സെബാസ്റ്റ്യന്‍ കാപ്പന്‍ എന്ന മനുഷ്യന്‍ – മേഴ്‌സി കാപ്പന്‍

സെബാസ്റ്റ്യന്‍ കാപ്പന്‍ എന്ന മനുഷ്യന്‍  – മേഴ്‌സി കാപ്പന്‍

കാപ്പനച്ചന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഉല്‍ക്കടമായ അഭിനിവേശത്തെക്കുറിച്ചും പറയാതെ അദ്ദേഹത്തിന്റെ വ്യക്തിത്വം, വീക്ഷണം, ശൈലി എന്നിവയെക്കുറിച്ചു പരാമര്‍ശിക്കുക ദുഷ്‌കരമത്രേ. തന്റെ ജീവിതത്തിലെ – വ്യക്തിപരം, രാഷ്ട്രീയം, സ്വകാര്യം, പൊതുജീവിതം – ദ്വന്ദ്വഭാവങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചിരുന്നു. നിത്യജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച സങ്കടങ്ങളും നൈരാശ്യവും, അമര്‍ഷവും ആശങ്കകളും എല്ലാം ബന്ധപ്പെട്ടിരുന്നത് വിശാലമായ സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളും പ്രക്രിയകളുമായിട്ടാണ്. അത്, ഭോപ്പാല്‍ വാതക ചോര്‍ച്ചമൂലമായുണ്ടായ മനുഷ്യക്കുരുതിയാവാം. ഗള്‍ഫ് യുദ്ധമോ, ബാബ്‌റി മസ്ജിദ് തകര്‍ത്തതോ ആവാം. അവയെല്ലാം തന്റെ സ്വകാര്യസങ്കടങ്ങളായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ആദ്യമായി ഹൃദയാഘാതം ഉണ്ടായത് ബാംഗളൂരുവിലെ സേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണം നടത്തുന്നതിനിടയിലായിരുന്നു. യുദ്ധത്തിന്റെ അനീതിയും മനുഷ്യത്വമില്ലായ്മയും എടുത്തുകാട്ടി 1991-ലെ ഗള്‍ഫുയുദ്ധത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഉടന്‍തന്നെ കഠിനമായ നെഞ്ചുവേദന അദ്ദേഹത്തിനുണ്ടായി. ഒട്ടും വൈകാതെ അദ്ദേഹത്തെ സെന്റ് ഫിലോമിനാസ് ഹോസ്പിറ്റലില്‍ എത്തിച്ചു. തലേദിവസം തന്റെ ഡയറിയില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ”ബിബിസി വാര്‍ത്ത: വ്യോമാക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടി ഇറാക്കിലെ ഒരു സുരക്ഷിത താവളത്തില്‍ പാര്‍പ്പിച്ചിരുന്ന നൂറുകണക്കിനു സ്ത്രീകളും കുഞ്ഞുങ്ങളും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സുരക്ഷിതകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ത്തുകൊണ്ട് മിസൈല്‍ പൊട്ടിത്തെറിക്കുകയുണ്ടായി. എന്റെ ദൈവമേ! ഇത് അസഹനീയമത്രേ. വിധവകളേയും അനാഥരേയും സംരക്ഷിക്കുമെന്നവകാശപ്പെടുന്ന അങ്ങ് എവിടെയാണ്? എന്തുകൊണ്ടാണ് അങ്ങ് മുഖം കാണിക്കാത്തത്? മനുഷ്യകുലത്തിലെ ഒരംഗമായി തുടരാന്‍ എനിക്കാഗ്രഹം ഒട്ടുമില്ല. ക്രിസ്ത്യന്‍ രാഷ്ട്രങ്ങള്‍ ഇത്ര നിന്ദ്യവും മൃഗീയവുമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. വെള്ളക്കാരന്റെ നാണംകെട്ട ഈ ആക്രമണത്തിന്റെ പേക്കൂത്തിനെതിരെ ആയിരം നാവുകൊണ്ടും ആയിരം ജീവിതംകൊണ്ടും പുരപ്പുറത്ത് നിന്ന് അട്ടഹസിക്കുവാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നു!” (കാപ്പന്റെ ഡയറി 13, ഫെബ്രുവരി 1991).


