ലളിതസുന്ദരമായ വിവാഹം – സി.എഫ് ജോണ്‍

ലളിതസുന്ദരമായ വിവാഹം – സി.എഫ് ജോണ്‍

‘വൈകുന്നേരം 5.27 നു ഞങ്ങള്‍ മോതിരം പരസ്പരം അണിയിച്ചു. വിവാഹാഘോഷത്തിന്റെ ഏറ്റവും ചെറിയ ഭാഗമായിരുന്നുവതെങ്കിലും ആ നിമിഷം ഏറെ സാവധാനത്തിലാണെന്നും കുളിര്‍മയുള്ളതാണെന്നും എനിക്കു തോന്നിയതിനാല്‍ ഞാന്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഞാന്‍ സ്‌നേഹിക്കുന്ന പുരുഷനുമായുള്ള എന്റെ വിവാഹവാഗ്ദാനം നടന്നു കഴിഞ്ഞു. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മരവും മണ്ണും വായുവും പ്രകാശവും പക്ഷികളും മേഘങ്ങളും അതിനു സാക്ഷികളായി. എല്ലാം തുറസ്സായ അന്തരീക്ഷത്തിലായിരുന്നു. ഞങ്ങള്‍ പരസ്പരം ഗാഢമായി ആശ്ലേഷിച്ചു.’ മാനുഷ് ജോണും നടാഷ ശര്‍മയും പരസ്പരം മോതിരം കൈമാറിയ ചടങ്ങിനെ നടാഷ ഓര്‍ത്തെടുത്തുകൊണ്ടു പറഞ്ഞു. 2019 സെപ്തംബര്‍ 21-ാം തീയതി ഏകദേശം 80 ഓളം പേരാണ് ബാംഗ്ലൂരിലെ ‘വിസ്താര്‍’ എന്ന ഇടത്തില്‍ ഒരു പ്ലാവിന്റെ ചുവട്ടില്‍ ഒത്തുകൂടിയത്. സ്‌നേഹത്തിന്റെയും മംഗളാശംസകളുടെതുമായ ആ അന്തരീക്ഷത്തില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ച് പ്രതീകാത്മകമായി അവരുടെ ബന്ധം പ്രകടമായി ആവിഷ്‌ക്കരിച്ചു.


ആഘോഷം


1980 കളിലും 90 ന്റെ ആദ്യ വര്‍ഷങ്ങളിലും ഫാ. സെബാസ്റ്റ്യന്‍ കാപ്പന്റെ നിര്‍ദ്ദേശമനുസരിച്ച് ഏതാനും വിവാഹങ്ങള്‍ക്ക് ഞങ്ങള്‍ സഹായകരായിരുന്നിട്ടുണ്ട്. കൃപാവരത്തിനും അനുഗ്രഹത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി പ്രാര്‍ത്ഥിച്ചത് ജീവദായകവും ദിവ്യവുമായ ചൈതന്യത്തോടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ആലോചിച്ചു. ഈ അവസരത്തില്‍ എങ്ങനെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാം? അവസരത്തിനു യോജിച്ചരീതിയില്‍ മേഴ്‌സി കാപ്പന്‍ ചിനൂക്ക് പ്രാര്‍ത്ഥന ചൊല്ലി. ഭൂമി മാതാവിനോടും അതിന്റെ സമ്പന്നമായ ജീവചൈതന്യത്തോടും പര്‍വ്വതങ്ങളോടും താഴ്‌വരകളോടും പുഴകളിലും അരുവികളിലും ഒഴുകുന്ന ജലത്തോടും നമുക്കു ഭക്ഷണപദാര്‍ത്ഥങ്ങള്‍ തരുന്ന വയലുകളോടും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.


ഫലദായകമായ മണ്ണിനോടും പൂര്‍വികരോടും വനങ്ങളോടും വന്‍മരങ്ങളോടും സമുദ്രങ്ങളോടും മത്സ്യങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും ഭൂമിയില്‍ ജീവിച്ചിരുന്ന സകലരോടും വരുംതലമുറകള്‍ക്കായി ഏറ്റവും നല്ലത് വേണമെന്ന് സ്വപ്‌നംകണ്ട പൂര്‍വികരോടും സുഹൃത്തുക്കളോടും ഞങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു. ഏറ്റവും പരിപാവനമായി നാം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ദിവ്യചൈതന്യത്തോടും സ്‌നേഹത്തിന്റേയും സത്യത്തിന്റേയും ശക്തിയും സാന്നിദ്ധ്യവുമായ മഹത്തായ ചൈതന്യത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. പ്രപഞ്ചത്തില്‍ ഒന്നാകെ നിര്‍ഗളം ഒഴുകിപ്പരക്കുന്ന നമുക്കു പ്രബോധനമരുളുകയും മാര്‍ഗദര്‍ശനം നല്കുകയും ചെയ്യുന്ന ചൈതന്യമാണല്ലോ ആ ദിവ്യശക്തി. ഭൂമിയോടും ജീവനോടുമുള്ള പ്രാര്‍ത്ഥനയ്ക്കുശേഷം ഞങ്ങള്‍ എണ്ണവിളക്കുകള്‍ കത്തിച്ചു. ഈ എണ്ണവിളക്കിന്റെ പ്രകാശധോരണിയില്‍ മാര്‍ഗദീപശോഭയില്‍ ആശംസകളും അനുഗ്രഹവചസ്സുകളും ചൊരിഞ്ഞു. മാനുഷും നടാഷയും മോതിരം കൈമാറി. തുടര്‍ന്ന് അവര്‍ വാക്കുകള്‍ പങ്കുവച്ചു. മൊത്തത്തില്‍ ചടങ്ങ് പഞ്ചഭൂതാത്മകവും അടിസ്ഥാനപരവുമായിരുന്നു. തുടര്‍ന്ന് വിപുല്‍ റിഖി കബീറിന്റെ കവിതകളെക്കുറിച്ച് സംസാരിക്കുകയും കബീറിന്റെ നാലു ദോഹ ആലപിക്കുകയും ചെയ്തു.


