ചുറ്റുംകൂടി നില്‍ക്കുകയാണ്. അന്ന് 14 വയസ്സുള്ള ജോണ്‍ എന്ന കുട്ടി, വളരെ മോശം സ്ഥിതിയായിരുന്നു. ബിപി വളരെയധികം താഴ്ന്നുപൊയ്‌ക്കൊണ്ടിരുന്നു. അതു ഉയര്‍ത്താനുള്ള മരുന്ന് ഡ്രിപ് ആയി കൊടുക്കുന്നു. അന്ന് ഇന്നത്തെപ്പോലെ നിരീക്ഷണ സംവിധാനങ്ങള്‍ ഒന്നുമില്ല. അപ്പോള്‍ അദ്ദേഹം എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു ഈ രാത്രി മുഴുവന്‍ ആരെങ്കിലും ജോണിനൊപ്പം ഉണ്ടായിരിക്കണം.