കാപ്പന്റെ വ്യക്തിപരമായ വ്യഥകളെല്ലാം തന്റെ കാലത്തെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നവയും അവയില്‍ വേരൂന്നിയിട്ടുള്ളവയുമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെല്ലാം സ്വന്തം രാഷ്ട്രീയവുമായി ഇണങ്ങിച്ചേര്‍ന്നവയായിരുന്നു.


പൊതുജീവിതത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന പണ്ഡിതരായ സുഹൃത്തുക്കള്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉറ്റമിത്രമായിരുന്ന രാംദാസ് എനിക്കയച്ച അനുശോചനക്കുറിപ്പില്‍ എഴുതി: ”വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. പല വിഷയങ്ങളെക്കുറിച്ചും വ്യക്തമായ ഒരു ജ്ഞാനം എനിക്കു ലഭിച്ചത് അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ നിന്നാണ്. അടിസ്ഥാന ദര്‍ശനങ്ങളും ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹത്തില്‍ നിന്നുമത്രേ. 1975 നും 1979 നും ഇടയിലാണത്. നിഷ്പക്ഷമായി അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ കാണാനാവുന്നത് സമൂലമായി അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം എന്തു പറഞ്ഞുവെന്നതല്ല മറിച്ച്, ജീവിതത്തിലുടനീളം ഒറ്റയ്ക്കു നടക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചുവെന്നതാണ്. തന്റെ സുരക്ഷിതത്വം അദ്ദേഹം കണ്ടെത്തിയത്, തന്റെതന്നെ പ്രതിബദ്ധതകളിലായിരുന്നു. ഒരിക്കലും അത് തന്റെ മതപരമായ സന്ന്യാസജീവിതത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളിലായിരുന്നില്ല. സ്വന്തം പാതയില്‍ അദ്ദേഹം ഏകനായി നടന്നു. കാപ്പന്‍ എന്താണ് പറഞ്ഞത് എന്നതിനെക്കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മചൈതന്യംകൂടി പ്രകടമാക്കേണ്ടതുണ്ട്. അതിന് അദ്ദേഹത്തിന്റെ സന്ദേശം ഉപകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ സന്ദേശത്തിന്റെ ചൈതന്യമായിരിക്കണം നിലവിലുള്ള വ്യവസ്ഥിതിയെയും സംവിധാനങ്ങളെയും തുടര്‍ന്നും വെല്ലുവിളിക്കാന്‍ നമുക്ക് ഉപകരിക്കുക. നാം ധൃതികാട്ടേണ്ട കാര്യമില്ല. കാരണം, കാപ്പന്‍ ഉടനെയൊന്നും വിസ്മൃതിയിലാണ്ടുപോവുകയില്ല. (5 ജനുവരി, 1994).


കലാകാരനായ സി.എഫ്. ജോണ്‍ ‘എഴുത്ത്’ മാസികയില്‍ പ്രസിദ്ധീകരിച്ച ആദരാഞ്ജലിയിലെ ചിന്തകളും ഇതേ ആശയത്തിന്റെതന്നെ പ്രതിധ്വനിയാണ് സമ്മാനിക്കുന്നത്. ”കാപ്പനുമായി വളരെ അടുത്ത് ഇടപഴകുന്നതിനുള്ള അവസരം എനിക്ക് ലഭിച്ചത് ഒരു സൗഭാഗ്യമത്രേ. അദ്ദേഹത്തിന്റെ ജീവിതം നേരില്‍ കാണാനുള്ള അവസരം ലഭിച്ചത് വലിയൊരു സമ്മാനമാണ്. കാരണം ഞാന്‍ അന്വേഷിച്ചത് ആശയങ്ങളും വീക്ഷണങ്ങളുമായിരുന്നില്ല; മൂര്‍ത്തമായ ദര്‍ശനങ്ങളായിരുന്നു. കാപ്പന്‍ അത്തരമൊരു വ്യക്തിയായിരുന്നു”