സ്ഥലം


മരവും മണ്ഡലവും.


ആഘോഷത്തിനായി ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അഞ്ചാമത്തെ വയസ്സു മുതല്‍ ഏറെക്കാലം മാനുഷ് ആ മണ്ണിലൂടെ ചവുട്ടി നടന്നിട്ടുണ്ട്. അവിടത്തെ മണ്ണും മരവും ചെറിയ ജീവജാലങ്ങളും മാനുഷിന് ഏറെ ഹൃദ്യമാണ്. അവിടത്തെ പ്ലാവ് പ്രതിബന്ധങ്ങളെ വകവയ്ക്കാതെയുള്ള പരിശ്രമത്തിന്റേയും സമ്പന്നതയുടേയും ജീവല്‍ പ്രതീകമത്രേ. മണ്ഡല (Mandala) എന്നു വിശേഷിപ്പിക്കുന്ന ധ്യാനഇടമാണ് പ്ലാവിന്‍ചുവട്ടിലെ സ്ഥലം. ഭൂമിയുടേയും ജീവന്റേയും സക്രിയവും പ്രതീകാത്മകവും സൗന്ദര്യശാസ്ത്രപരവുമായ അര്‍ത്ഥതലങ്ങള്‍ സൂക്ഷ്മജ്ഞാനം അത് സംവേദനം ചെയ്യുന്നുണ്ട്. വിശ്വാസത്തിന്റെ പാരസ്പര്യം ദൃഡീകരിക്കുന്ന ഒരു ശക്തിവിശേഷം അതിനുണ്ട്. മരത്തിന്റെ ശീതളഛായയും ശബളാഭമായ തണലും നമുക്കു പ്രദാനം ചെയ്യുന്നത് സുരക്ഷിതത്വത്തിന്റേയും പരിരക്ഷയുടേയും ദിവ്യമായ ഒരു പരിവേഷമാണ്. നിങ്ങള്‍ ആ മണ്ഡലയില്‍ എത്തിയാല്‍ ഉടന്‍ ശാന്തി നിങ്ങളില്‍ നിറയുന്നു. മരംതന്നെ വിശ്രാന്തിയില്‍ വിശ്രമിക്കുകയാണെന്നേ തോന്നുകയുള്ളൂ. ഭൂമിയില്‍ നിന്നും ഏതാനും അടികള്‍ ഉയരത്തിലാണ് മരത്തിന്റെ ശാഖകള്‍ തിരശ്ചീനമായി വളര്‍ന്നു നില്ക്കുന്നത്. ആ മരത്തിന്റെ ആത്മാവുമായി ഹൃദ്യമായൊരു ബന്ധം സ്ഥാപിക്കാനും മരം നമ്മെ ക്ഷണിക്കുന്നതുപോലെ നമുക്കനുഭവപ്പെടും. നിരന്തരം നവീകരിക്കപ്പെട്ട അതിന്റെ തൊലിയും വര്‍ണഭംഗിയും മൃദുലതയും, വൃക്ഷവിതാനവും, ഒരു സ്‌നേഹഭവനത്തിന്റെ സാന്നിദ്ധ്യവും ഊഷ്മളതയും സുരക്ഷിതത്വവും സമൃദ്ധമായ പങ്കുവയ്ക്കലും നല്‍കുന്നു. അതു നമ്മെ ഓര്‍മിപ്പിക്കു ന്നത്, ശ്രീബുദ്ധന്‍ തന്റെ ആസക്തികളെ നിയന്ത്രിക്കാന്‍ മാത്രമല്ല ശ്രദ്ധിച്ചത്, പ്രത്യുത, തനിക്ക് ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല അന്തരീക്ഷം തിരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതിയായിരുന്നു അതിന്റെ ആധാരം.