ഈശോസഭാ ഭവനത്തിന്റെ സുരക്ഷിതമായ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകടന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചത് തന്റെ ഉത്തമബോധ്യത്തിന്റെ ഭാഗമായിട്ടത്രേ. അരികുവത്കരിക്കപ്പെട്ട ജനങ്ങളുടെ അനിശ്ചിതാവസ്ഥകളും, സുരക്ഷിതമില്ലായ്മയും ജീവിതത്തിലെ സഹനങ്ങളും അവരോടൊപ്പം കഴിഞ്ഞ് അനുഭവിച്ചറിയണമെന്ന ശാഠ്യം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ജോണ്‍ എഴുതിയതുപോലെ, നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറി വസ്തുക്കളുടേയും എല്ലാം വിലയിലുള്ള കയറ്റിറക്കങ്ങള്‍പോലും കാപ്പന് അറിയാമായിരുന്നു. സാധാരണക്കാരില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. ഒപ്പം, ഏകാധിപത്യഭരണകൂടങ്ങളുടെ ഉയര്‍ച്ചയും പതനവും സമൂഹഗാത്രത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം ജാഗരൂകനായിരുന്നു. മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് അദ്ദേഹം ഭക്ഷണം പാചകം ചെയ്തിരുന്നു. തനിക്കുവേണ്ടി മാത്രമല്ല. വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയും അദ്ദേഹം ഭക്ഷണം ഉണ്ടാക്കി. അസ്ബസ്റ്റോസിന്റെ മേല്‍ക്കൂര ഉണ്ടായിരുന്ന ഒറ്റമുറി ഭവനത്തിലാണ് പഠനത്തിനും ചര്‍ച്ചകള്‍ക്കുമായി അവര്‍ സമ്മേളിച്ചിരുന്നത്. ആദ്യം ചെന്നൈയിലെ സാധാരണക്കാര്‍ താമസിക്കുന്നിടത്തും പിന്നീട് ബാംഗളൂരുവിലും ഇതായിരുന്നു സ്ഥിതി. സത്യത്തില്‍, ഞാന്‍ പാചകത്തിന്റെ അടിസ്ഥാനം അഭ്യസിച്ചത് കാപ്പനില്‍ നിന്നാണ്. ഒപ്പം, മാര്‍ക്‌സിസം, ലിബറേഷന്‍ തിയോളജി, എക്കോളജി, ഫെമിനിസം എന്നിവയുടെ അടിസ്ഥാന പ്രമാണങ്ങളും എല്ലാം അഭ്യസിച്ചത് അദ്ദേഹത്തില്‍ നിന്നത്രേ. കൂടാതെ, മനഃസാക്ഷിയുള്ള അവബോധമുള്ള ഒരു മനുഷ്യനുവേണ്ട മറ്റു കാര്യങ്ങളും.


കാപ്പനില്‍ നിന്ന് എനിക്ക് ആദ്യം ലഭിച്ച സമ്മാനം ഒരു ബൈബിളാണ്. ആധുനിക മനുഷ്യന് ഒരു സദ്‌വാര്‍ത്ത (Good News for Modern Man) നിത്യവും ഒരു പേജെങ്കിലും വായിക്കണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ”നിന്റെ ഇംഗ്ലീഷ് നന്നാവാന്‍ അതുപകരിക്കും”. അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ അനുവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. വെക്കേഷന്‍ കാലത്ത് ഞാന്‍ കാപ്പനോടൊപ്പം പോയി താമസിക്കുക പതിവായിരുന്നു. സ്റ്റഡിക്ലാസ്സുകള്‍ ഞാനും ശ്രദ്ധിച്ചു. ടൈപ്പ് ചെയ്യാന്‍ ഞാന്‍ സഹായിച്ചു.